Sunday, March 29, 2020

കാക്കകൾ

കാക്കകൾ

കാക്കകളെക്കുറിച്ച് അഞ്ച് പേജിൽ കവിഞ്ഞ് ഉപന്യസിക്കുക.


കാക്കകൾ

ഇ.എ.സജിം തട്ടത്തുമല

കൊറോണയെ പ്രതിരോധിക്കാനുള്ള ഈ ലോക്ക് ഡൗൺ കാലത്ത് ഇന്ന് ചർച്ച ചെയ്യാൻ മറ്റ് വിഷയങ്ങൾ ഒന്നും കിട്ടാതെ വിഷമിക്കുന്നവരുണ്ടോ? എങ്കിൽ വരൂ, ഇന്ന് നമുക്ക് കാക്കകളെക്കുറിച്ച് സംസാരിക്കാം. എഴുത്തിന് വിഷയമാക്കാൻ പറ്റാത്തതായി ഒന്നുമില്ല ലോകത്ത്!

കാക്കകൾ പണ്ടേ ഈയുള്ളവന്  കൗതുകമുള്ള ഒരു ജീവിയാണ്. പക്ഷിവർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് കാക്കകൾ. കാക്കകളെക്കുറിച്ച് പണ്ടേ കുറച്ചൊക്കെ അറിവുള്ളതിനാൽ കുറെക്കാലമായി കാക്കകളെയൊന്നും അത്രമേൽ ശ്രദ്ധിക്കാനോ നിരീക്ഷിക്കാനോ കാക്കകളെപ്പറ്റി ചിന്തിക്കുവാനോ മിനക്കെട്ടിരുന്നില്ല. അവയുടെ വിശപ്പടക്കാനാണെങ്കിലും വീടും പരിസരവും കൊത്തിപ്പെറുക്കി പരിസര ശുചീകരണം നടത്തുന്നത് എന്നും കാണാറുണ്ടെങ്കിലും കാക്കകളെക്കുറിച്ചുള്ള താത്വിക ചിന്തകൾക്ക് അടുത്ത കാലത്തൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. അതു കൊണ്ടു തന്നെ കാക്കകളെക്കുറിച്ചുള്ള പല അറിവുകളും മറന്നിരിക്കുകയായിരുന്നു.

എന്നാൽ ഈ കൊറോണക്കാലത്ത് സൂചിപ്പിച്ചതു പോലെ പട്ടിണിയാകുന്ന അനാഥപ്പട്ടികളുടെയും പൂച്ചകളുടെയും അമ്പലവാസികളായ കുരങ്ങന്മാരുടെയുമൊക്കെ കാര്യം ആലോചിച്ചു വരവെ ആണ് പണ്ടുമുതലെ മനുഷ്യനുമായി ഇണങ്ങിയും പിണങ്ങിയും സഹകരിക്കുന്ന കാക്കകളെപ്പറ്റി ചിന്തിച്ചത്. കൊറോണക്കാലത്ത് കാക്കകൾക്ക് ഭക്ഷണ ദൗർലഭ്യം നേരിടുമോ? ഈ സംശയത്താൽ രാവിലെ തന്നെ അല്പം ഭക്ഷണം കാക്കകൾക്കു വേണ്ടി മുറ്റത്ത് നിവേദിച്ച ശേഷമാണ് ഈ ഉപന്യാസം എഴുന്നേത്.

കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് മുതിർന്നവർപാടി പഠിപ്പിക്കുന്ന ശൈശവ കാലം മുതൽ നമ്മുടെയൊക്കെ  ബാല്യ കൗമാരങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുള്ള പക്ഷികളാണ് കാക്കകൾ. കാക്കയെ ആരും വീട്ടിൽ വളർത്താറില്ലെങ്കിലും ഉപകാരം കൊണ്ടും കുറച്ചൊക്കെ ഉപദ്രവങ്ങൾ കൊണ്ടും ഇത്രമേൽ മനുഷ്യൻ്റെ ശ്രദ്ധയും പരിഗണനയും കിട്ടിയിട്ടുള്ള പക്ഷികൾ വേറെയില്ലെന്നു തന്നെ പറയാം.

നമ്മുടെ നാട്ടിൽ രണ്ടു തരം കാക്കകളാണ് അന്നും ഇന്നും ഉള്ളത്. കാക്കകൾ എല്ലാം കറുപ്പാണെങ്കിലും കഴുത്തിൽ മാത്രമായി ഏതാണ്ട് മഞ്ഞയ്ക്കും വെള്ളയ്ക്കും ഇടയിലുള്ള ഒരു നിറമുള്ള കാക്കകളും മൊത്തമായും കന്മഷിപോലെ കറുത്ത നിറമുള്ള കാക്കകകളും. രണ്ടു തരം കാക്കകൾക്കും പല നാട്ടിലും പല പേരുകളുമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാക്ക, കരിങ്കാക്ക എന്നിങ്ങനെ പറയാറെയുള്ളു. ഇതിൽ കഴുത്തിൽ നിറഭേദമുള്ളതിനെയാണെന്നു തോന്നുന്നു ചിലർ കടക്കാക്കകൾ എന്നു വിളിക്കുന്നത്.

പ്രഭാതം മുതൽ കാക്കകൾ കൂടണയുന്ന പ്രദോഷം വരെ കാക്കകളുടെ കാ കാ ശബ്ദം തീരെയില്ലാത്തത്ര നിശബ്തയുള്ള ദിവസങ്ങൾ ഉണ്ടാകാറില്ലെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഏത് നിശബ്ദതയിലും എവിടെ നിന്നെങ്കിലും ഒരു കാ കാ വിളി കേൾക്കാതിരിക്കുന്ന സമയം വിരളമാണ്.

കാക്കകൾ മാത്രമല്ല കാക്കക്കൂടും, കാക്കകൾ കൂടുകൂട്ടുന്നതും, അവ കാക്ക ക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും,  പറക്കാൻ പഠിപ്പിക്കുന്നതും, കാക്കകളുടെ വെള്ളം കുടിയും , കാക്കക്കുളിയും എല്ലാം കുട്ടിക്കാലത്തു മാത്രമല്ല, കാണാൻ സമയമുണ്ടെങ്കിൽ ഏത് പ്രായത്തിലും കൗതുകം തന്നെ. വീട്ടിലും പരിസരത്തും വീഴുന്ന ആഹാര അവശിഷ്ടങ്ങൾ കൊത്തിത്തിന്ന് പരിസര ശുചീകരണം നടത്തുന്നതിൽ കാക്കകൾ വഹിക്കുന്ന പങ്ക് നിസാരമല്ല. കാക്കകളുടെ ഏറ്റവും വലിയ പ്രത്യേകതകളായി എനിക്ക് തോന്നിയിട്ടുള്ളത്,  നാമെന്തെങ്കിലും ആഹാരമിട്ടു കൊടുത്താൽ അവ മറ്റ് കാക്കകളെക്കൂടി കാറി വിളിച്ചിട്ടേ തിന്നുകയുള്ളു എന്നതാണ്. തീരെ സ്വാർത്ഥതയില്ലാത്ത സഹജീവിയ സ്നേഹവും സാമൂഹ്യബോധവുമുള്ള പക്ഷികളാണ് കാക്കകൾ. ആഹാരത്തിനു വേണ്ടി കാക്കകൾ പരസ്പരംകൊത്തിക്കീറുന്ന കാഴ്ചകൾ അപൂർവ്വമാണ്. നല്ല ഐക്യമുള്ള ഒരു കുട്ടുകുടുംബം  പോലെയാണ് കാക്കകൾ ജീവിക്കുന്നത്.

കാക്ക ഒരു പ്രത്യേക സ്വരത്തിൽ കുറുകിയാൽ വിരുന്നുകാരുണ്ടാകുമെന്നൊരു വിശ്വാസം മുമ്പ് ആളുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി വിരുന്നുകാരെത്തിയാൽ കുതലൊന്നുമില്ലെങ്കിൽ വിരുന്നു വിളിക്കാതെ കാക്കയെ ആട്ടിപ്പായിച്ച് അടുത്ത വീട്ടിലേക്ക് വിടും! വിരുന്നുകാർ അവിടെ ചെന്നുകയറട്ടെന്ന്! അങ്ങനെ കാക്കകളെ വച്ചും മനുഷ്യൻ അയൽവാസിക്കിട്ട് പണിഞ്ഞിരുന്നു. കാക്കക്കറുമ്പൻ, കാക്കക്കറുമ്പി, കാക്കപ്പൊന്ന്, കാക്കത്തൊള്ളായിരം, കാക്കക്കുളി, കാക്ക അളിച്ച പോലെ, കാക്ക കുളിച്ചാൽ കൊക്കാകുമോ തുടങ്ങി കാക്കകൾക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ധാരാളം വാക്കുകളും ചൊല്ലുകളുമുള്ളത് കാക്കയും മനുഷ്യനുമായി പണ്ടു തൊട്ടേയുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. ഇതിൽ കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നതിനു പകരം കൊക്കുകുളിച്ചാൽ കാക്കയാകുമോ എന്ന കാക്കകളുടെ മറുചോദ്യത്തിന് മനുഷ്യർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

നമുക്ക് തിന്നാനുള്ളവയെന്തെങ്കിലും കാക്കയ്ക്ക് കൊത്തിയെടുക്കാൻ കഴിയുംവിധം സൗകര്യത്തിന് എവിടെയെങ്കിലും കൊണ്ടുവച്ചു  കൊടുത്തിട്ട് മാറി പോയാൽ അത് പിന്നെ കാക്കകളുടെ  അവകാശമാണെന്ന് കാക്കകളുടെ ഭരണഘടനയിൽ പണ്ടേ എഴുതി വച്ചിട്ടുള്ളതാണ്. നാമെന്തെങ്കിലും പുറത്ത് വലിച്ചെറിയുമ്പോൾ വച്ചിരുന്നതെടുക്കാനെന്ന പോലെ പൊടുന്നനെ പറന്നിറങ്ങുന്ന കാക്കകൾ ആഹാരം തേടുന്ന കാര്യത്തിൽ തീരെ മടിയില്ലാത്ത വിഭാഗമാണ്.

പണ്ട് കാലത്ത് പുഴുങ്ങിക്കുത്തി മുറ്റത്ത് ഉണങ്ങാനിടുന്ന നെല്ല് യഥേഷ്ടം കൊത്തിത്തിന്നാനുള്ള അവകാശത്തിനു വേണ്ടി മനുഷ്യനുമായി ജീവന്മരണ പോരാട്ടങ്ങൾ തന്നെ നടത്താറുണ്ടായിരുന്നു കാക്കകൾ. ഉണങ്ങാനിടുന്ന ഏതൊരു ഭക്ഷ്യധാന്യവും കക്കകൾ കൊത്തിത്തിന്നാതിരിക്കാൻ മുഖക്കണ്ണാടി വെയിലത്തുവച്ച്   സൂര്യരശ്മികളെ കാക്കകളുടെ കണ്ണുകളിലേയ്ക്കടിച്ച് അവയുടെ കൺട്രോൾ തെറ്റിക്കുകയായിരുന്നു കാക്കകൾക്കെതിരെയുള്ള മനുഷ്യൻ്റെ ഒരു പ്രധാന പ്രതിരോധ മാർഗ്ഗം. ഒരു മടൽ വെട്ടി തോക്കുപോലെ ചൂണ്ടിയാലും കാക്കകൾ പേടിച്ച് പറന്നു പോയിരുന്നു. കാക്കകളുടെ പൂർവ്വികർക്കാരക്കോ വെടി കൊണ്ട പരിചയം ഉണ്ടായിരുന്നിരിക്കാം! മനുഷ്യൻ്റെ കോലമുണ്ടാക്കി വച്ചും തൊണ്ടുകരിച്ച് കെട്ടിത്തൂക്കി കാക്കച്ചിറകാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തി കാക്കകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞിരുന്നു.

ചത്ത കാക്കകളുടെ ചിറകുകൾ മറിച്ചെടുത്ത് വീട്ടിൻ്റെ ഏതെങ്കിലും ഭാഗത്തോ മുറ്റത്തോ കെട്ടിത്തൂക്കിയും  കാക്കകകളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കാക്കച്ചിറകുകളെടുക്കാൻ സൂത്രത്തിൽ ഏതെങ്കിലും കാക്കയെ മുറിക്കകത്ത് കയറ്റി കതകടച്ച് അകത്തിട്ട് തല്ലിക്കൊന്ന് ചിറകുകൾ മുറിച്ചെടുക്കുന്ന  ക്രൂരകൃത്യങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. വീടുകളിൽ  പ്രത്യേകിച്ചും നെൽകുഷിയുള്ള വീടുകളിൽ എതങ്കിലുമൊരു ഭാഗത്ത് ഒരു ഒറിജിനൽ കാക്കച്ചിറക് കെട്ടിത്തൂക്കിയിടുന്നത് ഒരു കുടുംബ മഹിമയായിത്തന്നെ ചിലരെങ്കിലും അക്കാലത്ത്  കരുതിയിരുന്നു. കാക്കച്ചിറക് കെട്ടിത്തൂക്കിയിരിക്കുന്നതു കണ്ടാൽ അത് അല്പം തിന്നാനം കുടിക്കാനും ഉള്ള വീടാണെന്ന് അനുമാനിക്കാമായിരുന്നു. എന്നു വച്ച് കാക്കച്ചിറകുകൾ സമ്പന്നരുടെ മാത്രം കുത്തകയൊന്നുമായിരുന്നില്ല.  കാക്കച്ചിറ കോ കാക്കച്ചിറക്  കിട്ടാത്ത പക്ഷം തൊണ്ടുകരിച്ചതോ കറുത്ത കുടത്തുണിയോ ഒക്കെ കെട്ടിത്തൂക്കിയിട്ടാൽ ആദ്യം കാക്കകൾ കാറി വിളിച്ച് കൂട്ടം കൂടിയും വട്ടമിട്ട് പറന്നും വമ്പിച്ച പ്രതിഷേധ പ്രകടനവും അനുശോചനവുമെല്ലാം രേഖപ്പെടുത്തി മടങ്ങിയാൽ പിന്നെ പേടിച്ച് ആ ഭാഗത്തുനിന്ന് കുറച്ചു ദിവസമെങ്കിലും  അല്പം അകന്നു നിൽക്കും.

കാക്കകൾ ചത്തു കിടക്കുകയോ, കാക്കക്കൂട്ടിൽ കല്ലെറിയുകയോ, അവ തകർക്കുകയോ ചെയ്താൽ ആ നാട്ടിലുള്ള സർവ്വകാക്കകളുടെയും അഖിലേന്ത്യാ സമ്മേളന സ്ഥലമായി അവിടം മാറും. ആ സമയങ്ങളിൽ താണു പറന്നു വന്ന് മനുഷ്യനെ ഉപദ്രവിക്കുകയും ചെയ്‌തേക്കും. ജയം കാണാത്ത ഇത്തരം  സമര പോരാട്ടങ്ങളുടെ വീരഗാഥകൾ കാക്കകളുടെ ചരിത്ര പുസ്തകങ്ങളിൽ നിറഞ്ഞുതന്നെ നിൽക്കും. പക്ഷെ കാക്കകൾ അവയുടെ കൂട്ടത്തിൽ ഒന്നിന് ഒരാപത്ത് വരുമ്പോൾ ഒരാചാരമെന്നോണം അവയുടെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നും തുടരുന്നു. കാക്കക്കൂട് പൊളിച്ച മരം കയറ്റക്കാരെ ഓർത്തു വച്ച് നാളുകളോളം കണ്ടാലുടനെ കാക്കകൾ പിന്തുടർന്നാക്രമിക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റൊന്ന് ബലിക്കാക്കകളെക്കുറിച്ചാണ്. ബലിക്കാക്കകൾ എന്നൊരു വിഭാഗം സ്പെഷ്യലിസ്റ്റ് കാക്കകളൊന്നും ഇല്ല. എന്നാൽ ബലിച്ചോറ് തിന്നുക എന്നത് പരമ്പരാഗതമായി കാക്കകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ പണ്ടത്തെപ്പോലെ  കൈ കൊട്ടി വിളിക്കുമ്പോൾ ബലിച്ചോറ് തിന്നാൻ കാക്കകൾ എത്താതെ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതായി ഇപ്പോൾ പരക്കെ പരാതിയുണ്ട്. കാക്കകൾ മിക്കതും നിരീശ്വരവാദികളായോ എന്നും പലരും ഇപ്പോൾ സംശയിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ പിന്നെ ബലിച്ചോറിനോടെന്താണ് അടുത്ത കാലത്തായി കാക്കകൾക്ക് ഇത്ര പുച്ഛം! ഒരു പക്ഷെ കാക്കകൾ ഇപ്പോൾ വലിയ സൗകര്യത്തിലായിക്കാം. അതുമല്ലെങ്കിൽ  മനുഷ്യൻ കൊട്ടിവിളിക്കുമ്പോൾ വരാനും ആട്ടിയോടിക്കമ്പോൾ പോകാനും കാക്കകൾ മനുഷ്യരുടെ അടിമകൾ ഒന്നുമല്ലെന്ന് കാക്കകൾക്കിടയിലെ വിപ്ലവകാരികളോ വിവരമുള്ളവരോ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകാം.

കാക്കകൾ കൊന്തിക്കൊന്തിയാണല്ലോ നടക്കുന്നത്. അവ അങ്ങനെ ആയതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടേക്കും പണ്ട്  മുടന്തലൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നതാണ് കാക്കകളും. പക്ഷെ ഒരു വേള അരയന്നകളുടെ നടത്തം കണ്ട് കാക്കകകളുടെ പൂർവ്വികർക്കൊരു ഭൂതി. അന്നനട നടക്കണം! അങ്ങനെ കുറച്ച് കാക്ക പ്രമാണിമാരും പ്രമാണിച്ചികളും കൂടി നിവേദനവുമായി   ഒരു അരയന്ന മഹാരാജൻ്റ സവിധത്തിലെത്തി  ആഗ്രഹമറിയിച്ചു. അരയന്നങ്ങളോടുള്ള അസൂയ മൂത്തുള്ള വരവാണെന്നും നടക്കാത്ത ആഗ്രഹമാണെന്നും രാജന് മനസ്സിലായെങ്കിലും തൻ്റെ
കൊട്ടാരത്തിൽ താമസിച്ച് കൊട്ടാര വാസികളായ അരയന്നത്തികളോടൊപ്പം നടന്ന് അന്നനട പഠിച്ചു കൊള്ളാൻ രാജൻ പറഞ്ഞു. പക്ഷെ ദിവസങ്ങളോളം പഠിച്ചിട്ടും പരിശീലിച്ചിട്ടും  നടയൊട്ടു ശരിയാകുന്നില്ല.  കാക്കകളൊക്കെ ശ്രമിച്ചു  മടുത്ത് തിരിച്ചു പോയാൽ മതിയെന്നായി. അങ്ങനെ ഇരിക്കെ അരയന്ന രാജാവും രാജ്ഞിയും  വന്ന് കാക്കകളുടെ പഠന പുരോഗതി അന്വേഷിച്ചു. അപ്പോൾ കാക്കകൾ പറഞ്ഞു തങ്ങൾക്കിനി പഠനം തുടരാൻ താല്പര്യമില്ല, അന്നനട തങ്ങൾക്ക് വഴങ്ങില്ലെന്ന്! അരയന്ന രാജൻ ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങൾക്കത് കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾക്കത് നേരിട്ട് ബോദ്ധ്യം വരട്ടെയെന്ന് കരുതിയാണ് ഞാനിവിടെ നിന്നു പഠിക്കാൻ പറഞ്ഞത്. ഓരോരുത്തർക്കും ഓരോരോ നടത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അത് മാറ്റാൻ പറ്റില്ല. എങ്കിൽ ഇനി പൊയ്ക്കൊള്ളു എന്നു

പറഞ്ഞു. അങ്ങനെ കാക്കകൾ അവിടെ നിന്നു പറന്ന് തങ്ങളുടെ ലാവണങ്ങളിലേക്ക് പോയി. എന്നിട്ട് നിലത്തിറങ്ങി പണ്ട് നടന്നിരുന്നതു പോലെ നടക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് അരയന്നത്തിൻ്റെ നടത്തം കിട്ടിയതുമില്ല പഴയ നടത്തം മറന്നുപോവുകയും ചെയ്തു എന്ന്! എത്ര ശ്രമിച്ചിട്ടും പഴയ കാക്കനട കിട്ടുന്നില്ല. അന്നു മുതൽക്കാണത്രേ കാക്കകളുടെ നടത്തയ്ക്ക് മൊണ്ടലുണ്ടായത്!

കറുത്ത നിറം കാരണം  കാക്കകളുടെ ആത്മാഭിമാനത്തിനു ഭംഗം വരുത്തും വിധമുള്ള ചില പെരുമാറ്റങ്ങൾ മനുഷ്യരുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ടെങ്കിലും കാക്കകൾക്ക് അതിൽ പരിഭവമൊന്നുമില്ല. കറുത്ത നിറമുള്ളവരെ  കാക്കക്കറുമ്പൻ, കാക്കക്കറുമ്പി എന്നൊക്കെ മനുഷ്യർ വിളിച്ചു കളിയാക്കുമ്പോൾ വോട്ടക്കണ്ണിട്ട് നോക്കുന്ന കാക്കകൾക്ക് തങ്ങൾക്കുണ്ടാകുന്ന ആത്മ ക്ഷതം മനസിലാകാഞ്ഞിട്ടൊന്നുമല്ല. പക്ഷെ കറുപ്പിനേഴകാണെന്നും സൗന്ദര്യം നിറത്തിലല്ല മനസിലാണെന്നുമൊക്കെ പറയുന്ന മനുഷ്യരുണ്ടല്ലോ എന്നു കരുതി കാക്കകൾ അങ്ങ് ക്ഷമിക്കുകയാണ്. മാത്രവുമല്ല നിറം കറുപ്പാണെങ്കിലും കവികൾക്കെല്ലാം ഇഷ്ട വിഷയമായിരുന്നു എന്നും കാക്കകൾ. കാക്കകളെപ്പറ്റി എത്രയോ കഥകളും കവിതകളും പാട്ടുകളുമുണ്ടായിരിക്കുന്നു. ആധുനിക സാങ്കേതിക കലയായ സിനിമയെടുത്താൽ തന്നെ കാക്കകളെ ചേർത്ത് എത്ര തരം പാട്ടുകളാണ് സിനിമകളിൽ! എങ്കിലും മനുഷ്യക്കുഞ്ഞുങ്ങളുടെ മുലകുടി മാറുംമുമ്പേ  കാക്കകൾ  അവരുടെ മനസ്സുകളിൽ ചേക്കേറുന്ന  മലയാളത്തിലെ 'കാക്കേ, കാക്കേ കൂടെവിടെ ' എന്ന ആ ഒറ്റപ്പാട്ടു മാത്രം മതി കാക്കകൾക്കെന്നും അഭിമാനിക്കാൻ!  (ഇ.എ.സജിം തട്ടത്തുമല)


(കാക്കകളെ കുറിച്ച് എൻ്റെ ഓർമ്മയിലുള്ള കാര്യങ്ങൾ ഞാനെഴുതി. ഇനി ഇതിൽ വിട്ടു പോയവ നിങ്ങൾക്കുമെഴുതാം. അതും കൂടി ചേർത്തു വേണം എൻ്റെ ഉപന്യാസം കൊഴുപ്പിക്കാൻ)

Monday, March 9, 2020

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത് ഈയടുത്ത് അന്തരിച്ചതായി അറിഞ്ഞു. നിലമേലിലെ പുതിയ തലമറയയ്ക്ക് നിലമേൽ  സംഗിതിനെ എത്രമാത്രം അറിയാം എന്നെനിക്കറിയില്ല. ഗാനഭൂഷണം പാസ്സായ ഗായകനായിരുന്നു അദ്ദേഹം. നല്ല പ്രായത്തിൽ ധാരാളം ഗാനമേളകളിൽ പാടിയിരുന്നു.    സ്വന്തമായി ട്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നെന്ന് തോന്നുന്നു. കുറച്ചൊക്കെ എനിക്ക് അവ്യക്തമായ ഓർമ്മകളേയുള്ളു. ഗായകൻ എന്നതിനു പുറമെ സംഗീത് പഴയ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ചില സിനിമകൾക്കു വേണ്ടി പാടിയിട്ടുമുള്ളതായി കേട്ടിട്ടുണ്ട്. അടുത്ത കാലത്ത് കലാരംഗത്തൊന്നും അത്ര സജീവമായിരുന്നില്ലെന്നു തോന്നുന്നു.

നിലമേൽ സംഗീതുമായി എനിക്ക് നേരിട്ട് പരിചയമോ അടുപ്പമോ ഒന്നുമുണ്ടായിക്കുന്നില്ല. എന്നാൽ നിലമേൽ പ്രദേശത്ത് എല്ലാവർക്കുമെന്ന പോലെ എനിക്കും അദ്ദേഹം ചിരപരിചിതനായിരുന്നു. എൻ്റെ സ്കൂൾ - കോളേജ് കാലത്തൊക്കെ നിലമേലിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പ്രത്യേക രീതിയിലുള്ള വേഷവും മുടിയും ധാടിയുമൊക്കെയായി എല്ലാവരിലും കൗതുകമുളവാക്കിയിരുന്നു സംഗീത്. അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. നിലമേലിൻ്റെ മുക്കിലും മൂലയിലും കാണും. ഞാനൊക്കെ അതുപോലെ നിലമേലിൻ്റെ മുക്കിലും മൂലയിലും നഷ്ടപെട്ടതെന്തോ വീണ്ടെടുക്കാനെന്ന മട്ടിൽ നിത്യവും അലഞ്ഞു നടന്നിരുന്ന നാളുകളായിരുന്നല്ലോ അത്. (നിലമേൽ ഒരു കോളേജുള്ളതായിരുന്നു നില മേലിൻ്റെ  പ്രത്യേക ആകർഷണമെന്ന് പറയേണ്ടതില്ലല്ലോ). അക്കാലത്ത് നമുക്കിടയിൽ എന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സംഗീത് ഞങ്ങൾക്ക്, പ്രത്യേകിച്ച് കലാപ്രേമികൾക്കൊക്കെ ഒരു കൗതുകമായിരുന്നു.

നിലമേൽ തന്നെ എത്രയോ വേദികളിൽ സംഗീത് പാടിയിരുന്നു. നിലമേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടപ്പാറയിലുള്ള എൻ്റെ ഉമ്മയുടെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. അവിടെ നിന്നു നോക്കിയാൽ നിലമേൽ ജംഗ്‌ഷനും അതിനു ഒരു വശത്തുള്ള കുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന  എൻ.എസ്.എസ് കോളേജും കാണാം. നിലമേലിലും കോളേജിലുമൊക്കെ മൈക്കു വച്ചുകെട്ടി നടത്തിയിരുന്ന എല്ലാ പരിപാടികളുടെയും ശബ്ദരേഖ ഞങ്ങളുടെ വീട്ടിൽ നന്നായി കിട്ടും. നിലമേൽ അമ്പലത്തിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ വ്യക്തമായും കിട്ടിയിരുന്നു. ശബരിമല മണ്ഡലകാലത്ത് എല്ലാ ദിവസവും നിലമേൽ അമ്പലത്തിൽ വിളക്കും ഭജനപ്പാട്ടും കാണും. എല്ലാ വർഷവും ഒരു ദിവസം അവിടെ നിലമേൽ സംഗീത് നയിക്കുന്ന സ്പെഷ്യൽ ഭജന ഗാനമേള കാണും. അന്ന് സംഗീത് വക  ശാസ്ത്രീയ സംഗീതവും കീർത്തനങ്ങളുമൊക്കെ ഉണ്ടാകും. അത് ഞാൻ വീട്ടിലിരുന്ന് കേട്ടിട്ടുണ്ട്.

നിലമേലിൻ്റെ സാംസ്കാരിക ജീവിതത്തിൽ നിലമേൽ സംഗീത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു സംഗീതിന്. ചെറുപ്പത്തിൽ നിലമേലിലെ കോൺഗ്രസ്സുകാരായ ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. നമ്മുടെ ടീമുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.   എന്നാൽ സംഗീതിന് അങ്ങനെ രാഷ്ട്രീയമെന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നും അദ്ദേഹം  പങ്കെടുത്തുന്നില്ല. ഈയടുത്ത് നിലമേൽ ഇ.എം.എസ് വായനശാലയിൽ ഒരു പരിപാടിയിൽ സംഗീത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ആലപിക്കുമ്പോഴാണ് ഞാൻ അവസാനമായി സംഗീതിനെ കണ്ടത്. ഗാനമേളകളിൽ അദ്ദേഹത്തിൻ്റെ ഫേവറൈറ്റ് ഗാനമായിരുന്നു 'കാട്, കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട് എന്ന ഗാനം '. പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ കബീർ റാവുത്തരുടെ ശേഷക്കാരനോ മറ്റോ ആണ് സംഗീതെന്ന് കേട്ടിട്ടുണ്ട്. നിലമേൽ സംഗീതിൻ്റെ യഥാർത്ഥ പേരു് അബ്ദുൽ അസീസ് എന്നാണെന്ന് എനിക്ക് തോന്നുന്നു. നല്ല ഓർമ്മയില്ല.  സാംസ്കാരികമായും രാഷ്ട്രീയമായും വളരെ ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥലമാണ് നിലമേൽ. മതസൗഹാർദ്ദത്തിനൊക്കെ മാതൃകയാണിവിടം. രാഷ്ട്രീയത്തിൽ ഇവിടെ സ്വന്തബന്ധങ്ങളോ ജാതിയോ മതമോ ഇല്ല. സംഭവബഹുലമായ ഒരു സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചരിത്രമുള്ള നിലമേലിന് നിലമേൽ സംഗീതിനെ മാറ്റി നിർത്തിയൊരു ചരിത്രമെഴുതാൻ കഴിയില്ല.

പക്ഷെ ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു.  ഇത്രയും നല്ലൊരു ഗായകന്, അതും സംഗീത ബിരുദമുള്ള ഒരു കലാകാരന് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ അവസരങ്ങളോ  ഭാവിയോ പ്രശസ്തിയോ ലഭിക്കാതെ പോയത് എന്തുകൊണ്ട്?. അത് നിലമേലിൻ്റെ എക്കാലത്തെയും ഒരു നൊമ്പരമായിരിക്കും. നിലമേൽ കുറച്ചു നാൾ മാത്രമ എൻ്റെ സ്ഥിരം തട്ടകമായിരുന്നുള്ളു. പിന്നെ ആവശ്യങ്ങൾ ഉള്ള സമയത്ത് മാത്രമേ നിലമേൽ പോകാറുണ്ടായിരുന്നുള്ളു. പിന്നീടുള്ള ദീർഘമായ കാലഘട്ടങ്ങളിൽ നിലമേൽ സംഗീതിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ ചെറുപ്പത്തിൽ നിലമേലിൻ്റെ പേര് നിലമേൽ സംഗീതിലൂടെ ലോകമറിയുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നു. അത്രയും മനോഹരമായിരുന്നു ആ ഗാന മാധുരി.  നിലമേൽബം ഗീതിൻ്റെ ആ ഗാനമാധുരി ഇനിയൊന്ന് കേൾക്കാൻ  ഒന്നെങ്കിലും ആരുടെയെങ്കിലും ശേഖരത്തിലെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. അതിന് ന്യൂ ജെൻ തലമുറക്കാർ സംഗീതിനെ അറിയാതെ പോയില്ലേ? അറിയുമായിരുന്നെങ്കിൽ സംഗീതിനെ അറിയാനുതകുന്ന എന്തെങ്കിലുമൊരു സൃഷ്ടിയും ശേഖരവും ഉണ്ടാകുമായിരുന്നു. ഏറെ നഷ്ടബോധങ്ങളോടെ എന്നെ അറിയത്ത- എന്നാൽ എനിക്കറിയമായിരുന്ന- നിലമേൽ സംഗീതിന് എൻ്റെ ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല)

............................................................

Wednesday, March 4, 2020

കളിയല്ല, ഫാസിസം

കളിയല്ല, ഫാസിസം

വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിർത്തുന്നതിൽ വിജയം കണ്ടു കൊണ്ടിരിക്കുന്ന ബി.ജെ.പിക്കല്ലാതെ ഇനി ഇന്ത്യയിൽ അധികാരം ലഭിക്കില്ലെന്ന ആത്മവിശ്വാസത്തിലൂന്നിയ  നിയമ നിർമ്മാണങ്ങളിലൂടെ അധികാര കേന്ദ്രീകരണം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ് ബി.ജെ.പി. ജി. എസ്. ടി, കാശ്മീരിലെ ഇടപെടൽ, പൗരത്വ ബിൽ, ഇപ്പോഴിതാ സഹകരണ ബാങ്കുകൾ റിസർവ്വുബാങ്കിൻ്റെ നിയന്ത്രണത്തിലാക്കാൻ നിയമം വരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർവെർന്നെടുക്കുന്നു.

ഉത്തരേന്ത്യയിലൊക്കെ നടക്കുന്നതെന്നായും ചിതറിയുമുള്ള പ്രക്ഷോഭങ്ങളെല്ലാം തീയിൽ വീഴുന്ന ഈയാംപാറ്റകളുടെ അവസ്ഥയിലേക്കെത്തും. ഡൽഹി കലാപം പോലെ. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള വിശാ സഖ്യമാണ് ഇവിടെ വേണ്ടത്. ഒറ്റയ്ക്കും തെറ്റയ്ക്കമുള്ള ധർണ്ണകളും ഡിബേറ്റുകളും കൊണ്ട് കുറച്ചു ജനങ്ങൾക്ക് വിജ്ഞാനം പകരാം. പക്ഷെ കടുത്ത വർഗ്ഗീയ-രാഷ്ട്രീയ ഫാസിസ്റ്റുകളെ നേരിടാൻ ഈ പിള്ളേരു കളികളൊന്നും പോര.

ബി.ജെ.പിയെ എതിർക്കാൻ രാജ്യത്താകെ അടിത്തറയുള്ള ഒരു കേന്ദ്രീകൃത പാർട്ടി ഇപ്പോൾ ഇല്ലാത്ത സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തും ശക്തിയും സ്വാധീനവുമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് ഒരു വിശാല സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയല്ലാതെ അവർ അധികാരത്തിൽ തുടരുവോളം ഒരു പ്രക്ഷോഭങ്ങളും വിജയിക്കില്ല. കുറച്ചു പേരുടെ ജീവൻ കുരുതി കൊടുക്കാമെന്നു മാത്രം!

Sunday, March 1, 2020

25 രൂപയ്ക്കുള്ള ഊണ്

25 രൂപയ്ക്കുള്ള ഊണ് 

ഇപ്പോൾ ചില ഭാഗങ്ങളിൽ നിന്ന് ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. കേരള സർക്കാർ പ്രഖ്യാപിച്ച 25 രൂപയുടെ ഊണു കട വിജയിക്കുമോ എന്നതാണവരുടെ സംശയം. പ്രധാനമായും ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നവർക്കാണ് അല്പം 'ഭയാശങ്കകൾ' നിഴലിക്കുന്ന ഈ സംശയം. തട്ടത്തുമലയിൽ തൃപ്തി കല്യാണി എന്നൊരു ഒരു കൊച്ചു കടയും (പലപ്പോഴും അത്രമേൽ ലാഭകരമല്ലെങ്കിൽ പോലും) അവിടെ നിന്ന് ആഴ്ചയിൽ നാലും അഞ്ചും ദിവസം മുടങ്ങാതെ കിടപ്പു രോഗികൾ ഉൾപ്പെടെ മുപ്പതോളം നിർദ്ധനർക്ക് ഭക്ഷണം നൽകി വരുന്ന അനുഭവത്തിൽ നിന്നു പറയട്ടെ; നടക്കും. തുടർന്നും സർക്കാരിൻ്റെ കൈത്താങ്ങുകളും കൂടിയുണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ നടക്കും. ഈ പദ്ധതിയുടെ പ്രത്യേകതയായ മീൽസ് ഷെയറിംഗും കൂടിയാണെങ്കിൽ പറയാനുമില്ല. 

ഞങ്ങൾ കുറച്ചു കടക്കാർ വലിയ ലാഭം നോക്കാതെ പരമാവധി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്നതു കൊണ്ട് ഉയർന്ന വിലയും കുറച്ചു കൂടി സമൃദ്ധമായ ഭക്ഷണവും നൽകുന്ന ഒരു ഹോട്ടലുകൾക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. എന്നതുപോലെ ഹോട്ടലുകൾ നടത്തി ഉപജീവനം നടത്തുന്ന ആരെയും സർക്കാരിൻ്റെ ഈ സംരംഭം പ്രതികൂലമായി ബാധിക്കുകയില്ല. ഇപ്പോൾ തന്നെ എത്രയോ ഹോട്ടലുകൾ ! ചിലത് നിലനിൽക്കും. ചിലത് നിന്നു പോകും. അല്ലാതെ സർക്കാരിൻ്റെ പട്ടിണി രഹിത കേരളം എന്ന സദുദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതി കൊണ്ട് കേരളത്തിലെ ചെറുകിട ഹോട്ടൽ വ്യവസായങ്ങളൊന്നും തകർന്നു പോകില്ല. 

ഇനി അഥവാ ഇത് നാടാകെ വന്നാൽ, ഏതെങ്കിലും കടയെ ബാധിച്ചാൽ അവർ ബിസിനസ് ഒന്നു മാറ്റിപ്പിടിക്കണം. അത്ര തന്നെ! തൊഴിൽ മേഖലകൾ വേറെയുമുണ്ടല്ലോ! പട്ടിണി കൊണ്ട് കേരളത്തിൽ ആരും മരിക്കരുത്. അതിനു വേണ്ടി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുക. അതിനെ പിന്തുണയ്ക്കുക!