Thursday, March 14, 2013

ദർശനാ ടി.വിയിൽ ഞാനുമായി നടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഈയുള്ളവനവർകളുമായിനടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഇ-ലോകം പരിപാടിയിൽ ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ പ്രസ്തുത  പരിപാടിയുടെ അവതാരകൻ ശ്രീ.റിയാസ് ടി അലി ഈയുള്ളവനവർകളുമായി  നടത്തിയ ഇന്റർവ്യൂ  താഴെയുള്ള യൂട്യൂബിന്റെ അവസാന ഭാഗത്ത് കാണാം.

Tuesday, March 12, 2013

സർക്കാർ ജോലിയ്ക്ക് മലയാളം നിർബന്ധമാക്കി

സർക്കാർ ജോലി ലഭിക്കാൻ ഇനി മലയാളം നിർബന്ധം

പത്താം തരത്തിലോ പ്ലസ് ടൂ തലത്തിലോ മലയാളഭാഷ പഠിക്കാത്തവരെ സർക്കാർ ജോലിയ്ക്കെടുക്കേണ്ടെന്ന കേരളസർക്കാരിന്റെ  ശുപാർശ പി.എസ്.സി അംഗീകരിച്ചിരിക്കുന്നു. മലയാള ഭാഷയ്ക്കിത് ഒരു അംഗീകാരം കൂടിയാണ്. മലയാള ഭാഷ വേണ്ടാത്തവരുടെ മക്കൾ മലയാളത്തെ ഒഴിവാക്കി പഠിച്ച് വലുതാകുമ്പോൾ അവർ പോയി വേറെ പണി നോക്കട്ടെ. 


സർക്കാരിനും പി.എസ്.സിയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ! നന്ദിവാക്കുകൾ!  

ഇനിയെങ്കിലും നാം കേരളീയർ എല്ലാവരും മനസിലാക്കുക, നമുക്കുമുണ്ടൊരു ഭാഷ! നമ്മുടെ മാതൃഭാഷ. അത് നമുക്ക് വേണം.അതിനെ നിലനിർത്താനും പരിഭോഷിപ്പിക്കാനും പരിപാലിക്കാനും ഇങ്ങനെ ചിലത് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇനിയും ഇങ്ങനെ പലതും നമ്മുടെ ഭാഷയ്ക്കുവേണ്ടി നമ്മൾ ചെയ്യാനുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.

ഇങ്ങനെയുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും മാറിമാറി വരുന്ന സർക്കാരുകൾ തയ്യാ‍റാകണം. കേരളത്തിലെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും ഇങ്ങനെയൊരു തിരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതിൽ സർക്കാരിനെയും പി.എസ്.സിയെയും ഒരിക്കൽകൂടി അഭിനന്ദിക്കുന്നു. എന്റെ ഭാഷ എന്റെ വികാരമാണ്. അതെ, ഞാൻ മലയാളി. എന്റെ മലയാളം!

മദനിയ്ക്ക് നീതി ലഭിക്കണം

മദനിയ്ക്ക് നീതി ലഭിക്കണം

ഇനിയും മദനിയോട് നേരിയ ഒരലിവെങ്കിലും തോന്നാത്തവരുണ്ടെങ്കിൽ അവർ തികഞ്ഞ മുസ്ലിംവിരുദ്ധരും വർഗ്ഗീയ വാദികളും മാത്രമായിരിക്കും എന്ന് പച്ചയ്ക്ക് പറയേണ്ടിവന്നതിൽ ഖേദമൊട്ടുമില്ല്ല. മനുഷ്യത്വം മതാന്ധതയ്ക്ക് മുന്നിൽ അടിയറവച്ചവരോട് ഖേദം പ്രകടിപ്പിച്ചിട്ട് എന്തുകാര്യം‌! അവർക്ക് ഇനിയും മദനി തീവ്രവാദിയും രാജ്യദ്രോഹിയുമായിരിക്കും. 

ജയിൽ വാസങ്ങൾക്കിടയിൽ മദനി പുറത്തുവന്നിട്ടുള്ള സന്ദർഭങ്ങളെല്ലാം പൊതുസമൂഹത്തോട് തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കും എതിരെ സംസാരിക്കുവാനും തന്റെ രാജ്യസ്നേഹം നെഞ്ചിൽ കൈവച്ച് പറയുവാനും മദനി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മകളുടെ നിക്കാഹിനെത്തിയ സന്ദർഭത്തിലും മദനി പൊട്ടികരഞ്ഞുകോണ്ട് തന്റെ രാജ്യസ്നേഹവും വർഗ്ഗീയ-തീവ്രവാദവിരുദ്ധ നിലപാടുകളും പ്രഖ്യാപിച്ചു. 

നീതി നിഷേധിക്കപ്പെട്ട് ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും സമൂഹത്തിൽ അശാന്തി വിതയ്ക്കുന്നൊരു വാക്ക് ഒരുകലത്ത് പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിട്ട മദനി ഇന്ന് പറയുന്നില്ല. അത്രമേൽ പരിവർത്തിതവും പരിപക്വവുമായ ഒരു മനസ്സിന്റെ ഉടമയെ അഥവാ മുമ്പ് അദ്ദേഹം എന്തെങ്കിലും തെറ്റുകൾ  ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കാലമിത്രയും അനുഭവിച്ച അന്യായമായ കൊടും പീഡനങ്ങളെ അതിനുള്ള ശിക്ഷയായി കണക്കാക്കി നീതിപീഠവും ഭരണകൂടവും നിരുപാധികം അദ്ദേഹത്തെ മോചിപ്പിക്കുകയാണു വേണ്ടത്. 

ഇന്നും മദനി മോചിപ്പിക്കപ്പെടുന്നതിനെതിരെ നിലകൊള്ളുന്നവർ കൊടിയ വർഗ്ഗീയതയും അക്രമവും കൊണ്ടു നടക്കുന്നവരാണ്. അന്യമതസ്ഥർ  പീഡിപ്പിക്കപ്പെടുന്നത് അവർക്ക് ഒരു പക്ഷെ ആവേശമായിരിക്കാം. അങ്ങനെയുള്ളവരോട് നീതിബോധത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. അതിനു പിന്നിൽ അവരുടെ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം വേറിട്ടതും അപകടകരവുമാണുതാനും.  

മദനി ഇന്ന് ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയല്ല. ഇത്രമേൽ നീതിനിഷേധിപ്പപ്പെടുന്ന ഏതൊരാളുടെയും പ്രതിനിധിയാണ്. ഇന്ന് മദനിയ്ക്കുണ്ടായ അനുഭവം നാളെ മറ്റുള്ളവർക്കും ഉണ്ടാകാം. മദനിയുടെ മോചനം ഇന്ന് ഒരു ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുവർഗ്ഗീയവാദികൾ ഒഴികെ  കേരളത്തിന്റെ പൊതു വികാരമാണ്‌.ആശയപരമായ  മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഞാനും ആ പൊതുവികാരത്തിന്റെ ഭാഗമാകുന്നു.

Wednesday, March 6, 2013

ഞാൻ നെറ്റ്ലീവിൽ

ഏതാനും ദിവസങ്ങളിൽ നെറ്റകത്ത് അങ്ങനെയുണ്ടാകില്ല

ഈയുള്ളവനവർകളുടെ ഉപജീവനോപാധി പ്രവർത്തിക്കുന്ന ഓലഷെഡ്ഡ് പൊളിച്ച് പകരം ടിൻഷീറ്റിട്ട് ഷെഡ്ഡ് മൊത്തമായും പുനർ‌നിർമ്മിക്കുന്ന ജോലികളിൽ വ്യാപൃതനാകുന്നതിനാൽ ഇനി ഏതാനും ദിവസങ്ങളിൽ നെറ്റകത്തേക്കുള്ള പ്രവേശനം കുറവായിരിക്കും. ഓലയുടെ ദൌർലഭ്യമാണ് പരമ്പരാഗത രീതിയിൽ നിന്നും ഒരു മാറ്റം അനിവാര്യമാക്കിയിരിക്കുന്നത്. തെങ്ങുകൾ കുറഞ്ഞുവരികയാണല്ലോ. ഉള്ള തെങ്ങുകളിൽ നിന്നുതന്നെ തേങ്ങയിടാനോ ഓലവെട്ടാനോ  ഓല മെടയാനോ ഒന്നിനും ആളില്ലാത്ത സ്ഥിതിയും സംജാതമായിരിക്കുന്നു. ഷീറ്റിട്ടാൽ ചൂടാണ്. പക്ഷെ എന്തുചെയ്യാം. ഇനിയിപ്പോ അതേ തരമുള്ളൂ. അപ്പോൾ ആയതിന്റെ ജോലിത്തിരക്കുകൾക്കു ശേഷം വീണ്ടും കാണാം. സംഭവബഹുലമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കുറിപ്പോ കമന്റോ പോലും എഴുതാൻ സമയം ലഭിക്കാതെ പോകുന്നതിൽ വിഷമമുണ്ട്. എങ്കിലും ഉപജീവനത്തിനപ്പുറം മറ്റൊരു ജീവനത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കവയ്യാത്തതിനാൽ തൽക്കാലം കുറച്ചു ദിവസത്തേയ്ക്ക് ശമ്പളമില്ലാത്ത “ലീവ്”. ലാൽ‌സലാം.