Sunday, December 29, 2019

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഒരു വ്യക്തിയെ ഒരു വേദിയിലേക്ക് ക്ഷണിച്ചു വരുത്തിയിട്ട് അത് ആ വ്യക്തിക്കോ ആ വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങൾക്കോ എതിരെയുള്ള ഒരു പ്രതിഷേധ വേദിയാക്കുന്നതിനോട് യോജിപ്പില്ല. അതു കൊണ്ടു തന്നെ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിൽ ഗവർണ്ണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അല്പം അതിരുകടന്നതായി പോയില്ലേ എന്നൊരു സംശയമുണ്ട്. ഗവർണ്ണറുടെ നിലപാടുകൾക്കെതിരെ ചരിത്ര കോൺഗ്രസ്സിൽ തന്നെ അഭിപ്രായങ്ങൾ പറയാം. സംവദിക്കാം. സംവാദത്തിന്റെ മേഖലകൾ കൊട്ടിയടക്കേണ്ട കാര്യമില്ല. ഗവർണ്ണർ വരുമ്പോൾ പുറത്ത് വച്ച് സമാധാനപരമായി പ്ലക്കാഡു പിടിച്ചോ മുദ്രാവാക്യം വിളിച്ചോ പ്രതിഷേധിക്കുന്നതിൽ  തെറ്റില്ല. പക്ഷെ  ഒരതിഥി എന്ന നിലയിൽ ആ പരിപാടിയിൽ പങ്കെടുക്കാൻ വന്ന വ്യക്തി എന്ന നിലയ്ക്ക് ആ പ്രതിഷേധങ്ങൾക്ക് അത്രയും തീവ്രത വേണ്ടിയിരുന്നില്ല. ഗവർണ്ണറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മാർഗ്ഗങ്ങളുമെല്ലാം എല്ലാവർക്കും അറിയാം.

ആരിഫ് മുഹമ്മദ് ഖാനെക്കാൾ എത്രയോ മടങ്ങ് വലിയ അപകടകാരികളായ കേരളത്തിൽ തന്നെയുള്ള പലരുടെയും പേരുകൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. അവരാരും തൽസ്ഥാനത്ത് വരാതിരുന്നത് ആശ്വാസകരം!  ബി.ജെ.പിയുടെ നോമിനിയായി വന്ന ഒരു ഗവർണ്ണർ സ്വാഭാവികമായും ആ പാർട്ടിയോടും അവരുടെ നയങ്ങളോടും അവർ നിർമ്മിക്കുന്ന നിയമങ്ങളോടുമൊക്കെ വിധേയപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ വിവാദവിഷയമായിരിക്കുന്ന പൗരത്വ ഭേദഗതിബില്ലിനെ സംബന്ധിച്ചും അദ്ദേഹം ഒരഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തെ ഈ സ്ഥാനത്തിരുത്തിയവർ കൊണ്ടുവന്ന നിയമത്തെ അനുകൂലിക്കുന്നതാകാനേ തരമുള്ളു. ഒരു വ്യകതി എന്ന നിലയിൽ ഗവർണ്ണർക്കും അഭിപ്രായങ്ങൾ പറയാമെന്നിരിക്കിലും ആ ഒരു സ്ഥാനത്തിരുന്നു കൊണ്ട് രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുന്ന അഭിപ്രായങ്ങൾ പറയുന്നത് ഉചിതമോ അനുചിതമോ എന്ന് ചിന്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഔചിത്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇപ്രകാരമൊക്കെ പറഞ്ഞ് ഈ ഗവർണ്ണറെ ന്യായീകരിക്കാൻ കഴിയുമെങ്കിലും  അല്ലയോ ആരാദ്ധ്യനായ ഗവർണ്ണർ,  ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ സ്ഥലകാലബോധമൊന്നുമില്ലാത്ത വിധം പ്രതികരിക്കുന്നതിൽ ജനങ്ങളെ കുറ്റം പറയാനാകില്ല. കാരണം അത്രമേൽ ഭയാനകമായ ഒരു നിയമത്തിന്റെ കരിനിഴലിലാണ് ജനങ്ങൾ. നമ്മുടെ ഭരണഘടനാ തത്വങ്ങളെ തന്നെ അട്ടിമറിക്കുന്ന നിയമമാണ് ഈ പൗരത്വ ഭേദഗതി നിയമം എന്നു വരുമ്പോൾ, രാജ്യത്തെ ജനങ്ങളിൽ ഒരു വിഭാഗം സ്വന്തം രാജ്യത്ത് അവരന്യരാകുമോ എന്ന് ഭയം കൊള്ളുമ്പോൾ അത്യാവശ്യം പഠിപ്പും വിവരവുമൊക്കെയുള്ള ആരിഫ് മുഹമ്മദ് ഖാനെ പോലൊരു വൃക്തി സ്വന്തം പദവി മറന്ന് സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ജനങ്ങൾ പ്രകോപിതരാകുക സ്വാഭാവികം. അങ്ങ് ഏതാണ്ടൊക്കെ നല്ല രീതിയിൽ ജീവിതം സാർത്ഥകമാക്കി സായന്തനത്തിൽ എത്തി നിൽക്കുന്ന ആളാണ്. അങ്ങയെ പറ്റിയോ അങ്ങയുടെ ഭാവി തലമുറകളെ പറ്റി അങ്ങേയ്ക്ക് ഉൾക്കണ്ഠകൾ ഇല്ലായിരിക്കാം. പക്ഷെ എല്ലാവർക്കും അതങ്ങനെയല്ല. ഇന്നലെയെക്കുറിച്ചോ ഇന്നിനെക്കുറിച്ചോ മാത്രം ചിന്തിച്ചാൽ പോര. നാളെയെക്കുറിച്ചും ചിന്തിക്കണം. അതല്ല അങ്ങേയ്ക്ക് ഇത്തരം വിഷയങ്ങളിൽ പരസ്യമായി സംവദിക്കണമെങ്കിൽ, രാഷ്ട്രീയ നിലപാടുകൾ മറച്ചുവയ്ക്കാനാകില്ലെങ്കിൽ ഗവർണ്ണർ പദവി ഉപേക്ഷിച്ച് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങണം.

ഇവിടെ അങ്ങേയ്ക്ക് തൊട്ടുമുമ്പ് ജസ്റ്റിസ് പി.സദാശിവം ഗവർണ്ണർ ആകുമ്പോൾ ജസ്റ്റിസ് പദവിയിലിരുന്നൊരാൾ രാഷ്ട്രീയമായി ലഭിക്കുന്ന ഒരു പദവിയിലെത്തുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി ചില പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തിയിരുന്നെങ്കിലും ഗവർണ്ണറായശേഷം അദ്ദേഹം നല്ലൊരു ഗവർണ്ണറായിത്തന്നെ ആ പദവിയുടെ അന്തസ്സ് നിലനിർത്തിയിരുന്നു. അങ്ങയെ നിയമിച്ചതാരാണെങ്കിലും അങ്ങയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ചായ്‌വ് എന്താണെങ്കിലും നല്ലൊരു ഗവർണ്ണറെ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന യോഗ്യതകളൊക്കെ അങ്ങേയ്ക്കുണ്ട് എന്നതു മറക്കരുത്. അതുകൊണ്ട് അങ്ങ് പി. സദാശിവത്തെ പോലെയോ അതിലും മേലെയോ ഒരു നല്ല ഗവർണ്ണറായിരിക്കാൻ ശ്രമിക്കുക. ഗവർണ്ണർ എന്ന പദവി തന്നെ വേണോ എന്നതു പോലും എക്കാലത്തും ഒരു സംവാദ വിഷയമാണ് എന്നിരിക്കിലും ആ പദവി ഉള്ളിടത്തോളം അതിന്റെയൊരു അന്തസ്സും നിഷ്പക്ഷ സ്വഭാവവും കളഞ്ഞു കുളിക്കരുത്!

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഗവർണ്ണർ എന്ന പദവി തന്നെ വേണോ എന്നതു പോലും എക്കാലത്തും ഒരു സംവാദ വിഷയമാണ് എന്നിരിക്കിലും ആ പദവി ഉള്ളിടത്തോളം അതിന്റെയൊരു അന്തസ്സും നിഷ്പക്ഷ സ്വഭാവവും കളഞ്ഞു കുളിക്കരുത്!

സുധി അറയ്ക്കൽ said...

ഹാവൂ.

സുധി അറയ്ക്കൽ said...

ഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.

Naveen kg said...

കേരള ചരിത്ര കോൺഗ്രസിൻറെ ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്. ആ വേദിയിൽ സംസാരിക്കേണ്ട വിഷയവുമായി ബന്ധമില്ലാത്ത പൗരത്വ ഭേദഗതി നിയമത്തെ യാതൊരു ആവശ്യവുമില്ലാതെ കൊണ്ടുവരികയും തീർത്തും അനുചിതമായി ആയി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയാണുണ്ടായത്. അനുചിതമായ പശ്ചാത്തലത്തിൽ ഒരു പ്രധാനപ്പെട്ട അധികാരിയിൽ നിന്നും വിവേചനപരമായ നിയമത്തെ ന്യായീകരിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ഇർഫാൻ ഹബീബിനെ പോലുള്ള അക്കാദമിക പണ്ഡിതരും വിദ്യാർത്ഥികളും എതിർക്കുകയാണ് ഉണ്ടായത്.