Friday, March 2, 2012

പിറവം ഉപതെരഞ്ഞെടുപ്പ്

പിറവം ഉപതെരഞ്ഞെടുപ്പ്:

ആത്മവിശ്വാസമാവാം;  അനുചിതവും അനാവശ്യവുമായ  പ്രസ്താവനകളും പ്രഖ്യാപനങ്ങളും  നന്നല്ല!

ആത്മവിശ്വാസം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്കുണ്ടാകുന്നത് നല്ലതാണ്.  എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പ് വീമ്പും വീരവാദവാങ്ങളും മുഴക്കുന്നതും ആവശ്യമില്ലാത്ത മുൻവിധികളും പ്രഖ്യാപനങ്ങളും നടത്തുന്നതും ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല. കേരളത്തെ സംബന്ധിച്ച് നിയമസഭ, പാർളമെന്റ് എന്നിവകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള  സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണിസ്ഥാനാർത്ഥിയ്ക്ക് മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊന്നും വിജയയിക്കുമെന്ന് വലിയ ആ‍ാത്മവിശ്വാസം വച്ചുപുലർത്താനാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ ചില  സ്വതന്ത്രർ ജയിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൂടെന്നുമില്ല. മുമ്പും ഉണ്ടായിട്ടുമുണ്ട് . എങ്കിലും സാധാരണ നിലയിൽ ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരത്തിനുള്ള സാഹചര്യം ഉള്ളത്. ആകെപ്പാടെ ഒന്നോരണ്ടോ മണ്ഡലങ്ങളിൽ ബി.ജെ.പിയും മറ്റും  ചില ചില്ലറ  ചലനങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നു മാത്രം. ചില മണ്ഡലങ്ങളിൽ ചില സംദർഭങ്ങളിൽ  ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ചിലപ്പോൾ ചിലയിടങ്ങളിൽ അങ്ങനെ വന്നുകൂടെന്നുമില്ല.

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിനു മുമ്പ്  ഓരോ മുന്നളികളുടെയും പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും  അവകാശവാദങ്ങളെയും മറ്റും സംബന്ധിച്ചാണ്. തങ്ങൾ ജയിച്ചാൽ എതിർപാർട്ടിയുടെയും മുന്നണിയുടെയും കഥ അതോടെ കഴിയുമെന്നും എതിർപാർട്ടി ഭരണത്തിലാണെങ്കിൽ ഭരണം തന്നെ തകരുമെന്നും ഒക്കെ വീമ്പ് പറയാറുണ്ട്. അതുപോലെ  നിലവിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ വിലയിരുത്തലാകും വരുന്ന തെരഞ്ഞെടുപ്പെന്ന് മിക്കപ്പോഴും പ്രതിപക്ഷവും ഭരണപക്ഷവും  മുൻകൂട്ടി പറയാറുണ്ട്. പറയുംവിധം സംഭവിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറഞ്ഞതിലൊരു കൂട്ടർ അപ്പറഞ്ഞതങ്ങ്  പാടേ വിഴുങ്ങും. ഇത്തരം ചില ബാലിശമായ മുൻ­വിധികൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ല. ഒരു തെരഞ്ഞെടുപ്പിനെ ഏതെല്ലാം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കണമെന്നത് പൊതുജനം തീരുമാനിക്കേണ്ട കാര്യമാണ്. അതിനെ ഏതെങ്കിലും ഒരു കാര്യത്തിലേയ്ക്ക്  മാത്രം കേന്ദ്രീകരിപ്പിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. പ്രധാനമായും രാഷ്ട്രീയവും എന്നാൽ പ്രപഞ്ചത്തിനു കീഴിലുള്ള പലപല വിഷയങ്ങളും  ചർച്ച ചെയ്യപ്പെടേണ്ട സന്ദർഭങ്ങളാണ് തെരഞ്ഞെടുപ്പുകൾ. അതിനെ ഏതെങ്കിലും പ്രാദേശികവിഷയങ്ങളിലേയ്ക്ക് മാത്രം ചുരുക്കിക്കാണുന്നത് പലതുകൊണ്ടും അഭികാമ്യമല്ല.

ഒരു തെരഞ്ഞെടുപ്പിൽ പല ഘടങ്ങളും സ്വാധീനിക്കും. നിലവിലുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണത്തിനു പുറമെ അപ്പോഴത്തെ രാഷ്ട്രീയവും   സാമൂഹ്യവും സാംസ്കാരികവും മറ്റുമായ  സാഹചര്യങ്ങൾ, നാടിന്റെ വികസനം, സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും ജനസമ്മതിയും,  ജാതിമത സ്വാധീനം,  പലതരം കൃത്രിമങ്ങൾ,   വോട്ടർമാരുടെ സ്വാർത്ഥതാല്പര്യങ്ങൾ തുടങ്ങി പലതും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ മറ്റെന്തിനേക്കാളും കൂടുതൽ സ്വാധീനം ചെലുത്തും എന്നത് ശരിതന്നെ. പക്ഷെ വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണം അതുമാത്രമാകും എന്ന വിലയിരുത്തൽ സത്യസന്ധമായിരിക്കില്ല. എല്ലാ വോട്ടർമാരും ഒരുപോലെയല്ല ഓരോ തെരഞ്ഞെടുപ്പുകളെയും സമീപിക്കുന്നത്. ഓരോ സമയത്തും ഓരു സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ മുന്നണിയെയോ വിജയിപ്പിക്കുന്നതിൽ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. ഉറച്ച രാഷ്ട്രീയ നിലപാടുകളോന്നുമില്ലാത്ത നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന വോട്ടർമാർ ഓരോ തെരഞ്ഞെടുപ്പിലും അവരവർക്ക്  അപ്പപ്പോൾ ഉണ്ടാകുന്ന  കാഴ്ചപ്പാടുകൾക്ക് വിധേയമായായിരിക്കും അവരവരുടെ സമ്മതിദാനാവകശം  വിനിയോഗിക്കുക. ഇതാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ സങ്കീർണ്ണമാക്കുന്നത്.

മേൽ‌പ്പറഞ്ഞ പശ്ചാത്തലങ്ങൾ കണക്കിലെടുത്തുവേണം  നിന്നുവേണം ഇപ്പോൾ കേരളത്തിൽ പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ നടക്കാൻ പോകുന്ന    ഉപതെരഞ്ഞെടുപ്പിനെയും കാണാൻ. പിറവം ഉപതെരഞ്ഞെടുപ്പ്ഫലം എന്തായാലും അത് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളൊന്നും  ഉണ്ടാക്കാൻ ഇടയില്ല. നിലവിൽ  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായുള്ള  യു.ഡി.എഫ് സർക്കാരിനെ അത് ബാധിക്കാനും പോകുന്നില്ല. യു.ഡി.എഫിന്  നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റാൽ ഇപ്പോഴത്തെ  മന്ത്രിസഭ  വീഴാനൊന്നും പോകുന്നില്ല. നിലവിലെ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കണമെന്ന ഉദ്ദേശം പ്രതിപക്ഷത്തിന് ഇല്ലതാനും. പ്രതിപക്ഷമായ  എൽ.ഡി.എഫിന് ഈ സർക്കാരിനെ അട്ടിമറിക്കണമെങ്കിൽ ഇപ്പോൾ  ഈയൊരു  ഉപതെരഞ്ഞെടുപ്പിന്റെയൊന്നും  ആവശ്യമില്ല. എൽ.ഡി.എഫിന്റെ തത്വാധിഷ്ഠിത നിലപാടുകളിൽ വെള്ളം ചേർത്താൽ യു.ഡി.എഫിലെ ഇപ്പോഴത്തെ അസംതൃപ്ത വിഭാഗങ്ങളെ അടർത്തിയെടുത്ത് മന്ത്രിസഭയെ വീഴ്ത്താവുന്നതേയുള്ളൂ. അതിന് എൽ.ഡി.എഫ് ഇതുവരെ  തുനിഞ്ഞിട്ടില്ല. ഇനി തുനിയുമെന്നും  തോന്നുന്നില്ല. യു.ഡി.എഫിന് ഭൂരിപക്ഷം വളരെ കുറവാണെങ്കിലും  ജനവിധി മാനിച്ച് ഈ സർക്കാരിനെ  കാലാവധി തീരുംവരെ ഭരിക്കാൻ വിടുക എന്ന നിലപാട് എൽ.ഡി.എഫ് തുടരാനേ സാദ്ധ്യതയുള്ളൂ. പിറവത്തെ ഫലം എന്തുതന്നെയായാലും നിലവിലുള്ള സ്ഥിതിഗതികളിൽ വലിയ  മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല.

ഈ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും മത്സരിക്കുന്ന പ്രധാന മുന്നണികൾ രണ്ടും ബാലിശമായ പതിവ് അവകാശവാദങ്ങളും മുൻ‌വിധികളും  ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!  ഈ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന്  പ്രതിപക്ഷത്തുള്ള എൽ.ഡി.എഫും പിന്നെ  ഭരണമുന്നണിയായ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിൽ ഇതൊക്കെ  വെറും ബാലിശവും അനുചിതവുമായ  പ്രഖ്യാപനങ്ങളാണ്. തെരഞ്ഞെടുപ്പുകളിലെ ചില പതിവുരീതികളുടെ. കേവലം അനുകരണങ്ങളും ആവർത്തനങ്ങളും  മാത്രം. ഈ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുക ഇപ്പോഴത്തെ സർക്കാരിന്റെ മികവോ മികവില്ലായ്മയോ മാത്രമായിരിക്കില്ല. ഒരു തെരഞ്ഞെടുപ്പും അങ്ങനെയല്ല.  തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലെ പലപല   വിഷയങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തും. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ആരു വിജയിക്കുമെന്നു മുൻ‌കൂട്ടി പറയുവാൻ ഒരു പൊന്നുമക്കൾക്കും സാധിക്കില്ല.

തെരഞ്ഞെടുപ്പിൽ അനാവശ്യവും അനുചിതവുമായ അവകാശവാദങ്ങളും മുൻവിധികളും പ്രഖ്യാപിക്കാതെ രാഷ്ട്രീയവും ഭരണവും വികസനവും ഉൾപ്പെടെ  ആവശ്യമായ വിഷയങ്ങൾ എന്നു ഓരോരുത്തർക്കും  തോന്നുന്ന  കാര്യങ്ങൾ എല്ലാം  ചർച്ചാ വിഷയമാക്കുക. ഓരോരുത്തരും തങ്ങൾ വിജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുക. അതൊക്കെ കേട്ടിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്  എത്രകണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുവാൻ  സാധിക്കുമോ അത്രയും നല്ലത്. അതൊന്നുമല്ലാതെ തെരഞ്ഞെടുപ്പ് കഴിയുവോളം മാത്രം നിലനിൽക്കുന്നതും അതിനുശേഷം വിഴുങ്ങേണ്ടി വരുന്നതുമായ പ്രസ്താവനകൾ സ്ഥാനാർത്ഥികളും പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് വിശകലനക്കാരും “പ്രവാചകരും” ഒക്കെ ഒഴിവാക്കുന്നതാണ് ബുദ്ധി. ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒരു സ്ഥാനാർത്ഥിയും പാർട്ടിയും മുന്നണിയും ഇല്ലാതാകുകയൊന്നുമില്ല.  തെരഞ്ഞെടുപ്പ് അനേകം പൊതുപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. അങ്ങനെയാണ് കണക്കാക്കേണ്ടത്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ ജനവിധി എന്നത്    ആരുടെയെങ്കിലും   വളർച്ചയുടേയോ തളർച്ചയുടേയൊ,  തള്ളാവുന്നവയെയോ   കൊള്ളാവുന്നവയെയോ  മറ്റോ സംബന്ധിച്ച ഒരു അവസാന വാക്കല്ല.

ഈ ഉപതെരഞ്ഞെടുപ്പിൽ കേരള സർക്കാരിന്റെ നേട്ട-കോട്ടങ്ങളൊന്നുമല്ല  ഇവിടെയിപ്പോൾ  കൂടുതലും സ്വാധീനം ചെലുത്താൻ പോകുന്നത്. എൽ.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥാനാർത്ഥി എം.ജെ. ജേക്കബ്ബിന്റെ  ജനസമ്മതിയും ഇപ്പോഴത്തെ സർക്കാരിനോടുള്ള ജനങ്ങളുടെ അസംതൃപ്തിയുമായിരിക്കും  പ്രധാനമായും അനുകൂലമാകുക.  എന്നാൽ മറ്റ് പല  ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.  പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എൽ.എ യും ഇപ്പോഴത്തെ  യു.ഡി.എഫ് സർക്കാരിൽ   മന്ത്രിയുമായിരുന്ന ടി.എം. ജേക്കബ് മരണപ്പെട്ടതുമൂലമാണ് ഇപ്പോൾ പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ടി.എം.ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ് ആണ്  അവിടെ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി. മരണപ്പെട്ട നേതാവിനോടുള്ള  ആദരവും സിമ്പതിക്കൽ ഫാക്ടും   കുറച്ചൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് അനുകൂ‍ലമാകും. കൂടാതെ  സകല സാമുദായിക നേതാക്കളും യു.ഡി.എഫ്. സ്ഥാ‍നാർത്ഥിയ്ക്ക്  പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കള്ളവോട്ടു ചേർക്കലും മറ്റ് കൃത്രിമങ്ങളും ഇരു മുന്നണിക്കാരും മത്സരിച്ച് നടത്തിയാലും ഭരണത്തിലിരിക്കുന്നവർക്കാണ് അതിൽ കൂടുതൽ വിജയിക്കാൻ സാധിക്കുക. കള്ള വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മറ്റൊന്ന് യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമായതിനാൽ അവർ എന്തു വിലകൊടുത്തും പിറവത്ത് ജയിക്കാൻ നോക്കും. വൻതോതിൽ അവർ പണമൊഴുക്കും. മന്ത്രിമാരെല്ലാം അവിടെ വീടു വീടാന്തരം സ്ക്വഡു  പ്രവർത്തനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അങ്ങോട്ട് കോൺസൺട്രേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ  മന്ത്രിമാരൊക്കെ  ചെന്നിറങ്ങുന്ന ആ ഒരു തിരയിളക്കം ഉണ്ടാകണമെന്നില്ല. നിലവിലെ മന്ത്രിമാരുടെ അത്ര  സ്റ്റാർ വാല്യൂ പ്രതിപക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ടാകില്ലല്ലോ. നിലവിലെ മന്ത്രിമാർക്ക് നേരിട്ട് വോട്ടർമാർക്ക്  പല വാഗ്ദാനങ്ങളും നൽകി ദുസ്വാധീനിക്കാനും കഴിയും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ്  സർക്കാരിനെ നിലനിർത്താൻ “തല്പരകക്ഷികളുടെ” അകമഴിഞ്ഞ പിന്തുണയും അവർക്ക് ലഭിക്കും. ഇതിനെയൊക്കെ അതിജീവിച്ച് പ്രധാനമായും  എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്,  സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം  എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും!

ഒരു ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം അതർ  കുറച്ചു കാണുന്നില്ല. ഒരു പൊതു തെരഞ്ഞെടുപ്പിനെ  സമീപിക്കുന്നതുപോലെയാകില്ല  ഒരു ഉപതെരഞ്ഞെടുപ്പിനെ ആ മണ്ഡലത്തിലെ ജനങ്ങൾ സമീപിക്കുക. കുറച്ചുകൊടി ഗൌരവത്തിൽ തന്നെയായിരിക്കും. തങ്ങളുടെ നിയോജകമണ്ഡലത്തിനപ്പുറം  പ്രാധാന്യവും പ്രത്യാഘാതങ്ങളും ഉള്ള ഒന്നാണ് ഉപതെരഞ്ഞെടുപ്പ് എന്ന ബോധം ഒരുവിധം ചിന്തിക്കുന്ന  വോട്ടർമാരിൽ ഉണ്ടാകും. അത് ഒരുവിധം ഉൾക്കൊണ്ടുകൊണ്ടായിരിക്കും അവർ വോട്ട് രേഖപ്പെടുത്തുക.  എന്തായാലും  പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം നന്നായിരിക്കുന്നുവെന്നോ എൽ.ഡി.എഫ് ജയിച്ചാൽ ഈ ഭരണം മോശമായിരിക്കുന്നുവെന്നോ   മാത്രമായ ഒരർത്ഥവും  അതിനില്ല. അതും ഒരു ഘടകം എന്നേയുള്ളൂ.  എന്തായാലും   മുൻകൂട്ടി ആരും  വിജയം പ്രഖ്യാപിക്കാൻ വരട്ടെ. ആളുകളുടെ മനസ്സ് വായിക്കാനുള്ള യന്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ല. രഹസ്യബാലറ്റാണ്. കാത്തിരുന്ന് കാണാം. ഫലമെന്താണെങ്കിലും പിന്നെ   യാഥാർത്ഥ്യങ്ങളോട്   പൊരുത്തപ്പെടുകയേ എല്ലാവർക്കും നിവൃത്തിയുള്ളൂ. എത്രയോ തെരഞ്ഞെടുപ്പുകൾ വന്നു പോയിരിക്കുന്നു. അല്ലപിന്നെ!

9 comments:

Noushad Vadakkel said...

നിക്ഷപക്ഷന്റെ കള്ളക്കുപ്പായമനിഞ്ഞു തോല്‍വിക്ക് ഇടതു മുന്നണിയെ (സി പി എമ്മിനെ ) മാനസികമായി തയ്യാരെടുപ്പിക്കുന്ന പോസ്റ്റ്‌
>>>എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അങ്ങോട്ട് കോൺസൺട്രേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ മന്ത്രിമാരൊക്കെ ചെന്നിറങ്ങുന്ന ആ ഒരു തിരയിളക്കം ഉണ്ടാകണമെന്നില്ല. നിലവിലെ മന്ത്രിമാരുടെ അത്ര സ്റ്റാർ വാല്യൂ പ്രതിപക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ടാകില്ലല്ലോ. നിലവിലെ മന്ത്രിമാർക്ക് നേരിട്ട് വോട്ടർമാർക്ക് പല വാഗ്ദാനങ്ങളും നൽകി ദുസ്വാധീനിക്കാനും കഴിയും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാരിനെ നിലനിർത്താൻ “തല്പരകക്ഷികളുടെ” അകമഴിഞ്ഞ പിന്തുണയും അവർക്ക് ലഭിക്കും. ഇതിനെയൊക്കെ അതിജീവിച്ച് പ്രധാനമായും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്, സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും! <<<


ഉവ്വുവ്വ തോറ്റാല്‍ പറയാന്‍ ഉള്ള കാരണങ്ങള്‍ താങ്കള്‍ തന്നെ ഇവിടെ നിരത്തി എഴുതിയിട്ടുണ്ടല്ലോ ...



പക്ഷെ ഞങ്ങള്‍ക്ക് പറയുവാനുള്ളത് താങ്കളുടെ വരികളില്‍ തന്നെയുണ്ട്‌

>>> ഈ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷത്തുള്ള എൽ.ഡി.എഫും പിന്നെ ഭരണമുന്നണിയായ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിൽ ഇതൊക്കെ വെറും ബാലിശവും അനുചിതവുമായ പ്രഖ്യാപനങ്ങളാണ്. <<<

യു ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് ഒന്നാമത്തെ വിജയ ഘടകം മാഷേ ..
പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല . എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുവാനും കുതന്ത്രത്തിന്റെ ഏതറ്റം വരെ പോകുവാനും സി പി എം തയ്യാറാകും എന്നത് കേരളത്തിലെ ജനങ്ങള്‍ നിരവധി തവണ കണ്ടറിഞ്ഞതാണ് .

തങ്ങളുടെ കുതന്ത്രങ്ങളെ വെള്ള പൂശുവാനും യഥാര്‍ത്ഥ വസ്തുതകളെ മറച്ചു പിടിക്കുവാനും അപാരമായ കഴിവുള്ള ഒരു പറ്റം ആളുകളെ സമൂഹ മദ്ധ്യത്തില്‍ മൈക്ക് വെച്ച് കൊടുത്തു നാടകം ആടിക്കുവാനും സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിവുണ്ട് . എന്നാല്‍ ഇതാ മൂടി വെക്കുവാന്‍ കഴിയാത്ത അത്ര കൃത്യമായി ഒരു കുതന്ത്രം പൊളിയുന്നു . കാണുക .
പിറവം :സി പി എം അറിയാത്ത അനൂപ്‌ ജേക്കബ്‌

ഞാന്‍ പുണ്യവാളന്‍ said...

സജീം മാഷേ , താങ്കള്‍ ഒരു പരാജയഭീതിയ്ല്‍ ആണെന് ഇതു വായിക്കുമ്പോ പുണ്യാളനു തോന്നി ഞാനീ കമണ്റ്റ്‌ ബോക്സ്‌ തുറന്നപ്പോ എനിക്ക് മുന്നേ നൌഷുക്കാ അത് പറഞ്ഞു കഴിഞ്ഞു ,

പാരമ്പര്യ സ്വത്തു പോലെ പാര്‍ട്ടി വച്ച് അനുഭവിക്കുന്ന നൂല് പാര്‍ട്ടി ഒരിടത്തും ഒരുകാലത്തും വിജയിക്കുന്നത് ഇഷ്ടപെടാത്ത പുണ്യവാളന്‍ എല്‍ ഡി എഫിന്റെ വിജയം മാത്രമേ സ്വപ്നം കാണുന്നുള്ളൂ ലീഗും ( അഞ്ചാമന്‍ വേഗം കിട്ടുമല്ലോ )

ഇ.എ.സജിം തട്ടത്തുമല said...

നൌഷാദ് പറഞ്ഞു: “യു ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് ഒന്നാമത്തെ വിജയ ഘടകം മാഷേ ..
പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല “

നൌഷാദേ

സി.പി.എം എം.ജെ.ജേക്കബ് ജയിക്കുമെന്നുതന്നെ പറയുന്നത്. അനൂപ് ജേക്കബ് ജയിക്കാനുള്ള സാദ്ധ്യതകൾക്ക് അല്പം കൂടുതൽ വാക്കുകൽ ഞാൻ ഈ പോസ്റ്റിൽ ചെലവഴിച്ചു എന്നത് ശരിതന്നെ. പക്ഷെ യു.ഡി.എഫ് അവിടെ വിജയിക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നില്ല. ഒരുപാട് തെരഞ്ഞെടുപ്പുകൾ കണ്ട അനുഭവങ്ങൾ വച്ച് തന്നെ ഞാനും പറയുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ നൂറിനു പുറത്ത് സീറ്റുകൾ തൂത്തുവാരുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞിട്ട് കിട്ടിയത് പരാപരം.എത്രയോ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫും സി.പി.എമ്മുമൊക്കെ തീർന്നുവെന്ന് നിങ്ങളുടെ പക്ഷം വീമ്പടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വീണ്ടും വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വന്നു. അതുകൊണ്ട് ആരും ഗീർവാണം മുഴക്കരുതെന്നുതന്നെ ഞാൻ പറയുന്നത്.

നൌഷാദ് പറഞ്ഞു: “നിക്ഷപക്ഷന്റെ കള്ളക്കുപ്പായമനിഞ്ഞു തോല്‍വിക്ക് ഇടതു മുന്നണിയെ (സി പി എമ്മിനെ ) മാനസികമായി തയ്യാരെടുപ്പിക്കുന്ന പോസ്റ്റ്‌!“

ഹേയ് നൌഷാദ് ഞാൻ നിഷ്പക്ഷനേ അല്ല;കള്ളക്കുപ്പായവുമില്ല. വ്യക്തമായ പക്ഷമുണ്ട്. അതരിയാമല്ലോ. പിന്നെ എന്റെ പോസ്റ്റ് നിഷ്പക്ഷമല്ലെന്നു പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. ചില കാര്യങ്ങൾ തുറന്നു പറഞ്ഞു.അത്രമാത്രം. പക്ഷെ അവിടെ എൽ.ഡി.എഫ് ജയിക്കണമെന്ന എന്റെ താല്പര്യമോ അഥവാ തോറ്റാൽ അതിനുള്ള മറുപടികളോ വരികളിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ നിഷ്പക്ഷൻ അല്ലാത്തതുകൊണ്ടാണ്.


പിന്നെയാ ഭരണനേട്ടങ്ങളുടെ കാര്യം. ഭരണത്തിന്റെ നേട്ടങ്ങൾ മാത്രമല്ല, കോട്ടങ്ങളും വിലയിരുത്താൻ ആളുകൾക്ക് അവകാശമുണ്ട്. അതിനു വിലക്കൊന്നുമില്ലല്ലോ.

നൌഷാദ് പറഞ്ഞു:

“എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുവാനും കുതന്ത്രത്തിന്റെ ഏതറ്റം വരെ പോകുവാനും സി പി എം തയ്യാറാകും എന്നത് കേരളത്തിലെ ജനങ്ങള്‍ നിരവധി തവണ കണ്ടറിഞ്ഞതാണ് .“

യു.ഡി.എഫുകാർ ഒരു കുതന്ത്രവും കാണിയ്ക്കാത്ത സംശുദ്ധ രാഷ്ട്രീയക്കാരാനെന്ന് വിശ്വസിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്. പക്ഷെ നമ്മളും ഈ യു.ഡി.എഫുകാരും കോൺഗ്രസുകാരും അല്പസ്വല്പം ലീഗുകാരുമൊക്കെയുള്ള നാട്ടിലാണ് ജീവിക്കുന്നത്. അവരുടേ ആ സംശുദ്ധ രാഷ്ട്രീയം നമ്മളും എത്രയോ കണ്ടും അനുഭവിച്ചും ബോദ്ധ്യപ്പെട്ടിട്ടുള്ളതും ഇപ്പോഴും ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്ക്കുന്നതുമാണ്.ആഹഹ!!

Noushad Vadakkel said...

>>സി.പി.എം എം.ജെ.ജേക്കബ് ജയിക്കുമെന്നുതന്നെ പറയുന്നത്. <<

പക്ഷെ താങ്ങള്‍ക്ക് അങ്ങനെ സംഭവിച്ചാല്‍ അതൊരു വലിയ സംഭവമാണ് ...അതിനര്‍ത്ഥം അനൂപ്‌ ജസിബ് ജയിച്ചാല്‍ അത് സാധാരണ സംഭവം എന്നല്ലേ ? സാമാന്യ ബുദ്ധി വെച്ച് അങ്ങനെ വായിചെടുതാല്‍ തെറ്റ് പറയില്ലല്ലോ ?

>>>>എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്, സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും! <<

============================
>>> പക്ഷെ അവിടെ എൽ.ഡി.എഫ് ജയിക്കണമെന്ന എന്റെ താല്പര്യമോ അഥവാ തോറ്റാൽ അതിനുള്ള മറുപടികളോ വരികളിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ നിഷ്പക്ഷൻ അല്ലാത്തതുകൊണ്ടാണ്. <<

ഹ ഹ ഹ വിശ്വസിച്ചിരിക്കുന്നു ..പോരെ ...;)പക്ഷെ പോസ്റ്റ്‌ വായിക്കുന്ന ബഹു ഭൂരിപക്ഷത്തിനും അങ്ങനെ തോന്നില്ല എന്ന് കൂടി മനസ്സിലാക്കുക
==============================
>>>>യു.ഡി.എഫുകാർ ഒരു കുതന്ത്രവും കാണിയ്ക്കാത്ത സംശുദ്ധ രാഷ്ട്രീയക്കാരാനെന്ന് വിശ്വസിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്. <<<

മാഷ്‌ ചിരിപ്പിച്ചു കൊല്ലും അല്ലെ ? അങ്ങനെ വിശ്വസിക്കുന്ന യു ഡി എഫുകാര്‍ ഉണ്ടോ ? എനിക്കറിയില്ല ....പക്ഷെ അങ്ങനെ വിശ്വസിപ്പിക്കപ്പെട്ട എല്‍ ഡി എഫ്ഫുകാരുണ്ട്
' തങ്ങള്‍ ഒരു കുതന്ത്രവും കാണിയ്ക്കാത്ത സംശുദ്ധ രാഷ്ട്രീയക്കാരാനെന്ന് '
================================
എന്റെ സഖാവേ ,ഇനിയെങ്കിലും സമ്മതിക്ക് പുറമേ പറയുന്ന ഈ വിശുദ്ധിയൊന്നും പാര്‍ട്ടിക്ക് ഇല്ലായെന്ന് . മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പരിശുദ്ധിയൊന്നും സി പി എമ്മിനും ഇല്ലെന്ന് . പാര്‍ട്ടിയെ കുറിച്ച് പറഞ്ഞു പരത്തുന്ന ആദര്‍ശ ശുദ്ധിയൊക്കെ വെറും പൊള്ളയാണെന്ന് .എല്ലാം വെറും 'ഇവെന്റ്റ് മാനേജ്മെന്റ്' ആണെന്ന് . സമ്മതിച്ചോ ?


അല്ല പാര്‍ട്ടി തന്നെ 'ഇവെന്റ്റ് മാനേജ് മെന്റ് 'ഗ്രൂപ്പ് ആയി മാറിയെന്ന്.... സമ്മതിച്ചല്ലോ അല്ലെ ?

Anonymous said...

പുറമേ ആദര്‍ശം അകമേ തറവേല , ആദ്യമേ തറവേല പ്രയോഗിച്ചു ചാക്കോയുടെ മോന്‍ അനൂപ്‌ , അനൂപ്‌ ജേക്കബായി!! സുധീരനെ വീഴ്ത്തിയ ആ ശിഖണ്ടി പണി , അത് ചീറ്റി, ഭരണം ഉണ്ടായിരുന്നേല്‍ ആ നോമിനേഷന്‍ തള്ളില്ലായിരുന്നു, ഇത് തള്ളിപ്പോയി അങ്ങിനെ കുറെ വോട്ടു മറിക്കാനുള്ള പരിപാടി ഉജ്വലമായി തീര്‍ന്നു , പിന്നെ അച്യുതാനന്ദനെ ഇനി കസേരയില്‍ കേറാന്‍ ഔദ്യോകിക നേത്ര്‍ത്വതിനു താല്‍പ്പര്യം ഇല്ല , ഇനി സീ പീം എം മുഖ്യമന്ത്രി ഉണ്ടെങ്കില്‍ അത് പിണറായി തന്നെ മതി എന്നാണ് കണ്ണൂര്‍ ലോബി, അതിനു മുന്പ് കിളവന്‍ വിജിലന്‍സ് കേസില്‍ കുരുങ്ങും എന്ന് സൂചന ഉണ്ട് അതിനാല്‍ ഈ ഇലകഷനില്‍ ഔദ്യോകിക വിഭാഗം അനൂപിന് വേണ്ടി വോട്ടു മറിക്കുക പോലും ചെയ്യും , ഉമ്മന്‍ ചാണ്ടി പോയി അച്ചുതാനന്ദന കസേരയില്‍ ഇരിക്കാന്‍ ഒരു ക്രിസ്ത്യാനിയും താല്‍പ്പര്യപ്പെടില്ല അതൊക്കെ കൊണ്ട് അനൂപ്‌ ഒരു രണ്ടായിരം വോട്ടിനു ജയിക്കും , കള്ള വോട്ടു ചെയ്യാന്‍ സീ പീ എമിന് പറ്റുകയെ ഇല്ല അതാണ്‌ ഭരണം കയ്യില്‍ ഇല്ലാഞ്ഞാല്‍ ഉള്ള കുഴപ്പം , കൊണ്ഗ്രസുകാര്‍ കാലു വാരുകയും ഇല്ല , കഴിഞ്ഞ ഇലക്ഷനില്‍ വ്യാപകമായി കൊണ്ഗ്രസുകാര്‍ മാണിയെ കാല്‍ വാരി അതാണ്‌ ഭൂരിപക്ഷം ഇത്ര നേര്‍ത്തു പോയത്

ഇ.എ.സജിം തട്ടത്തുമല said...

സി.പി.എമ്മിനു ഒരു ഇവന്റ് മാനേജ്മെന്റുണ്ട്. അത് പാർട്ടി നേതാക്കളും പാർട്ടി അംഗങ്ങളും അനുഭാവികളും അടങ്ങുന്ന ഒരു ശക്തമായ “മാനേജ്മെന്റ്“ സംവിധാനമാണ്. അത് പാർട്ടിക്കു പുറത്തു നിൽക്കുന്നവർക്ക് മനസിലാകില്ല. പാർട്ടി ഇടുന്ന പരിപാടികൾ വിജയിക്കുന്നതു കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. ശക്തമായ ജനകീയാടിത്തറയാണ് സി.പി.എമിന്റെ ശക്തി. തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളും പാർട്ടിയുടെ ശക്തിയും സ്വാധീനവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഇന്ത്യൻ പ്രധാന മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ പാർട്ടിയാണിത്. (ചരിത്രപരമായ മണ്ടത്തരം ആയിരിക്കാം.) അതുകൊണ്ട് ഒരു പിറവമൊന്നും നമുക്കൊരു പ്രശ്നമേയല്ല. അധികാരം ലഭിക്കുന്നിടത്ത് പരമാവധി പാബങ്ങളെ സഹായിക്കാൻ നോക്കും.

“എന്റെ സഖാവേ ,ഇനിയെങ്കിലും സമ്മതിക്ക് പുറമേ പറയുന്ന ഈ വിശുദ്ധിയൊന്നും പാര്‍ട്ടിക്ക് ഇല്ലായെന്ന് . മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പരിശുദ്ധിയൊന്നും സി പി എമ്മിനും ഇല്ലെന്ന് .“ അപ്പോ അതാണ്. ഈ പ്രസ്താവന വഴി താങ്കൾ നിൽക്കുന്ന പക്ഷത്തിനു സംശുദ്ധിയൊന്നുമില്ലെന്ന് സമ്മതിക്കുന്നു. അതുപോലെയാണ് സി.പി.എമ്മും എന്നു ഞാൻ സമ്മതിക്കണം. ഒരിക്കലുമില്ല. ഇത് രണ്ടും തമ്മിൽ അകത്തിലും പുറത്തിലും വലിയ വ്യത്യാസങ്ങളുണ്ട്. വലതുപക്ഷ കക്ഷികൾ കേവലം അധികാര ലബ്ദ്ധിയെ മാത്രം ലാക്കാക്കുന്നു. ഞങ്ങൾ അധികാരത്തെ പോലും സാമൂഹ്യമാറ്റത്തിനു വേണ്ടി ഉപയോഗിക്കുന്നു. ഭരണകൂടം കമ്മ്യൂണിസ്റ്റുകാർക്ക് ഒരു ആത്യന്തിക ലക്ഷ്യമല്ല. ആത്യന്തിക ലക്ഷ്യം ഭരണകൂടങ്ങൾ തന്നെ താനേ കൊഴിഞ്ഞു വീഴുന്ന- അതിന്റെ ആവശ്യംതന്നെയില്ലാത്ത ഒരു സമ്പൂർണ്ണസാമൂഹ്യാവസ്ഥയാണ്. അപ്പോൾ പറയും അതൊക്കെ ഉട്ടോപ്യനിസം ആണെന്ന്. ലോകം മുഴുവൻ ക്രിസ്തീയാധിപത്യം വരുമെന്നും. ലോകം മുഴുവൻ ഇസ്ലാമികാധിപത്യം വരുമെന്നും, ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നുമൊക്കെ ചിലർ ഒരിക്കലും നടക്കാത്ത സ്വപ്നവും കണ്ടു നടക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് സാധ്യതയുള്ളതാണ് കമ്മ്യുണിസ്റ്റുകാരുടെ സമ്പൂർണ്ണ മാന‌വിക സമൂഹം. ഒരു പിറവവും കേരളത്തിലും മറ്റും ഇടയ്ക്കിടെ കിട്ടുന്ന അധികാരവുമൊക്കെ പോരാട്ടവഴിയിലെ വെറും വിശ്രമാവസ്ഥകൾ മാത്രമാണ്. ചില ആശ്വാസനിമിഷങ്ങൾ. ഇതൊന്നും നൌഷുവിനു മനസിലാകാനിടയില്ല.:)

ഇക്കണ്ട ജാതിമത സാമുദായിക ശക്തികളും ബാറുമുതലാളിമാരും (ഇപ്പോൾ യു.ഡി.എഫ് സർക്കാർ നയവും ചട്ടവും വിട്ട് ലൈസൻസ് നൽകിയവർ ഉൾപ്പെടെ) കോർപറേറ്റുകളും സർവ്വ പ്രതിലോമ കാരികളും മൊത്തമായും ചില്ലറയായും ഇടതുപക്ഷത്തിന്റെതിരെ നിൽക്കുമ്പോഴും ഇന്ത്യിൽ ഇത്രയൊക്കെ പിടിച്ചുനിൽക്കാൻ സി.പി.എമ്മിനും പാർട്ടിയ്ക്കും ഇടതുപക്ഷത്തിനും കഴിയുന്നതുതന്നെ ഈ പ്രസ്ഥാനത്തിന്റെ ആദർശങ്ങളിലും ലക്ഷ്യങ്ങളിലും ജനങ്ങൾക്ക് പ്രതീക്ഷയുള്ളതുകൊണ്ടാണ്. എത്രയൊക്കെ കൂട്ടിക്കെട്ടി “എല്ലാരും കണക്കാണ്” എന്ന് ആരെല്ലാം സമർത്ഥിക്കാൻ ശ്രമിച്ചാലും വലതുപക്ഷം ഇടതുപക്ഷമാകില്ല!

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

കോൺഗ്രാസുകാർ വാരില്ലെന്നു തീർത്തു പറയേണ്ട. പക്ഷെ ചില അച്ഛന്മാർ വാരില്ല. സുകുമാരൻ നായരും വാരില്ല. (ഇവരൊക്കെ പറഞ്ഞാൽ എത്രപേർ കേൾക്കുമെന്നും അറിയാമല്ലോ) അതുമതിയല്ലോ. പിന്നെ ആ ജോണി നെല്ലൂരിന് സീറ്റുകിട്ടാതെ പോകാൻ ചരടുവലിച്ച പുരോഹിതന്മാർ നരകത്തിൽ പോകുമെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭരണമുള്ളതുകൊണ്ട് പിറവത്ത് കള്ളവോട്ടിന്റെ കുത്തക മൊത്തമായും യു.ഡി.എഫിനു വിട്ടുതന്നിരിക്കുന്നു. ചെന്നു കുത്തി ഭരണം നിലനിർത്തിക്കൊള്ളൂ.

പിന്നെ ആ കോടാലി. ഇതുതന്നെയാണ് ഞാനും ചിലപ്പോഴൊക്കെ നിഷ്പക്ഷനാകുന്നത്. കോടാലിയെ നിർത്തുന്നതിൽ യു.ഡി.എഫുകാരും ഒട്ടും പുറകിലൊന്നുമല്ല. പിറവത്ത് ആളെ കിട്ടിക്കാണില്ല. അല്ലെങ്കിൽ മറന്നുപോയതായിരിക്കും. പിന്നെ തെരഞ്ഞെടുപ്പാകുമ്പോൾ എല്ല്ലാ പാരകളും അതിജീവിച്ചു ജയിക്കണം. ഇപ്പോൾ പിറവത്ത് എം.ജെ.ജേക്കബ് ജയിച്ചാലെന്നതുപോലെ!

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

എന്റെ പോസ്റ്റുകൾ മെയിലിൽ കിട്ടുന്നോ, അഗ്രഗേറ്റർ വഴി വരുന്നോ? അറിയാൻ വേണ്ടി ചോദിച്ചുവെന്നുമാത്രം.

Anonymous said...

////നിലവിലെ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കണമെന്ന ഉദ്ദേശം പ്രതിപക്ഷത്തിന് ഇല്ലതാനും./////

ഉണ്ടാവില്ലല്ലോ. എങ്ങാനും അട്ടിമറിച്ചാല്‍ വി എസിനെ തന്നെ മുഖ്യമന്ത്രി ആക്കേണ്ടെ. അതെങ്ങനെ തമ്പ്രാക്കള്‍ സഹിക്കും?