Thursday, May 19, 2011

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ


ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ

പുതുതായി സത്യ പ്രതിജ്ഞ ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഏതാനും ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നു. അതിൽ ഒന്ന് എൻഡോ സൽഫാൻ ദുരിതബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാ വീതം ധനം സഹായം നൽകും എന്നതാണ്. ഇത് വളരെ സ്വാഗതാർഹം തന്നെ. എൻഡോ സൽഫാൻ നിരോധനം പൂർണ്ണമായി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. ഇതും സ്വാഗതാർഹം തന്നെയാണെങ്കിലും അതിന്റെ ആത്മാർത്ഥത കാത്തിരുന്നു കാണാം.

രണ്ടാമത്തെ കാര്യം കുട്ടനാട്ടിൽ വേനൽ മഴക്കെടുതികൾക്കിരയായ കർഷകർക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപാ വീതം ധന സഹായം നൽകാനുള്ള തീരുമാനമാണ്. ഇത് മതിയായ സഹായമായിരിക്കുമോ എന്നത് അവിടുത്തെ കർഷകരോട് ചോദിക്കേണ്ട കാര്യമാണെങ്കിലും ആശ്വാസം എത്തിക്കുന്നത് നല്ല കാര്യം തന്നെ. ഒരു രൂപയ്ക്ക് അരി നൽകൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടു രൂപയ്ക്കാണ് അരി നൽകൻ തീരുമാനിച്ചത്. ജനങ്ങൾക്ക് ഒരു രൂപ കൂടി കുറച്ച് കിട്ടുന്നത് കുറച്ചും കൂടി ആശ്വാസകരം തന്നെ.

ഇനി മൂന്നാമത്തേത് ഇപ്പോൾ വർദ്ധിപ്പിച്ച പെട്രോൾ വിലയിൽ നിന്നും ലഭിക്കുന്ന അധിക നികുതി സംസ്ഥാന സർക്കാർ വേണ്ടെന്നു വയ്ക്കുക വഴി വില വർദ്ധനവിൽ നിന്ന് അല്പം ഒരു ആശ്വാസം നൽകുക എന്നതാണ്. ഇതും സ്വാഗതാർഹം തന്നെ. ലിറ്ററിന് 1.22 രൂപയാണ് സംസ്ഥാനത്തിനുള്ള നികുതി. ഇത് വേണ്ടെന്നു വയ്ക്കുക വഴി സർക്കാരിനു 131.94 കോടി വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരേണ്ടത് ഒരു സർക്കാരിന്റെ ബാദ്ധ്യത തന്നെയാണ്. ഇപ്പോൾ പെട്രോൾ ലിറ്ററിന് 5.39 രൂപയാണ് വർദ്ധിപ്പിച്ചത്. നികുതി വേണ്ടെന്നു വയ്ക്കുന്നതിലൂടെ വില 4.17 രൂപ ആകും.

എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം വില വർദ്ധനവ് എന്ന യാഥാർത്ഥ്യം അപ്പോഴും നില നിൽക്കുന്നു എന്നുള്ളതാണ്. 5.39 രൂപാ കൂടിയതിൽ നിന്നാണ് ഉദ്ദേശം 1.56 രൂപയുടെ ഇളവ് ഉപപ്ഭോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തേ ഉള്ളതിൽ നിന്നും 4.17 രൂപാ എന്നാലും അധികം നൽകേണ്ടി വരികയാണ്. വൻ തോതിൽ വർദ്ധിപ്പിക്കുക. അല്പമാത്രമായ ഇളവ് അനുവദിക്കുക. മുൻ സർക്കാർ അതു പോലും ചെയ്തില്ലാ എന്നു വാദിക്കാം. ആ നിലയിൽ അല്പം കൂടി ജനപ്രിയം ഇക്കാര്യത്തിൽ ഉണ്ടാക്കി.

ഇപ്പോൾ എണ്ണ വില വർദ്ധനവിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കല്ല. എണ്ണക്കമ്പനികൾക്കാണ്. ഇനി അടുത്ത മാസം വീണ്ടും എണ്ണ വില കൂട്ടും എന്നാണ് അറിയുന്നത്. അടുത്ത മാസം മാത്രമല്ല, ഇനി ഇടയ്ക്കിടെ ഇങ്ങനെ കൂടിക്കോണ്ടിരിക്കും. അപ്പോഴെല്ലാം കേരളത്തിലെ യു.ഡി.എഫ് സർക്കാർ വിലവർദ്ധനവു വഴി കിട്ടുന്ന അധികനികുതി ഉപേക്ഷിച്ച് വിലവർദ്ധനവിന്റെ ഭാരം ലഘൂകരിച്ചുകൊണ്ടിരിക്കുമോ എന്നറിയില്ല.

അടിക്കടിയുള്ള വില വർദ്ധനവ് ഒഴിവാക്കാൻ ആവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനു പകരം വില കൂടുമ്പോഴെല്ലാം സംസ്ഥാന സർക്കാർ അധിക നികുതി ഒഴിവാക്കി അല്പം ആശ്വാസം എത്തിക്കുക എന്നത് എക്കാലത്തും പ്രായോഗികമാകുമോ? ഇളവു നൽകിയാലും വർദ്ധനവ് എന്ന യാഥാർത്ഥ്യം നില നിൽക്കും എന്നത് അംഗീകരിക്കാതെ പറ്റുമോ? അതിനെന്താണൊരു പോം വഴി? ശാശ്വതമായ പോംവഴി അടഞ്ഞ അദ്ധ്യായമോ?

കേട്ടാൽ തോന്നും പെട്രോളിന്റെ വില ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കുറച്ചെന്ന്. 5.39 രൂപാ കൂട്ടിയത് 4.17 ആയി കുറയുമ്പോഴും ഈ 4.17 രൂപ വർദ്ധനവ് നിലനിൽക്കുകയാണ്. ആദ്യം എണ്ണവില കൂട്ടാനും കുറയ്ക്കാനുമുള്ള കേന്ദ്ര ഗവർണ്മെന്റിന്റെ നഷ്ടപ്പെട്ട അധികാരം തിരിച്ചിച്ചുപിടിക്കാൻ കേന്ദ്രഗവർണ്മെന്റിനോട് പറയുകയാണ് ഉമ്മൻ ചാണ്ടി ചെയ്യേണ്ടത്!

8 comments:

തസ്മു തേവു said...

പെട്രോൾ വിലമാത്രമല്ല എല്ലാ സാധനങ്ങളുടേയും വില വർദ്ധിക്കുന്നുണ്ട്‌. അപ്പോഴെല്ലാം ഈ അധിക നികുതി വേണ്ടെന്നു വയ്ക്കുമോ? എന്നാലും വർദ്ധനവ് വർദ്ധനവായി തന്നെ നിൽക്കും. വിലകൾ കൂടാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന് ആരും ആലോചിക്കുന്നില്ലല്ലൊ!

SHANAVAS said...

പെട്രോള്‍ വില വര്‍ധന ഒരു തുടര്‍ക്കഥ ആയിരിക്കും.അന്താരാഷ്ട്ര കംപോളത്തില്‍ കൂടുമ്പോള്‍ കൂട്ടും.കുറയുമ്പോള്‍ കുറയ്ക്കുകയില്ല.അതാണ്‌ കളി.അണ്ണാ ഹസാരെയ്ക്ക് ഒരു സ്ഥിരം പന്തല്‍ കെട്ടി കൊടുത്താല്‍ നന്നായിരിക്കും.നിരാഹാരം കിടക്കാന്‍.ഇപ്പോള്‍ കാണിക്കുന്ന ജനസ്നേഹം മനസ്സില്‍ ആകും.പക്ഷെ ഇതില്‍ നഷ്ടം വരുന്നതില്‍ കൂടുതല്‍ ജനങ്ങളില്‍ നിന്ന് തന്നെ ഈടാക്കും,അവര്‍ അറിയാതെ തന്നെ.തല്‍ക്കാലം മാവേലി നാട് വാണീടും കാലം.

Anonymous said...

ഉമ്മന്‍ ചാണ്ടി അല്ലല്ലോ ലിബിയ ഒപ്പെക്‌ രാജ്യങ്ങള്‍ ഭരിക്കുന്നത്‌?

ടോക്കണ്‍ ആയി പറഞ്ഞ ഒരു കാര്യം ചെയ്തു എന്നും ഇതു പ്റാവറ്‍ത്തികമല്ല

എണ്ണ കമ്പനികളെ സോഷ്യല്‍ ആഡിറ്റിനു വിധേയമാക്കണം അതിനു പബ്ളീക്‌ ഇണ്റ്ററസ്റ്റ്‌ ലിറ്റിഗേഷന്‍ കൊടുക്കാം

വീ എസിനു നല്ല കോടതി പരിചയം ഉണ്ടല്ലോ , അതോ പെണ്ണു കേസില്‍ മാത്രമേ താല്‍പ്പര്യം ഉള്ളോ?

എണ്ണ കമ്പനികളുടെ വാദം തെറ്റാണെന്നു തെളിയിച്ചാല്‍ വീ എസ്‌ ഇന്ത്യ മഹാ രജ്യത്ത്‌ അണ്ണാ ഹസാരെയെക്കാള്‍ പ്റശസ്തനായിരിക്കും

സത്യ പ്റതിജ്ഞ ഇന്നലെ കഴിഞ്ഞതല്ലെ ഉള്ളു, ഇനി സെക്റട്ടറിമാരെ ഷഫിള്‍ ചെയ്യണം എല്‍ ഡീ എഫിനെ പേടിച്ചു ഡെല്‍ഹിയില്‍ ട്റാന്‍സ്ഫറ്‍ ആയി പോയ ആള്‍ക്കാറ്‍ തിരികെ വരണം ഭരണ യന്ത്രം ഒന്നു എണ്ണയിടണം പാര പോസ്റ്റുകളില്‍ തിരുകി വച്ചിരിക്കുന്ന സഖാക്കളെ മാറ്റണം വിശ്വസ്തരെ കൊണ്ടു വരണം ധ്റ്‍തി പിടിക്കാതെ മാഷേ?

മെട്റോ റെയില്‍ വരുമെന്നു തോന്നുന്നു എറണാകുളത്ത്‌ ലാന്‍ഡ്‌ അക്വ്സിഷന്‍ പ്റശ്നം ആണു നോക്കാം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആരംഭശൂരത്വം

സുരേഷ് ബാബു വവ്വാക്കാവ് said...

പാകിസ്ഥാനിലും ചൈനയിലും ശ്രീലങ്കയിലുമെല്ലാം പെട്രോളിന്റെ വില ഇന്ത്യയിലെ വിലയെക്കാളും കുറവാണ്

ഇ.എ.സജിം തട്ടത്തുമല said...

കേട്ടാൽ തോന്നും പെട്രോളിന്റെ വില ഉമ്മൻ ചാണ്ടി കുറച്ചെന്ന്. 5.39 രൂപാ കൂട്ടിയത് 4.17 ആയി കുറയുമ്പോഴും ഈ 4.17 രൂപ വർദ്ധനവ് നിലനിൽക്കുകയാണ്. ആദ്യം എണ്ണവില കൂട്ടാനും കുറയ്ക്കാനുമുള്ള കേന്ദ്ര ഗവർണ്മെന്റിന്റെ നഷ്ടപ്പെട്ട അധികാരം തിരിച്ചിച്ചുപിടിക്കാൻ കേന്ദ്രഗവർണ്മെന്റിനോട് പറയുകയാണ് ഉമ്മൻ ചാണ്ടി ചെയ്യേണ്ടത്!

ശ്രീനാഥന്‍ said...

ഉമ്മഞ്ചാണ്ടി തുടങ്ങിയല്ലേ ഉള്ളൂ, വിലയിരുത്താറായില്ല.

രേവു said...

വായിച്ചു!