Sunday, June 6, 2021

സ. വി. ശിവൻ‌കുട്ടി

സ. വി ശിവൻകുട്ടി

(രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ സമയത്ത് എഫ് ബിയിൽ എഴുതിയത്)

ഞാൻ ആദ്യമായി എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വി.ജെ.റ്റി ഹാളിൽ വച്ചായിരുന്നു സമ്മേളനം. അന്ന് ജില്ലാ പ്രസിഡൻ്റ് സ.ബി.ബാലചന്ദ്രനും സെക്രട്ടറി സ.വി.ശിവൻകുട്ടിയുമായിരുന്നു. സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള തീയതി. സഖാവ് ശിവൻ കുട്ടിയായിരുന്നെന്ന് തോന്നുന്നു ചെയർമാൻ സ്ഥാനാർത്ഥി. നോമിനേഷൻ സമയത്ത് എന്തോ കശപിശയുണ്ടായ വിവരം സമ്മേളന ഹാളിൽ എത്തി. കെ.എസ്.യുക്കാർ അക്രമാസക്തരാണത്രേ! ചില വനിതാസഖാക്കളാണ് വിവരം അറിയിച്ചത്. നമ്മൾ സ്കൂൾ പിള്ളേരെയും പെൺകുട്ടികളെയുമെല്ലാം ഹാളിലിരുത്തി മറ്റ് ആൺ പ്രതിനിധികൾ അങ്ങോട്ട് കുതിച്ചു. നല്ല സമയം കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ച് സഖാവ് ശിവൻകുട്ടിയെയും കൊണ്ട് മടങ്ങിവന്നു. (ആ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ കെ.എസ്.യു നേതാവ് ശരത്ചന്ദ്ര പ്രസാദ് ജയിച്ചെന്നാണ് ഓർമ്മ).

പിന്നീട് ബാലസംഘത്തിൻ്റെ ജില്ലാ കമ്മിറ്റിക്കും പരിപാടികളിലുമൊക്കെ പങ്കെടുക്കാൻ പോകുമ്പോൾ സ്ഥിരം കാണാറുണ്ടായിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത് വെള്ള ഷർട്ടിൽ ഇടതുവശത്ത് ചുവന്ന നക്ഷത്രം തുന്നിപ്പിടിപ്പിച്ച ഷർട്ടുമിട്ട് ഒരു ബാലസംഘം പരിപാടിക്ക് അത്രയും ആവേശക്കാരനായ ഞാൻ നടന്നു പോകുമ്പോൾ വഴിയിൽ നിന്ന സഖാക്കൾ കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിയും കൂടി എന്നെ അടുത്തേക്ക് വിളിച്ചു. സ.ശിവൻകുട്ടി എൻ്റെ ഉടുപ്പിലെ നക്ഷത്രത്തിൽ തൊട്ടു വാത്സല്യപൂർവ്വം ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നു. (എന്തെങ്കിലും പാർട്ടി പരിപാടിക്കല്ലാതെ ഇത്തരം പ്രചരണപരമായ വേഷം ഇട്ട് നടക്കരുതെന്ന് കിളിമാനൂരിലെ ഒരു ഏരിയാ നേതാവ് ഉപദേശിക്കുന്നതുവരെ നക്ഷത്രം തുന്നിപ്പിടിപ്പിച്ച ആ ഷർട്ട് ഞാൻ സ്ഥിരമായി ധരിച്ചു നടന്നിരുന്നു.)

നിലമേൽ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഖാവ് ശിവൻകുട്ടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഏതാനും എസ്.എഫ്.ഐ വിദ്യാർത്ഥികളെയും കെ.എസ്.യു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും നിലമേൽ ജംഗ്ഷനിൽ നിരാഹാരസമരം നടത്തിയിരുന്നു. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ഒരു ദിവസം ശിവൻകുട്ടി ഒറ്റയ്ക്ക് കെ.എസ്.ആർ.റ്റി.സി ബസ്സിറങ്ങി എസ്.എഫ്.ഐ യുടെ നിരാഹാര പന്തൽ സന്ദർശിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. നിലമേൽ ജംഗ്ഷനിൽ പിന്നീട് ഒരു പൊതുയോഗത്തിൽ വന്ന് എൽ.ഡി.എഫ് സർക്കാരിൻ്റെ മദ്യനയത്തെ സംബന്ധിച്ച് നടത്തിയ പ്രസംഗവും ഓർമ്മയുണ്ട്. (ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ യു.ഡി.എഫും രണ്ടാം വർഷം പഠിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരുമായിരുന്നു).

പിന്നീട് ഞാൻ എസ്.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമൊക്കെയായി തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ എത്തുന്നതിനു തൊട്ടു മുമ്പേ സ ശിവൻകുട്ടി എസ്.എഫ്.ഐ രംഗം വിട്ടിരുന്നു. തുടർന്ന് അന്ന് കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ ഉള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റായി. അക്കാലത്ത് ഉള്ളൂരും മെഡിക്കൽ കോളേജുമൊന്നും തിരുവനതപുരം കോർപ്പറേഷൻ്റെ ഭാഗം ആയിരുന്നില്ല. പിന്നീട് സഖാവ് പാർട്ടിയിലും സി .ഐ.റ്റി.യു രംഗത്തുമൊക്കെ സജീവമായിരിക്കെ തിരുവനന്തപുരം മേയറായി. മേയറായിരിക്കുമ്പോഴും എസ്.എഫ്.ഐക്കൊരാവശ്യം വരുമ്പോൾ - സമരമുഖങ്ങളിലും മറ്റും - ഓടിയെത്തിയിരുന്നു. പിന്നെ നേമത്ത് രണ്ട് വട്ടം എം.എൽ.എ, ഒരു വട്ടം തോൽവി. പിന്നെയിതാ നേമത്ത് വീണ്ടും എം.എൽ.എ ഇപ്പോൾ മന്ത്രിയും. എന്നും നമ്മുടെ ആവേശം. പണ്ടേയുള്ള ഇഷ്ടം കൊണ്ട് സഖാവിൻ്റെ ഓരോ വളർച്ചയും നിരീക്ഷിച്ചു കൊണ്ടിരുന്ന നിഷ്പക്ഷനല്ലാത്ത ഒരു നിരീക്ഷകർ ! എന്നെ ഇപ്പോൾ നേരിട്ട് അറിയാനിടയില്ലെങ്കിലും
ആശംസകൾ
സഖാവെ

(ഇ.എ.സജിം തട്ടത്തുമല )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ശിവൻ കുട്ടിയുടെ ജൈത്രയാത്ര ചരിതം