Thursday, September 2, 2021

കാലാന്തര കൗതുകങ്ങൾ

കലാന്തര കൗതുകങ്ങൾ

വർഷങ്ങളൊന്നും ഓർമ്മകളില്ല. പത്താം ക്ലാസ്സിൽ തോറ്റു പഠിക്കുന്ന വസന്തകാലം. നാട്ടിൽ എന്നെക്കാൾ രണ്ടു മൂന്ന് വയസ്സ് മൂപ്പുള്ള ഒരു സുഹൃത്തുണ്ട്. പേര് വല്ല അലവിക്കുഞ്ഞെന്നോ മറ്റോ ഇരിക്കട്ടെ. പ്രാരാബ്ധങ്ങളില്ലാത്ത വീട്ടിലെയാണ്. സുമുഖനാണ്. നാട്ടിൽ  എൻ്റെ സമപ്രായത്തിലുള്ള ഒരു പെൺകുട്ടിയുണ്ട്. തീരെ സൗന്ദര്യമില്ല. ഒരു എല്ലും കോലും. പാവപ്പെട്ട വീട്ടിലെയാണ്. വേണ്ടത്ര പോഷകാഹാരങ്ങൾ അവിടെ ലഭിക്കില്ലല്ലോ. ആരും പ്രേമിക്കാനിഷ്ടപ്പെടാത്ത ഒരു നിർഭാഗ്യക്കുട്ടി.ഓ! പേര്; വല്ല ഹലീമത്ത് ബീവീന്നോ  കിലീമത്ത് ബീവീന്നോ മറ്റോ ഇരിക്കട്ടെ. ഇതിലെ ഒന്നാം കക്ഷി മേപ്പടി അലവി കുഞ്ഞിന് എന്നും എന്നോട് പരാതി. ഹലീമത്ത് ബീവി  എന്നും അവനെ അർത്ഥം വച്ച് ചരിഞ്ഞു നോക്കുന്നു. ചിരിക്കുന്നു. അവളുടെ നോട്ടത്തിൽ  പ്രേമാർത്ഥം അലവിക്കുഞ്ഞ് ആരോപിക്കുന്നു. അവളോടുള്ള വെറുപ്പ് അവൻ്റെ കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെ മലിനജലം പോലെ അനർഗ്ഗനിർഗ്ഗളം  ഒഴുകുന്നു. വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിച്ച് അവളുടെ കാതു പൊട്ടിക്കുമെന്ന് ഉഗ്രഭീഷണി മുഴക്കി  പൊട്ടിക്കാൻ ശ്രമിച്ചത് എൻ്റെ കാതുകളെ! തേങ്ങ വെട്ടാനും തടി വെട്ടൊനുമൊക്കെ പോകുന്ന അവളുടെ ചട്ടമ്പിയായ ഒരു ബന്ധുവിൻ്റെ അരയിൽ സദാ തൂങ്ങിക്കിടക്കുന്ന ഉമ്മിണി വലിയ കൊടുവാൾ ഇടപെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന എൻ്റെ താക്കീതിൽ അവളെ വിളിക്കേണ്ട ചീത്തയെല്ലാം എന്നെ വിളിച്ചോളാമെന്ന് ധാരണയായി. പാവപ്പെട്ട കുടുംബത്തിലെ യെന്നത് സഹിക്കാം. സൗന്ദര്യത്തിൻ്റെ തരിമ്പു പോലുമില്ലാഞ്ഞ ഒരുത്തി സുമുഖനും തറവാടിയുമായ ഒരുത്തനെ പ്രേമിച്ചു വശപ്പെടുത്താൻ നടക്കുകയോ? ഭേഷായി! 

വർഷങ്ങൾ പതിറ്റാണ്ടുളിലേക്ക് പ്രമോഷൻ കിട്ടി പോയി. ഇതിനിടയിൽ ഒരു പാട് വെയിലും ഇടിയും മിന്നലും മഴയും കാറ്റും ചൂടും കുളിരുമെല്ലാം അവരരുടെ സാന്നിദ്ധ്യം ശക്തമായും അശക്തമായുമൊക്കെ  അറിയിച്ച് കടന്നു പോയി. അലവിക്കുട്ടി തൻ്റെ വഴിക്കും ഹലീമത്തുബീവി  അവളുടെ വഴിയും ഞാൻ തോന്നിയ വഴിക്കും പോയി!

അലവിക്കുട്ടി ഏതോ വലിയ തറവാട്ടരുമയെ കെട്ടി. സ്വദേശത്തും പരദേശത്തും പല പല  തൊഴിലുകളിലും -വ്യാപാരങ്ങളിലും വ്യാപൃതനായി ജീവിതം കൂടുതൽ അഭിവൃദ്ധിപ്പെടുത്തി മുന്നേറി കുടുംബം വാണരുളി വന്നു. ഹലീമത്ത് ബീവിയെ  നാട്ടിൽ തട്ടുമുട്ട് പണികൾ ചെയ്ത് ജീവിക്കുന്ന ഒരു കൊടിയ  ദരിദ്ര വീട്ടിലെ ചെറുക്കൻ ആർക്കാനും വേണ്ടി ഓർക്കാനിക്കും പോലെ ആരുടെയോ നിർബന്ധത്തിൽ കെട്ടിയെടുത്ത് തലയിൽ വച്ച് ഇണയാക്കി തുണയാക്കി. ങാ, അവനും ഒരു പേരിടട്ട്. ഹംസക്കുട്ടി! 

ഹലീമത്ത് ബീവിയെ  കല്യാണിച്ച് അധികനാൾ കഴിയും മുമ്പ് ഹംസക്കുട്ടി പേർഷ്യേല് പോയി. ഭാഗ്യവശാൽ നല്ല ജോലി കിട്ടി, നല്ല വരൂമാനമായി പിന്നെ പല പല ബിസിനസുകളുമായി വച്ചടി കയറി സമ്പന്നനായി; സമ്പന്നനെന്നു പറഞ്ഞാൽ ഒന്നൊന്നര സമ്പന്നൻ! ഹംസക്കുട്ടിയും ഹലീമത്ത് ബീവിയും  ഒരാണും രണ്ട് പെണ്ണുമായ മക്കളുമായി ഏറെക്കാലം അങ്ങ് പേർഷ്യയിലും  താമസിച്ചു. ഹലീമത്ത് ബീവി അവിടെ നല്ല പോഷകാഹാരങ്ങൾ കഴിച്ചും എ.സി മുറിയിൽ ഇരുന്നും കിടന്നും നടന്നും വെളുത്തു തുടുത്തു സുന്ദരിയുമായി!  നാട്ടിൽ അവർക്ക് പലയിടത്തും പാടവും പറമ്പുമൊക്കെ സ്വന്തമായി. നാട്ടിൽ ഒരു വലിയ വീടും കവലയിൽ സ്വന്തം കടമുറികളും ഒക്കെ ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ഓരോ ഫ്ലാറ്റുകളായി. തിരുവനന്തപുരത്ത് മൂന്നു മക്കൾക്കും വീട് വയ്ക്കാൻ വെവ്വേറെ സ്ഥലം വാങ്ങിയിട്ടിരിക്കുന്നു. മക്കൾ മൂത്തവൻ  ഇഞ്ചിനീയറിംഗ് കഴിഞ്ഞ്  അടിച്ചുപൊളിച്ചു നടക്കുന്നു. ഇളയ പെൺമക്കൾ നാട്ടിലെ ഏതോ കോളേജുകളിൽ  പഠിച്ചും ആരെയൊക്കെയോ പ്രേമിച്ചും ഉല്ലസിക്കുന്നതായി വാർത്താ ഏജൻസികൾ  റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്!

വീണ്ടും തറവാടിസുമുഖൻ അലവിക്കുട്ടിയിലേക്ക്; അയാൾ നാട്ടിലുമുണ്ട് വിദേശത്തമുണ്ട്. മക്കൾ രണ്ടിൽ മൂത്തതൊന്നാണും ഇളേത് പെണ്ണും. പഠിപ്പൊക്കെ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പഴയ തറവാട്ടു മഹിമയും പാരമ്പര്യ സ്വത്തും പുത്തൻ പണവും ഒക്കെ ഉണ്ടെങ്കിലും ഹംസക്കുട്ടിയുമായി എങ്ങനെ താരതമ്യപ്പെടുത്തി സമീകരിച്ചെടുത്താലും ഹംസക്കുട്ടിയുടെ അത്രയുമെത്തില്ല, അടുത്തുമെത്തില്ല!

ഒരു കഥ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലല്ലോ! എഴുതി മടുക്കുമ്പോഴെങ്കിലും  കഥയൊന്നവസാനിപ്പിക്കണമല്ലോ. അതു കൊണ്ട് കഥയിങ്ങനെ നിർത്താം; നാളെ ഹംസക്കുട്ടിയുടെയും ഹലീമത്ത് ബീവിയുടെയും  മകൻ സുൽഫിയാനും അലവിക്കുട്ടിയുടെയും ഭാര്യ ആഷിയയുടെയും മകൾ അലാഷയുടെയും വിവാഹമാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലിരിക്കുന്നതിനാൽ ആരും ചെല്ലേണ്ടന്നു പറയാൻ പറഞ്ഞു. നവദമ്പതികളാകുന്ന  രണ്ട് പേർക്കും നല്ല ജീവിതകഥകൾ ആശംസിക്കുന്നു!

അല്പം മുൻകാല പ്രാബല്യത്തോടെ കഥ നടപ്പിലാക്കിയിരിക്കുന്നു!

തുടർപ്രവർത്തനം: 

1. കഥയിൽ രണ്ടുമൂന്നു പേർക്ക്‌ പേരിട്ടിട്ടില്ല. അവർ ആരെന്നു കണ്ട് പിടിച്ച് ഇഷ്ടമായ പേരുകൾ നൽകുക! 

2. പണ്ട് സൗന്ദര്യമില്ലാതിരുന്ന ഹലീമത്ത് ബീവിയെ വെറുപ്പോടെ കണ്ട അലവിക്കുട്ടിയിൽ കാലം വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് സ്വന്തം ഭാവനയുടെ ചിറക്  വിരിയിച്ച് കുറിപ്പെഴുതി പറന്നു പോകുക! 

3. ഈ കഥയിൽ നിന്നും കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം നിർമ്മിച്ച് സായൂജ്യമടയുക.

4. ഈ കഥയ്ക്ക് സ്വന്തം നിലയിൽ പേരു നൽകുക.

5. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ ഇനിയും ജനിക്കാതെ പോയ വരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ പുറത്തു പറയാതിരിക്കുക!

6. ഈ കഥ വായിച്ച് സമയം കളഞ്ഞതിൽ കുണ്ഠിതമുണ്ടെങ്കിൽ വായന പിൻവലിക്കുക!

1 comment:

Dhruvakanth s said...

വളരെ മനോഹരമായി എഴുതി. ആശംസകൾ... ഒരു വ്യക്തിയുടെ ജീവിതത്തിൽ environment ന് വളരെ വലിയ സ്വാധീനം ഉണ്ടെന്നു നമുക്ക് ഈ കഥയിൽ നിന്നും മനസ്സിലാക്കാം. വളരെ നല്ല എഴുത്ത്.... ഇനിയും എഴുതുക. ആശംസകൾ......... 👏👏👏👏👏