Monday, September 16, 2013

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

(തരംഗിണി ഓൺലെയിൻ മാഗസിനിലെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം ) എഴുതിയ എഡിറ്റോറിയൽ)


വീണ്ടുമൊരു ഓണക്കാലം വന്നു. മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലം. മഹാബലിക്കഥ ഒരു ഐതിഹ്യം മാത്രമല്ല. അത് മലയാളികളുടെ സമത്വദർശനമാണ്. ഭൂതകാലക്രിയയിൽ അവതരിപ്പിക്കുന്ന ആ ഐതിഹ്യം ഭവിയിയിലേയ്ക്കുള്ള വർത്തമാനമാണ്. പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള ഉപാധികൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. സൽഭരണവും ശാന്തിയും സമാധാനവും സാഹോദര്യവും സമത്വവും എല്ലം   അതിലുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ, ആപത്തെങ്ങാനുമതാർക്കുമില്ലാതെ, കള്ളവും ചതിയുമില്ലാതെ  എള്ളോളം പൊളിവചനം പോലുമില്ലാതെ, കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാതെ ജീവിക്കുന്ന   സമ്പൽ സമൃദ്ധമായ ഒരു ലോകം സമ്പൂർണ്ണ സോഷ്യലിസമല്ലാതെ മറ്റൊന്നുമല്ല. ആ  ലക്ഷ്യത്തിലേയ്ക്ക് മുന്നേറാൻ നമുക്ക് ഈ ഓണവും പ്രചോദനമാകട്ടെ.

സമൃദ്ധിയുടെ ഉത്സവമാണ് ഓണം. എന്നാൽ സമൃദ്ധിയുടെ കര്യത്തിൽ ഇത്തവണത്തെ ഓണം എല്ലാവർക്കും ഒരു പോലെ അത്  അനുഭവഭേദ്യമാകുമോ എന്നറിയില്ല. കാരണം കാണം വിറ്റാലും ഓണംകൊള്ളാനാകുമോ എന്ന സന്ദേഹമാണ് പരക്കെ.  അത്രയ്ക്കുണ്ട് ഭരണകൂടനിയന്ത്രണങ്ങൾ ഭേദിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന വിലവർദ്ധനവ്. തീപിടിച്ച വിലവർദ്ധനവിൽ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ് പൊതുജനം. അതുകൊണ്ടുതന്നെ,  സൽഭരണം കൊണ്ട് ജനങ്ങളുടെ സം‌പ്രീതിയ്ക്ക് പാത്രീഭവിച്ച  മഹാബലിയുടെ  വരവ് നമ്മളിൽ നല്ലൊരുപങ്ക് ആളുകളും ഇപ്പോൾ ആഘോഷിക്കുന്നത് സമകാലിക ഭരണകൂടസംവിധാനങ്ങളെ  തലയിൽ കൈവച്ച് പിരാകിക്കൊണ്ടായിരിക്കും. ജാതിമതഭേദമന്യേ എല്ലാ മലയാളികൾക്കും ഓണം ഏറിയും കുറഞ്ഞും ആഘോഷിക്കാതിരിക്കാനാകില്ല. കാരണം അതൊരു ആഘോഷം മാത്രമല്ല, ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്. 

രോഗങ്ങളോ മറ്റ് തരത്തിലുള്ള  ജീവിതപ്രയാസങ്ങളോ  അനുഭവിക്കുന്നവർക്ക് ഓണം ഒരു ആഘോഷമായിരിക്കുകയില്ല. ഓണം ആഘോഷിക്കാനാകാത്തതിന്റെ മനോവേദനയോടെയായിരിക്കും അവർക്ക് ഓണനാളുകൾ കടന്നു പോകുന്നത്. അത്തരം ആളുകളുടെ  ദു:ഖങ്ങളെ ആഘോഷത്തിമിർക്കുകൾക്കിടയിൽ നാം ഓർക്കാതെ പോകരുത്. സഹജീവികളോടുള്ള സ്നേഹവും ദയാവായ്പുകളും   ഒരു ആഘോഷവേളയിലും നമുക്ക് കൈവിട്ടുപോകരുത്. ആവശ്യത്തിനും അനാവശ്യത്തിനും  പണം ധൂർത്തടിക്കുമ്പോഴും നല്ലൊരു ആഘോഷത്തെ മദ്യമഹോത്സവമാക്കുമ്പോഴും ഭക്ഷണത്തിനും ഉടുതുണിയ്ക്കും പാർപ്പിടത്തിനും ചികിത്സയ്ക്കും മരുന്നിനും ഗതിയില്ലാതെ ഉഴലുന്നവർ നമുക്കിടയിൽ ധാരാളമുണ്ടെന്ന കാര്യം നമ്മൾ മറന്നുപോകരുത്.

മാനുഷരെല്ലാരുമൊന്നുപോലെ  സാഹോദ്യത്തോടും സൌഹൃദത്തോടും സമാധാനത്തോടും കഴിഞ്ഞുപോരുന്ന സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ വെറുപ്പും വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാകാതിരിക്കാൻ നമ്മൾ സദാ ജാഗ്രതപുലർത്തേണ്ടതുമുണ്ട്. അത് ഓണത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്. ഓണം നമ്മിൽ ഒരുത്സാഹമായി കടന്നുപോകുമ്പോഴും ചില അപ്രിയ സത്യങ്ങളെ നമ്മൾ വിസ്മരിച്ചുകൂട. ആഘോഷങ്ങൾ നമുക്ക് ഉത്സാഹമാണ്. സന്തോഷമാണ്. കരുത്താണ്. പ്രതീക്ഷയാണ്. പ്രത്യേകിച്ചും ഓണം. അത് നമ്മൾ ആഘോഷിക്കുക. പക്ഷെ നമ്മൾ സ്വയം മതിമറക്കരുത്. കടമകൾ മറക്കരുത്.  അത്തരം ചില ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ ഈ  ഓണസന്ദേശം. തരംഗിണിയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ! 

No comments: