Friday, February 1, 2013

പി.ജിയും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രവും

പി.ജിയും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രവും

മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ ഉള്ള രാജ്യങ്ങളിലെല്ലാം പ്രസ്ഥാനത്തോടൊപ്പംതന്നെ വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖ. ഇത് രണ്ടും പരസ്പരപൂരകമാണ്. ചിലർ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന്   നേരിട്ട് വിപ്ലവപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നു. ചിലർ പ്രസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ ധൈഷണികമായി പ്രസ്ഥാനത്തെ സഹായിക്കുന്നു. കുറച്ചുപേർ ഒരേസമയം നേരിട്ട് വിപ്ലവപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പംതന്നെ ധൈഷണികപ്രവർത്തനങ്ങളിലും വ്യാപൃതരാകുന്നു. ഉദാഹരണത്തിന് റഷ്യയിൽ   ലെനിൻ വിപ്ലവപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഒപ്പം തന്നെ മാർക്സിസത്തിന് വിലപ്പെട്ട  സൈദ്ധാന്തികസംഭാവനകൾ  നൽകുകയും ചെയ്തു. തൽഫലമായി മാർക്സിസത്തോട് കൂട്ടിവായിക്കുവാൻ അതിന് ലെനിനിസം എന്നൊരനുബന്ധവുമുണ്ടായി. ഇവിടെ ഇ.എം.എസും നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിലും ധൈഷണികപ്രവർത്തനങ്ങളിലും  ഒരുപോലെ  വ്യാപൃതനായിരുന്നു. ഇത്തരം നേതാക്കൾ  മാർക്സിസ്റ്റ് വിജ്ഞാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയവരാണ്. അതുപോലെതന്നെയായിരുന്നു പി.ജിയും. അദ്ദേഹം ജീവിത്തിൽ നല്ലൊരു കാലം വിപ്ലവപ്രവർത്തനങ്ങളിലും വൈജ്ഞാനിക പ്രവർത്തങ്ങളിലും ഒരു പോലെ വ്യാപൃതനായിരുന്നു. എന്നാൽ അവസാന കാലത്ത്  അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് കുറച്ച് ഒഴിഞ്ഞുനിന്നുകൊണ്ട് വൈജ്ഞാനികപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.

മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാൽ കേരളത്തിൽ ഇ.എം.എസിനു തൊട്ടടുത്ത സ്ഥാനമാണ് പി.ജിയ്ക്ക് നൽകാവുന്നത്. ഇ.എം.എസ് തന്റെ ഏതൊരു വൈജ്ഞാനിക പ്രവർത്തനത്തെയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവുമായി കൂട്ടിച്ചേർക്കുവാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ പി.ജി  മാർക്സിസത്തിന് സൈദ്ധാന്തിക പിൻബലം നൽകിക്കൊണ്ടിരുന്നെങ്കിലും എല്ലായ്പോഴും എല്ലാ കാര്യങ്ങളെയും പ്രത്യയശാസ്ത്രവുമായി ഇണക്കിച്ചേർക്കുവാൻ ശ്രമിച്ചിരുന്നില്ല. ഇസങ്ങൾക്കപ്പുറത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചവർക്ക് ഇസങ്ങൾക്കിപ്പുറത്തുവച്ചുതന്നെ മറുപടിനൽകിയിരുന്നെങ്കിലും പി.ജി യും ഇസങ്ങൾക്കപ്പുറത്തേയ്ക്ക്  നോക്കാൻ വൈമുഖ്യം കാണിച്ചിരുന്നില്ല. ഇസത്തെ കൂട്ടികെട്ടാതെയും പി.ജി പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത വായനാനുഭവം വച്ചുനോക്കുമ്പോൾ ഇത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് പാർട്ടി നടപടികളെയും ശാസനകളെയും നേരിടേണ്ടിവന്നിട്ടുള്ളത്. എന്നാൽ മറ്റ് പലരെയുംപോലെ ഏതെങ്കിലും അഭിപ്രായവ്യത്യാസങ്ങളുടെയോ സംഘടനാ നടപടികളുടെയോ പേരിൽ സ്വന്തം പ്രസ്ഥാനത്തെ അപ്പാടെ തള്ളിക്കളയുവാനോ വലയം വിട്ട് പുറത്തുചാടി രാഷ്ട്രീയമായോ ബൌദ്ധികമായോ പ്രസ്ഥാനത്തെ വെല്ലുവിളിക്കാനോ  ഒരിക്കലും അദ്ദേഹം  മുതിർന്നിട്ടില്ല. ഇക്കാര്യത്തിലും  ഇ.എം.എസിനു തുല്യനായിരുന്നു പി.ജിയും. പാർട്ടിയുടെ സൈദ്ധാന്തികവും നയപരവുമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സഹായിച്ചിരുന്ന ഇ.എം.എസ് തന്റേതല്ലാത്ത നിലപാടുകൾ പാർട്ടി സ്വീകരിച്ചപ്പോഴൊക്കെയും പാർട്ടിയുടെ  നിലപാടുകൾക്കൊപ്പം നിന്ന് തീരുമാനങ്ങൾ നടപ്പിലാക്കിയ ആളാണ്. സ. പി.ജിയെ സംബന്ധിച്ചും  ചിലപ്പോഴെല്ല്ലാം പാർട്ടി നിലപാടുകളും തന്റെ നിലപാടുകളും തമ്മിൽ പൊരുത്തപ്പെടാത്തത് അസ്വാഭാവികമായി തോന്നുകയോ പാർട്ടിയ്ക്കെതിരെ തിരിയാനുള്ള പ്രേരണ അദ്ദേഹത്തിൽ  ഉണ്ടാക്കുകയോ ചെയ്തില്ല.  പി.ജി പ്രസ്ഥാനത്തിനു പുറത്ത്  വന്നുകാണുവാൻ വ്യാമോഹിച്ചവർക്ക് എന്നും നിരാശയായിരുന്നു ഫലം. ഉത്തമനായ ഒരു മാർക്സിസ്റ്റ് ആചാര്യനും നേതാവും പ്രവർത്തകനുമായി ജീവിതകാലം മുഴുവൻ ജിവിച്ച് ചെങ്കൊടി പുതച്ചു മരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചത് അദ്ദേഹത്തിന്റെ അചഞ്ചലമായ കമ്മ്യൂണിസ്റ്റുബോധം കൊണ്ടാണ്. പ്രായോഗിക രാഷ്ടീയത്തിലെ ചില പ്രവണതകളോട് അദ്ദേഹം രഹസ്യമായോ പരസ്യമായോ പ്രകടിപ്പിച്ചിരുന്ന ചില  അസംതൃപ്തികൾ ഏറ്റുപിടിച്ച് അതിനെ പാർട്ടിയ്ക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷെ പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കാൻ പി.ജിയെ ഒപ്പം കൂട്ടാൻ അത്തരമാളുകൾക്ക് കഴിഞ്ഞില്ല.

പി.ജിയുടെ അഭിപ്രായങ്ങളിൽ ചിലത് ചിലപ്പോഴെല്ലാം പാർട്ടി നിലപാടുകളുമായി പൊരുത്തപ്പെടാത്തതായി പോയിട്ടുണ്ട്. അങ്ങനെ പാർട്ടി നിലപാടുകളിൽ നിന്ന് നേരിയ വ്യതിയാനങ്ങൾ ഉണ്ടായപ്പോഴെല്ലാം പാർട്ടിനടപടികൾക്ക് വിധേയമാകുകയും എന്നാൽ അതിലൊന്നും  ഒട്ടും വൈക്ലബ്യമില്ലാതെ പാർട്ടിയുടേ ഭാഗമായി തന്നെ നിൽക്കുവാൻ അദ്ദേഹം തയ്യാറാവുകയും ചെയ്തുപോന്നു. തെറ്റുപറ്റലും തിരുത്തലും ഒരിക്കലും മാർക്സിസത്തിന് അന്യമല്ല എന്ന അറിവ് പി.ജിയ്ക്ക് ഉണ്ടാകാതിരിക്കില്ലല്ലോ. പാർട്ടി നടപടികളുടെ പേരിലോ മറ്റോ  അതിരുകവിഞ്ഞ പാർട്ടിവിരുദ്ധതയിലേയ്ക്കോ  മാർക്സിസ്റ്റ് വിരുദ്ധതയിലേയ്ക്കോ പി.ജി ഒരിക്കലും ചെന്നെത്തിയിരുന്നില്ല.  എന്നാൽ ഇതൊക്കെയാണെങ്കിലും  പാർട്ടി പ്രതിരോധത്തെ നേരിട്ട ചില സന്ദർഭങ്ങളിലെങ്കിലും  പി.ജി പാർട്ടിയ്ക്ക് ധൈഷണികമായ പിൻബലം നൽകുകയോ പരസ്യമായി രംഗത്തുവരികയോ ചെയ്തില്ലെന്ന  പരാതി പാർട്ടിയുടെ ഉത്തരവാദപ്പെട്ട ചില നേതാക്കൾതന്നെ ചില സന്ദർഭങ്ങളിൽ പറഞ്ഞുപോയിട്ടുണ്ട്. ചിലരുടെ വാക്കുകൾക്കെന്ന പോലെ മൌനത്തിനും ചില അർത്ഥങ്ങളും അതിനു ചില പ്രത്യാഘാതങ്ങളുമുണ്ടാകും. കാരണം മൗനം ചിലപ്പോൾ ശക്തിയും ചിലപ്പോൾ ബലഹീനതയുമാകാം.  ചിലരുടെ ചിലപ്പോഴത്തെ മൗനം പോലും മറ്റുചിലർക്ക് വേദനയായേക്കാം. പി.ജിയുടെ ചില മൌനങ്ങൾ അഥവാ ഇടപെടലുകളുടെ അഭാവം  പാർട്ടിയെ ചിലപ്പോഴെല്ലാം  കുറച്ചൊക്കെ   നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സൈദ്ധാന്തികമായും വൈജ്ഞാനികമായും പാർട്ടിയ്ക്ക്  അദ്ദേഹം നൽകിയിട്ടുള്ള മറ്റെത്രയോ വിലപ്പെട്ട സംഭാവനകൾ വച്ചുനോക്കുമ്പോൾ അത്തരം ചില നൊമ്പരപ്പെടുത്തലുകളോട് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും പി.ജിയെപ്പോലെ ഒരു വലിയ  മാർക്സിസ്റ്റ് പ്രതിഭാധനനിൽനിന്ന് പാർട്ടി പ്രതീക്ഷിക്കുന്നതിൽ ചിലതെങ്കിലും  കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അത് പാർട്ടിയ്ക്ക് നഷ്ടബോധമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ആനിലയിൽ പി.ജിയ്ക്കെതിരെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട  നേതാക്കൾതന്നെ പ്രകടിപ്പിച്ചിട്ടുള്ള ചില വിമർശനങ്ങളിൽ അപാകതയുണ്ടെന്നു പറയാനാകില്ല.
ഒരാളിൽ നിന്ന് മറ്റൊരാളോ പ്രസ്ഥാനമോ പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വരുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ഒന്നും പ്രതിക്ഷിക്കാത്തവർക്ക്  നിരാശയുണ്ടാകില്ല. പി.ജിയെ പോലെ ഒരാളിൽനിന്ന് സി.പി.ഐ.എമ്മിന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടാകും.  അതെല്ലാം വേണ്ടവിധം  കിട്ടാതെവരുമ്പോൾ പരിഭവമുണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ മാധ്യമപുംഗവന്മാർ ആഘോഷമാക്കിയ ലാവ്ലിൻ കേസ്, പിന്നീടുവന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസ് മുതലായവ സംബന്ധിച്ച വിവാദങ്ങളിലൊന്നും  പാർട്ടിയ്ക്കുവേണ്ടി ഒരു പ്രതിരോധസ്വരം ഉരുവിടാൻ എന്തുകൊണ്ടോ പി.ജി മുന്നോട്ടുവന്നില്ല എന്നത് പാർട്ടിയ്ക്ക് പറയാവുന്ന ന്യായമായ  പരാതികളിൽ  ചിലതാണ്.

ഒരു ബുദ്ധിജീവി എന്ന നിലയ്ക്ക് പി.ജിയ്ക്ക് മറ്റുള്ളവരിൽ നിന്ന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു.  അറിവിന്റെ ഭാരം തലക്കനമായി ഒരിക്കലും അദേഹത്തിൽ പ്രകടമായിട്ടില്ല. ബുദ്ധിജീവിജാഡകൾ അദ്ദേഹത്തിൽ ലവലേശം ഉണ്ടായിരുന്നില്ല. താൻ ബുദ്ധിജീവിയല്ല, ഒരു സാധാരണ രാഷ്ട്രീയപ്രവർത്തകനാണെന്ന് അദ്ദേഹംതന്നെ പറയുമായിരുന്നു. മാർക്സിസം അരച്ചുകലക്കികുടിച്ച ഒരു പണ്ഡിതനായിട്ടും  ഇടതുപക്ഷബുദ്ധിജീവികളുടെ ഒരു ഇട്ടാവെട്ടം ഉണ്ടാക്കി അതിനുള്ളിൽ ഒതുങ്ങിക്കൂടുകയല്ല പി.ജി ചെയ്തത്. പി.ജിയുടെ സൌഹൃദങ്ങൾ വളരെ വിശാലമായിരുന്നു. അദ്ദേഹത്തിന്റെ വായന ഒരിക്കലും മാർക്സിസത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നതയിരുന്നില്ല. വായന ഒരു ലഹരിയായി കൊണ്ടു നടന്നിരുന്ന അ മനുഷ്യൻ താൻ വായിച്ചു നേടിയ അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യത്തിൽ വലിയ ഉത്സാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പലപ്പോഴും പ്രഭാഷണത്തിനു പോകുമ്പോൾ   അതിനടുത്ത സമയങ്ങളിൽ വായിച്ചതോ വായിച്ചുകൊണ്ടിരിക്കുന്നതോ ആയ പുസ്തകങ്ങളിൽ ചിലത്   കൊണ്ടുവന്ന് അവ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.  വലിയ വലിപ്പവും ഭാരവുമുള്ള പുസ്തകങ്ങൾ കൈയ്യിലോ സഞ്ചിയിലോ പേറി പ്രഭാഷണവേദികളിൽ  വരുന്നതിലെ ബുദ്ധിമുട്ടൊന്നും പി.ജിയെ അലട്ടിയിരുന്നില്ല. സ്വയം അറിവുനേടലും ആ അറിവുകൾ നേരിട്ടും  തന്റെയുള്ളിൽ വച്ച് സംസ്കരിച്ചും വ്യാഖ്യാനിച്ചും  വിശകലനം ചെയ്തും  മറ്റുള്ളവരിലേയ്ക്ക് സംക്രമിപ്പിക്കുന്നത്    പി.ജിയ്ക്ക് എന്നും ഒരു അവേശംതന്നെയായിരുന്നിട്ടുണ്ട്. വായനയും എഴുത്തും  പ്രഭാഷണങ്ങളും ഒരു ജീവിനോപാധി എന്നതിലപ്പുറം  തന്നിൽ അർപ്പിതമായ ഒരു കർത്തവ്യമായിത്തന്നെ അദ്ദേഹം കരുതിയിരുന്നിരിക്കണം. 

രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ, സംസ്കാരം,  പത്രപ്രവർത്തനം, സിനിമ  തുടങ്ങി സമസ്തമേഖലകളിലും  വ്യാപിച്ചിരുന്ന പി.ജിയുടെ വിശാലമായ കർമ്മ മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം  മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.  അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാർക്സിയൻ  സൌന്ദര്യ ശാസ്ത്രം സംബന്ധിച്ചുള്ളത്. അങ്ങനെയും ഒരു സൌന്ദര്യ ശാസ്ത്രസങ്കല്പം ലോകത്തുണ്ടെന്ന് മലയാളികൾക്ക് പറഞ്ഞുതന്നത്  അദ്ദേഹമാണ്. ഈ വിഷയത്തിൽ  അദ്ദേഹം ഒരു പുസ്തകമിറക്കുമ്പോൾ അത് ചുടപ്പംപോലെ വിറ്റുപോയിരുന്നു. സാധാരണ ചില കൃതികൾ അവാർഡ് കിട്ടുമ്പോഴാണ് അതിന്റെ വില്പനയിൽ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാറുള്ളത്. എന്നാൽ “മാർക്സിസ്റ്റ് സൌന്ദര്യ ശാസ്ത്രം ഉദ്ഭവവും വളർച്ചയും” എന്ന പി.ജിയുടെ ഗ്രന്ഥത്തിനു സാഹിത്യ അക്കാഡമി അവാർഡ് ലഭിക്കുമ്പോൾ പുസ്തകപ്രേമികൾക്ക് ഗ്രന്ഥത്തിന്റെ കോപ്പികൾ ലഭിക്കാത്ത വിധം മുമ്പേ അവ വിറ്റുപയിക്കഴിഞ്ഞിരുന്നു. അത്ര വലിപ്പമുള്ള ഗ്രന്ഥമല്ലെങ്കുലും അത്  വായനാകുതുകികൾക്കും എഴുത്തുകാർക്കും  വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇടതുപക്ഷത്തോട് ചെറുചായ്‌വെങ്കിലുമുള്ള എഴുത്തുകാർക്കും വായനക്കാർക്കും. തീർച്ചയായും മാർക്സിയൻ ചിന്തയ്ക്കും സാഹിത്യലോകത്തിനും ഒരുപോലെ പി.ജി നൽകിയ മികച്ച സംഭാവനകളിൽ  ഒന്നാണ് ആ ഗ്രന്ഥം.

കലയുടെ സിദ്ധാന്തമാണ് സൗന്ദര്യശാസ്ത്രം എന്നു പറയുന്നത്. കലാസൃഷ്ടിയെയും ആസ്വാദനത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളാണ് സൗന്ദര്യശാസ്ത്രത്തിന്റെ വിഷയം. ദാർശനികചിന്തയുടെ ഉത്ഭവം മുതൽക്കേ അതിന്റെ ഭാഗമായി സൗന്ദര്യശാസ്ത്രം ഉടലെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിൽ വിചാര വിപ്ലവത്തിനും വിപ്ലവ വിചാരത്തിനും അടിത്തറ പാകിയ കാറൾ മാർക്സിന്റെയും ഫ്രെഡറിക്ക് എംഗൾസിന്റെയും മഹനീയ സംഭാവനകൾ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സൗന്ദര്യശാസ്ത്രത്തിലും വിപ്ലവത്തിനു വിത്തുപാകി. എന്നാൽ മാർക്സോ എംഗൾസോ സൗന്ദര്യശാസ്ത്രം സംബന്ധിച്ച പൂർണ്ണഗ്രന്ഥങ്ങളോ പ്രബന്ധങ്ങളോ ഒന്നും രചിച്ചിട്ടില്ല. പ്രാചീനവും അർവാചീനവുമായ വിവിധ ഭാഷകളിൽ അവഗാഹം നേടിയിരുന്ന അവർക്ക് വിശ്വസാഹിത്യപ്രപഞ്ചം അറിവിന്റെയും ആനന്ദത്തിന്റെയും ഉറവിടമായിരുന്നു. സമകാലിക സാഹിത്യകൃതികളും അവർ അവഗണിച്ചിരുന്നില്ല. മാർക്സും എംഗൾസും നടത്തിയിട്ടുള്ള വിവിധങ്ങളായ എഴുത്തുകുത്തുകളിലും  മൂലധനം ഉൾപ്പെടെയുള്ള ബൃഹത് ഗ്രന്ഥങ്ങളിലുമെല്ലാം കലാ സാഹിത്യസംബന്ധിയായ അനേകം പരാമർശങ്ങൾ അവർ നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച കാഴ്ചപ്പാടുകൾ മാർക്സിന്റെയും എംഗൾസിന്റെയും വിവിധങ്ങളായ രചനകളിൽ ശിഥിലമായി കിടക്കുകയാണ്.  പിന്നീട് വന്ന മാർക്സിസ്റ്റ് ചിന്തകർ അവയെ പെറുക്കിക്കൂട്ടി മർക്സിയൻ സൗന്ദര്യ ശാസ്ത്രത്തിന് ഒരു നിയാമക രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത് ഇപ്പോഴും തുടരുകയുമാണ്. കലാ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും സംബന്ധിച്ച് പ്രഥമ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആചാര്യൻമാരുടെ അഭിപ്രയാങ്ങൾ ശിഥിലചിന്തകളുടെ രൂപത്തിലാണ് കിട്ടിയിട്ടുള്ളതെങ്കിലും അവ നൽകുന്ന ഉൾക്കാഴ്ചയും രൂപരേഖയും പിൽക്കാല സൗന്ദര്യശാസ്ത്ര ചിന്തകർക്ക് രത്നഖനിയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് പി.ജി തന്റെ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാർക്സിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കെന്നപോലെ മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖകൾക്ക് ഇതിനോടകം  കൈവന്ന സാർവത്രികമായ സ്വാധീന ശക്തിയും അംഗീകാരവും അഭൂതപൂർവ്വവും അദ്ഭുതാവഹവുമാണ്. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള മാർക്സിസ്റ്റ് വിരുദ്ധർ  അവരുടെ  എതിർപ്പിന്റെ അടവുകൾ ഓരോ കാലത്തും മാറിമാറിയാണ് പരീക്ഷിച്ചുപോരുന്നത്. എല്ലാ കാലത്തും ഒരേതരം എതിർപ്പുകൾക്ക് നില‌നില്പില്ലാത്തതാണ് കാരണം. അതിജിവനത്തിന്റെ പ്രത്യയശാസ്ത്രമായ മാർക്സിസം  അതിനോടുള്ള എതിർപ്പുകളെ അതിജീവിക്കാനുള്ള കരുത്തുകൂടി ഉൾചേർന്നിട്ടുള്ളതാണ്. അതുകൊണ്ടാണ് അത് കാല-ദേശാതിവർത്തിയായി തീരുന്നത്.

മാർക്സിയൻ സൗന്ദര്യശാസ്ത്രസംബന്ധിയായി മാർക്സും എംഗൾസും പ്രത്യേക രചനയൊന്നും നിർവ്വഹിച്ചിട്ടില്ലെന്നതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് പിന്നീട് എഴുതിയവർക്കിടയിൽ പരസ്പരവിരുദ്ധമായ ആശയ ഗതികൾ ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ല. അത്തരം സംവാദങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.  മാർക്സും എംഗൾസും അത്യന്തം വിശദമായി കൈകാര്യം ചെതിട്ടുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുപോലും ധാരാളം വിവാദങ്ങൾ നിലനിൽക്കെ, സൗന്ദര്യശാസ്ത്രചിന്തയെക്കുറിച്ച് സകല മാർക്സിസ്റ്റുകളും ഒരുപോലെ ചിന്തിക്കും എന്നു പ്രതീക്ഷിക്കുവാനകില്ലല്ലോ. എങ്കിലും ഇന്ന് ലോക്കത്ത് മാർക്സിയൻ സൗന്ദര്യശാസ്ത്രം എന്നൊന്നുണ്ട്. അതിന് അതിന്റേതായ സമീപനങ്ങളും നിയമങ്ങളുമുണ്ട്. അവയുടെ ആകെത്തുകയെ നമുക്ക് മാർക്സിയൻ സൗന്ദര്യശാസ്ത്രം എന്നു പറയാം. മാർക്സിയൻ സൗന്ദര്യശാസ്ത്രദർശനത്തിന് സംഭവാന നൽകിയവരിൽ   വിവിധ രാജ്യങ്ങളിൽ ഉള്ള ഒട്ടേറെ ചിന്തകരും എഴുത്തുകാരുമുണ്ട്  അവരിൽ  റഷ്യൻ മാർക്സിസത്തിന്റെ പിതാവായി പ്രകീർത്തിക്കപ്പെടുന്ന  പ്ലഹ്‌നേവ് മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിനും  ഗണ്യമായ സംഭാവന നൽകിയവരിൽ ഒരാളാണ്. കല എന്നാൽ എന്താണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ഉറവിടമെവിടെ എന്നതിനെ സംബന്ധിച്ചും അദ്ദേഹം ചില വാദഗതികൾ മുന്നോട്ടു വച്ചിരുന്നു. കല എന്നാൽ എന്നതിനെ സംബന്ധിച്ച് ലിയോ ടോൾസ്റ്റോയിയുടെ ചല്ല കാഴ്ചപാടുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പ്ലഹ്‌നേവ് സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച് തന്റെ വാദമുഖങ്ങൾ അവതരിപ്പിച്ചത്. സാധാരണ വാക്കുകൾ വിചാരങ്ങൾ വിനിമയം ചെയ്യുമ്പോൾ കല വികാരങ്ങൾ സംവേദനം ചെയ്യുന്നുവെന്നാണ് ടോൾസ്റ്റോയി വാദിച്ചത്. എന്നാൽ ഇതിനെ നിരാകരിച്ചുകൊണ്ട് കലയിൽ വിചാരത്തെയും വികാരത്തെയും വേർതിരിക്കുന്നത് യാന്ത്രികവും അയഥാർത്ഥവുമാണെന്നാണ് പ്ലഹ്‌നേവിന്റെ വാദം. വികാരാംശം മുറ്റിയ കവിതയുടെ മാധ്യമം തന്നെ വാക്കുകൾ ആയിരിക്കെ ഇത്തരം വേർതിരിക്കൽ അസംബന്ധമാണ്. കല മനുഷ്യർ തമ്മിലുള്ള സംവേദനത്തിന്റെ ഒരു സവിശേഷരൂപം തന്നെയാണെന്ന ടോൾസ്റ്റോയിയുടെ വാദം അവിതർക്കിതം തന്നെ. എന്നാൽ വിചാര-വികാരങ്ങൾ തമ്മിലുണ്ടെന്ന് ടോൾസ്റ്റോയി ധരിക്കുന്ന ഈ ദ്വിതത്വം അയഥാർത്ഥമാണ്. പ്ലഹ്‌നോവ് പറയുന്നു:

” കല  മനുഷ്യരുടെ വികാരങ്ങൾ മാത്രമേ പ്രകടിപ്പിക്കൂ എന്ന വാദം ശരിയല്ല. കല വികാരങ്ങൾക്കൊപ്പം വിചാരങ്ങൾക്കും രൂപം നൽകുന്നു. എന്നാൽ കല അവ ആവിഷ്കരിക്കുന്നത് അമൂർത്തമായിട്ടല്ല. സജീവ പ്രതിരൂപങ്ങളിലൂടെയാണെന്നു മാത്രം. കലയെ മറ്റുള്ളവയിൽനിന്ന് വേർതിരിച്ചു കാട്ടുന്ന സവിശേഷതയും ഇതുതന്നെ. സ്വയം അനുഭവിച്ച ഒരു വികാരം മറ്റുള്ളവർക്കു പകരാനായി തന്നിൽത്തന്നെ അത് പുനരാവിഷ്കരിച്ച് ചില ബാഹ്യ ചേഷ്ടകളിലൂടെയും അടയാളങ്ങളിലൂടെയും പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ ആരംഭം എന്ന് ടോൾസ്റ്റോയി അഭിപ്രായപ്പെടുന്നു. തന്റെ ചുറ്റുപാടുകളുടെ സ്വാധീനത്തിൽ അനുഭവപ്പെടുന്ന വിചാരവികാരങ്ങൾ സ്വയം പുനരാവിഷ്കരിച്ച് വ്യക്തമായ പ്രതിരൂപങ്ങളിലൂടെ അവ പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ തുടക്കം  എന്ന് ഞാൻ വിശ്വസിക്കുന്നു. തന്റെ പുനർവിചാരത്തിനും പുനരനുഭവത്തിനും വിധേയമായ വസ്തുതകളാണ് അയാൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്. ഭൂരിപക്ഷം സന്ദർഭങ്ങളിലും ഇതാണ് സംഭവിക്കുക എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. കല ഒരു സാമൂഹ്യപ്രതിഭാസമാണ്” 

സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പി.ജി മാർക്സിസത്തിനെന്ന പോലെ  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭവാവനകൾ വിലപ്പെട്ടതാണ്.  പി.ജിയുടെ പുസ്തകങ്ങളും ലേഖനങ്ങളും  പ്രഭാഷണങ്ങളുടെ ശബ്ദരേഖയുണ്ടെങ്കിൽ അവയും  വിജ്ഞാനദാഹികൾക്ക് എക്കാലത്തേക്കൂം  അവലംബമാക്കാവുന്ന അറിവിന്റെ വിഭവഉറവിടങ്ങളായിരിക്കും. സാഹിത്യകുതുകികൾക്ക് ഒരു റോൾ മോഡലാണ് പി.ജി. അറിവിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പി  വിലപ്പട്ട മുത്തുകൾ തെരഞ്ഞുപിടിച്ച് മാലോകർക്കു സമർപ്പിക്കുവാൻ ജീവിതം ഉഴിഞ്ഞുവച്ച മഹാരഥൻമാരിൽ ഒരാൾകൂടി ഓർമ്മയായി. ജീവിച്ചിരുന്നതിന് ഒരുപാട് രേഖകൾ അവശേഷിപ്പിച്ചുകൊണ്ട്. മരിച്ചാലും മരിക്കാത്തവരാണ് എഴുത്തുകാർ. അതുകൊണ്ട്  പി.ജിയുടെ ഭൗതികശരീരം മൺമറഞ്ഞു എന്നത്  യാഥാർത്ഥ്യമാണെങ്കിലും മരിക്കാത്ത പലതും ജിവിച്ചിരിക്കവേ അദ്ദേഹം സമൂഹത്തിനു മുതൽകൂട്ടിയിട്ടുണ്ട്. അതുകൊണ്ട് മരണത്തിന് പി.ജിയുടെ കാര്യത്തിൽ അത്ര അഹങ്കരിക്കാനാകില്ല. തലമുറകളിലൂടെ അദ്ദേഹം ജീവിക്കും. കെ.ഇ.എൻ പറഞ്ഞതുപോലെ പി.ജിയെ നമ്മൾ ഓർക്കേണ്ടത് പതിവ് അനുശോചനവാക്യങ്ങൾ കൊണ്ടല്ല, അദ്ദേഹം തുറന്നുവച്ച വായനയുടെ വിപുലമായ ലോകത്തിലേയ്ക്ക് നമ്മെത്തന്നെ എടുത്തുവച്ചുകൊണ്ടാണ്.

 (മാർക്സിസ്റ്റ് സൈദ്ധാന്തികാചാര്യനായിരുന്ന സ.പി. ഗോവിന്ദപ്പിള്ളയെക്കുറിച്ചുള്ള  ഓർമ്മകളെയും അദ്ദേഹം രചിച്ച  “മാർക്സിയൻ സൌന്ദര്യശാസ്ത്രം ഉദ്ഭവവും വളർച്ചയും“ എന്ന ഗ്രന്ധത്തെയും  ആസ്പദമാക്കി ഞാൻ  എഴുതിയ ഈ  ലേഖനം  അടുത്തിടെ ആരംഭിച്ച   അക്ഷരം ഓൺലെയിൻ  മാസികയിൽ പ്രസിദ്ധീകരിക്കുന്നതിനായി മാറ്റിവച്ചിരുന്നതാണ്.  മാസികയുടെ ഈ ലക്കത്തിൽ  അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനം അവിടെ നിന്നും  വായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  ഇവിടെയുള്ള  ലിങ്കുകളിൽ ഏതിലെങ്കിലും  ക്ലിക്ക് ചെയ്ത്  അക്ഷരം മാഗസിനിൽ എത്താം).

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട് കേട്ടൊ ഭായ്
അഭിനന്ദനങ്ങൾ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ അഗാധമായി പി ജി യെ വിലയിരുത്തിയിരിക്കുന്നു ........... നല്ല ലേഖനം

ഷാജു അത്താണിക്കല്‍ said...

ലേഖനം അതിന്റെ എല്ലാ ചേരുവകയിലും എഴുതി ചേർത്തു......

വളരെ നന്നായി ഓരോന്നും എഴുതി.......
ആശംസകൾ