ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Wednesday, December 3, 2014

ആദിവാസി ക്ഷേമം

ഈ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയത്

ആദിവാസി ക്ഷേമം

കേരളത്തിലെ ആദി വാസികൾ എന്നും പോരാട്ടത്തിലാണ്. ജീവിതം തന്നെ അവർക്ക് വലിയ പോരാട്ടമാണ്. കൂടെക്കൂടെ ആദിവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങും. ചർച്ച നടക്കും. എന്തെങ്കിലുമൊക്കെ ഉറപ്പുകളിൽ സമരം അവസാനിപ്പിക്കും. പിന്നെയും സ്ഥിതിഗതികൾ പഴയപടി. വർഷങ്ങളായി ആദി വാസി ക്ഷേമത്തിനു വേണ്ടി ധാരാളം പണവും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നു. എന്നാൽ അതിന്റെ ഗുണമൊന്നും ആദിവാസി സമൂഹത്തിന് വേണ്ട വിധം ലഭിക്കുന്നില്ലെന്നത് പണ്ടേയുള്ള പരാതിയാണ്. ഒക്കെ ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെയും മറ്റും കൈകളിലേയ്ക്ക് പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കാലാകാലങ്ങളായി ആദി വാസി ക്ഷേമ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ മാറി മാറിവരുന്ന സർക്കാരുകൾക്കോ സർക്കാരുകളെക്കൊണ്ട് വേണ്ടത് വേണ്ട വിധം ചെയ്യിപ്പിക്കുവാൻ ആദിവാസികൾക്കു വേണ്ടി സമരം ചെയ്യുന്നവർക്കോ കഴിയുന്നില്ല. കാലമിത്രയുമായിട്ടും ഒരുപാട് അനുഭവ പാഠങ്ങൾ ഉണ്ടായിട്ടും ആ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഭരണകൂട സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ആദിവാസികൾക്കു വേണ്ടി നില കൊള്ളുന്ന സംഘടനകളും കാലാകാലങ്ങളിൽ ഓരോ വിഷയങ്ങളുന്നയിച്ച് സമരം ചെയ്യുന്നതല്ലാതെ ട്രൈബൽ മേഖലയിലെ പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ അവർക്കും കഴിയുന്നില്ലെന്നത് അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പോന്നതാണ്. രാഷ്ട്രീയ പാർട്ടികളും ഭരണ പ്രതിപക്ഷ ഭേദമന്യേ ആദിവാസി വിഷയങ്ങളിൽ ചില ഉരുണ്ടുകളികൾ നടക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. പണത്തിന്റെയോ പദ്ധതികളുടെയോ സംഘടനകളുടെയോ പോരാട്ടങ്ങളുടെ കുറവല്ല ആദിവാസികളുടെ പ്രശ്നപരിഹാരത്തിനു കാരണം. എല്ലാമുണ്ട്. പക്ഷെ ആദിവാസികൾക്ക് ഒന്നുമില്ല. അവരുടെ മാനത്തിനു പോലും ആരും വില കല്പിക്കുന്നില്ല. ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. അവരുടെ സാംസ്കാരിക പുരോഗതിയ്ക്ക് സ്വാഭാവികമായ ധാരാളം പരിമിതികൾ മറികടക്കുവാനുണ്ട്. അതാകട്ടെ സാമ്പത്തികം, ആരോഗ്യം വിദ്യാഭ്യാസം, ഭൂമി, ഭവനം തുടങ്ങി വിവിധ മേഖലകളിലുമുള്ള പുരോഗതിയിലൂടെ മാറി വരേണ്ടതാണ്.

ഗോത്രവർഗ്ഗ സമൂഹത്തിന് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ കഴിയും വിധം അവരെ മാറ്റിത്തീർക്കാൻ വളരെ ആത്മാർത്ഥവും ബോധപൂർവ്വവും സർവ്വതല സ്പർശിയുമായ ഇടപെടലുകളിലൂടെ മാത്രമേ കഴിയൂ. അതിനു വേണ്ടത് കൂടെക്കൂടെയുള്ള പ്രഖ്യാപനങ്ങളല്ല. ആത്മാർത്ഥതയാണ്. ആദിവാസികൾക്കു വേണ്ടി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ജനകീയ മോണിട്ടറിംഗ് ആവശ്യമാണ്. രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന വിശാലമായ ഒരു സ്ഥിര മോണിട്ടറിംഗ് സമിതി രൂപീകരിക്കണം. അവയ്ക്ക് അവശ്യം എക്സിക്യൂട്ടീവ് പവറും നൽകണം. ഉദ്യോഗസ്ഥ സംവിധാനങ്ങളിലൂടെ മാത്രം നടത്തുന്ന ക്ഷേമ പദ്ധതികൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ആത്മാർത്ഥതയില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത, ചുവപ്പുനാട മുതലായവയെല്ലാം ആദിവാസികൾക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് തടസ്സമാകുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരിന്റ ജാഗ്രതയും ശക്തമായ ജനകീയ ഇടപെടലുകളും ആവശ്യമാണ്. ആദിവാസികൾക്കു വേണ്ടി വാദിക്കാനും അവർക്കു വേണ്ടി സമരം ചെയ്യാനും ഒരുപാട് പേർ ഉണ്ടെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു തരം അനാഥത്വം ആദിവാസികൾ നേരിടുന്നുണ്ട്.

ആദിവാസികളെ വിവിധ തരത്തിൽ ചൂഷണം ചെയ്യുന്നതിനെതിരെ വേണ്ടത്ര നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. പണ്ടു മാത്രമല്ല, ഇന്നും അവിവാഹിതകളായ അമ്മമാർ ആദിവാസികൾക്കിടയിൽ വളരെയേറെയുണ്ട്. പക്ഷെ ആ ദുരവസ്ഥ അവസാനിപ്പിക്കുവാനും ഇതുവരെയുള്ള ക്ഷേമ പദ്ധതികൾക്കൊനന്നും കഴിഞ്ഞിട്ടില്ല. ആദിവാസികളുടെ മണ്ണും മാനവും കവർന്നെടുക്കാൻ പ്രമാണി വർഗ്ഗം സദാ ശ്രമിച്ചു പോരുന്നുണ്ട്. ഇതിനൊക്കെ അറുതി വരുത്താൻ ആവശ്യമായ നിയമ നിർമ്മാണങ്ങളോ ഉള്ള നിയമങ്ങളുടെ ശരിയായ നിർവ്വഹണമോ സാധ്യമാകുന്നില്ല. ഇത്തരം പരിദേവനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതിനപ്പുറത്തേയ്ക്ക് ആദിവാസികളും മനുഷ്യരാണ് എന്ന ബോദ്ധ്യത്തോടെ ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും മുന്നോട്ടു പോകാൻ തയ്യാറാകനം. ആദിവാസികൾക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും അവർക്കു വേണ്ടി സമരം ചെയ്യുന്നവരും തങ്ങളുടെ ആത്മാർത്ഥത ഇനിയും തെളിയിക്കേണ്ടതുണ്ട്. പ്രസംഗങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, പ്രായോഗികമായ നടപടികൾ ആണ് ആദിവാസികൾക്കു വേണ്ടി എല്ലാവരും നടത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ഉണ്ടാകട്ടെ. അതിൽ രാഷ്ട്രീയമോ മറ്റുവല്ലതുമോ കലർത്താതെ എല്ലാവരും ഒരുമിച്ചു കൈകോർത്ത് നിൽക്കണം.

4 comments:

Sabu Kottotty said...

ആദിവാസി വികസനം എന്നത് ആദിവാസികളെക്കൊണ്ട് നമുക്കുള്ള വികസനമാണെന്നത് താങ്കക്ക് അറിയത്തതിന് മറ്റുള്ളോരെ കുറ്റം പറയുന്നതെന്തിന്. കോടികൾ മുടക്കി മന്ത്രിയും എമ്മെല്ലേയും ആകുന്നവർ ഉദ്യോഗസ്ഥരുമായി ചേർന്ന് പിന്നെ എന്തോന്ന് ചെയ്യണമെന്നാ..? മുടക്കിയ കാശ് താങ്കൾ കൊടുക്കില്ലല്ലോ. എല്ലാ വകുപ്പിലും എല്ലാരും വിഴുങ്ങുമ്പോൾ ആദിവാസികൾക്കുള്ളത് മൊത്തമായി വിഴുങ്ങുന്നു, അത്രേ ഉള്ളൂ. ആരെങ്കിലും ഇതുവരെ രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ടോ..? ഇനി ഉൾടെങ്കിൽത്തന്നെ അന്വേഷണ റിപ്പോർട്ട് എന്നു വരുമെന്നാ...? പിന്നെ അതു വരുമ്പോഴേക്കും നമുക്കൊക്കെ മറ്റുപലതുമൊക്കെക്കാണുമല്ലോ ചർച്ചിക്കാൻ....

ajith said...

പൊന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും ഇല്ലാണ്ടാക്കുമോ. അവര്‍ ഇങ്ങനെ തന്‍െ തുടരണം. എന്നാലേ ചിലര്‍ക്ക് തടിക്കാന്‍ പറ്റൂ

ബഷീർ said...

അജിത് ഭായ് പറഞ്ഞതാത് സത്യം..

Muralee Mukundan , ബിലാത്തിപട്ടണം said...

ഗോത്രവർഗ്ഗ സമൂഹത്തിന് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ കഴിയും വിധം അവരെ മാറ്റിത്തീർക്കാൻ വളരെ ആത്മാർത്ഥവും ബോധപൂർവ്വവും സർവ്വതല സ്പർശിയുമായ ഇടപെടലുകളിലൂടെ മാത്രമേ കഴിയൂ.