ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്.
എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഞാൻ എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല. നല്ലതും അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല.
ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്.
ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്. മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു.
പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!).
എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.
1 comment:
ആത്മകഥപരമായ നല്ല വിലയിരുത്തൽ
Post a Comment