Wednesday, March 4, 2015

ഒരു പൗരന് എത്ര രേഖകൾ?

ഒരു പൗരന് എത്ര രേഖകൾ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റേഷൻ കാർഡ് പുതുക്കലുകളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിന് ഇപ്പോൾ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇത് സാധാരണ ജനങ്ങൾക്ക് പൂരിപ്പിച്ചു നൽകാൻ തന്നെ പ്രയാസമാണ്. നമ്മുടെ പല അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കിയെങ്കിലും അത് ഇംഗ്ലീഷിലുള്ള അപേക്ഷാ ഫോറങ്ങളേക്കാൾ സങ്കീർണ്ണമായ തരത്തിലുള്ളതാണ്. അതിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകും വിധം നമ്മുടെ സാധാരണ വ്യവഹാര ഭാഷയിലുള്ളതല്ല. ഒറ്റ വായനയിൽ ഉപഭോക്താവിന് ചോദ്യം മനസ്സിലായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

എന്തിനും ഏതിനും അനാവശ്യമായ സങ്കീർണ്ണതകൾ ഉണ്ടാക്കി വയ്ക്കുന്ന നമ്മുടെ ബ്യൂറോക്രസിയുടെ ഭാഗമാണ് ഈ അപേക്ഷാ ഫോറങ്ങളും. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ എവിടെ ചെന്നാലും അവിടെ അച്ചടിച്ചു നൽകുന്ന ഫോറങ്ങൾ പൂരിപ്പിക്കാൻ അല്പം വിദ്യാഭ്യാസമുള്ളവർക്കും പര സഹായം വേണ്ടി വരും. ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാനോ ലോണേടുക്കാനോ ചെന്നാൽ അതിനുള്ള അപേക്ഷാ ഫോറങ്ങളുടെ സ്ഥിതിയും പറയാനില്ല. അവയാകട്ടെ ഇംഗ്ലീഷിലുള്ളതും എന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദമുള്ളവർക്കു പോലും മനസിലാകാത്ത വിധം ഉള്ളതുമാണ്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ജന സൗഹൃദങ്ങളല്ലാത്ത ഈ സമ്പ്രദായങ്ങളൊന്നും മാറാത്തത്?

ഇവിടെ ജനാധിപത്യം എന്നാൽ ഡെമോറ്റിക്ക് ബ്യൂറോക്രസിയാണ് എന്നതു തന്നെ കാര്യം. നമ്മുടെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ അറിഞ്ഞൊന്നു മനസ്സു വച്ചാൽ മാറ്റിമറിക്കാൻ പറ്റുന്ന എത്രയോ മാമൂലുകലുണ്ട്. പക്ഷെ നടക്കുന്നില്ല. ഇപ്പോഴത്തെ റേഷൻ കാർഡ് പുതുക്കലിന്റെ കാര്യം തന്നെ എടുക്കുക. ഇത്തവണ കാർഡ് പുതുക്കൽ പ്രക്രിയ കഴിയുന്നതോടെ പലർക്കും പ്രത്യേകിച്ച് തൽക്കാലം സ്ഥലത്തില്ലാത്തതും നിലവിൽ റേഷൻ കാർഡ് ഉള്ളതുമായ കുടുംബങ്ങൾക്ക് ഒന്നാകെ റേഷൻ കാർഡ് ഇല്ലാതാകും. പുതിയ വ്യവസ്ഥയനുസരിച്ച് കുടുംബ നാഥ എന്ന നിലയിൽ ഫോട്ടോ എടുപ്പിന് ഹാജരാകേണ്ട കുടുംബനാഥ സ്ഥലത്തില്ലെങ്കിൽ അഥവാ പ്രവാസത്തിലോ മറ്റോ ആണെങ്കിൽ അവരുടെ കാർഡുകൾ നഷ്ടപ്പെടും. പലരും വളരെ പാടുപെട്ടാണ് ഒരു റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ടാകുക. ഇനി നാട്ടിൽ വരുമ്പോൾ പഴയതുപോലെ സങ്കീർണ്ണമായ പല കടമ്പകളും കടന്നുവേണം പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാക്കുവാൻ.

ഇപ്പോഴത്തെ പുതുക്കൽ കഴിയുമ്പോൾ നിലവിൽ അർഹരായ പല ബി.പി.എല്ല്ലുകാരും എ.പി.എല്ലുകാരുമാകും. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകാനുള്ള നടപടികൾ ആയി വരുന്നുണ്ട്. പക്ഷെ പ്രവാസികൾക്ക് റേഷൻ കാർഡിൽ പേരു ചേക്കാനോ പുതിയ കാർഡെടുക്കാനോ വ്യവസ്ഥയില്ല. അവർ ഇങ്ങോട്ട് അയക്കുന്ന വിദേശനാണ്യം മുതൽക്കൂട്ടുന്നതിന് സർക്കാരിനു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോൾ ഒരു ശരാശരി പൗരൻ എന്നാൽ വോട്ടില്ലാത്തവനും റേഷൻ കാർഡിൽ പേരില്ലാത്തവനുമാണല്ലോ. അല്ലെങ്കിൽ തന്നെ ഈ റേഷൻ കാർഡിന്റെ കാലിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ വേണം? വിദേശത്തു പോകാൻ പാസ്പോർട്ട് വേണമെന്നത് ഇരിക്കട്ടെ. ഇന്നത്തെ പോലെ ഓൺലെയിൻ ഏർപ്പാടുകൾ ഒന്നും ഇല്ലാത്ത കാലത്താണ് റേഷൻ കാർഡ് തുടങ്ങിയത്.

ഇന്നിപ്പോൾ ഇലക്ഷൻ ഐ.ഡി.കാർഡുണ്ട്. ആധാർ ഉണ്ട്. യൂണീക്ക് ഐഡന്റിറ്റി ഉണ്ട്. പാൻ കാർഡുണ്ട്. അങ്ങനെ പലതുമുണ്ട്. ഒരു പൗരന് ഇത്രയധികം തിരിച്ചറിയൽ രേഖകൾ എന്തിനാണ്? എല്ലാറ്റിനും കൂടി ഒരെണ്ണം പോരേ? റേഷൻ കാർഡും ആധാർ കാർഡും യൂണിക്ക് കാർഡും ഇലക്ഷൻ ഐ.ഡി കാർഡും ഒക്കെച്ചേർന്ന ഒരേയൊരു വിവിധോദ്ദേശ കാർഡ് പോരേ? ജനങ്ങളെ പല പല കാർഡുകൾ കൊണ്ട് ഇങ്ങനെ വേവലാതിപ്പെടുത്തുന്നതെന്തിന്? ചുരുക്കത്തിൽ സംഭവിക്കുന്നതെന്തെന്നാൽ എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ അതിനു വേണ്ടതൊക്കെ നമ്മുടെ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കി വച്ചിട്ട് രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ തലയിൽ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കും. യാതൊന്നും മനസ്സിലാക്കാതെ രഷ്ട്രീയ എക്സിക്യൂട്ടീവുകൾ അതും ചുമന്നുകൊണ്ടു നടക്കും. ആ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. അത്രതന്നെ!

(2015 ജനുവരി ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)

4 comments:

ajith said...

എത്ര കാര്‍ഡുഅടിച്ചിരിക്കുന്നത് ണ്ടെങ്കിലും അവയിലെല്ലാം പേര്‍ ഓരോരോ സ്പെല്ലിംഗിലായിരിക്കും. അത് വേറൊരു പൊല്ലാപ്പ്

വീകെ said...

ഇത്തവണ ഞാനും വർഷങ്ങൾക്ക്ശേഷം റേഷൻ കാർഡിൽ പേരു ചേർക്കാൻ അപേക്ഷ കൊടുത്തു. ആകെയുള്ള ഒരേയൊരു തിരിച്ചറിയൽ രേഖ ‘പാസ്പ്പോർട്ടാണ്’. പക്ഷേ, അവർക്കത് പോരാത്രെ. ‘ആധാർ കാർഡ്’ തന്നെ വേണംത്രെ. അതുകൊണ്ട് ആ അപേക്ഷ ഉദ്യോഗസ്ഥൻ ഒരു പാഴ്ക്കടലാസ് ആക്കിമാറ്റി തള്ളിക്കളഞ്ഞു....!!?

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങളൊക്കെ നാട്ടിലെത്തിയാൽ ഇനി ഒരു കാർഡ് സമ്പാധിക്കാൻ ഇനി എന്തൊക്കെ ചെയ്യണമാവോ..അല്ലേ

മിനി പി സി said...

എല്ലാം ജലരേഖകള്‍