Saturday, September 27, 2014

മനോരാജിന് ആദരാഞ്‌ജലികൾ!

ബ്ലോഗ്ഗർ മനോരാജിന് ആദരാഞ്‌ജലികൾ!

മലയാള ബ്ലോഗ് സാഹിത്യത്തിന് വളരെ വലിയ സംഭാവന നൽകിയ എന്റെ പ്രിയ സുഹൃത്ത് മനോരാജ് മിനിയാന്ന് (2014 സെപ്റ്റംബർ 26)  അന്തരിച്ചു. ജെയിംസ് സണ്ണി സാറാണ് എന്നെ വിളിച്ച് മരണ വിവരം അറിയിച്ചത്. പിന്നെ ഡോ. ബിജു ഏബ്രഹാമും. ഈ മരണവാർത്ത അറിഞ്ഞിട്ട് ഒരു അനുസ്മരണക്കുറിപ്പു  പോലും എഴുതാൻ എനിക്ക് കഴിഞ്ഞില്ല. കാരണം  എന്റെ പിതാവ് അസുഖബാധിതനായി ആശുപത്രിയിലാണ്. മിനിയാന്ന്  മരണ വാർത്ത അറിയുമ്പോഴും ഇന്ന് ഡോ.ജയൻ ഏവൂർ എറണാകുളത്തേയ്ക്ക് പോകാൻ വിളിക്കുമ്പോഴും ഞാൻ വാപ്പയോടൊപ്പം ആശുപത്രിയിലാണ്. എറണകുളം വരെ ഇപ്പോൾ പോകാൻ കഴിയാത്ത വിഷമം ഇന്നലെ ഷെരീഫ് കൊട്ടാരക്കരയുമായും ഇന്ന് സാബു കൊട്ടോട്ടിയുമായും ഞാൻ പങ്ക് വച്ചിരുന്നു. ബ്ലോഗിലൂടെ ഞാൻ പരിചയപ്പെട്ട മനോരാജ് ബ്ലോഗിലൂടെ എനിക്ക് ലഭിച്ച നിരവധി നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. രോഗാരംഭത്തിൽ മനോരാജ് തിരുവനന്തപുരം ശ്രീ ചിത്രയിൽ കഴിയുമ്പോൾ ഞാനും ജെയിംസ് സണ്ണി സാറും കൂടി പോയി കണ്ടിരുന്നു. ഇടയ്ക്കിടെ വിളിച്ച് രോഗ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. എന്നാൽ ഈ അടുത്ത നാളുകളിൽ വിളിക്കാനൊന്നും കഴിഞ്ഞില്ല. രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടുവരുന്നുവെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വൈദ്യശാസ്ത്രം മനോരാജിനു മുന്നിൽ തോറ്റു. അദ്ദേഹം യാത്രയായി. മലയാള സാഹിത്യത്തിൽ  നല്ലൊരു ഭാവി മനോരാജിൽ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം മലയാളസാഹിത്യത്തിന് ഒരു വലിയ നഷ്ടമാണ്. മനോരാജിനെ നമുക്ക് എല്ലാവർക്കും എക്കാലത്തും ഓർമ്മിക്കുവാൻ ഉചിതമായത് ചെയ്യുവാൻ ബൂലോകത്ത് നിന്ന് ആലോചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെ പറ്റി ചില ബ്ലോഗ് സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. കൂടുതൽ എഴുതാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് സാധിക്കില്ല. വിശദാമായി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം ബ്ലോഗിനും മലയാള സാഹിത്യ ലോകത്തിനും നൽകിയ സംഭാവനകൾ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മനോരാജിന്റെ വേർപാടിൽ എന്റെ അഗാധമയ ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.

Sunday, August 31, 2014

മതേതര കക്ഷികളും ബി.ജെ.പിയും

മതേതര കക്ഷികളും ബി.ജെ.പിയും

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. കേരളത്തിൽ അദ്ദേഹം വരുന്നു പോകുന്നു എന്നതിനപ്പുറം കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അദ്ദേഹത്തിന്റേതു മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ബി.ജെ.പി പ്രവർത്തകർക്ക് ഒരു ആത്മ വിശ്വാസവും ആവേശവുമൊക്കെ പകർന്നു നൽകാനാകും എന്നു മാത്രം. എന്നാൽ വരുന്നത് കേവലം ഒരു അമിത് ഷാ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പിൻഗാമിയാണ്. അതായത് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ഇപ്പോഴേ ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുന്നത് നല്ലതാണ്. ബി.ജെ.പിയോ നരേന്ദ്ര മോഡി‌യോ ഇതുപോലെ അധികാരത്തിൽ വരുമെന്ന് മതേതരവാദികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മതേതര വാദികൾക്ക് കഴിയാതെ പോയത്. കടുത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ മുമ്പേ പാകപ്പെടുത്തുന്നത് നല്ലതാണ്. 

അമിത് ഷായെക്കുറിച്ച് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ എന്തുതന്നെ ആയാലും അതിനേക്കാൾ വലിയ ആക്ഷേപങ്ങൾ നരേന്ദ്ര മോഡിയ്ക്കെതിരെ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത പദവിയായ പ്രധാന മന്ത്രി സ്ഥാനം വരെ ലഭിച്ചു. അമിത് ഷായും നരേന്ദ്ര മോഡിയുമൊക്കെ ഹിന്ദുത്വ വാദികൾ ആയിപ്പോയത് അവരുടെ കുറ്റമല്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർ അങ്ങനെ ആകുന്നതിൽ അദ്ഭുതപ്പെടാനില്ല. കേരളത്തിൽ പോലും നരേന്ദ്ര മോഡിയെ പേലെയും അമിത് ഷായെ പോലെയും ചിന്തിക്കുന്നവർ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഉയർന്നു വരുന്ന നേതാക്കൾ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കൾ ഹിന്ദു രാഷ്ട്ര വാദികളും ന്യുനപക്ഷ വിരുദ്ധരുമൊക്കെ ആയാൽ അതിൽ ഒരു അദ്ഭുതവുമില്ല. 

ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, ബി.ജെ.പി, സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് സ്വയം സംഭീതരാകുകയും ജനങ്ങളെ സംഭീതരാക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവു‌മില്ല. ഇന്ത്യൻ ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനം സൃഷ്ടിച്ചെടുക്കാതെ അവരെ രാഷ്ട്രീയമായി ഉദ്ധരിക്കുവാൻ കഴിയില്ല. അത് കഴിയാത്തിടത്തോളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും നിരക്ഷരരായ ജനങ്ങൾ വർഗ്ഗീയമായി ചിന്തിക്കുന്നത് അവരുടെ കുഴപ്പമല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. അത്ര മേൽ അറിവില്ലാത്തവരാണ് ആ പാവപെട്ട ജനങ്ങൾ. 

ഇന്ത്യൻ ജനതയെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേയ്ക്ക് നയിക്കാൻ ലഭ്യമായ അവസരങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ഇപ്പോൾ സംജാതമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല. ഇത് ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സുകാർക്ക് മാത്രം ബാധകമായ കാര്യമല്ല. ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ മതേതര പ്രസ്ഥാനങ്ങൾക്കും ബാധകമായ ആരോപണമാണ്. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു. ഭരണം തുടർച്ചയായി കിട്ടിയ കോൺഗ്രസ്സും സഖ്യ കക്ഷികളുമാകട്ടെ ഭരണത്തിന്റെ തിമിർപ്പിലും ഉന്മാദത്തിലും മതിമറന്നു പോയി. ജനങ്ങൾക്ക് പകരം വയ്ക്കാൻ ബി.ജെ.പിയും സംഘപരിവാർ ശക്തികളു‌മല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ പോയി. 

ഭൂരിപക്ഷ വർഗ്ഗീയതയെ പ്രതിനിധീകരിക്കുന്നവരെ അധികാരത്തിലേറ്റാൻ ഭൂരിപക്ഷ മത വിശ്വാസികൾക്ക് അത്ര വലിയ പ്രയാസം ഉണ്ടാകാതെ പോകുന്നതിൽ അദ്ഭുതമൊന്നുമില്ല. കാരണം ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ്. ജാതി മതം മറ്റ് അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയാൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു ജന സമൂഹത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനായാസേന അധികാരത്തിലേയ്ക്കുള്ള ദൂരം എളുപ്പമാക്കാൻ കഴിയുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് സംഘപരിവാരങ്ങളെയും നരേന്ദ്ര മോഡിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്തി അവരെ ശരിയാക്കികളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

സംഘ പരിവാർ ശക്തികളെ സംബന്ധിച്ച് ഹിന്ദുത്വം എന്ന മാർഗ്ഗവും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യവും ഒരു പാപമേ അല്ല. അതുകൊണ്ടുതന്നെ അവരിതാ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നേ ഹിന്ദു രാഷ്ട്രം സ്ഥാപികുന്നേ എന്ന് നില വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. അവരുടെ ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതായിരിക്കാം അവരെ നയിക്കുന്ന ചിന്ത. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻസംഘപരിവാർ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യൻ ജനസമൂഹത്തെ മതേതരവൽക്കരിക്കണം. അധികാര ലബ്ധിയെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് സാധിക്കില്ല. വിശാലമായ മതേതര കൂട്ടായ്മയിലൂടെ മാത്രമേ അത് സാധിക്കൂ. 

നാളെ ഒരു പക്ഷെ ഇന്ത്യയുടെ ഭരണ ചരിത്രത്തിന്റെ ഭാഗമകാൻ പോകുന്ന ഒരു വ്യക്തി കേരളം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായോ ആശയങ്ങളുമായോ വിയോജിപ്പുള്ള ഒരു പൗരൻ എന്ന നിലയിൽ ഇങ്ങനെ കുറിച്ചു എന്നു മാത്രം. ജനാധിപത്യം ഉപയോഗിച്ച് ഭാവി പ്രധാന മന്ത്രി ആയി അമിത് ഷാ വന്നാലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെത്തുന്നത് ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു പക്ഷെ ഭാവിപ്രധാനമന്ത്രിയായേക്കാവുന്ന വ്യക്തി എന്ന നിലയ്ക്കുള്ള പ്രാധാന്യം അമിത് ഷായുടെ കേരള സന്ദർശനത്തിനുണ്ട്. ഇത് ആരെയും നടുക്കാനല്ല, യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്താൻ കുറിക്കുന്ന കുറിപ്പാണ്.

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും പ്രസിഡന്റിനും ആവശ്യമെന്നു തോന്നുന്ന ഏത് സന്ദർഭത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യാം. കുട്ടികളെ അഭിസംബോധന ചെയ്യാം. അതിന് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാം. സ്വകാര്യ മാധ്യമങ്ങളോട് തങ്ങളുടെ അഭിസംബോധന ജനങ്ങളിലെത്തിക്കാൻ അഭ്യർത്ഥിക്കാം. ആ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാം. പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കണമെന്ന് അഭ്യർത്ഥിക്കാം. 

എന്നാൽ ഭരണാധികാരികളുടെ പ്രസംഗം എല്ലാവരും കേട്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പ്രസംഗം ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ അത് അല്പത്തരമെന്നും ജനാധിപത്യ വിരുദ്ധമെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അദ്ധ്യാപക ദിന പ്രസംഗം കുട്ടികളെ സ്കൂളുകളിലൂടെ തന്നെ കേൾപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ വീട്ടിലിരിക്കുന്ന സമയത്ത് പ്രസംഗം കേൾപിച്ചാൽ പോരേ? താല്പര്യമുള്ളവർ കേൾക്കും. ഇല്ലാത്തവർ കേൾക്കില്ല. 

രാജ്യ സ്നേഹം പോലും ആരുടെ മേലും അടിച്ചേല്പിക്കാനാകില്ല. അത് ഒരാളുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. അഭിനയിക്കേണ്ടതല്ല. എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴൊക്കെ സംസ്ഥാനങ്ങളൊട് അനുവാദം ചോദിക്കണമെന്ന വാദം ശരിയല്ല. പ്രത്യേകിച്ചും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ ഉത്തരവാദിത്തമുള്ള കൺ കറണ്ട് വിഷയങ്ങളിൽ. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹം ബി.ജെ.പിയും ആയതുകൊണ്ട് ആരെയും അഭി അംബോധന ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണ് അദ്ദേഹം. അല്ലാതെ അധികാരം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ പിടിച്ചെടുത്തതല്ല. എന്നാൽ ജനങ്ങൾക്കുമേൽ നിർബന്ധമായും പാലികേണ്ട നിയമങ്ങൾ അല്ലാതെ മറ്റൊന്നും അടിച്ചേല്പിക്കരുത്.

Friday, August 22, 2014

സി.പി.ഐ.എമ്മും വർഗ്ഗീയഫാസിസവും

സി.പി.ഐ.എമ്മും  വർഗ്ഗീയഫാസിസവും

ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അതുയർത്തുന്ന ഭീഷണികൾക്കും എതിരെ ഇപ്പോൾ വിലപിക്കുന്ന ചിലരോട് വിനീതമായി പറയാനുള്ളത്: കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ചെറുത്ത് നിൽക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം സി.പി.ഐ.എം ആയിരുന്നു. ആശയപരമായും സ്വന്തം ജീവൻ നൽകിയുമൊക്കെ അവർ അത് ചെയ്തിട്ടുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളുടെ കായിക ശേഷിക്കു മുന്നിൽ ഇവിടെ നിയമ സംവിധാനങ്ങൾ പോലും ഒന്നുമല്ലല്ലോ. അതിനെത്രയെത്ര അനുഭവങ്ങൾ! സി.പി.ഐ.എമ്മും ഇടതുപക്ഷവും രണ്ട് വർഗ്ഗീയതകളെയും എതിർക്കുമ്പോൾ, വരാനിരിക്കുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുമ്പോൾ, അതൊന്നുമായിരുന്നില്ലല്ലോ നിങ്ങൾക്ക് വലിയ കാര്യം. എന്നാൽ ഓരോ കാലത്തും പലകാരണങ്ങളാൽ സി.പി.ഐ.എമ്മിന് ഏൽക്കുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ച് തുള്ളിച്ചാടു‌കയായിരുന്നില്ലേ നിങ്ങൾ?  

ഈ നിങ്ങൾ ആരാണെ‌ന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ, അല്ലേ? സി.പി.ഐ.എമ്മുകാർക്ക് ഒരുപക്ഷെ, ഇനി ഒന്നേ നിങ്ങളോട് പറയാനുണ്ടാകൂ. നിങ്ങൾ ഇനി വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് കീഴ്പെട്ട് ജീവിച്ചു കൊള്ളുക. ഇപ്പോൾ രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിപക്ഷമതരാഷ്ട്രവാദികളുടെ കൈകളിലാണെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാതിരിക്കാൻ ആകില്ലല്ലോ. സാങ്കേതികമായി അവരുടെ രഹ‌സ്യവും പരസ്യവുമായ അജണ്ടകൾ നടപ്പിലാക്കാനുള്ള അംഗീകാരമാണ് അവർക്ക് ലഭിച്ച ജനവിധി. ജനവിധി അംഗീകരിക്കേണ്ടത് ജനധിപത്യ മര്യാദയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ.എം ഒന്നുമല്ലെന്നും, മൂന്നു സംസ്ഥാനങ്ങളിൽ (ഇപ്പോൾ രണ്ട്) മാത്രമുള്ള ഇത്തിരിപ്പോന്ന പാർട്ടിയല്ലേ നിങ്ങൾ എന്നും ഒ‌ക്കെ പറഞ്ഞ് പരിഹസിച്ചിരുന്നവരല്ലേ, നിങ്ങൾ? പശ്ചിമബംഗാളിൽ തൃണമൂൽ ഫാസിസ്റ്റുകളും മാവോയിസ്റ്റുകളൂം കൂടി സി.പി.ഐ.എമ്മുകാരെ കൊന്നൊടുക്കുമ്പോൾ, ഏറെ സന്തോഷിച്ചവരല്ലേ നിങ്ങൾ? ഇപ്പോഴും അവിടെ തൃണമൂലുകാർ സി.പി.ഐ.എം‌ കാരെ കൊന്ന് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്നത് തുടരുമ്പോഴും നിങ്ങളുടെ സന്തോഷത്തിന് കുറവൊന്നുമുണ്ടാകില്ലല്ലോ, അല്ലേ? 

സി.പി.ഐ.എമ്മുകാർ ഒരു കാര്യം സമ്മതിക്കുന്നു. ദേശീയതലത്തിൽ ഭൂരിപക്ഷ‌വർഗ്ഗീയത ഉയർത്തുന്ന ഭീഷണികളി‌ൽ നിന്നോ അക്രമങ്ങളിൽ നിന്നോാ ആരെയും ഒറ്റയ്ക്ക് രക്ഷിക്കാൻ പറ്റുന്ന വിധത്തിൽ പാർട്ടിയ്ക്ക് വളരാനായിട്ടില്ല. അതിന് പലകാരണങ്ങളു‌ണ്ട് താനും. അതുകൊണ്ട് സി.പി.ഐ.എമ്മിനെ എതിർത്തും പരിഹസിച്ചും അതിനെ തകർക്കാൻ നടക്കുമ്പോൾ നിങ്ങൾ ആരിലൊക്കെയാണോ രക്ഷകരെ കണ്ടിരുന്നത്, അവരിൽത്തന്നെ നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുക. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ എല്ലാം ഏറ്റവും പ്രധാനമയി ടാർജറ്റ് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. അതുകൊണ്ട് അവർക്കിപ്പോൾ അവരെത്തന്നെ സംരക്ഷിക്കലും നില നിർത്തലുമാണ് പ്രധാനം. ആത്മരക്ഷയേക്കാൾ പ്രധാനമല്ലല്ലോ ആർക്കും ഒന്നും! 

എന്നിരുന്നാലും നിങ്ങൾക്ക് പശ്ചാത്താന്മോ കുറ്റബോധമോ സൽബുദ്ധിയോ തോന്നി (തോന്നാനിടയില്ല) പുനർ വിചിന്തനത്തിന് വല്ല ഉൾപ്രേരണയും സംഭവിക്കുന്നുവെങ്കിൽ സദയം അറിയിക്കാൻ മടിയ്ക്കേണ്ട. ചർച്ചയ്ക്കെടുക്കാൻ ശ്രമിക്കാം. ഉറപ്പൊന്നുമില്ല. അല്ലെങ്കിൽ നിങ്ങളുടെ എക്കാലത്തെയും രക്ഷകരിൽത്തന്നെ വിശ്വാസമർപ്പിച്ച് നിങ്ങൾ ജീവിച്ചുകൊള്ളൂ. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. കമ്മ്യൂണിസ്റ്റുകാർ അവരുടെ കാര്യം നോക്കട്ടെ!

Thursday, August 21, 2014

എങ്ങോട്ടാണീ ലോകം?

എങ്ങോട്ടാണീ ലോകം?

പേരുകൊണ്ട് മതമേതെന്ന് തിരിച്ചറിയപ്പെട്ടാൽ ഭാവിയിൽ  ലോകത്ത് ആരും സുരക്ഷിതരായിരിക്കില്ല. മതമേതെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ പേരിടാതിരിക്കാനേ നിർവ്വഹമുള്ളൂ. കാരണം പേരിടാൻ കൊള്ളാവുന്ന വാക്കുകൾ പോലും ഭാവിയിൽ ഓരോരോ മതങ്ങൾ സ്വന്തമാക്കും.  ഇന്ത്യയിൽ കേരളത്തിനു പുറത്ത് മുസ്ലിം-ക്രൈസ്തവ നാമധാരികൾ അരക്ഷിതരാണെങ്കിൽ ലോകത്ത് പലയിടത്തും മുസ്ലിം  നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ ക്രൈസ്തവ നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ  ഹിന്ദു നാമധാരികൾ മാത്രവും  അരക്ഷിതരാകുന്നു. സ്വന്തം മതം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം എല്ലാ മതങ്ങളെയും ഭരിക്കുന്നു. കാരണം സ്വന്തം നില‌നില്പിൽ ഒരു മതങ്ങൾക്കും ആത്മ വിശ്വാസമില്ല.

ലോകത്ത് മതങ്ങൾക്കുള്ളിലെ ചേരിപ്പോരുകളാകട്ടെ അതിരൂക്ഷമാണ്. സ്വന്തം മതങ്ങൾക്കുള്ളിൽ തന്നെ  സൗഹാർദ്ദമില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു രാജ്യത്തോ ലോകത്താകെയോ മത സൗഹാർദ്ദമുണ്ടാകും? ഏറ്റവും വലിയ തമാശ മതത്തിന്റെ പേരിൽ നടക്കുന്ന ഒരു അക്രമവും ഒരു കൊള്ളരുതായ്മയും മതത്തിന്റെ കുഴപ്പമല്ല എന്നതാണ്. ശരിയായ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് അന്ധമായി മതത്തിന്റെ പേരിൽ എന്തും ചെയ്യാൻ അനുയായികളെ കിട്ടുന്നു എന്നതാണ് സത്യം. മാറി വരുന്ന തലമുറകളെ പഠിപ്പിക്കുന്ന ധാർമ്മിക മൂല്യങ്ങളെ സദാ മതങ്ങളുമായി വിളക്കി ചേർക്കുന്നു എന്നതാണ് അന്ധമായ മതബോധത്തിന്  മറ്റൊരു കാരണം. ഈ ആധുനിക കാലത്തും  മതങ്ങളില്ലെങ്കിൽ ധാർമ്മികമൂല്യങ്ങളോ സദാചാര മൂല്യങ്ങളോ ഉണ്ടാകില്ലെന്ന മിഥ്യാ ധാരണകളാണ് ഇതിനു പിന്നിൽ.

ഈ ഭൂലോക അതിക്രമങ്ങളൊന്നുമില്ലെങ്കിൽ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ എത്ര ഊഷ്മളമാണ്. ആസ്വാദ്യകരമാണ്. ആശ്വാസകരമാണ്. പക്ഷെ ഇക്കണക്കിനു പോയാൽ സമാധാനത്തോടും സൗഹൃദത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും മതം, വിശ്വാസം, രാഷ്ട്രീയമെന്നൊക്കെ  കേൾക്കുമ്പോഴേ പേടിച്ച് വിറച്ച് നില വിളിക്കും. ലോകമാകെ രാഷ്ട്രീയവും മതവുമിപ്പോൾ വേർതിരിച്ചറിയാനാകാത്ത വിധം കൂടിക്കലർന്ന് കിടക്കുകയുമാ‌ണല്ലോ! ലോകത്ത് എല്ലവരും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിച്ചാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതമാകും ലോകം ഭരിക്കുക. മതങ്ങൾക്കുള്ളിൽ തന്നെ  തമ്മിലടിയുള്ളതിനാൽ ഏത് മതത്തിനാകും ഭാവിയിൽ ഭൂരിപക്ഷജനസംഖ്യ ഉണ്ടാകുക എന്ന് ഇപ്പോൾ പറയാനാകില്ല.

ഇപ്പോഴത്തെ ലോക നിലവാരം വച്ച് നോക്കുമ്പോൾ മതങ്ങൾ നന്നായാൽ, അഥവാ മതങ്ങൾ ഇല്ലാതായാൽ മാത്രമേ മനുഷ്യൻ നന്നാകൂ എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യം പറയട്ടെ പള്ളികൾ, ചർച്ചുകൾ,  അമ്പലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ  വേണം വേണ്ടാത്തതുപോലെ ഉയരുന്ന  സംഗീതത്തിനു പോലും പഴയൊരു മാധുര്യമില്ല. വിശ്വാസങ്ങളും പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഒരു വാശി പോലെയോ ആരെയോ പേടിപ്പിക്കാനെന്ന പോലെയോ ഒന്നുമല്ലെങ്കിൽ ആരെയോ എന്തോ ബോദ്ധ്യപ്പെടുത്താൻ എന്നതുപോലെയോ ഒക്കെ ആയിരിക്കുന്നു.

ഈ പോസ്റ്റ് ഒരു നിഷേധമോ നിന്ദയോ അല്ല. നിരാശകളിൽ നിന്നുമുയരുന്ന  ജല്പനങ്ങളാണ്. അല്ലെങ്കിൽ എന്തെങ്കിലുമാകട്ടെ. രാഷ്ട്രീയ നിരാശകളിൽ നിന്നുള്ള  ജല്പനങ്ങളടങ്ങുന്ന ഒരു പോസ്റ്റ് പിന്നാ‌‌ലെ വരുന്നുണ്ട്. അതും  ഏതാണ്ട് ഇതുപോലിരിക്കും.

Saturday, August 16, 2014

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം  ഒന്നിക്കണമെന്ന അഭിപ്രായം ഈയുള്ളവൻ മുമ്പേ തന്നെ പലരോടും പറഞ്ഞിട്ടുള്ളതാണ്.  സോഷ്യൽ മീഡിയകളിലും ഈ വിനീതനവർകൾ ഈ അഭിപ്രായം  മുമ്പേ തന്നെ  പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ സ. എം.എ.ബേബിയും  ഈയുള്ളവന്റെ നിലപാടിലേയ്ക്ക് വന്നിരിക്കുന്നു. :) അല്ലപിന്നെ! 

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ശത്രുക്കളാകുന്നത് നന്നല്ല. പക്ഷെ ചരിത്രത്തിൽ അങ്ങനെയെല്ലാം സംഭവിച്ചു പോയി. ചരിത്രത്തിലെ തെറ്റുകൾ തിരുത്താൻ സമയമാകുമ്പോൾ അത് തിരുത്തണം. പക്ഷെ ഇവിടെ   തെറ്റു തിരുത്താൻ വളരെ  താമസിച്ചു പോയി. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ലയിക്കണമെന്നോ പുനരേകീകരിക്കപ്പെടണമെന്നോ പറയുമ്പോൾ ചരിത്രമാകെ മാറിമറിഞ്ഞു വന്ന ഇക്കാലത്തും ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിലെ കാര്യവും പറഞ്ഞിരിക്കുന്നതിൽ അർത്ഥമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി.പി.ഐ യും സി.പി.ഐ.എമ്മും ആയി മാറിയ ആ കാലത്തെ സാഹചര്യങ്ങളല്ല ഇന്ത്യയിലെയോ ലോകത്തിലെയോ  ഇന്നത്തെ സാഹചര്യങ്ങൾ.

ഇരു പാർട്ടികളുടെയും ഒന്നാകൽ സംബന്ധിച്ച് എം.എ. ബേബി ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന ചർച്ച തികച്ചും സ്വാഗതാർഹമാണ്. ഇന്ത്യാ ചരിത്രം ഭയാനകമായ ഒരു മാറ്റത്തിലേയ്ക്ക് കൂപ്പുകുത്തി നിൽക്കുന്ന ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന ഏതൊരു കമ്മ്യൂണിസ്റ്റ് വിശ്വാസിയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ചു ചേരണം കൂടുതൽ ശക്തിയാർജ്ജിക്കണം എന്നൊക്കെ ആഗ്രഹിച്ചു പോകും.  എം.എ. ബേബി പോളിറ്റ് ബ്യൂറോ മെമ്പറായി പോയി എന്നത് ആ ആഗ്രഹത്തിന് തടസ്സമാകാതിരുന്നതിൽ അദ്ഭുതമില്ല. സി.പി.ഐയും സി.പി.ഐ.എമ്മും മാത്രമല്ല ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഒരു പാർട്ടിയാകണം. എന്നിട്ട് മാറിയ കാലത്തിനനുസരിച്ച് പുതിയ പാർട്ടി ഭരണഘടനയും പരിപാടിയും ലക്ഷ്യങ്ങളും എഴുതിയുണ്ടാക്കണം. ബുദ്ധിജീവികൾക്ക് പഞ്ഞമില്ലാത്ത കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഇത് എളുപ്പത്തിൽ സാധിക്കും.

പാർട്ടികൾ ഒന്നാകുമ്പോൾ ചുമതലകൾ പങ്ക് വയ്ക്കുന്നതിൽ മാത്രമാകും അല്പം പ്രയാസങ്ങളുണ്ടാകുക. അതൊക്കെ ചർച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. രണ്ട് സമ്മേളന കാലയളവുകളിൽ മാത്രമേ ഇതൊക്കെ ഒരു പ്രശ്നമാകൂ. അതു കഴിയുമ്പോൾ മുൻ സി.പി.ഐ, മുൻ സി.പി.ഐ.എം എന്നിങ്ങനെയുള്ള വേർതിരിവുകൾ താനേ ഇല്ലാതായിക്കൊള്ളും. തലമുറകൾ കഴിയുമ്പോൾ ഇത് രണ്ടും രണ്ടായിരുന്നെന്ന ഒരു തോന്നൽ തന്നെയുണ്ടാകില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാകൽ ചർച്ചകളിൽ നിന്ന് അറുപത്തിനാലിനും മുമ്പേ "പ്രായ"മായ പഴമൂട് സഖാക്കളെ ചിലരെയെങ്കിലും ഒഴിച്ചു നിർത്തുന്നതാണ്  നല്ലത്. അല്ലെങ്കിൽ അവർ കാലഹരണപ്പെട്ട താത്വിക വിശദീകരണങ്ങളും കൊണ്ട് നിൽക്കും. പാർട്ടി സോഷ്യൽ ഡെമോക്രാറ്റിക്കാകണോ കടുത്ത വിപ്ലവപ്പാർട്ടിയാകണോ എന്നൊക്കെ ലയിച്ചിട്ട് തീരുമാനിക്കാം. പാർട്ടി സോഷ്യൽ ഡേമോക്രാറ്റിക്കായില്ലെങ്കിലും മാർക്സിസ്റ്റ് അഥവാ കമ്മ്യൂണിസ്റ്റ്  ഡെമോക്രാറ്റുകളെങ്കിലും ആകുന്നതിൽ കുഴപ്പമില്ല. എപ്പോഴും പാർട്ടി അച്ചടക്കത്തിന്റെ പേരിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ ആരാലും പ്രകടിപ്പിക്കപ്പെടാതെ പോകുന്നത് ശരില്ല്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ അംഗങ്ങളും  പ്രവർത്തകരും  അനുഭാവികളും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാഗ്രഹം സഖാവ് ബേബി പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല.

നമ്മൾ മുമ്പ് കാണാണാത്ത, നമ്മെ ഭയപ്പെടുത്തുന്ന  രഷ്ട്രീയവും ഭരണപരവുമായ ഒരു ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകൾ ഒന്നിക്കണമെന്നല്ലാതെ പിന്നെ എങ്ങനെയാണ് ഓരോ കമ്മ്യുണിസ്റ്റുകാരും ചിന്തിക്കേണ്ടത്? നമുക്ക് പോസിറ്റീവാകാം. നെഗറ്റീവായ ചിന്തകളിൽ നിന്ന് വിമുക്തരാകാം. എം.എ. ബേബിയെ പോലെ.  സ. എം.എ. ബേബിയ്ക്ക് അഭിവാദനങ്ങൾ!

Tuesday, July 29, 2014

ചലച്ചിത്രനാമങ്ങൾ

ചലച്ചിത്രനാമങ്ങൾ

മലയാള ചലച്ചിത്രങ്ങൾക്ക് മലയാളം പേരിട്ടില്ലെങ്കിൽ സബ്സിഡികൾ നൽകില്ലെന്ന് ഒരു പ്രഖ്യാപനം വന്നിരിക്കുന്നു‌. സിനിമാ വ്യവസായത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ഒരു സമിതിയാണത്രേ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രസ്തുത സമിതിയെ പ്രതിനിധീകരിച്ച്  ശ്രീ. പന്തളം സുധാകരനാണ് മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്.  ഈ പ്രഖ്യാപനം സംഗതി കേട്ടാൽ കൊള്ളാം. മാതൃ‌ഭാഷാസ്നേഹികൾ നല്ലൊരു വിഭാഗം തീർച്ചയായും ഈ ഈ പ്രഖ്യാപനത്തിൽ സന്തോഷിക്കും. സ്വാഗതം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും മലയാളസിനിമകളിൽ ആവർത്തിച്ചാവർത്തിച്ച് ഇംഗ്ലീഷ് പേരുകൾ വരുന്നത് അരോചകമായി തോന്നുന്നവർക്ക് ഇതിനെ സ്വാഗതം ചെയ്യാതിരിക്കാനാകില്ല. ഈ പ്രഖ്യാപനം വഴി (പ്രഖ്യാപനമോ ഭീഷണിയോ രണ്ടുതന്നെ ആയാലും)പ്രസ്തുത വിഷയം ഒരു ചർച്ചയാകുകയും മലയാള സിനിമകൾക്ക് അന്യഭാഷാപേരുകൾ ഇടുന്ന പ്രവണതയെ അത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുമെങ്കിൽ അതുനല്ലതുതന്നെ.

പക്ഷെ കേവലം ഭാഷാസ്നേഹത്തിന്റെ പേരിൽ എല്ലാവർക്കും ഈ‌യൊരു നിബന്ധനയോട് യോജിക്കുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം സിനിമയുടെ പ്രമേയവുമായി ബന്ധമുള്ള ഒരു പേരിടുമ്പോൾ ഈ മാതൃ‌ഭാഷാനിർബന്ധം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും. ചില സിനിമകൾക്ക് പ്രമേയാനുസൃതമായി  മറ്റു ഭാഷയിലുള്ള പേരുകളും ഇടേണ്ടി വരാം. എന്നാൽ മതിയായ കാരണങ്ങളില്ലാതെ മന:പൂർവ്വം സിനിമകൾക്ക്  മറ്റ് ഭാഷാ പേരുകൾ ഇടുന്നത് പ്രോത്സാഹന ജനകമല്ല.  പല നല്ല മലയാള‌പേരുകളും ഒരു സിനിമയ്ക്ക്  അനുയോജ്യമയിരിക്കും എന്നിരിക്കിലും സിനിമയുടെ പ്രമേയവുമായി അധികം ബന്ധമില്ലാത്ത ഇംഗ്ലീഷ് പേരുകൾ ചില സിനിമകൾക്ക് ഇടുന്നുണ്ട്. ഇതിനു ന്യായീകരണമില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ പേരും സിനിമയുടെ വിജയവുമായിട്ടൊക്കെ ബന്ധമുണ്ടാകും. ചില മോശം സി‌നിമകൾ പോലും നല്ലൊരു പേരുകൊണ്ട് വിജയം നേടിയേക്കാം.

സിനിമ ഒരു വ്യാവസായിക ഉല്പന്നമാകുമ്പോൾ വില്പനയും ലാഭവുമൊക്കെ അതിന്റെ നിർമ്മാതാക്കൾക്ക് പ്രധാനമാകുന്നു. അതുകൊണ്ട് ഏതു ഭാഷയിൽ പേരിടുന്നു എന്നതിലല്ല, ജനശ്രദ്ധ കിട്ടി സിനിമ ഹിറ്റാകുക എന്നതാകും സിനിമ എടുക്കുന്നവരുടെ താല്പര്യം. ചലച്ചിത്രമേഖല  ഒരു അംഗീകൃത‌വ്യവസായവും തൊഴിൽ മേഖലയും   ഓരോ സിനിമയും  വിൽക്കാൻ വയ്ക്കുന്ന  ഒരു ഉല്പന്നവുമൊക്കെയാണെങ്കിലും ഭാഷയോടുള്ള നിഷേധാതമക സമീപനം അഭിലഷണീയമല്ല എന്ന കാര്യത്തിൽ തർക്കമില്ല.
മാത്രവുമല്ല  കലയും സാഹിത്യവുമായി അഭേദ്യമായി ബന്ധമുള്ള ഒരു ജനകീയ മാധ്യമമാണ് സിനിമ. സിനിമകൾ വെറും കച്ചവടച്ചരക്കുകൾ  മാത്രമല്ല സാഹിത്യശില്പങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തെ  പ്രധാനവിപണിയായും  മലയാളികളെ പ്രധാന ഉപഭോക്താക്കളായും കണ്ടുകൊണ്ട് സിനിമ നിർമ്മിക്കുനവർക്ക് മലയള‌ഭാഷയോട് ബാധ്യതയുണ്ട്.

ഇതൊക്കെയണെങ്കിലും  സിനിമയ്ക്ക്  ഏതുഭാഷയിൽ എന്ത് പേരിടണം എന്നത്  സിനിമ എടുക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കുടി പ്രശ്നമാണ്.  അതുകൊണ്ടുതന്നെ സിനിമയ്ക്കോ മറ്റ് സാഹിത്യസൃഷ്ടികൾക്കോ പേരിടുന്നത്  ഇന്ന ഭാഷയിൽ ആകണം ആയിക്കൂട എന്നു നിഷ്കർഷിക്കുന്നതിൽ സ്വാതന്ത്ര്യ‌നിഷേധം ഉൾച്ചേർന്നിരിക്കുന്നു.  മാത്രവുമല്ല,  മാതൃഭാഷ ഒരു വികാരമാണ്. ആയിരിക്കണം. അല്ലാതെ അത് ആരുടെ മേലും അടിച്ചേല്പിക്കാവുന്നതല്ല. അടിച്ചേല്പിക്കുന്നതുകൊണ്ട് ആരും ഒരു ഭാഷയെ സ്നേഹിക്കാനും പോകുന്നില്ല. അതൊക്കെ അവരവരുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. സിനിമ മാത്രമല്ല പല പ്രമുഖ സാഹിത്യകാരൻമാരും അവരുടെ കൃതികൾക്ക് മറ്റു ഭാഷാ തലക്കെട്ടുകൾ നൽകുന്നുണ്ട്. അതുകൊണ്ട് അവരുടെ കൃതികളൊന്നും അവാർഡിനോ മറ്റോ പരിഗണിക്കില്ല എന്ന് ശഠിക്കാനാകുമോ?

ഇതിപ്പോൾ സിനിമകൾക്ക് മാത്രം ഈ നിബന്ധന വയ്ക്കുന്നതെന്തിന് എന്നൊരു ചോദ്യം ഈ സന്ദർഭത്തിൽ ആരെങ്കിലും ഉയർത്തിയാൽ അവരെ കുറ്റം പറയാനാകുമോ    ? നമ്മുടെ സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരുകൾ എല്ലാം ഇംഗ്ലീഷ് അല്ലേ? അതൊക്കെ  മാറ്റിയിട്ടു വേണ്ടേ മറ്റുള്ളവയ്ക്കു‌മേൽ ഭാഷാനിബന്ധന അടിച്ചേല്പിക്കാൻ? എന്തിന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അവസാനത്തെ കോർപ്പറേഷൻ എന്ന വാക്ക് ഇംഗ്ലീഷ് അല്ലേ? അത് മാറ്റണ്ടേ? സമിതി എന്നു പോരേ? ചിത്രാഞ്‌ജലി സ്റ്റുഡിയോ ഉണ്ടല്ലോ. സ്റ്റുഡിയോയ്ക്ക് ഇതുവരെ ഒരു ഇംഗ്ലീഷ് കണ്ടെത്തിയോ? സെക്രട്ടറിയേറ്റിനെ സർക്കാർ കാര്യാലയം എന്നും കളക്ട്രേറ്റുകളെ ജില്ലാ കാര്യാലയങ്ങളെന്നും താലൂക്ക് ഓഫീസുകളെ താലൂക്ക് കാര്യാലയങ്ങൾ എന്നും പറയരുതോ? സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെ സർക്കാർ കാര്യാലയ സഹായികൾ എന്നു പറഞ്ഞുകൂടെ? കളക്ടറെ കരംപിരിവുകാരൻ എന്നു പറഞ്ഞുകൂടേ? ഗ്രാമ പഞ്ചായത്ത് ഓഫീസുകളെ പഞ്ചായത്ത് കാര്യാലയങ്ങൾ എന്നു പറയാം. ബ്ലോക്ക് ഓഫീസുകളെ എന്തു പറയും? മധ്യമ പഞ്ചായത്ത് ഓഫീസുകൾ എന്നോ മറ്റോ പറയണം.

എന്തിന്, ഈ പറയുന്ന മാധ്യമത്തിന് ചലച്ചിത്രം, പടം എന്നൊക്കെ അല്ലാതെ സിനിമ എന്നു പറയുന്നതോ‌? സിനിമ എന്നത് ഇംഗ്ലീഷ് വാക്കല്ലേ? എന്തിനേറെ പറയുന്നു ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തന്നെ അങ്ങ് നിർത്തരുതോ? അതിനുള്ള തന്റേടം ഭരണാധികാരികൾക്ക് ഉണ്ടോ? ഒന്നുകിൽ എല്ലാവരും മലയാളം മീഡിയം പഠിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയം പഠിക്കണം. അല്ലാതെ രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലല്ലോ. ഇവിടെ ഇപ്പോൾ  മലയാള സിനിമകൾക്ക് മലയാളം പേരുകൾ തന്നെ ഇടണമെന്നത് ഒരു ആജ്ഞയുടെയോ  ഭീഷണിയുടെയോ നിയമത്തിന്റെയോ  രീതിയിൽ പറയേണ്ടതല്ല. അത് ഒരു അഭ്യർത്ഥനയുടെ രൂപത്തിൽ പറയേണ്ടതാണ്. സിനിമാ മേഖലയെ ഒരു വ്യവസായ മേഖലയായി അംഗീകരിച്ചിരിക്കുന്നതിനാൽ അവിടെ ലാഭമാകും പ്രധാന പ്രചോദനം. അതുകൊണ്ട് സിനിമ എന്ന ഉല്പന്നത്തെ മാർക്കറ്റ് ചെയ്യാൻ പല അടവുകളും അതിന്റെ ഉല്പാദകർ സ്വീകരിക്കും. അതിപ്പോൾ ഇംഗ്ലീഷിൽ പേരിട്ടുകൊണ്ടാണെങ്കിൽ അങ്ങനെ!

ഒരു ചർച്ചാ വിഷയം എന്നനിലയിൽ ഇവിടെ കുറിച്ചതുപോലെ ചില എതിർ വാദങ്ങൾ ഉന്നയിക്കാമെങ്കിലും മലയാള സിനിമയ്ക്ക് മലയാളം പേരുകൾ തന്നെ ഇടുന്നതാണ് നല്ലത്. മലയാളം നമ്മുടെ മാതൃഭാഷയാണ്. അതിന്റെ നില‌നില്പിനും വികാസത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങളെ പാടേ നിരാകരിക്കാവുന്നതല്ല. അതുകൊണ്ട് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ പ്രഖ്യാപനവും പാടേ അവഗണിക്കാവുന്നതല്ല. ഇത് ചർച്ചെയ്യപ്പെടേണ്ട ഒന്നാണ്. എല്ലാവർക്കും ഈ വിഷയത്തിൽ വാദങ്ങളും എതിർവാദങ്ങളും ക്രിയാത്മകമായ അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കാൻ ഈ ചർച്ച സഹായകമാകും. ആകണം. നമ്മുടെ ഭാഷയോടുള്ള സ്നേഹത്തെ മുൻ‌നിർത്തിത്തന്നെയാകണം ഈ ചർച്ചകൾ എന്നു മാത്രം! മലയാള ഭാഷ നില നിന്നാലേ മലയാള സിനിമയ്ക്കും നില നില്പുള്ളൂ എന്ന കാര്യം നമ്മൾ വിസ്മരിക്കരുത് എന്നു പറഞ്ഞുകൊണ്ട് തൽക്കാലം ഈ കുറിപ്പ് ചുരുക്കുന്നു.

Tuesday, July 22, 2014

പ്രവേശനപ്രശ്നങ്ങൾ

പ്രവേശനപ്രശ്നങ്ങൾ

ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് പതിവിലും നേരത്തേ വന്നു. അത് അഭിനന്ദനാർഹം തന്നെ. പക്ഷെ അതിന്റെ ഗുണഫലം കുട്ടികൾക്ക് ലഭിച്ചില്ല. പത്താം തരം കഴിഞ്ഞാൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പ്ലസ്-ടു കോഴ്സിനാണ് ചേരുക. എന്നാൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഈ കുറിപ്പെഴുതുമ്പോഴും നടന്നിട്ടില്ല. അപേക്ഷ നൽകാനുള്ള തീയതി ജൂൺ പതിനാറിന് അവസാനിച്ചു. ഓൺ ലെയിൻ അപേക്ഷാ സമർപ്പണത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപേക്ഷാ ഫോമുകൾ ഉടൻ അടിച്ചിറക്കുമെന്ന് പ്രഖ്യാപനം വന്നു. എന്നാൽ സ്കൂളുകളിലൊന്നും പിന്നീട് അച്ചടിച്ച അപേക്ഷാ ഫോമുകൾ വന്നതായി അറിയില്ല. അപേക്ഷാ സമർപ്പണം ഓൺലെയിൽനിൽ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് മനസിലാക്കുന്നത്. സി.ബി.എസ്.സി കുട്ടികൾക്കു വേണ്ടിയാണ് പ്രവേശന നടപടികൾ താമസിപ്പിക്കുന്നതെന്ന ഒരാക്ഷേപവും ഉയർന്നു വന്നിരുന്നു.

എന്തായലും ജൂൺ പകുതി കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. സാധാരണ ജൂലൈ ആദ്യമെങ്കിലും  ക്ലാസ്സ് തുടങ്ങാൻ സാധിച്ചിരുന്നു. ഇത്തവണ ജൂലൈ ആദ്യവരത്തിലൊന്നും ക്ലാസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല.  കാരണം അപേക്ഷാ സമർപ്പണം പൂർത്തിയായതല്ലാതെ മറ്റ് നടപടികളൊന്നും യഥാസമയം നടക്കുന്നതായി അറിവില്ല. പ്ലസ് വണ്ണിന്  കുട്ടികൾക്ക് ലഭിക്കുന്ന അദ്ധ്യയന ദിവസങ്ങൾ വളരെ ചുരുങ്ങും. വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പു കേടാണിതെന്ന് വിമർശനം സ്വാഭാവികമായും ഉയർന്നു വരുന്നു. 

മറ്റൊരു കാര്യം കാലമിത്രയായിട്ടും പത്താം തരം ജയിക്കുന്ന എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കുന്നില്ല എന്നതാണ്. അഡ്മിഷൻ  ലഭിക്കുന്നവരിൽ നല്ലൊരു പങ്കിനും അവരുടെ ഇഷ്ടപ്പെട്ട കോംബിനേഷൻ  കിട്ടാതെയും പോകുന്നു. നാടാകെ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചിട്ടും സ്ഥിതി ഇതാണ്. ഈ വർഷം  പുതിയ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചില്ലെങ്കിലും അഡീഷണൽ ബാച്ചുകൾ അനുവദിക്കാൻ നടപടികൾ ആയിട്ടുണ്ട്. എന്നാൽ പോലും കുറെ കുട്ടികൾക്ക് സ്കൂളിൽ കിട്ടാതെ പോകും. ഏറ്റവും വിചിത്രമായ കാര്യം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കുറെ സീറ്റുകൾ ഫിൽ ആകാതെ കിടക്കുകയും അതേസമയം ധാരാളം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാതെയും പോകുന്നുവെന്നതാണ്. കാരണം കുട്ടികൾക്ക് പോയി വരാൻ സൌകര്യമുള്ള സ്കൂളുകളിൽ കിട്ടാതെ വരുമ്പോൾ അവർ ഓപ്പൺ സ്കൂളിനെയും പ്രൈവറ്റ് രജിസ്ട്രേഷനെയും ആശ്രയിക്കുന്നു.

ഗതാഗത സൌകര്യമില്ലാത്ത സ്കൂളുകളിലാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുക. അത് ആർക്കും പ്രയോജനപ്പെടാതെ പോകുന്നു. എന്നാൽ അധിക ബാച്ചുകളും പുതിയ പ്ലസ്-ടൂ സ്കൂളുകളും തുടങ്ങേണ്ട സ്ഥലങ്ങളിൽ അത് തുടങ്ങുന്നുമില്ല. എന്തിനാണ് അനാവശ്യമായ ദൌർലഭ്യം സൃഷ്ടിച്ച് ഒരു വിഭാഗം കുട്ടികളെ നിരാശപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. പത്താം തരം ജയിക്കുന്ന എല്ലാകുട്ടികൾക്കും സ്കൂളുകളിൽ പ്ലസ് ‌ടൂവിന്  തുടർന്നു പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.  സ്കൂളിൽ കിട്ടുന്നവരും കിട്ടാത്തവരും എന്ന തരം തിരിവിന്റെ ആവശ്യമെന്താണ്? ഗ്രേഡ് കുറഞ്ഞവരിൽ പണക്കാരുടെ മക്കൾ കാശു കൊടുത്ത് എയ്ഡഡ് സ്കൂളുകളിലെ മാനേജുമെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളികളിലും പഠിക്കും. പാവപ്പെട്ട കുട്ടികളാണ് എങ്ങടവും ഇല്ലാതാകുന്നത്.

ഇതൊക്കെ കേവലം പരിദേവനങ്ങളായി അവതരിപ്പിക്കാം എന്നല്ലാതെ ബന്ധപ്പെട്ട ആരെങ്കിലും ഈ കുറിപ്പ് കാണുമെന്നോ, കണ്ടാൽ തന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നില്ല. എങ്കിലും കണ്ടാൽ കേട്ടാൽ പറയുക, ഗൌരവമുള്ള കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരിക എന്നിവ പത്രധർമ്മം ആകയാൽ ഇപ്രകാരം കുറിയ്ക്കുന്നു എന്നു മാത്രം. അറിഞ്ഞും അറിയാതെയും ഇതു വായിക്കുന്നവരിൽ നിന്നും ഈ കുറിപ്പിന്റെ സന്ദേശം ബന്ധപ്പെട്ട ആരുടെയെങ്കിലും കാതുകളിൽ ഒരു പക്ഷെ ചെന്നെത്തിയേക്കും എന്ന പ്രതീക്ഷ ഇല്ലാതില്ല. പ്രതീക്ഷകളാണല്ലോ എല്ലാവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമേകുന്നത്!

(2014 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഡിറ്റോറിയലായി എഴുതിയത്)

Friday, June 20, 2014

ജനവിധി 2014

ജനവിധി 2014

ഇക്കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ നാളിതവരെയുള്ള ചരിത്രഗതി മാറി മറിയുകയാണ്. ഇന്ത്യ ഒരു പുതിയ യുഗത്തിലേയ്ക്ക് കടക്കുകയാണ്. ജയിച്ചു കയറിയവർക്കും തോറ്റവർക്കുമടക്കം ഇക്കാലമത്രയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പാഠങ്ങൾ ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒപ്പം ജനങ്ങൾക്കും.  ആരു ജയിച്ചു എന്നതിനപ്പുറം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നുള്ളത് ഏത് തെരഞ്ഞെടുപ്പിലും പ്രസക്തമാണ്. എന്നാൽ അത് ജയിക്കുന്നവരും തോൽക്കുന്നവരും കാര്യമായി ഗൌനിക്കാറില്ല. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്യും.

ലിഖിതമോ അലിഖിതമോ ആയ ഒരു പ്രകടന പത്രികയുമായാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. ഇപ്പോൾ അധികാരത്തിലേറുന്നവർക്കും പ്രകടനപത്രികയുണ്ടായിരുന്നു. അപ്പോൾ സാങ്കേതികമായി അവരുടെ പ്രകടന പത്രികയിലെ  വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നെങ്കിലും അത് നടപ്പിലാക്കാനുള്ള അനുമതിയായി ഈ ജനവിധി വിവക്ഷിക്കപ്പെടും. അതിൽ ഏതൊക്കെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ഏതിലൊക്കെ തൊടാൻ കഴിയും എന്നുള്ളതൊക്കെ വെറെ കാര്യം. എന്തായാലും ഇപ്പോൾ ജയിച്ചവർക്ക് ശക്തനായൊരു നേതാവുണ്ട്. കേഡറ്റ് സ്വഭാവത്തിലുള്ള പാർട്ടിയുടെയും  പാർട്ടിയേതര പ്രസ്ഥാനങ്ങളുടെയും ശക്തമായ പിൻ‌ബലമുണ്ട്. ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് അവരുടെ  ഭരണ കാലയളവിൽ ഉണ്ടാവുകയും ചെയ്യും. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്നുള്ള ധാരണകളും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണല്ലോ.

ഏതായാലും രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണോ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്ന ഒരു സാഹചര്യം സംജാതമാകുമോ എന്നറിയില്ല. അതൊക്കെ കാത്തിരുന്ന് കാണുക. ഭരണമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന്റെ ഉത്തരമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങളെ എക്കാലത്തും വിഢികളാക്കാൻ കഴിയില്ലെന്നും സഹികെട്ടാൽ ജനം ഏതറ്റം വരെ പോകുമെന്നുമുള്ള പാഠം കൂടി  ഈ ജനവിധി നൽകുന്നുണ്ട്.
മതേതരത്വം പാടി നടന്നാൽ മാത്രം ജനങ്ങൾക്ക് വയറു നിറയില്ല എന്ന പാഠം മതേതര ലേബലിലുള്ള പാർട്ടികൾക്കില്ലാതെ പോയതിന്റെ ദു:ഖം മതേതരലേബലിലുള്ള പാർട്ടികൾ പങ്കിട്ടെടുക്കട്ടെ. യോജിപ്പും ഭിന്നിപ്പും എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലാതെ അധികാരത്തിനു വേണ്ടി മാത്രമാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് മുൻ‌കൂട്ടി കാണാൻ കഴിയാഞ്ഞിട്ടല്ല, നാളെ എന്തായാലും നമുക്കെന്താ നമ്മുടെ കാലം സുഭിക്ഷമാകണമെന്ന സ്വാർത്ഥ ചിന്തയുമായി ഭരിക്കുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്തവർ ഇനിയെങ്കിലും പാഠം പഠിച്ചാൽ നന്ന്.

എന്തായാലും ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അവരുടെ പ്രകടന പത്രികയിലെ വിവാദ വാഗ്ദാനങ്ങളും രഹസ്യവും പരസ്യവുമായ അവരുടെ വിവാദവിഷയകമായ അജണ്ടകളും ലക്ഷ്യങ്ങളും സംബന്ധിച്ച മതേതരവാദികളുടെ ആശങ്കകളും ഗുജറാത്തിൽ സംഭവിച്ച ചില പേടിപ്പെടുത്തുന്ന  ഓർമ്മകളും മാറ്റി നിർത്തിയാൽ  ഒരു രാഷ്ട്രീയക്കാരൻ, അതും ശക്തനായ ഒരു നേതാവ് രാജ്യഭരണത്തിനു നേതൃത്വം നൽകുന്നു എന്നത് ഒരു പ്രത്യേകതയാണ്. രാജ്യം ഭരിക്കേണ്ടത് ബ്യൂറോക്രാറ്റുകളല്ല, രാഷ്ട്രീയക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തെ ദയനീയമായി കൂപ്പുകുത്തിച്ചത് ഒരു ബ്യൂറോക്രാറ്റിനെ ഭരണ നേതൃത്വം ഏല്പിച്ചതിന്റെ ദുരന്തഫലമാണെന്ന് കോൺഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ട സമയം കൂടിയാണിത്. 

എന്തായാലും ജനവിധി ജനവിധിയാണ്. അതു പിന്നീട് ജനത്തിന്റെ തലവിധിയും തന്നെ. ഇനി മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ബി.ജെ.പി ഗവർണ്മെന്റ് ഇന്ത്യയുടെ ഗവർൺ‌മെന്റാണ്. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. അതുകൊണ്ട് മോഡി സർക്കാർ നമ്മുടെ എല്ലാം സർക്കാർ തന്നെ. ഇനി വിമർശന ബുദ്ധ്യാ ഭരണത്തെ നോക്കികാണുക. ഗുണഫലങ്ങൾ വല്ലതുമുണ്ടെങ്കിൽ അനുഭവിക്കുക. ദോഷങ്ങളുണ്ടായാൽ ജനധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്താൻ ശ്രമിക്കുക. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം  വളരെ വലുതാണ്.


(2014 മേയ് ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ എഡിറ്റോറിയൽ)

Friday, May 23, 2014

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് അനുകൂലമായി കേരള സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായം പ്രകടിപ്പിച്ചതായി വാർത്ത വന്നിരിക്കുന്നു. കേരളത്തിൽ സ്കൂൾ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ മുമ്പും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. കോടതികളെ സമീപിച്ചിട്ടുണ്ട്. ചില അനുകൂല വിധികൾ സമ്പാദിക്കുകയും അത് പിന്നീട് സ്കൂൾ- കലാലയ രാഷ്ട്രീയത്തെ കുറച്ചൊക്കെ പ്രതികൂ‍ലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാലയ രാഷ്ട്രീയം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്നില്ല. ലിങ്ദോ കമ്മീഷന്റെയും മറ്റും ചില ഇടപെടലുകൾ കലാലയ രാഷ്ട്രീയം,  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അരാഷ്ട്രീയ വാദികൾ തൃപ്തരായില്ല. അവർക്ക് വേണ്ടത് സമ്പൂർണ്ണ നിരോധനമാണ്. അതിനായി അവർ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് ഇത്തരകാരിൽ ചിലർ  കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. സ്വകാര്യ മാനേജുമെന്റുകൾക്ക് തങ്ങളുടെ തോന്ന്യാസങ്ങൾ നടത്താൻ പലപ്പോഴും കലാലയ രാഷ്ട്രീയം തടസ്സമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം ഇല്ലാത്ത കലലയങ്ങളിൽ തികഞ്ഞ അരജകത്വം ഉണ്ടാകുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത്തരം കലാലയങ്ങളിൽ  കാമ്പസ്  രാഷ്ട്രീയത്തിന്റെ അഭാവത്തിൽ   ക്രിമിനൽ സ്വഭാവമുള്ള കാളികൂളി പിള്ളെരുടെ  ഗ്യാംഗുകളും ഗ്യാംഗ് വാറുകളും ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വലിയ വിപണീകളായി അത്തരം കലാലയങ്ങൾ മാറുന്നു. വിദ്യാർത്ഥികൾ വർഗ്ഗീയവാദികളും തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മാറാനും അരാഷ്ട്രീയ കലാലയങ്ങൾ കാരണമാകും.  അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അരാജകത്വമാകും അരാഷ്ട്രീയ കലാലയങ്ങളിൽ സംഭവിക്കുക.

സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും വരും തലമുറയിൽ അന്യം നിൽക്കാനാകും കലാലയ രാഷ്ട്രീയ നിരോധനം സഹായകമാകുക. പണ്ട് കലാലയ സംഘട്ടനങ്ങളുടെ പേരു പറഞ്ഞാണ് ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ രംഗത്തിറങ്ങിയിരുന്നത്. ചിലർ  അക്കാഡമിക നിലവാരം തകർച്ചയെക്കുറിച്ചും മുതലക്കണ്ണീ‍രൊഴുക്കി.  ഇന്നും  അരാഷ്ട്രീയവാദികൾ   വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്നത് വിദ്യാർത്ഥിസംഘട്ടനം,  അക്കാഡമിക നിലവാരത്തകർച്ച തുടങ്ങിയ വാദങ്ങളാണ്.  കലാലയ രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും പോലും അക്കാഡമിക നിലവാരം തകർക്കുന്നില്ല എന്നതണ് അനുഭവം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്നു വന്ന നേതക്കളെല്ലാം ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കിയിട്ടുള്ളവരാണ്. രാഷ്ട്രീയത്തിലൊന്നുമിറങ്ങാതെ പഠിക്കുന്ന എത്രയോ പേർ ഉഴപ്പിയും കളിച്ചു നടന്നും ലഹരി വസ്തുക്കൾക്കടിമപ്പെട്ടും അവരുടെ ഭാവി കളയുന്നുണ്ട്. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ബഹുഭൂരിപക്ഷവും കൈ നിറയെ ബിരുദങ്ങളും ബിരുദാ‍നന്തര ബിരുദങ്ങളുമായി തന്നെയാണ് പൊതു ധാരയിലേയ്ക്ക് വരുന്നത്. അവർ മറ്റുള്ളവർക്ക് മാതൃകകളുമാണ്. ഏതെങ്കിലും വിദ്യാർത്ഥിയുടെ അക്കാഡമിക്ക് ഭാവി തകരുന്നുണ്ടെങ്കിൽ അതിന്റെ കുറ്റം കലാലയ രാഷ്ട്രീയത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. കലാലയ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവരേക്കാൾ കൂടുതൽ അക്കാഡമികത്തകർച്ച മറ്റ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഏത് പ്രതിഭാസത്തിന്റെ  തലയിൽ കെട്ടിവയ്ക്കും?

പണ്ട് കലാലയ രാഷ്ട്രീയം കത്തിനിന്ന കാലങ്ങളിൽ നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ അവ സംഘർഷാത്മകമാകുമായിരുന്നു എന്നത് നേരുതന്നെ. ഇന്നും പലപ്പോഴും സംഘർഷങ്ങൾ നടക്കുന്നുണ്ട്. അടിപിടി അക്രമങ്ങൾ കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. അത് സമൂഹത്തിന്റെ  പല മേഖലകളിലും സംഭവിക്കുന്നുണ്ട്. അതിനെ നേരിടാൻ നിയമങ്ങളുമുണ്ട്. എങ്കിലും കലാലയങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കി കലാലയ രാഷ്ട്രീയം സർഗ്ഗാത്മകവും  സംവാദാത്മകവുമാക്കി  നിലർത്തുവാനുള്ള നിയന്ത്രണങ്ങൾ സ്വാഗതാർഹമാകും. അല്ലാതെ സമ്പൂർണ്ണ വിദ്യാർത്ഥി‌രാഷ്ട്രീയ നിരോധനം ജനാധിപത്യവിരുദ്ധമാണ്. അത് ഭൂഷണമല്ല. കലാലയത്തിലല്ല, എവിടെയും രാഷ്ട്രീയം  നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമാധാനപരമായി സംഘടിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും  സമരം ചെയ്യുവാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന എല്ലാ പൌരൻ‌മാർക്കും  നൽകുന്നുണ്ട്. കലാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും പുറത്തും എവിടെയും ഈ പൌരാവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. കലാലയ മാനേജു  മെന്റുകൾ വിദ്യാർത്ഥിരാഷ്ട്രീയം നിഷേധിച്ചു കൊണ്ടുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ഇറക്കുന്നതും അതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് ഒപ്പു വയ്പ്പിക്കുന്നതും പോലും  ഭരണഘടനാ വിരുദ്ധമാണ്.

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബഹുമാനപ്പെട്ട നീതി പീഠങ്ങളായാലും ഭരണകൂടമായാലും കോളേജ് മാനേജുമെന്റുകളായാലും അത്  ഭരണഘടനാ വിരുദ്ധമാണ്. ഭരണ കൂടം ഈ സ്വാതന്ത്ര്യ നിഷേധത്തിന് ഒത്താശ ചെയ്ത് അതിനുകൂട്ടുനിന്നാൽ അത് ഭരണകൂട ഭീകരതയാണ്. നമ്മുടെ കലാലയങ്ങൾ സംഘർഷ രഹിതവും എന്നാൽ തികച്ചും ജനധിപത്യപരമായി രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉള്ളവയും സർഗ്ഗാത്മകവും സംവാദാത്മകവും  ആകണം. മാറുന്ന  കാലത്തിനനുസരിച്ച് അതിന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം,  ആവശ്യമായ നിയന്ത്രണങ്ങൾ  എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാം.  അല്ലാതെ രാഷ്ട്രീയ നിരോധനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. അത് കലാലയങ്ങളിലായലും മറ്റെവിടെയായാലും. ഭാവി തൽമുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ അവർ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാർജ്ജിക്കണം. അവർ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം.  അവർ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരും  ആകണം. പക്വമാർന്ന ഒരു ജനധിപത്യ സമൂഹം ഇവിടെ വളർന്നു വരണം. രാജ്യത്തിന്റെ ഭാവി ഭാവി‌തലമുറയിലാണ്. അവർ കേവലം പുസ്തകപ്പുഴുക്കളും  സ്വാർത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവീയ സ്നേഹവും രാഷ്ട്രീയബോധവും ജനാധിപത്യ ബോധവും   ഉള്ളവരാകണം. വരും തലമുറ രാജ്യ സ്നേഹവുമുള്ള ഉത്തമ പൌരൻ‌മാരാകണം. അതിന് സർഗ്ഗാത്മകവും സമാധാന പൂർണ്ണവുമായ കലാലയങ്ങൾ ഉണ്ടാകണം. അതിന് കലാലയങ്ങളിൽ  രാഷ്ട്രീയവുമുണ്ടാകണം.

(2014 ഏപ്രിൽ ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ)