Tuesday, May 17, 2011

റഹ്മത്തുള്ളേ ഹാ, കഷ്ടം!


റഹ്മത്തുള്ളേ ഹാ, കഷ്ടം!


ചെങ്കൊടിയിൽ നിന്ന് പച്ചക്കൊടിയിലേയ്ക്ക് വലിയ ദൂരമുണ്ട്. പക്ഷെ സി.പി.ഐ-ല്‍ നിന്ന്‍ മുസ്ലിം ലീഗിലേയ്ക്കുള്ള ദൂരം തരണം ചെയ്യാൻ റഹ്മത്തുള്ളയ്ക്ക് ഒരൊറ്റ ചാട്ടമേ വേണ്ടി വന്നുള്ളൂ ! മറുകണ്ടം ചാടുന്നെങ്കിൽ ഇങ്ങനെ ചാടണം; യാതൊരു ഉളുപ്പില്ലാതെ!

സി.പി.ഐ ദേശീയ കൌൺസിൽ അംഗം എം. റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. ഏറനാട്ടെ സി.പി.ഐ സ്ഥാനാർത്ഥിയുടെ തോൽവിയുടെ ഉത്തരവദിത്തം ആരോപിച്ച് പാർട്ടി നടപടി വരുമെന്ന് മനസിലാക്കി പാർട്ടി മാറിയതാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. സ്വന്തം ഭാര്യയെ പി.എസ്.സി അംഗമാക്കാത്തതിലുള്ള പ്രതിഷേധവും പാർട്ടി വിടാൻ കാരണമായത്രേ!

മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി തങ്ങൾ അവർകളുടെ സമക്ഷത്തിലെത്തിയ റഹ്മത്തുള്ളയ്ക്ക്, ആർക്കും എപ്പോഴും കൊടുക്കാനായി അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന അംഗത്വ കാർഡ് കനിഞ്ഞു നൽകുകയും ചെയ്തു. തികച്ചും മതാചാരപരമായിയിട്ടായിരുന്നു ലീഗും റഹ്മത്തുള്ളയും തമ്മിലുള്ള നിക്കാഹ് കർമ്മം. ചടങ്ങിന്റെ ആരംഭമോ അവസാനമോ എന്നറിയില്ല, ഫാത്തിഹ ഒക്കെ ഓതിയിരുന്നു. റഹ്മത്തുള്ള ആമീൻ പിടിച്ചു നിൽക്കുന്നത് റ്റി.വിയിൽ കണ്ടു.

സി.പിഐ- യിൽ ന്യൂന പക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അതാണ് താൻ പാർട്ടി വിട്ടതെന്നുമാണ് റഹ്മത്തുള്ളയുടെ ഭാഷ്യം. നാലു പ്രാവശ്യം പർളമെന്റിലേയ്ക്ക് മത്സരിച്ച ഒരാളാണ് റഹ്മത്തുള്ള. അദ്ദേഹത്തെ പോലെ മുസ്ലിങ്ങൾ അടക്കം ധാരാളം ന്യുനപക്ഷ സമുദായാംഗങ്ങൾ സി.പി.ഐയിൽ നിന്നു തന്നെ ഉയർന്ന പല പദവികളിലും എത്തിയിട്ടുള്ളതാണ്. എത്രയോ മുസ്ലിങ്ങൾ മന്ത്രിമാരും, എം.എൽ.എ മാരും, എം.പിമാരും, പി.എസ്.സി മെമ്പറും ഒക്കെ ആയി. സി.പി.ഐ യിൽ നിന്നാൽ പരമാവധി ആകാവുന്ന സ്ഥാനമാനങ്ങൾ ഈ പറയുന്നതൊക്കെയാണ്.

സി.പി.ഐ ക്ക് എന്ത് ദോഷങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും സമുദായത്തോട് ആ പാർട്ടി അവഗണന കാട്ടിയിട്ടുള്ളതായി ആർക്കും ഇതുവരെ തോന്നിയിട്ടില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് സി.പി.ഐക്ക് അത്ര വലിയ സ്വാധീനവും ശക്തിയുമൊന്നും ഇല്ലാത്ത മലബാർ മേഖലയിൽ നിന്നാണ് റഹ്മത്തുള്ളയ്ക്ക് പല നല്ല അവസരങ്ങളും ലഭിച്ചിട്ടുള്ളത് എന്നും കൂടി നാം ഓർക്കണം. യാതൊരുളുപ്പുമില്ലാതെയാണല്ലോ ഇയാൾ കാലുമാറിയിട്ട് ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ പറയുന്നത്.

ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്ക് എല്ലായ്പോഴും ഒരു പാർട്ടിയ്ക്ക് നിന്നു കൊടുക്കാൻ കഴിഞ്ഞെന്നിരിക്കില്ല. എത്രയെങ്കിലും പദവികൾ ലഭിച്ചാലും ഒരുവേള എന്തെങ്കിലും ചെറിയ കാര്യം നടക്കാതെ വരുമ്പോൾ മറുകണ്ടം ചാടുന്ന ഈ കള്ള നാണയങ്ങൾ ഇനിയും ഇടതു പാർട്ടികളിൽ ഉണ്ടെങ്കിൽ കാലേ കൂട്ടി കണ്ടുപിടുച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഒരു പാർട്ടിയിൽ നിന്ന് പുറത്തായിട്ട് മറ്റ് നിലനില്പൊന്നുമില്ലാതെ മറ്റൊരു പാർട്ടിയിലേയ്ക്ക് പോയാൽ അതിനൊരു ന്യായീകരണമുണ്ട്. ഇതിപ്പോൾ തൻ കാര്യം നടക്കാതെ വന്നപ്പോൾ ഒറ്റ ചാട്ടമല്ലേ!

ഇതിനെയൊക്കെ ചുമന്നുകൊണ്ടാണല്ലോ സി.പി.ഐ ഇത്രകാലമി മുന്നോട്ടു പോയത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. നേരത്തെ ഈ റഹ്മത്തുള്ളമാരെ കണ്ടറിഞ്ഞ് ചികിത്സ നൽകേണ്ടതായിരുന്നു. മിസ്റ്റർ റഹ്മത്തുള്ള! ഹൈദരലി തങ്ങളുടെ മുമ്പിൽ താങ്കൾ ആരോടോ വൈരാഗ്യം തീർക്കാനെന്ന പോലെ ആമീൻ പിടിച്ചു നിൽക്കുന്നതുകണ്ട് നമ്മുടെയൊക്കെ തൊലി ഉരിഞ്ഞുപോയി കേട്ടോ! അമ്പേ താങ്കളുടെ തൊലിക്കട്ടി അപാരം!

19 comments:

Anonymous said...

സി. പി. ഐ- യിലിരിക്കുമ്പോള്‍ ഉളുപ്പുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി വിട്ടാല്‍ ഉളുപ്പില്ലെന്ന് പറയുന്നതെന്ത് ന്യായം?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പോട്ടെ, പുല്ല്...

Anonymous said...

സജീമേ, മുൻപ് കോൺഗ്രസ്സിന്റെ ജില്ലാ അദ്ധ്യക്ഷനായിരുന്ന ടി.കെ.ഹംസ സി പി എമ്മിൽ വന്നപ്പോഴും (അന്ന് താങ്കൾ വളരെ കുട്ടിയായിരുന്നുവല്ലോ), പിന്നെ കുറച്ചുനാൾ മുൻപ് കെ.ടി.ജലീൽ മുസ്ലീം ലീഗ് വിട്ട് ഇടത്തേയ്ക്ക് വന്നപ്പോഴും അവസാനം ആ കോൺഗ്രസ്സുകാരി ജയാഡാളി സി.പി.എമ്മിൽ വന്നപ്പോഴും എന്തേ നിങ്ങളുടെയൊക്കെ രക്തം തിളച്ചില്ല? അന്ന് 'ഉളുപ്പ്' എന്ന വാക്ക് കണ്ടു പിടിച്ചിരുന്നില്ലേ?
കഷ്ടം! നമ്മുടെ ആ പഴയ 'കൊച്ചുസാറണ്ണൻ' ഇത്ര ഗതികെട്ടുപോയല്ലോ. ഒരു ഉളുപ്പിമില്ലേ ഇങ്ങനെയൊക്കെ പുലമ്പാൻ?

ഇ.എ.സജിം തട്ടത്തുമല said...

പാർട്ടി മാറുന്നതിലല്ല, മാറുന്നതിനുള്ള ന്യായീകരണങ്ങളോടാണ് എതിർപ്പ്! ജയാ ഡാളി അവഗണിക്കപ്പെട്ട കോൺഗ്രസ്സുകാരിയായിരുന്നു. റഹ്മത്തുള്ളയും സിന്ധു ജോയിയും പാർട്ടിയാൽ അവഗണിക്കപ്പെട്ടവർ അല്ലല്ലോ! ടി.കെ.ഹംസയൊക്കെ അന്നു വരേണ്ടതുതന്നെ! അതു കാലം വേറെ!കെ.റ്റി.ജലീൽ വന്നത് തിന്മകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്. ഇനി അവരൊക്കെ മാറിവന്നുവെന്നു വച്ച് റഹ്മത്തുള്ളയുടെ പോക്ക് പോക്ക് അത്ര ശരിയായെന്നു പറയാനൊക്കില്ലല്ലൊ!

Anonymous said...

ഇനി എത്ര പേര്‍ വരാന്‍ കിടക്കുന്നു...ഇനിന്‍ നിങ്ങള്‍ക്ക് ധാരാളം പോസ്റ്റ്‌ ഇടാന്‍ കിടക്കുന്നെയുല്ലു

Muralee Mukundan , ബിലാത്തിപട്ടണം said...

മറുകണ്ടം ചാടുന്നെങ്കിൽ ഇങ്ങനെ ചാടണം; യാതൊരു ഉളുപ്പില്ലാതെ!

ചാപ്പനങ്ങാടിക്കൂട്ടം said...

സജീം നിങ്ങള്‍ നിങ്ങളുടെ മാത്രം സരികള്‍ എഴുതുന്നു എന്നാല്‍ അത് സരിയല്ലതാനും

ശ്രീനാഥന്‍ said...

റഹ്മത്തുള്ള ദേശീയകൌൺസിലംഗമായിരുന്നു!

Anonymous said...

"ജയാ ഡാളി അവഗണിക്കപ്പെട്ട കോൺഗ്രസ്സുകാരിയായിരുന്നു. റഹ്മത്തുള്ളയും സിന്ധു ജോയിയും പാർട്ടിയാൽ അവഗണിക്കപ്പെട്ടവർ അല്ലല്ലോ!"

ആ അള്‍വു കോല്‍ ഒന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു.

Anonymous said...

"... ടി.കെ.ഹംസയൊക്കെ അന്നു വരേണ്ടതുതന്നെ! അതു കാലം വേറെ!കെ.റ്റി.ജലീൽ വന്നത് തിന്മകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്...

കഷ്ടം, ഇത്ര വികലമായിപ്പോയല്ലോ താങ്കളുടെ ചിന്തകള്‍ ! ഹംസയൊക്കെ വരേണ്ടതു തന്നെ,ലോനപ്പനും വരേണ്ടതു തന്നെ, എന്താണ് അന്നത്തെ കാലത്തിന്റെ പ്രത്യേകത? പിന്നെ, കെ.ടി.ജലീല്‍ തിന്മക്കെതിരെ പോരാടിയതുകൊണ്ടാണല്ലോ കുഞ്ഞാലിക്കുട്ടി റെക്കാര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ചതും, ശശിയണ്ണനും വി ഐ പികളും ഒക്കെ അച്ചുമാമന്റെ ഗീര്‍വ്വാണജയിലില്‍ കിടക്കുന്നതും. കഷ്ടം തന്നെ, കൊച്ചുസാറണ്ണാ നിങ്ങള്‍ ഇത്ര ഗതികെട്ട് പോയല്ലോ

സന്തോഷ്‌ said...

ഊരും പേരും ഇല്ലാത്ത അനോണി സാറേ, കുഞ്ഞാലിക്കുട്ടി റെക്കാര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ച കഥ അധികം ഒച്ചത്തില്‍ പാടേണ്ട. താന്‍ അഴിമതിക്കാരന്‍ ആണ് എന്ന് പരസ്യമായി ഏറ്റുപറഞ്ഞ ഒരു വ്യക്തിയെ വീണ്ടും ഭരിക്കുവാന്‍ അനുവദിച്ച കഴുതകളുടെ വിവരക്കേട് ഒരു ബഹുമതി ആണ് എന്ന് സ്വയം തോന്നും എങ്കിലും മറ്റു പലര്‍ക്കും അത് നാണക്കേടാണ്. തന്റെ ഭരണകാലത്ത് പലര്‍ക്കും പലതും വഴിവിട്ടു ചെയ്തു കൊടുത്തിട്ടുണ്ട് എന്ന് കുഞ്ഞാലിക്കുട്ടി ദൃശ്യമാധ്യമങ്ങളില്‍ സ്വയം ഏറ്റുപറഞ്ഞിട്ടും മലപ്പുറത്തുള്ളവര്‍ക്ക് അതിന്റെ അര്‍ഥം മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.

ഇ.എ.സജിം തട്ടത്തുമല said...

സന്തോഷ് എഴുതി:

“കുഞ്ഞാലിക്കുട്ടി റെക്കാര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ച കഥ അധികം ഒച്ചത്തില്‍ പാടേണ്ട. താന്‍ അഴിമതിക്കാരന്‍ ആണ് എന്ന് പരസ്യമായി ഏറ്റുപറഞ്ഞ ഒരു വ്യക്തിയെ വീണ്ടും ഭരിക്കുവാന്‍ അനുവദിച്ച കഴുതകളുടെ വിവരക്കേട് ഒരു ബഹുമതി ആണ് എന്ന് സ്വയം തോന്നും എങ്കിലും മറ്റു പലര്‍ക്കും അത് നാണക്കേടാണ്.“

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ ചാപ്പനങ്ങാടിക്കൂട്ടം,
എനിക്കു ശരിയെന്നു തോന്നുന്നത് എഴുതുന്ന സ്വന്തം ബ്ലോഗാണിത്.(ഗൂഗിൾഫ്രീ എന്നത് മറക്കുന്നുമില്ല)). താങ്കൾക്കു ശരിയെന്നു തോന്നുന്നത് താങ്കളുടെ ബ്ലോഗിൽ എഴുതുക. എന്റെ കമന്റ് കോളത്തിലും താങ്കൾക്ക് അത്യാവശ്യം താങ്കളുടെ ശരികൾ എഴുതാം പോസ്റ്റുമായി ബന്ധപ്പെട്ട്!

ഇ.എ.സജിം തട്ടത്തുമല said...

അനോണീ,

വരവും പോക്കുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഇനിയും നടക്കും. അതുകൊണ്ട് നമ്മൾ ഓരോ വരവിനെയും പോക്കിനെയും സംബന്ധിച്ച് അഭിപ്രായങ്ങൾ എഴുതരുതെന്നില്ലല്ലോ!

SHANAVAS said...

സജീം,ആയാറാം ഗയാറാം നിരന്തരം നടക്കുന്ന കാലമല്ലേ?തീവ്ര ഇടതു പക്ഷത് നിന്നും തീവ്ര വലതു പക്ഷത്തേക്ക് ചാടാന്‍ ഇന്ന് ആര്‍ക്കും ഒരു മടിയും ഇല്ല.തിരിച്ചും അങ്ങനെ തന്നെ . പക്ഷെ,ഈ കള്ളാ നാണയങ്ങളെ തിരിച്ചറിയുന്നതില്‍ പാര്‍ട്ടികളും ജനങ്ങളും പരാജയപ്പെടുമ്പോള്‍ നശിക്കുന്നത് ജനാധിപത്യം ആണ്.ഇപ്പോള്‍ വിലാപ കാലമല്ലേ?ഒരാള്‍ ജയിലില്‍ ഇരുന്നു വിലപിക്കുന്നു.മറ്റു ചിലര്‍ ജയിലിനു പുറത്തു നിന്ന് വിലപിക്കുന്നു.ഇവരുടെ ഒക്കെ ലക്‌ഷ്യം ഒന്നേ ഉള്ളൂ.സ്വന്തം ഉദരപൂരണം.

ശ്രീനാഥന്‍ said...

പച്ചച്ചെങ്കൊടി സിന്ദാബാദ്! റഹമത്തുള്ളേ, നേതാവേ ..

Anonymous said...

"എനിക്കു ശരിയെന്നു തോന്നുന്നത് എഴുതുന്ന സ്വന്തം ബ്ലോഗാണിത്"

ഉത്തരം മുട്ടുമ്പോള്‍ എന്റെ സാധനം എന്നു പറയുന്നത് മാനവികതാ വാതത്തിന്റെ ഒരു മുഖം തന്നെ...

ഇ.എ.സജിം തട്ടത്തുമല said...

ഉത്തരം മുട്ടിയെന്ന് അനോണി അങ്ങ് സ്വയം പ്രഖ്യപിക്കുക വഴി താങ്കളെ തോല്പിക്കാൻ ആരുമില്ലെന്ന് സ്വയം ധ്വനിപ്പിക്കുകയല്ലേ? ആയിക്കോട്ടേ!താങ്കൾ ഉത്തരം മുട്ടിക്കാൻ പോന്ന വലിയ കാര്യങ്ങളൊന്നും ഇവിടെ പറഞ്ഞുവെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ച് മാർക്സിസ്റ്റ് വിരോധവും പിന്നൊരല്പം പിണറായി വിരോധവും കൂടി പ്രകടിപ്പിച്ചു കഴിഞ്ഞാൽ വലിയ സംവാദമായി എന്നു കരുതുന്നവരിൽ ഒരാൾ മാത്രമാണ് താങ്കൾ, അനൊണീ. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന മട്ടിലാണ് മിക്ക മാർക്സിസ്റ്റ് വിരുദ്ധ സംവാദകരും മുന്നേറാറുള്ളത്. എന്തായാലും കോൺഗ്രസ്സിനേക്കാളൂം ലീഗിനേക്കാളും ഒക്കെ നല്ലൊരു പാർട്ടിയിലും മുന്നണിയിലും തന്നെ നമ്മൾ നിലകൊള്ളുന്നതെന്ന് ഉറച്ച വിശ്വാസമുണ്ട്.

ജയിംസ് സണ്ണി പാറ്റൂർ said...

മതങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രിയത്തില്‍
ആളുകള്‍ സംഘടിച്ചാല്‍ ക്രിസ്ത്യനികള്‍
അവരുടെ പാര്‍ട്ടിയില്‍ , മുസല്‍മാന്‍ അവരുടെ
പാര്‍ട്ടിയില്‍ അപ്പോള്‍ ഹിന്ദുക്കളോ അവരും
അങ്ങിനെ തീരുമാനമെടുത്തു് ഹൈന്ദവ പാര്‍ട്ടി
യില്‍ ഒരുമിച്ചു നിന്നാല്‍ .... അങ്ങിനെ ഒ‍ടുവില്‍
അതു യാഥാര്‍ത്ഥ്യമാക്കപ്പെടും