Sunday, July 29, 2012

എസ്.എഫ്.ഐ-യിൽ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാൻ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാനുള്ള പ്രായം  ഇരുപത്തിയഞ്ചാക്കി എന്നു വാർത്ത. ഇപ്പോൾ അങ്ങനെ ഒരു നിബന്ധന കൊണ്ടുവരുവാനുള്ള സാഹചര്യം എന്താണെന്നറിയില്ല. എന്തായാലും ഉയര്‍ന്ന   പ്രായപരിധി ഒരു മുപ്പതു വയസ്സുവരെയെങ്കിലും ആക്കിയാല്‍ മതിയായിരുന്നുവെന്നു തോന്നുന്നു. എസ്.എഫ്.ഐ ഒരു വിദ്യാർത്ഥി സംഘടനയാണ്. വിദ്യാർത്ഥിയായിരിക്കുക എന്നത് ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുവാനുള്ള മാനദണ്ഡമാകുന്നത് സ്വാഭാവികമാണ്.  എന്നാൽ പഠിക്കുന്നതിന് ഇത്ര പ്രായം വരെയെന്നില്ല. ഏതു പ്രായത്തിലും ആളുകൾക്ക് പഠിക്കാം. പഠിക്കുന്നുമുണ്ട്. പെൻഷൻ പറ്റിയശേഷം പോലും ഏതെങ്കിലും കോഴ്സിനു ചേർന്നു പഠിക്കുന്നവർ ധാരാളമുണ്ട്. ചില കോഴ്സുകൾക്ക് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് പ്രായം നിജപ്പെടുത്തുന്നുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഒരു കോഴ്സ് മറ്റേതെങ്കിലും മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. 

ഒരു നിശ്ചിതപ്രായത്തിനുമുമ്പ് ഇന്ന കോഴ്സ് പഠിച്ചുകൊള്ളണം എന്നൊരു നിബന്ധനവയ്ക്കാൻ കഴിയില്ല. അങ്ങനെ നിബന്ധന വയ്ക്കുന്നത്  ശരിയുമല്ല. ഒരാൾ ഏതു പ്രായത്തിൽ എന്തു പഠിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ, കഴിവ്, സൌകര്യം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ചിലർക്ക് ഒരു ക്ലാസ്സിലും തോൽക്കാതെ പഠിക്കാനുള്ള കഴിവ് ഉണ്ടായെന്നുവരില്ല. അവർ ആഗ്രഹിക്കുന്ന ഉയർന്ന കോഴ്സുകളിൽ എത്തിച്ചേരുവാൻ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നിരിക്കും. പ്രായം അല്പം കടന്നുപോകുന്നതുകൊണ്ട് അവർ വിദ്യാർത്ഥികൾ അല്ലാതാകില്ല. എന്തിന്,  സദാ സമയവും രാഷ്ട്രീയ പ്രവർത്തവവുമായി നടന്ന് യഥാസമയം പരീക്ഷയെഴുതാനും വിജയിക്കുവാനും കഴിയാതെ പോകുന്നവർ  ധാരാളമുണ്ടല്ലോ. ഒരു നിശ്ചിത കോഴ്സിനു പഠിക്കുവാനുള്ള സാധാരണ പ്രായം കടന്നുപോയി എന്നു കരുതി ആ കോഴ്സിനു ചേരുന്നവരെ വിദ്യാർത്ഥികളല്ലാതായി കാണാൻ കഴിയില്ല. 

എങ്ങും തോൽക്കാതെ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഇരുപത് വയസാകുമ്പോൾ സാധാരണ നിലയിൽ ഒരു ബിരുദ കോഴ്സ് പൂർത്തീകരിക്കാം. ഏതാണ്ട്  ഇതേ പ്രായത്തിൽ തന്നെ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സിൽ ബിരുദമോ, പോളി ടെക്നിക്ക് പോലുള്ള ഡിപ്ലോമ കോഴ്സുകളോ പൂർത്തീകരിക്കാം. വർഷത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചില്ലറ വ്യത്യാസങ്ങളേ വരികയുള്ളൂ. എസ്.എസ്.എൽ.സി കഴിഞ്ഞ് നേരേ പോളി ടെക്നിക്കിനു പഠിക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് പതിനെട്ട്- പത്തൊൻപത് വയസാകുമ്പോൾ ആ കോഴ്സ് പൂർത്തീകരിച്ചു പോകാം. പ്ലസ് ടൂ കഴിഞ്ഞ് നേരേ അഞ്ചുവർഷ  എൽ.എൽ.ബിയ്ക്ക് ചേരുന്ന ഒരു വിദ്യാർത്ഥിയ്ക്ക് ഏതാണ്ട് ഇരുപത്തിമുന്നു വയസാകുമ്പോൾ ആ കോഴ്സ് പൂർത്തിയാക്കാം. പത്താം തരം കഴിഞ്ഞ് ഐ.ടി.ഐ, റ്റി.റ്റി.സി മുതലായ ചില കോഴ്സുകൾക്ക് പോകുന്നവർക്ക് രണ്ടുവർഷം കൊണ്ട്  ആ കോഴ്സ് പൂർത്തിയാക്കാം. ചില ഐ.റ്റി.ഐ ട്രെയിഡുകൾ ഒരു വർഷത്തേതു മാത്രമാണ്. 

പോളി ടെക്നിക്ക്, ഐ.റ്റി.ഐ, റ്റി.റ്റി.സി മുതലായ കോഴ്സുകൾ പൂർത്തിയാക്കുന്നവർ പിന്നീട് ഒരു പക്ഷെ  സാധാരണ ബിരുദ പഠനത്തിനോ ബി.ടെക്ക് പോലെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്കോ ചേർന്നെന്നിരിക്കാം. അവർക്ക് അപ്പോൾ വയസ് കുറച്ചു കടന്നിരിക്കും. ഇനിയും  മറ്റു  ചിലർ കുറേ നാൾ പഠനമൊക്കെ നിർത്തിനിന്നിട്ട് പിന്നീട് എപ്പോഴെങ്കിലും പഠിക്കണമെന്നു വിചാരിച്ച് ഏതെങ്കിലും കോഴ്സിനു ചേർന്നെന്നിരിക്കും. വിവാഹവും പേറും മറ്റും കഴിഞ്ഞ് എത്രയോ പെൺകുട്ടികൾ പിന്നീട് പഠനം തുടരാനിറങ്ങുന്നത് ഉദാഹരണമാണ്. അതുപോലെ ചിലർ വിദേശത്തോ സ്വദേശത്തോ മറ്റോ പോയി എന്തെങ്കിലും തൊഴിലിലൊക്കെ ഏർപ്പെട്ടിട്ട് പിന്നെ വീണ്ടും പഠിക്കണം എന്നുവച്ച്  ഇറങ്ങാറുണ്ട്.


എത്രയോ ഉദ്യോഗസ്ഥർ ഈവനിംഗ് ബാച്ചിൽ എൽ.എൽ.ബിയ്ക്കും  മറ്റുപല കോഴ്സുകൾക്കും ചേരുന്നു. ചിലരാകട്ടെ ജോലിയിൽ നിന്ന് പെൻഷൻ പറ്റിയ ശേഷം വീണ്ടും പഠിക്കാനിറങ്ങുന്നു. പെൻഷൻ പറ്റിയശേഷം നിയമപഠനത്തിനു ചേർന്ന് കോഴ്സ് പൂർത്തിയാക്കി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന എത്രയോ വക്കീലന്മാർ നമ്മുടെ നാട്ടിലുണ്ട്. ഇനിയും ചിലരാകട്ടെ ജീവിത കാലം മുഴുവൻ പഠനം എന്ന പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നവർ ഉണ്ട്. ഒരു കോഴ്സ് പൂർത്തിയാക്കി വീണ്ടും മറ്റേതെങ്കിലും കോഴ്സുകളിലേയ്ക്ക് അവർ പഠനപരമ്പര
തുടർന്നുകൊണ്ടേയിരിക്കും. മറ്റു ചിലരാകട്ടെ ഏതു പ്രായത്തിലും ഒരേ സമയം പല കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്നവരായുണ്ട്. 

ഇവിടെ പറഞ്ഞുവന്നത് ഇതാണ്. പഠനത്തിന് ഇന്ന പ്രായം എന്നൊന്നും ഇല്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതുപ്രായത്തിലും വിദ്യാർത്ഥികൾ ആകാം. അങ്ങനെയിരിക്കെ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന ആ സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം സംബന്ധിച്ച് നിബന്ധന വയ്ക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഒരു യുവജന സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം മുപ്പത്തെട്ടെന്നോ നാല്പതെന്നോ ഒക്കെ നിജപ്പെടുത്തിയാൽ അതിലൊരു യുക്തിയുണ്ട്. പക്ഷെ വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിക്കുവാനുള്ള  പ്രായം ഇത്രയേ ആകാവൂ എന്നു പറയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല.

തിരുവനന്തപുരത്ത്‌ വച്ച് നടന്ന ഒരു എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ ഞാൻ  പ്രതിനിധിയായിരുന്നു. അന്ന് നമ്മുടെ കൂട്ടത്തിൽ ഒരു പാതിരിയുണ്ടായിരുന്നു. ഫാദർ രാജാ മണി എന്നൊരാളായിരുന്നു അത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അക്കാലത്ത് കാര്യവട്ടം കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം  എസ്.എഫ്.ഐയുടെ തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. അങ്ങനെയാണ് അദ്ദേഹവും അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധിയായത്. ഇംഗ്ലീഷ് നന്നേ വശമുണ്ടായിരുന്ന ആ ഫാദർ രാജാ മണിയായിരുന്നു അന്ന് സമ്മേളനത്തിൽ ഇംഗ്ലീഷിലുള്ള പ്രസംഗങ്ങളും ചർച്ചകളും മറ്റും നമുക്കെല്ലാം മൊഴിമാറ്റി തന്നിരുന്നത്   . അതുപോലെ പ്രായമുള്ള പലരും ഇന്നും വിദ്യാർത്ഥികളായി ഉണ്ടാകും. അവരിൽ പലരും എസ്.എഫ്.ഐ-യിലും അംഗങ്ങളായുണ്ടാകും. ചിലർ സജീവ പ്രവർത്തകരുമായിരിക്കും. പലരും നല്ല പല കഴിവുകളും ഉള്ളവരുമായിരിക്കും. പ്രായത്തിന്റെ നിബന്ധന വരുമ്പോൾ അവരുടെയൊന്നും ചുമതലാപരമായ സേവനങ്ങൾ സംഘടനയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. 

യുവജന സംഘടനകൾക്ക് പ്രായനിബന്ധന വച്ചാൽ പോലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്നതിനോ അംഗത്വമെടുക്കുന്നതിനോ ഭാരവാഹികൾ ആകുന്നതിനോ  പ്രായപരിധി നിശ്ചയിക്കുന്നത് ബുദ്ധിപരമായിരിക്കില്ല. പ്രായം കടന്ന വിദ്യാർത്ഥികളൊക്കെ പ്രായ നിബന്ധനയില്ലാത്ത വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിച്ചാൽ മതിയെന്നാണോ? എന്തായാലും ഈ അബദ്ധം എസ്.എഫ്.ഐ നേതൃത്വം തിരുത്തുമെന്ന് പ്രത്യാശിക്കുന്നു.

ഇ.എം.എസ് ഒരിക്കൽ പറഞ്ഞത്, കോളേജ്  വിദ്യാർത്ഥികൾ പ്രായപൂർത്തിയായവരും വോട്ടവകാശമുള്ളവരും എന്ന നിലയിൽ  കോളേജുകളിൽ വിദ്യാർത്ഥി സംഘടനയ്ക്ക് പകരം പാർട്ടിയുടെ തന്നെ ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണെന്നാണ്. ഇത് അക്കാലത്ത് കുറച്ചുനാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര വിദ്യാർത്ഥി സംഘടനകൾ അല്ല, രാഷ്ട്രീയവും, പാർട്ടിതന്നെയും ആകാമെന്നാണ് ഇ.എം.എസ് അന്ന് സൂചിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പരസ്യമായ രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്തതിനാൽ അവർക്ക് സർവീസ് സംഘടനകൾക്കു പകരം പാർട്ടി ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുവാൻ പ്രയാസമുണ്ട്.


എന്നാൽ വിദ്യാർത്ഥി സംഘടനകൾക്കും സ്വകാര്യ മേഖലയിലും മറ്റും ഉള്ള ടേഡ് യൂണിയനുകൾക്കും മറ്റും വേണമെങ്കിൽ  പാർട്ടി എന്ന നിലയ്ക്കുതന്നെ ഘടകങ്ങളുണ്ടാക്കി  പ്രവർത്തിക്കുവാൻ കഴിയും. യൂണിയനുകൾക്ക് പകരം തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഘടകങ്ങൾ തന്നെ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇ.എം.എസ് ഒരിക്കൽ ചർച്ചയ്ക്കു വച്ചിരുന്നു.  വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തൊഴിലാളികൾക്കുമൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഒരേയൊരു യൂണിയൻ എന്ന ആശയവും ഒരിക്കൽ ഇ.എം.എസ് ചർച്ചയ്ക്കു വച്ചിരുന്നതാണ്.  സാന്ദർഭികമായി ഇക്കാര്യങ്ങൾ കൂടി ഇവിടെ ഞാൻ  സൂചിപ്പിക്കുന്നുവെന്നേയുള്ളൂ.

പറഞ്ഞുവന്ന വിഷയത്തിൽ ഇനി മറ്റു ചിലതുകൂടി പറയാനുണ്ട് . ആരാണ് വിദ്യാർത്ഥി? അംഗീകൃത സ്കൂളുകളിലും കോളേജുകളിലും (സർക്കാരോ എയിഡഡോ അൺ എയിഡഡോ ആകട്ടെ), പ്രൊഫഷണൽ കോളേജുകളിലും ഐ.റ്റികളിലും പോളി ടേക്നിക്കുകളിലും പഠിക്കുന്നവർ മാത്രമാണോ വിദ്യാർത്ഥികൾ? എത്രയോ തരം പഠനപദ്ധതികൾ ഇവിടെയുണ്ട്. തൊഴിലധിഷ്ഠിതമായവയും. അല്ലാത്തവയും. ഇവയിൽ സർക്കാർ സ്ഥാപനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകൾ ഉണ്ട്. എത്രയോ പേർ അതിലൊക്കെ വിദ്യാർത്ഥികളായുണ്ട്. ഒരു മോട്ടോർവർക്ക്ഷോപ്പിൽ കരിപുരണ്ട വസ്ത്രവുമായി നിന്ന് മോട്ടോർ മെക്കാനിസം  പഠിക്കുന്നവരും,  ഏതെങ്കിലും കമ്പ്യൂട്ടർ സെന്ററിൽ പോയി കമ്പ്യൂട്ടർ പഠിക്കുന്നവരും , റബ്ബർ ടാപ്പിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ  പഠിക്കുന്നവരും,  അംഗനവാടി ടീച്ചർമാരാകാൻ പഠിക്കുന്നവരും, ഏതെങ്കിലും ഏതെങ്കിലും ടൈലറിംഗ് ഷോപ്പിലിരുന്ന് തയ്യൽ പഠിക്കുന്നവരും  ഒക്കെത്തന്നെ വിദ്യാർത്ഥികളാണ്. അവരും പഠിക്കുകയാണ്. ഓരോരോ തൊഴിലുകൾ ആണെന്നു മാത്രം. ഇവിടെയൊന്നും പ്രായപരിധിയില്ല.

ഇത്തരത്തിൽ   വിദ്യാർത്ഥികൾ എന്ന നിർവചനത്തിൽ ഇനിയും അംഗീകരിക്കപ്പെടാതെ പോകുന്ന എത്രയെങ്കിലും വിദ്യാർത്ഥികളും  അവരുടെ വ്യത്യസ്തമായ  പഠന മേഖലകളും  ഉണ്ട്. ഇതൊക്കെ വിദ്യാർത്ഥി സംഘടനകൾ ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്. പാരലൽ കോളേജുകളിൽ പഠിക്കുന്നവർ പോലും പലപ്പോഴും വിദ്യാർത്ഥികളായി പരിഗണിക്കപ്പെടുകയോ അവർക്ക് റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന് സ്വകാര്യ ബസുകളിലും കെ.എസ്.ആർ.റ്റി സി ബസുകളിലും പാരലൽ കോളേജുകാർക്ക് റെഗുലർകർക്ക് ലഭിക്കുന്ന കൺസെഷൻ ഇല്ല. ഹാഫ് ടിക്കറ്റിന്റെ  ആനുകൂല്യമാണ് അവർക്കു കിട്ടുന്നത്. അതുതന്നെ പലപ്പോഴും ലഭിക്കാറില്ല. മിക്കപ്പോഴും തർക്കവും വഴക്കുമുണ്ടാക്കിയാലാണ് പാരലൽ കോളേജ് വിദ്യാർത്ഥികൾ അവർക്ക് അർഹമായ കൺസെഷൻ പോലും ലഭിക്കുന്നത്.  ഇതുതന്നെ ഒരു അനീതിയാണ്. 

പഠിക്കുന്നവരെയെല്ലാം വിദ്യാർത്ഥികളായി പരിഗണിക്കണം. ഇങ്ങനെ പല കാര്യങ്ങളിലും വിദ്യാർത്ഥി സംഘടനകൾ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി എന്നത് അല്പം അർത്ഥവ്യാപ്തിയുള്ള പദമാണ്. അവിടെ വലിപ്പച്ചെറുപ്പമോ പ്രായഭേദമോ കല്പിക്കുന്നത് ഭൂഷണമായിരിക്കില്ല. വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കുന്നതിനോ  അംഗത്വ മെടുക്കുന്നതിനോ ചുമതലകൾ വഹിക്കുന്നതിനോ പ്രായപരിധിവയ്ക്കുന്നത്   ഉചിതമാണോ എന്നത് ഇനിയും ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു.   അല്ലെങ്കിൽ തന്നെ പൊതു പ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമൊന്നും പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ  ഏർപ്പെടുത്തുന്നതിൽ  ഞാൻ യോജിക്കുന്ന ആളല്ല. ആരോഗ്യമുള്ള കാലത്തോളം അയാൾ നിരക്ഷരനും പ്രായാധിക്യവുമുള്ള ആളാണെങ്കിൽ പോലും അവർക്ക് കർമ്മരംഗത്ത് തുടരാൻ അവസരമുണ്ടാകണം. 

7 comments:

ഇ.എ.സജിം തട്ടത്തുമല said...

എസ്.എഫ്.ഐ- യുടെ പുതിയ ഭാരവാഹികൾക്ക് അഭിവാദനങ്ങൾ! ആശംസകൾ! ബിനീഷ് സെക്രട്ടറി. ഷിജു ഖാൻ പ്രസിഡന്റ്. രണ്ടുപേർക്കും പ്രത്യേകമായും അഭിവാദനങ്ങൾ! ആശംസകൾ!

ഈ പോസ്റ്റ് ഒരു തുറന്ന ചർച്ചയ്ക്കുവേണ്ടി മാത്രം.

ajith said...

എന്നുവച്ച് അറുപത്തഞ്ച് വയസ്സായ ഒരാള്‍ വിദ്യാര്‍ഥിയൂണിയനില്‍ പ്രവര്‍ത്തിക്കുന്നത് അരോചകവും അയോജ്യവുമല്ലേ. അവര്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ വേറെ തട്ടകങ്ങളുണ്ടല്ലോ. അവിടേയ്ക്ക് വളരണം. ഈ തീരുമാനം കാലോചിതവും ബുദ്ധിപരവും സംഘടനയെ പോഷിപ്പിക്കുന്നതുമായിരിക്കുമെന്നാണെന്റെ അഭിപ്രായം.

ഇ.എ.സജിം തട്ടത്തുമല said...

അജിത്ത്,

താങ്കളുടെ അഭിപ്രായത്തിനു നന്ദി!

Philip Verghese 'Ariel' said...

ശ്രീ സജിം,
ഒരു വിദ്യാർത്ഥിക്കു തന്റെ പഠനത്തിനു പ്രായപരിധി പാടില്ല
കാരണം ബ്ലോഗില്‍ പറഞ്ഞതുപോലെ പലതുമാകാം...
എന്നാല്‍ ഒരു വിദ്യാർത്ഥിക്കു രാഷ്ട്രീയതില്‍ സജീവമാകുന്നതിനു
ഇവിടെ പ്രായപരിധിവയ്ക്കുന്നത് തികച്ചും സ്വാഗതാര്‍ഹം എന്നാണെന്റെ അഭിപ്രായം
കാരണം കുട്ടികള്‍ പഠിക്കേണ്ട സമയത്ത് രാഷ്ട്രീയം കളിച്ചു നടക്കെണ്ടാതല്ലല്ലോ മറിച്ച്
പഠനതിലല്ലേ മാഷേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്? വളരെ കഷ്ടപ്പെട്ട് പഠനത്തിനായി
മക്കളെ പഠന കേന്ദ്രങ്ങളിലേക്ക് വിടുന്ന മാതാപിതാക്കള്‍ വലിയ പ്രതീക്ഷയോടെയല്ലേ
അത് ചെയ്യുന്നത്, അങ്ങനെയുള്ളപ്പോള്‍ അവര്‍ രാഷ്ട്രീയം കളിക്കാന്‍ പോയാലത്തെ അവസ്ഥ എന്താകും
എന്തുകൊണ്ടും ഈ യുവജന പാര്‍ട്ടിയുടെ തീരുമാനം വളരെ ഉചിതവും മറ്റു യുവജന പാര്‍ട്ടികളും
ഈ നയം തന്നെ സ്വീകരിക്കണം എന്നുമാനെന്റെ വിനീതമായ അഭിപ്രായം, മിക്കപ്പോഴും രാഷ്ട്രീയം കേന്ദ്ര വിഷയമാക്കി എഴുതുന്ന ബ്ലോഗുകള്‍ വായിച്ചു വിടുമെന്നല്ലാതെ കമന്റു പാസ്സാക്കാറില്ല, ഇതിവിടെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പറയാതെ വയ്യ.

ഇ.എ.സജിം തട്ടത്തുമല said...

P.V. ഏരിയൽ,

രാഷ്ട്രീയ പ്രവർത്തനത്തിനു അല്പം റിസ്കുണ്ട്. അത് വിദ്യാർത്ഥി രാഷ്ട്രീയമായാലും പൊതു രാഷ്ട്രീയമായാലും. ആ റിസ്ക് ഏടുക്കാൻ തയ്യാറുള്ളവരാണ് പൊതുരംഗത്ത് വരുന്നത്. മാഹാറത്മാഗാന്ധി ഉൾപ്പെടെ രാജ്യത്തിനുവേണ്ടി ആ റിസ്ക് ഏറ്റെടുത്തവരിൽപെടുന്നു. വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് പഠനത്തെ ഒരുതരത്തിലും ബാധിക്കില്ലെനും ബാധിക്കേണ്ട കാര്യമില്ലെന്നുമാണ് എന്റെ പക്ഷം. അനുഭവങ്ങളും അതാണ്. വിദ്യാർത്ഥി നേതാക്കളായിരുന്നവരിൽ ഭൂരിപക്ഷത്തിന്റെയും വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചാൽ അത് മനസിലാകും. രാഷ്ട്രീയമില്ലാതെ നടന്ന പുസ്തകപ്പുഴുക്കളേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളത് വിദ്യാർത്ഥി-യുവജന നേതാക്കൾക്കാണെന്നതിന് എത്ര തെളിവുകൾ വേണമെൻകിലുമുണ്ട്. മറിച്ച് ആരെങ്കിലും പഠിക്കാതെ നടന്നിട്ട് രാഷ്ട്രീയപ്രവർത്തനമാണ് അതിനു കാരണമെന്നു പറയുന്നുണ്ടെങ്കിൽ അത് പച്ചക്കള്ളമാണ്. അതിനുത്തരവാദികൾ അവർ തന്നെയാണ്. പാർട്ടി നേതാക്കൾ വിദ്യാർത്ഥി നേതാക്കളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയല്ലാതെ ഒരിക്കലും പഠനകാര്യങ്ങളിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കില്ല. പിന്നെ കലാലയത്തിലെ അടിപിടി അക്രമങ്ങൾ അനാവശ്യമാണ്. ഈ അടിപിടികളുടെ കാരണമാകട്ടെ പലപ്പോഴും രാഷ്ട്രീയകാരണങ്ങളല്ല. ഇതെനിക്ക് എന്റെ കലാലയ കാലത്ത് ബോദ്ധ്യപെട്ടിട്ടുള്ളതാണ്.

താങ്കളുടെ കമന്റിനു വളരെ നന്ദി. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങൾ കൂടി ചർച്ചയ്ക്കു വരണമെന്ന ആഗ്രഹത്തിൽ തന്നെയാണ് ഈ പോസ്റ്റ് ഇട്ടത്.

"മിക്കപ്പോഴും രാഷ്ട്രീയം കേന്ദ്ര വിഷയമാക്കി എഴുതുന്ന ബ്ലോഗുകള്‍ വായിച്ചു വിടുമെന്നല്ലാതെ കമന്റു പാസ്സാക്കാറില്ല," രാഷ്ട്രീയ ബ്ലോഗുകളിലല്ലേ നല്ല ശരിക്കും ചർച്ചകൾ നടക്കേണ്ടത്? ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ രാഷ്ട്രീയ വിഷയങ്ങളോട് തീരെ താല്പര്യക്കുറവ് കാണിക്കുന്നതെന്തിന്? ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് രാഷ്ട്രീയവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്.

ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ. said...

സഖാവ് തെറ്റിദ്ദരിച്ചു എന്ന് തോന്നുന്നു...
പ്രവര്‍ത്തിക്കാന്‍ പ്രായ പരിധി എവിടെയും ഏര്‍പ്പെടുത്തിയിട്ടില്ലാ...
ഭാരവാഹികള്‍ ആകാന്‍ മാത്രമേ അങ്ങിനെ ചെയ്തുള്ളൂ...
അതും ഇപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ മാത്രം..!
തീര്‍ത്തും നല്ലൊരു തീരുമാനം തന്നെയാണ് അത്.

ഇ.എ.സജിം തട്ടത്തുമല said...

കൊക്കാടന്‍,

ഇത് ആ വാര്‍ത്ത ഒരു ചാനലില്‍ കാണിച്ച ഉടന്‍ എഴുതിയ പോസ്റ്റ്‌ ആണ്. പ്രവര്‍ത്തിക്കാന്‍ ആയാലും ഭാരവാഹി ആകാന്‍ ആയാലും ഈ പ്രായ നിബന്ധന ശരിയല്ലെന്നാണ് എനിക്ക് തോന്നിയത്. കമന്റിനു നന്ദി!