Friday, July 26, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ഡിഗ്രിയ്ക്ക് ഇപ്പോൾ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണല്ലോ. ഏതാനും വർഷങ്ങളായി കേരള യൂണിവേഴ്സിറ്റിയിൽ ഇത് തുടങ്ങിയിട്ട്. ഈയുള്ളവൻ അതിനെതിരാണ്. നമ്മളൊക്കെ പഠിച്ചെഴുതിയതു പോലെ കോളേജിൽ പഠിപ്പിക്കുക, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുക. എഴുതുന്നതുവച്ച് മാർക്കോ ഗ്രേഡോ നൽകുക. “തിരക്കുകൾ“ മൂലം കോളേജിൽ ക്ലാസ്സിൽ കയറാതെ നടക്കുന്നവർക്കും പരീക്ഷാസമയത്ത് അന്തസ്സായി വീട്ടിലിരുന്ന് സ്വന്തമായി പഠിച്ച് പരീക്ഷയിൽ വിജയിച്ച്, ക്ലാസ്സിൽ മുടങ്ങാതെ പോയിരുന്ന പഠിപ്പിസ്റ്റുകളെ ഞെട്ടിക്കാൻ കഴിയുന്ന ആ മുൻസമ്പ്രദായം തന്നെ എന്തുകൊണ്ടും നല്ലത്. അല്ലാതെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ അല്ല.  പഴയ സമ്പ്രദായത്തിൽ പഠിച്ചു ജയിച്ചവർ തന്നെയാണ് ഇപ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ എല്ലാം; കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ! അതുപോലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വരുന്നതോടെ കോളേജിൽ കിട്ടാത്തവർക്ക് ഇഷ്ടവിഷയങ്ങൾ പാരലലായി പഠിക്കാനുള്ള അവസരം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ മുൻ അദ്ധ്യാപകരുടെയും ജിവനക്കാരുടെയും വൈസ് ചാൻസലർമാരുടെയും കൂടിച്ചേരൽ ഉണ്ടായിരുന്നു. അതിൽ ഒരു മുൻ വൈസ് ചാൻസലർ തന്നെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തെ വിമർശിച്ചിരിക്കുന്നു. ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ അദ്ധ്യാപകരിൽ ചിലരിൽ നിന്നെങ്കിലും കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകും എന്ന കാര്യവും അവിടെ പ്രസംഗിച്ച ആ മുൻ വി.സി തന്നെ സ്ഥിരീകരിക്കുന്നു. ഇത്  ഈയുള്ളവന്റെ അഭിപ്രായത്തിനു കൂടുതൽ ദൃഢത നൽകുന്നതാണ് എന്നതിനാലണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. അദ്ധ്യാപകർക്ക് അപ്രമാദിത്വം കല്പിക്കുന്ന ഒരു പാഠ്യപദ്ധതിയും നല്ലതല്ല. അഥവാ വേണമെങ്കിൽ അല്പം  അപ്രമാദിത്വം കല്പിക്കുന്നെങ്കിൽ  അത് എൽ.പി ക്ലാസ്സിലും  യു.പി ക്ലാസ്സിലും  പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കല്പിക്കണം! കാരണം അവർ പഠിപ്പിക്കുന്നത് ഒന്നുമറിയാത്ത കുട്ടികളെയാണ്. ഡിഗ്രി നിലവാരത്തിൽ എത്തുന്ന കുട്ടികളിൽ  നല്ലൊരു പങ്കും അവരുടെ നല്ലൊരുപങ്ക്  അദ്ധ്യാപകരെക്കാൾ നിലവാരം ഉള്ളവരായിരിക്കും എന്നു പറയുമ്പോൾ കോളേജ് അദ്ധ്യാപകർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ!

നിലവിലുള്ള  ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം (അടുത്ത വർഷം മുതൽ ബി.എഡ് രണ്ട് വർഷ കോഴ്സ് ആക്കുകയാണത്രേ!). ഡിഗ്രീ വരെ പഠിച്ചവർക്ക് യു.പി വരെയും പി.ജി വരെ പഠിച്ചവർക്ക് പ്ലസ് ടൂ വരെയും ഒന്നിലധികം വിഷയങ്ങളിൽ  പി.ജിയുള്ളവർക്ക് (രണ്ട് പി.ജിയ്ക്ക് പകരം കോളേജ് തലത്തിലേയ്ക്ക് മാത്രം വേണമെങ്കിൽ മറ്റൊരു എലിജിബിലിറ്റി ടെസ്റ്റ് ആകാം)   കോളേജ് വരെയും പഠിപ്പിക്കാൻ അർഹത നൽകണം. അതിനനുസരിച്ച് ഡിഗ്രീ, പി.ജി പാഠ്യപദ്ധതി ക്രമീകരിക്കണം. ചുരുക്കത്തിൽ പിള്ളേരെ പഠിപ്പിക്കാൻ ഡിഗ്രിയും പി.ജിയുമൊക്കെ ധാരാളമാണെന്ന് സാരം. ഓരോ സമയത്തും കുട്ടികൾക്കുള്ള സിലബസ് അനുസരിച്ച് പഠിച്ചാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. അല്ലാതെ അദ്ധ്യാപകർ അവരുടെ പഠനകാലത്ത് മനപാഠമാക്കിയ കാര്യങ്ങൾ അല്ലല്ലോ  കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്തിനേറെ പറയുന്നു, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

7 comments:

ഇ.എ.സജിം തട്ടത്തുമല said...

ഈ പോസ്റ്റ് ഇട്ട ഉടൻ പത്ത് പേർ ഓൺലെയിനിൽ ഉണ്ടായിരുന്നു. സന്തോഷം. ആരെങ്കിലുമൊക്കെ ഈ പോസ്റ്റിൽ എത്തിനോക്കിയല്ലോ!

Pradeep Kumar said...

താങ്കൾ ഈ ലേഖനത്തിന്റെ അവസാനഭാഗത്ത് നിലവിലുള്ള ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം എന്നു താങ്കൾ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ വയ്യ.

അദ്ധ്യാപനം എന്നത് കുറേ വിവരങ്ങളെ ഒരു കാലിപ്പാത്രത്തിലേക്ക് കോരി ഒഴിച്ചുകൊടുക്കുന്ന പ്രക്രിയ ആണെന്ന് താങ്കൾ ധരിച്ചു വെച്ചിരിക്കുന്ന പോലെ തോന്നി. ഒരു പഠിതാവിനെ എങ്ങിനെ പഠിക്കണം എന്നു പഠിപ്പിക്കുന്ന പ്രക്രിയയാണ് നമ്മുടെ ക്ലാസ് മുറികളിൽ സംഭവിക്കുന്നത്.പുതിയ കാലത്ത് ആരും ആരെയും പഠിപ്പിക്കുന്നില്ല. പഠിക്കാനുള്ള വഴികൾ തുറന്നു കൊടുക്കുകയാണ്. പഠിതാവിൽ അന്തർലീനമായ കഴിവുകളെക്കുറിച്ച് ബോധമുണർത്തുകയാണ്.ക്ലാസ് മുറികളിൽ അതിന് നേതൃത്വം കൊടുക്കുന്ന അദ്ധ്യാപകൻ താൻ ഇടപെടുന്ന ഗ്രൂപ്പിന്റെ മനശ്ശാസ്ത്രവും, സാമൂഹിക അവസ്ഥയും, ഓരോ പഠിതാവിലും ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന പ്രതികരണങ്ങളും സമഗ്രമായി അപഗ്രഥിച്ചുകൊണ്ട് പഠിതാവിനെ സഹായിക്കാൻ പ്രാപ്തനായിരിക്കണം.

ഒരു കല എന്നതിനേക്കാൾ ഇന്ന് അദ്ധ്യാപനം ഒരു ശാസ്ത്രമാണ്. ക്ലാസ് നന്നായി കൈകാര്യം ചെയ്യാൻ അദ്ധ്യാപനം എന്ന ശാസ്ത്രത്തിലെ നിരവധി നൈപുണികൾ ഒരു അദ്ധ്യാപകൻ സായത്തമാക്കേണ്ടതും, കാലത്തിനനുസരിച്ച് അവ അപിഡേറ്റ് ചെയ്യേണ്ടതുമാണ്. ഒരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയതുകൊണ്ട് വിഷയത്തിൽ അറിവുണ്ടാകും എന്നല്ലാതെ ഒരാൾക്ക് ഈ നൈപുണികൾ സായത്തമാക്കൻ സാദ്ധ്യമല്ല. അതിനുള്ള പരിശീലനങ്ങൾ കൃത്യമായി നടത്താത്ത ഒരാൾക്ക് ക്ലാസ്റൂമുകളുടെ വെല്ലുവിളികൾ നേരിടാൻ കഴിയുകയുമില്ല.

അദ്ധ്യാപനം ഒരു കലായണെന്നും പഠിപ്പിക്കാനുള്ള കഴിവ് കലാവാസനകൾ പോലെ ചിലർക്ക് ജന്മസിദ്ധമായി കിട്ടുന്നതാണെന്നുമുള്ള കാഴ്ചപ്പാടുതന്നെ അറുപിന്തിരിപ്പനാണ്. പഴയ ഗുരുകുല സമ്പ്രദായത്തിന്റെയും, മധ്യകാലമൂല്യങ്ങളുടേയും വക്താക്കളാണ് അദ്ധ്യാപനശാസ്ത്രത്തെ നിഷേധിച്ച് ജന്മമഹത്വം കൊണ്ട് അദ്ധ്യാപകനാവുന്ന വാദത്തെ ഉയർത്തിക്കാട്ടാറുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട.

TOMS KONUMADAM said...

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായ രീതി മൊത്തത്തിൽ പൊളിച്ചെഴുതെണ്ട കാലം കഴിഞ്ഞിരിക്കുന്നു. നവീകരണം ഏതൊരു മേഖലയിലും ആദ്യം അസ്വസ്ഥതകൾ ഉണ്ടാക്കും എങ്കിലും കാലക്രമേണ അത് പഠന ഭാഗമാകും. മികച്ചത് നല്കി നമ്മുടെ കുട്ടികളെ അന്തർദേശീയ നിലവാരമുള്ളവർ ആക്കുക അതാണ്‌ ആദ്യം വേണ്ടത്.

ഇ.എ.സജിം തട്ടത്തുമല said...


പ്രദീപ് സാർ,

ഓരോ വരികളുമെടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ സുചിന്തിതമായ അഭിപ്രായങ്ങളോട് ബഹുമാനം പുലർത്തുകയല്ലാതെ താങ്കളോട് ചുമ്മാ കയർക്കേണ്ടതുമില്ല. പിന്നെ ഒരു അര വരിയിൽ പിടിച്ച് കാടടച്ച് അഞ്ചാറു പടക്കുകൾ പൊട്ടിച്ചേക്കാം.താങ്കൾ പറഞ്ഞതിൽ “......കാലത്തിനനുസരിച്ച് അവ അപിഡേറ്റ് ചെയ്യേണ്ടതുമാണ്.“ എന്നതിൽ പിടിച്ച് ചിലതുപറയാം;

ശരിയാണു സാർ! പക്ഷെ നമ്മുടെ ഇപ്പോഴത്തെ അദ്ധ്യാപകരുടെ അപ്ഡേഷനെപ്പറ്റി എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് അദ്ധ്യാപികമാർ. രാവിലെ പത്രം കണ്ടാൽ എടുക്കാത്തപൈസയെ നോക്കുന്നതുപോലെ നോക്കി അവർ മുഖം ചുളിക്കുന്നതു കാണാം. പത്രം പോലും വായിക്കാതെ സീരിയലും കണ്ടിരിക്കുന്നവരുടെ അപ്ഡേഷൻ അപാരം. ഇനി ആണുങ്ങളുടെ കാര്യം. അവരും നല്ലൊരുപങ്ക് വ്യത്യസ്തരല്ല. പിന്നെ ചിലരൊക്കെ പത്രം വായിച്ചേക്കും എന്നതിലപ്പുറം മറ്റ് പുസ്തകങ്ങൾ ഒന്നും അവർ വായിക്കാറില്ല. വായനാശീലമേ ഇല്ല. അദ്ധ്യാപകർ പാഠപുസ്തകങ്ങളും വീട്ടിലിരുന്ന് രഹസ്യമായി ഗൈഡും വായിക്കുന്നതല്ലാതെ വലിയ അപ്ഡേഷനൊന്നും അവർക്കുമില്ല. ( ഗൈഡ് വാങ്ങരുതെന്നും ട്യൂഷനു പോകരുതെന്നും കുട്ടികളോട് പറയും (എല്ലാവരുമല്ല) . എന്നിട്ട് സാറന്മാർ ഗൈഡ് വാങ്ങിവച്ച് പഠിക്കും (ഈ ഗൈഡുകമ്പനികൾ ഇല്ലായിരുന്നെങ്കിൽകൂടി പല അദ്ധ്യാപകരും തെണ്ടിപ്പോയേനേ). സാറന്മാരുടെ മക്കൾക്കു പക്ഷെ അവർ ഗൈഡ് വാങ്ങിക്കൊടുക്കും. സാറന്മാരുടെ മക്കൾക്ക് വീട്ടിൽ എല്ലാ വിഷയങ്ങൾക്കും ഹോം ട്യൂഷനും കാണും. ചിലർരുടെ മക്കൾക്ക് അല്ലെങ്കിലും ട്യൂഷൻ ഉണ്ടേങ്കിലേ പറ്റൂ. അദ്ധ്യാപകരിൽ പലരും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.സി സ്കൂളുകളിലൊക്കെയല്ലേ പിള്ളേരെ പഠിപ്പിക്കുന്നത്! സർക്കാർ സ്കൂൾ തങ്ങൾക്ക് ജോലി ചെയാൻ മാത്രം കണ്ടു പിടിച്ചത്! എന്നാൽ തങ്ങൾ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ ട്യൂ‍ഷനു പോകരുത്. ഗൈഡ് വാങ്ങരുത്. മറ്റൊന്ന് അദ്ധ്യാപകരിൽ മിക്കവരും പുസ്തക വിരോധികളാണ്. പലരും ലോകത്തിന്റെ മാറ്റങ്ങൾ കാണാതെ പോകുന്നവർ!അപ്ഡേഷനു വേണ്ടി കൂടിയാണല്ലോ ഇടയ്ക്കിടെ അദ്ധ്യാപകർക്ക് ട്രെയിനിംഗ് കൊടുക്കാറുള്ളത്. അതിലൊക്കെ എത്രപേർ പങ്കെടുക്കുന്നു? പങ്കെടുത്താൽ തന്നെ ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ ആരിരിക്കും? ക്ലാസ്സിൽ ഇരിക്കുന്നവരിൽത്തന്നെ ഉറങ്ങാത്തവർ എത്ര? താല്പര്യത്തോടെ ഇരിക്കുന്നവർ എത്ര? ശമ്പളം കൂട്ടാൻ സമരം ചെയ്യുന്നതിന്റെ ഉത്സാഹം അദ്ധ്യാപന പരിശീലനക്കളരികളിൽ ആരും കാണിക്കുന്നില്ല. പിന്നെ ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകളിൽ പോയി നേടുന്ന പഠിപ്പിക്കൽവിദ്യയുടെ കാര്യം പറയുകയേ വേണ്ട. അതുമായി ബന്ധപ്പെട്ട വരപ്പും കുറിപ്പും മോഡലുകൾ ഉണ്ടാക്കലും എല്ലാം കൂലിയ്ക്കാളെ വച്ചാണ് മിക്കവരും ചെയ്യുന്നത്. അതിന്റെയൊക്കെ കൊട്ടേഷൻ എടുത്തു ചെയ്യുന്ന “പ്രൊഫഷണലുകൾ” (ഇതിൽ പത്താം തരം കഴിയാത്തവരും കാണും) നാട്ടിൽ ധാരാളമുണ്ട്. പിന്നെ പലതും ഇപ്പോൾ നെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാൻ കഴിയുമെന്നു വന്നതോടെ പലർക്കും വലിയ സൌകര്യമായി. ആ ടി.ടി.സിയും, ബി-എഡും നിർത്തിയിട്ട് അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഡിഗ്രിക്കും പി.ജിക്കും പഠിപ്പിക്കണം എന്നാണു ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.ആ നിലയിൽ ഡിഗ്രീ, പി.ജി പാഠ്യപദ്ധതി പരിഷ്ക്കരിക്കണം. ഏതൊരു ജോലിയും കിട്ടിക്കഴിയുമ്പോൾ അത് ചെയ്യാനുള്ള പരിശീലനങ്ങളും ലഭിക്കും. ലഭിക്കണം. അദ്ധ്യാ‍പനത്തിനും അതെ. അല്ലാതെ ഒരു ടി.ടി.സി കൊണ്ടോ ബി-എഡു കൊണ്ടോ പഠിപ്പിക്കാനുള്ള എല്ലാ കഴിവുകളും പരിശീച്ചുകഴിയും എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ഞാൻ പറഞ്ഞ (ആരോപണങ്ങൾ എല്ലാ അദ്ധ്യാപകർക്കും ബാധകമല്ലെന്ന് എടുത്തുപറയുന്നു. അങ്ങനെയല്ലാത്ത കുറച്ചുപേർ- വളരെ കുറച്ചുപേർ ഉണ്ടാകും

ഷാജു അത്താണിക്കല്‍ said...

ഒന്നും പഴയ രീതികൾ തന്നെയാണ് നല്ല വിദ്യഭ്യാസത്തിന്റെ മാതൃകകൾ

ലംബൻ said...

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

ദേ അതാണ് പോയിന്‍റ്.

Harinath said...

മെച്ചപ്പെട്ട ആശയവിനിമയ ശേഷി,
വിഷയത്തിലുള്ള അറിവും താൽപര്യവും,
മനശാസ്ത്രമപരമായ സമീപനത്തിനും വിശകലനത്തിനുമുള്ള സന്മനസ്സും കാര്യനിർവ്വഹണ ശേഷിയും.

ഇത്രയും കാര്യങ്ങൾ അദ്ധ്യാപകരിൽ നിന്നും പ്രതീക്ഷിക്കുന്നു. ജന്മനാ ആണെങ്കിലും പരിശീലനത്തിലൂടെ ആണെങ്കിലും ഇവയെല്ലാം അദ്ധ്യാപകരിൽ ഉണ്ടായിരിക്കണം.