Saturday, November 17, 2012

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ആദ്യം ഈ ലേഖനം പ്രസിദ്ധീകരിച്ച മാസികയെപ്പറ്റി ഏതാനും വാക്കുകൾ

കൈരളി നെറ്റ് മാസിക 

കൊല്ലത്തു നിന്നും ഒരു മാസിക തുടങ്ങിയിട്ടുണ്ട്. കൈരളിനെറ്റ് എന്നാണ് അതിന്റെ പേര്. ആദ്യത്തെ രണ്ടു മൂന്നു ലക്കങ്ങൾ വായിച്ചപ്പോൾ തന്നെ എനിക്കിഷ്ടമായി. നിലവാരം പുലർത്തുന്ന ഒരു മാസികയാണ്. അതുകൊണ്ടുതന്നെ  അതിൽ എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം എനിക്കും ഉണ്ടായി. പുതിയ ലക്കത്തിൽ എന്റെയും ഒരു ലേഖനം ഉണ്ട്. അത് സ്കാൻ ചെയ്ത്  ഇമേജായി  ഇതോടൊപ്പം താഴെ ചേർക്കുന്നു. ബ്ലോഗ്ഗർമാരുടെ കൂടി സൃഷ്ടികൾ ഉൾപ്പെടുത്തണം എന്ന ആഗ്രഹം കൈരളി നെറ്റ് സംരംഭകർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ബ്ലോഗ്ഗർമാർ അവരുടെ ഭേദപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകൾ നൽകുകയും പുതിയ സൃഷ്ടികൾ അയച്ചു കൊടുക്കുകയും ചെയ്ത് സഹകരിച്ചാൽ അത്  മാസികയ്ക്ക് കൂടുതൽ ഗുണകരമാകും. തൽക്കാലം പ്രതിഫലമൊന്നും നൽകാനവർക്ക് കഴിഞ്ഞെന്നിരിക്കില്ല. എങ്കിലും ഇ-എഴുത്തുകാരെക്കൂടി സഹകരിപ്പിച്ചുകൊണ്ട് ഒരു മാസിക നടത്തിക്കൊണ്ടു പോകുവാൻ അതിന്റെ സംഘാടകർ ആഗ്രഹിക്കുമ്പോൾ അതിനോട് ബ്ലോഗ്ഗർമാർ മനസറിഞ്ഞ് സഹായിക്കേണ്ടതും സഹകരിക്കേണ്ടതുമാണ് എന്ന് എനിക്ക് തോന്നുന്നു. കഴിയുന്നത്ര പേർ ഇതിന്റെ വരിക്കാരാവുക എന്നതും  ഒരു വലിയ സഹായവും പ്രോത്സാഹനവും ആയിരിക്കും. കഴിയുമെങ്കിൽ അത്യാവശ്യം പരസ്യംങ്ങൾ സംഘടിപ്പിച്ചുനൽകിയും ആർക്കും സഹായിക്കാം. വാർഷിക വരിസംഖ്യ 120 രൂപ മണീ ഓർഡർ അയച്ചാൽ    കൈരളിനെറ്റ് മാസിക പോസ്റ്റിൽ ലഭിക്കും. പോസ്റ്റ് ഓഫീസിൽ പോകുക, മണി ഓർഡർ ഫോറം പൂരിപ്പിക്കുക എന്നതൊക്കെ തിരക്കിനിടയിൽ പലർക്കും ബുദ്ധിമുട്ടായി തോന്നാം. തിരക്കുള്ളവർക്ക് ആരെയെങ്കിലും കൊണ്ട് ഒരു മണി ഓർഡർ ഫോം വാങ്ങിപ്പിച്ച് പൂരിപ്പിച്ച് ആ പൈസയും കൊടുത്തു പോസ്റ്റ് ഓഫീസിൽ വിട്ടാലും മതിയല്ലോ. അല്ലെങ്കിൽത്തന്നെ നാം ദിവസവും എത്ര പോസ്റ്റ് ഓഫീസുകൾ മറി കടന്നു പോകുന്നു. ഒരു അഞ്ചു മിനുട്ടിൽ ഒരു മണി ഓർഡർ പൂരിപിച്ച് അയക്കാമല്ലോ. ഞാനിതു പറയാൻ കാരണം പലരും ഒരു ചെറു സംഖ്യ മുടക്കുവാൻ ഇല്ലാത്തതുകൊണ്ടോ ആഗ്രഹമില്ലാത്തതുകൊണ്ടോ അല്ല ഏതെങ്കിലും പ്രസിദ്ധീകരണങ്ങളുടെ പോസ്റ്റൽ വരിക്കാരാകാത്തത്. തിരക്കും, മടിയും, മറതിയും മറ്റും കാരണമാണ്.  കൈരളിനെറ്റ് മാസിക തപാലിൽ ലഭിക്കാനുള്ള  വിലാസം ഇതോടൊപ്പം നൽകുന്നു. 

മാനേജർ, കൈരളിനെറ്റ് മാഗസിൻ, ഇരവിപുരം പി.ഒ, കൊല്ലം-11

കൈരളിനെറ്റിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു

ക്കഴിഞ്ഞലക്കം (2012 നവംബർ)  കൈരളിനെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം ഇമേജായി  താഴെ നൽകുന്നു. ഇമേജിൽ  ക്ലിക്ക് ചെയ്ത് ലേഖനം  വലുതാക്കി കണ്ടു  വായിക്കാം. ഓരോ പേജിറ്റെയും ഇമേജിൽ മൌസ് വച്ച് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പൾ വരുന്ന മെനുവിൽ വ്യൂ ഇമേജ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ടൂൾ വരും (ഒരു ലെൻസ്). ആലെൻസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ ഇമേജ് വലുതായി കാണിക്കും. അപ്പോൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വീണ്ടും ആ ടൂളിൽ ക്ലിക് ചെയ്യുമ്പോൾ ഇമേജ് പൂർവ്വസ്ഥിതിയിൽ ആകും. അറിഞ്ഞുകൂടാത്തവർക്കു വേണ്ടി വിശദീകരിച്ചു എന്നു മാത്രം. ഇമേജ് ഫയലുകൾക്കു താഴെ ലേഖനം ടൈപ്പുചെയ്തതും ഇട്ടിട്ടുണ്ട്. ഓരോരുത്തരുടയും സൌകര്യവും താല്പര്യം പോലെയൊക്കെ വായിക്കുക.





ഇനി ലേഖനത്തിന്റെ മൂലരൂപം പൂർണ്ണരൂപത്തിൽ ടൈപ്പുചെയ്തത് താഴെ നൽകുന്നു

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കായികമായി അടിച്ചമർത്തി ഭരിക്കുന്നതു മാത്രമല്ല ഭരണകൂടഭീകരത. ഒരു ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾ കൊണ്ടോ ബോധപൂർവ്വമുള്ള  നിഷ്ക്രിയത്വം കൊണ്ടോ അവഗണന കൊണ്ടോ മറ്റേതുതരത്തിലും  ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന ഏതു പ്രവർത്തനവും ഒരു തരത്തിൽ  ഭരണകൂട ഭീകരതയാണ്. രാഷ്ട്രസംരക്ഷണം, ക്രമസമാധാന പാലനം,  മറ്റ് ദൈനംദിനകാര്യനിർവ്വവണം, രാജ്യത്തിന്റെയും ജനങ്ങളുടെയും  പൊതുവായ മേൽനോട്ടം എന്നിങ്ങനെ ചുരുക്കി കാണാവുന്ന ഏതാനും ഉത്തരവാദിത്തങ്ങളിൽ ഒതുങ്ങുന്നതല്ല ഒരു ആധുനിക രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ചുമതലകൾ. ഒരു ഭരണകൂടസംവിധാനത്തിന് സർവ്വതല സ്പർശിയായ ഒട്ടേറെ ചുമതലകൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങൾക്ക് സുഗമമായ ഒരു ജീവിതാവസ്ഥ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ്. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുടെ കാര്യത്തിൽ ഒരു ഭരണകൂടം സദാ ജാഗരൂകമായിരിക്കണം. തങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാക്കിത്തരാൻ കഴിയുന്ന ഒരു ഭരണം പ്രതീക്ഷിച്ചുകൊണ്ടാണ് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായി  ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയപ്പെടുത്തും വിധം പ്രവർത്തിച്ചാൽ അതിനെയും ഭരണകൂടഭീകരത എന്നുതന്നെയാണ് പറയേണ്ടത്.  നമ്മുടെ രാജ്യത്ത് ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടമില്ലാത്ത ഒരു അരാജകസംവിധാനമായിരുന്നെങ്കിൽപോലും ഇത്രയും ജീവിത പ്രയാസങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ജനം കരുതിപ്പോകുന്ന സാഹചര്യങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. പ്രകൃത്യാലോ, സമ്പദ്‌വ്യവസ്ഥയുടെയും കമ്പോള ശക്തികളുടെയും  മറ്റും പ്രവർത്തനഫലമായോ, ബാഹ്യശക്തികളുടെ ഇടപെടലുകൾകൊണ്ടോ, മറ്റേതെങ്കിലും വിധത്തിലോ  ഒരു രാഷ്ട്രത്തിലെ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടായാൽ തങ്ങളുടെ രക്ഷയ്ക്ക് കാവലായി ഒരു ഭരണകൂടമുണ്ടെന്ന ബോധ്യമാണ് ഏതൊരു രാഷ്ട്രത്തിലെയും ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നത്. എന്നാൽ ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്.

ഇവിടെ അഴിമതി കൊടികുത്തി വാഴുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനം ഉള്ളതുകൊണ്ടാണ്. കാരണം ഭരണകൂടം തന്നെയാണ് ഇവിടെ ഭീകരമായ അഴിമതി നടത്തുന്നത്. മുകൾതട്ടുമുതൽ താഴേതട്ടുവരെയും അഴിമതിയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ഭരണകൂടം തന്നെയാണ്. ഇവിടെ ജനജീവിതം ദുസഹമാക്കും വിധം വിലവിർദ്ധനവുണ്ടാകുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനമുള്ളതുകൊണ്ടാണ്. കാരണം ഇവിടെ അടിയ്ക്കടി വിലവർദ്ധനവുണ്ടാക്കുന്നത് ജനവിരുദ്ധമായ  ഭരണകൂടനയങ്ങൾ കാരണമാണ്. വിലവർദ്ധന രൂക്ഷമാകുമ്പോൾ കമ്പോളത്തിൽ ഇടപെട്ട് അത് നിയന്ത്രിക്കേണ്ട ഭരണകൂടംതന്നെ വിലവർദ്ധവ രൂക്ഷമാക്കുവാൻ വേണ്ടി ബോധപൂർവ്വം കമ്പോള ശക്തികളെ സഹായിക്കുകയാണ്. പരമാവധി സമത്വത്തിലേയ്ക്ക് രാഷ്ട്രത്തെ നയിക്കേണ്ട ഭരണകൂടം ഇവിടെ സ്വയം അസമത്വത്തിന്റെ തത്വശാസ്ത്രമായ മുതലാളിത്തത്തെ ശക്തിപ്പെടുത്തുവാൻ ബോധപൂർവ്വം പശ്രമിക്കുകയാണ്. തങ്ങളുടെ ജീവിതം ദുരിതപിപൂർണ്ണമാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം  തികഞ്ഞ  ധാഷ്ഠ്യത്തോടെ പെരുമാറുകയാണ്.  ജനകീയ സമരങ്ങളെ നിയമ- നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗിച്ച് അടിച്ചമർത്തുകയാണ്.  സരരങ്ങളും പണിമുടക്കുകളും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളുമെല്ലാം വികസന വിരുദ്ധ പ്രവർത്തനങ്ങളാണെന്ന ധാരണ ബോധപൂർവ്വം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്. ജനാധിപത്യത്തെ കളങ്കമില്ലാതെ പരിപാലിച്ച് ശക്തിപ്പെടുത്തേണ്ട ഭരണകൂടം തന്നെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. ജനാധിപത്യം എന്നാൽ ഇന്ന് പണാധിപത്യമായി മാറിയിരിക്കുന്നു. പണമില്ലാത്തവർക്കുകൂടി ജീവിക്കുവാനാവശ്യമുള്ള സാമൂഹ്യാവസ്ഥകൾ സൃഷ്ടിച്ചുകൊടുക്കേണ്ട ഭരണകൂടംതന്നെ കാശുള്ളവർ മാത്രം ജീവിച്ചാൽ മതിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. ഇവിടെ  ഭരണകൂടം മുതലാളിത്തത്തിന്റെ ദാസ്യവേല ചെയ്യുകയാണ്. മുതലാളിത്തം ഇച്ഛിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഏതൊരു  സാഹചര്യവും സൃഷ്ടിച്ചുകൊടുക്കുവാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് നമ്മുടെ ഭരണകൂടം നിർഭയം വിളിച്ചു പറയുകയാണ്. ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ  ജനം ചിന്തിച്ചുപോയാൽ അതിൽ അവരെ കുറ്റം പറയാനാകില്ല. ഒരു ഭരണകൂടംതന്നെയില്ലാതെ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്നതും  യാന്ത്രികമായി പ്രവർത്തിക്കുന്നതുമായ ഒരു  അരാജകസമൂഹത്തിൽ പോലും ഭരണകൂട സാന്നിദ്ധ്യമുള്ള ഇപ്പോഴത്തെ അവസ്ഥയിലുള്ളതിനേക്കാൾ നീതി തങ്ങൾക്കു ലഭിക്കുമായിരുന്നു എന്ന് ജനം ചിന്തിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടതും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി സദാ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുമായ  ഭരകൂടംതന്നെ  ജനങ്ങളുടെ ഏറ്റവും വലിയ ശത്രുവായി നിലകൊള്ളുന്നുവെന്ന ഭയാനകമായ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നില നിൽക്കുന്നത്. പെട്രോൾ, ഡീ‍സൽ, പാചകവാതകം തുടങ്ങി സാധാരണക്കാ‍രന്റെ ജീവിതം ദുസഹമാക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങളുടെ മുഖത്തുനോക്കി ഇനിയും വിലവർദ്ധനവുണ്ടാകും വേണമെങ്കിൽ നാവടക്കി ജീവിച്ചുകൊള്ളൂ‍ എന്നാണ് നമ്മുടെ ഭരണാധികാരികൾ  ക്രൂരമായ ഭാവത്തോടെ വിളിച്ചുപറയുന്നത്.

നമ്മുടെ രാജ്യത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നല്ല; ശാസ്ത്ര-സാങ്കേതികരംഗത്തും ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിലും പ്രതിരോധത്തിന്റെ കാര്യത്തിലുമൊക്കെ വലിയ പുരോഗതി ഉണ്ടാ‍യിട്ടുണ്ട്. അതൊക്കെ ഉണ്ടാകേണ്ടതുമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യാനന്തരം ഒരു കാര്യത്തിലും മുന്നേറിയിട്ടില്ലെന്നോ വികസിച്ചിട്ടില്ലെന്നോ കണ്ണുമടച്ച് ആരും പറയില്ല.  എന്നാൽ രാജ്യം വികസിച്ചു എന്നതുകൊണ്ട് ജനജീവിതത്തിനും അതിനൊത്ത പുരോഗതി ഉണ്ടായി എന്നു പറയാനാകില്ല. ഇവിടെ രാജ്യം നേടിയ പുരോഗതിയുടെ ഗുണങ്ങൾ  ഏതാനും പേർക്ക് മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത്. അതാ‍യത് സമ്പന്ന വർഗ്ഗത്തിനു മാത്രം. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മുടെ രാജ്യത്ത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതം നാൾക്കുനാൾ ദുസഹമാ‍യിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാദികൾ മാറിമാറിവന്ന ഭരണകൂടങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അന്നന്നത്തെ അന്നത്തിനു പോലും വല്ലാതെ കഷ്ടപ്പെടുന്നവരും പട്ടിണിക്കാരും തൊഴിലില്ലാത്തവരും കിടപ്പാടമില്ലാത്തവരും നിത്യതൊഴിൽ ഇല്ലാത്തവരും  വളരെ ശോചനീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരുമാണെന്ന കാര്യം ഗൌരവത്തിലെടുത്തുകൊണ്ടുള്ള ഭരണമല്ല നാളിന്നുവരെ മാറിമാറിവന്ന സർക്കാരുകൾ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം പത്തറുപത്തഞ്ചുകൊല്ലം ജനാധിപത്യഭരണം നടന്നിട്ടും ഭൂരിപക്ഷജനതയുടെ ജീവിത സാഹചര്യങ്ങളിൽ കാര്യാ‍യ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനെ എന്തുപറഞ്ഞും ന്യായീകരിക്കാനാകില്ല. ജനസംഖ്യ ഉയർന്നതാണെങ്കിലും ഭൂവിസ്തൃതിയിലും വിഭവശേഷിയിലും പിന്നോക്കാവസ്ഥയുള്ള ഒരു രാജ്യമല്ല ഇന്ത്യ. പരാശ്രയമില്ലാതെ  സ്വയം പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുവാനുള്ള എല്ലാ ചുറ്റുപാടുകളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. കാർഷികമായും വ്യാവസായികമായും ഗണ്യമായ പുരോഗതി കൈവരിക്കുവാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിലുണ്ട്. ആ സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തത് നാളിതുവരെ ഇവിടെ ഭരണം നടത്തിയിട്ടുള്ളവരുടെ പിടിപ്പുകേടും ആത്മാർത്ഥതയില്ലായ്മയും തന്നെയാണ്. രാജ്യപുരോഗതിക്കുപകരം സ്വന്തം കീശവീർപ്പിക്കുവാനുതകുന്ന പ്രവർത്തനങ്ങളിലുമാണ് ഭരണത്തിലേറുന്നവർ ശദ്ധിച്ചു പോരുന്നത്. ഭരണം ഉപയോഗിച്ചു സ്വന്തം കാര്യം നേടുന്ന കാര്യത്തിൽ നമ്മുടെ നേതാക്കളെ വെല്ലാൻ ലോകത്ത് മറ്റാർക്കും കഴിയില്ലതാനും! എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്രയും തുകയുടെ അഴിമതികളാണല്ലോ അവർ നടത്തി ലോകത്തെ ഞെട്ടിപ്പിക്കുനത്.    

രാഷ്ട്രം എന്നാൽ ഒരു ഭൂമിശാത്രപ്രദേശം മാത്രമല്ല. ഒരു ഭൂപ്രദേശവും അവിടെ കുറെ ജനങ്ങളും അവരെ നയിക്കാൻ ഒരു ഭരണകൂടസംവിധാനവും ഉള്ളപ്പോഴാണ് അത് ഒരു രാഷ്ട്രമകുന്നത്. ഉദഹരണത്തിന് അന്റാർട്ടിക്ക ഒരു രാജ്യമാണ് ഒരു രാഷ്ട്രമല്ല. കാരണം അവിടെ ആൾപ്പാർപ്പും ഗവർണ്മെന്റും ഒന്നുമില്ല. അപ്പോൾ ഒരു രാജ്യത്തിന്റെ പുരോഗതി എന്നു പറഞ്ഞാൽ ജനങ്ങളുടെ പുരോഗതിയാണ്. രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അല്ലാതെ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതല്ല. ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടി എന്നത് ഹിറ്റ്ലറുടെ നയമാണ്. ജനമുണ്ടെങ്കിലേ രാഷ്ട്രമുള്ളൂ. ജനങ്ങളുടെ സൌകര്യത്തിനാണ് രാഷ്ട്രവും രാഷ്ട്രീയവ്യവസ്ഥിതിയും മറ്റും  ഉണ്ടാക്കുന്നത്. ഇവിടെയിപ്പോൾ  രാഷ്ട്രവും ജനങ്ങളും എല്ലാം ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതാണെന്ന് തോന്നും നമ്മുടെ ഭരണകൂട നയങ്ങൾ കണ്ടാൽ. അധികാരം നേടുന്നത് സ്വന്തം സ്വാർത്ഥത്തിനുവേണ്ടിയെന്ന് ഓരോ ഭരണാധികരിയും കരുതുന്നതിന്റെ ദുരന്തം ജനങ്ങൾ അക്ഷരാർത്ഥത്തിൽ അനുഭവിക്കുകയാണ്. ഏറ്റവും കൂ‍ടുതൽ അഴിമതി നടത്തുന്നവർ ഏറ്റവുമധികം മഹത്വവൽക്കരിക്കപെടുന്നവരായി മാറുന്നു. നമ്മുടെ ഓരോരോ മന്ത്രിമാർ ഇന്ന് അഴിമതിയിലൂടെ നേടുന്ന തുക രാജ്യം തന്നെ അളന്നുവാങ്ങാവുന്നതിലും വലുതാണ്. സമ്പത്ത് ഏതാനും വ്യക്തികളുടെ പേരിൽ കേന്ദ്രീകരിക്കാതിരിക്കുവാൻ നിയമമുണ്ടാക്കിയിട്ടുള്ള രാജ്യമാണ് നമ്മുടേതെങ്കിലും ഇന്നും ഇന്ത്യ വിലയ്ക്കുവാങ്ങാൻ കഴിവുള്ളത്രയും സമ്പന്നർ നമ്മുടെ രാജ്യത്തുണ്ട്. രാജ്യം സെന്റുവിലയ്ക്ക് അളന്നുവാങ്ങാ‍ൻ കഴിയാത്തതുകൊണ്ട് അവർ ഭരണാധികാരികളെ വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് അവരുടെ ബിസിനസ് സാമ്രാജ്യങ്ങൾ വിപുലപ്പെടുത്തുന്നു. മുതലാളിത്തം അരക്കിട്ടുറപ്പിക്കുന്നു. ഭരണാധികാരികൾ ജനങ്ങളുടെ തലയിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യം വിറ്റു  വിറ്റുതുലയ്ക്കുന്നു.  അങ്ങനെ അവരും സമ്പന്നരാകുന്നു. ഇന്ന് ഇവിടുത്തെ നേതാക്കന്മാരിൽ നല്ലൊരു പങ്കും അഴിമതിയിലൂടെയും മറ്റ് അവിഹിത മാർഗ്ഗങ്ങളിലൂടെയും  അതിവേഗം രാജ്യം അളന്നുവാങ്ങാൻ കഴിയുന്നത്ര സമ്പന്നരായിക്കൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പിനുമുന്നേ രാഷ്ട്രീയപ്പാർട്ടികളെ മുതലാളിമാർ വിലയ്ക്കുവാങ്ങുന്നു. വ്യവസായികളിൽ നിന്നും മറ്റും  വാങ്ങുന്ന കാശുകൊണ്ട് രാഷ്ട്രീയകക്ഷികൾ വോട്ട്  വിലക്കു വാങ്ങുന്നു.  കാശിനു വാങ്ങിയ വോട്ടിനു പിന്നെ ജനങ്ങളോട് കടപ്പാടില്ലല്ലോ. അധികാരത്തിൽ എത്തുന്നവർ പണമൊഴുക്കി നേടുന്ന വിജയം ജനകീയ അംഗീകാരമായി കരുതുന്നില്ല. അതുകൊണ്ട് അവർ ജനങ്ങളോടുള്ള കടപ്പാടിനെ പറ്റി ചിന്തിക്കുന്നതുമില്ല. വിലപ്പെട്ട സമ്മതിദാനാവകാശം എന്നത് ഇന്ന് പണപരമായിത്തന്നെ പറയാൻ കഴിയും. വോട്ട് പോലും ഇന്ന് പണം നൽകി വാങ്ങാവുന്ന ഒരു ഉപഭോഗ വസ്തുവാണ്. സമ്പന്ന വർഗ്ഗതാല്പര്യം സംരക്ഷികുവാനുതകുന്ന ഭരണം വരുവാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വൻ കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും പണം ഒഴുക്കുന്നു. ഈ പണം പലവിധത്തിൽ പ്രയോജനപ്പെടുത്തി ജനങ്ങളെ വിലയ്ക്കുവാങ്ങുന്ന ദല്ലാൾമാരായി  പ്രബല രാഷ്ട്രീയപ്പാർട്ടികളും അവയുടെ നേതാക്കളും മാറുന്നു. മുതലാളിമാർക്കു വേണ്ടി ഭരണം നടത്തുന്ന ഏജന്റുമാരായി ഭരണാധികാരികൾ മാറുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നാണ് ഏബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയിപ്പോൾ ജനാധിപത്യം എന്നുപറഞ്ഞാൽ  മുതലാളിമാർക്കുവേണ്ടി മുതാ‍ളിമാരാൽ സൃഷ്ടിക്കപ്പെടുന്ന മുതലാളിമാരുടെ ഭരണം എന്നായി  മാറിയിരിക്കുന്നു  തെരഞ്ഞെടുപ്പിനു കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും സംഭാവന ചെയ്ത പണം തിരിച്ചു പിടിക്കാൻ കുത്തകകൾക്കു വേണ്ട സൌകര്യങ്ങൾ  ഭരണം നേടുന്നവർ ചെയ്തുകൊടുക്കുന്നു. അവിടെ രാജ്യത്തിന്റെ ഖജനാവോ, കഷ്ടന്ഷ്ടങ്ങളോ, ജനങ്ങളോ ഒന്നും ഭരണനേതാക്കൾക്ക് ഒരു പ്രശ്നമേയല്ല. രാ‍ഷ്ട്രീയം ഒരു വ്യവസായമായാണ് ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർ കാണുന്നത്. പണ്ടൊക്കെ മുതൽ മുടക്കില്ലാത്ത ഒരു ബിസിനസ്സാണ് രാഷ്ട്രീയമെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് മുതലുള്ളവർ പലരും മുതലിറക്കിത്തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. മുടക്കുന്നതിന്റെ എത്രയോ മടങ്ങ് തിരിച്ചുപിടിക്കാമെന്ന ഉറപ്പ് അവർക്കുണ്ട്. ഒരു മന്ത്രിതന്നെ ആകണമെന്നില്ല. ഒരു എം.എൽ.എയോ, എം.പിയോ ഭരണാധികാരികളെ സ്വാധീനിക്കാനാകുന്ന എന്തെങ്കിലുമൊരു സ്ഥാനമോ മതി ഇന്ന് പണമുണ്ടാക്കാൻ. അങ്ങനെ പണം മുടക്കിയും മുടക്കാതെയും രാഷ്ട്രീയത്തിൽ ലാഭക്കച്ചവടത്തിനിറങ്ങുന്നവർ ആർജ്ജിക്കുന്ന അധികാരം ഉപയോഗിച്ച് അവർ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുമെന്ന് വിശ്വസിക്കുന്ന സാമാന്യജനമാണ് വിഡ്ഢികൾ. നിത്യോപയോഗസാധനങ്ങളുടെ വിലകൂടിയാലോ രാജ്യത്ത് ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയാലോ അവർക്കെന്ത്? ഇവിടെ പെട്രൊളിന്റെ വിലകൂട്ടിയാൽ സകലമാന സാധനങ്ങളുടെയും വിലകൂടുമെന്ന് അറിയാഞ്ഞിട്ടല്ലല്ലോ അതിന്റെ വർദ്ധിപ്പിക്കുന്നത്. പെട്രോൽ വിലകൂട്ടാനും കുറയ്ക്കാനുമുള്ള അധികാരംതന്നെ ഇപ്പോൾ എണ്ണക്കമ്പനികൾക്കാണ്. ഇനി ഡീസലിന്റെ വിലനിശ്ചയിക്കുവാനുള്ള അവകാശവും എണ്ണകമ്പനികൾക്ക് നൽകാ‍ൻ പോകുകയാണത്രെ. കമ്പോളത്തിലുള്ള ഇടപെടലിൽ നിന്ന് ഘട്ടം ഘട്ടമായി സർക്കാർ പിൻ‌വാങ്ങുകയെന്നാൽ യാന്ത്രികമുതലാളിത്തത്തിനു രാജ്യം സമ്പൂർണ്ണമായും വിട്ടുകൊടുക്കുക എന്നാണർത്ഥം. സ്വകാര്യവൽക്കരണനയം വഴി പൊതുമേഖല എന്നൊന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണം, സ്വകര്യവൽക്കരണം, ഉദാരവൽക്കരണം ഇവയൊക്കെ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വിപത്തുകളെക്കുറിച്ച് വിവരമുള്ളവർ മുമ്പേ ചൂണ്ടിക്കാണിച്ചപ്പോൾ അവരെ കളിയാക്കുകയും മനുഷ്യനു പറഞ്ഞാൽ മനസിലാകുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കൂ എന്നു പറയുകയും ചെയ്തവരുണ്ട്.  അവർക്കുകൂടിയും  ഇപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലായിത്തുടങ്ങി. ക്രമേണ ഉണ്ടാകുമെന്നു പറഞ്ഞ വിപത്തുകൾ പ്രതീക്ഷിച്ചതിലും പ്രവചിച്ചതിലും നേരത്തേ സംഭവിച്ചു എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു ലോകത്ത് രണ്ട് മാതൃകകൾ ഉണ്ടായിരുന്നു. ഒന്ന് സോഷ്യലിസത്തിന്റെയും മറ്റൊന്ന് മുതലാളിത്തത്തിന്റെയും. സോഷ്യലിസം ഒരു  ലക്ഷ്യമായിത്തന്നെ  നമ്മുടെ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചവേളയിൽ  അന്ന്  സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല അംശങ്ങൾ ഉൾപ്പെടുത്തി രണ്ടിന്റെയും ദോഷവശങ്ങൾ ഉണ്ടാകാത്തവിധം ഒരു മിശ്രസമ്പദ്വ്യവസ്ഥയാണ് അന്നത്തെ നേതാക്കൾ മുന്നോട്ടു വച്ചത്. ആത്യന്തികമായി സോഷ്യലിസം സ്ഥാപിക്കാനുതകും വിധമുള്ള ഒരു ക്രമീകരണം  എന്ന നിലയ്ക്കാണ് മിശ്രസമ്പദ് വ്യവസ്ഥ അന്ന് വിഭാവന ചെയ്തത്. ഇന്നും സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ മിശ്രസമ്പദ് വ്യവസ്ഥയിൽ മുതലാളിത്തഘടകങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കി സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുവാൻ പരിശ്രമിക്കേണ്ട ഭരണാധികാരികൾ തനിമുതലാളിത്തത്തിന്റെ പാതയിലേയ്ക്കാണ് ഇന്ത്യയെ നയിച്ചത്. കാലക്രമേണ സോഷ്യലിസം എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതിനു പകരം പൊതുമേഖലയെ ആകെ തകർത്ത് ഒരു മുതലാളിത്ത സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇവിടെ ഭരണത്തിലേറുന്നവർക്ക്. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ നയങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യ സോഷ്യലിസം എന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലുകയും തനിമുതലാളിത്തത്തോട് അതിവേഗം അടുക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ഭരണാധികാരിവർഗ്ഗം സോഷ്യലിസം എന്ന പദം ഒരു അലങ്കാരത്തിനുവേണ്ടി പോലും ഉച്ചരിക്കാതായിരിക്കുന്നു. എന്നുതന്നെയല്ല സമ്പൂർണ്ണ മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്‌ തങ്ങളെന്ന് ഭരണനേതൃത്വം സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സംഘാടനത്തിനു നേതൃത്വം വഹിച്ച നമ്മുടെ രാജ്യം ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു അമേരിക്കൻചേരിരാഷ്ട്രം എന്ന നിലയിൽ അറിയപ്പെടുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ജനരോഷമുയർന്നുവരുമ്പോൾ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക്  നമ്മുടെ രാജ്യത്തെ  അടിയറവയ്ക്കുന്ന നയങ്ങളാണ് നമ്മുടെ ഭരണകൂടം സ്വീകരിക്കുന്നത്. ലാഭേച്ഛയിൽ അധിഷ്ഠിതമായ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥിതി ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യമാകുമ്പോൾ വില വർദ്ധനയെക്കുറിച്ചോ പാവപ്പെട്ടവരുടെയും  സാധാരണക്കാരുടെയും  ജീവിത പ്രയാസങ്ങളെക്കുറിച്ചോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിവുള്ളവർ അതിജീവിക്കും എന്നതാണ് മുതലാളിത്തത്തിന്റെ ധാർഷ്ഠ്യാദർശം. അതുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരും കഴിവില്ലാത്തവരാണെങ്കിൽ സ്വയം കെട്ടടങ്ങുകയേ നിവൃത്തിയുള്ളൂ. ഇനി പ്രതിഷേധിക്കാമെന്നാണെങ്കിൽ അതിനുള്ള അവകാശങ്ങളൊക്കെ നീതി പീഠത്തിന്റെ കൂടി സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാതയൊര പൊതുയോഗ നിരോധനം, സമാധാനപരമായി പോലും സമരം ചെയ്യുന്നവരുടെ പേരിൽ  കേസെടുക്കൽ, മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ഭരണകൂട ഇടപെടലുകൾ, സോഷ്യൽ നെറ്റ് വർക്കുകൾക്കുമേലുള്ള വിലക്കുകൾ എന്നൊക്കെ കേൾക്കുമ്പോൾ  അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മനസുകൾക്ക് അതെല്ലാം  നല്ല കാര്യങ്ങളായി തോന്നും. എന്നാൽ ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനുളള ഭരണകൂടത്തിന്റെയും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെയും  കുടിലതന്ത്രങ്ങളുടെ ഫലമായാണ് സമൂഹം അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകില്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ ബഹുമാനപ്പെട്ട നീതിപീഠങ്ങളുടെ ഭാഗത്തുനിന്നും  ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുന ഇടപെടലുകൾ ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ഭരണകൂടവും പോലീസും, നീതിപീഠവും അപ്പാടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാൽ സംഭവിക്കുന്നത് ഭരണകൂടഭീകരതയായിരിക്കും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുനത്. ഇങ്ങനെ പോയാൽ  ജനാധിപത്യം എന്നാൽ ഒരു ഭരണകൂടം സ്ഥാപിക്കുനതിനുള്ള  കേവലമായ ഒരു ഉപാധി എന്നതിനപ്പുറം ഒന്നുമല്ലാതാകുന്ന സ്ഥിതിയുണ്ടാകും. തെരഞ്ഞെടുപ്പുകൾ  ഭരണകൂട ഭീകരതയ്ക്കുള്ള ഒരു ലൈസൻസ് ആയി മാറും. ഇപ്പോഴത്തെ നിലവച്ചു നോക്കിയാൽ ഇവിടെ  ജനാധിപത്യമാർഗ്ഗത്തിലൂടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കപ്പെടുന്ന വിരോധാഭാസമാണ് ഭാവിയിലും  നമുക്ക് പ്രതീക്ഷിക്കാവുന്നത്!

5 comments:

Philip Verghese 'Ariel' said...

സജിം
അഭിനന്ദനങ്ങള്‍
സന്തോഷം
ഇത് ഷയര്‍ ചെയ്തതിലും
സന്തോഷം
എഴുതുക അറിയിക്കുക
ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

അഭിനന്ദനങ്ങൾ അറിയിക്കുന്നു നന്നായി എഴുതി

ആചാര്യന്‍ said...

ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനുളള ഭരണകൂടത്തിന്റെയും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെയും കുടിലതന്ത്രങ്ങളുടെ ഫലമായാണ് സമൂഹം അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. ...

നല്ല ശെരിയായ കണ്ടെത്തല്‍ തന്നെ...

ajith said...

മര്‍ദനം ശാരീരികമായുള്ളതിനെക്കാള്‍ അധികമാണിപ്പോള്‍ മാനസികമായും വൈകാരികമായും.

കനവും കാമ്പുമുള്ള ഒരു ലേഖനം

Pradeep Kumar said...

തുടക്കക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എടുക്കുന്ന കൈരളിനെറ്റിനെ പരിചയപ്പെടുത്തിയത് നന്നായി...... ബ്ലോഗെഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു എന്നതുകൊണ്ട് കൈരളിനെറ്റിനോട് പ്രത്യേകമായൊരു ആത്മബന്ധമുണ്ട്.....

പരിചയപ്പെടുത്തലിനോടൊപ്പം നല്ലൊരു ലേഖനവും.... നന്ദി.