- അതുകൊണ്ട് ഈ കഥ തല്‍ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !
Monday, February 15, 2010
ആത്മഹത്യയ്ക്കൊരു ചരമക്കുറിപ്പ്
Tuesday, February 9, 2010
ഒരു കൊച്ചു പ്രേമം
ഒരു കൊച്ചു പ്രേമം
വീട്ടിലേക്കുള്ള യാത്രയിൽ അവളെ കണ്ടുമുട്ടി. ഒന്നേ നോക്കിയുള്ളു.സുന്ദരി! ഇഷ്ടമായി; പിരിയാനാകാത്തവിധം!
ഞാൻ സ്നേഹപാരവശ്യത്തോടെ ക്ഷണിച്ചു. അധികം ആലോചിക്കാനുണ്ടായില്ല. അവൾ എന്നെ അനുഗമിച്ചു.
വീട്ടിലെത്തി. എന്തായിരിക്കും അമ്മയുടെ പ്രതികരണം? എന്തായാലും നേരിടുക തന്നെ! അവൾ മുറ്റത്തു പരുങ്ങി നിന്നു. ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കപ്പെട്ടു.
അമ്മ!
അമ്മ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി. അമ്മയ്ക്ക് എല്ലാം മനസിലായി. അമ്മയുടെ മുഖം ചുവന്നുതുടുത്തു കത്താറായി. പിന്നെ ഒരാക്രോശമായിരുന്നു.
“എവിടുന്ന് വിളിച്ചോണ്ട് വന്നെടാ ഇതിനെ ?”
“അമ്മേ അത്............”
എന്നെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.
“വഴിയിൽ കണ്ടതിനെയൊക്കെ വിളിച്ചുകൊണ്ടു വരാൻ കണ്ട സ്ഥലമാണോടാ ഇത് ?”
ഒരു അനുരഞ്ജനത്തിനായി ഞാൻ വീണ്ടും തൊണ്ടയനക്കി.പക്ഷെ---
“വിളിച്ചോണ്ടു പോടാ!”
അമ്മ അലറിക്കൊണ്ട് വാതിൽ വലിച്ചടച്ചു. അനുനയത്തിന്റെയും അനുരഞ്ജനത്തിന്റെയും വാതിൽ കൊട്ടിയടക്കപ്പെട്ടെന്നു എനിക്കു മനസിലായി. എന്റെ അമ്മ ഇത്രയ്ക്കു യാഥാസ്ഥിതിക ആയിപ്പോയതിൽ പുരോഗമന വാദിയായ എനിക്കു ലജ്ജ തോന്നി.
ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു; കൂടെ അവളും!
നടവഴിയിൽ ഒരു വഴി തിരിഞ്ഞ് ഞാൻ നിന്നു.എന്റെ നിസഹായത പ്രകടമാക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“പ്രിയേ നമുക്കു പിരിയാം “
പക്ഷെ അവൾ പിന്തിരിയാൻ കൂട്ടാക്കിയില്ല. എന്റെ മുഖത്തേക്കു ഉറ്റു നോക്കി മിണ്ടാതെ നിന്നു. ഒട്ടും അമാന്തിച്ചില്ല. വഴിയരികിലെ വേലിക്കമ്പൊരെണ്ണം വലിച്ചൂരി.
ഓങ്ങിയതേയുള്ളു; അവൾ ഓടി.
കുറച്ചു ദൂരെ ചെന്ന് തിരിഞ്ഞു നിന്നിട്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു;
“ബൌ ബൌ!” (എടാ വഞ്ചകാ! )
Saturday, February 6, 2010
തിലകനെ ഊരുവിലക്കുന്നതെന്തിന്?
തിലകനെ ഊരുവിലക്കുന്നതെന്തിന്? ആർക്ക്, അല്ലെങ്കിൽ ആർക്കൊക്കെ വേണ്ടി?
ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?
അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആർക്കും അവകാശമില്ല.
അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.
ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.
ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.
ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.
ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.
സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.
ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.
Thursday, February 4, 2010
വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി
ഈയുള്ളവനിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അക്കാലത്ത്- 1990 ഡിസംബർ 28-ന് - വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിച്ച് ഈയുള്ളവന്റേതായി ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം സൂക്ഷിച്ചുവച്ചിരുന്നത് ഈയിടെ വീണ്ടും കയ്യിൽ കിട്ടി. കമ്പ്യൂട്ടർ പഠിയ്ക്കാൻ വന്ന ഒരു കുട്ടിയ്ക്ക് യൂണിക്കോഡ് ഫോണ്ട് ടൈപ്പ് ചെയ്ത് പഠിയ്ക്കാൻ കൊടുത്തത് ആ ലേഖനമാണ്. അതു ടൈപ്പു ചെയ്തത് ചുമ്മാ ഒരു കൌതുകത്തിന് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ അക്കാലത്ത് പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സുരക്ഷാസമിതി എന്ന സംഘടനയ്ക്കെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആ ലേഖനം എഴുതിയത്. ഒരു ഫയലായി അതിവിടെ കിടന്നുകൊള്ളട്ടെ!
വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി
കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകന്മാർ അംഗങ്ങളായ വിദ്യാഭ്യാസ സുരക്ഷാസമിതിക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച് വികലമായ സങ്കല്പങ്ങളാണുള്ളതെന്ന് അവരുടെ വിലയിരുത്തലുകൾ സ്പഷ്ടമാക്കുന്നു. രാഷ്ട്രീയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണവരുടെ കണ്ടുപിടിത്തം. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കുന്നുവെങ്കിൽ അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന അബദ്ധധാരണയാണ് സമിതിക്കുള്ളത്. വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥി സംഘടകളുടെ തലയിൽ കെട്ടിവെക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചുകളി മാത്രമാണ്.ഉച്ചക്കഞ്ഞി സമ്പ്രദായം വ്യാപകമായതോടെ പ്രൈമറി സ്കൂളുകളിലെ ഹാജർ നിലവാരം ഉയർന്നതായി നാം മനസിലാക്കി. ഇതിനു മുമ്പ് പ്രൈമറി വിദ്യാർഥികൾ കൃത്യമായി സ്കൂളുകളിലെത്താഞ്ഞതും വിദ്യാർഥി സംഘടനകളുടെ കുറ്റമാണോ ?
വിദ്യാർത്ഥി സംഘടനകൾ നിലകൊള്ളുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല.വിദ്യാഭ്യാസ പുരോഗതിയെ തടസപ്പെടുത്താനുമല്ല. മറിച്ച് വിദ്യാഭ്യാസപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഭാഗഭാക്കാകാനും വിദ്യാർഥികളുടെ ആവശ്യങ്ങൾനേടാനും അവകാശങ്ങൾ സംരഷിക്കാനുമാണ്.ഇതിന് വിപരീതമായി എപ്പോഴെങ്കിലും ഏതെങ്കിലും വിദ്യാർഥി സംഘടനകൾ നിലകൊണ്ടിട്ടുണ്ടെങ്കിൽ,നിലകൊള്ളുന്നുവെങ്കിൽ അവ പരിശോധിക്കപ്പെടണം, എതിർക്കപ്പെടണം. വിവിധ രൂപങ്ങളിലുള്ള സംഘടാപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സമൂഹവുമായും സാമൂഹ്യ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്താനും അവരിൽ നല്ലൊരു ഭാഗത്തെ പൊതുധാരയിലേക്ക് കൊണ്ടുവരാനും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് ആർക്കും തള്ളികളയാനാവില്ല.
നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി സമൂഹത്തിൽ സമരം അനിവാര്യമാണ്.എന്നാൽ വിദ്യാർത്ഥി സമരങ്ങളെ പൊതുവെ അനാവശ്യ സമരങ്ങളെന്നു പറയുന്ന സമരവിരോധികൾ എന്താണാവശ്യമെന്നും അനാവശ്യമെന്നും കൂടി വിശദീകരിക്കുവാൻ ബാധ്യസ്ഥരാണ്.നാളിതുവരെ കേരളത്തിൽ പല വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ഏതെല്ലാം ആവശ്യങ്ങളായിരുന്നുവെന്നും ഏതെല്ലാം അനാവശ്യങ്ങളായിരുന്നുവെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിശദീകരിക്കാൻ തയ്യാറായാൽ അത് വിദ്യാർത്ഥികൾക്ക് മാർഗദർശകമാകും. ഉദാഹരണത്തിന് പ്രീഡിഗ്രി ബോർഡുസമരവും പോളിടെക്നിക്ക് സമരവുമെല്ലാം അനാവശ്യസമരങ്ങളുടെ പട്ടികയിലാണോ പെടുത്തേണ്ടത് ? പാഠപുസ്തകം കിട്ടാൻ താമസിക്കുമ്പോൾ, അതിന് വില കൂടുമ്പോൾ സമരം ചെയ്യുന്നത് അനാവശ്യമാണോ? ബസ്സ് ചാർജ് വർദ്ധനയിൽ പ്രതിഷേധിക്കുന്നത് അനാവശ്യമാണോ? കോഴക്കും മറ്റഴിമതികൾക്കുമെതിരെ സമരം ചെയ്യുന്നത് അനാവശ്യമാണോ?രക്ഷാകർത്തക്കളെയും ബഹുജനങ്ങളെയും ആകെ അണിനിരത്തി സമരം ചെയ്ത പാരമ്പര്യവും വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ട് രക്ഷാകർത്താകളെല്ലാംവിദ്യാർത്ഥി സമരത്തേയും രാഷ്ട്രീയത്തേയും കണ്ണുമടച്ച് എതിർക്കുന്നവരാണെന്ന ധാരണയുടെ ബലമാണ് സുരക്ഷാ സമിതിക്കുള്ളതെങ്കിൽ അത് തെറ്റാണ്. വിദ്യാർഥികൾ വെറും പുസ്തകപ്പുഴുക്കളാകരുത്. പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കണം
പിന്നെ സംഘട്ടനങ്ങളുടെ കാര്യമാണ്. വിദ്യാലയ സമാധാനം കാംക്ഷിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ വിദ്യാർത്ഥി സംഘട്ടനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും അവക്ക് പരിഹാരം കാണാനുമുള്ള ആത്മാർത്ഥവും പ്രായോഗികവുമായ പരിശ്രമങ്ങൾ ഉണ്ടാകുകയും വേണം. പലപ്പോഴും സംഘട്ടനങ്ങളുടെ കാരണം രാഷ്ട്രീയമല്ല, വിദ്യാർഥികൾ തമ്മിലുള്ള ഒറ്റപ്പെട്ട പ്രശ്നങ്ങൾ അവരുടെ രാഷ്ട്രീയ ചേരികളുടെ അടിസ്ഥാനത്തിൽ ചേരി തിരിഞ്ഞ സംഘട്ടനങ്ങൾക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കിയാൽ ‘രാഷ്ട്രീയസംഘട്ടനം’ മാത്രമേ ഒഴിവാകൂ.വിദ്യാർത്ഥി സംഘട്ടനം ആവർത്തിക്കപ്പെടാം. ജനാധിപത്യത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയസംഘട്ടനങ്ങളും അണികൾക്കിടയിലുള്ള അപക്വത മൂലമുള്ള കായിക സംഘട്ടനങ്ങളും സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഇത് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സംഭവിക്കുന്നു.
ഇതൊന്നുമല്ലാതെ വിദ്യാലയ രാഷ്ട്രീയത്തിനറുതി വരുത്തണമെന്നതിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അതുമായി ബന്ധപ്പെടുന്നവരുടെ പേര് ഏതാനും പത്രങ്ങളിൽ അടിച്ചു വരുമെന്നതിനപ്പുറം പ്രയോജനം ചെയ്യില്ല. രാഷ്ട്രീയം പഠിപ്പിക്കാൻ വേറെ സംവിധാനം വേണമെന്നാണ് മറ്റൊരും വാദം. ഇപ്പോൾതന്നെ രാഷ്ട്രീയമീമാംസ എന്ന പാഠ്യവിഷയം പ്രത്യേകമായി തന്നെയുണ്ടല്ലോ? പൊളിറ്റിക്സിൽ ബിരുദമെടുത്തു പുറത്തുവരുന്നവരെല്ലാം സമൂഹമദ്ധ്യത്തിലേക്കോ രാഷ്ട്രീയനേതൃത്വത്തിലേക്കോ ഉയരുകയല്ല. കാരണം അതൊരു താത്വികം മാത്രമാണ്. പ്രായോഗികമായി തന്നെ വിദ്യാർത്ഥികളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിലും സാമൂഹ്യ പ്രതിബദ്ധതയും നേതൃത്വവാസനയുള്ളവരുമായി അവരെ വളർത്തുന്നതിലും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിദ്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് സമ്പ്രദായമാകട്ടെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തെ സംബന്ധിക്കുന്ന ബാലപാഠമാണ്.ഇതൊന്നും കാണാതെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് വിദ്യാർത്ഥികളെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി അവരെ വെറും പുസ്തകപ്പഴുക്കളാക്കി മൂലയ്ക്കിരുത്താനുള്ള ശ്രമം രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വർക്ക് ചേർന്നതല്ല.
ലോകചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. കൊറിയയിലും ഫ്രാൻസിലും ജർമ്മനിയിലും പ്രതിലോമകരങ്ങളായ വ്യവസ്ഥാപിത ശക്തികൾകെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി വിജയം നേടി. അടുത്തയിടെ ബംഗ്ലാദേശിൽ സംഭവിച്ചതും മറ്റൊന്നല്ല. ഫാസിസ്റ്റ് ഭരണം കൊടികുത്തിവാണ ബംഗ്ലാദേശിൽ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യം ഒന്നാകെ അണിനിരന്നു.
സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ത മായിരുന്നില്ല.സുരക്ഷാസമിതിയിലെ പല അംഗങ്ങളും കണ്ണുമടച്ച് ആരാധിക്കുന്ന മഹാത്മാഗാന്ധിയാണ് ആദ്യമായി വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുറത്തു വരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിനൊക്കെ പുറമെ ഇന്ത്യയിൽ ഇന്ന് 18 വയസുള്ളവർക്കും വോട്ടവകാശം ഉണ്ട്. രാഷ്ട്രീയാവബോധമില്ലാതെ വെറും സാങ്കേതിക വിദഗ്ധരാകാൻ മത്സരം നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്നവർ ഈ വോട്ടവകാശം എങ്ങനെ പ്രയോജനപ്പെടുത്തും ?
സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് വേണ്ടത്. കണ്ണുമടച്ച് രാഷ്ട്രീയ വിരോധം പ്രസംഗിക്കുന്നവർ രാജ്യപുരോഗതിക്ക് തുരങ്കം വെക്കുന്നവർ മാത്രമാണ്.
Saturday, January 16, 2010
തരം തിരിച്ച ബ്ലോഗുകള്
...ചിത്രങ്ങൾ...ചൊല്ലക്കം...അഭിപ്രായങ്ങൾ...വായനശാല...തട്ടത്തുമല
....................ന്യൂസ്റ്റാർ...വിശ്വമാനവികം2...സാമൂഹ്യക്കൂട്ടുവലയം ..........
Saturday, January 9, 2010
ഡോ. കെ.എസ്. മനോജിന്റെ പാർട്ടിരാജി
ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി
അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.
ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.
എന്തായാലും ഇന്ത്യയുടെ പരമോന്നതമായ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.
ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!
ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.
പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.
സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.
സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.
കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.
എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.
ഇതൊന്നും അറിയാതെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.
അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!
എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.
സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!
എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.
Tuesday, January 5, 2010
ബസ് സമരത്തെപ്പറ്റി
ബസ് യാത്രാ നിരക്ക് വർദ്ധിപ്പിയ്ക്കാൻ കാലാകാലങ്ങളിൽ ഉന്നതതലത്തിൽ നടക്കാറുള്ള ഗൂഢാലോചനയുടെ ഫലമായി നടക്കാറുള്ളതാണ് ബസ് സമരം. ഇപ്പോൾ ഇതാ വീണ്ടും ഒരു അനിശ്ചിതകാല സ്വകാര്യ ബസ് സമരം. ഒപ്പം കെ.എസ്.ആർ.റ്റി.സിയിലെ ചില പ്രതിപക്ഷ സംഘടനകൾ മറ്റുചില ആവശ്യങ്ങൾ ഉന്നയിച്ചും സമരം!
ഇപ്പോൾതന്നെ രാജ്യത്താകെ വൻ വിലവർദ്ധനവിൽ ജനം പൊറുതി മുട്ടുകയാണ്. കേരളഗവർണ്മെന്റിന്റേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായിട്ടുള്ള ഈ വിലവർദ്ധനവിന്റെ പഴി കേരള ഗവർണ്മെന്റിനുംകൂടി ലഭിയ്ക്കുന്നുണ്ട്. ഈ വേളയിൽ ഇപ്പോൾ ബസ് ചാർജ് കൂടി കൂട്ടിയാൽ കേരളത്തിലെ ഇടതുപക്ഷ ഗവർണ്മെന്റിനെതിരെ ജനവികാരം ഉയരും. വിലവർദ്ധനവ് ഒഴികെയുള്ള ആവശ്യങ്ങൾ സർക്കാരിനു പരിഗണിയ്ക്കാം. പക്ഷെ ചാർജ് കൂട്ടുന്നതിനെ അംഗീകരിയ്ക്കാൻ കഴിയില്ല.
കാരണം യാത്രാനിരക്കു കൂട്ടുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നത് ഭൂരിപക്ഷം പാവപ്പെട്ടവരും, സാധാരണക്കാരും അടങ്ങുന്ന യാത്രക്കാരാണ്. പണക്കാർക്കെല്ലാം സ്വന്തം വണ്ടികളുണ്ട്. അവർക്കിതു പ്രശ്നമല്ല.
മാത്രവുമല്ല, ഒരു വൻ വ്യവസായമായി കാണേണ്ട ഒന്നല്ല ഗതാഗതം. അത് തികച്ചും ഒരു സേവനമാണ്. ഇതിൽ ലാഭം വേണം; നടത്തിക്കൊണ്ടു പോകാനും നടത്തിപ്പുകാർക്ക് മാന്യമായി ഒരുവിധം ഭംഗിയായി ജീവിയ്ക്കുവാനും. അല്ലാതെ ആക്രന്തക്കാർക്ക് പറ്റിയതല്ല ഈ ബിസിനസ്. ഇത് കെ.എസ്.ആർ.റ്റി.യോടും കൂടിതന്നെ പറയുന്നത്.
അമിതലാഭം മോഹിക്കുന്നവർക്ക് ബസെല്ലാം വിറ്റ് കൂടുതൽ ലാഭകരമായ മറ്റുമേഖലകൾ കണ്ടെത്താവുന്നതേയുള്ളു. ഒന്നും ഒരുമുറിയും ബസുള്ള പാവപ്പെട്ട ബസുടമകളുടേതല്ല, ഇപ്പോഴത്തെ ചാർജു വർദ്ധനയ്ക്കുള്ള ആവശ്യം. ധാരാളം ബസുകളുള്ള വൻ കിടക്കാരുടെ താല്പര്യമാണ് ചാർജു വർദ്ധിപ്പിയ്ക്കുക എന്നത്.
പണ്ടുമുതലേ ഇങ്ങനെ ചില ഒത്തുകളികൾ ഉണ്ട്. ചർച്ച ചെയ്യുക; ചർച്ച പരാജയപ്പെടുക. സമരം ചെയ്യുക; വീണ്ടും ചർച്ചയ്ക്കു വിളിയ്ക്കുക. യാത്രാനിരക്ക് കൂട്ടുക. പ്രതിപക്ഷം ഒന്നു രണ്ട് സമര പ്രഹസനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക. ജനങ്ങൾ ഒക്കെ അങ്ങോട്ടു സഹിക്കുക.
പുതിയ വിഷയങ്ങൾ വാർത്തകളാകുമ്പോൾ ജനം നിരക്കുവർദ്ധനയുടെ കാര്യം തന്നെ മറക്കുക. അഥവാ ജനങ്ങൾ മണ്ടന്മാരായി അങ്ങ് അഭിനയിച്ചു കൊടുക്കുക; അനുഭവിക്കുക. സത്യത്തിൽ ജനങ്ങൾക്കിതൊന്നും അറിയാഞ്ഞിട്ടല്ല. സഹിക്കുന്നുവെന്നേയുള്ളു.
ഇടതുപക്ഷ ഗവർണ്മെന്റ് ഇപ്പോൾ ഒരു ചാർജു വർദ്ധനവിലൂടെ ബസ് ഉടമകൾക്കു മുന്നിൽ മുട്ടുമടക്കരുത്. ഒരു മാനേജ്മെന്റ് എന്ന നിലയിൽ കെ.എസ്.ആർ.റ്റി.സിയ്ക്കും നിരക്കുവർദ്ധനയിൽ കണ്ണു കാണും. എന്നാൽ അവരുടെ താല്പര്യവും ഇപ്പോൾ സംരക്ഷിയ്ക്കപ്പെടുന്നത് ന്യായമല്ല. ഇപ്പോൾ സർക്കാർ മുട്ടുകുത്തുക എന്നാൽ അത് ജനങ്ങളുടെ നടു വളച്ച് ഒടിയ്ക്കുന്നതിനു തുല്യമാണ്.
പ്ലീസ്, പാവങ്ങളെ ഉപദ്രവിക്കല്ലേ!
എന്ന് വിശ്വാസപൂർവ്വം
ഒരു പാവപ്പെട്ടവൻ (ഒപ്പ്)
Tuesday, December 29, 2009
ഇടവേള
നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാതെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!
Friday, December 25, 2009
ചെറിയൊരിഷ്ടം
പെണ്ണിനെ കണ്ടു;
എനിയ്ക്കിഷ്ടമായി!
ആവശ്യത്തിനു സൌന്ദര്യം,
കറുപ്പിലും വെളുപ്പിലും മിതത്വം പാലിയ്ക്കുന്ന നിറം;
അതുതന്നെ എനിയ്ക്കിഷ്ടം.
എന്റെ തോളൊപ്പം ഉയരം വരും.
അല്പം മെലിഞ്ഞിട്ടാണ്;
അതിപ്പോ ഞാനും അങ്ങനെ തന്നെ.
ചിരിച്ചില്ലെങ്കിലും ചുണ്ടിൽ വിരിയുന്ന ആ ഒരു
മന്ദസ്മിതപ്പൂവിന്റെ പൊൻ വെളിച്ചമുണ്ട്, ആ മുഖത്ത്!
മുല്ലപ്പൂവിനോടാണോ, പിച്ചിപ്പൂവിനോടാണോ
അതുമല്ല, എനിക്കേറ്റവും ഇഷ്ടമായ റോസാപ്പൂവിനോടാണോ
അതിനെ ഉപമിയ്ക്കേണ്ടതെന്നറിയില്ല.
എല്ലാം കൊണ്ടും എന്റെ സങ്കല്പങ്ങൾക്കിണങ്ങുന്ന പെണ്ണ്!
എനിയ്ക്കിനിയൊന്നും ആലോചിയ്ക്കുവാനില്ല;
ചോദിയ്ക്കാനുമില്ല, പറയാനുമില്ല.
ആർഭാടങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ അങ്ങോട്ട്......
പക്ഷെ ചില പ്രശ്നങ്ങൾ;
ഇനി ഒരു മൂന്നാന്റെ സഹായം വേണം.
ഈ പെണ്ണ് ഏതാണ്, എവിടെയുള്ളതാണ്, എന്തുചെയ്യുന്നു,
ആരുടെ മകളാണ് എന്നൊക്കെ തിരക്കി അറിയണം!
എന്തിന്, അവൾ വിവാഹിതയാണോ, അവിവാഹിതയാണോ
എന്നു കൂടി അറിഞ്ഞിട്ടുവേണം കാര്യങ്ങൾ;
വിവാഹിതയാണെങ്കിൽ പിന്നെ
ഭർത്താവിന്റെ അനുവാദവും വേണമല്ലോ!
പിന്നെ എന്റെ വീട്ടിലും കാര്യങ്ങൾ ധരിപ്പിയ്ക്കണം;
അവിടെയും തീരുന്നില്ല.
ഞാനല്ലേ പെണ്ണിനെ കണ്ടുള്ളൂ.
ഇനി പെണ്ണ് എന്നെ കണ്ടറിയണം.
പെണ്ണിന് എന്നെയും ഇഷ്ടപ്പെടണം....
അങ്ങനെ ഒത്തിരി ഒത്തിരി നടപടിക്രമങ്ങൾ!
ഓ, ഒക്കെ തൊന്തറവാ;
ഞാൻ ഈ ബന്ധം വേണ്ടെന്നു വയ്ക്കുന്നു!
ഒരുവഴിയ്ക്കു പോയിട്ടു വന്ന് ബസുകാത്തു നിന്നതാണ്.
എതിർവശത്തെ സ്റ്റോപ്പിൽ നിന്ന പെണ്ണാണ്.
അവൾ തെക്കോട്ടുള്ള വണ്ടിയ്ക്കായിരിയ്ക്കണം;
ഞാൻ വടക്കോട്ടും!
അപ്പോ, എനിയ്ക്കുള്ള വണ്ടി ദാണ്ടെ വന്നു കഴിഞ്ഞു.
എന്നാപ്പിന്നെ, ഞനങ്ങോട്ട്.......
Thursday, December 24, 2009
ബാധ
ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!