ഷാഹിദാ കമാലും ഡോക്ടറേറ്റും
ഷാഹിദാ കമാലിനെയെന്നല്ല ഒരു രാഷ്ട്രീയ സെലിബ്രിറ്റികളുമായും നേരിട്ട് പരിചയമൊന്നുമില്ല. പക്ഷെ അവരോടെല്ലാം ബഹുമാനമുണ്ട്. ഷാഹിദാ കമാലിനോട് ഇഷ്ടവും ബഹുമാനവും ഏറെയുണ്ട്. അവർക്ക് ഏതോ ഡോക്ടറേറ്റ് കിട്ടിയെന്നറിഞ്ഞു. സന്തോഷം. ഉള്ള് നിറഞ്ഞ അഭിനന്ദനങ്ങൾ! എന്നാൽ രാഷ്ട്രീയമുൾപ്പെടെ പൊതുപ്രവർത്തനം നടത്തുന്നവർക്ക് അലങ്കാരമായി എൽ.എൽ.ബിയും ഡോക്റേറ്റും മറ്റ് ഏതെങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതയുടെ കനവും വേണമെന്ന അലിഖിതനിയമം ചില തല്പരകക്ഷികൾ സ്വയം നിർമ്മിച്ച് കൊണ്ടു നടക്കുന്നുണ്ട്. അതംഗീകരിക്കാനാകില്ല. അതൊക്കെയങ്ങ് പള്ളിയിലോ ചർച്ചിലോ അമ്പലത്താലോ എവിടാന്നു വച്ചാൽ ചെന്ന് പറഞ്ഞാൽ മതി.
ഷാഹിദാ കമാലിനെ പോലുള്ളവർ അക്കൂട്ടത്തിൽ പെടാനും പാടില്ല. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും കർമ്മമണ്ഡലങ്ങളിലോ നിന്ന് പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ നൽകുന്ന സംഭാവനകളെ വച്ചാണ് ഒരു വ്യക്തിയെ അളക്കുന്നത് ഷാഹിദാ കമാലിനെയും അതെ. ഷാഹിദാ കമാലിനെ നമുക്കിഷ്ടപ്പെടാൻ അവർ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. അതിന് ഒരു ഡോക്ടറേറ്റിൻ്റെ പിൻബലം ആവശ്യമില്ല.
ഡോക്ടറേറ്റ് അഭിമാനപൂർവ്വം സൂക്ഷിച്ചു വച്ചോളൂ. പേരിൻ്റെ മുന്നിൽ ഡോ. എന്ന് ചേർത്തും വച്ചോളൂ. പക്ഷെ നമുക്ക് (സോറി എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന തലതിരിഞ്ഞവർക്കും) ഷാഹിദാ കമാൽ ഇന്നലെയെന്ന പോലെ ഇന്നും നാളെയും ഷാഹിദാ കമാൽ എന്ന മാതൃകാ പൊതു പ്രവർത്തക മാത്രമായിരിക്കും!
ബിരുദങ്ങൾ കൂടുന്തോറും അഹങ്കാരം വരാനും ജനങ്ങളിൽ നിന്ന് അകലാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈലജ ടീച്ചർക്കും എം.എം മണിക്കുമൊന്നും എൽ.എൽ.ബിയും ഡോക്ടറേറ്റും ഇല്ലാതിരുന്നതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ ഇല്ലാത്തതു കാരണം ദോഷങ്ങളേതുമുണ്ടായിട്ടില്ല.