Wednesday, March 4, 2015

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്


രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ് ഈ കുറിപ്പിന് ആധാരം. അവിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് എട്ടാം ക്ലാസ്സ് പാസാകണമെന്ന് അവിടുത്തെ സർക്കാർ നിയമം കൊണ്ടു വന്നിരിക്കുന്നു. അതിനെതിരെ കേസ് വന്നപ്പോൾ   ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ്  അവിടുത്തെ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇതുസംബന്ധിച്ച് വിധിപ്രസ്താവങ്ങൾ വരാനുണ്ട്. ഇന്ത്യൻ ഭരണഘടനപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പാർളമെന്റുവരെയുള്ള  ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കു‌വാനും തെരഞ്ഞെടുക്കപ്പെടു‌വാ‌നും ഉള്ള യോഗ്യത  ഇന്ത്യൻ പൗരത്വവും പ്രായവുമാണ്. വിദ്യാഭ്യാസ യോഗ്യത ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കുന്നതിന് മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾക്ക് നിരക്കാത്തതുമാണ്. അങ്ങനെയെങ്കിൽ വോട്ട് ചെയ്യുന്നതിനും  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കേണ്ടി വരില്ലേ? ഏതെങ്കിലും ഒരു ജനാധിപത്യ വേദിയി‌ലെ അംഗത്വം ഒരു ഉദ്യോഗമല്ല. അത് പൊതു ജന‌സേവനമാണ്. രാഷ്ട്രസേവനമാണ്. രാഷ്ട്രീയ പ്രവർത്തനമാണ്. അതിൽ വിദ്യാഭ്യാസം ഒരു യോഗ്യതയായി കടന്നുവരുന്നത് ജനാധിപത്യ സങ്കല്പങ്ങൾക്ക് നിരക്കില്ല.

ഒരാൾക്ക് ഒരു പൊതു  പ്രവർത്തകനാകാൻ വിദ്യാഭ്യാസം വേണമെന്നില്ല. ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള താല്പര്യമാണ് ഒരാളെ പൊതു പ്രവർത്തകൻ ആക്കുന്നത്. വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ഒരാൾക്ക്  ജനസേവന താല്പര്യമോ രാഷ്ട്രീയ പ്രവർത്തന താല്പര്യമോ അതിനൊക്കെയുള്ള കഴിവോ  ഉണ്ടായിക്കൊള്ളണമെന്നില്ല. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് ഒരാൾക്ക് അത്തരം താല്പര്യവും കഴിവും ഇല്ലാതെ പോകണമെന്നുമില്ല. ഒരാളുടെ വിദ്യാഭ്യാസവും അഭിരുചികളും മറ്റ് കഴിവുകളും തമ്മിൽ വലിയ ബന്ധമില്ല. വിദ്യാഭ്യാസമുള്ളവർ കൂടുതലായി പൊതുരംഗത്ത് നിൽക്കുന്നത് ഗുണം ചെയ്യും. എന്നാൽ വിദ്യാഭ്യാസമില്ലാത്തവർ പൊതു രംഗത്ത് നിൽക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനുമില്ല. അഥവാ ദോഷമുണ്ടെങ്കിൽ അത് വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെയുണ്ടാകും. ഇന്ത്യയിൽ പതിനാല് വയസ്സുവരെ നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ലക്ഷക്കണക്കിന് നിരക്ഷകർ ഇന്ത്യയിൽ ഇന്നുമുണ്ട്. ചിലർക്ക് പള്ളിക്കൂടങ്ങളിൽ പോകാനും പഠിക്കാനും അവസരം ലഭിക്കുന്നു. ചിലർക്ക് അത് ലഭിക്കുന്നില്ല.  അതിന് പല കാരണങ്ങളും ഉണ്ട്.

പള്ളിക്കൂടത്തിൽ പോകാത്ത കുട്ടികളെയോ കുട്ടികളെ പള്ളിക്കൂടത്തിൽ അയക്കാത്ത രക്ഷകർത്താക്കളെയോ ജയിലിൽ പിടിച്ചിടുന്ന പതിവൊന്നും ഇവിടെ ഇല്ല. നിയമം എല്ലാവർക്കും വിദ്യാഭ്യാസ അവകാശം ഉറപ്പു നൽകുന്നുണ്ടെങ്കിലും നല്ലൊരു പങ്ക് ആളുകൾക്ക്  സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും മറ്റുമായ പല കാരണങ്ങളാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരിൽ ഒരു പൗരന് ലഭിക്കേണ്ട ജനാധിപത്യ പരമായ അവകാശങ്ങൾ നിഷേധിക്കുന്നത് നീതീകരിക്കത്തക്കതല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ചേരാൻ വിദ്യാഭ്യാസം ഒരു മാന ദണ്ഡമായിട്ടില്ല. സ്വാതന്ത്ര്യാനന്തരം നാളിതുവരെ ഇവിടെ ഭരണനേതൃത്വങ്ങളിലേയ്ക്ക് ഉയർന്ന മഹാരഥന്മാരിൽ എത്രയോ പേർ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായി ഉണ്ടായിരുന്നു. ഇവിടെ സാമൂഹ്യ നവോത്ഥാന രംഗത്ത് പ്രവർത്തിക്കുകയും സമൂഹത്തെ മാറ്റി മറിയ്ക്കുകയും ചെയ്ത പരിഷ്കർത്താക്കളിൽ പലരും  ഔപചാരികമോ ഉന്നതമോ ആയ വി‌ദ്യാഭ്യാസം  നേടിയവരായിരുന്നില്ല. പൊതുജന സേവനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നത് പൗരാവകാശ നിഷേധമാണ്.

പൊതുജന സേവനം പലവിധമുണ്ട്. ഉദാഹരണത്തിന് ഒരാൾ അപകടപ്പെട്ട് വഴിയിൽ കിടന്നാൽ അയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കുന്നത് ഒരു ജനസേവനമാണ്. അപകടത്തിൽ പെട്ട് കിടക്കുന്നയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ വിദ്യാഭ്യാസ യോഗ്യത വേണമെന്ന് ശഠിക്കാനാകുമോ? പലതരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തുന്നതിന് വിദ്യാഭ്യാസം വേണമെന്ന് നിഷ്കർഷിക്കാനാകുമോ? പാർളമെന്ററി പ്രവർത്തവവും ഒരു ജന‌സേവന പ്രവർത്തനമാണ്. സന്നദ്ധപ്രവർത്തനമാണ്.  പാർളമെന്ററി രംഗത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഓണറേറിയമോ ശമ്പളമോ നൽകിയാലും ഇല്ലെങ്കിലും അത്തരം മേഖലയിൽ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നവർ ഉണ്ടാകും. പ്രതിഫലേച്ഛയില്ലാതെ പൊതുജന സേവനവും രാഷ്ട്ര സേവനവും നടത്താൻ സന്നദ്ധരായി വരുന്നവർ ധാരാളമുണ്ടാകും. അതുകൊണ്ടുതന്നെ രാഷ്ട്ര സേവനത്തിന്റെ ഭാഗമായ ഒരു മേഖലയിലും ഒരു പൗരന് കടന്നുവരുവാനോ മത്സരിക്കുവാനോ തെരഞ്ഞെടുക്കപ്പെടുവാനോ ഭരണത്തിൽ പങ്കാളിയാകാനോ വോട്ട് രേഖപ്പെടുത്തുവാനോ  ഒരു വിദ്യാഭ്യാസ യോഗ്യതയും  മാനദണ്ഡമായിക്കൂട!

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

No comments: