Sunday, June 23, 2013

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ.......

അങ്ങനെ മലയാളം ശ്രേഷ്ഠഭാഷയുമായി. അതിനു തൊട്ടു മുമ്പുതന്നെ മലയാളത്തിനു മാത്രമായി നാമൊരു സർവ്വലകലാശാലയും രൂപീകരിച്ചു. ഇനി മലയാളം വേണ്ടുന്ന ഒരു തലമുറയെക്കൂടി നമ്മൾ വളർത്തിയെടുക്കണം. കാരണം ജീവിതസാഹചര്യങ്ങൾ അത്രകണ്ട് മെച്ചപ്പെടാത്തവരുടെ മക്കൾക്കുമാത്രം പഠനമാധ്യമമായി മാറുന്ന ഒരു ഭാഷയായി മലയാളം പുരോഗമിക്കുന്ന ഒരു കാലത്താണ് നമ്മുടെ ഭാഷയ്ക്ക് ഒരു സർവ്വകലശലയുണ്ടാകുന്നതും നമ്മുടെ ഭാഷ ശ്രേഷ്ഠഭാഷയാകുന്നതും! ഒരു ഭാഷ വികസിക്കുന്നതും നിലനിൽക്കുന്നതും ആ ഭാഷ സംസാരിക്കുവാനും എഴുതുവാനും പഠിക്കുവാനും ആളുണ്ടാകുമ്പോഴാണ്. അങ്ങനെയല്ലാത്ത ഒരു ഭാഷയ്ക്കുവേണ്ടി എത്ര സർവ്വകലാശാലകൾ സ്ഥാപിച്ചാലും എത്രവലിയ പദവികൾ ലഭിച്ചാലും ആ ഭാഷ നിലനിൽക്കില്ല. ഭാഷയ്ക്കുവേണ്ടി മുറവിളികൂട്ടിയതുകൊണ്ടുമാത്രവും ഒരു ഭാഷയും നിലനിൽക്കില്ല. ഒരു ഭാഷാസമൂഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സമൂഹത്തിന്റെ ഇച്ഛ നടപ്പാക്കേണ്ടത് ആ സമൂഹത്തെ നയിക്കുന്ന ഭരണകൂടസംവിധാനമാണ്.

ആധുനിക കാലത്ത് ഒരു സമൂഹത്തിന്റെ മാതൃഭാഷ പത്താം തരം വരെയെങ്കിലും ഒരു നിർബന്ധിത പഠനമാധ്യമമായി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽപിന്നെ അവിടെ ഒരു ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സാംസ്കാരികപരമയ പ്രസക്തി എന്താണ്? മലയാളത്തെ പത്താംതരം വരെയെങ്കിലും നിർബന്ധിതപഠന മാധ്യമമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ ഒരു തീരുമാനം മത്രം മതി. പക്ഷെ ആ തീരുമാനം ഉണ്ടാകുന്നതേയില്ല. ഇനി ഉണ്ടായാൽത്തന്നെ നീതിപീഠം ഇടപെട്ട് തടയിടും എന്നൊരു വാദം ഉണ്ട്. ശരിയാകാം. ഇംഗ്ലീഷ് ഭാഷയെ വില്പനച്ചരക്കാക്കി തൂക്കി വിൽക്കുന്ന പള്ളിക്കൂടക്കച്ചവടക്കാർ നീതിപീഠത്തെ സമീപിച്ച് അവർക്കനുകൂലമയ വിധികൾ സമ്പാദിക്കാൻ ഇടയുണ്ട്. അതിനിടയാക്കുന്ന പഴുതുകളാകട്ടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ളവയാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടത്തിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടാകണം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. സ്വന്തം മാതൃഭാഷയെ നില‌നിർത്താനുള്ള നിയമ നിർമ്മാണങ്ങൾക്ക് വിഘാതമായേക്കാവുന്ന പഴുതുകൾ ഭരണഘടനാപരയുള്ളവയാണെങ്കിൽ അവ തിരുത്തുവാനുള്ള മാർഗ്ഗങ്ങൾ തേടണം. പക്ഷെ സത്യത്തിൽ ഇക്കാര്യത്തിൽ അത്രത്തോളമൊന്നും നമ്മൾ കടന്നു ചിന്തിക്കാൻ മാത്രമൊന്നുമില്ല.

കേരളത്തിലെ സർക്കാർ സ്കൂളുകളായാലും എയിഡഡ് സ്കൂളുകളായാലും അൺ-എയ്ഡഡ് സ്കൂളുകളായാലും പത്താം തരംവരെ പഠനമധ്യമം മലയാളമായിരിക്കണമെന്നൊരു നിഷ്കർഷ മത്രം മതി നമ്മുടെ ഭാഷയെ ഇംഗ്ലീഷ് വിഴുങ്ങാ‍തിരിക്കാൻ. നേരിട്ട് അത്തരത്തിലൊരു നിയമം നിർമ്മിക്കാതെ മറ്റ് ചില നടപടികളിലൂടെയും നമ്മുടെ നാട്ടിലെ രക്ഷകർത്താക്കളെ തങ്ങളുടെ കുട്ടികളെ മലയാളഭാഷതന്നെ പഠിപ്പിക്കാൻ പ്രേരിപ്പിക്കാ‍ൻ കഴിയുമെന്നും ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് പി.എസ്.സി ജോലികൾക്ക് മലയാളം ഒരു രണ്ടാം ഭാഷയായെങ്കിലും പഠിച്ചിരിക്കണമെന്ന നിയമം വന്നപ്പോൾതന്നെ ചിലർ ഇംഗ്ലീഷ് മീഡിയം ഉപേക്ഷിച്ച് കുട്ടികളെ മലയാളം മീഡിയത്തിൽ വിട്ടുതുടങ്ങിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം ശമ്പളം സംബന്ധിച്ച് കോടതിവിധിയുണ്ടായി, അത്തരം സ്കൂളുകൾ ഫീസുകൾ കുത്തനെ കൂട്ടിയതോടെയും പലരും കുട്ടികളെ ചേർക്കാൻ സർക്കാർ-എയ്ഡഡ് സ്കൂളുകൾ തേടിയെത്തിയിട്ടുണ്ട്. അത് സാമ്പത്തികകാരണത്താലുള്ള മാറ്റം.

നമ്മുടെ നാട്ടിൽ ഒരു പറച്ചിൽ ഉണ്ടല്ലോ; സർക്കാർ സ്കൂ‍ളുകൾ ആ‍ർക്കും വേണ്ട. സർക്കാർ ആശുപത്രികൾ ആർക്കും വേണ്ട. സർക്കാർ വണ്ടികൾ ആർക്കും വേണ്ട. പക്ഷെ സർക്കാർ ജോലി എല്ലാവർക്കും വേണം! സംസ്ഥാന സർക്കാർ ജോലികൾക്ക് പാത്താം ക്ലാസ്സ് വരെയെങ്കിലും മാതൃഭാഷ പഠനമാധ്യമമായെടുത്തവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നൊരു പി.എസ്.സി നിഷ്ക്കർഷ വന്നൽത്തന്നെ സ്കൂളുകളിൽ മലയാളം ഒരു ആകർഷഭാഷയാകും. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേയ്ക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആ സ്കൂളുകൾ ടി.സി കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം അന്ന് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ടി.സി നിർബന്ധിതമായിരുന്നു. എന്നാൽ ആ നിയമത്തിൽ ഇളവ് വന്നതോടെതന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സാധാരണ സ്കൂളുകളിലേയ്ക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഇവ്വിധം സർക്കാരിന്റെ ചില കൊച്ചുകൊച്ച് തീരുമാനങ്ങൾക്കുതന്നെ എടുത്തുപറയത്തക്ക ഫലങ്ങൾ ഉളവാക്കൻ കഴിയും എന്നിരിക്കെ അല്പം വലിയൊരു തീരുമാനമെടുത്താൽ വളരെ വലിയ ഫലങ്ങൾ ഉണ്ടാകും എന്നകാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. സർക്കാർ വിചാരിച്ചാൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവരാം!

ഇവിടെ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കേരളത്തിൽ പത്താംതരംവരെയെങ്കിലും പഠനമാധ്യമം മലയാളത്തിലാക്കണം എന്നുള്ളതാണ്. ഇത് മുമ്പേ ചർച്ച ചെയ്തുവരുന്ന ഒരു കാര്യമണെങ്കിലും മലയാലഭാഷയെസംബന്ധിച്ച് നമ്മൾ അഭിമാനപുളകിതരാകാൻ മാത്രം വലിയചില സന്തോഷങ്ങൾ വന്നുഭവിച്ചിരിക്കുമ്പോൾകൂടി നമ്മൾ ഭാഷാതല്പരമായ ഈ വിഷയം ചർച്ചയ്ക്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. മലയളം നിർബന്ധിത പഠനമധ്യമമാകാന്നും അത് നിർബന്ധിതഭരണഭാഷയകാനുമൊക്കെ കർക്കശമായ നിഷ്കർഷയുണ്ടാകണം. ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ അടുത്ത തലമുറകളിൽ നിന്നും നമ്മുടെ ഭാഷ അന്യം നിന്നുപോകും.

ഒരു കാലത്ത് സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവർ മത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയച്ചിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരും തീരെ ദർദ്രരായുള്ളവരും അടക്കം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വ്യഗ്രത കാട്ടുന്നുണ്ട്. രക്ഷകർത്താക്കളുടെ പൊങ്ങച്ചസംസ്കരത്തിന്റെ ബലിയാടുകളായി കുട്ടികൾക്ക് അവരുടെ മാതൃഭാഷ അന്യമാകുന്നു. ഒരു ഭാഷയോടും തലമുറയോടും ചെയ്യുന്ന ക്രൂരതായാണിത്. അൺ-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ പിടിച്ചു‌നിൽക്കാനായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപകമയതോടെ മലയാളം മീഡിയത്തിൽ പഠിക്കാൻ ആൾ കുറഞ്ഞുവരുന്ന പ്രവണത ചില മേഖലകളിലെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് ഭാഷയ്ക്കൊരു വെല്ലുവിളിയാണ്. എന്നാൽ പൊതു വിദ്യാലയങ്ങളെ രക്ഷിക്കുവാൻ പല സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയംകൂടി തുടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെവന്നിരിക്കുന്നു. സാഹചര്യങ്ങൾ ആനിലയിൽ ആയിരിക്കെ, നമ്മുടെ ഭാഷയെ രക്ഷിക്കൂ, നമ്മുടെ ഭാഷയെ രക്ഷിക്കൂ എന്ന കേവലമയ മുറവിളികൾകൊണ്ട് മാത്രം കാര്യമില്ല.

ഭാഷയും ഒരു ഭരണകൂടബാദ്ധ്യതയാണ്. അല്ലെങ്കിൽ ആകണം. ഭാഷയ്ക്ക് ഭരണപരമായും നിയമപരമായും സംരക്ഷണം ഉറപ്പുവരുത്തണം. അതിനായി നിലവിലുള്ള നിയമങ്ങളും സമ്പ്രദയങ്ങളും മാറ്റിമറിയ്ക്കണം. മലയാളസർവ്വകലാശാലയ്ക്ക് വേണ്ടി ഇനിയും നാം എത്രയോ പണവും അദ്ധ്വാനവും വിനിയോഗിക്കാൻ പോകുന്നു. ശ്രേഷ്ഠഭാഷയാകുമ്പോൾ കിട്ടുന്ന നൂറ് കോടിയും നാം ചെലവഴിക്കാനും ചിലതൊക്കെ ചെയ്യാനും പോകുകകാണ്. അതിനുമുമ്പ് ഹയർസെക്കണ്ടറിതലം വരെയോ അതുമല്ലെങ്കിൽ പത്താംതരം വരെയെങ്കിലുമോ നിർബന്ധമായും പഠനമാധ്യമം മലയാളമാക്കുന്ന കാര്യത്തിലും ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിലും തുടങ്ങി നമ്മുടെ ഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നാം ഉറച്ച ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതേപറ്റിയൊക്കെ ഗൌരവപ്പെടാൻ പറ്റിയ ഒരു സമയമാണിത്.

(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ  എഴുതിയ എഡിറ്റോറിയൽ)

1 comment:

naakila said...

കാലികപ്രസക്തമായ കുറിപ്പ്