Saturday, August 1, 2020

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച തിൻമയിൽ ആന്റപ്പൻ എന്ന ശ്രവ്യ നാടകം കേട്ടു. കോവിഡ് കാലത്തെ ഏറ്റവും നല്ല, സർഗ്ഗ സൃഷ്ടി എന്ന് വിശേഷിപ്പിക്കാവുന്ന കലാശില്പം.  അതിജീവനത്തിൻ്റെ കരുത്ത് വിളിച്ചോതുന്ന രചനയും സംവിധാനവും. ദൃശ്യഭാഷയുടെ പരിമിതികളെ അതിജീവിക്കാൻ കഴിയുന്നതാണ് ശ്രവ്യഭാഷ. അത് നേരിട്ട് ആസ്വാദകരുടെ മുന്നിൽ അവതരിപ്പിക്കുന്ന സ്റ്റേജ്  നാടകങ്ങളുടെയായാലും ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെയായാലും. കാഴ്ചയും വായനയും തമ്മിൽ വ്യത്യാസമുണ്ട്. കാഴ്ചയിൽ ഭാവനയ്ക്ക് സ്ഥാനമില്ല. കാഴ്ചക്കാരന് അവിടെ സ്വാതന്ത്ര്യമില്ല. എന്നാൽ എന്നാൽ വായനക്കാരന് അവൻ്റെ ഭാവന സർവ്വതന്ത്ര സ്വതന്ത്രമാണ്. ഓരോരുത്തർക്കും അവരവരുടെ ചിന്താപരമായ ആർജ്ജവം പോലെ. അതുപോലെയാണ് ശ്രവ്യ ഭാഷയും. ഓരോ ശ്രോതാവിലും കഥാപാത്രങ്ങളും രംഗങ്ങളും തങ്ങളുടേതായ രീതിയിൽ ഭാവനയിൽ അനുഭവിച്ചറിയാം. 

മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ ആക്ഷേപഹാസ്യമാണ് വിശ്വവിഖ്യാതമായ മൂക്ക്. അതിനു സമാനമാണ് ഇതിൻ്റെ ഒരു പ്രമേയം.  വായനാനുഭവവും സാമൂഹ്യ നീരീക്ഷണവും ഈ നാടകരചയിതാവിനണ്ടെന്ന് നിസംശയം പറയാം. ഒരു ലളിതമായ കഥാതന്തു ഉപയോഗിച്ച് ആഗോളവൽക്കരണത്തിൻ്റെ ചൂഷണം വരെ തുറന്നുകാട്ടാൻ ഈ മത്തായ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം പലപ്പേഴും കഥാപാത്രങ്ങളുടെ ശബ്ദം അവ്യക്തമാണേതിന് പാത്രീഭിക്കുന്ന ഒരു പോരായ്മ അനുവപ്പെട്ടിട്ടുണ്ട്. എഡിറ്റിംഗിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റ് ഓഫ് പോലെ ഇരുട്ട് വീഴുന്നത് ഒഴിവാക്കേണ്ടതായിരുന്നു. സർഗ്ഗാത്മകതകളെ കോവിഡിനു തളർത്താനാകില്ല. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഓരോ കലാരൂപത്തിനും അതിന്റേത് മാത്രമായ സവിശേഷതകളുണ്ട്. ആസ്വാദനത്തിന്റെ തനത് സാധ്യതകളുണ്ട്. നാടകത്തിനും അതെ. നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നവോത്ഥാനത്തിന്റെ കലയാണ്. സാംസ്കാരിക മുന്നേറ്റത്തിന്റെ കലയാണ്. നമ്മുടെ സമൂഹത്തിൽ സാംസ്കാരികവും തദ്വാരാ രാഷ്ട്രീയവുമായ നവോത്ഥാന സൃഷ്ടിക്ക് നാടകവും കഥാപ്രസംഗവും വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ആധുനിക ശാസ്ത്ര-സങ്കേതങ്ങളുടെ സാദ്ധ്യതകളുപയോഗിച്ചുള്ള സിനിമയുൾപ്പെടെയുള്ള ചലച്ചിത്ര കലകളുടെയും ഇപ്പോൾ പൊതുവെ സ്വീകരിക്കപ്പെട്ടു കാണുന്ന കോമഡി ഷോകളുടെയുമൊക്കെ കുത്തൊഴുക്കിൽ നാടകത്തിന്റെ ഒരു പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ടെന്നു സമ്മതിച്ചാൽ തന്നെയും നാടക രംഗം ഒരിക്കലും തീരെ ദുർബലപ്പെടുകയോ നിലച്ചു പോകുകയോ ചെയ്തിട്ടില്ല. കാലത്തിന്റെ മാറ്റവും ജനങ്ങളുടെ തിരക്കേറിയ ജീവിതവും നാടകസദ്ദസ്സുകളെ കുറച്ച് ദുർബലപ്പെടുത്തിയിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ പഴയതുപോലെ ഉറക്കമൊഴിഞ്ഞിരിക്കുന്ന ആൾക്കൂട്ടങ്ങൾ ഇന്ന് പഴയതുപോലെയില്ല. എങ്കിലും പ്രൊഫഷണൽ നാടകങ്ങൾക്ക് പൊരുതി നിൽക്കാൻ സാധിച്ചില്ല എന്നു പറയാനാകില്ല. എന്നാൽ നമ്മുടെ അമച്വർ നാടകരംഗം പുതു തലമുറയുടെ അഭിരച്ചികളിലുള്ള മാറ്റം മൂലം ഏറെക്കുറെ ദുർബലപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ. 

ഒരു ജകീയ കല എന്നതിലുപരി ഒരു തൊഴിൽ മേഖല എന്ന നിലയ്ക്കുള്ള പ്രൊഫഷണൽ നാടകരംഗത്ത് അതിജീവനത്തിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ട്. കോവിഡ് കാലത്ത് മറ്റേത് മേഖലയുമെന്ന പോലെ നടക രംഗവും പകച്ചുപോയിട്ടുണ്ട്. ഒരു സ്തംഭനാവസ്ഥ വന്നിട്ടുണ്ട്. അവിടെ നിന്നുള്ള അതിജീവനമാണ് ഇപ്പോൾ നാടക പ്രവർത്തകർക്കു മുന്നിലുള്ള വെല്ലുവിളി. പക്ഷെ അതിജീവിക്കും. അതിനുള്ള ബോധപൂർവമായ പ്രവർത്തനങ്ങളും ഇടപെടലുകളും നാടകലോകത്ത് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നാടകം ഒരു സ്റ്റേജിന്റെ പരിമിതികൾക്കുള്ളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപമാണ്. പ്രൊഫഷണൽ സ്വഭാവത്തിൽ വരുമ്പോൾ നാടകത്തിന്റെ പരമ്പരാഗത രീതി ശാസ്ത്രത്തിൽ അതിന് ഒതുങ്ങാനാകില്ല. എന്നാൽ ആധുനിക സങ്കേതങ്ങൾ ഒരു സ്റ്റേജ് കലയുടേതായ പരിമിതികളെ കുറച്ചേറെ മറികടക്കാൻ നാടകത്തെ സഹായിച്ചിട്ടുണ്ട്. 

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു കലയാണല്ലോ നാടകം. ഈ കോവിഡ് കാലത്ത് അതിനെ എങ്ങനെ അതിജീവിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴണ് ഇപ്പോൾ നാടക് പ്രവർത്തകർ അതിജീവനത്തിന്റെ സാദ്ധ്യതകളുമായി വന്നിട്ടുള്ളത്. നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി ശ്രവ്യനാടകവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് പ്രതീക്ഷയും ആവേശവും നൽകുന്നുണ്ട്. നമ്മളൊക്കെ റേഡിയോ നാടകങ്ങൾ കേട്ടുവളർന്ന ഒരു തലമുറയാണ്. അവ നമ്മെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. കേൾവിയുടെ കലയ്ക്കും അതിന്റേതായ മേന്മകളുണ്ട്. ഒരു പാട്ട് നമുക്ക് ശരിക്കും ആസ്വദിക്കണമെങ്കിൽ അത് കേട്ട് മാത്രം ആസ്വദിക്കണം. കാരണം കാഴ്ചയും കേൾവിയും ഒരുമിച്ച് വരുമ്പോൾ നമ്മുടെ ശ്രദ്ധയും ആസ്വാദനവും രണ്ട് ഭാഗങ്ങളിലേയ്ക്കും വ്യാപരിക്കും.ഡൈവർട്ട് ചെയ്യും. അവിടെ ശബ്ദസൗന്ദര്യത്തിൽ മാത്രമായി നമുക്ക് അഭിരമിക്കാനാകില്ല. അതുപോലെ ശ്രവ്യ നാടകമാകുമ്പോൾ നമ്മുടെ ഭാവനകളുടെ പിൻബലം കൊണ്ട് അത് കൂടുതൽ സംവേദനക്ഷമമാകും. 

ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല ദൃശ്യനാടകങ്ങളും യൂട്യൂബ് പോലെയുള്ള നവ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ പരിഭോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ലിങ്കുകൾ കമൻ്റ് ബോക്സിൽ.  (ഇ.എ.സജിം തട്ടത്തുമല )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല
ദൃശ്യനാടകങ്ങളും യൂട്യൂബ് പോലെയുള്ള
നവ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ പരിഭോഷിപ്പിക്കാം
എന്നതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട സമയമായിരിക്കുന്നു...