Friday, January 7, 2011

പാതയോരത്തെ പൊതുയോഗനിരോധനം


പാതയോരത്തെ
പൊതുയോഗ നിരോധനം

മുൻകുറിപ്പ്: ബഹുമാനപ്പെട്ട കോടതിയോട് എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ഈ കുറിപ്പ് എഴുതുന്നത്. നീതിപീഠത്തിനോടും അവ പുറപ്പെടുവിക്കുന്ന വിധികളോടും ഉള്ള ആദരവും അനുസരണയും അഭിപ്രായപ്രകടനത്തിനു പ്രതിബന്ധമാകുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന വിശ്വാസത്തിൽ കോറിയിടുന്നത്.

ഇന്ത്യയുടെ പട്ടിണിയും ദാരിദ്രവും ചൂഷണവും എല്ലാം മാറിക്കിട്ടി! ഇന്ത്യ സമത്വ സുന്ദരമായി. രാജ്യ പുരോഗതിയ്ക്കും ജനക്ഷേമത്തിനും തടസമായി നിന്നിരുന്ന യഥാർത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കപ്പെട്ടിരിക്കുന്നു. അതിധിഷണാശാലിയായിരുന്ന ജവഹർലാൽ നെഹ്രു മുതൽ സാമ്പതികശാസ്ത്രവിശാരദനായ മൻമോഹൻ സിംഗ് വരെ ആർക്കും ഇതുവരെ കണ്ടെത്താൻ കഴിയാതെ പോയ വികസന പ്രശ്നം ഇതാ കണ്ടെത്തിയിരിക്കുന്നു. പൊതുവഴിയിലെ പൊതുയോഗമായിരുന്നു എല്ലാറ്റിനും തടസം. ഇനി ആർക്കും ഇവിടെ വിശക്കില്ല! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇതോടെ മാറിയിരിക്കുന്നു. ഇനി ഇന്ത്യ സമ്പൂർണ്ണ സമത്വ രാഷ്ട്രം!

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഇന്നലെ വരെ ഊറ്റം കൊള്ളാമായിരുന്നു. ഇനി അതു വയ്യ. ഇന്ത്യയെ സമ്പൂർണ്ണ ജനാധിപത്യ രാജ്യം എന്ന എന്ന് ഇനി പറയാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ഇന്ത്യൻ ജനതതുടെ ജനാധിപത്യാവകാശങ്ങളിൽ പരമപ്രധാനമായ ഏതാനും അവകാശങ്ങൾ പരമോന്നത നീതിപീഠംതന്നെ എടുത്തു കളഞ്ഞിരിക്കുന്നു. അതും ജനധിപത്യവിരുദ്ധത കൈമുതലായുള്ള ഏതോ തല്പര കക്ഷികളുടെ ഹർജി പരിഗണിച്ച്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർമെന്റിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു സംഭന്ധിച്ച് ഹൈക്കൊടതിയുടെ വിധി ശരി വച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു പടി കൂടി കടന്ന് പോലീസ് അനുമതിയോടെ നിയന്ത്രിതമായി പോലും പാതയോരങ്ങളിൽ പൊതു യോഗം നടത്താൻ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യ ഈ വിധി പ്രഖ്യാപനം നിലവിൽ വന്ന സമയം മുതൽ ഭാഗീകമായി മാത്രം ജനാധിപത്യമുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു. ഈ വിധി ബഹുമാനപ്പെട്ട കോടതി പിൻ വലിച്ച് വിധിപറയുകയോ പകരം നിയമനിർമ്മാണ സഭ മറ്റൊരു നിയമം കൊണ്ടുവരികയോ ചെയ്ത് ഇപ്പോൾ എടുത്തുകളഞ്ഞ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യ ഭാഗീക ജനാധിപത്യമുള്ള രാജ്യം എന്ന നിലയിലായിരിക്കും. കാരണം നാളിന്നുവരെ ഇന്ത്യൻപൌരന്മാർ അനുഭവിച്ചുവന്നിരുന്ന ഏതാനും അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക്കാം. പക്ഷെ ജനധിപത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് ജനാധിപത്യ നിഷേധമായേ കണക്കാക്കാൻ കഴിയുകയുള്ളൂ. ജനാധിപത്യം എന്നാൽ പൌരന്മാർക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും മാത്രമുള്ള അവകാശമല്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി ഒട്ടേറെ അവകാശങ്ങൾ പൌരന്മാർക്ക് ഭരണഘടനാപരമായി തന്നെ ഉള്ളതാണ്. അതിൽ തൊട്ടു കളിക്കുന്നത് നീതിപീഠമാണെങ്കിലും അപലപിക്കാതിരിക്കാൻ കഴിയില്ല. നീതിപീഠത്തിലിരിക്കുന്നവരും മനുഷ്യരാണ്. അവരുടെ ജീവിതസാഹചര്യങ്ങളും കാഴ്ചപ്പാടുകളും അവർ പറയുന്ന വിധികളെ സ്വാധീനിക്കും. പൌരാവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ കുറച്ചുകൂടി ഗഹനമായ ആലോചനകളും സൂക്ഷമതയും പുലർത്തിയാണ് വിധി പറയേണ്ടത്. നിർഭാഗ്യകരമെന്നു പറയട്ടെ അത് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കരുതാൻ വയ്യ. വിധി തൽക്കാ‍ലം അനുസരിക്കാൻ നീതിപീഠത്തോട് ആവശ്യമായ വിധേയത്വം കൊണ്ട് എല്ലാവരും ബാദ്ധ്യസ്ഥരാണെങ്കിലും, ഈ വിഷയത്തിൽ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും നിയമ പണ്ഡിതന്മാരും ഇനിയും തുറന്ന സംവാദങ്ങൾ നടക്കേണ്ടതാണ്. ഒരു കോടതിവിധി അനുസരിക്കാനുള്ള ബാദ്ധ്യത അത് ജനാധിപത്യ വിരുദ്ധമാണെന്നു തോന്നിയാൽ തിരുത്തിക്കുവാനുള്ള പരിശ്രമങ്ങൾക്ക് വിലങ്ങുതടിയല്ല. അനുസരണയും വിധിപറഞ്ഞ വിഷയത്തിൽ നീതി പീഠത്തിന്റെ പുനർവിചിന്തനത്തിനുള്ള പ്രേരണയും ഒരു പോലെ നടത്താൻ ജനാധിപത്യബോധമുള്ള ഏതൊരു പൌരനെയും ബാദ്ധ്യതപ്പെടുത്തുന്നു.

ജനാധിപത്യം എന്നു പറഞ്ഞാൽ നേരത്തെ സൂചിപ്പിച്ചതുപോലെ വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും ഉള്ള അധികാരം മാത്രമല്ല. അതായത് ജനായത്ത ഭരണം എന്നാൽ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല. സംഘടിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള അവകാശം, ജാഥകളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താനുള്ള അവകാശം ഇതെല്ലാം ജനാധിപത്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഇവിടെ പാതയോരത്ത് പൊതുയോഗം നടത്തരുതെന്നാണ് ഇപ്പോഴത്തെ വിധി. ആട്ടെ അത് ഏതെങ്കിലും ഹാൾ വാടകയ്ക്കെടുത്ത് നടത്താം എന്നു വിചാരിക്കാം. മുൻ കൂട്ടി നിശ്ചയിക്കുന്നവയാണെങ്കിൽ. ഇനി പൊതു മൈതാനികളിൽ നടത്തണമെന്നു വിചാരിച്ചാലോ ? എല്ലായിടത്തും പൊതു മൈതാനികൾ ഇല്ല. ചിലയിടങ്ങളിൽ പഞ്ചായത്ത് -നഗരസഭാ മൈതാനങ്ങൾ ഉണ്ട്. ചിലയിടത്ത് സ്കൂൾ മൈതാനങ്ങൾ ഉണ്ട്. എന്നാൽ രാഷ്ട്രീയ യോഗങ്ങൾക്ക് സ്കൂൾ മൈതാനങ്ങൾ മിക്കയിടത്തും അനുവദനീയമല്ല. മാത്രവുമല്ല പൊതുയോഗം നടത്തുന്നത് ആളുകൾ കേൾക്കാനാണ്. സംഘടിപ്പിക്കപ്പെടുന്നവർ മാത്രം കേൾക്കാനല്ല. ജനാധിപത്യത്തിൽ പൌരന്മാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പൊതുയോഗങ്ങൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ കേരളീയർക്ക് ഇന്ന് ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രബുദ്ധത കൈവന്നതിൽ കവല യോഗങ്ങൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ഇനി ഈ പൊതുയോഗങ്ങളുടെ കാര്യം അങ്ങു വിട്ടിട്ട് ജാഥ, പ്രതിഷേധം, പ്രകടനം, മുതലായവ എടുത്താലോ ? അതും പൊതു നിരത്തുകളിലൂടെ തന്നെയാണ് നടത്താറുള്ളത്. അതും പൊതു നിരത്തിൽ പാടില്ലെന്നു വന്നാൽ പിന്നെ എവിടെയാണ് ജാഥ നടത്തേണ്ടത്? എവിടെ ചെന്നിരുന്നാണ് പ്രതിഷേധവും പ്രകടനവും നടത്തേണ്ടത്? സ്വകാര്യവ്യക്തികളുടെ പ്രോപ്പർട്ടികളിലോ? അവർ അതനുവദിച്ചില്ലെങ്കിലൊ?

പെട്ടെന്ന് ഒരു വിഷയത്തിൽ പ്രതിഷേധമുണ്ടാകുമ്പോൾ ആളുകൾക്ക് ഒത്തു കൂടാനും പ്രതികരിക്കാനും കല്യാണ മണ്ഡപങ്ങൾ തിരക്കി പോകണോ? ജാഥയും പ്രതിഷേധപ്രകടനവും സമ്മേളനവും എല്ലാം അവനവന്റെ വീട്ടിലിരിരുന്നങ്ങ് നടത്തിയാൽ മതിയെന്ന് പറയുന്നതിനു തുല്യമല്ലെ ഇത്തരം അവകാശ നിഷേധങ്ങൾ ? ഇത് ജനാധിപത്യത്തിനു നിരക്കുന്നതാണോ? കോടതികൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പ്രതിബദ്ധതയുണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് അവർ ഇത്തരം വിധികൾ പ്രഖ്യാപിക്കും. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും ജനാധിപത്യത്തോടും ഉത്തരവാദിത്തം ഉണ്ട്. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ നിരാകരിച്ചുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകുന്നത് നീതി പീഠത്തിന്റെ ഭാഗത്ത് നിന്നായാൽ പോലും നീതിന്യായ വ്യവസ്ഥിതിയെ ദുർബ്ബലപ്പെടുത്താത്ത വിധം തന്നെ അവ നിരുത്സാഹപ്പെടുത്താനും നിയമനിർമ്മാണത്തിലൂടെയും മറ്റും ഇത്തരം പ്രതിസന്ധികളെ മറികടക്കാനും രാഷ്ട്രീയ എക്സിക്യൂട്ടിവുകൾക്ക് ബാദ്ധ്യതയുണ്ട്. അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ച് നിൽക്കേണ്ടതാണ്.

രാഷ്ട്രീയമില്ലാതെ ജനാ‍ധിപത്യത്തിനു നില നില്പില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുക എന്നതിനെ ഉന്നം വച്ചുള്ള സ്വാർത്ഥ താല്പര്യക്കാരുടെ നീക്കങ്ങൾക്ക് നീതി പീഠങ്ങൾ ഊർജ്ജം പകരുന്നത് പ്രോത്സാഹന ജനകമല്ല. ഇപ്പോൾ സി.പി.ഐ എമ്മും ബി.ജെ.പിയും വഴിയരികിൽ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അപലപിച്ചിട്ടുണ്ട്. കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഉള്ള ഉറച്ച നിലപാട് എന്തെന്ന് വ്യക്തമല്ല. എന്തായാലും കേവലം അഭിപ്രായ പ്രകടനം മാത്രം കോണ്ട് കാര്യമില്ല. രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്ന് നീതിന്യായ വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പൌരാവകാശ നിഷേധങ്ങളെ മറികടക്കുവാൻ ആവശ്യമായ മുൻ കരുതലുകൾ ഇപ്പോഴേ സ്വീകരിക്കുന്നതു നന്ന്! അല്ലെങ്കിൽ പിന്നെ ഭാവിയിൽ രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭയും നീതിന്യായ വിഭാഗവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലുകളിലേയ്ക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. നമ്മുടെ രാജ്യത്ത് ഈ മൂന്നു വിഭാഗങ്ങളും ഒരേ പോലെ ജനാധിപത്യത്തൊട് അചഞ്ചലമായ കൂറു പുലർത്തിക്കൊണ്ട് വേണം താന്താങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കേണ്ടത്.

പിൻകുറിപ്പ്: നീതി പീഠങ്ങളെയും അവ പ്രഖ്യാപിക്കുന്ന വിധികളെയും മാനിക്കുകയും അനുസരിക്കുകയും വേണം. എന്നാൽ നീതി പീഠങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന ധാരണ ജനാധിപത്യത്തിനു നിരക്കുന്നതല്ല. അതിനാൽ ഈ ധാരണ മാറണമെന്ന് അഭിപ്രായമുണ്ട്.

3 comments:

Manikandan said...

റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “ആലുവ റെയിൽ‌വേസ്‌റ്റേഷൻ മൈതാനിയിൽ” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽ‌വേ സ്‌റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും മൈതാനം എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽ‌വേസ്‌റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.

ശ്രീനാഥന്‍ said...

താങ്കളോട് യോജിക്കുന്നു. ജനങ്ങളുടെ കോടതിയാണ് വലുത്, അവസാനതീർപ്പ് ജനങ്ങളുടേതാണ്!

Abduljaleel (A J Farooqi) said...

'ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക്കാം. പക്ഷെ ജനധിപത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് ജനാധിപത്യ നിഷേധമായേ കണക്കാക്കാൻ കഴിയുകയുള്ളൂ.' എന്ന് ഞാന്‍ കരുതുന്നില്ല പൊതു നിരത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ നമുക്ക് കണ്ടില്ലെന്നു പറയാന്‍ കഴിയുമോ? അതിലൊന്ന് തന്നെയല്ലേ പാതയോര പൊതുയോഗവും പ്രകടനവും അരാഷ്ട്രീയ വാദിയല്ലെങ്കിലും എനിക്കിങ്ങനെ തോന്നുന്നു.