Friday, April 12, 2013

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?

കേരളത്തില്‍ ഒരു മലയാള സര്‍വ്വകലാശാല നിലവിൽവന്നു കഴിഞ്ഞു. മലയാളഭാഷയെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും  ചെയ്യുക എന്നത് സ്വാഭാവികമായും ഇതിന്റെ ലക്ഷ്യമാണ്. എന്നാൽ  ഈ സർവ്വകലാശാല എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപം ഇനിയും കൈവന്നിട്ടില്ല. അതിനുള്ള ആലോചനകളും ചർച്ചകളും  തുടരുകയാണ്. ഒരു സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടുമാത്രം ഒരു ഭാഷ നിലനിൽക്കുമോ അഥവാ  നിലനിന്നാൽത്തന്നെ എത്രകാലം എന്നും മറ്റും ഉള്ള  ആശങ്കകൾ  ഒരു വശത്ത് നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ മലയാള ഭാഷ. കാരണം ഇംഗ്ലീഷ് പോലെ ഒരു ലോക ഭാഷയല്ല മലയാളം. നമ്മുടെ രാഷ്ട്രഭാഷയായി അംഗീകരിച്ചിരിക്കുന്ന ഹിന്ദിപോലെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സംസാരിക്കപ്പെടുന്ന ഒരു ഭാഷയുമല്ല ഇത്. കേരളീയരും  കേരളവുമായി പൂർവ്വികബന്ധമുള്ളവരുമല്ലാതെ  ലോകത്തെങ്ങും മലയാളം ആരുടെയും മാതൃഭാഷയല്ല. വർഷങ്ങളുടെ പ്രവാസ പാരമ്പര്യമുള്ളവരും മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ളവരുമായ വിഭാഗങ്ങൾക്കും അത് മാതൃഭാഷയല്ല.

കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർക്കും  കേരളവുമായുള്ള ബന്ധം നിലനിർത്തിപ്പോരുന്ന പ്രവാസികൾക്കും മാത്രമാണ് മലയാളം മാതൃഭാഷയായിട്ടുള്ളത്. ആ നിലയിൽ അവർക്ക്  ഈ ഭാഷയോട്  താല്പര്യവും കൂറും ഉണ്ടാകേണ്ടതുമാണ്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ താമസിക്കുന്നവർക്കുകൂടിയും മലയാളം ഇന്ന് വേണ്ടാതായിരിക്കുന്നു. പുതിയ തലമുറയെ എത്രത്തോളം മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ കഴിയും  എന്നാണ് ഇവിടുത്തെ രക്ഷകർത്താക്കൾ ചിന്തിക്കുന്നത്.  സ്വന്തം മാതൃഭാഷയ്ക്ക് ഇവിടെ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷിന്റെ വഴിയേ പോകണമെന്നും സമൂഹം ധരിക്കുന്നു. തമിഴർ, കന്നടക്കാർ തുടങ്ങിയ മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട്  ഉള്ളതുപോലെ സ്വന്തം ഭാഷയോട് ഒരു അതിവൈകാരികത മലയാളികൾക്കില്ല. കന്നട വേണ്ടാത്തവർ കർണ്ണാടകം വിടണമെന്നു പറയുന്നതുപോലെ മലയാളം വേണ്ടത്തവർ കേരളം വിടുക എന്ന് ഇവിടെ ആരും പറയില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ  തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നതിൽ നിർബന്ധമുള്ള തമിഴരെ പോലെയല്ല, ഇംഗ്ലീഷിൽത്തന്നെ ബോർഡ്  എഴുതി  വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ. സ്വന്തം ഭാഷയുടെ കാര്യത്തിൽ മലയാളികൾക്ക്  നിർബന്ധങ്ങളോ  നിബന്ധനകളോ ഒന്നുമില്ല. ജനിച്ചപ്പോഴേ പഠിച്ചുപോയതുകൊണ്ടും ഇംഗ്ലീഷ് അനായാസം  സംസാരിക്കാൻ അറിയാത്തതുകൊണ്ടും മുറി ഇംഗ്ലീഷിന്റെ മേമ്പൊടി ചേർത്ത് സംസാരിക്കാനൊരു ഭാഷ എന്നതിനപ്പുറം മലയാളഭാഷയെക്കുറിച്ച്  യാതൊരുല്‍കണ്ഠകളും ശരാശരി മലയാളിയ്ക്കില്ല.

ജീവിത സൗകര്യങ്ങൾ കൂടുന്തോറും മലയാളവുമായുള്ള അകലം കൂട്ടാനാണ് വലിയൊരു വിഭാഗം മലയാളികൾക്കിഷ്ടം. മക്കളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന് രക്ഷകർത്താക്കളിൽ നല്ലൊരു പങ്ക് ശഠിക്കുന്നു.  അഥവാ കുട്ടികളുടെ മേൽ ഒരു മറുഭാഷ അടിച്ചേല്പിച്ച് അവരിൽ ഉണ്ടാകേണ്ട  മാതൃഭാഷാബോധം മരവിപ്പിക്കുന്നു. വരുന്ന തലമുറ മുഴുവൻ ആ വഴിയേ നയിക്കപ്പെടുകവഴി മലയാളിസമുഹം എന്നൊന്ന് പെട്ടെന്ന് അല്ലെങ്കിലും ഭാവിയിൽ ഇല്ലാതാകും എന്നു പറഞ്ഞാൽ അതിൽ അദ്ഭുതപ്പെടാനില്ല. പത്താം തരം  വരെയെങ്കിലും പഠന ഭാഷ എല്ലാവർക്കും മലയാളമായിരിക്കണമെന്ന് കർശനമായി നിഷ്ക്കർഷിക്കാൻ സർക്കാരും തയ്യാറാകുന്നില്ല. ഇം.ഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന തരംതിരിവ് ഇല്ലാതാക്കാൻ നിയമം കൊണ്ടു വരേണ്ടതാണ്. ഇത് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിയാണെന്ന് പണ്ടു മുതലേ ആക്ഷേപമുള്ളതാണ്. ഒന്നുകിൽ എല്ലാ സ്കൂളുകളും മലയാളം മീഡിയം  ആക്കണം. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ്  മീഡിയം ആക്കണം. അതാണ് നീതിപൂർവ്വമായ വിദ്യാഭ്യാസം. അദ്ധ്യയന മാദ്ധ്യമം കർശനമായും മലയാളമാക്കിയിട്ട് ഒന്നാം ക്ലാസ്സ് മുതൽ തന്നെ ഇംഗ്ലീഷ്  വേണ്ടവിധം  പഠിപ്പിക്കുകയും ഈ  ലോകഭാഷയിൽ നല്ല  പ്രാവീണ്യം നേടാൻ കുട്ടികളെ  പ്രാപ്തരാക്കുകയും ചെയ്യണം.  ഇന്ന്  ഇം.ഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നവരായാലും മലയാളം മീഡിയത്തിൽ പഠിക്കുന്നവരായാലും  പ്ലസ്-ടൂവും അതിനു മുകളിലും വിദ്യാഭ്യാസം നേടിയാലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, തെറ്റില്ലാതെ എഴുതാനും വായിക്കാനും കൂടി കഴിയാത്തവരാണ് നമ്മളിൽ ബഹുഭൂരിപക്ഷവും. മലയാളം മീഡിയം സ്കൂളുകളിലൂടെ തന്നെ മെച്ചപ്പെട്ട  സിലബസിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും കുട്ടികളെ ഉയർന്ന നിലവാരത്തിലേയ്ക്കു ഉയർത്താൻ സാധിക്കും. മലയാളസ്നേഹം എന്നാൽ ഇംഗ്ലിഷിനോടോ ഇതര ഭാഷകളോടോ ഉള്ള വെറുപ്പല്ല. ഇംഗ്ലീഷും ഹിന്ദിയും കൂടി നമ്മുടെ കുട്ടികൾ വേണ്ടവിധം സ്വായത്തമാക്കണമെന്നതിൽ ഒരു മാതൃഭാഷാ സ്നേഹിക്കും എതിർപ്പുണ്ടാകില്ല. മാതൃഭാഷയെ ഉപേക്ഷിച്ചുകൊണ്ട് മറുഭാഷ പഠിക്കുക എന്നത് ഒരു അലങ്കാരമായി കാണരുതെന്നേ  പറയുന്നുള്ളൂ.

നമ്മുടെ മാതൃഭാഷ മലയാളമാണ്. മലയാളഭാഷ നിലനിർത്തേണ്ടതും അതിനെ പരിപോഷിപ്പിക്കേണ്ടതും മലയാളികളാണ്.  മലയാളികൾക്ക് ഈ ഭാഷ വേണ്ടാതായാൽ ഒരു ഗോളാന്തര സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടു പോലും ഈ ഭാഷയെ സംരക്ഷിക്കാനോ വികസിപ്പിക്കുവാനോ കഴിയില്ല. ഈ യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടു വേണം നമ്മുടെ മലയാള സർവ്വകലാശാല എന്തായിരിക്കണമെന്നും എന്തിനുവേണ്ടി ആയിരിക്കണമെന്നും  എങ്ങനെ ആയിരിക്കണമെന്നും മറ്റും തീരുമാനിക്കപ്പെടേണ്ടത്. ആദ്യം മലയാളം നമ്മുടെ മാതൃഭാഷയാണെന്നും അതിനെ നിലനിർത്തേണ്ടത് മലയാളികളുടെ ബാദ്ധ്യതയാണെന്നും ഉള്ള അവബോധം അരക്കിട്ടുറപ്പിക്കപ്പെടണം. ലോകത്തിന്റെ വാതായനങ്ങൾ തുറന്നുകിട്ടുവാൻ മാതൃഭാഷ മറന്ന് ഒരു ലോകഭാഷ പഠിക്കണമെന്നില്ല്ലെന്നും ഏതാനും പേർ മറുഭാഷകൾ കൂടി സ്വായത്തമാക്കുക വഴി ഒരു ഭാഷ മാത്രമറിയാവുന്നവരുടെകൂടി  ഭാഷാപരമായ പരിമിതികൾ തരണം  ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കണം. സ്വന്തം ഭാഷയെ നെഞ്ചോട് ചേർക്കുക എന്നു പറഞ്ഞാൽ മറ്റുഭാഷകൾ പഠിക്കരുതെന്നോ അവയെ വെറുക്കണമെന്നോ അല്ല. എത്ര ഭാഷ പഠിക്കാൻ കഴിയുന്നുവോ അത്രയും നന്ന്. പക്ഷെ മുലപ്പാലിനോടൊപ്പം കിട്ടുന്ന അമ്മഭാഷ സംസാരിക്കുമ്പോഴും എഴുതുമ്പോഴും കിട്ടുന്ന നിർവൃതി മറ്റൊരു ഭാഷയിൽ നിന്ന് ലഭിക്കില്ല. മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന  നിർവൃതി വേറെയാണ്. എന്നാൽ  ഇംഗ്ലീഷ് തന്നെ മാതൃഭാഷയാക്കിയാലോ എന്നു ചിന്തിക്കുന്നവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലതാനും. ഒരു ഭാഷ രൂപം കൊണ്ട് അത് വളർന്ന് വികാസം പ്രാപിക്കുന്നത് സഹസ്രാബ്ദങ്ങൾ കൊണ്ടാണ്. എന്നാൽ അവയെ വേണ്ടെന്നു വയ്ക്കുവാൻ അത്രയും അബ്ദങ്ങളൊന്നും ആവശ്യമില്ല. ഏറിയാൽ ഒരു അരനൂറ്റാണ്ടുകൊണ്ട് ഒരു പ്രാദേശിക ഭാഷയെ കൊന്നു കുഴിച്ചു മൂടാം. സ്വന്തം ഭാഷ അടുത്ത തലമുറയെ പഠിപ്പിക്കില്ലെന്ന ഒരു വാശി മാത്രം മതി.

ലോകത്ത് വിവിധ ഭാഷകളുണ്ട്. ഭാഷാപരമായ ഈ വൈവിദ്ധ്യത്തിന്റെ സൗന്ദര്യം നാം ഇന്നും അനുഭവിച്ചു പോരുന്നതാണ്. ഓരോ ഭാഷയും ലോക സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ ഈടുറ്റവയാണ്. ആരും ഇപ്പോൾ സംസാരിക്കാനില്ലാതിരുന്നിട്ടുകൂ
ടി സംസ്കൃത ഭാഷ ഇന്നും നമ്മുടെ ഭാഷയെയും  സാഹിത്യത്തെയും  സംസ്കാരത്തെയും എത്രകണ്ട് സ്വാധീനിക്കുന്നുവെന്ന് നമുക്കറിയാം. അപ്പോൾ വാമൊഴിയും വരമൊഴിയുമായി നിലനിൽക്കുന്ന ഒരു സജീവ ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ഭാഷയെ നിലനിർത്താനൊരു സർവ്വകലാശാല പ്രത്യേകമായി വേണ്ടി വന്നു എന്നതുതന്നെ ഭാഷാസ്നേഹികളിൽ ഉൽക്കണ്ഠ ഉണ്ടാക്കാവുന്ന ഒരു കാര്യമാണ്. നമ്മുടെ ഭാഷ അന്യം നിന്നുപോകും എന്നൊരു ഭയത്തിൽ നിന്നല്ലേ ഇങ്ങനെയൊരു സർവ്വകലാശാലയെക്കുറിച്ചുള്ള ചിന്തകൾ തന്നെ രൂപപ്പെട്ടത് എന്നൊരു സംശയം ന്യായമായും നമുക്ക് സ്വയം തോന്നിയേക്കാം.  എങ്കിലും ഒരു ഭാഷയ്ക്കൊരു സർവ്വകലാശാലയുണ്ടാകുന്നത് ആ ഭാഷയ്ക്കൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇവിടെ മലയാളം പഠിക്കാൻ എത്ര മലയാളികൾ താല്പര്യപൂർവ്വം ഈ സർവ്വകലാശാലയിലേയ്ക്ക് കടന്നു വരും എന്നത് നമുക്ക് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. അഥവാ ഈ സർവ്വകലാശാലയെ പ്രയോജനപ്പെടുത്താൻ ഭാഷാ സ്നേഹം മാത്രം അവർക്ക് പ്രചോദനമാകുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചിന്താ വിഷയം. വിദ്യാഭ്യാസം ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനുള്ള  ഒരു ഉപാധിയായി മാത്രം സ്വീകരിക്കുന്ന ഒരു ജനസമൂഹത്തിൽ ഭാഷ ഒരു ലക്ഷ്യവും മാർഗ്ഗവുമായി  സ്വീകരിക്കപ്പെടണമെങ്കിൽ അതിന് ഭാഷ എന്ന ഒരു വികാരത്തിന്റെ പ്രചോദനം മാത്രം മതിയാകില്ലെന്ന യാഥാർത്ഥ്യ ബോധം പുതിയ സർവ്വകലാശാലയുടെ സാരഥികൾക്ക് ഉണ്ടാകണം. അതായത് മലയാള സർവ്വകലാശാലയുടെ പ്രായോഗിക സമീപനങ്ങൾ എങ്ങനെയായിരിക്കും എന്നത് എല്ലാവരിലും ജിജ്ഞാസ ഉളവാക്കുന്നുണ്ട്.

അതിരുകളില്ലാത്ത ചില സ്വപ്നങ്ങൾ

സാധാരണ സർവ്വകലാശാലകൾ നടത്തിവരാറുള്ള കോഴ്സുകൾ എന്നതിലപ്പുറം  പ്രായ-വിദ്യാഭ്യാസ ഭേദമന്യേ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഭാഷയോടും സാഹിത്യത്തോടുമുള്ള താല്പര്യം കൊണ്ടു മാത്രം മലയാള സർവ്വകലാശാലയെ ആശ്രയിക്കാൻ വിദ്യാർത്ഥികൾ ഒഴുകിവരുമെന്നു കരുതാനാകില്ല.  മെച്ചപ്പെട്ട ഒരു തൊഴിലും വരുമാനവും അതുവഴി ഉയർന്ന ജീവിത നിലവാരവും കൈവരിക്കുവാനുള്ള ഒരു ഉപാധിയാണ് ഔപചാരികവിദ്യാഭ്യാസം എന്നതിന്റെ മുഖ്യ ആകർഷണം. ആ നിലയിൽ വിദ്യാഭ്യാസത്തെ കാണുന്നവർ മലയാള സർവ്വകലാശാലയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവിടെനിന്നൊരു ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാലുള്ള തൊഴിൽ സാധ്യതയെപ്പറ്റിയായിരിക്കും ആദ്യം ചിന്തിക്കുക. അതിന് വ്യക്തമായൊരുത്തരം കിട്ടിയില്ലെങ്കിൽ യുവാക്കൾക്ക് മലയാള സർവ്വകലാശാല ഒരു ആകർഷണമാകില്ല. അതുകൊണ്ടുതന്നെ തൊഴിൽസാധ്യതകൂടി മുന്നിൽ കണ്ട് പഠിക്കാനാഗ്രഹിക്കുന്നവരെ ആകർഷിക്കത്തക്ക കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ലഭ്യമാക്കണം. എസ്.എസ്.എൽ.സി  കഴിഞ്ഞു വരുന്നവർക്കും പ്ലസ്-ടു കഴിഞ്ഞു  വരുന്നവർക്കും മറ്റു സർവ്വകാലാശാലകളിൽ നിന്ന് ബിരുദം കഴിഞ്ഞു വരുന്നവർക്കും ബിരിദാനന്തര ബിരുദം കഴിഞ്ഞു വരുന്നവർക്കും ഒക്കെ  ചേരാവുന്ന നിലവാരമുള്ള കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഒപ്പം ഭാഷാ ഗവേഷണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ സർവ്വകലാശാലയിൽ ഉണ്ടായിരിക്കണം.

എസ്.എസ്.എൽ.സി കഴിഞ്ഞുവരുന്നവർക്ക് പ്ലസ്-ടുവിനു തുല്യമായ രണ്ടുവർഷത്തെ കോഴ്സുകൾ ആരംഭിക്കാം. എന്നാൽ മലയാള സർവ്വകലാശാലയിൽ നിന്നുള്ള  പ്ലസ്-ടൂ നിലവിലെ റ്റി.റ്റി.സി കോഴ്സിനു തുല്യവുമായിരിക്കണം. യു.പി. ക്ലാസ്സുകളിൽ മലയാളഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള ഒരു യോഗ്യതാപത്രം കൂടിയാകണം മലയാള സർവ്വകലാശാലയിൽ നിന്നുള്ള പ്ലസ്-ടൂ. ഈ കോഴ്സിന്റെ ഡ്യൂറേഷൻ മൂന്നുവർഷമാക്കിയാലും  കുഴപ്പമില്ല.  അതുപോലെ സധാരണ പ്ലസ്-ടൂ കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്കായി മൂന്നോ നാലോ വർഷം നീളുന്ന ബിരുദപഠനത്തിന് അവസരമൊരുക്കണം. എന്നാൽ മലയാള സർവ്വ കലാശാലയിലെ ബിരുദം നിലവിലെ ബി-എഡിനു തുല്യമായിരിക്കണം.  ഹൈസ്കൂൾ ക്ലാസ്സുകളിൽ മലയാള ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ ഉള്ള യോഗ്യതാ പത്രമായിരിക്കണം മലയാള സർവ്വകലാശാലയിലെ ബിരുദ സർട്ടിഫിക്കറ്റ്. അതുപോലെ മറ്റ് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടി വരുന്നവർക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് മലയാള സർവ്വകലാശാല അവസരമൊരുക്കണം. എന്നാൽ ഇത് സാധാരണ മാസ്റ്റർ ബിരുദം ആയിരിക്കരുത്. നിലവിലെ എം.എഡിനു തുല്യമാകണം. മലയാള സർവ്വകലാശാലയിൽ നിന്ന് നേടുന്ന മാസ്റ്റർ ബിരുദം പ്ലസ്-ടൂ തലത്തിലും കോളേജ് തലത്തിലും ( പ്ലസ്സ്-ടൂ മുതൽ മേലോട്ട് ഏതറ്റം വരെയും) മലയാള ഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായിരിക്കണം. മലയാള സർവ്വകലാശാലയിൽ നിന്ന് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമെടുത്തിറങ്ങുന്നവർക്ക് അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള അധികയോഗ്യതകളെന്ന നിലയ്ക്ക് നടക്കുന്ന സെറ്റ്, നെറ്റ് തുടങ്ങിയവ പോലുള്ള  ഒരു എലിജിബിലിറ്റി ടെസ്റ്റും ആവശ്യമാക്കരുത്.  അല്ലാതെ തന്നെ ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ അവർ യോഗ്യരായിരിക്കണം. മലയാള സർവ്വക്ലാശാലയിൽ നിന്നുള്ള ഭാഷാ ബിരുദം നിലവിലുള്ള  ജേർണ്ണലിസം  ഡിപ്ലോമയ്ക്കും  ബിരുദാനന്തരബിരുദം ജേർണ്ണലിസം ഡിഗ്രിക്കും കൂടി തത്തുല്യമാക്കണം. മലയാള സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് പി.എസി.ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിൽ ഗ്രേസ് മാർക്ക് ഏർപ്പെടുത്തണം. എസ്.എസ്.എൽ.സിയ്ക്ക്   മലയാളത്തിന് ഫുൾ മാർക്കും  ഫുൾ ഗ്രേഡും നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകമായി എൻട്രൻസ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക്  നേരിട്ട് മലയാള സർവ്വകലാശാലയിൽ  ഡിഗ്രീ പ്രവേശനം നൽകുന്ന ഒരു രീതിയും കൂട്ടത്തിൽ അവലംബിക്കാവുന്നതാണ്. ഇത് പ്രത്യേക ബിരുദ കോഴ്സ് ആയിരിക്കണം. അതായത് ടാലന്റ് ലെവൽ ഡിഗ്രി. മലയാളഭാഷയിൽ ഏറ്റവും ഗുണനിലവാരമുള്ള ഭാഷാപ്രതിഭകളെ വാർത്തെടുക്കുന്ന ഈ പഞ്ചവത്സര കോഴ്സ് എം.എഡിനും ,  ജേർണ്ണലിസത്തിനുകൂടി  തുല്യമാകണം.

വിദ്യാഭ്യാസമോ പ്രായഭേദമോ കണക്കിലെടുക്കാതെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്ക് അവർ മലയാള സർവ്വകലാശാലയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ലെങ്കിലും  (യാതൊരുവിധ അംഗീകൃത വിദ്യാഭ്യാസവും  ലഭിച്ചിട്ടില്ലാത്തവരായാൽകൂടി)  ബിരുദ ദാനവും ഡോക്ടറേറ്റും മറ്റും നൽകുന്ന രീതി  മലയാള സർവ്വകലാശാല നടപ്പിലാക്കണം. അത് തൊഴിൽ ലഭിക്കാനല്ല. അവർക്കുള്ള ബഹുമതികൾ എന്ന നിലയ്ക്കാണ്. ഇങ്ങനെ ബിരുദം നേടുന്നവരെയും  ഡോക്ടറേറ്റ് നേടുന്നവരെയും കേരളത്തിലെ ഏതൊരു സർവ്വകലാശാലയിലെയും സെനറ്റിലും സിൻഡിക്കേറ്റിലും മറ്റും അംഗമായിരിക്കുന്നതിനു യോഗ്യരാക്കണം. റെഗുലർ കോഴ്സുകൾക്ക് പുറമെ  ഡിസ്റ്റൻസ് കോഴ്സുകളും ഉണ്ടാകണം. കൂടാതെ ഓണ്‍ലൈന്‍ കോഴ്സുകളും ഓണ്‍ലൈന്‍ പരീക്ഷകളും ഓണ്‍ലൈനായി തന്നെ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സുകളും ഉണ്ടാകണം. കേരളത്തിലുള്ളവർക്കു മാത്രമല്ല ലോകത്തിന്റെ ഏതു കോണിനുള്ളവർക്കും ഈ ഓണ്‍ലൈന്‍ പഠന സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. വീഡിയോ ക്ലാസ്സുകൾ പഠിതാക്കൾക്ക് ഓണ്‍ലൈനായും സി.ഡി കളായും മറ്റും  നൽകാൻ കഴിയും. സർട്ടിഫിക്കറ്റുകൾക്കു വേണ്ടി പോലും സർവ്വകലാശാലാ ആസ്ഥാനത്ത് എത്തേണ്ടിവരാത്ത വിധം സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി ലോകത്തെ പല പ്രമുഖ സർവ്വ കലാശാലകളിലും ഉണ്ട്. നമ്മുടെ രാജ്യത്ത് അത് അത്രമാത്രം വ്യാപകമായിട്ടില്ല. ഓണ്‍ലൈന്‍ സൗകര്യങ്ങളെ വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും മറ്റും ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും മുന്നേറേണ്ടതുണ്ട്. പഠനം എന്നാൽ ഏതെങ്കിലും  ഒരു സ്റ്റഡി സെന്ററിൽ ക്ലാസ്സ് റൂമിലിരുന്ന് നേരിട്ട് ഗുരുമുഖം നോക്കി മാത്രം പഠിക്കേണ്ടതാണെന്ന ധാരണ ആധുനിക കാലത്തിനു യോജിച്ചതല്ല. ഇന്നു വീട്ടിലിരുന്ന് കമ്പ്യൂട്ടർ സ്ക്രീനിനെയും റ്റി.വി സ്ക്രീനിനെയും ക്ലാസ്സ് മുറികളാക്കാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരു പ്രയാസവുമില്ല. ആ ഒരു നിലവാരത്തിലേയ്ക്ക് നമ്മുടെ മലയാള സർവ്വകലാശാല ഉയരണം.

മലയാള സർവ്വകലാശാലയ്ക്ക്  കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളും  സ്റ്റഡി സെന്ററുകളും എന്‍ക്വയറി കൗണ്ടറുകളും ഉണ്ടാകണം. താമസം വിനാ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം. ലോകത്തെവിടെയുമിരുന്ന് മലയാളം പഠിക്കാനും ഗവേഷണം നടത്താനും ഉള്ള അവസരം ഉണ്ടാകണം. മലയാളികൾക്ക് വേണ്ടി മാത്രമുള്ളതാകരുത് മലയാള സർവ്വകലാശാല. നമ്മുടെ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റേതൊരു ഭാഷക്കാർക്കും ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയുള്ളവർക്കും നമ്മുടെ ഭാഷ പഠിക്കാൻ അവസരമുണ്ടാകണം. ഭാഷാകുതുകികൾ എന്ന നിലയിൽ മാത്രം പഠനം ആഗ്രഹിക്കുന്നവർക്കുള്ള വിവിധ ഡ്യൂറേഷനിൽ ഉള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ  നിശ്ചയമായും മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഇവിടെ വിവിധ മതപാഠശാലകളിൽ പഠിച്ചിറങ്ങുന്നവർ  അഗാധമായ പാണ്ഡിത്യമുള്ളവരും നല്ല വാഗ്മികളും ആയി  മാറുന്നുണ്ട്. സ്കൂൾ പഠനം പാതി വഴിക്കുപേക്ഷിച്ച് ആത്മീയ പഠനത്തിനു പോകുന്നവരും ഇതിൽ ഉൾപ്പെടും. മലയളഭാഷ അവർ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാകുന്നു. അവരുടെ മതപ്രഭാഷണങ്ങളിലും മറ്റും  മലയാളഭാഷ  അനർഗളനിരർഗളമായി ഒഴുകുന്നുണ്ട്. നമുടെ മധുരമാം മലയാളഭാഷ കളകളാരവം പൊഴിച്ച് ഒരു നദിപോലെ ഒഴുകുന്നത് കേൾക്കണമെങ്കിൽ പള്ളീലച്ഛൻമാരുടെയും മൗലവിമാരുടെയും സ്വാമിമാരുടെയും പ്രഭാഷണങ്ങൾ കേൾക്കണം. എന്നാൽ നമ്മുടെ കലശാലകളിൽ നിന്ന് മലയാളം എം.എയും ബി.എഡും എം.എഡുമൊക്കെ എടുത്തിറങ്ങുന്നവരിൽ ബഹുഭുരിപക്ഷത്തിന് നാലാൾ  കൂടുന്നിടത്തു നിന്ന് അറപ്പില്ലാതെ നല്ല മലയാളത്തിൽ നാല് വർത്തമാനം പറയാൻ കൂടി കഴിയില്ല. ഈ ഒരു കുറവ് പുതിയ മലായാള സർവ്വകലാശാല പരിഹരിക്കണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ  നല്ല രീതിയിൽ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പ്രസംഗിക്കുവാനും അവരെ പ്രാപ്തരാക്കുവാൻ കഴിയുന്നവിധത്തിലുള്ള  ഹ്രസ്വകാല കോഴ്സുകൾ മലയാള സർവ്വകലാശാലയ്ക്ക് നടത്താവുന്നതാണ്. ഏത് പ്രായത്തിലും മലയാള സർവ്വകലാശാലയിൽ നിന്നും അനൗപചാരിക കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് ലോകത്തെ ഏത് വിഷയത്തെക്കുറിച്ചും അനല്പമായെങ്കിലും സംസാരിക്കുവാനുള്ള കരുത്ത് ഉണ്ടാകണം. ഭാഷയെ  അവർക്ക് കാര്യങ്ങൾ  അറിയാനും അറിഞ്ഞവ മറ്റുള്ളവരെ  അറിയിക്കാനും ഉള്ള ഒരുപാധിയെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഭാഷ ഒരു മാധ്യമമാണ്. ആ നിലയിൽ ഭാഷയെ ഉപയോഗപ്പെടുത്താൻ വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കഴിയണം. അതിനു സഹായകരമായ പഠന സൗകര്യങ്ങൾ മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. അതുപോലെ അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  അദ്ധ്യാപനമാധ്യമം എന്ന നിലയിൽ മലയാള ഭാഷയിൽ ആവശ്യമായ പരിശീലനം നൽകുവാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. ചുരുക്കത്തിൽ ഇവ്വിധം ബഹുമുഖമായ ഒരുപാട് ചുമതലകൾ മലയാള സർവ്വകലാശാലയ്ക്ക് ഏറ്റെടുക്കാവുന്നതാണ്.

മലയാളഭാഷയുടെയും  സാഹിത്യത്തിന്റെയും  ആസ്ഥാനമായി മലയാളസർവ്വകലാശാല മാറണം. ഭാഷയ്ക്കു മുതൽക്കൂട്ടാക്കാവുന്ന  പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളസർവ്വകലാശാല ചെയ്യണം. പുതിയ പുതിയ വാക്കുകളും മറ്റു ഭാഷകളിൽ നിന്നും അത്യാവശ്യം കടം കൊള്ളേണ്ട വാക്കുകളും ഉൾപ്പെടുത്തി മലയാള ഭാഷയുടെ പദ സമ്പത്ത് വിപുലീകരിക്കുവാനുമുള്ള പ്രവർത്തനങ്ങൾ മലയാള സർവ്വകലാശാല ഏറ്റെടുക്കണം. ലോകത്തെവിടെയും ഏത് ഭാഷ സംസാരിക്കുന്നവർക്കും താല്പര്യമെങ്കിൽ മലയാളം പഠിപ്പിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ലോകമാകെ നമ്മുടെ ഭാഷയ്ക്ക് പ്രചാരമുണ്ടാക്കണം. മലയാള സർവ്വകലാശാല മലയാള ഭാഷയ്ക്കു വേണ്ടിയുള്ളതാണെങ്കിലും അവിടെ റെഗുലർ കോഴ്സിനു ചേരുന്നവർക്ക്  പ്രധാനപ്പെട്ട മറുഭാഷകൾ ഇംഗ്ലീഷ് ഉൾപ്പെടെ രണ്ടാം വിഷയമായി പഠിക്കാൻ അവസരമുണ്ടാകണം. മറ്റ് ഭാഷകളിൽ നിന്ന് പലതും നമ്മുടെ ഭാഷയിലേയ്ക്കും നമ്മുടെ ഭാഷയിൽ നിന്ന് പലതും മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റുന്നതിന് വൈദഗ്ദ്ധ്യമുള്ള ഒരു തലമുറയെക്കൂടി മലയാള സർവ്വകലാശാല വഴി വാർത്തെടുക്കാൻ കഴിയണം. മലയാളത്തിൽ അച്ചടിക്കപ്പെടുന്നതും ഇന്നുവരെ അച്ചടിക്കപ്പെട്ടിട്ടുള്ളതുമായ പരമാവധി പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു ഗ്രന്ഥപ്പുര മലയാള സർവ്വകലാശാലയ്ക്കുണ്ടാകണം. അതായത് ലോകോത്തര നിലവാരമുള്ള ഒരു ഗ്രന്ഥശാല. മലയാളത്തിന്റെ തനതു കലകൾ അഭ്യസിക്കുവാനുള്ള സൗകര്യങ്ങളും മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. കാലാകാലങ്ങളിൽ ലിഖിത ഭാഷയിലും സംസാര ഭാഷയിലും ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുവാനും കാലാനുസൃതമായ ഭാഷാ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാനും മലയാള സർവ്വകലാശാലയ്ക്ക് കഴിയണം. മലയാള ഭാഷയെ സംബന്ധിച്ച് ഒരു ആധികാരിക സ്ഥാപനമാകണം മലയാള സർവ്വകലാശാല. കുറെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള ഒരു ഏജൻസി മാത്രമായി ഒതുങ്ങാനാണെങ്കിൽ എത്രയെങ്കിലും സർവ്വകലാശാലകൾ ഇവിടെ വേറെയുണ്ട്. മലയാള സർവ്വകലാശാല അങ്ങനെ ആയാൽ പോര.  ഇത് ഒരു വിവിധോദ്ദേശ സർവ്വകലാശാലയാകണം. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം മലയാളഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാകണം. അതിനുതകുന്ന വിവിധ കർമ്മ പദ്ധതികൾ മലയാള സർവ്വകലാശാലകൾ ഏറ്റെടുക്കണം. എന്നു ചുരുക്കം. ഇവിടെ ഈ ലേഖകൻ എഴുതി വച്ചതൊക്കെ അതിരുകളില്ലാത്ത സ്വപ്നങ്ങളാകാം. എന്നാൽ വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചാലാണ് അവയുടെ  ഏഴയലത്തെങ്കിലും എത്താനാകുക എന്നോർക്കുക. അതുകൊണ്ട് വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി തന്നെയാകട്ടെ മലയാളസർവ്വകലാശാലയുടെ പ്രയാണം.

9 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ വിലയിരുത്തലുകളാണ് മാഷിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്...

ഇത് ഒരു വിവിധോദ്ദേശ സർവ്വകലാശാലയാകണം..
ഇതിന്റെ ആത്യന്തികമായ ലക്ഷ്യം മലയാളഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാകണം...
അതിനുതകുന്ന വിവിധ കർമ്മ പദ്ധതികൾ മലയാള സർവ്വകലാശാല ഏറ്റെടുക്കണം...

ഷാജു അത്താണിക്കല്‍ said...

വളരെ നന്നായി വിവരിച്ചു.............
കൊള്ളാം

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നന്നായി . വേണം ഇത്തരം
ഗൗരവതരത്തിലുള്ള ചർച്ച . കാരണം
നമ്മുടെ മാതൃഭാഷയുടെ നിലനില്പ്
അപകടകരമായ അവസ്ഥയിലാണു്.
ഭാവിയിൽ , ലാറ്റിൻ ഭാഷക്കു യൂറോപ്പിൽ
സംഭവിച്ച വംശ നാശം , (അതായതു
ഇംഗ്ലീഷു ഭാഷയുടെ കടന്നു വരവോടെ
ലാറ്റിൻ ഭാഷ ഇല്ലാതായതു പോലെ )
ഇതാണു സ്ഥിതിയെങ്കിൽ മലയാളത്തിനും
സംഭവിക്കും.

Pradeep Kumar said...

മലയാളം സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഈയിടെ വാരികയില്‍ വായിച്ച ജയകുമാറിന്റെ ലേഖനവും ഇതോടൊപ്പം ഓര്‍ക്കുന്നു.......

നാം പുറമെ കാണുന്ന കാഴ്ചകള്‍ക്കും അപ്പുറം പലതരം താല്‍പ്പര്യങ്ങളും അന്തര്‍നാടകങ്ങളും നടക്കുന്ന നമ്മുടെ നാട്ടില്‍ മലയാള സര്‍വ്വകലാശാല രക്ഷപ്പെടാനായി നമുക്കു പ്രാര്‍ത്ഥിക്കാം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും വിജയപ്രദമായി നടപ്പാക്കിയ പ്ളസ് ടു വിദ്യാഭ്യാസം പലതരം താല്‍പ്പര്യങ്ങള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ് ആകെ താറുമാറായി കിടക്കുന്ന ഉദാഹരണം നമുക്കു മുന്നില്‍ തന്നെ ഉണ്ടല്ലോ....

മലയാള സര്‍വ്വകലാശാല രക്ഷപ്പെടാനായി നമുക്ക് പ്രാര്‍ത്ഥിക്കാം....

നല്ല ലേഖനം. ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ആദരിക്കുന്നു...

Jomy said...

നല്ല ലേഖനം

1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷിപ്പിക്കുക
2. എല്ലാ കടകളുടെയും സര്‍ക്കാര്‍ ഓഫീസുകളും ബോര്‍ഡുകള്‍ മലയാളത്തില്‍ ആക്കുക

Anonymous said...

I rarely leave a response, however I browsed some of the responses
here "മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?".

I actually do have 2 questions for you if you do not mind.
Is it only me or does it look as if like a few of the comments look like they are coming from brain dead visitors?
:-P And, if you are writing at other online social sites,
I'd like to follow anything fresh you have to post. Would you list of the complete urls of your social pages like your linkedin profile, Facebook page or twitter feed?

Look into my blog post: austria

Anonymous said...

Simply wish to say your article is as surprising. The clearness for your
post is just nice and that i could assume you're an expert on this subject. Well together with your permission let me to seize your feed to stay up to date with approaching post. Thanks a million and please keep up the rewarding work.

Here is my web blog :: austria

ഇ.എ.സജിം തട്ടത്തുമല said...

ഇരിപ്പിടം,

മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുകയും ലിങ്ക് നൽകുകയും ചെയ്തതിൽ സന്തോഷം. പല നല്ല പോസ്റ്റുകളിലേയ്ക്കും ഈ പംക്തി ഈയുള്ളവനെയും കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നതിലും സന്തോഷം അറിയിക്കുന്നു. ആശംസകൾ!

Jomy said...

മലയാള സർവ്വകലാശാലയെ
പറ്റി വളരെ വിശദമായ നല്ല ലേഖനം........ യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
http://malayalatthanima.blogspot.in/2013/06/blog-post_7.html