Tuesday, January 8, 2013

സ്ത്രീകൾ മതരാഷ്ട്രത്തിൽ

സ്ത്രീകൾ മതരാഷ്ട്രത്തിൽ
  
സ്ത്രീകൾ വീട്ടുജോലിയും നോക്കി ഭർത്താവിനെയും കുട്ടികളെയും പരിചരിച്ച് വീട്ടിൽ കഴിയേണ്ടവളാണെന്നും വീട്ടുജോലികൾ ചെയ്യാത്ത ഭാര്യയെ ഭർത്താവിന് ഉപേക്ഷിക്കാമെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പറഞ്ഞിരിക്കുന്നതായി വാർത്ത വന്നിരിക്കുന്നു.എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞത്  വാർത്തയാക്കാനുണ്ടോ?  നേരേ മറിച്ച് സ്ത്രീകൾ വീട്ടുജോലിയും ചെയ്ത് ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്യാനും വരുമാനം ആർജ്ജിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇറങ്ങാൻ അവർക്കും അവകാശമുണ്ടെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞാൽ മാത്രമേ അതിൽ വാർത്തയുള്ളൂ എന്നതാണ് സത്യം. 

ഏതായാലും അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ വാർത്താധ്യമങ്ങളും മഹിളാസംഘടനകളും രാഷ്ട്രീയ നേതാക്കളും അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പി അടക്കം ആർ.എസ്.എസ് അനുകൂലസംഘടനകളും നേതാക്കളുമാകട്ടെ മോഹൻ ഭാഗവത്ത് പറഞ്ഞത് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നു വച്ചാൽ അഥവാ ആർ.എസ്.എസ് മേധാവി പറഞ്ഞത് അപ്രകാരം തന്നെയെങ്കിൽ അത് തെറ്റുതന്നെ. പക്ഷെ സ്ത്രീവിരുദ്ധത അദ്ദേഹം  പറഞ്ഞിട്ടില്ല,  പറഞ്ഞത് വളച്ചൊടിച്ചതാണ് എന്നാണ്. അപ്പോൾ സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവൾ മാത്രമാണെന്ന വാദം അവർക്കും പരസ്യമായി അംഗീകരിക്കാൻ കഴിയില്ലെന്നു സാരം. 

 പറഞ്ഞത് ആർ.എസ്.എസ് തലവനായതുകൊണ്ട് പറഞ്ഞത് മൊത്തമായും സ്ത്രീവിരുദ്ധമെന്നു പറയുന്നില്ല. സ്ത്രീക്കൾ അടുക്കളജോലി ചെയ്യണം എന്നു പറയുന്നതിലല്ല സ്ത്രീവിരുദ്ധത. അത് സ്ത്രീകൾ മാത്രമേ ചെയ്യാവൂ എന്നു പറയുന്നതിലാണ് സ്ത്രീവിരുദ്ധത. പുരുഷൻമാർ അടുക്കളജോലി ചെയ്താൽ ആണത്വം ഇല്ലാതാകും എന്നു പറയുന്നതിലാണ് സ്ത്രീവിരുദ്ധത. വീട്ടുജോലികൾ സ്ത്രീയും പുരുഷനും പങ്കിട്ടെടുക്കുന്നതിൽ തെറ്റൊന്നുമില്ല. എനിക്കറിയാവുന്ന പല ആർ.എസ്.എസ് പ്രവർത്തകരും ഇതിനു മാതൃകയായുണ്ട്. സ്ത്രീയും പുരുഷനും  ജോലിയ്ക്ക് പോയി വരുമാനം ആർജ്ജിച്ചാൽ  അതും നല്ലത്. അതിനും എത്രയോ ആർ.എസ്.എസ് കുടുംബങ്ങൾ മാതൃകയായുണ്ട്. അതുകൊണ്ട് മോഹൻ ഭാഗവത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ അനുയായികൾ പോലും കാര്യമായെടുക്കുമെന്നു കരുതുന്നില്ല.   

എന്തായാലും സ്ത്രീസ്വാതന്ത്ര്യവിഷയം എഴുതുമ്പോഴൊക്കെ ഞാൻ ഓർമ്മിപ്പിക്കന്ന ചിലത് ഇവിടെയും സൂചിപ്പിക്കുന്നു. സ്ത്രീകൾ അടുക്കളജോലി ചെയ്യാതിരിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അത്  തെറ്റാണ്. സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണെന്നത് മറന്നുകൊണ്ടുള്ള  സ്ത്രീസ്വാതന്ത്ര്യവാദങ്ങളും അംഗീകരിക്കാനാകില്ല. എതിർലിംഗബഹുമാനം എന്നത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധകമാണ്. അതില്ലാതാകുമ്പോഴാണ് സ്ത്രീവിരുദ്ധതയും പുരുഷവിദ്വേഷവും  ഒക്കെയുണ്ടാകുന്നത്. എന്നാൽ സ്ത്രീകളുടെ പരിമിതികൾ അംഗീകരിക്കണം. അത് ജൈവികമാണ്. പുരുഷനുമുണ്ട് ജൈവികമായ പരിമിതികൾ. അതും അംഗീകരിക്കണം.

ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് ഹിന്ദുവർഗ്ഗീയവാദികളുടെ ലക്ഷ്യമാണ്. അതുപോലെ ലോകം മുഴുവൻ ഉൾക്കൊള്ളുന്ന ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്ന മുസ്ലിം വർഗ്ഗീയവാദികളും ഉണ്ട്. ക്രിസ്തീയസഭാധിപത്യം സൃഷ്ടികാൻ ക്രിസ്ത്യൻ വർഗ്ഗീയവാദികളും ഉണ്ട്.  എന്നാൽ മതരാഷ്ട്രവാദികൾക്കെല്ലാം എല്ലാം  സർവ്വം മറന്ന് യോജിക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീവിരുദ്ധസമീപനങ്ങൾ. കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുമ്പോഴും അവർ സംസാരിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തിലെ പ്രകോപനങ്ങളെപ്പറ്റിയും സ്ത്രീകൾ പാലിക്കേണ്ട ചില മര്യാദകളെപ്പറ്റിയുമായിരിക്കും. സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ അതിന് ഇരയുടേതായി എന്തെങ്കിലും ഒരു കാരണം അവർ കണ്ടുപിടിക്കും. മുസ്ലിങ്ങൾ പർദ്ദയെപ്പറ്റിയും ഹിന്ദുക്കൾ ഭാരതസ്ത്രീകൾതൻ ഭാവശുസ്ദ്ധിയെപ്പറ്റിയും ഒക്കെ പറയും. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെടുത്തി  ജമാ-അത്തെ ഇസ്ലാമിക്കാർ പറഞ്ഞവാക്കുകൾ കൂടി ഇവിടെ ഉദ്ധരിക്കാം: 

 "സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ "മിശ്രവിദ്യഭ്യാസ സമ്പ്രദായം" നിരോധിക്കണം, എല്ലാ ക്ലാസ്സുകളിലും ഉള്ള പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി തന്നെ വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കണം, എളുപ്പത്തില്‍ വിവാഹിതരാകുന്ന സംവിധാനം ഒരുക്കിക്കൊടുക്കണം(ജമാ-അത്തെ ഇസ്ലാമി)

മുസ്ലിങ്ങളിലെ പുരോഗമനപക്ഷക്കാർ എന്ന് പറയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമിക്കാരുടെ അഭിപ്രായം ഇതാണെങ്കിൽ മറ്റ് മുസ്ലിം വിഭാഗങ്ങളുടേത്  പറയേണ്ടതില്ലല്ലോ!. അപ്പോൾ ഏതായാലും  ഒരു കാര്യം ഉറപ്പ്. ഹിന്ദുരാഷ്ട്രം വന്നാലും ഇസ്ലാമികരാഷ്ട്രം വന്നാലും ക്രിസ്തുരാഷ്ട്രം വന്നാലും  "ന സ്ത്രീ സ്വാതന്ത്ര്യം അർഹതേ!."

9 comments:

mayflowers said...

സ്ത്രീകൾ അടുക്കളജോലി ചെയ്യാതിരിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.

ഈ വരികള്‍ക്ക് ഫുള്‍ മാര്‍ക്ക് !!

Rashid said...

മിശ്രവിദ്യാഭ്യാസം നിരോധിക്കുന്നത് പുരുഷവിരുദ്ധം ആണ് മാഷേ. സ്ത്രീ വിരുദ്ധം അല്ല. അത് കൊണ്ടാണ് ഞാന്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഒരുക്കുന്നതും, ജെന്‍ഡര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതും, പ്രത്യേക ബസുകളും, ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കുന്നതും എല്ലാം പുരുഷ വിരുദ്ധം ആണ്.
ചില പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇത് സ്ത്രീ വിരുദ്ധം ആണ് എന്നാണു ധരിച്ചിരിക്കുന്നത്. സ്ത്രീകള്‍ പഠിക്കാന്‍ പാടില്ല എന്ന് പറയുകയാണെങ്കില്‍ അത് സ്ത്രീവിരുദ്ധം ആകുമായിരുന്നു.

ഈ മതേതര വാദികള്‍ക്ക് എന്ത് പറ്റി എന്നാണു എനിക്ക് മനസിലാകാത്തത്.

ajith said...

നേരേ മറിച്ച് സ്ത്രീകൾ വീട്ടുജോലിയും ചെയ്ത് ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്യാനും വരുമാനം ആർജ്ജിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇറങ്ങാൻ അവർക്കും അവകാശമുണ്ടെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞാൽ മാത്രമേ അതിൽ വാർത്തയുള്ളൂ എന്നതാണ് സത്യം.

അതുതന്നെ

മനോജ് ഹരിഗീതപുരം said...

അതൊക്കെ പണ്ട് ഇന്ന് സ്ത്രീകൾക്ക് അവരുടെതായ കാഴ്ച്ചപാടുണ്ട്..സ്വപ്നങ്ങളുണ്ട്...

Moh'd Yoosuf said...
This comment has been removed by the author.
Moh'd Yoosuf said...

>>> മുസ്ലിങ്ങളിലെ പുരോഗമനപക്ഷക്കാർ എന്ന് പറയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമിക്കാരുടെ അഭിപ്രായം ഇതാണെങ്കിൽ <<<
താങ്കൾക്ക് ആരാണ് ഈ വിവരം നൽകിയത്! കേരള ചരിത്രത്തിൽ മുസ്ലിം നവോത്ഥാനം നടത്തിയത് ഇസ്ലാഹി പ്രസ്ഥാനം മാത്രമാണ്. നവോത്ഥാന പരിശ്രമങ്ങൾക്ക് പാരവെച്ചവരാണ് ജമാഅത്തെ ഇസ്ലാമി. ഗവൺമെന്റ് ജോലി ചെയ്യുന്നതും ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നതും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും ഇന്ത്യൻ നീതിന്യായ കോടതിയെ സമീപ്പിക്കുന്നത് പോലും മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സമൂഹത്തെ നവോത്ഥാന സംരഭങ്ങളിൽ നിന്നും പിറകോട്ട് വലിച്ച തീവ്രവാദ ഭീകരവാദ നിലപാടുകളുള്ള വളരെ ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിയെ ആണോ മുസ്ലിംങ്ങളിലെ പുരോഗമനക്കാരെന്ന് പറയുന്നത്?!

പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും മാനസ്സിക വികാസം വ്യത്യസ്തമാണ്. രണ്ട് കൂട്ടരെ പഠിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഇടകലർന്നാലെ സമത്വമുണ്ടാവൂ എങ്കിൽ അവിടെ പഠനം മാത്രമായിരിക്കില്ല നടക്കുക. നമ്മളൊക്കെ ചെറുതായിട്ടല്ലെ വലുതാവുന്നത്. സാഹചര്യങ്ങൾ ലഭിച്ചാൽ അതിർ വിടുന്നവരായി പല കുട്ടികളെ നമുക്കറിയാം. സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നതാണ് പ്രധാനം.

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെയുള്ള കമന്റുകൾ എല്ലാം വായിച്ചു. നന്ദി.

ഇപ്പോഴത്തെ നിലവച്ച് ആണിനും പെണ്ണിനും വേറെ വേറെ പള്ളിക്കൂടങ്ങൾ എന്നല്ല ആണുനും പെണ്ണിനും വേറെ വേറെ വീടുകൾതന്നെ വേണമെന്ന് വേണമെങ്കിൽ വാദിക്കാം. സഹോദരനെയും അച്ഛനെയും പോലും വിശ്വസിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടല്ലോ. എന്നാൽ അമ്മയും അമ്മാവിയും നാത്തൂനുമൊക്കെ സ്ത്രീയെ വില്പനയ്ക്ക് വയ്ക്കുന്ന നിലയ്ക്ക് പെണ്ണുങ്ങൾ ഒറ്റയ്ക്ക് വീടുവച്ച താമസിച്ചാലും രക്ഷയില്ലല്ലോ. പെൺമക്കളെ വിൽക്കാൻ നടക്കുന്ന അമ്മമാരുള്ളതുകൊണ്ട് അമ്മയും മകളും പോലും ഒരുമിച്ച് താമസിക്കരുതെന്നു വരുമോ? ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്നതോ ഒരു ക്ലാസ്സിൽ പഠിക്കുന്നതോ ഒന്നുമല്ല ഇവിടെ ഇപ്പോൾ പ്രശ്നം. ഈ സമൂഹം മുമ്പത്തേതിനേക്കാൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയും ഇത് സമൂഹത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. അതാണ് ഇവിടെ ആർക്കും എന്ത് തോന്ന്യാസവും കാണീക്കാമെന്ന അവസ്ഥയുണ്ടാകാൻ കാരണം.

sangeetha said...

innatthe samoohathil naam pazhikkendath aareyaanennu sathyathil ariyaathe povunnu...

pravaahiny said...

സ്ത്രീകള്‍ ജോലിയ്ക്കു പോയാല്‍ എന്താ കുഴപ്പം . അവര്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവര്‍ ആണോ. ഒരിക്കലും അല്ല എന്നാണ്‍ എന്‍റെ പക്ഷം @PRAVAAHINY