Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

2 comments:

ajith said...

ആദരാഞ്ജലികള്‍

വീകെ said...

ആദരാഞ്ജലികൾ...