Wednesday, February 27, 2019

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുമ്പോൾ ആംഗലേയ ഭാഷയും നമ്മുടെ സ്കൂളുകളിൽ ശക്തിപ്പെടുകയാണെന്ന യാതാർത്ഥ്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാലയ ശാക്തീകരണത്തോടൊപ്പം മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിനും കൂടി നാം ചൂട്ടുപിടിക്കുന്നുണ്ട്. മുമ്പ് കുട്ടികലൂടെ രക്ഷകർത്താക്കൾ കാശിന്റെ ബലത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ചുമന്നുകൊണ്ടു വച്ചിരുന്ന പൊങ്ങച്ച സംസ്കാരം ഇപ്പോൾ പണച്ചെലവില്ലാതെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചുമന്നിറക്കുമ്പോൾ മാതൃമലയാളം അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഇനിയും തുറന്നു കാട്ടാതെ വയ്യ. മിക്ക പൊതുവിദ്യാലയങ്ങളിലും ഇന്ന് മലയാളം മീഡിയം കുട്ടികൾ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു എന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. 

പൊതു വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയോ അവിടുത്തെ പുതു പുത്തൻ കെട്ടിട സമുച്ചയങ്ങളോ ഹൈട്ടെക്ക് സംവിധാനങ്ങളോ മറ്റ് ഭൗതിക സൗകര്യങ്ങളോ രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതകളോ ഒന്നുമല്ല, മറിച്ച് എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ് പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ പ്രധാന കാരണം എന്ന വസ്തുതയെ അത്ര ലാഘവത്തോടെ അങ്ങ് നിഷേധിക്കാനാകില്ല. 

രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം എന്ന് മുമ്പ് നാം പറയുമ്പോൾ അതിൽ ഒരു തരം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റൊരു തരം മലയാളം മീഡിയമായിട്ടുള്ള പൊതു വിദ്യാലയങ്ങളിലും ആയിരുന്നുവെങ്കിൽ ഇന്ന് രണ്ട് തരം പൗർന്മാരെ സൃഷ്ടിക്കുന്ന പൊതുവിദ്യാലയങ്ങളിൽ തന്നെ പൊടി പൊടിപൊടിക്കുന്നു എന്നതാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന "പരിവർത്തനം". നേരെ പറഞ്ഞാൽ അനഭിലഷണീയമായ മാറ്റം. എസ് എസ് എൽ സി പരീക്ഷയുടെ ഫലം പുറത്തു വരുമ്പോൾ ഫുൾ എ പ്ലസു വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം കുട്ടികളാകുന്നതിന്റെ കാരണം പഠിക്കുന്ന കുട്ടികൾ എല്ലാം ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്നതു കൊണ്ടാണെന്ന് സൗകര്യാർത്ഥം വാദിച്ചു രക്ഷപ്പെടുന്നത് സത്യത്തോട് എത്രമാത്രം നീതി പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 

മലയാളം മീഡിയമായാലും ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. അപ്രിയ സത്യങ്ങളെ നേരിടാൻ കേൾക്കുന്നവന് ഒരിക്കലും മനസ്സിലാകാത്ത, ഗഹനവും സങ്കീർണ്ണവുമായ ചിന്തകളുടെ പിൻബലമുള്ള കടുത്ത ഭാഷാസാഹിത്യം പ്രയോഗിക്കുന്നതാണല്ലോ "ബൗദ്ധികഭാരം" എങ്ങനെയെങ്കിലും ഇറക്കിവയ്ക്കാൻ വെമ്പുന്ന നമുടെ വിദ്യാഭ്യാസ വിചക്ഷണരുടെ സമീപനയുക്തി!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളം മീഡിയമായാലും
ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ
ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും
തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ
എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു.