അപകടങ്ങൾ ഉണ്ടാകുമ്പോൾ
ഇന്നലെ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്
ബൈക്കും കെ.എസ്.ആർ.ടി.സിയും കൂട്ടിയുണ്ടായ
അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന സഹോദരങ്ങൾക്ക് പരിക്കേൽക്കുകയും ഒരാൾ ആശുപത്രിയിൽ
വച്ച് മരണപ്പെടുകയും ചെയ്തു. ഒരു വീട്ടിലെ സഹോദരനും സഹോദരിയുമണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്.
ഇതിൽ സഹോദരി വീണയാണ് മരണപ്പെട്ടത്. സഹോദരൻ വിഷ്ണു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ
കഴിയുകയുമാണ്. ഈ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് വഴിയാത്രക്കാരനായ
ഒരു ഡോക്ടർ ആണ്. തിരുവനന്തപുരം എസ്.യു.റ്റി ആശുപത്രിയിലെ ഡോക്ടർ രമേശൻ പിള്ളയാണ് ഈ
ഡോക്ടർ. യാത്രയ്ക്കിടയിൽ തന്നെ ഡോക്ടർ എസ്.യു.റ്റിയിൽ വിളിച്ചു പറഞ്ഞ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിച്ചിരുന്നു.
എന്നാൽ നന്നേ പരിശ്രമിച്ചിട്ടും വീണയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇവിടെ ഈ കുറിപ്പെഴുതാൻ കാരണം ഈ ഡോക്ടറുടെ
ദീനാനുകമ്പയെ ശ്രദ്ധയിൽ കൊണ്ടു വരാനാണ്. ഇപ്പോഴും നമ്മുടെ നാട്ടിൽ റോടപകടങ്ങൾ ഉണ്ടായാൽ
പരിക്കേൽക്കുന്നവരെ ആശുപത്രിൽ എത്തിക്കുന്നതിൽ കാഴ്ചക്കാർ നല്ലൊരു പങ്ക് വിമുഖത കാണിയ്ക്കാറുണ്ട്
ഇപ്പോൾ ഒരു അപകടത്തിൽ പെടുന്നവരെ എടുത്ത് ആശുപത്രിയിൽ എത്തിച്ചാൽ മുൻകാലങ്ങളിലെ പോലെ
രക്ഷകരായി എത്തുന്നവർക്ക് റിസ്കൊന്നുമില്ല. പരിക്കേറ്റവരെ ഏതെങ്കിലും ടാക്സിക്കാരോ
ആട്ടോക്കാരോ മറ്റാരെങ്കിലുമോ യഥാസമയം മെഡിക്കൽ
കോളേജ് ആശുപത്രിയിൽ എത്തിച്ചാൽ വണ്ടിച്ചാർജ്ജ് അവിടെ നിന്നും നൽകുന്ന സംവിധാനം പോലും
ഇപ്പോൾ ഉണ്ട്. എന്നിട്ടു പോലും പലരും മനുഷ്യത്വം കാണിക്കാറില്ല എന്നതാണ് കഷ്ടം.
ഒരു അപകടം കണ്ടാൽ പലരും കണ്ടു നിൽക്കുകയോ ഒഴിഞ്ഞുപോകുകയോ അല്ലാതെ
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാറില്ല. പ്രത്യേകിച്ചും “വി.ഐ.പി ലവലിൽ
ഉള്ളവർ”. എന്നുവച്ചാൽ അല്പം ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവർ. ഒരിക്കൽ ഒരു അപകടസ്ഥലത്ത്
പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളെ എടുക്കാൻ ഒരു കാഴ്ചക്കരനെ സഹായത്തിനു
വിളീച്ചപ്പോൾ കൈയ്യിൽ ചോര പുരളുമെന്നു പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറുന്ന അനുഭവത്തിന് ഞാൻ
സാക്ഷ്യം വഹിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. ഒരു
അപകടം നടക്കുന്ന വഴിയിൽ അതുവഴി കടന്നു വരുന്ന മറ്റ് വാഹനങ്ങൾ തടഞ്ഞു നിർത്തി പരിക്കേറ്റവരെ ഒന്ന് ആശുപത്രിയിൽ
എത്തിക്കൂ എന്നു യാചിച്ചാൽ പോലും പലരും അവരവരുടെ വണ്ടിയുമെടുത്തു വന്നതിനേക്കാൾ വേഗത്തിൽ
സ്ഥലം വിടുകയാണു പതിവ്. ചിലർ നിർത്താതെ ലൈറ്റിട്ട് പൊയ്ക്കളയും. അങ്ങനെയൊക്കെയുള്ള
സാഹചര്യങ്ങൾ ഉള്ളപ്പോൾ മേൽ പറഞ്ഞ ഡോക്ടർ കാണിച്ച മനുഷ്യത്വം എടുത്തു പറയേണ്ടതുതന്നെയാണ്.
ആ ഡോക്ടർക്ക് വേണമെങ്കിൽ മറ്റുള്ളവരെ
പോലെ കാണാതെ പോകാമായിരുന്നു. കണ്ടാൽതന്നെ ഗൌനിക്കാതെ പോകാമായിരുന്നു.വലിയ തിരക്കു നടിച്ച്
പോകാമായിരുന്നു. മറ്റ് പലരെയും പോലെ അപകടത്തിൽ പെട്ടത് ആരായാൽ നമുക്കെന്ത് എന്ന മട്ടിൽ
പോകാമായിരുന്നു. പക്ഷേ അദ്ദേഹം അതു ചെയ്തില്ല. അദ്ദേഹത്തിന്റെ മനുഷ്യത്വം അതിനനുവദിച്ചില്ല.
അപകടം നമ്മളിൽ ആർക്കും എപ്പോഴും എവിടെവച്ചും
സംഭവിക്കാം. പരിക്കേറ്റവർ അപരിചിതരാണെന്നു
കരുതി അതു കാണാതെ പോയില്ല. മനുഷ്യത്വമുള്ള ഈ ഈ ഡോക്ടർ പരിക്കേറ്റവരെ
ആശുപത്രിയിൽ കൊണ്ടു പോയി. ഈ ഡോക്ടർ എല്ലാവർക്കും ഒരു മാതൃകയാണ്. ഡോക്ടർമാർക്കുതന്നെയും
ഒരു മാതൃകയാണ്.
മനുഷ്യനെ രോഗാവസ്ഥകളിൽ നിന്നും മരണത്തിൽ
നിന്നും രക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധനായ ഒരു ഡോക്ടർതന്നെ ഇത്തരത്തിൽ ഒരു മാതൃക സൃഷ്ടിക്കുമ്പോൾ
അദ്ദേഹത്തെപറ്റി രണ്ട് നല്ല വാക്കുകൾ പറയാതിരിക്കുന്നതെങ്ങനെ?
എങ്കില്പിന്നെ നമ്മളെന്തു മനുഷ്യർ? ഇതൊന്നും
വലിയ കാര്യമല്ലെന്ന് ഇതു വായിക്കുന്ന നിങ്ങളിൽ പലർക്കും തോന്നിയേക്കാം. പക്ഷെ ഇതിലൊക്കെ
കാര്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു മനുഷ്യജീവനെ രക്ഷിക്കാൻ കഴിയുന്നതിലും വലിയ
പുണ്യം മറ്റൊന്നുമില്ല. ഇവിടെ വീണയുടെ ജീവൻ
രക്ഷിക്കാനായില്ലെങ്കിലും അവരെ യഥാസമയം അശുപത്രിയിൽ എത്തിക്കുകയും ആ ജിവൻ രക്ഷിക്കാൻ കഴിയുംവിധം
ശ്രമിക്കുകയും ചെയ്ത ഡോ. രമേശൻ പിള്ളയുടെ
ദീനാനുകമ്പയ്ക്കും മനുഷ്യത്വത്തിനും മുന്നിൽ നമസ്കരിക്കുന്നു.
3 comments:
അർക്കെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മനുഷ്യത്വം കാണിക്കുക!
മനുഷ്യത്വം എല്ലാവര്ക്കും ഉണ്ട് പക്ഷെ അതില്ലാതാക്കുന്നത് മനുഷ്യര്‍ തന്നെ ആണ് ,നമ്മള്‍ ഒരാളെ കാറില്‍ കൊണ്ട് ആശുപത്രിയില്‍ ആക്കുന്നു എന്നിരിക്കട്ടെ ഉടനെ അവിടെ എത്തിച്ചേരുന്ന (കേട്ടറിഞ്ഞു വരുന്നവര്‍ , രോഗിയുടെ സ്വന്തക്കാര്‍) ഉടനെ നമ്മളെ ക്രൂശിക്കാന്‍ ആയിരിക്കും ശ്രമിക്കുക , ഇവന്‍ കൊണ്ട് വന്നു എങ്കില്‍ ഇവന്‍ തന്നെ ഇടിച്ചിട്ടത് എന്ന് പറയാന്‍ തുടങ്ങും , പിന്നെ പോലീസ് കാര്‍, അവരെപ്പോലെ മനുഷ്യനെ ഹരാസ് ചെയ്യുന്നവര്‍ വേറെ ഇല്ല , നമ്മള്‍ ഒരാളെ വഴിയില്‍ നിന്നും പൊക്കി എടുത്തു ആശുപത്രിയില്‍ എത്തിച്ചാല്‍ പോല്ലാപ്പല്ലാതെ ഒന്നും കിട്ടുകയില്ല , കോടതിയില്‍ സാക്ഷി പറയാന്‍ പോയാലോ , സമയത്ത് വിളിക്കില്ല , നമ്മള്‍ ഒരു ക്രിമിനലിനെ പോലെ ബഞ്ച് ക്ലാര്‍ക്ക് മുതല്‍ വക്കീലിന്റെ വരെ പുറകെ നടക്കണം , ഈ ഡോക്ടര്‍ എസ് യു ടി യിലെ ഡോക്ടര്‍ ആണ് , അദ്ദേഹം പറയുന്നത് ആള്‍ക്കാര്‍ കേള്‍ക്കും , അതുപോലെ അല്ല സാധാരണക്കാരന്‍ , ഇതിനു പരിഹാരം പോലീസ് ഇടപെടുക എന്നത് തന്നെ ആണ്, പക്ഷെ ഇവിടെ പോലീസുകാരനെ ആക്സിടന്റ്റ് അറിയിച്ചാല്‍ അവര്‍ സമയത്ത് വരികയില്ല , അവനു താല്‍പ്പര്യം സീടു ബെല്ടിട്ടില്ല , ഹെല്‍മറ്റ് വച്ചില്ല , മദ്യപിച്ചു വണ്ടി ഓടിച്ചു ഇങ്ങിനെ ആള്‍ക്കാരെ തടഞ്ഞു നിര്‍ത്തി പിരിക്കാനും പകുതി വെട്ടിക്കാനും ആണ് , യു ഡീ എഫ് ഭരണം തുടങ്ങിയതില്‍ പിന്നെ അച്ഛനും മകനും കൂടുതല്‍ ജാഗ്രതയോടെ ആള്‍ക്കാരെ പിഴിയുന്നു , ഹൈവേ പോലീസ് എന്ന് പറയുന്നവര്‍ ആക്സിടന്റ്റ് കേസ് ഉടനെ സ്ഥലത്തെത്തി ആശുപത്രിയില്‍ ആക്കാന്‍ നിര്‍ബന്ധിക്കണം . ഒരു കയ്പേറിയ അനുഭവം ഉണ്ടാകുമ്പോള്‍ ആണ് നമ്മുടെ മനുഷ്യത്വം മരവിക്കുന്നത്
ഈ കുട്ടി ബൈക്കില്‍ അതുവരെ സഞ്ചരിച്ചിട്ടില്ല എന്നാണു പറയുന്നത് ഒരു പക്ഷെ അത് തന്നെ ആയിരിക്കാം ബാലന്‍സ് തെറ്റാന്‍ കാരണം , സ്ത്രീകള്‍ കുറുകെ ഇരിക്കുന്നത് വണ്ടിയുടെ ബാലന്‍സിനെ ബാധിക്കും കഴിവതും നേരെ തന്നെ ഇരിക്കാന്‍ ശ്രമിക്കണം , ചുരിദാറോ പാന്റോ ധരിക്കണം, ഏതോ ഒരു കഷ്ടകാലം ഈ കുട്ടിക്കുണ്ടായിരുന്നു എന്ന് തോന്നുന്നു , ആദ്യമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദിവസം തന്നെ മരിക്കുക, ഓട്ടോയില്‍ പോകാന്‍ ഇരുന്ന കുട്ടിയെ നിര്‍ബന്ധിച്ചു ബൈകില്‍ കയറ്റുക ഒക്കെ ഒരു നിര്‍ഭാഗ്യം തന്നെ , ഹെല്‍മറ്റ് ഉണ്ടായിരുന്നെങ്കില്‍ ഈ തരം അപകടം രക്ഷ പെടുമായിരുന്നു താനും , ഏതായാലും ഡോക്ടര്‍ നല്ല ഒരു മനുഷ്യന്‍ തന്നെ സംശയമില്ല
Post a Comment