Thursday, September 7, 2017

ഗൗരി ലങ്കേഷ്

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എഴുതിയ ഫെയ്സ് ബൂക്ക് പോസ്റ്റുകൾ

പ്രിയ ഗൗരി ലങ്കേഷ്, ക്ഷമിക്കുക. ഞങ്ങൾ നിസ്സഹായരാണ്. ഇനി കുറെ നാളത്തേയ്ക്കെങ്കിലും അങ്ങനെ ആയിരിക്കാനാണ് സാധ്യത!
***********************

ഗൗരി ലങ്കേഷ് ഒരു തുടർച്ച മാത്രം. ഇനിയും അവസാനിക്കാത്ത തുടർച്ച. അടുത്തത് ആർ എന്നതേ അറിയാനുള്ളൂ. ജനാധിപത്യത്തിന്റെ ദുർവിധി ഏറ്റുവാങ്ങുകയേ നിവൃത്തിയുള്ളൂ. കൊലയാളികൾ സംസ്കാര ശൂന്യരാണ്. പ്രതിഷേധങ്ങൾ ഒന്നും അവർക്ക് മനസ്സിലാകില്ല. പ്രതിഷേധങ്ങൾ അവർക്ക് ഒരു ശിക്ഷയുമാകില്ല. നഷ്ടപ്പെട്ട ജീവൻ തിരിച്ചു കൊടുക്കാനുമാകില്ല. യഥാർത്ഥ കുറ്റവാളികൾ പിടിക്കപ്പെടുമെന്നതിനും വലിയ ഉറപ്പൊന്നുമില്ല. ഇത്തരം ഒരു കൃത്യം ചെയ്തവരും ചെയ്യിച്ചവരും വേണ്ടത്ര മുൻ കരുതലുകൾ എടുത്തിട്ടുണ്ടാകും. പുതിയ വാർത്തകൾ വരുമ്പോൾ ഫാസിസത്തിന്റെ ഇരകളുടെ നിരയിൽ ഇടയ്ക്കിടെ ഉരുവിടുന്ന ഒരു പേര് മാത്രമാകും ഗൗരി ലങ്കേഷിന്റേതും. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ ഇടവരുത്തുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ മാറ്റി മറിക്കാനുള്ള പോരാട്ടങ്ങളാണ് ആവശ്യം. അതാകട്ടെ കേവലം പ്രതിഷേധ പ്രകടനങ്ങൾ കൊണ്ടു മാത്രം സാധിക്കുന്ന ഒന്നല്ല. അതി ശക്തമായൊരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി രാജ്യത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിക്കല്ലടിക്കുന്നതിനു മുമ്പെങ്കിലും അത് സാധിക്കുമോ എന്നതാണ് പ്രധാനം. ഇനിയും ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ ഇനിയും അമാന്തിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കാരണം എന്നാണ് അമാന്തിക്കുന്നവരുടെ നേർക്കും ഫാസിസത്തിന്റെ തോക്ക് നീട്ടിപ്പിടിക്കുന്നതെന്ന് പ്രവചിക്കാനാകില്ല. ഇനി ഏത് നിമിഷവും ആർക്ക് നേരെയും വെടിയുണ്ടകൾ പാഞ്ഞു വന്നേക്കാം! നമുക്ക് നേരെ തോക്ക് നീളുമ്പോൾ മാത്രം സ്വയം പൊട്ടിത്തെറിച്ച് ഭയപ്പെടുത്താമെന്ന് കരുതുന്നത് മൗഢ്യമാണ്.
*****************************************************************

ഗൗരി ലങ്കേഷിനെ കൊന്നത് ആരുതന്നെ ആകട്ടെ. അത് കണ്ട് പിടിക്കേണ്ടത് പോലീസ് ആണ്. പക്ഷെ ഒന്ന് പറയട്ടെ, യഥാർത്ഥത്തിൽ ഒരു പക്ഷെ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാരുകാർ അല്ലെന്നിരുന്നാൽ പോലും ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മട്ടിലാണ് പല സംഘ പരിവാർ അനുകൂലികളും സംസാരിക്കുന്നത്. . ശത്രുവാണെങ്കിലും മരണപ്പെട്ട വ്യക്തിയെക്കുറിച്ച് നല്ലതൊന്നും പറയാതെ മൗനം പാലിച്ചാലും മോശപ്പെട്ടത് പറയരുത്. മരിച്ചാലെങ്കിലും ഒരാളെ വെറുതെ വിടില്ലെന്ന് ശഠിക്കുന്നത് ലളിതമായി പറഞ്ഞാൽ മൃഗീയമാണ്. ഒരു കൊടും കുറ്റവാളി മരിച്ചാൽ പോലും ആരും പറയാത്ത വാക്കുകളാണ് അവരെക്കുറിച്ച് സംഘ പരിവാർ അനുകൂലികളുടേതായി പുറത്ത് വരുന്നത്.
**********************************************************************

പ്രിയ ഗൗരി ലങ്കേഷ്, സമാധാനത്തിന്റെ ഭാഷ ഫാസിസ്റ്റുകൾക്ക് മനസ്സിലാകില്ല. എങ്കിലും നാടെങ്ങും സമാധാനപരമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലല്ലോ. സമാധനത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തി എന്നെങ്കിലും അവർക്ക് മനസ്സിലാകാതിരിക്കില്ല

(2017 സെപ്റ്റംബർ 5-ന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു))

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ
അവസാനത്തെ ആണിക്കല്ലടിക്കുന്നതിനു
മുമ്പെങ്കിലും അത് സാധിക്കുമോ എന്നതാണ് പ്രധാനം.
ഇനിയും ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ ഇനിയും അമാന്തിക്കുന്നത്
ആത്മഹത്യാപരമായിരിക്കും. കാരണം എന്നാണ് അമാന്തിക്കുന്നവരുടെ നേർക്കും
ഫാസിസത്തിന്റെ തോക്ക് നീട്ടിപ്പിടിക്കുന്നതെന്ന് പ്രവചിക്കാനാകില്ല. ഇനി ഏത്
നിമിഷവും ആർക്ക് നേരെയും വെടിയുണ്ടകൾ പാഞ്ഞു വന്നേക്കാം!
നമുക്ക് നേരെ തോക്ക് നീളുമ്പോൾ മാത്രം സ്വയം പൊട്ടിത്തെറിച്ച് ഭയപ്പെടുത്താമെന്ന് കരുതുന്നത് മൗഢ്യമാണ്.