Sunday, July 25, 2010

പൊതുയോഗനിരോധനം പെരുവഴിയിൽ

മുൻമൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാൽ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അർത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികൾ.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അർത്ഥശൂന്യം. ഈ വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താൻ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോർക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയിൽ

കളിതമാശയല്ല കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധർമ്മമാണ് നീതിപീഠത്തിനു നിർവഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും കാലകാലങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുകയും സങ്കീർണ്ണതകൾ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളിൽ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമർശനങ്ങളിൽനിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിർത്തുന്നതും ഒരർത്ഥത്തിൽ ജനകീയമല്ലാത്ത ഈ ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളിൽ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉൾഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാൽ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. എന്നാൽ മറ്റെന്തിനെക്കാളും കുറച്ച് കൂടുതൽ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയിൽ നിന്നും അതിക്രമങ്ങളിൽനിന്നും പോലും ജങ്ങളെ രക്ഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയിൽ അത് അവസാന വാക്കാണ്. ചിലപ്പോൾ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉൾക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവർക്കാണ് കുറ്റമറ്റ രീതിയിൽ നീതി നടപ്പിലാക്കാൻ കഴിയുക. സാമൂഹ്യബോധമില്ലാത്തവർ നീതി പീഠങ്ങളുടെ അമരത്തെത്തിയാൽ പൊതുജനത്തിനതു ദുർവിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം ഏരിയാതലത്തിൽ സി.പി.ഐ (എം) കാൽനടപ്രചരണ ജാഥകൾ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ആ ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒൻപത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവർത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയിൽ. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയിൽ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉൾപ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വൻപിച്ച സ്വീകരണവും ജാഥയിൽ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികിൽ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. കാണാനും കേൾക്കാനും നിരവധി ആളുകൾ. പൊതുവഴികളിൽ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമർശനവും നേതാക്കൾ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആർക്കും വലിയ അസൌകര്യങ്ങൾ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികിൽ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകൾ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവർക്കോ കടന്നു പോയവർക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളിൽ ചിലർക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികിൽ യോഗം നടന്നതുകൊണ്ടല്ല. അവർ രാഷ്ട്രീയ എതിരാളികൾ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയിൽ ഉടനീളം പോലീസ് എസ്കൊർട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തിൽ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാർ!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റിൽ! അതെ, പൊതുയോഗം പൊതുവഴിയരികിൽത്തന്നെ , കോടതിവിധിയും “പെരുവഴിയിൽ”തന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികൾ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാർ ഒരുപാടുണ്ട് നമുക്ക്. അവർക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാർ. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാൾ കൂടുതൽ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരിൽ നിന്നും ഉണ്ടാകാറുണ്ട് എന്നതിൽ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമർശനങ്ങൾക്ക് അതീതമല്ല.

പാലിക്കാതിരിക്കാൻ വേണ്ടി മാത്രം കോടതികൾ വിധിന്യാ‍യങ്ങൾ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹർജ്ജികൾ വരുമ്പോൾ കോടതികൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തിൽ വിധിപ്രസ്താവനകൾ നടത്തിയാൽ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോൾ സി.പി. ഐ(എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാർട്ടികളുടെയും ജാഥകൾ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികിൽ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികൾ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികൾ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാൽ കോടതിവിധികളെ മറികടക്കാൻ സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം മനസിൽ വച്ചു കൊണ്ടു വേണം കോടതികൾ വിധിപ്രസ്താവനകൾ നടത്താൻ. അല്ലെങ്കിൽ പലവിധികളും വെള്ളത്തിൽ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിർക്കുന്നവർക്കെതിരെ വേണമെങ്കിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാൽ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികൾക്കും തെറ്റുകൾ സംഭവിച്ചാൽ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൌകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം (അരാഷ്ട്രീയവാദികൾ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തിൽ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവർ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ കോടതികൾക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, ഈ രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാർ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാർ? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവർണ്മെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ പോലും കോടതികൾ നൂലാമാലകൾ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങൾ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളിൽ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാർ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാൻ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാൻ എഴുതിയ പോസ്റ്റിൽ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങൾക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവൻ അരാഷ്ട്രീയവൽക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതിൽ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലർ അറിഞ്ഞും അറിയാതെയും ഈ മുതലാളിത്ത തന്ത്രത്തിൽ വീണു പോകുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാൻ.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോൾ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാർക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവർ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവർ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാർക്സിസ്റ്റുകൾ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാർക്സിസ്റ്റുകൾ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാർ. എന്നാൽ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവൻ വായിക്കുന്നവർ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയില്പെട്ടാൽ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാൻ പോകുന്നു!

12 comments:

അങ്കിള്‍ said...

"പൊതുവഴിയരികിലെ പൊതുയോഗനിരോധനം" ഇങ്ങനെയൊരു നിരോധനം ഒരു കോടതിയില്‍ നിന്നും ഉണ്ടായില്ലല്ലോ, സജിം. വിധി പ്രസ്താവിച്ചപ്പോള്‍ കോടതിമുറിയില്‍ കേട്ട പരാമര്‍ശങ്ങളെ നമ്മുടെ മാധ്യമങ്ങളാണ് വ്യാഖ്യാനിച്ചു ഇങ്ങനെ വിധിച്ചത്. ദിവസങ്ങളോളം പത്ര /ദൃശ്യ മാധ്യമങ്ങള്‍ കൊണ്ടാടി. നമ്മുടെ രാഷ്ട്രീയ നേതാക്കളെ കൊണ്ട് 'ശുംഭന്‍' 'ഉണ്ണാമന്‍' എന്നൊക്കെ വിളിപ്പിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു വിധി പകര്‍പ്പ് പുറത്തു വന്നത് വായിച്ചു യഥാര്‍ത്ഥ്യം അറിഞ്ഞ മാധ്യമങ്ങള്‍ മൌനം പാലിച്ചു. മറുള്ളവരെ തമ്മിലടിപ്പിച്ചു ചാനലുകള്‍ക്ക് പ്രേക്ഷകരെ ഉണ്ടാക്കി. ഇന്നലെ മുതല്‍ കോടതി വിധി എന്തായിരുന്നു എന്ന് അപ്രധാന വാര്‍ത്തകളായി പത്രങ്ങളില്‍ വന്നു തുടങ്ങി. ഉദാ:

"ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പൊതുയോഗങ്ങള്‍ക്കു പൊലീസ്, പൊതുമരാമത്ത്, റവന്യു, മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കരുതെന്നായിരുന്നു ഉത്തരവ്." - മനോരമ 24-7-2010.

"റോഡും വഴിയോരവും കൈയടക്കി പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി .........." മാതൃഭൂമി 24-7-2010

നമ്മളില്‍ പലരും കാള പെട്ടെന്ന് കേട്ടുടനെ കയറെടുത്തു.

സഞ്ചാര സ്വാതന്ത്ര്യം പൌരനു ഉറപ്പു നല്‍കുന്ന ഭരണഘടനയെ ഉയര്തിപിടിക്കേണ്ട കടമ കോടതികള്‍ക്കില്ലേ? പൌരനു സഞ്ചാര സ്വാതന്ത്ര്യം ഒരുക്കികൊടുക്കണം എന്നാവശ്യ പെട്ടത് തെറ്റായിപ്പോയോ?

തെറ്റാണെന്ന് രാഷ്ട്രീയകാര്‍ക്ക് തോന്നുന്നുവെങ്കില്‍ അതിനു വേണ്ടുന്ന നിയമം പാസാക്കാന്‍ ഇതേ കോടതി ആവശ്യപ്പെടുന്നുണ്ട്. നിയമസഭയില്‍ കോടതിക്ക് കാര്യമില്ലല്ലോ. അവിടെ നിയമം പാസ്സക്കേണ്ടത് നമ്മുടെ സാമാജികരല്ലേ? അത് ചെയ്യുന്നതല്ലേ മാന്യത. അതിനു ശേഷം കോടതി ഇങ്ങനെയൊരു ഇടപെടല്‍ നടത്തുമെന്ന് പേടിക്കയെ വേണ്ടല്ലോ.

അന്ങ്ങനെ നിയമം ഉണ്ടാക്കാതെ കോടതിയെ വിമര്‍ശിക്കുന്നത് ജനാധിപത്യത്തിനു ദോഷം ചെയ്യും. ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണം കൈയ്യാളി സര്‍വാധിപത്യം (തൊഴിലാളി വര്‍ഗത്തിന്റെ) ലക്ഷ്യമിടുന്ന കുറച്ചു പേര്‍ക്ക് കോടതികളെ ഇല്ലതാക്കേണ്ടത് ആവശ്യമായിരിക്കാം.

വായന said...

വാക്യത്തില്‍ പ്രയോഗം
വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഭാര്യ നിര്‍ബന്ധ പുര്‍വ്വം ആയുര്‍വേദ മരുന്ന് കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ നാവടക്കാനുള്ള മരുന്നാണെന്നാണ് ഉപദേശം ...

പൊതു യോഗ നിരോധം ഫെയിം
ജസ്റിസ് രാമചന്ദ്രന്‍ ...
മാധ്യമം ഗള്‍ഫ് ജുലൈ25 പേജു 16
http://sapy-smiling.blogspot.com/2010/07/blog-post_25.html

അനില്‍@ബ്ലോഗ് // anil said...

2. Even though petitioner has brought to our notice the specific instance of public meeting permitted on public road in front of the Railway Station in Aluva, we feel being a public interest litigation, we should extend the benefit not only to the users of Aluva road, but to the people of the State as a whole because it is a notoriously known fact that roads in Kerala, including State Highways and National Highways are single lane roads hardly providing sufficient space for two way traffic leaving no space for meetings on road and road
margins. In fact, the density of traffic in the State and the instances of traffic block on account of meetings on roadside and occassionly
vehicles ploughing into processions leading to death of several innocent people are facts known to everybody. Therefore we feel prohibitory orders against holding meetings on public roads and road margins have to be issued not only to ensure free flow of vehicles on
roads, but to prevent loss of lives and injury to people, in the event of rash vehicles running into people assembled in meetings on roadside. In our view, the interest of public will be protected only if prohibitory orders are issued against all Government agencies and
it's authorities against granting permission to hold meetings on public roads and road margins. In order to effectively implement this order, we make the Chief Secretary to Government, Secretariat, Thiruvananthapuram, as additional respondent. We do not think there is any need to hear the additional respondent on the view of the Government because in our view overnment cannot have any objection against this Court protecting public interest and lives of people by issuing prohibitory orders from permitting meetings on public roads and road margins which itself is illegal. In our view, all meetings should be permitted only in Stadiums, public grounds outside road margins and grounds of educational institutions on holidays. We therefore allow the WPC by prohibiting the respondents and other Government agencies including PWD, Police, Revenue and Local authorities from granting any permission to hold
meetings on public roads and road margins. Contrary to this prohibitory order, if any meeting is held with or without permission,
there will be direction to the police to remove stages and all installations, articles and people and prevent the meeting being held on public road and road margins.
The Chief Secretary to Government will, along with a copy of this judgment, issue instructions to the Director General of Police, departments of PWD,
revenue and local administration, to implement this judgment. The Chief Secretary will file a compliance report in this Court within two weeks from the date of receipt of a copy of this judgment.
ദാ വിധിയുടെ പ്രസക്തഭാഗങ്ങൾ

അനില്‍@ബ്ലോഗ് // anil said...

ഇത് വായിച്ചിട്ട് ഗതാഗത തടസ്സം വരുത്തുന്ന യോഗങ്ങൾ മാത്രം നിരോധിച്ചാൽ മതിയെന്നാണ് വിധിയെന്ന് കണ്ടെത്തുന്നവരുടെ വിശകലനബുദ്ധിക്ക് പ്രത്യേക സമ്മാനം കൊടുക്കണം. ഇതൊന്നും പോരാഞ്ഞ് ജസ്റ്റീസ് രാമചന്ദ്രൻ നായർ നടത്തുന്ന ചില രാഷ്ട്രീയ പരാമർശങ്ങളും. ജഡ്ജി വെറും വ്യക്തിയായി ചുരുങ്ങിയാൽ ചിലപ്പോൾ അങ്കിൾ പരാമർശിച്ചമാതിരി ഉള്ള ശുംഭൻ വിളികൾ കേൾക്കേണ്ടി വരും.

ഗന്ധർവൻ said...

ആറ്റുകാൽ പൊങ്കാല സ്റ്റേഡിയത്തിൽ വച്ചു നടത്തണമെന്നു പറഞ്ഞ ഈ മാന്യദേഹത്തെ ‘ശുംഭൻ’ എന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ അവർക്ക് ഒരു പൂമാലയിടും അല്ല പിന്നെ
ഹെന്റമ്മോ.........

ഇ.എ.സജിം തട്ടത്തുമല said...

ഗന്ധർവ്വൻ,
ഹഹഹ! ആറ്റുകാൽ പൊങ്കാല ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആകട്ടെ; ബീമാപള്ളി ഉറൂസ് വി.ജെ.റ്റി ഹാളിൽ വച്ചു നടത്തട്ടെ. മലയാറ്റൂർ പെരുന്നാൾ അവിടെ ഏതാ നല്ല ഹാൾ....? അവിടെയാകട്ടെ!

അങ്കിള്‍ said...

ആറ്റുകാല്‍ അമ്മയോടുള്ള സ്നേഹവും വിശ്വാസവും നല്ലതുതന്നെ ഗന്ധര്‍വാ. പക്ഷെ ഇത്രത്തോളം വേണമോ. ഹിന്ദുക്കള്‍ ആരും അതിനെതിരെ പ്രതികരിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. ആറ്റുകാല്‍ അമ്പല പരിസരത്ത് പൊങ്കാല ഇടുന്നത് മനസ്സിലാക്കാം. എന്നാല്‍ അമ്മക്ക് വേണ്ടി അന്ന് വെള്ളയമ്പലത്ത് ഇടുന്നതും ശങ്കും മുഖത്ത് ഇടുന്നതും ഒരു പോലല്ലേ. എല്ലാരേയും അങ്ങോട്ട്‌ പോയി പൊങ്കാല ഇടണമെന്ന് അപേക്ഷിച്ചാല്‍ ആറ്റുകാലമ്മ കോപിക്കുമോ?

നമ്മുടെ കെ.എസ.ആര്‍.ടി.സി ക്ക് വരുമാനമാകില്ലേ. തിരുവനന്തപുരത്തെ പാതകള്‍ യാത്രികര്‍ക്ക് വിട്ടുകിട്ടില്ലേ. ആട്ടോ തൊഴിലാളികള്‍ക്ക് ഒരു വരുമാനമാകില്ലേ.

അന്ന് വെളിനാട്ടില്‍ നിന്നും ട്രെയിനില്‍ വരുന്നവര്‍ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിൽ വൈകും വരെ കാത്തു നില്‍ക്കന്നമോ.ഒരു പക്ഷെ സ്വന്തം തന്തയുടെ മരണ വാര്‍ത്ത അറിഞ്ഞു എത്തിയവരും കാണും . അത് പോലെ തൊട്ടടുത്ത ബസ് സ്ടാന്റില്‍ എത്തിയവര്‍. അവരും വൈകും വരെ അവിടെ ഇരുന്നോണം എന്നാണോ. രാജ്യത്തിന്‌ പുറത്തു നിന്നും എയര്‍പോര്‍ടില്‍ എത്തുന്നവരുണ്ടാകും. വൈകും വരെ അവരെ അവിടെത്തന്നെ നിര്‍ത്തിയാല്‍ ആറ്റുകാല്‍ അമ്മക്ക് സന്തോഷം ആകുമെന്നാണോ കരുതുന്നത്.

തിരുവനന്തപുരത്ത് ധാരാളം സ്കൂളുകള്‍ ഉണ്ട്. അവിടെയെല്ലാം ധാരാളം കളിസ്ഥലങ്ങള്‍ ഉണ്ട്. അഞ്ചാറ് സ്റ്റേഡിയങ്ങൾ തിരുവനന്തപുരത്ത് ഉണ്ട്. അതൊന്നും നാം മറക്കരുത്.

ഇതെഴുതിയത് പലര്‍ക്കും ഇഷ്ടപെടില്ലെന്നു അറിയാം . എന്നാലും എഴുതാതിരിക്കാന്‍ പറ്റുന്നില്ല.(വീട്ടുകാരിയുടെ എതിര്‍പ്പ് ഞാന്‍ വകവക്കുന്നില്ല)

ഇ.എ.സജിം തട്ടത്തുമല said...

അങ്കിൾ,
മതാഘോഷങ്ങൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കൂടി സമ്മതിച്ചതിൽ സന്തോഷം. സാധാരണ ചിലർ രാഷ്ട്രീയക്കാർ യോഗം നടത്തരുത്, പ്രകടനം നടത്തരുത് എന്നൊക്കെ പറയും. പക്ഷെ മതങ്ങളുടെ കാര്യം മിണ്ടുകയുമില്ല. നമ്മൾ പറയുന്നത് ആളുകളുടെ സഞ്ചാരമോ ജീവിതമോ തടസപ്പെടുത്തിക്കൊണ്ട് യോഗം നടത്തണമെന്നല്ല. യോഗം ഒരു വശത്ത് നടക്കും. ആളുകളും വാഹനങ്ങളുമൊക്കെ കടന്നു പോകുകയും ചെയ്യും. ഇനി ജാഥയാണെങ്കിലും രണ്ടു വരിയായി നീങ്ങിയാൽ പോലും വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകാം. പിന്നെ വലിയ സമ്മേളനങ്ങളും അതുമായി ബന്ധപ്പെട്ട ജാഥകളും ഒക്കെ വരുമ്പോൾ വാഹനങ്ങൾ ഒന്നു ഗതിമാറ്റിയൊക്കെ വിടേണ്ടിവരും. അതിപ്പോൾ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരുമ്പോഴും അങ്ങനെയൊക്കെ വേണ്ടിവരും. അങ്കിളൊക്കെ പറയുന്നതു കേട്ടാൽ തോന്നും രാഷ്ട്രീയക്കാർ പൊതുയോഗവും പ്രകടനവും ഒക്കെ നടത്തുന്നതിന്റെ ഉദ്ദേശ്യം തന്നെ ജനങ്ങളെ മന:പൂർവ്വം ബുദ്ധിമുട്ടിക്കനാണെന്ന്! ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്നു പറയുന്നതു പോലെ രാഷ്ട്രീയം ഇഷ്ടപ്പെടാത്തവരാണ് സദാ രാഷ്ട്രീയക്കാരെ ചള്ളും പൊട്ടും പറയുന്നത്. എന്തായാലും പ്രസ്തുത കോടതി വിഥി വൃഥാവിലായി. വിധി ഒരിടത്തു കിടക്കുന്നു. യോഗവും പ്രകടനവും ധർണ്ണയും എല്ലാം മുറപോലെ നടന്നുകൊണ്ടുമിരിക്കുന്നു. ജനാധിപത്യം എന്നാൽ ഒരു കിടിലൻ ഏർപ്പാടാണ്. ആദ്യം അത് അംഗീകരിക്കുക. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർക്ക് ചുറ്റും നടക്കുന്ന നല്ലകാര്യങ്ങൾ പോലും അലോസരമായി തോന്നും. പണ്ട് ബ്രിട്ടീഷുകാർക്കെതിരെ ആളുകൾ സമരത്തിനിറങ്ങുമ്പോഴും അക്കാലത്തെ ചില അരാഷ്ട്രീയക്കാർ പറഞ്ഞിരുന്നു; ഇവനൊന്നും വേറെ ജോലി ഇല്ലേ എന്ന്‌!

ഗന്ധർവൻ said...

‌@‌അങ്കിൾ,
ആദ്യമേ പറയട്ടേ,ഞാനൊരു മതവിശ്വാസിയല്ല.പിന്നെ ആറ്റുകാൽ പൊങ്കാലയെപറ്റി പറഞ്ഞത്,തികച്ചും അപ്രായോഗികമായൊരു കാര്യം പറഞ്ഞ് സ്വയം പരിഹാസ്യനാകുന്ന ഒരു ജഡ്ജിയെപറ്റി പറഞ്ഞെന്നേ ഉള്ളൂ.സജിം പറഞതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് യോഗം സംഘടിപ്പിക്കനൊന്നും ഞാൻ പറയുന്നില്ല.അല്ലാതെ തന്നെ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയവും അരാഷ്ട്രീയവുമായ ഒരുപാട് യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളായതുകൊണ്ട് പറഞ്ഞതാണ് ഇത്.

അങ്കിള്‍ said...

അപ്രയോഗികമായി ഒന്നുമില്ല. വേണമെന്ന് വിജാരിച്ചാല്‍ നടക്കാവുന്നതെ ഉള്ളു . ഉത്തരവിടുന്നവരും നടപ്പാക്കുന്നവരും മനസ്സ് വക്കണമെന്ന് മാത്രം. ജനങ്ങള്‍ സഹിക്കുന്നതിനും ഒരതിര് വരും. പാതിരപ്പള്ളിയിലെ കണ്ടല്‍ പാര്‍ക്ക് പുട്ടുമെന്നു ആരെങ്കിലും കരുതിയോ. പക്ഷെ തല്ക്കാലത്തെക്കെങ്കിലും പൂട്ടിയില്ലേ.

"യോഗം ഒരു വശത്ത് നടക്കും. ആളുകളും വാഹനങ്ങളുമൊക്കെ കടന്നു പോകുകയും ചെയ്യും. ഇനി ജാഥയാണെങ്കിലും രണ്ടു വരിയായി നീങ്ങിയാല്‍ പോലും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കടന്നുപോകാം." ഇപ്പോള്‍ നടക്കുന്ന പ്രകടനങ്ങളെ എത്ര നന്നായി വിവരിച്ചിരിക്കുന്നു. സജിം ഈ നാട്ടിലോന്നുമല്ലേ ജീവിക്കുന്നത്. ഇപ്രകാരം കടന്നു പോകുന്ന ജാഥകള്‍ എവിടെയാണ് കാണാനാകുക. 50 പേര്‍ പങ്കെടുക്കുന്ന ജാഥ പോലും റോഡു നിറഞ്ഞു മുമ്പിലും പിന്നിലും പോലിസ് അകമ്പടിയോടെ കാല്‍നട യാത്ര പോലും അസാധ്യം ആക്കി കൊണ്ടുള്ള ജാഥകളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. സജിം വിവരിച്ചത് പോലുള്ള ജാഥയുടെ പേരിലാണോ ഇപ്പോഴത്തെ കോടതി വിധി.

ഞാനൊരു അരാഷ്ട്രീയ വാദി അല്ല. എന്നില്‍ രാഷ്ട്രീയം ഇല്ലെന്നു ഞാന്‍ പോലും വിശ്വസിക്കുന്നില്ല. എന്നാല്‍ രാഷ്ടീയം എന്റെ തലയ്ക്കു പിടിച്ചിട്ടില്ല എന്നെ ഉള്ളു. അത് കൊണ്ടാണല്ലോ ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോകുന്നത്: -

ഭരണഘടനയെ നിയമസഭയില്‍ പാസ്സാക്കിയെടുത്ത് പ്രാബല്യത്തില്‍ വരുത്തിയത് നമ്മുടെ ജനപ്രതിനിധികള്‍.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന വകുപ്പ് ഉള്‍പ്പെടുത്തിയതും നമ്മുടെ ജനപ്രതിനിധികള്‍.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ദൌത്യം കോടതിയെ ഏല്പിച്ചതും നമ്മുടെ ജനപ്രതിനിധികള്‍.
എന്നിട്ട് സഞ്ചാര സ്വാന്തന്ത്ര്യം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച ജഡ്ജിമാരെ 'ശുംബന്‍' 'ഉണ്ണാമന്‍' എന്നൊക്കെ വിളിചാക്ഷേപിക്കുന്നതും നമ്മുടെ ജനപ്രതിനിധികള്‍.
ഇത് വിരോദാഭാസമല്ലേ?
മറ്റൊരു നിയമം പാസ്സാക്കി കോടതിക്കുള്ള അധികാരം നിയന്ത്രിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കാകില്ലേ?
ജനോപകാരപ്രദമായ നിയമങ്ങള്‍ പാസ്സാക്കുകയും എന്നാല്‍ അവയെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതില്‍ ദുരൂഹതയില്ലേ?
ജനാധിപത്യത്തിന്റെ നേടും തൂണുകളില്‍ ഒന്നായ കോടതികളെ ഭീഷണിയിലൂടെ നിര്ജീവമാക്കുന്നത് ജനാധിപത്യത്തിനു ദോഷം ചെയ്യും. എന്നാല്‍ അങ്ങനെ ചെയ്യേണ്ടത് (തൊഴിലാളി വര്‍ഗ) സര്‍വാധിപത്യം ലക്ഷ്യമിടുന്ന ചില ജനപ്രതിനിധികളുടെയങ്കിലും ആവശ്യമാണ്‌.
ഈ രഹസ്യ അജണ്ട നാം കാണാതെ പോകരുത്.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അങ്കിള്‍,

തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നൊക്കെ വീണ്ടുംവീണ്ടും പറഞ്ഞ് വിരട്ടാതെ; ഈ മുതലാളിത്ത സര്‍വ്വധിപത്യത്തില്‍ തൊഴിലാളി എന്ന പദം തന്നെ നികൃഷ്ടമായി തോന്നുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. തൊഴിലാളികള്‍ ഭരിച്ചാല്‍ എന്തോ കുഴപ്പമുണ്ടെന്നും അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ലെന്നും തുടങ്ങിയ അര്‍ത്ഥങ്ങളൊക്കെ ഈ കളിയാക്കലില്‍ ഒളിഞ്ഞിരിപ്പുണ്ട്.ഓണാഘോഷത്തിന് തിരുവനന്തപുരത്തും, മറ്റ് ചില മതാഘോഷങ്ങള്‍ക്ക് നാടുനീളെയും ആളുകള്‍ റോഡ് നിറഞ്ഞു നീങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നുണ്ട്. പക്ഷെ അത് പൊതുയോഗവും പ്രകടനവുമൊന്നുമല്ല; എന്നാല്‍ അതിനേക്കള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്താനും. അതിലൊന്നും ഇന്നുവരെ ഒരു കോടതിയും ഇടപെട്ടു കണ്ടില്ല.ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്നൊരു അവസ്ഥ കൈവരിക്കുന്നവരില്‍ ഒരു വിഭാഗമാണ് ഈ അരാഷ്ട്രീയ വാദികളായി തീരുന്നത്.സ്വന്തം ജീവിതം സുരക്ഷിതമായാല്‍ പിന്നെ മറ്റൊരു അലോസരവും ഉണ്ടാകരുത് എന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമുണ്ട്. അല്ലേ ഈ രാഷ്ട്രീയക്കാര്‍ മാത്രമേയുള്ളോ ഈ രാജ്യത്ത് കുഴപ്പക്കാര്‍! അവരുടെ തോളില്‍ കയറാനേ ആളുള്ളൂ. എന്നാല്‍ എല്ലാറ്റിനും അവര്‍ വേണംതാനും!