Wednesday, September 7, 2011

അണ്ണാ ഹസാരെമാർ ഉണ്ടാകുന്നത്.........

 
അണ്ണാ ഹസാരെമാർ ഉണ്ടാകുന്നത്.........

ജനലോക്പാൽ ബില്ലിനു വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം നടന്നു. ജനലോക്പാൽ ബിൽ ഒരു ജനാഭിലാഷമായിരുന്നു. അതുകൊണ്ട് ആ സമരത്തിന് ജന പിന്തുണ കിട്ടി. ജനങ്ങളാഗ്രഹിച്ച ഒരു നിയമം ലക്ഷ്യമാക്കിയുള്ള  ജനപിന്തുണയുള്ള ഒരു സമരം ആയതിനാൽ ഇന്ത്യയിൽ ഇപ്പോൾ കേന്ദ്രഭരണത്തിന് പുറത്തുള്ള മിക്കവാറും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനു പിന്തുണ നൽകി. ഈ രാഷ്ട്രീയ കക്ഷികളൊന്നും അണ്ണാ ഹസാരെയുടെയോ അദ്ദേഹത്തിന്റെ അനുയായികളുടേയോ എല്ല്ലാ ആശയങ്ങളോടും യോജിക്കുന്നവയല്ല. അതുകൊണ്ടുതന്നെ അണ്ണാ ഹാസരെയുടെ സമരത്തിനു രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണ വിഷയാധിഷ്ഠിതമായിരുന്നുവെന്നു പറയാം.

ഇന്ത്യ ഒരു ജനാധിപ്യ രാഷ്ട്രമാണ്. ജനാധിപത്യത്തിന്റെ നാഡി ഞരമ്പുകളാണ് രാഷ്ട്രീയ പാർട്ടികൾ. ജനാധിപത്യത്തെ സാക്രികമായി നിലനിർത്തുന്നത് രാഷ്ട്രീയ കക്ഷികളാണ്. രാഷ്ട്രത്തോടും രാഷ്ട്രം ഉൾക്കൊള്ളുന്ന ജനങ്ങളോടും ജനാധിപത്യ സംവിധാനങ്ങളോടും രാഷ്ട്രീയ കക്ഷികൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഈ ഉത്തരവാദിത്തങ്ങൾ യാഥാവിധി ഏറ്റെടുക്കാൻ അവ തയ്യാറായില്ലെങ്കിൽ ഒരു ഘട്ടം വരുമ്പോൾ രാഷ്ട്രീത്തിനു പുറത്തുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും അതിൽ ചില ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത് രംഗത്തു വരും. അവർ ചിലപ്പോൾ അരാഷ്ട്രീയ വാദികൾ ആകാം. അരാഷ്ട്രീയത  സമൂഹത്തിൽ ബലപ്പെടുന്നത് പക്ഷെ ജനാധിപത്യത്തെ ദുർബലപ്പെടുത്തും.ഏത് സാഹചര്യത്തിലായാലും അത് നല്ലതല്ല.  രാഷ്ട്രീയപ്രസ്ഥാനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുണ്ടാകുന്ന ഏത് തരം അസംതൃപ്തികളും അവരെ അരാഷ്ട്രീയതയിലേയ്ക്കും ജനാധിപത്യത്തോടുള്ള മതിപ്പില്ലായ്മയിലേക്കുമായിരിക്കും നയിക്കുക. അതിനാൽ കോർപ്പറേറ്റ് മുതലാളിമാരാലും അരാഷ്ട്രീയവാദികളാലും ബ്യൂറോക്രാറ്റുകളാലും അണ്ണാ ഹാസാരെയെ പോലെ ഒരാൾ ഒരു സുപ്രഭാതത്തിൽ വഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെടുമ്പോൾ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇരുത്തി ചിന്തിക്കേണ്ട തോനേ കാര്യങ്ങളുണ്ട്.

രാഷ്ട്രീയപാർട്ടികൾ അവർക്ക് ഭരണം കിട്ടുമ്പോൾ ചെയ്യേണ്ടതും പ്രതിപക്ഷത്തായിരിക്കുമ്പോൾ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കി അവയെ സംബന്ധിച്ച് തങ്ങളുടെ സ്വന്തം ഉത്തരവാദിത്തങ്ങൾ യഥാസമയം നിർവഹിക്കാതെ വന്നാൽ അവ പൊതു സമൂഹം ഏറ്റെടുക്കും. പൊതുസമൂഹ പ്രതിനിധികൾ എന്ന നിലയിൽ  നേതാക്കളായി കടന്നുവരുന്നവർ ജനപ്രിയരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ജനങ്ങൾക്ക് അപ്രിയരും ആയിത്തീരും. ജനലോക്പാൽ പോലെ സ്വാതന്ത്ര്യം കിട്ടി നാളിന്നുവരെ ആയിട്ടും പരിഹാരം കാണാതെ കിടക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ വേറെയുമുണ്ട്. ഒരുപാട് നിയമങ്ങൾ പുതുതായി രൂപപ്പെടുത്താനും പലതും തിരുത്തിയെഴുതാനും ഉണ്ട്. എന്നാൽ അധികാരലബ്ധിയ്ക്കു വേണ്ടിയുള്ള വ്യഗ്രതകൾക്കിടയിൽ അത്തരം ഉത്തരവാദിത്വങ്ങളിൽ നിന്നും രാഷ്ട്രീയ കക്ഷികൾ വളരെ അകന്നു നിൽക്കുകയാണ്. ഇനിയിപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ചു വിളിക്കാനുള്ള അധികാരത്തിനു വേണ്ടിയും അണ്ണാ ഹസാരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ജനലോക്പാൽ ബിൽ ആയാലും  തെരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ചു വിളിക്കാനുള്ള നിയമമായാലും അതൊക്കെ രാഷ്ട്രീയ പാർട്ടികൾ നേരത്തേ ഏറ്റെടുത്ത് ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാൻ സാഹചര്യമൊരുക്കേണ്ടതായിരുന്നു. നമ്മുടെ രാജ്യത്തെ ജനവിരുദ്ധബ്യൂറോക്രസി, അഴിമതി, ദാരിദ്ര്യം തുടങ്ങി പല പ്രശ്നങ്ങളും ഇന്നും നില നിൽക്കുകയാണ്. കാലമിത്രയായിട്ടും മാറിമാറിവന്ന ഭരണകൂടങ്ങൾക്ക് ഇക്കാര്യങ്ങൾക്ക് ഫലപ്രദമായ പരിഹാരം ഉണ്ടാക്കാൻ കഴിയാതെ പോയത് കഴിവിന്റെയല്ല താല്പര്യത്തിന്റെയും ആത്മാർത്ഥതയുടെയും കുറവുകൊണ്ടാണ്. അധികാരം ലഭിക്കുന്നത് സ്വന്തം പ്രൌഢിക്കും  പ്രതാപത്തിനും ധനനേട്ടങ്ങൾക്കും  വേണ്ടിയാണെന്ന ധാരണയാണ് ഭൂരിപക്ഷം നേതാക്കൾക്കും.

രാജ്യത്ത് അഴിമതിയേക്കാൾ ഭീകരമായ ജനകീയ പ്രശ്നങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. എന്നാൽ അവയൊന്നും അന്നാ ഹാസാരെമാരുടെ ശ്രദ്ധയെ ആകർഷിച്ചിട്ടില്ല. രാജ്യത്തെ പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുന്നതിന് വിട്ടു വീഴയില്ലാതെ സമരം ചെയ്യാൻ ഒരു അണ്ണാ ഹാസാരെമാരെയും കണ്ടിട്ടില്ല.ജന ലോക്പാലിനു വേണ്ടി അണ്ണാ ഹസാരെ നിരാഹാരം കിടന്നാൽ പട്ടിണിയും പരിവട്ടങ്ങളും  ശീലമായിക്കഴിഞ്ഞ   ജനലക്ഷങ്ങൾക്ക് പ്രത്യേകിച്ചൊരു  സഹതാപമൊന്നും അണ്ണാ ഹസാരെയോട് തോന്നുകയുമില്ല. എന്നാൽ നിരവധി ജനകീയ പ്രശ്നങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ഒരു ജനലോക്പാലിനെ മാത്രം പൊക്കിയെടുത്തുകൊണ്ടുവന്ന് വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്തെന്ന് അണ്ണാ ഹസാരെമാരോട് ചോദിക്കാതിരുന്നിട്ടും കാര്യമില്ല. പക്ഷെ ഈ ചോദ്യം ചോദിക്കുവാൻ നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കൊന്നിനും ധാർമ്മികമായി അവകാശമില്ല. കാരണം തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന, അഥവാ ചെയ്യാൻ ഉത്തരവാദിത്വമുള്ള  കാര്യങ്ങൾ അവർ ചെയ്തിട്ടില്ലല്ലോ. ഇവിടെ ഈയുള്ളവൻ  പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. രാഷ്ട്രീയ പർട്ടികൾ വെറും ഭരണപക്ഷവും പ്രതിപക്ഷവും കളിച്ചാൽ മാത്രം രാഷ്ട്രകാര്യമാകില്ല.രാഷ്ട്രകാര്യങ്ങളിൽ വേണ്ടത്ര ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തനങ്ങൾ രാഷ്ട്രീയവുമല്ല. ഇത് പാർട്ടികളായ പാർട്ടികൾ എല്ലാം സ്വയം തിരിച്ചറിയണം.

തീർച്ചയായും അണ്ണാ ഹസാരെയെ പോലെയുള്ളവരിലല്ല, കൂടുതലായി രാഷ്ട്രീയകക്ഷികളിലാണ് ജനങ്ങൾക്ക് വിശ്വാസമുണ്ടാകേണ്ടത് എന്ന അഭിപ്രായം ഉള്ളതുകൊണ്ടുതന്നെയാണ് ഈ കുറിപ്പ് എഴുതുന്നതെന്നു പറയാൻ മടിയ്ക്കുന്നില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങൾക്കിടയിൽ അവമതിക്കപ്പെടുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിക്കണം. അണ്ണാ ഹസാരെയ്ക്കെന്നല്ല, ഏതൊരു ഇന്ത്യൻ പൌരനും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ രാഷ്ട്രീയക്കാരല്ലാത്തവർ നടത്തുന്ന ഈ സമരങ്ങളുടെ പുറകെ നിവൃത്തിയില്ലാതെ രാഷ്ട്രീയക്കാർ പോകേണ്ടി വരാതെ രാഷ്ട്രീയ കക്ഷികൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുത്ത്  സമരം നയിക്കുകയും പൊതു സമൂഹം അവയുടെ പിന്നിൽ അണിനിരക്കുകയുമാണ് വേണ്ടത്. അതുകൊണ്ട് ഇനി ഇത്തരം വിഷയങ്ങളിൽ ജനങ്ങൾ അണ്ണാ  അഹസാരെ മാരുടെ പുറകെ പോകണമോ, അതോ തങ്ങളുടെ കൂടെ വരണമോ എന്നൊക്കെ എല്ലാ രാഷ്ട്രീയക്കാരും ഇരുത്തി ചിന്തിക്കട്ടെ!

11 comments:

രമേശ്‌ അരൂര്‍ said...

രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ തല്ലും അന്താരഷ്ട്ര പ്രശ്നങ്ങളും ഒഴിഞ്ഞിട്ട് നേരം വേണ്ടേ ...:)

SHANAVAS said...

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം..അത് കൊണ്ടാണല്ലോ എം പി മാരെക്കൊണ്ട് തിഹാര്‍ ജയില്‍ നിറയാന്‍ പോകുന്നത്..ഇങ്ങനെ പോയാല്‍ കോറം തികയാന്‍ സിറ്റിംഗ് തിഹാരിലേക്ക് മാറ്റേണ്ടി വരും...ഈ അധപതിച്ച ധാര്‍മികതയാണ് അണ്ണാ ഹജാരെയെ പോലെ ഉള്ളവര്‍ക്ക് വളം ആകുന്നത്‌..ഇനിയും രാഷ്ട്രീയക്കാര്‍ കാലത്തിന്റെ ചുവര്‍ എഴുത്ത് കണ്ടില്ലെങ്കില്‍ അവരുടേ സ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയില്‍ ആയിരിക്കും...ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന കാലത്ത് ജനം ഇവരെ സഹിച്ചു..വിവര വിസ്പോടകതിന്റെ ഈ കാലത്ത്‌ ഇനി ജനങ്ങള്‍ പറയുന്നതാണ് നടക്കേണ്ടത്..അല്ലാതെ കോര്‍പറേറ്റ്‌ മുതലാളിമാര്‍ തീരുമാനിക്കുന്നതല്ല...

ഞാന്‍ പുണ്യവാളന്‍ said...

ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും . ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത് ആഘോഷിച്ചു ജനം ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ

നമ്മുടെ റോഡിലെ കുഴിയടക്കാന്‍ സഹനസമരത്തിനായി ഒരു ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക് നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ ....
സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു
http://njanpunyavalan.blogspot.com

Anonymous said...

മന്‍ മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ ഒരു മുഖം മൂടി ആണെങ്കില്‍ അണ്ണാ ഹസാരെ വേറെ ആരുടെയോ ഒരു മുഖം മൂടി ആണ്

മീഡിയക്ക് എന്നും ഓരോ അജണ്ട വേണം ഇന്ദിരാ ഗാന്ധിയാണ് ഇന്ന് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ അണ്ണാ ഹസാരെ എന്നെ പണി മതിയാക്കി പോയേനെ അല്ലെങ്കില്‍ ഗോതമ്പുണ്ട തിന്നേനെ

അഴിമതി കൂടുന്നു ശരി തന്നെ പക്ഷെ അത് അത്ര വലിയ പ്രോജക്ടുകള്‍ വരുന്നത് കൊണ്ടാണ്

കോടതി നടപടി ക്രമത്തിലെ ഡിലെ ആണ് ഇവിടെ അഴിമതി ഉണ്ടാകാന്‍ പ്രധാന കാരണം. രാജീവ്‌ ഗാന്ധി കേസിലെ പ്രതികളെ സുപ്രീം കോടതി ശിക്ഷിച്ചു. പ്രസിഡന്റ്റ്‌ ദയ ഹര്‍ജി തള്ളി. ചെന്നൈ ഹൈക്കോടതി തടഞ്ഞിരിക്കുന്നു കൊല്ലം ഇരുപതായി കേസ് തുടങ്ങിയിട്ട്.

പിന്നെ ഈ സുപ്രീം കോടതി ഒക്കെ എന്തിനു? കുഞ്ഞാലി കുട്ടിയെ കൊല കുറ്റം ചെയ്തതിനെ കാള്‍ കോടതി കയറി പീഡിപ്പിക്കുന്നു.

കോടതി എത്രയോ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ കുഞ്ഞാലി കുട്ടിയുടെ കേസുകള്‍ എങ്ങിനെ ഇടക്കിടെ പരിഗണിക്കപ്പെടുന്നു ?

അണ്ണാ ഹസാരെ എന്ത് നേടി? പാര്‍ലമെന്റിനു അയാള്‍ പറഞ്ഞ കാര്യം റെഫര്‍ ചെയ്തു പാര്‍ ലമെന്റ് വോട്ടിട്ടോ ? പാസാക്കിയോ? പാസാക്കാന്‍ ഉദ്ദേശം ഉണ്ടോ?

ബീ ജെ പിയും കോണ്ഗ്രസും മായാവതിയും സീ പീ എമും ആരാ ഇവിടെ അഴിമതി നടത്താത്തത്?

ഇവിടെ അഴിമതി എങ്ങിനെ ഉണ്ടാകുന്നു നിയമത്തിലെ നൂലാമാലകള്‍ കാരണം പ്രോസീജ്വാര്‍ ലഘൂകരിക്കൂ അഴിമതി കുറയും അതില്‍ ഉമ്മന്‍ ചാണ്ടി വിപ്ലവകരമായ മാറ്റങ്ങള്‍ ഈയിടെ നടത്തി അത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല

ഒന്ന് റേഷന്‍ കാര്‍ഡ് ഇപ്പോള്‍ എത്ര സ്പീഡില്‍ കിട്ടുന്നു

രണ്ട്ട് ജനന തീയതി തിരുത്തല്‍ വര്‍ഷങ്ങങ്ങള്‍ നടക്കണമായിരുന്നു അതിന്റെ പിറകെ.കഴിഞ്ഞആഴ്ച അതെല്ലാം ഒറ്റ ഓര്‍ഡര്‍ കൊണ്ട്ട് നീക്കി. അത് പോലെ ഹയര്‍ സെക്കന്‍ ദാരി അദാലത്തുകള്‍ എല്ലാം എത്ര ഫല പ്രദം

ഇങ്ങിനെ നൂലാമാലകള്‍ ലഘൂകരിച്ചാല്‍ മാത്രം മതി അഴിമതി ഇല്ലാതാകും

വലിയ പ്രോജക്ടുകളില്‍ കമ്മീഷന്‍ ഉണ്ട്ട് അതാണ്‌ അഴിമതി എന്ന് പറയുന്നത്

ഒരു വസ്തു നമ്മള്‍ വില്‍ക്കാന്‍ സ്വന്തം അളിയനെ സഹായിച്ചാലും നിങ്ങള്ക്ക് കമ്മീഷന്‍ കിട്ടും

ഒരു ഹോടലിന്റെ മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരു പോലീസ് കാരന്‍ സമ്മതിക്കുന്നില്ല എന്ന് ഇരിക്കട്ടെ അയാള്‍ കണ്ടില്ല എന്ന് നടിച്ചാല്‍ ചായക്കടക്കാരന് ബിസിനസ് കൂടും അയാള്‍ ഒരു കൈമടക് പോലീസ് കാരന് നല്‍കും ഇതും അഴിമതി തന്നെ

ഇതെല്ലാം ജന ലോക പാല്‍ ബില്‍ കൊണ്ടു പരിഹരിക്കുമോ? പണ്ടു ആര്‍ ടി ഓ ഓഫീസില്‍ കമ്പ്യൂടര്‍ വന്നു എന്ന് കേട്ടപ്പോള്‍ ഒരു കോയ പറഞ്ഞു "ന്റെ പ്പാ ഇനി ആ പഹയനും കൊടുക്കണം കൈക്കൂലി" ഇത്രയേ ഉള്ളു ജന ലോക പാലന്‍ വന്നാലും

പ്രധാന മന്ത്രി ജന ലോക പാലന്റെ മുന്നില്‍ പോയി കുനിഞ്ഞു നില്‍ക്കുന്ന സമയം പാക്കിസ്ഥാന്‍ അറ്റാക്കിനു വന്നാല്‍ പെട്ടെന്ന് തീരുമാനം ആരെടുക്കും?

മീഡിയ ഇവിടെ പല വിഗ്രഹളും ഉണ്ടാക്കി ആന്റണി അച്ചുതാനന്ദന്‍ ഇപ്പോള്‍ ദി ഒരു അണ്ണാ ഹസാരെ

ആള്‍ കൂടം പലതും കമ്പ്യൂടറില്‍ മോര്‍ഫ് ചെയ്താണ് ടീ വിയില്‍ കാണിച്ചത് (മനോരമേ പണ്ടേ ചെയ്യാറുള്ള പണി )

പാര്‍ലെമെന്റാരി സമ്പ്രദായം തന്നെ മതി നമുക്ക്

ഒരു സൂപ്പര്‍ പാര്‍ലമെന്റ് വേണ്ട

ഇ.എ.സജിം തട്ടത്തുമല said...

"ജനന തീയതി തിരുത്തല്‍ വര്‍ഷങ്ങങ്ങള്‍ നടക്കണമായിരുന്നു അതിന്റെ പിറകെ.കഴിഞ്ഞആഴ്ച അതെല്ലാം ഒറ്റ ഓര്‍ഡര്‍ കൊണ്ട്ട് നീക്കി." അങ്ങനെ ഒരു ഓർഡർ വന്നോ? ഞാൻ അറിഞ്ഞില്ല. അപ്പോ ഇനി എങ്ങനാ അതിന്റെ നടപടികൾ! എനിക്ക് അതിൽ ഒരു പോസ്റ്റിനുള്ള സ്കോപ്പ് ഉണ്ടല്ലോ!.

Anonymous said...

വലിയ ഒരു കാര്യം ആണ് ചെയ്തത് ഇതിനെ പറ്റി എഴുതുക തന്നെ വേണം നൂലാമാല എല്ലാം മാറി

ആപ്ലിക്കേഷന്‍ ഓണ്‍ ലൈന്‍ ആക്കി അഫിടാവിറ്റും കുന്തവും കുടുംബത്തിലെ മറ്റുള്ള സഹോദരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട ബര്‍ത്ത് സര്‍ടിഫിക്കറ്റ് മാത്രം മതി പ്രൂഫ്‌ ഇന്റര്‍വ്യൂവും മെമോ അടിക്കലും ഒന്നും വേണ്ട

News item ivide


Trivandrum, September 2: The procedure for correcting the Date of Birth in SSLC book now simplified.

An official application form is uploaded in the websites www.keralapareekshabhavan.in and www.sslcexamkerala.gov.in.

Those who want to apply for correction can log on to the website and download the application form and fill and submit it along with the birth certificate issued by local self government authority [attested by gazetted officer].

Earlier the procedures were complex, that one should produce the birth certificates of siblings, majistrate's acknowledgement and the certificate from the school in which he/she studied for the corrections in SSLC book.

ഫോറം ഇവിടെ കിട്ടും

http://www.keralapareekshabhavan.in/images/stories/download/db.pdf

Anonymous said...

ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒന്ന് അഭിനന്ദിക്കൂ മാനവികതാ വാദി

വരട്ടുതത്വവാദവും കള്ളക്കേസ് കൊടുക്കലും ആര്‍ക്കും പറ്റും

ഇതുപോലെ നല്ല തീരുമാനം എടുക്കാന്‍ ഇമ്മിണി പാടാണ്‌

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

വരട്ട് തത്വവാദമൊക്കെ എല്ല്ലാവരിലും ഏറിയും കുറഞ്ഞും കാണും. കള്ളക്കേസും കള്ളം അല്ലാത്ത കേസും ഒക്കെ രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും.രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ്.ഒരുതരം പരസ്പരപ്രതിരോധം! വരട്ടുതത്വവാദവും, കള്ളക്കേസ് കൊടുക്കലും ഒക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിലെ സർങ്കീർണ്ണതകൾ ഒഴിവാക്കി നിയമം പരിഷ്കരിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. ഞാൻ ആ വാർത്ത കണ്ടിരുന്നില്ല.മാലപ്പടക്കം പൊട്ടിച്ച് അത് അഘോഷിക്കാനുള്ള മനസ് എനിക്കുണ്ട്.

ജങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട നിയാങ്ങളുടെ നൂലാമാലകളെ പറ്റി ഞാൻ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അതിലൊക്കെ ഈ എസ്.എസ്.എൽ.സി ബൂക്കിലെ ജനനതീയതി തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ച് ഉദാഹരിക്കുമായിരുന്നു. കാരണം ഇതിനുള്ള അപേക്ഷകളുമായി അതു പൂരിപ്പിക്കാനും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പരീക്ഷാ ഭവനിൽ കൂടെ പോകാനും ഒക്കെ ധാരളം പേർ വർഷം തോറും എന്റെ അടുക്കൽ വരാറുള്ളതാണ്.എന്റെ കുടുംബത്തിലെ ചില കുട്ടികളുടെ കാര്യത്തിനു ഞാൻ നേരിട്ട് ഇറങ്ങിയപ്പോൾ അതിന്റെ തൊന്തറവ് നേരിട്ട് തന്നെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.

ലോക്കൽ അതോറിറ്റി നൽകുന്ന ഒറിജിനൽ ജനന സർട്ടിഫികറ്റ് ഒന്നുകൊണ്ടുമാത്രം പരിഹരിച്ചു കൊടുക്കുവാനുള്ള ഒരു കാര്യമാണിതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ഇനി അഥവാ ചിലർക്കെങ്കിലും ജനന സർട്ടിഫിക്കറ്റ് ലോക്കൽ അതോറിട്ടികളിൽ ലഭിക്കാതെ വന്നാൽ (അങ്ങനെ വന്ന അനുഭവങ്ങൾ ഉണ്ട്) ഒന്നോരണ്ടോ സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റു കൊണ്ടും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൊവെന്നും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

പരീക്ഷാഭവനിലേയ്ക്ക് കത്ത് അയക്കുകയും പത്രങ്ങളിൽ എഡിഉറ്റർക്കുള്ള കത്തുകളിൽ കത്തയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.എനിക്ക അറിയാവുന്ന പല ജനപ്രതിനിധികളോടും (മന്ത്രിമാരോടല്ല), ഉദ്യോഗസ്ഥപ്രമുഖരോടും അദ്ധ്യാപക- എൻ.ജി.ഒ സർവീസ് സംഘടനാ നേതാക്കളൊടും ഒക്കെ പലതവണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല ബധിരകർണ്ണങ്ങളിലാണ് ചെന്നു പതിച്ചത്. ഒരു സാധാരണകാരന്റെ അഭിപ്രായവും പരാതിയും ആരു കേൾക്കാൻ!

എന്തായാലും ഈ സർക്കാരിന്റെ കാലത്ത് ഈ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടായതിൽ പെരുത്ത സന്തോഷം തന്നെ. അതിനു ഉമ്മൻ ചാണ്ടി സർക്കാരിനെ അഭിനന്ദിക്കാൻ പാമോയിൽ കേസൊന്നും (ഹഹഹ) എനിക്കൊരു തടസമല്ല സുശീൽ . ബർത്ത് സർട്ടിഫികറ്റ് തിരുത്തുന്നതിനുള്ള നിയമത്തിലെ സങ്കീർണ്ണതകൾ എടുത്തു മാറ്റിയതിന് സർക്കാരിനെ അഭിനന്ദിക്കുന്നു.

അതോടൊപ്പം ഈ കാര്യം ബന്ധപ്പെട്ട അധികൃതരുടെ മുന്നിൽ എത്തിച്ച ആരോ ഉണ്ട്. അത് ഭരണ-ഉദ്യോഗ തലത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ, അനുഭവസ്ഥനായ ഒരു സാധാരണ പൌരനോ ആരും ആകാം അത്. അത് ആരായാലും അവരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.

അല്ലാതെ മുകളിലിരിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും അത്രപെട്ടെന്ന് വരികയോ വന്നാൽ തന്നെ അത് വേണ്ട വിധം പരിഹരിക്കുകയോ ഉണ്ടാകാറില്ല. അത് ആരു ഭരിക്കുമ്പോൾ ആയാലും. എന്തായാലും ഈ ഒരു നിയമ പരിഷ്കാരം കൊണ്ടുവന്ന അധികാരികൾക്കും, അതിനു പിന്നിൽ ഏതെങ്കിലും അജ്ഞാതരുടെ സ്വാധീനം ഉണ്ടെങ്കിൽ അവർക്കും അഭിനന്ദനങ്ങൾ. ഇനിയൊരു പക്ഷെ സുശീൽ എന്റെ പോസ്റ്റെങ്ങാനും വായിച്ച് വല്ല ശ്രമവും........ അല്ല, സുശീൽ ആളുവല്ല പുലിയോ അണൊന്ന് നമുക്കറിയില്ലല്ലോ!

എന്തായാലും ഇതു സംബന്ധിച്ച് എന്റെ വിശദമായ അഭിനന്ദനപോസ്റ്റ് വരും, സുശീൽ ! ബ്ലോഗിൽ മാത്രമല്ല, ഫെയിസ്ബൂക്കിലും കുന്തത്തിലും കുടച്ചക്രത്തിലും ഒക്കെ. മാത്രവുമല്ല, ഇനിയും ഇതു പോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല മൊണഞ്ഞ നിയമങ്ങളും ഉണ്ട് മാറിമറിയാൻ!

കലി said...

ആനുകാലിക പ്രസക്തമായ വിഷയം... അണ്ണാ ഹസാരെമാരെ സൃഷ്ടിക്കേണ്ട അവസരങ്ങള്‍ ഉണ്ടാകരുതേ എന്നും ജനാധിപത്യം വിജയിക്കട്ടെ എന്നും ആണ് പ്രാര്‍ത്ഥന ... പക്ഷെ പെണ്‍ Hitler ആയിരുന്ന ഇന്ദിരയെ സ്തുതിക്കുന്നവര്‍ ഉള്ള നാട്ടില്‍ അണ്ണാഹസാരെ മാര്‍ ഉണ്ടായിക്കോണ്ടേ യിരിക്കും .... വരട്ടു തത്വ വാദികള്‍ പിടിമുറുക്കുന്നത് കൊണ്ട് പല അഴിമതി ക്കാരും ജയിലില്‍ പോയില്ലേ... പിന്നെ അന്തോണി - അച്ചു - അണ്ണാ ഇവരൊക്കെ എന്തായാലും മാനവ രാശിയുടെ പ്രതീക്ഷകള്‍ തന്നെയാണ്... ഓണാശംസകള്‍

സങ്കൽ‌പ്പങ്ങൾ said...

മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

Noushad Vadakkel said...

പരിധിയുണ്ട് എന്തിനും ..അധികമായാല്‍ അണ്ണാ ഹസാരെയും വിഷമാണ് .എന്തും കച്ചവടമാക്കുന്ന ചാനലുകാര്‍ക്ക് ചാകരയായി ... ഇതൊന്നും ശ്രദ്ധിക്കാതെ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന പദ്ധതികളെ കുറിച്ച് (നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാന സമ്പാദ്യം അവരാണല്ലോ ) സജീവ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ചാനലുകള്‍ മുന്നോട്ടു വരട്ടെ ..അവരുടെ രേടിംഗ് കുത്തനെ ഇടിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല .നാട് നന്നാക്കുവാനാണ് ചാനലുകള്‍ എങ്കില്‍ നമ്മുടെ നാട് എന്നേ രക്ഷപ്പെട്ടേനെ .(സുവിശേഷം കേട്ട് ആള് നന്നാകുമെങ്കില്‍ രാവിലെ തൊട്ടു പരിപാടി അവസാനിക്കുന്നത് വരെ കേട്ടിരിക്കുന്ന മൈക്ക് സെറ്റ് കാരനല്ലേ ആദ്യം നന്നാവുക എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ ..) കയ്യടി നേടി ആളാകുവാനും,കയ്യടിച്ചു ആളാകുവാനും നമ്മള്‍ ശീലിച്ചു പോയി ...അത് മാറിയില്ലെങ്കില്‍ ജനാധിപത്യ മതേതര സംവിധാനം പൊളിഞ്ഞു തീവ്രവാദികളും ,ഭീകര വാദികളും അഴിഞ്ഞാടി രാജ്യം തകരും .