Wednesday, July 10, 2013

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ 

ഉമ്മൻ ചാണ്ടിയോ മറ്റാരെങ്കിലുമോ എന്നതല്ല പ്രശ്നം. കേരളത്തിൽ ഒരു മുഖ്യമന്ത്രിയ്ക്ക് ഈ ഗതി വന്നുപോയല്ലോ എന്നതാണ്. രാഷ്ട്രീയ- നേതാക്കൾ  തങ്ങളുടെ രാഷ്ട്രീയവും ഭരണപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ എത്രകണ്ട് സൂക്ഷ്മത  പുലർത്തേണ്ടതുണ്ട് എന്നതിലേയ്ക്കാണ് സോളാർ തട്ടിപ്പുകേസ് വിരൽ ചൂണ്ടുന്നത്.  കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട നേതാവായോ കേരളം കണ്ടതിൽ ഏറ്റവും മോശപ്പെട്ട  മുഖ്യമന്ത്രിയായായോ  ഉമ്മൻ ചാണ്ടിയെ ആരും കരുതുന്നതുമെന്നു തോന്നുന്നില്ല. ഉറച്ച മർക്സിസ്റ്റുകാരനായ ഈയുള്ളവനവർകളും  അങ്ങനെ കരുതുന്നില്ല. പക്ഷെ ഒക്കെ സംഭവിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു. എല്ലാം സിൽബന്ധികൾ കാരണമാണ്. പക്ഷെ സിൽബന്ധികൾ വഴിതെറ്റിക്കാൻ ശ്രമിച്ചാലും  താല്പര്യമില്ലെങ്കിൽ അറിഞ്ഞുകൊണ്ട്  ആവഴി പോകില്ലല്ലോ. അതുകൊണ്ടുതന്നെ സ്വയംകൃതാനർത്ഥങ്ങൾ ബന്ധപ്പെട്ടവരെല്ലാം  അനുഭവിച്ചു തീർക്കുകയേ നിവൃത്തിയുള്ളൂ.

കോൺഗ്രസ്സ് രാഷ്ട്രീയവും ഭരണവും എല്ല്ലാം കാലത്തും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതൊന്നും അവർക്ക് അത്ര ഉളുപ്പ് നൽകുന്ന കാര്യങ്ങൾ ഒന്നുമല്ല. പക്ഷെ  ജനാധിപത്യത്തിലെ പ്രതിപക്ഷധർമ്മം നിർവ്വഹിക്കാതിരിക്കുന്നത് നിരുത്തരവാദപരവുമാണ്. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ജനകീയപ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്. നാടൻ ഭാഷയിൽ സമ്പർക്കാ ഗുണാ ദോഷാ കഷണ്ടി എന്നൊരു തമാശ  പറയാറുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കങ്ങൾകൊണ്ട് ഗുണവും ദോഷവുമുണ്ടാകും എന്നാണ് ഈ നാടൻചൊല്ല് സൂചിപ്പിക്കുന്നത്. കഷണ്ടിയുമായി ആ ചൊല്ല് ബന്ധിപ്പിച്ചതിന്റെ പൊരുൾ എന്താണെന്ന് അറിയില്ല. ചില ആളുകളുമായുള്ള സമ്പർക്കങ്ങൾ സമ്പർക്കപ്പെടുന്ന മറ്റുള്ളവരെക്കൂടി ദുഷിപ്പിക്കും. എന്നാൽ ദുഷിക്കണം എന്നു പറഞ്ഞ് എന്തെങ്കിലും പ്രവർത്തികളിൽ  ഏർപ്പെടുന്നവരല്ല എല്ലാവരും. എന്നാൽ അങ്ങനെയുള്ളവരും ഇല്ലാതില്ല. ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ളവരോട്  പലതരത്തിലുള്ള ആളുകൾ അടുത്തുകൂടാനും   പലവിധത്തിൽ സ്വാധീനിക്കാനും സ്വന്തം കാര്യങ്ങൾ നേടാനുംമറ്റും  ശ്രമിക്കുമെന്ന് ആരും പറഞ്ഞുകൊടുക്കാതെ തന്നെ സ്വയം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

പണത്തോടുള്ള അത്യാർത്തികൊണ്ട് നാലും തുനിഞ്ഞ് നല്ലിപ്പുംകെട്ട് ആരെങ്കിലും ഇറങ്ങിയാൽ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തുന്നവർ കൂടി ഒടുവിൽ കുഴപ്പത്തിലാകും. അതാണ് ഇപ്പോൾ പല കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സോളാർ തട്ടിപ്പിലായാലും സമീപകാലത്തുണ്ടായ മറ്റ് പല കേസുകളായാലും  അതിന്റെയൊക്കെ പിന്നിൽ ധനാർത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകൾ ഉണ്ട്. രാഷ്ട്രീയ  നേതാക്കൾ പലരും ഇപ്പോൾ പൊതുജനസേവകർ മാത്രമായി ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അവരെല്ലാം പലപല ബിസിനസ്സുകളിലും ഏർപ്പെട്ട് ധനശേഷി വർദ്ധിപ്പിക്കാനും കൂടുതൽ ആർഭാടകരമയ ജീവിതം നയിക്കാനും ശ്രമിക്കുന്നവരാണ്. ഇതാണ് പൊതുരംഗം ഇത്രയേറെ ദുഷിക്കാൻ കാരണം. ചിലരാകട്ടെ സ്വന്തമായി ബിസിനസ്സുകളിൽ ഏർപ്പെടാതെതന്നെ രാഷ്ട്രീയത്തിൽ നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങൾ ഉപയോഗപ്പെടുത്തി കൊടിയ അഴിമതികൾ നടത്തി പണമുണ്ടാക്കുന്നു. മുതൽ മുടക്കില്ലാത്ത ബിസിനസ്സ് ആയി  രാഷ്ട്രീയത്തെയും അധികാരത്തെയും  കാണുന്നവരിൽ നിന്നും നമ്മൾ എന്തെങ്കിലും പ്രതീക്ഷിക്ഷിക്കുന്നതേ മണ്ടത്തരം. .

ധനദുർദ്ദേവതയുടെ കുത്തിത്തിരിപ്പുകൾ ഒരു മുതലാളിത്ത സമൂഹത്തിൽ സ്വാഭാവികമാണ്. പണമില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥിതിയിൽ ആർക്കും ഒരു വിലയുമില്ലെന്ന സ്ഥിതിയുണ്ട്. നമ്മുടെ രാജ്യം അനുദിനം തനിമുതലാളിത്തത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന  ഒരു രാജ്യമാണ്. ഉല്പാദനത്തിലും വിപണനത്തിലും മാത്രമല്ല  എല്ലാത്തരം കൊടുക്കൽ വാങ്ങലുകളിലും  സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  കിടമത്സരമുണ്ടാകുക എന്നത് മുതലാളിത്ത വ്യവസ്ഥിതിയിൽ സ്വാഭാവികമാണ്. മുതലാളിത്ത വ്യവസ്ഥിതിയിലെ സാമൂഹ്യ ജീർണ്ണതകളിൽ നിന്നും പൂർണ്ണമായും  വഴിമാറി നടക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ ദുഷ്കരമാണ്. അത് രാഷ്ട്രീയത്തിലും ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമെല്ലാം ഉയർന്ന നിലകളിൽ ഉള്ളവരെ ഏറ്റവും എളുപ്പത്തിൽ വഴിതെറ്റിക്കും.

ധനാർത്തിയിൽ അധിഷ്ഠിതമായ പ്രലോഭനങ്ങളെ അതിജീവിച്ചൊരു വ്യക്തിജീവിതവും പൊതു ജീവിതവും മുന്നോട്ട് കൊണ്ടു പോകുക എന്നത്  എല്ലാവരെ സംബന്ധിച്ചും അത്ര എളുപ്പമാകില്ല. എന്തെങ്കിലും തത്വശാസ്ത്രം വിളമ്പി ആരുടെയും തെറ്റുകളെ ന്യായീകരിക്കുകയല്ല ഇവിടെ. ഇവിടെ ജനാധിപത്യവും രാഷ്ട്രീയപ്രസ്ഥാനങ്ങളും തമ്മിൽ അടർത്തി മാറ്റാനാകാത്ത ബന്ധങ്ങളുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. അവയിൽ ഏറ്റവും പ്രധാനം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ ഭരണത്തിലെയും രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലാകെയുമുള്ള അപചയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ഭരണ രംഗത്തും ഉദ്യോഗസ്ഥ രംഗത്തും സ്ഥിരമായ ഒരു മോണിട്ടറിംഗ് ആവശ്യമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാർക്കും കോടതികൾക്കും മാധ്യമങ്ങൾക്കും  മാധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കുവാനുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തട്ടിപ്പുകേസുകളും  മറ്റും പുറത്തുകൊണ്ടുവന്നത്  മാധ്യമങ്ങളാണല്ലോ. മാധ്യമങ്ങളുടെ പ്രതിപക്ഷദൃഷ്ടി  സമൂഹത്തിനുമേലുള്ള ഒരു ജാഗ്രതയാണ്. എന്നാൽ രാഷ്ട്രീയപ്രതിപക്ഷമാകട്ടെ അവരുടെ ധർമ്മം നിറവേറ്റുന്നതും   കേവലം ചടങ്ങുപോലെ ആക്കരുത്. ഇവിടെ ഭരണപക്ഷത്ത് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്ത് പ്രതിപക്ഷത്തുനിന്നും ഒരു പ്രതിപക്ഷദൃഷ്ടി ഉണ്ടാകണം. പാർട്ടികളിലെയോ മുന്നണികളിലെയോ ഗ്രൂപ്പ് പ്രവർത്തനങ്ങളെയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളുടെ പക്ഷത്തിന്റെ ധാർമ്മികവും സദാചാരപരവും മറ്റുമായ ഉത്തരവാദിത്വങ്ങൾ യഥാവിധിയും ദോഷങ്ങളില്ലാതെയും നിർവ്വഹിച്ചുപോരുന്നുണ്ടോ എന്ന അന്വേഷണം സദാ ഉണ്ടാകണം. സ്വന്തം കുടുംബംഗങ്ങളുടെ ജീവിതത്തിൽ ഓരോരുത്തരും പുലർത്തുന്ന ജാഗ്രത പൊതു രംഗത്തുള്ളവർ പൊതുക്കാര്യങ്ങളിലും കാണിക്കണം. മൊത്തത്തിൽ സാമൂഹ്യമായ ഒരു ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നമ്മുടെ പൊതുരംഗവും ഭരണരംഗവും ഇനിയും ഏറെ ദുഷിച്ചുകൊണ്ടിരിക്കും.

തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണു വേണ്ടത്. പിന്നെ തെറ്റുകളുടെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ രാജി വയ്ക്കണമോ തുടരണമോ എന്നതൊക്കെ അവരവരുടെ മനസാക്ഷിക്കനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ആരും വീണിടം വിദ്യയാക്കുകയോ കിടന്നുരുളുകയോ ചാനൽ ചർച്ചകളിലിരുന്ന് വിയർക്കുകയോ ചെയ്തിട്ടൊന്നും കാര്യമില്ല. ചിലർ കുരുക്കുകളിൽ പെട്ട് വാർത്താ പ്രാധാന്യം നേടുമ്പോൾ മറ്റു പലരും ഇതിനിടയിൽ രക്ഷപ്പെട്ടു പോകുന്നുമുണ്ടാകാം. അറിയുന്നതിനേക്കാൾ എത്രയോ കാണും അറിയാത്തതായി. എല്ലാം പുറത്തുവരില്ലല്ലോ. ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പേർസണൽ സ്റ്റാഫിൽ പെട്ടവരും കുഴപ്പത്തിലായി എന്നതുകൊണ്ട് മറ്റുള്ളവരെല്ലാം പുണ്യാളൻ‌മാരാണെന്നും അർത്ഥമില്ല. ഓരോ കഥകളുടെ ചുരുളഴിയുമ്പോഴാണ് ഓരോരോ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുന്നത്. ഇനിയും സൂര്യകിരീടങ്ങൾ ഓരോന്നായി  വീണുടയാതിരിക്കട്ടെ!

7 comments:

Nidheesh Varma Raja U said...

സ്വയം ക്രിതാനർതഥം

പത്രക്കാരന്‍ said...

കോട്ടയത്തെ റബ്ബര്‍ ഷീറ്റിന്റെ തൊലിക്കട്ടിയാണ് മുഖ്യന്. . .
പതിറ്റാണ്ടുകളുടെ പാര്‍ലിമെണ്ടറി ജീവിതം കൊണ്ട് രാഷ്ട്രീയ ദാര്മികത എന്നൊരു സാധനം പഠിച്ചിട്ടില്ലെങ്കില്‍ പിന്നെന്തു പറയാന്‍ ?

ajith said...

തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണു വേണ്ടത്. പിന്നെ തെറ്റുകളുടെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ രാജി വയ്ക്കണമോ തുടരണമോ എന്നതൊക്കെ അവരവരുടെ മനസാക്ഷിക്കനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ആരും വീണിടം വിദ്യയാക്കുകയോ കിടന്നുരുളുകയോ ചാനൽ ചർച്ചകളിലിരുന്ന് വിയർക്കുകയോ ചെയ്തിട്ടൊന്നും കാര്യമില്ല.

തെറ്റു പറ്റിപ്പോയി എന്ന് ഏറ്റുപറയുന്നുവെങ്കില്‍ ജനമനസ്സില്‍ ഉമ്മഞ്ചാണ്ടിയുടെ സ്ഥാനം ഉയരുകയേയുള്ളു. പക്ഷെ അത് മനസ്സിലാക്കാനുള്ള വിവേകം ഇനിയും അദ്ദേഹത്തിന് വന്നിട്ടില്ല എന്നുമാത്രം

ഷാജു അത്താണിക്കല്‍ said...

ലോകം സമ്മതിച്ച ഒരു നേതാവാണ് അദ്ധേഹം, പിന്ന് ഇന്ന് കേരളത്തിലേ ഏത് പാർട്ടിയിലേയും ഏത് നേതക്കളിൽ വെച്ച് നോക്കിയാലും ഇത്ര ക്ലീൻ ഇമേജ് ഉള്ള ഒരു ശക്തനായ രാഷ്ട്രീയ നേതാവ് ഇല്ലാ എന്ന് നിസംശയം പറയാം,

ആരോപണങ്ങൾ പാത്രങ്ങളും ചാനലുകളും കാണിക്കുന്നു എന്നല്ലാതെ വസ്തുതകൾ വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലാ എന്നതല്ലെ ഇതിന്റെ എല്ലാം സത്യം,
ഒരു സരിതയെ കണ്ടാൽ എന്താണിപ്പൊ പ്രശ്നം, അങ്ങൻ ഇപ്പോഴും പെണ്ണുങ്ങളും ആണുങ്ങളെ ദിവസേന മുഖ്യമന്ത്രിയെ കാണാൻ വരുന്നുല്ലേ, അവരൊക്കെ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ ഒരു മന്ത്രിക്ക് കഴിയുമോ

വിവേകം ഉള്ളവന്ന് മനസ്സിലാകും എല്ലാം
പുകമറകളെക്കൊണ്ട് ഇന്ന് നിങ്ങൾ കാണിക്കുന്നത് ആരാഷ്ട്രീയ കലാപങ്ങളാണെന്നത് ഇടത് പക്ഷ മറ്റു പാർട്ടികൾ ഓർക്കുകയെങ്കിലും ചെയ്യുക,
ജനം നിങ്ങളെ കൊണ്ട് വലഞ്ഞു സഖാക്കളേ

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അത്താണിക്കലേ,

ആ ലാവ്‌ലിൻ കേസും ടി.പി വധത്തിലെ പ്രതികളെ കൊടുക്കലും ഒക്കെ നിങ്ങളും ചാനലുകളും ആഘോഷമാക്കിയതും ഇതുപോലൊക്കെത്തന്നെആയിരുന്നില്ലേ? നിങ്ങൾ ചെയ്യുമ്പോൾ സത്യം, ഇടതുപക്ഷം ചെയ്യുമ്പോൾ രാഷ്ട്രീയമുതലെടുപ്പ് എന്ന നയം ശരിയാണോ? ഒരു പെൺകുട്ടിയെ കാണുന്നത് തെറ്റാണെന്ന് ഇവിടെ ഒരു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. പെണ്മറവിൽ നടന്ന തട്ടിപ്പുകൾക്കെതിരെയും ഭരണ സിരാ കേന്ദ്രത്തെ ഇത്തരം അവിഹിത കാര്യങ്ങൾക്ക് ദുരുപയോഗിച്ചതിനും എതിരെയാണ് ഇടതുപക്ഷം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ കലാപം ഉയർത്തിക്കൊണ്ടുവരുന്നത്. സ്ത്രീകളെ കാണുന്നതും വീളിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ പിന്നെ കണ്ടതും വിളിച്ചതും പോയതും വന്നതും ഒക്കെ മറച്ചുവയ്ക്കാൻ ശ്രമിച്ച അപഹാസ്യരായതെന്തിനാണ്? ഇപ്പോൾ പാവം സ്ത്രീകളുടെ തലയിൽ എല്ലാം കെട്ടിവച്ച് മറ്റുള്ളവർ തടിതപ്പുകയല്ലേ? ഇതാണ് പുരുഷാധിപത്യം. പിന്നെ പ്രിയ ഷാജി പറഞ്ഞതുപോലെ ഒക്കെ മാധ്യമങ്ങളുടെയും ഇടതുപക്ഷത്തിന്റെയും കളികളാണ്, സത്യമല്ല എങ്കിൽ ആ പേർസണൽ സ്റ്റാഫുകളെ പുറത്താക്കിയതെന്തിന്? ഇപ്പോൾ ഓരോരോ കുറ്റാരോപിതർ ജയിലിലേയ്ക്ക് പോകുന്നതെന്തുകൊണ്ട്? ഇവിടുത്തെ കോടതികളും തിരുവഞ്ചൂരിന്റെ പോലീസുമൊക്കെ ഇടതുപക്ഷതാല്പര്യത്തിനനുസരിച്ച് ഇപ്പോൾ തുള്ളുമെന്നാണോ? പറ്റിയതു പറ്റി. ഇനി വീണിടത്തു കിടന്നുരുളാതിരുന്നാൽ മതി. പിന്നെ മുഖ്യമന്ത്രി രാജി വയ്ക്കാനൊന്നും പോകുന്നില്ലെന്നും അതിനുള്ള വിശാല മനസ്കതയൊന്നും ഇപ്പോൾ അദ്ദേഹം കാണിക്കുമെന്നും പ്രതിപക്ഷം വിചാരിക്കുന്നതൊന്നുമില്ല. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ എത്രമേൽ അദ്ദേഹത്തിന് അതിജീവിച്ചു പോകാൻ കഴിയും എന്നത് കണ്ടുതന്നെ അറിയുക. പ്രത്യേകിച്ച് പാളയത്തിൽതന്നെ വേറെ പടകളുള്ളപ്പോൾ!

VANIYATHAN said...
ഉമ്മൻചാണ്ടി രാജിവെയ്ക്കുകയോ വെയ്ക്കാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ ഈ ദൈവത്തിന്റെ നാട്ടിൽ ഏതൊരാൾക്ക്‌ സത്യസ:ന്ധമായി ജനങ്ങളുടെ പ്രയാസ്സ്ങ്ങളെ മനസ്സിലാക്കി ഒരു ഭരണം നടത്താൻ കഴിയും? മാത്രമല്ല അങ്ങനെ ഒരാളായിരിക്കണം താൻ എന്ന് ചിന്തിക്കുന്ന ഏത്‌ മന്ത്രിയാണു് ഇന്നുള്ളത്‌. കോടതികൾ പോലും പറഞ്ഞു പറഞ്ഞു സ്വയം നാണംകെടുന്ന അവസ്തയാണു് ഇവിടെയുള്ളത്‌. സ:ഖാവ്‌ അച്ചുദാനന്ദനുപോലും സ്വതന്ത്രമായി ഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തുപറയാൻ. ഭാവി ? ഇന്നുള്ള മന്ത്രിമാരുടെ മക്കളാണല്ലോ നമ്മെ നാളെ ഭരിക്കേണ്ടത്‌? അങ്ങനെയെങ്കിൽ നമ്മെ ഭരിക്കാൻ പോകുന്നത്‌- കൊടിയേരിയുടെമകൻ, ശ്രീമതിയൂടെ മകൻ, അച്ചുദാനന്ദന്റെ മകൻ, ഉമ്മഞ്ചാണ്ടിയുടെമകൻ,..........തുടങ്ങിയവർ അല്ലേ? കലികാലം. എന്റെ അഭിപ്രായത്തിൽ കേരള ഹൈക്കോടതി ഋഷികേശ്‌ സിങ്ങിനെ ഒരു വർഷം ആഭ്യന്തര മന്റ്രിയായി നിയമിക്കട്ടെ, അപ്പോൾക്കാണാം ഭരണം.

Unknown said...

ശ്രീധരൻ നായര് പണം നല്കിയത് സരിതയുടെ പ്രോജ്കറ്റ് മുഖ്യമന്ത്രിക്ക് അറിയാം അതിനു അംഗീകാരമുണ്ട് എന്ന വിശ്വാസത്തിൽ ആണ് , അദ്ദേഹത്തിന്റെ മൊഴി അക്ഷരം പ്രതി ശരി ആണെന്ന് ഇപ്പോൾ മനസ്സിലാകുന്നു, ബില് ക്ലിന്റൻ മോനിക്കയുമായി ബന്ധം പുലര്തിയത് അമേരിക്കാൻ ജനതയ്ക്ക് വിഷയം അല്ലായിരുന്നു പക്ഷെ ജനത്തിനോടു കള്ളം പറഞ്ഞു,അതാണ്‌ ജനം പൊറുക്കാഞ്ഞത് , ഇവിടെയും അത് തന്നെ നിരന്തരം കള്ളം പറയുന്നു , സത്യം കള്ളം കൊണ്ട് മൂടി വെയ്ക്കാൻ പറ്റില്ല