മുൻകുറിപ്പ്:
സിനിമാ ശാലയും ഒരു
ചന്തയാണ്. സിനിമ കാണൽ വാങ്ങാൻ കിട്ടുന്ന ഒരു ചന്ത. അവിടെ എന്തൊക്കെ ആകാം
ആയിക്കൂട എന്നൊന്നും പറയാൻ ഞാൻ ഇപ്പോഴത്തെ ഭരണകൂടവുമല്ല, ഇപ്പോഴത്തെ നീതിപീഠവുമല്ല. എങ്കിലും ചില വ്യത്യസ്ത വാദമുഖങ്ങൾ ചർച്ചയ്ക്ക്
വയ്ക്കുന്നു.
ദേശീയ ഗാനം ആലപിച്ചാലെന്താ?
ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന്
ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നു. ദേശീയ ഗാനം
ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുക എന്നത് വികാരപരമായ ഒരു ആദരവ്
ആണ്. ആരെങ്കിലും എഴുന്നേൽക്കാതിരുന്നാൽ കുറ്റമുണ്ടോ, കുറ്റമുണ്ടെങ്കിൽ
അതിനുള്ള ശിക്ഷയെന്ത് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ആളുകൂടുന്ന
ധാരാളം സ്ഥലങ്ങളും സന്ദർഭങ്ങളും വേറെയുമുണ്ട് എന്നിരിക്കെ ചലചിത്ര ശാലകളിൽ
മാത്രം ദേശീയഗാനാലാപം നടത്തണമെന്ന് കോടതി നിർദ്ദേശിക്കാനുള്ള കാരണമെന്ത്
എന്ന ചോദ്യം പ്രസക്തമാണെങ്കിലും അത് തൽക്കാലം അവിടെ നിൽക്കട്ടെ. ഈ
ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ട് എന്തെങ്കിലും മാനസികമോ
ശാരീരികമോ ആയ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടാകുമോ? അങ്ങനെ ഉണ്ടാകേണ്ട
കാര്യമുണ്ടോ? അംഗവൈകല്യമോ മറ്റ് ശാരീരിക വൈകല്യങ്ങളോ ഉള്ളവർ എഴുന്നേറ്റ്
നിൽക്കേണ്ട. അല്ലാത്തവർക്ക് എഴുന്നേൽക്കാമല്ലോ. അതുകൊണ്ടുതന്നെ
പ്രത്യക്ഷത്തിൽ നിർദ്ദോഷമായ ഈ ദേശീയ ഗാനാലാപനത്തിന്റെ ഉദ്ദേശ ശുദ്ധിയെ
ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ഒന്നുമില്ല. കാരണം ദേശീയ ഗാനം ഇന്ത്യയിലെ
എല്ലാ ജനങ്ങൾക്കും ഉള്ള ഒന്നാണ്. അതിൽ ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾ ഇല്ല.
ഇത് ഒരു പക്ഷം.
ഈശ്വരപ്രാർത്ഥനയേക്കാൾ നല്ലത് ദേശഭക്തി ഗാനമാണ്
മറ്റൊന്ന് വർഷങ്ങളായി ഇവിടെ സ്കൂളുകളിൽ രാവിലെ
ഈശ്വര പ്രാർത്ഥന നടത്തുകയും കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു
പോരുന്നുണ്ട്. ഭൂരിപക്ഷം സ്കൂളുകളിലും ഹൈന്ദവമായ പ്രാർത്ഥനാ ഗാനങ്ങളാണ്
ആലപിക്കുക. എന്നാൽ ചില സ്കൂളുകളിൽ ക്രിസ്ത്യൻ-മുസ്ലിം പ്രാർത്ഥനാ ഗാനങ്ങളും
ആലപിച്ചു പോരുന്നുണ്ട്. ഈ ഈശ്വര പ്രാർത്ഥനാ സമയത്ത് ഈശ്വര
വിശ്വാസമില്ലാത്തരുടെ കുട്ടികളും എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നുണ്ട്.
എന്നാൽ തികച്ചും മതേതരമായ ഒരു രാജ്യത്ത് ഇത്തരം പ്രാർത്ഥനകൾ
അടിച്ചേല്പിക്കുന്നത് ശരിയല്ല. .മാത്രവുമല്ല ദൈവമുണ്ടെന്നതിന് ഇതുവരെ
ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആ നിലയിൽ അതൊരു അന്ധ വിശ്വാസമാണ്. സ്കൂളുകളിൽ
മാത്രമല്ല, പൊതു പരിപാടികളിലും പണ്ടുമുതലേ ഔദ്യോഗികമായിത്തന്നെ
ഈശ്വരപ്രാർത്ഥന നടത്തുക വഴി ഈ അന്ധവിശ്വാസം കുട്ടികളിലും മുതിർന്നവരിലും
അടിച്ചേല്പിച്ചു വരികയാണ്. അങ്ങനെ ഇല്ലാത്ത ഒരു ശക്തിയിലുള്ള വിശ്വാസം
ആളുകളെ അടിച്ചേല്പിക്കുന്നതുപോലെ അക്ഷന്തവ്യമായ തെറ്റൊന്നുമല്ല സിനിമാ
കൊട്ടകകളിൽ ദേശീയ ഗാനം ആലപിക്കുന്നത്. ഈശ്വര പ്രാർത്ഥനകൾ നടത്തുന്നതിലും
ഭേദം അതിനു പകരം ദേശീയ ഗാനം ആലപിക്കുന്നതാണ് ശരിക്കും ഒരു മതേതര
രാഷ്ട്രത്തിനു ഭൂഷണം. ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ മുതിർന്നവരിൽ
എഴുന്നേറ്റ് നിൽക്കാത്തവർ ഉണ്ട്. എന്നാൽ സ്കൂൾ കുട്ടികൾക്ക് എഴുന്നേറ്റ്
നിൽകാതിരിക്കാൻ കഴിയില്ല. മാത്രവുമല്ല പല സർക്കാർ ഉദ്യോഗസ്ഥർക്കും പൊതു
പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഈശ്വരവിശ്വാസമില്ലെങ്കിൽ കൂടി ഈശ്വര
പ്രാർത്ഥന അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതായും അവർക്കു കൂടി എഴുന്നേറ്റ്
നിൽക്കേണ്ടതായും വരുന്നുണ്ട്. അതായത് ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ
എഴുന്നേറ്റ് നിൽക്കാനുള്ള സ്വാതന്ത്ര്യം പലർക്കും പ്രയോജനപ്പെടുത്താൻ
കഴിയാത്ത നിസ്സഹായാവസ്ഥയുണ്ട് എന്നർത്ഥം. മതേതരത്വത്തിനും
മതരാഹിത്യത്തിനും വിരുദ്ധമായ ഈശ്വര പ്രാർത്ഥന ഒരു രാജ്യത്ത്
അടിച്ചേല്പിക്കാമെങ്കിൽ ദേശീയ ഗാനം ആലപിക്കണമെന്നു പറയുന്നത് അതിനേക്കാൾ
വലിയ തെറ്റല്ല. ഇതും ഒരു പക്ഷം.
രാജ്യദ്രോഹം ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ ദേശസ്നേഹം
എന്നാൽ ദേശീയത, ദേശ സ്നേഹം
ഇതൊന്നും എഴുതി കഴുത്തിൽ തൂക്കി നടക്കേണ്ട സംഗതികൾ അല്ല. അത് ഉള്ളിൽ തട്ടി
ഉണ്ടാകേണ്ടതാണ്. നമ്മുടെ രാജ്യത്ത് ജനിച്ചു വളരുന്ന എല്ലാവർക്കും ആ സ്നേഹം
ഉണ്ടായിരിക്കുകയും ചെയ്യും. ദേശസ്നേഹം തീരെയില്ലാത്തവർ ഒരു ചെറു
ന്യൂനപക്ഷം ഉണ്ടായേക്കാം. എന്നാൽ പോലും ദേശ സ്നേഹം അടിച്ചേല്പിച്ചാൽ
ഉണ്ടാകില്ല. കാരണം അതൊരു വൈകാരികതയാണ്. ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ടോ
ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതുകൊണ്ടോ ഒരാളുടെ ഉള്ളിൽ ദേശസ്നേഹം
ഉണ്ടായിക്കൊള്ളണം എന്നില്ല. ദേശീയ ഗാനം ആലപിക്കാത്തതുകൊണ്ടോ ആലപിക്കുമ്പോൾ
എഴുന്നേറ്റ് നിൽക്കാത്തതുകൊണ്ടോ ഒരാൾക്ക് ഇല്ലാതെ വരണമെന്നും ഇല്ല. രാജ്യ
സ്നേഹത്തിന്റെ അളവ് എത്ര എന്നതിനേക്കാൾ ദേശദ്രോഹം ചെയ്യതിരിക്കുക എന്നതാണ്
ഒരു രാജ്യത്തെ പൗരനു ചെയ്യാവുന്ന ഏറ്റവും വലിയ ദേശസ്നേഹം. ഇത് മറ്റൊരു
പക്ഷം.
ദേശസ്നേഹം അടിച്ചേല്പിക്കേണ്ട ഒന്നല്ല
ഒരു രാഷ്ട്രത്തിൽ നിന്ന് ഒരാൾക്ക് മറ്റുള്ളവർക്ക്
ലഭിക്കുന്നതുപോലെ തുല്യ നിലയിൽ പരിഗണനയും ശ്രദ്ധയും കിട്ടുന്നില്ല എന്ന
തോന്നലുണ്ടായാൽ പൗരന്മാരിൽ ദേശസ്നേഹത്തിന്റെ അളവ് കുറഞ്ഞെന്നും വരാം.
അങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ കടമയാണ്. അല്ലാതെ
കൃത്രിമമായി ആരിലും രാജ്യ സ്നേഹം എന്നല്ല ഒരു സ്നേഹവും
അടിച്ചേല്പിക്കാനാകില്ല. ഹിറ്റ്ലറുടെ കാലത്തെ അതിതീവ്രദേശീയത പോലൊന്ന്
ആധുനിക കാലത്ത് ഒരു രാജ്യത്തിലെ പൗരനും ഉണ്ടാകുകയില്ല. കാരണം ഇന്ന് ഒരു
രാജ്യം എന്നതിലുപരി ലോകം ഒന്നാണ്. ലോകമാകെ നയിക്കാൻ ഒരു
ഭർണകൂടമില്ലെങ്കിലും ലോകം മുഴുവൻ ഉൾപ്പെടുന്ന ഒരു ആഗോള സമ്പദ് ഘടനയാണ്
ഇന്നുള്ളത്. ലോകത്തെ എല്ലാ രാജ്യങ്ങളും വിഭവങ്ങൾ പങ്ക് വയ്ക്കുന്നു.
പരസ്പരം ആശ്രയിക്കുന്നു. ജനങ്ങൾ എല്ലാ രാജ്യങ്ങളിലും പണിയെടുക്കുകയും
സ്ഥിരതാമസം നടത്തുകയുമൊക്കെ ചെയ്യുന്നു. ഏതെങ്കിലും ഒരു രാഷ്ട്രത്തിനു
മാത്രമായി ലോകത്ത് ഇനി ഒരു നില നില്പ് ഇല്ല. ലോകം ഉണ്ടെങ്കിലേ
നമ്മളുമുള്ളൂ. നമ്മുടെ രാജ്യം നമുക്ക് മാതൃഭൂമി എന്നതുപോലെ ലോകം തന്നെ
നമ്മുടെ തറവാടാണ്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ
അതിർത്തിരേഖകൾ പോലെ ചെറുതാകുകയാണ്. അതുകൊണ്ടാണല്ലോ നാം ലോകം
വിരൽത്തുമ്പിലാണെന്ന് പറയുന്നത്.
ദേശ സ്നേഹം ആരുടെയും കുത്തകയല്ല
ദേശീയ ഗാനം ആലപിക്കുന്നത് ഒരു
കുറവായോ ആലപിക്കാതിരിക്കുന്നത് ഒരു മികവായോ കാണേണ്ട കാര്യം ഇല്ല. പക്ഷെ
എപ്പോഴും എവിടെയും ആലപിക്കാനുള്ള ഒന്നാണോ നമ്മുടെ ദേശീയ ഗാനം എന്നതും
സംവദിക്കാനുള്ള വിഷയമാകാതെ പോകുന്നില്ല. നമ്മുടെ ജനഗണമന എന്ന ദേശീയ
ഗാനത്തിന്റെ മാഹാത്മ്യം കണക്കിലെടുത്തോ അതിനെ സ്നേഹിക്കുന്നതുകൊണ്ടോ
ഒന്നുമല്ല ദേശീയ ഗാനാലാപാനത്തിന്റെ കുത്തക വക്താക്കളായി ഇവിടെ ഇപ്പോൾ ചിലർ
മാറുന്നത്. അവരുടെ ഉള്ളിലെ ദേശീയതതന്നെ വേറെ എന്തൊക്കെയോ ആണ്. കപട
ദേശീയതയുമായി അവർ ദേശീയഗാനത്തിന്റെ വക്താക്കളാകുന്നു എന്നതുകൊണ്ട് നമുക്ക്
നമ്മുടെ ദേശീയ ഗാനത്തെ അവർക്ക്മാത്രമായി വിട്ടുകൊടുക്കാനോ അനാദരിക്കാനോ
കഴിയില്ല.
ദേശീയ പതാകയും ദേശീയ ഗാനവും തോന്നുമ്പോലെ ഉപയോഗിക്കാവുന്നതവയല്ല
ദേശീയ പതാക ഉയർത്തുന്നതിന് ചില നിബന്ധനകൾ ഉള്ളതുപോലെ ദേശീയ
ഗാനത്തിനും അതിന്റേതായ നിബന്ധനകൾ പുലർത്തുന്നത് നല്ലതാണന്ന്
അഭിപ്രായപ്പെടുന്നവരെയും ദേശ വിരുദ്ധരായി കാണേണ്ടതില്ല. പക്ഷെ ഒരു കാര്യം
ഉറപ്പാക്കണം. ദേശീയ ഗാനം ആലപിച്ചാൽ എല്ലാവരും എഴുന്നേൽക്കേണ്ടതാണ്. അങ്ങനെ
എഴുന്നേൽക്കാൻ സാദ്ധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ അത് ആലപിക്കാതിരിക്കുന്നതാണ്
നല്ലത് എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അവരെയും
കുറ്റപ്പെടുത്താനാകില്ല.
(ഈ ലേഖനം ഒരു നിലപാടല്ല. നിലപാടെടുക്കാൻ
ആഗ്രഹിക്കുന്നവർക്ക് ചിന്തിക്കാനുള്ള ചില വ്യത്യസ്ത വാദമുഖങ്ങൾ മാത്രമാണ്.)
ലേഖകന്റെ നിലപാട്: ദേശീയ പതാക തോന്നുമ്പോൾ തോന്നുന്നിടത്തൊക്കെ
തോന്നിയതുപോലെ ഉയർത്താനുള്ള ഒന്നല്ല. അതുപോലെ ദേശീയ ഗാനവും തോന്നുമ്പോൾ
തോന്നുന്നിടത്തൊക്കെ തോന്നുന്നതുപോലെ ആലപിക്കാനുള്ള ഒന്നല്ല. ദേശീയതയുടെ
അളവുകോൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടോ ഇല്ലയോ
എന്നതല്ല. ദേശസ്നേഹം ആരിലും അടിച്ചേൽപ്പിക്കാവുന്നതല്ല. അത് ഉള്ളിൽ
നിന്നുണ്ടാകേണ്ട ഒരു വികാരമാണ്. ദേശസ്നേഹം പരീക്ഷിക്കാനുള്ള ഒരു പരീക്ഷണ
വസ്തു എന്ന നിലയിൽ ആലപിക്കാനുള്ളതല്ല മഹത്തായ ദേശീയ ഗാനം. അത് ദേശീയ
ഗാനത്തെ അവമതിക്കലാണ്. എന്നാൽ വിദ്യാലയങ്ങളിലെയും പൊതു പരിപാടികളിലെയും
ഈശ്വര പ്രാർത്ഥന അന്ധവിശ്വാസം അടിച്ചേല്പിക്കലാണ്. അത്തരം സ്ഥലങ്ങളിൽ അതിനു
പകരം ദേശഭക്തി ഗാനം ആലപിക്കണം.