Sunday, August 31, 2014

മതേതര കക്ഷികളും ബി.ജെ.പിയും

മതേതര കക്ഷികളും ബി.ജെ.പിയും

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. കേരളത്തിൽ അദ്ദേഹം വരുന്നു പോകുന്നു എന്നതിനപ്പുറം കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അദ്ദേഹത്തിന്റേതു മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ബി.ജെ.പി പ്രവർത്തകർക്ക് ഒരു ആത്മ വിശ്വാസവും ആവേശവുമൊക്കെ പകർന്നു നൽകാനാകും എന്നു മാത്രം. എന്നാൽ വരുന്നത് കേവലം ഒരു അമിത് ഷാ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പിൻഗാമിയാണ്. അതായത് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ഇപ്പോഴേ ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുന്നത് നല്ലതാണ്. ബി.ജെ.പിയോ നരേന്ദ്ര മോഡി‌യോ ഇതുപോലെ അധികാരത്തിൽ വരുമെന്ന് മതേതരവാദികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മതേതര വാദികൾക്ക് കഴിയാതെ പോയത്. കടുത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ മുമ്പേ പാകപ്പെടുത്തുന്നത് നല്ലതാണ്. 

അമിത് ഷായെക്കുറിച്ച് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ എന്തുതന്നെ ആയാലും അതിനേക്കാൾ വലിയ ആക്ഷേപങ്ങൾ നരേന്ദ്ര മോഡിയ്ക്കെതിരെ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത പദവിയായ പ്രധാന മന്ത്രി സ്ഥാനം വരെ ലഭിച്ചു. അമിത് ഷായും നരേന്ദ്ര മോഡിയുമൊക്കെ ഹിന്ദുത്വ വാദികൾ ആയിപ്പോയത് അവരുടെ കുറ്റമല്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർ അങ്ങനെ ആകുന്നതിൽ അദ്ഭുതപ്പെടാനില്ല. കേരളത്തിൽ പോലും നരേന്ദ്ര മോഡിയെ പേലെയും അമിത് ഷായെ പോലെയും ചിന്തിക്കുന്നവർ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഉയർന്നു വരുന്ന നേതാക്കൾ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കൾ ഹിന്ദു രാഷ്ട്ര വാദികളും ന്യുനപക്ഷ വിരുദ്ധരുമൊക്കെ ആയാൽ അതിൽ ഒരു അദ്ഭുതവുമില്ല. 

ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, ബി.ജെ.പി, സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് സ്വയം സംഭീതരാകുകയും ജനങ്ങളെ സംഭീതരാക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവു‌മില്ല. ഇന്ത്യൻ ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനം സൃഷ്ടിച്ചെടുക്കാതെ അവരെ രാഷ്ട്രീയമായി ഉദ്ധരിക്കുവാൻ കഴിയില്ല. അത് കഴിയാത്തിടത്തോളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും നിരക്ഷരരായ ജനങ്ങൾ വർഗ്ഗീയമായി ചിന്തിക്കുന്നത് അവരുടെ കുഴപ്പമല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. അത്ര മേൽ അറിവില്ലാത്തവരാണ് ആ പാവപെട്ട ജനങ്ങൾ. 

ഇന്ത്യൻ ജനതയെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേയ്ക്ക് നയിക്കാൻ ലഭ്യമായ അവസരങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ഇപ്പോൾ സംജാതമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല. ഇത് ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സുകാർക്ക് മാത്രം ബാധകമായ കാര്യമല്ല. ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ മതേതര പ്രസ്ഥാനങ്ങൾക്കും ബാധകമായ ആരോപണമാണ്. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു. ഭരണം തുടർച്ചയായി കിട്ടിയ കോൺഗ്രസ്സും സഖ്യ കക്ഷികളുമാകട്ടെ ഭരണത്തിന്റെ തിമിർപ്പിലും ഉന്മാദത്തിലും മതിമറന്നു പോയി. ജനങ്ങൾക്ക് പകരം വയ്ക്കാൻ ബി.ജെ.പിയും സംഘപരിവാർ ശക്തികളു‌മല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ പോയി. 

ഭൂരിപക്ഷ വർഗ്ഗീയതയെ പ്രതിനിധീകരിക്കുന്നവരെ അധികാരത്തിലേറ്റാൻ ഭൂരിപക്ഷ മത വിശ്വാസികൾക്ക് അത്ര വലിയ പ്രയാസം ഉണ്ടാകാതെ പോകുന്നതിൽ അദ്ഭുതമൊന്നുമില്ല. കാരണം ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ്. ജാതി മതം മറ്റ് അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയാൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു ജന സമൂഹത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനായാസേന അധികാരത്തിലേയ്ക്കുള്ള ദൂരം എളുപ്പമാക്കാൻ കഴിയുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് സംഘപരിവാരങ്ങളെയും നരേന്ദ്ര മോഡിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്തി അവരെ ശരിയാക്കികളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

സംഘ പരിവാർ ശക്തികളെ സംബന്ധിച്ച് ഹിന്ദുത്വം എന്ന മാർഗ്ഗവും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യവും ഒരു പാപമേ അല്ല. അതുകൊണ്ടുതന്നെ അവരിതാ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നേ ഹിന്ദു രാഷ്ട്രം സ്ഥാപികുന്നേ എന്ന് നില വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. അവരുടെ ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതായിരിക്കാം അവരെ നയിക്കുന്ന ചിന്ത. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻസംഘപരിവാർ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യൻ ജനസമൂഹത്തെ മതേതരവൽക്കരിക്കണം. അധികാര ലബ്ധിയെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് സാധിക്കില്ല. വിശാലമായ മതേതര കൂട്ടായ്മയിലൂടെ മാത്രമേ അത് സാധിക്കൂ. 

നാളെ ഒരു പക്ഷെ ഇന്ത്യയുടെ ഭരണ ചരിത്രത്തിന്റെ ഭാഗമകാൻ പോകുന്ന ഒരു വ്യക്തി കേരളം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായോ ആശയങ്ങളുമായോ വിയോജിപ്പുള്ള ഒരു പൗരൻ എന്ന നിലയിൽ ഇങ്ങനെ കുറിച്ചു എന്നു മാത്രം. ജനാധിപത്യം ഉപയോഗിച്ച് ഭാവി പ്രധാന മന്ത്രി ആയി അമിത് ഷാ വന്നാലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെത്തുന്നത് ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു പക്ഷെ ഭാവിപ്രധാനമന്ത്രിയായേക്കാവുന്ന വ്യക്തി എന്ന നിലയ്ക്കുള്ള പ്രാധാന്യം അമിത് ഷായുടെ കേരള സന്ദർശനത്തിനുണ്ട്. ഇത് ആരെയും നടുക്കാനല്ല, യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്താൻ കുറിക്കുന്ന കുറിപ്പാണ്.

1 comment:

Anonymous said...

തീര്‍ച്ചയായും,യഥാര്‍ത്ഥ വിലയിരുത്തല്‍ !