Wednesday, November 11, 2015

ബീഹാറിന്റെ ഗുണപാഠം

 
ബീഹാറിന്റെ ഗുണപാഠം


2015-ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലല്ലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലേയ്ക്ക്.  പരസ്പരം പോരടിച്ചിരുന്ന  മതേതര ജനാധിപത്യ കക്ഷികൾ സർവ്വം മറന്ന് മഹാ സഖ്യമുണ്ടാക്കി  പൊതു ശത്രുവിനെതിരെ അണി നിരന്നപ്പോൾ അത് ബീഹാർ എന്ന  ഒരു സംസ്ഥാനത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഒരു നാഴികക്കല്ലും ദിശാസൂചികയുമായി. മതേതര ഇന്ത്യയിൽ മതരാഷ്ട്രവാദികൾക്ക് ശക്തമായൊരു ഭരണകൂടമുണ്ടാക്കാൻ  കഴിയും വിധം രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന വിനാശകരമായ മാറ്റങ്ങളിൽ നിന്ന് കരകയറുന്നതെങ്ങനെയെന്ന് പകച്ചു നിന്ന ഇന്ത്യൻ മതേതര സമൂഹത്തിനു മേൽ ആശ്വാസത്തിന്റെ ഒരു നെടു നിശ്വാസമുയർത്താൻ ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ട്.

നല്ല നേതാക്കളും പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്നാൽ ഇന്ത്യയിൽ മറ്റൊരു ദുഷ്ടശക്തികൾക്കും അധികാരം കൈയ്യാളാൻ അവസരമുണ്ടാകില്ലെന്ന ഗുണപാഠം ബീഹാറിൽ നിന്ന് പഠിക്കാം. ഈ മാതൃക ദേശീയാടിസ്ഥാനത്തിൽ കൂടുതൽ വിശാലമായി വളർത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷ-  മതേതര ജനാധിപത്യ ശക്തികളുടെ ഇനിയുള്ള കടമ. ഇടതുപക്ഷ-മതേതര ജനാധിപത്യ കക്ഷികൾ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിൽ എവിടെയെങ്കിലും ഒരുമിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ  അവിടങ്ങളിൽ  സൗഹൃദ മത്സരം നടത്താം. പക്ഷെ   വർഗ്ഗീയതയ്ക്കെതിരായി പൊരുതാൻ സ്ഥിരമായ ഒരു   പൊതു പ്ലാറ്റ് ഫോം ഉണ്ടാകണം. അധികാര ലബ്ദ്ധിയ്ക്കു വേണ്ടിയുള്ള മത്സര രംഗത്തു പോലും വർഗ്ഗീയ ശക്തികളെ പരാജയപ്പെടുത്താൻ ആവശ്യമെങ്കിൽ  ത്യാഗം സഹിച്ചും വിട്ടുവീഴ്ചകൾക്കും നീക്കുപോക്കുകൾക്കും എല്ലാ ഇടതുപക്ഷ- മതേതര കക്ഷികളും തയ്യാറാകണം. വർഗ്ഗീയ  ശക്തികളെ പൂർണ്ണമായും ഒറ്റപ്പെടുത്തി  അവർ അധികാരശക്തികളായി വരാതിരിക്കുവാനുള്ള ജാഗ്രത പുലർത്തണം.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വർഗ്ഗീയരാഷ്ട്രീയ പ്രസ്ഥാനങ്ങളെ തെരഞ്ഞെടുപ്പുകളിൽ തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളെ  പൂർണ്ണമായും ചെറുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. കാരണം  വർഗീയതയ്ക്ക്  വളക്കൂറുള്ള ഒരു മണ്ണാണ് ഇന്ത്യയുടേത്. ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗീയതയ്ക്ക് ശക്തമായ അടിവേരുകൾ ഉണ്ട്. വർഗ്ഗീയത രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപകരിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നതും വളരുന്നതും. അധികാര ലബ്ദ്ധിയ്ക്കുള്ള ആയുധമായി വർഗീയതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതകളെ രാഷ്ട്രീയ കക്ഷികൾ പലതും മുൻകാലങ്ങളിലും മുതലാക്കിയിട്ടുണ്ട്. വർഗ്ഗീയ അജണ്ടകൾ പ്രത്യക്ഷമായി തന്നെ വെളിപ്പെടുത്തി പ്രവർത്തിക്കുന്ന സംഘ പരിവാർ പോലുള്ള ഭൂരിപക്ഷ വർഗ്ഗീയ സംഘടനകളും ആഗോള ഇസ്ലാമിക ഭീകരതയെ ഓർമ്മിപ്പിക്കുന്ന മുസ്ലിം ന്യൂന പക്ഷ വർഗ്ഗീയ പ്രസ്ഥാനങ്ങളുമൊക്കെ  ഭീഷണമായ വളർച്ച നേടിയത് അടുത്തകാലത്തു മാത്രമാണെന്നേയുള്ളൂ. ഇവരെല്ലാം തന്നെ ഇന്ത്യയിൽ സാദ്ധ്യമായ വർഗ്ഗീയതകളെ മുതലെടുത്തുകൊണ്ടാണ്. വളർച്ച നേടിയത്. അതുകൊണ്ട് വർഗീയശക്തികളെ എതിർത്തു തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ ഇല്ലാതാക്കാനാകില്ല. വിവിധ മതങ്ങളും നിരവധി ജാതികളും നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ജാതീയതയും മതവർഗ്ഗീയതയും വളരാനുള്ള സാഹചര്യം നിലനിൽക്കും. വർഗ്ഗീയത വളരാൻ കാരണമാകുന്ന സാമൂഹ്യ സാഹചര്യങ്ങൾ കണ്ടെത്തി അവയെ നേരിടാൻ പര്യാപ്തമായ പരിപാടികൾ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾ ആവിഷ്കരിക്കണം.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതീയതയ്ക്കും ജാതി വിവേചനങ്ങൾക്കും വിശിഷ്യാ  നിരക്ഷരതയ്ക്കെതിരെയുള്ള പോരാട്ടം ഇതിൽ പ്രധാനമാണ്. സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ മാത്രമേ  രാഷ്ട്രീയമായ ഒരു നവോത്ഥാനത്തിലൂടെ ഇന്ത്യയെ നയിക്കാനും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാനും  മാനവികതയിലുറച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും സാധിക്കുകയുള്ളൂ. മാനവികതയിലൂടെ മാത്രമേ ഇന്ത്യയെ സോഷ്യലിസത്തിലേയ്ക്ക് നയിക്കാനാകൂ. അതിനായി അതതിടങ്ങളിൽ ശക്തിയുള്ള മതെതര പ്രസ്ഥാനങ്ങൾ അധികാരത്തിനായുള്ള രാഷ്ട്രീയ കിടമത്സരങ്ങളിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയിൽ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഒരു നവീകരണത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം. അല്ലെങ്കിൽ രാഷ്ട്രീയാധികാരം എന്നേന്നേക്കുമായി അധികാരത്തിലേയ്ക്കുള്ള കുറുക്കു വഴി എന്നനിലയിൽ വർഗ്ഗീയതയെ ഉപയോഗിക്കുന്ന ദുഷ്ട ശക്തികളുടെ മാത്രം കൈകളിലാകും. മതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാനാകാത്ത വിധം കെടട്ടുപിണഞ്ഞു കിടക്കും. ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ ചവിട്ടുനാടകം കളിക്കുകയും ചെയ്യും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ മാത്രമേ രാഷ്ട്രീയമായ ഒരു നവോത്ഥാനത്തിലൂടെ ഇന്ത്യയെ നയിക്കാനും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാനും മാനവികതയിലുറച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും സാധിക്കുകയുള്ളൂ.