Friday, August 10, 2012

അരുണിന് ആദരാഞ്‌ജലികൾ


അരുണിന് ആദരാഞ്‌ജലികൾ

 തട്ടത്തുമല, 2012 ആഗസ്റ്റ് 10: ജമ്മുവിൽ ജോലിസ്ഥലത്തു വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആർമി  ജവാൻ  അരുണിന്റെ മൃതുദേഹം ഇന്ന് രാവിലെ 10 30-ന് സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതുദേഹം രാവിലെ  9.30-ന് സ്വദേശമായ തട്ടത്തുമലയിൽ എത്തിച്ചു. അരുൺ പഠിച്ച  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആദ്യം പൊതുദർശനത്തിനു വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അരുണിന് അന്ത്യോപചാരം അർപ്പിച്ചു. അതിനു ശേഷം മൃതുദേഹം അരുണിന്റെ വീട്ടിലെത്തിച്ചപ്പോഴും മൃതുദേഹം കാണാനും അന്ത്യോപചാരമർപ്പിയ്ക്കാനും അഭുതപൂർവ്വമായ ജനത്തിരക്കായിരുന്നു. നിലവിളികളോടെയാണ് വീട്ടുകാരും ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകൾ മൃതുദേഹത്തെ വരവേറ്റത്. പത്തര മണിയോടെ  വീട്ടുവളപ്പിൽ അരുണിന്റെ  മൃതുദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒന്നും അരുണിന്റെ സംസ്കാര ചടങ്ങിൽ ലഭ്യമാക്കിയിരുന്നില്ല. ഇതിൽ ബന്ധുക്കളും  നാട്ടുകാരും ജന പ്രതിനിധികളും വൻപ്രതിഷേധം രേഖപ്പെടുത്തി.  ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മൃതുദേഹത്തെ അനുഗമിച്ചു വരാൻ കർണ്ണാടക സ്വദേശിയായ  ഒരു ജൂനിയർ ഓഫീസറെ മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം മാത്രമാണ് മൃതുദേഹത്തോടൊപ്പം വന്നത്. മിനിയാന്നു വെളുപ്പിനാണ് ജമ്മുവിൽ ജോലി സ്ഥലത്തു വച്ച് അരുൺ സ്വയം വെടിയുതിർത്ത്  മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.  ഡ്യൂട്ടി കഴിഞ്ഞ് താമസമുറിയിലെത്തിയ അരുൺ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മരണകാരണം വ്യക്തമല്ല. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

മിനിയാന്നു ( 2012 ആഗസ്റ്റ് 8)  രാവിലെയാണ് അരുൺ മരണപ്പെടുന്നത്. അന്നു രാവിലെയും അരുൺ നാട്ടിലുള്ള അനുജനെ ഫോണിൽ വിളിച്ചിരുന്നു. അരുൺ ലീവിൽ വന്നു പോയിട്ട് ഒരു മാസം ആയിട്ടുണ്ടായിരുന്നില്ല.  അരുണിന്റെ  മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അരുൺ ആത്മഹത്യ ചെയ്തതാണെങ്കിൽ അത്  സൈനിക മേലുദ്യോഗസ്ഥന്മാരുടെ ക്രൂരമായ പീഡനം കാരണമായിരിക്കും എന്നാണ്  പറയപ്പെടുന്നത്.  അരുണിന്റെ ദുരൂഹമരണം  സംബന്ധിച്ച് ഇന്നലെത്തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമേറിയ അന്വേഷണം നടത്തണമെന്ന് അരുണിന്റെ വീട് സന്ദർശിച്ച  എ.സമ്പത്ത് എം.പി. ആവശ്യപ്പെട്ടു. മരണം ആത്മഹത്യയാണോ മറ്റു വല്ല വിധേനയും കൊല്ലപ്പെട്ടതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കൾക്ക് ബോദ്ധ്യപ്പെടും മുമ്പ് മരിച്ച  അരുണിന് സൈനിക ബഹുമതികൾ നിഷേധിച്ചതിൽ നാട്ടുകാർക്ക് വമ്പിച്ച പ്രതിഷേധമുണ്ട്. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ മൃതുദേഹത്തോട് അർഹമായ ആദരവ് പുലർത്തുന്നതിലും ഔദ്യോഗിക ബഹുമതികൾ നൽകുന്നതിലും എന്ത് അപാകതയാണുള്ളതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയ ഒരു വാർത്തയായിട്ടു കൂടി അരുണിന്റെ മൃതുദേഹം ഏറ്റുവാങ്ങുന്നതിനോ യഥാസമയം മരണപ്പെട്ട ഈ സൈനികന്റെ വീട്ടിലെത്തുന്നതിനോ റവന്യൂ വകുപ്പ് അധികാരികളും  തയ്യാറായില്ല. ഇതും  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അരുണിന്റെ മൃതുദേഹം അടക്കം ചെയ്തതിനു ശേഷമാണ് തഹസീൽദാരും സംഘവും മരണവീട്ടിൽ എത്തിയത്.

മരണവീട്ടിൽ സന്നിഹിതരായിരുന്ന കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ എൻ.സുദർശനനും സി.പി.ഐ.എം കിളിമാനൂർ ഏരിയാ സെക്രട്ടറി മടവൂർ അനിലും എ.സമ്പത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ഈ കാര്യത്തിൽ  റവന്യൂ വകുപ്പിന്റെ ഉദാസീനത സംബന്ധിച്ച്  തഹസീൽദാരെ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ രാവിലെ എട്ടര മണിയ്ക്ക് മാത്രമാണ് കളക്ടറുടെ നിർദേശം ലഭിച്ചതെന്നും ആത്മഹത്യയായതുകൊണ്ടാണ് ഇതു സംബന്ധിച്ച് യഥാവിധി റവന്യൂ അധികൃതർക്ക് വേണ്ട നിർദ്ദേശം ലഭിക്കാതെ പോയതെന്നുമായിരുന്നു തഹസീൽദാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ നേതാക്കൾ തൃപ്തരായില്ല. എട്ടര മണിയ്ക്ക് അറിഞ്ഞാൽ പന്ത്രണ്ടു മണിയ്ക്കാണോ എത്തുന്നതെന്നായി കോൺഗ്രസ്സ് നേതാവ് സുദർശനനും സി.പി.ഐ.എം നേതാവ് മടവൂർ അനിലും. പത്രവാർത്തകളും  ചാനൽ വാർത്തകളുമൊന്നും  ഒരു തഹസീൽദാരുടെ ശ്രദ്ധയിൽ പെടാറില്ലേ എന്നും ജനപ്രതിനിധികൾ തഹസീൽദാരോട്  ആരാഞ്ഞു.  എന്നാൽ   തഹസീൽദാർ സ്വന്തം  കുറ്റം കൊണ്ടല്ലെങ്കിലും തന്റെയും ഡിപാർട്ട്മെന്റിന്റെയും  വീഴ്ച ഉൾക്കൊള്ളുന്നതായി  നേതാക്കളെ  അറിയിച്ചതിനാൽ അതു സംബന്ധിച്ച സംസാരം പിന്നെ നീട്ടിക്കൊണ്ടു പോയില്ല. മരണം എങ്ങനെ സംഭവിച്ചാലും അത് മരണമാണ്. അത് ദു:ഖവുമാണ്. രാജ്യസേവനത്തിനു സ്വയമേവയും രക്ഷകർത്താക്കളാലും  സമർപ്പിക്കവരാണ് ഓരോ സൈനികരും. ഒരു പക്ഷെ ഒരു ചെറുപ്പക്കാരന് ഏറ്റവും ചെറുപ്പത്തിലേ ലഭിക്കാവുന്ന ഒരു നല്ല ജോലിയാണ് പട്ടാളക്കരൻ എന്നത്. അതിൽ നിന്നു ലഭിക്കാവുന്ന വരുമാനം തന്നെയാകും പട്ടാളത്തിൽ ചേരാനുള്ള പ്രധാനപ്പെട്ട ഒരു  പ്രചോദനം. പക്ഷെ എന്നിരുന്നാലും രാജ്യത്തിനു വേണ്ടി ജീവൻ കളയാനുമുള്ള സന്നദ്ധതകൂടിയുള്ളതുകൊണ്ടു ഒരാൾ പട്ടാളക്കാരനാകുന്നത്. അഥവാ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ ചേർക്കുവാൻ തയ്യാറാകുന്നു എന്നു പറഞ്ഞാൽ നൊന്തുപെറ്റ് വളർത്തി ഒരു പ്രായമെത്തിച്ച  അവരെ രാജ്യത്തിനു സമർപ്പിക്കുവാൻ അവർ സന്നദ്ധരാകുന്നു എന്നാണർത്ഥം. ഒരു ജവാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും രാഷ്ട്രത്തിനും ബന്ധപ്പെട്ട വകുപ്പിനും ബാദ്ധ്യതയുണ്ട്. ഒരു സൈനികന്റെ  മൃതുദേഹത്തോട് അനാദരവു പുലർത്തുന്നത് എന്തിന്റെ പേരിലായാലും അതിനു ന്യായീകരണമില്ല.

ആത്മഹത്യ എന്നത് ചിലപ്പോൾ ദൌർബല്യവും ചിലപ്പോൾ ധീരതയുമാകാറുണ്ട്. അരുണിന്റെ കാര്യത്തിൽ ഇതേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തനിക്കുണ്ടായതുപോലുള്ള പീഡനങ്ങൾ ഇനി മറ്റാർക്കുമുണ്ടാകാതിരിക്കാനാണോ അരുൺ ഈ കടും കൈ ചെയ്തതെന്നും സംശയിക്കാവുന്നതാണ്. അരുണിന്റെ യൂണിറ്റിലുള്ള സൈനികർക്ക് മറ്റെങ്ങുമില്ലാത്ത പീഡനം അനുഭവികേണ്ടി വന്നതായും മേൽ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവയ്ക്കുന്നതുവരെയുള്ള സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ്  പലയിടത്തും  അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്. സൈനിക തലത്തിലെ പ്രാകൃതമായ പീഡനമുറകളും കോളോണിയൽ പാരമ്പര്യവും ഉപേക്ഷിക്കണമെന്ന് എ.സമ്പത്ത് എം.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ വിഷയം പാർളമെന്റിൽ കെ.എൻ. ബാലഗോപാൽ എം.പിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഉന്നയിച്ചിരുന്നെങ്കിലും ഈ വിഷയം രാജ്യതാല്പര്യം മുൻ‌നിർത്തി ഊതി വീർപ്പിക്കരുതെന്നും പ്രധാന മന്ത്രി മൻ‌മോഹൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമായി അന്വേഷണം നടത്തുമെന്ന് പ്രധാന മന്ത്രിയും എ.കെ.ആന്റണിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന്  എ.സമ്പത്ത് എം.പി അറിയിച്ചു. സൈനിക തലത്തിലുള്ള അന്വേഷണത്തിലുപരി മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള അന്വേഷണം കൊണ്ട് ഇത്തരം കേസുകളിൽ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു വരുമോ എന്ന സന്ദേഹം നില നിൽക്കുന്നുണ്ട്. എന്തായാലും ഈ വിഷയം പ്രദേശത്തെ ജനങ്ങളും  ജനപ്രതിനിധികളും ഭരണപ്രതിപക്ഷ ഭേദമില്ലാതെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗൌരവത്തിലെടുത്തിട്ടുണ്ട്. ഈ ഗൌരവം ഉൾക്കൊണ്ട് അധികൃതരും ഈ വിഷയത്തിൽ  വേണ്ട നടപടികൾ കൈക്കൊളും എന്നാണ് പ്രതിക്ഷിക്കുന്നത്.  ഇത്തരം ദുരനുഭവം ഇനി ഒരു സൈനികനും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. മരണപ്പെട്ട അരുണിന്  അമ്മയും അച്ഛനും ഒരു അനുജനുമുണ്ട്. 

അരുണിന് അന്ത്യാഞ്‌ജലി അർപ്പിക്കാനും അരുണിന്റെ  കുടുംബത്തെ ആശ്വസിപ്പിക്കുവാനും വിവിധ രഷ്ട്രീയ കക്ഷി നേതക്കാൾ മരണ ദിവസം മുതൽ അരുണിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. അഡ്വ.. ബി.സമ്പത്ത് എം.പി, അഡ്വ. ബി.സത്യൻ എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ എൻ. സുദർശനൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, തിരുവനന്തപുരം  ജില്ലാ പഞ്ചയാത്ത് അംഗം കെ.രാജേന്ദ്രൻ, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  ബി.പി.മുരളി,  സി.പി.ഐ തിരുബനന്തപുരം  ജില്ലാ സെക്രട്ടറി  വെഞ്ഞാറമൂട് ശശി, സി.പി.ഐ.എം കിളീമാനൂർ ഏരിയാ സെക്രട്ടറി  അഡ്വ മടവൂർ .അനിൽ , കിളീമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്   അഡ്വ. എസ്. ജയച്ചന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. താജുദീൻ അഹമ്മദ്, കിളീമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, ഹിന്ദു ഐക്യ വേദി നേതാവ്  കിളീമാനൂർ സുരേഷ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ തുടങ്ങിയ നിരവധി നേതാക്കൾ അരുണിന്റെ വീട്ടിലെത്തി. 

അരുണിന്റെ മരണത്തിൽ അനുശോചിക്കുവാൻ  ഇന്ന് വൈകുന്നേരം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ)  ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. എം.ആർ.എ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. എസ് ജയച്ചന്ദ്രൻ, വാർഡ് മെംബർ അംബിക കുമാരി, പള്ളം ബാബു, പി. റോയി, ഇ.എ.സജിം, അബ്ദുൽ അസീസ്, എസ്.എ ഖലാം, എസ്. ലാബറിദീൻ, ഭാർഗ്ഗവൻസാർ, ഷാഫി, ജോഷ്വാ, സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. 

അരുണിന്റെ മരണം സംബന്ധിച്ച് സത്യ സന്ധമായി അന്വേഷണം നടത്തി ഈ മരണത്തിന്റെ  ദുരൂഹതകളുടെ ചുരുളഴിച്ച് മരണകാരണം കണ്ടെത്തുവാനും, അത്  വെളിച്ചത്തുകൊണ്ടുവരുവാനും,     ആരെങ്കിലും ഈ മരണത്തിനുത്തരവാദികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ മാതൃകാപരമായ ശക്തമായ നടപടികൾ കൈക്കൊള്ളുവാനും  സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.  അരുണിന്റെ മൃതുദേഹത്തോട് ബന്ധപ്പെട്ട അധികൃതർ കാട്ടിയ അനാദരവിനു അവർ  മാപ്പ് പറയണം. സൈനിക തലത്തിൽ നടക്കുന്നുവെന്ന് പറയുന്ന  ആശാസ്യമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുവാനും ശക്തമായ ഇടപെടലുകളും  നടപടികളും  ഉണ്ടാകണം. സൈന്യത്തിന്റെ വിശ്വാസ്യതയും റാങ്ക്പരമായി താഴേ തട്ടിലുള്ള സാധാരണ സൈനികരടക്കമുള്ള നമ്മുടെ സൈന്യത്തിന്റെ  മനോ വീര്യവും നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവണതകളും വച്ചുപൊറുപ്പിച്ചു കൂടത്തതാണ്. സൈന്യത്തിന് അച്ചടക്കം വേണം. പക്ഷെ  പാവപ്പെട്ട സാധാരണ പട്ടാളക്കാരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടല്ല സൈന്യത്തിന്റെ അച്ചടക്കവും കരുത്തും അരക്കിട്ടുറപ്പിക്കേണ്ടത്. സൈനിക മേധാവികളുടെ പീഡനം മൂലം ശാരീരികവും  മാനസികവുമായ    കടുത്ത വേദനകൾക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെട്ട സൈനികരെ യുദ്ധഭൂമിയിലേയ്ക്കയച്ചാൽ ഉണ്ടാകുന്ന ദുരന്തം എല്ല്ലാവരും ചിന്തിക്കെണ്ട വിഷയമാണ്. ആ നിലയിൽ നോക്കുമ്പോൾ ഉയർന്ന റാങ്കിലുള്ള  സൈനിക മേധാവികൾ  സാധാരണ പട്ടാളക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടികൾ   ( അങ്ങനെ അവർ  ചെയ്യുന്നുണ്ടെങ്കിൽ) രാജ്യദ്രോഹ കുറ്റമായി കണക്കാക്കേണ്ടി വരും.  

അകാലത്തിൽ മരണപ്പെട്ടുപോയ എന്റെ നാട്ടുകാരൻകൂടിയായ  യുവസൈനികൻ അരുണിന് എന്റെയും ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു. 

9 comments:

Anonymous said...

സജീമേ അല്‍പ്പം ക്രൂരതയാണ് എങ്കിലും പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല, അരുണ്‍ ഒരു സോല്ജര്‍ ആണ് , ഓണത്തിന് ലീവ് കിട്ടിയില്ല എന്ന് പറഞ്ഞാല്‍ ഉടനെ സ്വയം വെടിവച്ചു മരിക്കുന്ന ആള്‍ ആ പണിക്കു യോജിച്ച ആള്‍ അല്ല , അങ്ങിനെ ഉള്ളവര്‍ക്ക് ബഹുമതി കൊടുക്കാനുള്ളതല്ല ഇന്ത്യന്‍ പട്ടാളം. ഇയാള്‍ ജൂണില്‍ ലീവില്‍ വന്നു, ഉടനെ ആഗസ്റ്റില്‍ ലീവ് കിട്ടുമോ? ഓണം അരുണിന് മാത്രമല്ല മലയാളികള്‍ക്കെല്ലാം പ്രധാനം ആണ്, ഈ പയ്യന്‍ വിവാഹിതന്‍ അല്ല, അപ്പോള്‍ ഫാമിലി ഉള്ള ആള്‍ക്ക് ലീവ് കൊടുക്കുമോ ? ജൂണില്‍ വന്നു പോയ ആള്‍ക് ലീവ് കൊടുക്കുമോ? ആന്റണി വന്ന ശേഷം പട്ടാളക്കാര്‍ക്ക് ലീവ് കൊടുക്കുന്നതില്‍ പണ്ട് ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ലീനിയന്സി ഉണ്ട് , അര്‍ഹതപ്പെട്ട രണ്ടു മാസം ലീവ് നിര്‍ബന്ധമായും കൊടുക്കണം എന്നതാണ് ആന്റണി കയറിയപ്പോള്‍ തന്നെ കൊടുത്ത നിര്‍ദേശം , കാശ്മീരിലോ ലെ, കാര്‍ഗില്‍ , ഇവിടെ ഒക്കെ ആറുമാസം പണി ചെയ്‌താല്‍ മൂന്നു മാസം വരെ ലീവ് കൊടുക്കുന്നുണ്ട്, ഈ പയ്യന് ആത്മഹത്യ ചെയ്യണമെങ്കില്‍ കുപവാര, തുടങ്ങിയ സ്ഥലങ്ങളില്‍ ഈ യിടെ നടന്ന തീവ്രവാദികളെ പിടിച്ച ഒപ്പരെഷനില്‍ പങ്കെടുത് മരിക്കാമായിരുന്നു , ഇങ്ങിനെ ലീവ് കിട്ടാത്തതിനു വെടി വച്ച് ചാകുന്നവരെ പൊക്കി നടന്നാല്‍ ആര്‍മി എന്ന സെറ്റപ്പ് കൊണ്ട് പോകാന്‍ പ്രയാസം ആണ്, പോലീസിലായാലും പട്ടാളത്തില്‍ ആയാലും ആദ്യം കുറെ ഹരാസ്മെന്റ്റ് ഉണ്ട്ട് , ശൂ തുടക്കാന്‍ പറഞ്ഞാല്‍ തുടച്ചേ പറ്റു, പോലീസില്‍ ആണെങ്കില്‍ പാറാവ്‌ നില്‍ക്കേണ്ടി വരും , വലിയ ഭാരമുള തോക്കും പിടിച്ചു രാത്രി മൊത്തം നില്‍ക്കണം , അതുപോലെ ഹരാസ് മെന്റ് വേറെ ഇല്ല, അപ്പോള്‍ ഈ വക പണിക്കു പോകുന്നവര്‍ ഇതിനൊക്കെ തയ്യാറായിരിക്കണം , നമ്മള്‍ മലയാളികള്‍ക്ക് ഇതൊക്കെ പ്രയാസം ആണ്, അങ്ങിനെ ഉള്ളവര്‍ പീ എസ സി എഴുതി ജോലി നേടണം ഓഫീസ്ല്‍ പോയാല്‍ പണി എടുക്കണ്ട ഫാനിന്റെ കീഴില്‍ ഇരിക്കാം , വന്നില്ലെങ്കിലും ആരും ചോദിക്കില്ല പക്ഷെ പട്ടാളം , പോലീസ് അതല്ല അത് ഫോര്‍സ് ആണ് , അവിടെ പണ്ടേ ബ്രിട്ടീഷുകാരുടെ സിസ്റ്റം ആണ് ഫോളോ ചെയ്യുന്നത് , തഹസീല്‍ ദാര്‍ വന്നത് പോലും മോശം ആണ് , അത് പോലെ പത്രവാര്‍ത്തകളില്‍ കണ്ടു , ഇവന്റെ സാലറി ആരോ മേലുദ്യോഗസ്ഥര്‍ ചോദിച്ചു പോലും , അതൊക്കെ പച്ചക്കള്ളം ആണ്, ഇവന് സാലറി ഒരു പതിനാലായിരം രൂപ കാണും അത് എസ ബി ഐ അക്കൌണ്ടില്‍ ക്രെഡിറ്റ് ആവുകയാണ് ചെയ്യുന്നത് അത് അവന്‍ അല്ലാതെ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല, ഇങ്ങിനെ ഉള്ള കാര്യം ഒന്നും സൈന്യത്തില്‍ വച്ച് പൊറുപ്പിക്കില്ല , സൈന്യത്തിലെ ഒരു സീനിയര്‍ക്ക് ഈ മാതിരി ഹഫ്ത പിരിക്കണ്ട കാര്യമേ ഇല്ല , ഒന്ന് കണ്ണടച്ചാല്‍ ലക്ഷങ്ങള്‍ ആണ് അവനു കിട്ടുന്നത് , ഇതെഴുതുന്ന ഞാന്‍ തന്നെ കഴിഞ്ഞ ഓണത്തിന് ലീവ് കിട്ടിയില്ല ,വയസ്സായ പേരന്റും ഫമില്യും ഒക്കെ നാട്ടില്‍ ഉള്ള ആളാണ് റിസര്‍വേഷന്‍ ചെയ്തതാണ് , എന്നിട് ഞാന്‍ ചത്തോ ?

Anonymous said...

കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ് പലയിടത്തും അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്.

പട്ടാളവും പോലീസും മാത്രമല്ല റവന്യൂ കലക്ടരെറ്റ് , അട്മിനിസ്ട്രേശന്‍, ജുദീഷ്യറി എന്നിങ്ങനെ തരം തിരിവ് ഇതൊക്കെ പതിനെട്ടാം നൂറ്റാണ്ടില്‍ വാറന്‍ ഹെസ്ടിങ്ങ്സ് കൊണ്ടുവന്ന പരിഷ്കാരം ആണ് ഇപ്പോഴും തുടരുന്നത്, എന്തെന്നാല്‍ അതിനു പകരം വയ്ക്കാന്‍ വേറെ ഒരു സംവിധാനം ഇല്ല, ബ്രിടന്‍ എന്ന ചെറു രാജ്യത്തിരുന്ന് സൂര്യന്‍ അസ്തമിക്കാത്ത സാമ്ര്യാജ്യം ഭരിച്ചത് ഇങ്ങിനെ ഒരു സിസ്റ്റം ഉള്ളത് കൊണ്ടാണ്, ഈ സിസ്റ്റം കൊണ്ടാണ് , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ വര്‍ഗീയ ലഹള പതുക്കെ എങ്കിലും ഒതുക്കാന്‍ കഴിഞ്ഞത് , കംയൂനിസ്ടുകള്‍ക്ക് ഇതൊന്നും ഇഷ്ടമല്ല അനാര്‍ക്കി ആണെകിലല്ലേ അവര്‍ക്ക് തോന്നിയപോലെ ചെയ്യാന്‍ പറ്റു. മരണ വീടില്‍ ചെന്ന് ന്യായം വിടാന്‍ ആര്‍ക്കും പറ്റും, പക്ഷെ ആ വിവരക്കേട് ഇന്ത്യ മഹാരാജ്യം ഭരിക്കുന്നതില്‍ അടിചെല്പ്പിക്കരുത്

Anonymous said...

ഏതു പട്ടാളക്കാരനും പറയുന്ന ഒരു കാര്യമുണ്ട് ലീവ് കിട്ടാനോ എന്തെങ്കിലും കാര്യം സാധിക്കാണോ മലയാളി അല്ലാത്ത മേലധികാരി ആണ് നല്ലത് അങ്ങിനെ ഉള്ളപ്പോള്‍ ദക്ഷിണേന്ത്യക്കാരോട് വിവേചനം എന്നൊക്കെ വാദിക്കാതെ സജീമേ? എന്‍ ഡി എ അഡ്മിഷന്‍ കിട്ടണം ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആകണമെങ്കില്‍ അത് പഠിച്ചു പാസാവുന്നത് ഉത്തരേന്ത്യക്കാര്‍ ആണ് , അത് നമ്മുടെ വിദ്യാഭ്യാസം മോശമായതിന്റെ കുഴപ്പം, എങ്കില്‍ പോലും ഉത്തരേന്ത്യക്കാര്‍ വളരെ വളരെ ലീനിയന്റ്റ് ആണ് , നമ്മുടെ ആള്‍ക്കാര്‍ ആണ് നമ്മളെ ദ്രോഹിക്കുന്നത് , ഇതൊക്കെ എഴുതുന്നതിനു മുന്പ് നാട്ടില്‍ ഉള്ള പത്തു പട്ടാളക്കാരോട് ചോദിക്ക് , അവിടത്തെ വിശേഷങ്ങള്‍

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ,

അപ്പോൾ താങ്കൾ പട്ടാളക്കാരൻ ആണോ?
അരുണിന്റെ മരണം സൈനികോദ്യോഗസ്ഥന്മാരുടെ പീഡനം മൂലമാണെന്നാണ് അവിടെ നിന്നും അനൌയോഗികമായി ലഭിച്ചിട്ടുള്ള വിവരം അതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. നാട്ടുകാരനായ എനിക്കും. ലീവ് കിട്ടാത്തതൊന്നുമല്ല പ്രശ്നം.അന്നു രാവിലെയും അനുജനെ സാധാരണ പോലെ ഫോൺ ചെയ്തിരുന്നതാണ്. അതുകഴിഞ്ഞ് ഏതാനും മിനുട്ടുകൾക്കു ശേഷമാണ് അരുൺ മരണപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യനു താങ്ങാനാ‍വുന്നതിനപ്പുറമുള്ള പീഡനങ്ങൾ അരുണിനെ പോലെയുള്ള സാധാരണ പട്ടാളക്കാർ ഏറ്റുവാങ്ങുന്നുണ്ടെന്ന് അനുഭവസാക്ഷ്യങ്ങളും പരാതികളും ഉണ്ട്. കടുത്ത പീഡനങ്ങളിലൂടെ മാത്രമേ നല്ല സൈന്യത്തെ വാർത്തെടുക്കാൻ കഴിയൂ എന്ന വാദത്തോട് യോജിക്കുന്നില്ല. ആത്മഹത്യ ദുർബ്ബലർക്ക് ചെയാൻ കഴിയില്ല .മരണഭയമില്ലാത്ത ധീരർക്കേ ചെയ്യാൻ കഴിയൂ. അങ്ങനെ നോക്കിയാലും അരുൺ ധീരനാണ്. ജിവൻ വെടിഞ്ഞ പ്രതികരണം. പ്രതിഷേധം. ആത്മഹത്യ ആയിരുന്നെങ്കിൽ തന്നെ അതിനെ അങ്ങനെയും കാണാം.

Anonymous said...

പീഡനം എന്ന വാക്കില്‍ ഒതുക്കാതെ ഏതു ടൈപ്പ് പീഡനം ? തുറന്നു പറയു? പുരുഷ ലൈംഗിക പീഡനം ആണോ? അതൊന്നും ഇല്ല കശീമ്ര്‍ ക്ലൈമേറ്റില്‍ , ഈ പയ്യന് നാട്ടില്‍ വല്ല പെണ്ണ് മായും ലൈന്‍ കാണും അലെങ്കില്‍ അവന്‍ നാട്ടില്‍ വന്നു ഓണം ആഘോഷിക്കാന്‍ കുറെ കുപ്പി വാങ്ങി വച്ച് കാണും അതു നടക്കാത്ത മനോവിഷമം, ഇ പയ്യന്‍ കമ്പ്യൂട്ടര്‍ ഒപ്പരെടര്‍ ആയിരുന്നു അപ്പോള്‍ ചെരുപ്പ് തുടക്കാന്‍ ഒന്നും ആരും പറയില്ല ടെക്നിക്കല്‍ എന്തെങ്കിലും പണി അറിയാമെങ്കില്‍ വലിയ ബഹുമാനം ആണ് ആര്‍മിയില്‍ , കാരണം നമ്മള്‍ മലയാളികള്‍ക്കെ നന്നായി ഒരു ലറ്റര്‍ അടിക്കാനോ , പേ ബില്‍ എഴുതാനോ അറിയൂ, സാലറി , പീ എഫ് ഒക്കെ ചെയ്യാന്‍ ഇവരുടെ സഹായം വേണം , അതിനാല്‍ ഇവനെ ആരും ഹറാസ് ചെയ്യില്ല , സൈന്യത്തില്‍ പലരും പണം കൊടുത്താണ് ജോലിക്ക് കേറുന്നത് അറിയാമോ? അപ്പോള്‍ മലയാളികള്‍ എല്ലാം കൂടി ആവശ്യമില്ലാത്ത ആരവം ഉണ്ടാക്കിയാല്‍ ബിക്രം സിംഗ് പറയും ഇനി മലയാളികള്‍ അധികം വേണ്ട , ഇത് മാത്രം മതി പാര, സൈന്യത്തില്‍ ഇന്ന് മലയാളിക് ഒരു അന്തസ് വന്നത് കാര്‍ഗില്‍ വാറില്‍ബോഫോര്സ് തോക്ക് ഉപയോഗിക്കാന്‍ നമ്മളും തമിഴനും ആണ് മുന്നില്‍ നിന്നത് , ടെക്നിക്കല്‍ നമ്മള്‍ സൌത്ത് ഇന്ത്യ കഴിഞ്ഞേ ഉള്ളു എവിടെയും അതാണ്‌ നമ്മുടെ ബലം, ഈ പയ്യന് വേണ്ടി ആവശ്യമില്ല്ലാതെ വിവാദം ഉണ്ടാക്കിയാല്‍ അടുത്ത രിക്രൂട്മെന്റ്റ് മുതല്‍ മലയാളി വേണ്ട എന്ന് തീരുമാനിക്കും , ഇന്ത്യ വിശാലം ആണ് , നമ്മള്‍ മലയാളികള്‍ നമ്മള്‍ക്ക് കുഴി തോണ്ടരുത് അതെ പറയാനുള്ളൂ ,

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

ഈ പയ്യൻ മദ്യപിക്കില്ല. അതിനു ചില കാരണങ്ങളുമുണ്ട്. അസുഖമൊന്നുമല്ല. അത് ഇവിടെ പറയുന്നില്ല. മദ്യത്തിന്റെ കുഴപ്പം ഈ പയ്യന് നന്നായി അറിയാം. അവനു കിട്ടുന്ന മദ്യമൊക്കെ കൂട്ടുകാർക്കു നൽകുകയാണ് പതിവ്. അവന്റെ ആർമി സുഹൃത്തുക്കൾ തന്നെ പറയുന്നത് അവരൊക്കെ ടെൻഷൻ വന്നാൽ രണ്ടെണ്ണം അടിച്ച് അത് തരണം ചെയ്യും, പക്ഷെ അവൻ അതു പോലും ചെയ്യില്ല എന്നാണ്. മാത്രവുമല്ല, ഒരുപക്ഷെ അത്യാവശ്യം മദ്യപിക്കുമായിരുന്നെങ്കിൽ അവന് ഇങ്ങനെ ( ആത്ന്മഹത്യയാണെങ്കിൽ) ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ്. പിന്നെ ഇവൻ ഒരു അടിച്ചുപൊളി പയ്യനല്ല. അവൻ വരുന്നതും പോകുന്നതും പോലും നാട്ടിൽ അധികം ആരും അറിയാറില്ല. സൈലന്റ്. വളരെ കൂളായിട്ടാണ് കഴിഞ്ഞലീവ് കഴിഞ്ഞ് അരുൺ കോലിസ്ഥലത്തേയ്ക്കു പോയത്. മരിച്ച ദിവസം രാവിലെ അനുജനു ലാപ്ടോപ്പ് വാങ്ങുന്ന കാര്യം സംസാരിക്കുമ്പോൾ പോലും യാതൊരു മരണ സൂചനയും നൽകിയിരുന്നില്ല. ഇതിനൊന്നും കൂടുതൽ സമയം വേണ്ടെന്നതു ശരിതന്നെ. മറ്റൊന്ന് ഈ മിലിട്ടറി ഉദ്യോഗം ഇല്ലെങ്കിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത കുടുംബത്തിലെയല്ല ഈ പയ്യൻ.അതങ്ങു കളഞ്ഞിട്ടു വന്നാലും പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. അതുകൊണ്ട് നിവൃത്തിയില്ലെങ്കിൽ ആ ജോലി കളഞ്ഞിട്ട് വരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ആത്മഹത്യ ചെയ്യേണ്ട കാര്യം തന്നെയില്ല. അതൊക്കെത്തന്നെയാണ് സംശയങ്ങൾ ഇരട്ടിപ്പിക്കുന്നത്. എന്തായാലും മിലിട്ടറി ആണെന്നുകരുതി അവിടെ എന്തു നടന്നാലും അതൊക്കെ സഹിച്ചോളണം എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല.

ഇ.എ.സജിം തട്ടത്തുമല said...

ഇന്നത്തെ മാധ്യമം പത്രത്തിൽ നിന്ന്:

“ന്യൂദല്‍ഹി: മലയാളി ജവാന്‍ അരുണ്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് സാംബ ജില്ലയിലെ അതിര്‍ത്തിയില്‍ വിന്യസിച്ച 16 കാവല്‍റി സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഓഫിസര്‍മാരെ യൂനിറ്റില്‍ നിന്ന് മാറ്റി. യൂനിറ്റില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ഇവരെ മറ്റു യൂനിറ്റുകളിലേക്ക് താല്‍ക്കാലികമായി നിയോഗിച്ചിരിക്കുകയാണ്.

അരുണിന്‍െറ ആത്മഹത്യയെ തുടര്‍ന്ന് യൂനിറ്റിലെ ജവാന്മാര്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ക്കെതിരെ കലാപമുയര്‍ത്തിയിരുന്നു. ഇതു പരിഗണിച്ചാണ് യൂനിറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിരവധി മലയാളികള്‍ അടക്കമുള്ള ജവാന്മാര്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. ജോലി സാഹചര്യങ്ങളെക്കുറിച്ച അവരുടെ പരാതികള്‍ പരിശോധിക്കുമെന്ന് 9കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ എ.കെ. ഭല്ല ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്.“

ഇ.എ.സജിം തട്ടത്തുമല said...

ഇന്ത്യാ വിഷനിൽ നിന്ന്:

സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകം: എകെ ആന്റണി:

ദില്ലി: സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. അരുണിന്റെ ആത്മഹത്യക്കാര്യം സൈനികമോധാവിയുമായി വീണ്ടും ചര്‍ച്ച ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കിളിമാനൂര്‍ സ്വദേശി അരുണ്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യചെയ്തത്. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

ഇന്ത്യന്‍ സൈന്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം ആയിരത്തിന് മുകളിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. പാര്‍ലമെന്റില്‍ എകെ ആന്റണിയാണ് ഈ കണക്ക് പുറത്തുവിട്ടത്.

മുക്കുവന്‍ said...

condolences to Arun's family..

was he complained any time to you or your friends about the cruelty in military?

one of my friend( was working in NDA Pune) few years back told me, "your promotion is directly related to your qualification till Colonel, after that its your wife's".

I am not sure how true it is... but there is something fishy there too.. :)