Wednesday, January 9, 2013

സർക്കാർ ജീവനക്കാരുടെ സമരം

സർക്കാർ ജീവനക്കാരുടെ സമരം 

സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാലപണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. ഇടതുപക്ഷ അനുകൂലസംഘടനകളാണ് പ്രധാനമായും സമരത്തിലുള്ളത്. ബി.ജെ.പി അനുകൂല സംഘടനയും മറ്റ് ചില സ്വതന്ത്രസംഘടനകളുംകൂടി സമരത്തിലുണ്ട്. ഇപ്പോൾ സമരത്തിന് ആധാരമായി അവർ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായയുക്തമാണ്. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചില ഉൽക്കണ്ഠകൾ പൊതുവെ അവരെ ബാധിച്ചിരിക്കുന്നു. ആ ഉൽക്കണ്ഠകളിൽ കാര്യമില്ലാതെയില്ല. ഭാവിയിൽ അവർക്ക് പെൻഷൻ കിട്ടുമോ ഇല്ലയോ എന്ന ഭയമാണ് ഇതിൽ വളരെ പ്രധാനപ്പെട്ടത്. നിലവിൽ സർവ്വീസിൽ ഇരിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ഇനിയും സർവ്വീസിൽ വരാനിരിക്കുന്നവരെ മാത്രമേ ബാധിക്കൂ എന്നും സർക്കാർ പറയുന്നുണ്ട്. എന്നാൽ ഇനി സർവ്വീസിൽ വരാനിരിക്കുന്നവരുടെ മാത്രമല്ല നിലവിൽ സർവ്വീസിലിരിക്കുനവരെയും പുതിയ സർക്കാർ നയം ബാധിക്കുമെന്നു കരുതുന്നതിൽ കുറ്റം പറയാനാകില്ല. 

പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്താൻ പോകുന്നുവെന്നതുമാത്രമല്ല, പെൻഷനുവേണ്ടി പിടിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുമെന്നുമാണ് പറയുന്നത്. ഷെയർ ഇടിഞ്ഞാൽ അടച്ച പൈസയും പോയി; പുതുതായി ഒന്നും കിട്ടുകയുമില്ല എന്ന സ്ഥിതി വരാം. സത്യത്തിൽ ആഗോളവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളുടെ പ്രത്യഘാതം എന്ന നിലയിൽ സംഭവിക്കുന്ന കാര്യങ്ങളാണിവ. പെൻഷൻ നിർത്തലാക്കലും മറ്റും. കോർപ്പറേറ്റുകളെ സഹായിക്കുകവഴിയും മറ്റും ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ അവരെ സഹായിക്കുക എന്ന ശാസനം ഇന്ത്യാ ഗവർണ്മെന്റ് നടപ്പിലാക്കുകയാണ്. സർക്കാർ ഉദ്യോഗങ്ങളെ പൊതുവെ അനാകർഷകമാക്കുക എന്ന മുതലാളിത്തതന്ത്രങ്ങളും ഇതിനു പിന്നിലുണ്ട്. പെൻഷൻ സമ്പ്രദായത്തിൽ എന്തെങ്കിലും പരിഷ്കാരങ്ങൾ വരുത്തുന്നതിലല്ല എതിർപ്പ്. ഭാവിയിൽ പെൻഷൻപദ്ധതികൾ ആകെ അട്ടിമറിക്കപ്പെടുവാനിടയുള്ള നിലയിൽ അതിനെ സ്വകാര്യവൽക്കരിക്കുന്നതാണ് ശക്തമായ പ്രതിഷേധത്തിനു കാരണം. 

സർക്കാർ ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർക്കു മാത്രമല്ല, ഏത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും തൊഴിലിൽ നിന്ന് വിരമിച്ചശേഷവും അവരുടെ ജിവിതം സുരക്ഷിതമായിരിക്കാൻ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടതുണ്ട്. ഒരു തൊഴിലും ചെയ്യാൻ കഴിവില്ലാത്തവർക്കും പലതരം  ക്ഷേമപദ്ധതികൾ ഏർപ്പെടുത്തേണ്ടതാണ്. ഇതെല്ലാം ആധുനികകാലത്തെ ഏതൊരു സർക്കാരിന്റെയും കടമയാണ്. ഖജനാവിന്റെ കഷ്ടനഷ്ടങ്ങൾ നോക്കിയല്ല പൗരജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കേണ്ടത്. ഖജനാവ് ഭദ്രമായിരിക്കുവാൻ സ്വീകരിക്കേണ്ടത് പൗരന്മാർക്ക് ദോഷകരമായ രീതിയിലുള്ള കുറുക്കുവഴികൾ അല്ല. അതിന് ബുദ്ധിപൂർവ്വമുള്ള  മറ്റ് പരിഷ്കരണ നടപടികൾ കാലകാലങ്ങളിൽ അനുവർത്തിക്കണം. സമ്പൂർണ്ണമുതലാളിത്തത്തിലേയ്ക്ക് സമ്പദ്‌ വ്യവസ്ഥയെ ആകെ കൂപ്പുകുത്തിച്ചുകൊണ്ടല്ല ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്.

സർക്കാർ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുതന്നെയും പങ്കാളിത്തപെൻഷനും മറ്റും നടപ്പിലാക്കാം. ഈ പങ്കാളിത്ത പെൻഷൻ എന്ന് പറയുന്നതുതന്നെ സർക്കാർ ഉദ്യോഗസ്ഥന്മാർ നാളിതുവരെ അനുഭവിച്ചുവന്ന ഒരു ആനുകൂല്യത്തിന്റെ അട്ടിമറിക്കലാണ്. അതുകൊണ്ടുതന്നെ അവർക്ക് അത് അസ്വീകാര്യമാകുന്നത് സ്വാഭാവികമാണ്. ഇവിടെ ഭരണകൂടം ചെയ്യേണ്ടത് മാറുന്ന പരിതസ്ഥിതിയിൽ ഇക്കാര്യങ്ങളിലെല്ലാം പരിഷ്കരണങ്ങൾ ആവശ്യമെങ്കിൽ ഇപ്പോൾ ചെയ്യാൻ പോകുന്നവയിൽ നിന്ന് വ്യത്യസ്തമായതും ബന്ധപെട്ട ആർക്കും   ഉൽക്കണ്ഠകളോ പരാതികളോ ഇല്ലാത്ത വിധം ഉള്ളതുമായ  ബദൽ മാർഗ്ഗങ്ങൾ ആരായുക എന്നതാണ്. ഒരു വിഭാഗത്തെ സമരത്തിലേയ്ക്ക് തള്ളിവിട്ടും  മറു വിഭാഗത്തെ രാഷ്ട്രീയ കാരണങ്ങളാൽ തങ്ങൾക്ക് അനുകൂലമായി നിൽക്കാൻ നിർബന്ധിതരാക്കിയും എന്നാൽ എല്ലാവർക്കും അസ്വീകാര്യമായതുമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്  ഒരുതരത്തിൽ ഭരണകൂടഭീകരയാണ്.   ജനാധിപത്യവിരുദ്ധമാണ്. എല്ലാവർക്കും സ്വീകാര്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുക എന്നതാണ് ഉത്തരവാദിത്വമുള്ള ഭരണകൂടം ചെയ്യേണ്ടത്. പക്ഷെ ഭരണകൂടം മുതലാളിത്തനയങ്ങളുടെ ഉപാസകരാകുമ്പോൾ അത് സാദ്ധ്യവുമല്ല. അപ്പോൾപ്പിന്നെ സമ്മർദ്ദവും  സമരവും ചെറുത്തുനില്പുകളുമല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ സമരത്തിന് ചില പ്രത്യേകതകൾ ഉണ്ട്. നിലവിലുള്ള ജിവനക്കാരെ നേരിട്ട് ബാധിക്കാത്ത ചില പ്രശ്നങ്ങളാണ് സമരത്തിന്റെ മുഖ്യ ആധാരം. ഇനി സർവ്വീസിൽ കയറുന്നവരെ മാത്രമേ പെൻഷൻ അട്ടിമറി ബാധിക്കൂ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇപ്പോൾ സമരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരിൽത്തന്നെ ചിലരെങ്കിലും തങ്ങൾ ഇപ്പോൾ ഈ സമരത്തിലേയ്ക്ക് പോകണമായിരുന്നോ എന്ന സംശയത്തിലാണ്. പൊതുവേ തങ്ങളുടേതല്ലാത്ത കാര്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് താല്പര്യം കാണില്ലല്ലോ. ഭാവിയിൽ  സർവ്വീസിൽ കയറാനിരിക്കുന്നവർക്ക് വേണ്ടി നമ്മളെന്തിനു സമരം ചെയ്യുന്നുവെന്നാണ് അവർ ചോദിക്കുന്നത്. യഥാർത്ഥത്തിൽ ഈ പെൻഷൻ അട്ടിമറി ഇനി സർവ്വീസിൽ കയറാനിരിക്കുന്നവരെ മാത്രമല്ല നിലവിലുള്ളവരെയും പ്രതികൂലമായി  ബാധിക്കും എന്നത് വേറെ കാര്യം. ഇപ്പോൾ ഭരണപക്ഷയൂണിയനിൽപ്പെട്ടവർ ഈ  സമരത്തിൽ പങ്കെടുക്കുന്നില്ലെന്നു മാത്രമല്ല സമരം പൊളിക്കാൻ വലിയ ആവേശം കാണിക്കുന്നുണ്ട്. മുമ്പും  വലതുപക്ഷ സംഘടനകളിൽപ്പെട്ട ജീവനക്കാർ ഇങ്ങനെ തന്നെയായിരുന്നു. 

ഇടതുപക്ഷയൂണിയനുകൾ സമരം ചെയ്തും സത്യാഗ്രഹം കിടന്നും ജയിലിൽ പോയും ശമ്പളം നഷ്ടപ്പെടുത്തിയും ത്യാഗം സഹിച്ച് വല്ലതും നേടിക്കൊണ്ടുവന്നാൽ അത് വലതുപക്ഷയൂണിയൻകാരും   സ്വീകരിക്കും. അതിൽ ഇനിയും ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
ഇനി കാര്യം ഇതൊക്കെയാണെങ്കിലും പൊതുവേ സർക്കാർ ഉദ്യോഗസ്ഥൻ‌മാരുടെ ജനവിരുദ്ധസമീപനങ്ങൾ സംബന്ധിച്ച് ഞാൻ സ്ഥിരം ഉന്നയിക്കുന്ന ആരോപണം ഇവിടെയും ആവർത്തിക്കുന്നു. സമരം വിജയിപ്പിക്കാൻ  നാട്ടുകാരുടെ സമരസഹായസമിതി വേണം. പാവങ്ങളെങ്ങാനും വല്ല കാര്യത്തിനും ഓഫീസിൽ വന്നാൽ അവരെ വെറുപ്പിക്കുന്ന പെരുമാറ്റമായിരിക്കും.  അതിൽ വലതുപക്ഷ യൂണിയനെന്നോ ഇടതുപക്ഷ യൂണിയനെന്നോ വ്യത്യാസമില്ല. രണ്ട് സർക്കാർ ഉദ്യോഗസ്ഥൻ‌മാർ ഒരുമിച്ചുകൂടിയാൽ സദാ അവർക്ക് പറയാനുള്ളത് ദാരിദ്ര്യവാസമാണ്. ലളീത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ  ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജിവിതം ഏറെക്കുറെ  സുരക്ഷിതവുമായിരിക്കും. ഒന്നുമിലെങ്കിലും അഞ്ചോ പത്തോ കടം ചോദിച്ചാലെങ്കിലും ആരെങ്കിലും തരുമല്ലോ.

സമരം ഒരു പോരാട്ടം മാത്രമല്ല. അത് ഒരു സമ്മർദവും ശ്രദ്ധക്ഷണിക്കലും സന്ദേശവും പ്രചരണവും ഒക്കെയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സമരം പരാജയപ്പെട്ടാലും സമരം നൽകുന്ന സന്ദേശവും മുന്നറിയിപ്പും വളരെ പ്രധാനപ്പെട്ടതാണ്. സർക്കാർ ഓഫീസുകളിൽ അവരവരുടെ കസേരകളിലിരിക്കുമ്പോൾ ഉള്ള ശരീരഭാഷയോടും ജനങ്ങളോടുള്ള സമീപനങ്ങളോടുമൊക്കെ അല്പം അഭിപ്രായവ്യത്യാസങ്ങൾ നിലനിൽ‌ക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സമരത്തിന് മറ്റെല്ലാം മറന്ന് ഭാവുകങ്ങൾ!

9 comments:

mini//മിനി said...

ജീവനക്കാരുടെ സമരത്തിന് ഭാവുകങ്ങൾ!

ajith said...

:)

ശ്രീ said...

ഭാവുകങ്ങള്‍!

Villagemaan/വില്ലേജ്മാന്‍ said...

അതെ... ഭരണത്തിന്റെ ശീതളശ്ചായ ഇല്ലാത്തപ്പോള്‍ എന്ത് തോന്നിയവാസവും ആകാമല്ലോ ! ഭരണം ഇല്ലാത്തപ്പോള്‍ പാര്‍ടി വളര്‍ത്തുക .. ഉള്ളപ്പോള്‍ സ്വയം വളരുക അതാണല്ലോ കണ്ടു വരുന്നത് !

ഇപ്പോള്‍ ജോലി ചെയ്യുന്നവരെ ഒരു തരത്തിലും ബാധിക്കാതിരിക്കയും ഇനി ജോലികിട്ടാനിരിക്കുന്നവരേ മാത്രം ബാധിക്കുകയും ചെയ്യുന്ന അവസരത്തില്‍ , അതിനോട് അനുഭാവം പുലര്തിക്കൊണ്ടുള്ള ഈ സമരം പൊതുജനതിനോടുള്ള വെല്ലുവിളിയാണ്.

ഏതായാലും ഈ സമരത്തോട് താങ്കള്‍ അല്‍പ്പമെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചത് നന്നായി !

Pheonix said...

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തികച്ചും നിയമവിരുദ്ധം തന്നെ. റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനം തിന്നു മുടിക്കുന്ന ഈ വ്യവസ്ഥിതിക്ക് ഒരു അറുതി വേണം. (ഒരു മറുവശം കൂടി പറയട്ടെ - സര്‍ക്കാര്‍ ജോലി കിട്ടാന്‍ പരീക്ഷയും ഇന്റര്‍വ്യൂവും മറ്റും ആയി വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോള്‍ ഏതെങ്കിലും പേരെടുത്ത രാഷ്ട്രീയക്കാരന്റെ മൂടുതാങ്ങിയായ ഒരാള്‍ക്ക് നേതാവ് മന്ത്രിയായി രണ്ടു വര്‍ഷമിരുന്നാല്‍, അയാളുടെ പേര്‍സണല്‍ സ്ട്ടാഫിളിരുന്നാല്‍ ജീവിതകാലം പെന്‍ഷന്‍ കിട്ടുന്നു. അതും നിര്‍ത്തണം. ജീവനക്കാര്‍ സര്‍ക്കാരിനെയും ജനങ്ങളെയും "സേവിക്കുന്നതിനു" തക്ക പ്രതിഫലം അവര്‍ക്ക് സര്‍വ്വീസിളിരിക്കുമ്പോള്‍ കിട്ടുന്നുണ്ട്‌. പിരിഞ്ഞു കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്നപേരില്‍ ഒടുവില്‍ വാങ്ങിയ തുകയുടെ പകുതി വരെ കൊടുക്കുന്നതിനു പകരം ഒരു ചെറിയ തുക അലവന്‍സ് എന്നപേരില്‍ കൊടുക്കാം.

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി

പ്രതികരണൻ said...

കിട്ടാത്ത സര്‍ക്കാര്‍ജോലി ചില 'പക്ഷി'കള്‍ക്ക് പുളിക്കും.

Pheonix said...

@പ്രതികരണന്‍ :))

Muralee Mukundan , ബിലാത്തിപട്ടണം said...

സമരം ഒരു പോരാട്ടം മാത്രമല്ല. അത് ഒരു സമ്മർദവും ശ്രദ്ധക്ഷണിക്കലും സന്ദേശവും പ്രചരണവും ഒക്കെയാണ്.