Friday, June 20, 2014

ജനവിധി 2014

ജനവിധി 2014

ഇക്കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ നാളിതവരെയുള്ള ചരിത്രഗതി മാറി മറിയുകയാണ്. ഇന്ത്യ ഒരു പുതിയ യുഗത്തിലേയ്ക്ക് കടക്കുകയാണ്. ജയിച്ചു കയറിയവർക്കും തോറ്റവർക്കുമടക്കം ഇക്കാലമത്രയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പാഠങ്ങൾ ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒപ്പം ജനങ്ങൾക്കും.  ആരു ജയിച്ചു എന്നതിനപ്പുറം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നുള്ളത് ഏത് തെരഞ്ഞെടുപ്പിലും പ്രസക്തമാണ്. എന്നാൽ അത് ജയിക്കുന്നവരും തോൽക്കുന്നവരും കാര്യമായി ഗൌനിക്കാറില്ല. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്യും.

ലിഖിതമോ അലിഖിതമോ ആയ ഒരു പ്രകടന പത്രികയുമായാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. ഇപ്പോൾ അധികാരത്തിലേറുന്നവർക്കും പ്രകടനപത്രികയുണ്ടായിരുന്നു. അപ്പോൾ സാങ്കേതികമായി അവരുടെ പ്രകടന പത്രികയിലെ  വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നെങ്കിലും അത് നടപ്പിലാക്കാനുള്ള അനുമതിയായി ഈ ജനവിധി വിവക്ഷിക്കപ്പെടും. അതിൽ ഏതൊക്കെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ഏതിലൊക്കെ തൊടാൻ കഴിയും എന്നുള്ളതൊക്കെ വെറെ കാര്യം. എന്തായാലും ഇപ്പോൾ ജയിച്ചവർക്ക് ശക്തനായൊരു നേതാവുണ്ട്. കേഡറ്റ് സ്വഭാവത്തിലുള്ള പാർട്ടിയുടെയും  പാർട്ടിയേതര പ്രസ്ഥാനങ്ങളുടെയും ശക്തമായ പിൻ‌ബലമുണ്ട്. ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് അവരുടെ  ഭരണ കാലയളവിൽ ഉണ്ടാവുകയും ചെയ്യും. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്നുള്ള ധാരണകളും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണല്ലോ.

ഏതായാലും രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണോ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്ന ഒരു സാഹചര്യം സംജാതമാകുമോ എന്നറിയില്ല. അതൊക്കെ കാത്തിരുന്ന് കാണുക. ഭരണമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന്റെ ഉത്തരമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങളെ എക്കാലത്തും വിഢികളാക്കാൻ കഴിയില്ലെന്നും സഹികെട്ടാൽ ജനം ഏതറ്റം വരെ പോകുമെന്നുമുള്ള പാഠം കൂടി  ഈ ജനവിധി നൽകുന്നുണ്ട്.
മതേതരത്വം പാടി നടന്നാൽ മാത്രം ജനങ്ങൾക്ക് വയറു നിറയില്ല എന്ന പാഠം മതേതര ലേബലിലുള്ള പാർട്ടികൾക്കില്ലാതെ പോയതിന്റെ ദു:ഖം മതേതരലേബലിലുള്ള പാർട്ടികൾ പങ്കിട്ടെടുക്കട്ടെ. യോജിപ്പും ഭിന്നിപ്പും എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലാതെ അധികാരത്തിനു വേണ്ടി മാത്രമാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് മുൻ‌കൂട്ടി കാണാൻ കഴിയാഞ്ഞിട്ടല്ല, നാളെ എന്തായാലും നമുക്കെന്താ നമ്മുടെ കാലം സുഭിക്ഷമാകണമെന്ന സ്വാർത്ഥ ചിന്തയുമായി ഭരിക്കുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്തവർ ഇനിയെങ്കിലും പാഠം പഠിച്ചാൽ നന്ന്.

എന്തായാലും ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അവരുടെ പ്രകടന പത്രികയിലെ വിവാദ വാഗ്ദാനങ്ങളും രഹസ്യവും പരസ്യവുമായ അവരുടെ വിവാദവിഷയകമായ അജണ്ടകളും ലക്ഷ്യങ്ങളും സംബന്ധിച്ച മതേതരവാദികളുടെ ആശങ്കകളും ഗുജറാത്തിൽ സംഭവിച്ച ചില പേടിപ്പെടുത്തുന്ന  ഓർമ്മകളും മാറ്റി നിർത്തിയാൽ  ഒരു രാഷ്ട്രീയക്കാരൻ, അതും ശക്തനായ ഒരു നേതാവ് രാജ്യഭരണത്തിനു നേതൃത്വം നൽകുന്നു എന്നത് ഒരു പ്രത്യേകതയാണ്. രാജ്യം ഭരിക്കേണ്ടത് ബ്യൂറോക്രാറ്റുകളല്ല, രാഷ്ട്രീയക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തെ ദയനീയമായി കൂപ്പുകുത്തിച്ചത് ഒരു ബ്യൂറോക്രാറ്റിനെ ഭരണ നേതൃത്വം ഏല്പിച്ചതിന്റെ ദുരന്തഫലമാണെന്ന് കോൺഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ട സമയം കൂടിയാണിത്. 

എന്തായാലും ജനവിധി ജനവിധിയാണ്. അതു പിന്നീട് ജനത്തിന്റെ തലവിധിയും തന്നെ. ഇനി മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ബി.ജെ.പി ഗവർണ്മെന്റ് ഇന്ത്യയുടെ ഗവർൺ‌മെന്റാണ്. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. അതുകൊണ്ട് മോഡി സർക്കാർ നമ്മുടെ എല്ലാം സർക്കാർ തന്നെ. ഇനി വിമർശന ബുദ്ധ്യാ ഭരണത്തെ നോക്കികാണുക. ഗുണഫലങ്ങൾ വല്ലതുമുണ്ടെങ്കിൽ അനുഭവിക്കുക. ദോഷങ്ങളുണ്ടായാൽ ജനധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്താൻ ശ്രമിക്കുക. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം  വളരെ വലുതാണ്.


(2014 മേയ് ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ എഡിറ്റോറിയൽ)

Friday, May 23, 2014

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് അനുകൂലമായി കേരള സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായം പ്രകടിപ്പിച്ചതായി വാർത്ത വന്നിരിക്കുന്നു. കേരളത്തിൽ സ്കൂൾ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ മുമ്പും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. കോടതികളെ സമീപിച്ചിട്ടുണ്ട്. ചില അനുകൂല വിധികൾ സമ്പാദിക്കുകയും അത് പിന്നീട് സ്കൂൾ- കലാലയ രാഷ്ട്രീയത്തെ കുറച്ചൊക്കെ പ്രതികൂ‍ലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാലയ രാഷ്ട്രീയം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്നില്ല. ലിങ്ദോ കമ്മീഷന്റെയും മറ്റും ചില ഇടപെടലുകൾ കലാലയ രാഷ്ട്രീയം,  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അരാഷ്ട്രീയ വാദികൾ തൃപ്തരായില്ല. അവർക്ക് വേണ്ടത് സമ്പൂർണ്ണ നിരോധനമാണ്. അതിനായി അവർ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് ഇത്തരകാരിൽ ചിലർ  കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. സ്വകാര്യ മാനേജുമെന്റുകൾക്ക് തങ്ങളുടെ തോന്ന്യാസങ്ങൾ നടത്താൻ പലപ്പോഴും കലാലയ രാഷ്ട്രീയം തടസ്സമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം ഇല്ലാത്ത കലലയങ്ങളിൽ തികഞ്ഞ അരജകത്വം ഉണ്ടാകുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത്തരം കലാലയങ്ങളിൽ  കാമ്പസ്  രാഷ്ട്രീയത്തിന്റെ അഭാവത്തിൽ   ക്രിമിനൽ സ്വഭാവമുള്ള കാളികൂളി പിള്ളെരുടെ  ഗ്യാംഗുകളും ഗ്യാംഗ് വാറുകളും ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വലിയ വിപണീകളായി അത്തരം കലാലയങ്ങൾ മാറുന്നു. വിദ്യാർത്ഥികൾ വർഗ്ഗീയവാദികളും തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മാറാനും അരാഷ്ട്രീയ കലാലയങ്ങൾ കാരണമാകും.  അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അരാജകത്വമാകും അരാഷ്ട്രീയ കലാലയങ്ങളിൽ സംഭവിക്കുക.

സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും വരും തലമുറയിൽ അന്യം നിൽക്കാനാകും കലാലയ രാഷ്ട്രീയ നിരോധനം സഹായകമാകുക. പണ്ട് കലാലയ സംഘട്ടനങ്ങളുടെ പേരു പറഞ്ഞാണ് ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ രംഗത്തിറങ്ങിയിരുന്നത്. ചിലർ  അക്കാഡമിക നിലവാരം തകർച്ചയെക്കുറിച്ചും മുതലക്കണ്ണീ‍രൊഴുക്കി.  ഇന്നും  അരാഷ്ട്രീയവാദികൾ   വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്നത് വിദ്യാർത്ഥിസംഘട്ടനം,  അക്കാഡമിക നിലവാരത്തകർച്ച തുടങ്ങിയ വാദങ്ങളാണ്.  കലാലയ രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും പോലും അക്കാഡമിക നിലവാരം തകർക്കുന്നില്ല എന്നതണ് അനുഭവം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്നു വന്ന നേതക്കളെല്ലാം ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കിയിട്ടുള്ളവരാണ്. രാഷ്ട്രീയത്തിലൊന്നുമിറങ്ങാതെ പഠിക്കുന്ന എത്രയോ പേർ ഉഴപ്പിയും കളിച്ചു നടന്നും ലഹരി വസ്തുക്കൾക്കടിമപ്പെട്ടും അവരുടെ ഭാവി കളയുന്നുണ്ട്. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ബഹുഭൂരിപക്ഷവും കൈ നിറയെ ബിരുദങ്ങളും ബിരുദാ‍നന്തര ബിരുദങ്ങളുമായി തന്നെയാണ് പൊതു ധാരയിലേയ്ക്ക് വരുന്നത്. അവർ മറ്റുള്ളവർക്ക് മാതൃകകളുമാണ്. ഏതെങ്കിലും വിദ്യാർത്ഥിയുടെ അക്കാഡമിക്ക് ഭാവി തകരുന്നുണ്ടെങ്കിൽ അതിന്റെ കുറ്റം കലാലയ രാഷ്ട്രീയത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. കലാലയ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവരേക്കാൾ കൂടുതൽ അക്കാഡമികത്തകർച്ച മറ്റ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഏത് പ്രതിഭാസത്തിന്റെ  തലയിൽ കെട്ടിവയ്ക്കും?

പണ്ട് കലാലയ രാഷ്ട്രീയം കത്തിനിന്ന കാലങ്ങളിൽ നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ അവ സംഘർഷാത്മകമാകുമായിരുന്നു എന്നത് നേരുതന്നെ. ഇന്നും പലപ്പോഴും സംഘർഷങ്ങൾ നടക്കുന്നുണ്ട്. അടിപിടി അക്രമങ്ങൾ കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. അത് സമൂഹത്തിന്റെ  പല മേഖലകളിലും സംഭവിക്കുന്നുണ്ട്. അതിനെ നേരിടാൻ നിയമങ്ങളുമുണ്ട്. എങ്കിലും കലാലയങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കി കലാലയ രാഷ്ട്രീയം സർഗ്ഗാത്മകവും  സംവാദാത്മകവുമാക്കി  നിലർത്തുവാനുള്ള നിയന്ത്രണങ്ങൾ സ്വാഗതാർഹമാകും. അല്ലാതെ സമ്പൂർണ്ണ വിദ്യാർത്ഥി‌രാഷ്ട്രീയ നിരോധനം ജനാധിപത്യവിരുദ്ധമാണ്. അത് ഭൂഷണമല്ല. കലാലയത്തിലല്ല, എവിടെയും രാഷ്ട്രീയം  നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമാധാനപരമായി സംഘടിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും  സമരം ചെയ്യുവാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന എല്ലാ പൌരൻ‌മാർക്കും  നൽകുന്നുണ്ട്. കലാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും പുറത്തും എവിടെയും ഈ പൌരാവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. കലാലയ മാനേജു  മെന്റുകൾ വിദ്യാർത്ഥിരാഷ്ട്രീയം നിഷേധിച്ചു കൊണ്ടുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ഇറക്കുന്നതും അതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് ഒപ്പു വയ്പ്പിക്കുന്നതും പോലും  ഭരണഘടനാ വിരുദ്ധമാണ്.

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബഹുമാനപ്പെട്ട നീതി പീഠങ്ങളായാലും ഭരണകൂടമായാലും കോളേജ് മാനേജുമെന്റുകളായാലും അത്  ഭരണഘടനാ വിരുദ്ധമാണ്. ഭരണ കൂടം ഈ സ്വാതന്ത്ര്യ നിഷേധത്തിന് ഒത്താശ ചെയ്ത് അതിനുകൂട്ടുനിന്നാൽ അത് ഭരണകൂട ഭീകരതയാണ്. നമ്മുടെ കലാലയങ്ങൾ സംഘർഷ രഹിതവും എന്നാൽ തികച്ചും ജനധിപത്യപരമായി രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉള്ളവയും സർഗ്ഗാത്മകവും സംവാദാത്മകവും  ആകണം. മാറുന്ന  കാലത്തിനനുസരിച്ച് അതിന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം,  ആവശ്യമായ നിയന്ത്രണങ്ങൾ  എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാം.  അല്ലാതെ രാഷ്ട്രീയ നിരോധനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. അത് കലാലയങ്ങളിലായലും മറ്റെവിടെയായാലും. ഭാവി തൽമുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ അവർ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാർജ്ജിക്കണം. അവർ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം.  അവർ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരും  ആകണം. പക്വമാർന്ന ഒരു ജനധിപത്യ സമൂഹം ഇവിടെ വളർന്നു വരണം. രാജ്യത്തിന്റെ ഭാവി ഭാവി‌തലമുറയിലാണ്. അവർ കേവലം പുസ്തകപ്പുഴുക്കളും  സ്വാർത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവീയ സ്നേഹവും രാഷ്ട്രീയബോധവും ജനാധിപത്യ ബോധവും   ഉള്ളവരാകണം. വരും തലമുറ രാജ്യ സ്നേഹവുമുള്ള ഉത്തമ പൌരൻ‌മാരാകണം. അതിന് സർഗ്ഗാത്മകവും സമാധാന പൂർണ്ണവുമായ കലാലയങ്ങൾ ഉണ്ടാകണം. അതിന് കലാലയങ്ങളിൽ  രാഷ്ട്രീയവുമുണ്ടാകണം.

(2014 ഏപ്രിൽ ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ)

Sunday, April 20, 2014

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

(തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയത്)

നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തിലെ  ലോകസഭാ മണ്ഡലങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുപ്പ്  നടന്നു കഴിഞ്ഞു. ഇവിടെ എൽ. ഡി. എഫും യു. ഡി. എഫും വിജയപ്രതീക്ഷയിലാണ്. രാജ്യത്ത് ബി. ജെ. പി യും കോൺഗ്രസ്സും  മൂന്നാം മുന്നണിയും  അധികാരത്തിൽ വരാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോൽക്കും ആര് അധികാരത്തിൽ വരും എന്നുള്ളതൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മുടെ ജനാധിപത്യം എവിടെയെത്തി നിൽക്കുന്നുവെന്നുള്ളതും ചിന്താവിഷയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപരീക്ഷണശാല എന്നൊക്കെ ഇന്ത്യയെപ്പറ്റി പറയുന്നുണ്ട്. വിപുലമായ ജനസംഖ്യയും ബഹുകക്ഷി സമ്പ്രദായവും മുടങ്ങാതെയുള്ള തെരഞ്ഞെടുപ്പുകളും മറ്റും വച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിശേഷണത്തിന് ഇന്ത്യ അർഹമല്ല എന്ന് പറയാനാവില്ല. എന്നാൽ പരിപക്വമായ ഒരു ജനാധിപത്യസമൂഹം നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് നമുക്ക് കരുതാനാകുമോ? ശരിയായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അറിവും വിവേകവും ആർജ്ജിച്ചവരാണോ നമ്മുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ?

ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾ നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലുമാണ്ട് കഴിയുന്നവരാണ്. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും ജനങ്ങൾ ഭൂരിപക്ഷമാണ്. അത്തരമൊരു ജനതയിൽ പരീക്ഷിക്കപ്പെടുന്ന  ജനാധിപത്യം എത്രകണ്ട് ഫലപ്രദമാകും? നമ്മുടെ രാജ്യത്ത് പല മേഖലകളിലും വമ്പിച്ച  വികസനം നടന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും പട്ടിണി, ദാരിദ്രം, നിരക്ഷരത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങൾ വളരെ ഗുരുതരമായ രീതിയിൽ തന്നെ ഇന്നും തുടരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ നാളിതുവരെ നടന്ന ജനവിധികൾ വിവേകപൂർവ്വമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും.

ജനങ്ങൾക്ക് വോട്ടവകാശം നൽകി എന്നതുകൊണ്ട് മാത്രം ജനാധിപത്യം വിജയിക്കില്ല. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ കഴിവ് കൂടി വർധിച്ചാലേ യഥാ‌ർത്ഥ ജനവിധി നടക്കൂ. അത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിവേകത്തിലൂടെ മാത്രമേ സാധ്യമാവൂ. ഒപ്പം നീതിപൂർവ്വകവും സമധാനപരവുമായ തെരഞ്ഞെടുപ്പുകളും നടക്കണം. നിർഭാഗ്യവശാൽ ഇന്ത്യയിൽ മിക്കയിടങ്ങളിലും അതൊന്നുമല്ല നടക്കുന്നത്. ഐവരിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് ഇത് കാലാണെന്നു പറഞ്ഞാൽ അംഗീകരിക്കേണ്ട ചില ദൌർബല്യങ്ങളും ജനാധിപത്യത്തിന്റെ കൂടെപ്പിറപ്പായുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയമറിയില്ല. ജനാധിപത്യമെന്തെന്നറിയില്ല. ആര് തെരഞ്ഞെടുക്കപ്പെടണമെന്നറിയില്ല. കാരണം അവർ നിരക്ഷരരാണ്. അവിടെ ജനാധിപത്യം പരാജയപ്പെടുന്നു. കേരളത്തിലെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനരീതികളൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവിടങ്ങളിൽ പണാധിപത്യമാണ് നടക്കുന്നത്. മറിച്ച് ജനാധിപത്യമല്ല. അവിടങ്ങളിൽ സമ്പന്നവർഗ്ഗങ്ങളും വൻ ഭൂപ്രഭുക്കളും പഴയ രാജപരമ്പരയുടെ പിന്മുറക്കാരും അധോലോക ഗുണ്ടാമാഫിയകളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും കൂടുതൽ പണമൊഴുക്കുന്നവർ വിജയിക്കും. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവർ വിജയിക്കും. ചിലയിടങ്ങളിൽ വോട്ട് വിലയ്ക്ക് വാങ്ങും.

കൊടിയ ക്രിമിനലുകളും രാജ്യദ്രോഹികളും വർഗ്ഗീയവാദികളും അഴിമതിക്കാരും ജനവിരുദ്ധഭരണം നടത്തുന്നവരും വീ‍ണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യൻജനാധിപത്യത്തിൽ നിന്നും എന്ത് പാഠമാണ് നാം പഠിക്കേണ്ടത്? ഇന്ത്യൻ ജനാധിപത്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്  എന്നതു തന്നെ. നീതിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെ ജയിച്ചു വരുന്നവരാണ് നല്ല്ലൊരു പങ്ക് ജനപ്രതിനിധികൾ. അവരെ ജനപ്രതിനിധികളെന്നു വിളിക്കാമോ? സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങൾ പോലും പലപ്പോഴും നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പല തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

തികച്ചും അർഹരല്ലാത്തവരെ തെരഞ്ഞെടുക്കുകയും അരഹരായവരെ അവഗണിക്കുകയും ചെയ്യുന്ന ജനവിധികൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അപ്പോൾ വിദ്യാഭ്യാസം കൊണ്ടുമാത്രം പ്രബുദ്ധതയും വിവേകവും കൈവരില്ലെന്ന പാഠവും നമുക്ക് ലഭിക്കുന്നു. ജനങ്ങളെന്തായാലും തിരസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ വിജയിക്കുകയും ജനങ്ങളെന്തായാലും സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ  പരാജയപ്പെടുന്നതുമായ അനുഭവങ്ങൾ കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ  എത്രയെങ്കിലും ഉണ്ട്.  അപ്പോൾ നമ്മുടെ ജനാധിപത്യം ഇനിയും പരിപക്വമാകേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നു പറഞ്ഞാൽ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള കഴിവ് വർധിപ്പിക്കുക, നിർഭയമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക നീതിപൂർവ്വകമായ തെരഞ്ഞടുപ്പുകൾ എല്ലായിടത്തും ഉറപ്പു വരുത്തുക, ശരിയായ ജനാധിപത്യ വിദ്യാഭ്യാസം പൌരന്മാർക്കു നൽകുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട് എന്നു മാത്രം പറഞ്ഞ് തൽക്കാലം ഈ കുറിപ്പിന് വിരാമമിടുന്നു.        

Friday, January 31, 2014

നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മസികയിൽ എഴുതിയ ലേഖനം


നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

`കെ.പി.എ.സി-യുടെ പുതിയ നാടകം ‘നീലക്കുയിൽ’ കണ്ടു. ഇഷ്ടമായി. നല്ല ആവിഷ്കാരം. ഉറൂബിന്റെ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത പ്രശസ്ത സിനിമയായ നീലക്കുയിലിന്റെ നാടകീയാവിഷ്ക്കാരമാണ് ഈ പുതിയ നാടകം. ഒരു സിനിമ നാടകമാക്കുമ്പോൾ സിനിമയെ അപേക്ഷിച്ച് നാടകത്തിന് ചില പരിമിതികൾ ഉണ്ട്. എന്നാൽ ആ പരിമിതികളെ ഏറെക്കുറെ തരണം ചെയ്ത് ഉറൂബിന്റെ മൂല കൃതിയുടെയും സിനിമയുടെയും പ്രധാന പ്രമേയം അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടെയും  കാണികൾക്കു മുന്നിൽ എത്തിക്കുവാൻ നാടകത്തിനു കഴിഞ്ഞു. നാടകത്തിന്റെ സന്ദേശം ശക്തമായിത്തന്നെ കാണികളുടെ മനസിലേയ്ക്ക് കടത്തി വിടുന്നതിൽ ഈ നാടകം വിജയം കണ്ടു. തിന്മകളെ തിരസ്കരിക്കുവാനും നന്മകളെ സ്വാംശീകരിക്കുവാനുമുള്ള ആഹ്വാനം ഇതിന്റെ മൂല കൃതിയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതാണ്. അതിൽ ഒട്ടും ചോർച്ചയില്ലാതെ നാടകീയാവിഷ്കാരം നിർവ്വഹിക്കുവാൻ കഴിഞ്ഞു എന്നതിൽ ഇതിന്റെ ശില്പികൾക്ക് ആശ്വസിക്കാവുന്നതാണ്, അഭിമാനിക്കാവുന്നതാണ്.  കെ.പി.എ.സിയുടെ എല്ലാ നാടകങ്ങളും ഓരോന്നും ഓരോന്നിന്റേതായ മികവ് പുലർത്തുന്നവയാണ്. നീലക്കുയിലും അതെ. അതിലെ എല്ലാ കഥാപാത്രങ്ങളെയും തനത് രൂപഭാവങ്ങളോടെ തന്നെ അരങ്ങിലെത്തിക്കാൻ നാടക രചയിതാവിനും സംവിധായകനും നടന്മാർക്കും മറ്റ് അണിയറ ശില്പികൾക്കും  കഴിഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നീലക്കുയിലിന്റെ  നാടകരൂപാന്തരീകരണത്തിന്റെ രചനാകർമ്മം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

കേരളീയ ജനതയെ ഒരു കാലത്ത് ഏറെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും ഉത്തേജക ഔഷധമായി വർത്തിക്കുകയും ചെയ്ത നാടകം എന്ന രംഗകലയുടെ ശക്തി വിളിച്ചറിയിക്കുന്നതായി കെ.പി.എ.സിയുടെ ഈ പുതിയ നാടകം  നീലക്കുയിൽ.  ഓരോ  കാഴ്ചക്കാരനും  ഈ നാടകം അത്യന്തം  വൈകാരിക തീവ്രതയോടെ കനിവു നിറഞ്ഞ മനസ്സും  ഈറനണിഞ്ഞ കണ്ണുകളുമായി  കണ്ടിരിക്കുകയും നന്മയുടെ- മാനുഷിക മൂല്യങ്ങളുടെ  അംശങ്ങളെ സ്വമനസ്സുകളിലേയ്ക്ക് ആവാഹിച്ചുകൊണ്ടു  പോകുകയും ചെയ്യും. ഈ നാടകം ഉയർത്തിപ്പിടിയ്ക്കുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിന്റെ മുദ്രാവാക്യങ്ങളാക്കി മാറ്റാനുള്ള കരുത്ത് ഈ നാടകത്തിനും അതു നൽകുന്ന സന്ദേശത്തിനുമുണ്ട്. ദുരഭിമാനത്തിനും കപടസദാചാ‍ര ബോധത്തിനും നേർക്ക് മൂലകൃതി നിവർത്തിപ്പിടിക്കുന്ന കണ്ണാടി നാടകത്തിലും അതേപടി ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കുട്ടികളെയും കൌമാരക്കാരെയും യുവതയെയുമൊക്കെ നീലക്കുയിൽ പോലുള്ള നാടകങ്ങൾ കാണിക്കുകതന്നെ വേണം. നന്മ തിന്മകളെ വേർതിരിച്ചറിയുവാനും മാനുഷിക മൂല്യങ്ങളെ അവരുടെ മനസ്സുകളിലേയ്ക്ക് സന്നിവേശിപ്പിക്കുവാനും നീലക്കുയിൽ പോലുള്ള നാടകങ്ങൾക്കു കഴിയും. എന്നാൽ നിർഭാഗ്യവശാൽ പുത്തൻ തലമുറ നാടകത്തോട് വേണ്ടത്ര ആഭിമുഖ്യം പുലർത്തുന്നില്ല. കാണികളിൽ ബഹുഭൂരിപക്ഷവും മദ്ധ്യവയസ്സ് പിന്നിട്ടവരായിരുന്നു. നാടകത്തോട് പുത്തൻ തലമുറയെ അടുപ്പിക്കുന്നത് നന്നായിരിക്കും. കാരണം ജനങ്ങളെ പ്രായഭേദമെന്യേ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു കലാരൂപമാണ് നാടകം. ഇന്നത്തെ ഏറ്റവും വലിയ ജനകീയ മാധ്യമം സിനിമ തന്നെ. ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമവുമാണ് സിനിമ. സിനിമ പ്രചാരം നേടുന്നതിനു മുമ്പ് ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് നാടകമാണ്. ഇന്നും നാടകത്തിന് സിനിമയെക്കാൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതാനും ന്യായങ്ങളുണ്ട്. കാരണം ആസ്വാദകരായ ജനങ്ങളോട് സിനിമയെക്കാൾ ഏറെ അടുത്തു നിൽക്കുന്ന മാധ്യമമാണ് നാടകം. അവിടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് അഭിനേതാക്കൾ നേരിട്ട് ജനങ്ങൾക്ക് മുന്നിൽ നിന്നാണ്. അതുകൊണ്ടുതന്നെ നാടകത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ ജനങ്ങൾക്ക് പൂർണ്ണാർത്ഥത്തിൽ അനുഭവിക്കുവാൻ കഴിയും.

കച്ചവടതാല്പര്യം മാത്രം മുൻനിർത്തി ഇറക്കുന്ന തട്ടിക്കൂട്ട് നാടകങ്ങളിലും നന്മകളുടെ വിജയങ്ങൾ തന്നെയാകും ഘോഷിക്കുക. എങ്കിലും അവയിലൊക്കെ അറിഞ്ഞോ അറിയാതെയോ ധാരാളം പ്രതിലോമതകൾ കടന്നുകൂടിയിരിക്കും. ജനങ്ങൾക്ക് കൈമാറാൻ വലിയ സന്ദേശങ്ങളൊന്നും അവയ്ക്ക് ഉണ്ടാകില്ല. വെറും ഒരു നേരം പോക്ക്. എന്നാൽ പ്രൊഫഷണൽ സ്വഭാവത്തിലുള്ളവയാണെങ്കിലും എല്ലാ നാടകങ്ങളും അങ്ങനെയല്ല. ചിലതൊക്കെ നല്ല നിലവാരം പുലർത്തുന്നവയായിരിക്കും. സിനിമകളുടെയും  ടി.വി സീരിയലുകളുടെയും കുത്തൊഴുക്കിൽ നാടകത്തോട് പൊതു സമൂഹത്തിനുള്ള ആഭിമുഖ്യം കുറഞ്ഞു. ഇത് നമ്മുടെ സമൂഹത്തിന്റെ മൂല്യ ബോധത്തെയും രാഷ്ട്രീയ ബോധത്തെയുമൊക്കെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. കാരണം കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യ ബോധം വളർത്തുന്നതിൽ നാടകങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുന്നതിൽ വരെ കെ.പി.എ.സി നാടകങ്ങൾ ചെലുത്തിയിട്ടുള്ള സ്വാധീനം കേരളത്തിന്റെ ചരിത്ര രേഖകളിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. നാടകങ്ങൾക്ക് ഇനിയും നമ്മുടെ സമൂഹത്തെ ഉടച്ചുവാർക്കാനാകും. അതിന് നാടകങ്ങളുടെ ഒരു വസന്തകാലം ഇവിടെ തിരിച്ചു വരണം. ഒരു പുതിയ നാടക സംസ്കാരം വളർത്തിക്കൊണ്ടു വരണം. നാടകാസ്വാദനത്തിൽ താല്പര്യമുള്ളവരായി നമ്മുടെ ജനങ്ങളെ പരുവപ്പെടുത്തണം.

നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പല മൂല്യങ്ങളെയും തിരികെ കൊണ്ടു വരുവാൻ നാടകങ്ങൾക്ക് കഴിയും. സിനിമയ്ക്ക് കഴിയാത്തതുകൂടി നാടകത്തിനു കഴിയും. നാടകം ഒരേസമയം കലയും കലാപവുമാണ്. അന്നും ഇന്നും എന്നും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാണ് നാടകങ്ങൾ. ഓരോ നാടകവും ഓരോ സമരമാണ്, പോരാട്ടമാണ്. പലപ്പോഴും അത് കലാപമായും മാറുന്നു. കലയിലൂടെയുള്ള കലാപത്തിലൂടെ രക്തരഹിതമായ വിപ്ലവങ്ങളിലേയ്ക്ക് സമൂഹത്തെ ആനയിക്കാൻ കഴിയും. ഇനിയും നമ്മുടെ സമൂഹത്തിൽ പുതിയൊരു സാംസ്കാരിക വിപ്ലവം അനിവാര്യമാക്കുന്ന സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിരവധി പോരാട്ടങ്ങളിലൂടെ നാം നേടിയ സാമൂഹ്യ പരിഷ്കരണങ്ങളെ വൃഥാവിലാക്കും വിധം  സമൂഹം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ അപകടങ്ങൾ തരണം ചെയ്യാൻ നാടകം പോലുള്ള ജനകീയ കലാ മധ്യമങ്ങളെ സമരായുധങ്ങളായി നാം വീണ്ടും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഒരു ഉത്സവകാല വരുമാന മാർഗ്ഗമായും ഉത്സവപ്പറമ്പുകളിൽ നേരം പുലർത്താൻ വേണ്ടിയും ഉള്ള ഒരു ഉപാധി എന്ന നിലയിൽ പരിമിതപ്പെട്ടുപോയ നാടകകലയെ നമുക്ക് പഴയ പ്രതാപങ്ങളോടെ തിരിച്ചു പിടിച്ച് സാമൂഹ്യ നന്മയ്ക്ക് ഉപയോഗിക്കാൻ ഇനിയും വൈകരുത്. നാടകം മാത്രമല്ല, പല കലാരൂപങ്ങളെയും നാം പുനരുജ്ജീവിപ്പിയ്ക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ നന്മയ്ക്ക് സിനിമയ്ക്കും സീരിയലുകൾക്കും മാത്രമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കാലം തെളിയിച്ചിരിക്കുന്നു. വെറും വിനോദോപാധികൾ എന്നതിലപ്പുറം കലയും സാഹിത്യവും എല്ലാം സമൂഹ്യ പുരോഗതിയ്ക്ക് പ്രേരക ശക്തികളായി ഇനിയും മാറണം.

Tuesday, January 28, 2014

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം


(2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയ എഡിറ്റോറിയൽ)

പതിവുപോലെ കുറെ വിവാദങ്ങൾ ബാക്കിയാക്കി പതിനെട്ടാമത് അന്തർദ്ദേശീയ ചലച്ചിത്രമേളയ്ക്കും  തിരശ്ശീല വീണു. പതിനെട്ടു വർഷങ്ങളായി തുടർച്ചയായി തിരുവനന്തപുരത്ത് ഈ ആഘോഷം നടക്കുന്നു. സർക്കാരും സർക്കാരിന്റെ തന്നെ ഏജൻസിയായ ചലച്ചിത്രവികസന കോർപ്പറേഷനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇത്തരം മേളകൾ ആവശ്യവുമാണ്. അതിനു ഗുണപരമായി ചില ധർമ്മങ്ങൾ നിർവഹിക്കുവാനുമുണ്ട്. എന്നാൽ ഇതിന്റെ വിമർശനാത്മക വശങ്ങളും ചിന്തനീയമാണ്. സാധാരണ ചലച്ചിത്ര മേളകൾ എന്നു പറഞ്ഞാൽ അതൊരു ബുദ്ധിജീവി മഹോത്സവമായിട്ടാണ് കണക്കാക്കിവരുന്നത്. ബുദ്ധിജീവികളോ ബുദ്ധിജീവികൾ എന്നു നടിക്കുന്നവരോ ബുദ്ധിജീവിയാകാൻ ആഗ്രഹിക്കുന്നവരോ ഒക്കെയാണ് ഈ മേളയിലെ “മുഖ്യ ആകർഷണം.” എന്നാൽ സാധാരണക്കാരന് ഈ മേള കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. സാ‍ധാരണക്കാർ എന്നു പറഞ്ഞാൽ സിനിമാപ്രേമികളായ സാധാരണക്കാർ. ചലച്ചിത്രകലാസ്വാദകരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ കണക്കെടുത്താലും സാധാരണക്കാർക്കാണ് ഭൂരിപക്ഷം. നിർഭാഗ്യവശാൽ ഈ മേള മേൽപ്പറഞ്ഞതുപോലുള്ള ചില  പ്രത്യേകവിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണെന്ന  ഒരു ധാരണയോ തെറ്റിദ്ധാരണയോ പരക്കെയുണ്ട്. 

സ്ഥിരമായി ചലച്ചിത്രോത്സവം ആഘോഷിക്കുവാൻ എത്തുന്നവരുണ്ട്. അവരിൽ പ്രവേശനപ്പാസ് എടുത്തുവരുന്നവരിൽത്തന്നെ   ചിലർമാത്രം  കഴിയുന്നത്ര സിനിമകൾ കാണും. അനുബന്ധപരിപാടികളിൽ സജീവമായി പങ്കുകൊള്ളും. ചിലരാകട്ടെ തിയേറ്ററുകൾ തോറും കറങ്ങി നടക്കും. പല സിനിമാ പ്രതിഭകൾക്കും ഒപ്പം നിന്ന്  ചിത്രങ്ങളെടുക്കും. പടമൊന്നും തിയേറ്ററിൽ കയറിയിരുന്ന് കാണില്ല. ഇനിയും ചിലർ മേളയോടനുബന്ധിച്ചുള്ള കള്ളുസഭകളിൽ മാത്രം പങ്കെടുത്ത് അവരവരുടെ  ബുജിസ്ഥാ‍നം അരക്കിട്ടുറപ്പിക്കും. ഏറ്റവും രസകരമായ വസ്തുത മേളയിലേയ്ക്ക് ഒഴുകുന്നവരിൽ നല്ലൊരു പങ്ക് പ്രവേശന പാസ് പോലും എടുക്കാത്തവരാണ് എന്നുള്ളതാണ്. പാസ് എടുക്കേണ്ടത് എങ്ങനെയെന്നുതന്നെ ചിലർക്കറിയില്ല. എങ്കിലും അവർ മേളയ്ക്കെത്തിയിരിക്കും. തിയേറ്ററുകൾക്കു പുറത്ത് ബുജിസഭകൾ കൂടി അവർ വലിയ വലിയ ബൌദ്ധിക ചർച്ചകളിൽ ഏർപ്പെടും. മേളയെ കൊഴുപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണിവയൊക്കെയും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ചലച്ചിത്രമേള ഒരു കൌതുകോത്സവം തന്നെ. പക്ഷെ സമൂഹത്തിൽ മേൽ സൂചിപ്പിച്ചതു മാതിരിയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ചലച്ചിത്ര മേളയുടെ ഗുണഭോക്താക്കൾ. 

സിനിമ ഇഷ്ടപ്പെടാത്തവർ വിരളമാണ്. ലക്ഷോപലക്ഷം  സിനിമാസ്വാദകർ  ഇവിടെയുണ്ട്. എന്നാൽ മേളയ്ക്കെത്തുന്നത് ഏതാനും  ആയിരങ്ങൾ മാത്രമാണ്. പല സിനിമാ പ്രേമികൾക്കും ഇങ്ങനെയൊരു മേളയെക്കുറിച്ചോ അതിൽ പങ്കെടുക്കാൻ പാസ് നേടേണ്ട വിധമോ ഒന്നുമറിയില്ല. പറഞ്ഞുവയ്ക്കുന്നത് ഈ മേള വേണ്ടത്ര  ജനകീയമല്ല എന്നുതന്നെ. ടിക്കറ്റെടുക്കേണ്ടത് ഓൺലൈൻ വഴിയോ ബാങ്ക് വഴി നേരിട്ടോ ആണ്. അപ്പോൾ തന്നെ സാധാരണക്കാരിൽ നല്ലൊരു വിഭാഗം ഇതിൽ നിന്ന് ഒഴിവാകും. നേരിട്ട് തിയേറ്ററുകളിൽ ചെന്ന് ടിക്കറ്റെടുത്ത് കയറാനാകില്ല. ഒരേ സമയം പല തിയേറ്ററുകളിൽ പല സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പാസെടുത്ത് പോകുന്നവർക്കുതന്നെ മേളയിൽ വരുന്ന എല്ലാ  ചിത്രങ്ങളും കാണാനാകില്ല. ഇഷ്ടപ്പെട്ടവയിൽത്തന്നെ ചിലത് ഒഴിവാക്കി ചിലതു മാത്രം കാണുകയേ നിവൃത്തിയുള്ളു. മുൻകൂട്ടി പാസ് എടുക്കാതെ അപ്പപ്പോൾ ഇഷ്ടപ്പെടുന ചിത്രങ്ങൾ മാത്രം അതതു തിയേറ്ററുകളിൽനിന്ന് അതതു സമയങ്ങളിൽ ടിക്കറ്റെടുത്ത് കാണുവാൻ കഴിയുകയുമില്ല. അത്തരത്തിലായാൽ മേളയുടെ ലക്ഷ്യം പിഴയ്ക്കുമെന്ന് പറയുമായിരിക്കും. അത് ശരിയാണ്. പക്ഷെ സാധാരണക്കാരുടെ താല്പര്യങ്ങളേയും   സമയത്തിന്റെ ലഭ്യതയേയും മുൻനിർത്തി ആ ഒരു പോരായ്മ ചൂണ്ടിക്കാണിയ്ക്കുമ്പോൾ ആ വിമർശനത്തേയും അവഗണിയ്ക്കാനാകില്ല. 

ഇനി മേളയിലെത്തുന്ന സിനിമകളുടെ കാര്യമെടുത്താൽ ഈ വർഷത്തെ സംഘാടകരിൽ ചിലർ തന്നെ അതേപ്പറ്റി വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളതാണ്. മുൻവർഷങ്ങളെപ്പോലെ നിലവാരമുള്ള സിനിമകൾ ഇത്തവണ ഉണ്ടായില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഇപ്പോൾ ഇത് കച്ചവടപക്ഷ സിനിമക്കാരുടെ ഒരു മേളയായി മാറിപ്പോയി എന്നും ആക്ഷേപമുണ്ട്. സിനിമ ഇന്നൊരു വ്യവസായമാണ്. ഒരു വിനോദോപാധി എന്ന നിലയ്ക്ക് സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ചലച്ചിത്രമേള വെറും വ്യാപാര സിനിമകൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള വേദിയായി ചുരുങ്ങിക്കൂട. സിനിമ ഒരു സാഹിത്യ ശാഖ കൂടിയാണ്. ഒരു സാഹിത്യശില്പം എന്ന നിലയ്ക്ക് ബൌദ്ധികമൂല്യവും  കലാമൂല്യവുമുള്ള നല്ല സിനിമകൾക്ക് മുന്തിയ മുൻ‌ഗണന നൽകണം. അത്തരം സിനിമകളെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അവരിലും നല്ലൊരു പങ്ക് സാധാരണക്കാരാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ മേളയ്ക്കെത്തിയ പല ചിത്രങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു എന്ന വിമർശനം ഉണ്ട്. ഇക്കാര്യത്തിൽ ഇനി വരുന്ന മേളകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. 

കുറെ സിനിമകൾ പ്രദർശിപ്പിക്കുക എന്നതിലപ്പുറം ഗൌരവമേറിയ സിനിമാചിന്തകൾക്കും ചർച്ചകൾക്കും ഉതകുന്ന അന്തർദ്ദേശീയ നിലവാരമുള്ള സെമിനാറുകളും മറ്റും മേളയുടെ ഭാഗമാക്കണം. മുമ്പത്തെപ്പോലെ ഓപ്പൺ ഫോറം പോലും ഇപ്പോൾ നടന്നില്ല എന്ന വിമർശനം ഉണ്ട്. തിയേറ്ററുകൾക്ക് പുറത്തും സ്വതന്ത്രമായി നല്ല ചിത്രങ്ങൾ പ്രദർശിപ്പിച്ച് കൂടുതൽ ജനപങ്കാളിത്തമുള്ള ഒരു പരിപാടിയാക്കി മേള മാറ്റിയെടുക്കണം. നല്ല സിനിമകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മേളയ്ക്ക് കഴിയണം. പണം മുടക്കി മേളയിലെ ചിത്രങ്ങൾ കാണാൻ കഴിയാത്തവരും  താല്പര്യപ്പെടാത്തവരും ഉണ്ടാകും. എന്നാൽ അവരിൽ നല്ല ചലച്ചിത്രാസ്വാദകർ ഉണ്ടാകും. അവർക്കുവേണ്ടി തിയേറ്ററിനു പുറത്ത് സമാന്തരമായി പ്രദർശനങ്ങൾ സംഘടിപ്പിക്കണം. നവാഗതർക്കും മറ്റും തങ്ങളുടെ സിനിമാശില്പങ്ങൾ ജനമധ്യത്ത് സാക്ഷാൽക്കരിക്കുവാൻ അവസരമൊരുക്കണം. സ്വാധീനമുള്ള കുറച്ചാളുകളുടെ സിനിമകൾക്ക് പ്രചാരവും അംഗീകാരവും നൽകാൻ വേണ്ടി മാത്രം സർക്കാരിന്റെ പണം മുടക്കി മേള നടത്തുന്നത് ശരിയല്ലെന്ന് വിമർശിക്കുന്നവരെയും കുറ്റം പറയാനാകില്ല. 

ചലച്ചിത്ര മേളയെന്നാൽ തിയേറ്ററിനകത്ത് അടച്ചു പൂട്ടിയിരുന്ന് ആരാലൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും ചിത്രങ്ങൾ കാണുവാനുള്ള ഒന്നു മാത്രമാകരുത്. ലോകോത്തര നിലവാരമുള്ള കൂടുതൽ ചിത്രങ്ങൾ തിയേറ്ററിനകത്തും പുറത്തുമായി പ്രദർശിപ്പിക്കപ്പെടണം. ഒപ്പം നമ്മുടെ നാട്ടിലെ നവാഗതരും മറ്റുമായ ചലച്ചിത്ര പ്രതിഭകളുടെ ചെറുതും വലുതുമായ ചലച്ചിത്ര സൃഷ്ടികൾ തെരുവോരത്തെങ്കിലും പ്രദർശിപ്പിക്കുവാനുള്ള അവസരം മേളയുടെ ഭാഗമായി ഉണ്ടാകണം. ചുരുക്കത്തിൽ ചലച്ചിത്ര മേളയെന്നാൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളിത്തിരകൾ സ്ഥാപിച്ച് അക്ഷരാർത്ഥത്തിൽ  ചലച്ചിത്രപ്രദർശനങ്ങളുടെയും ചലച്ചിത്ര സംബന്ധിയായ അനുബന്ധ പരിപാടികളുടെയും ഒരു ജനകീയ ഉത്സവമായി മാറണം. ചലച്ചിത്രമേളകൾ മാധ്യമങ്ങളിലെ മാത്രം ഉത്സവമായാൽ പോരാ. ജനങ്ങൾക്ക് അത് നേരിട്ട് അനുഭവിക്കാനാകണം. സാധാരണ ജനങ്ങളെക്കൂടി ആകർഷിച്ച് ജനങ്ങൾക്കിടയിൽ നല്ലൊരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കാൻ മേളകൾക്കു സാധിക്കണം. അതിന് ചലച്ചിത്രമേളകളും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം. ചലച്ചിത്രമേളകൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെടണം. 

Saturday, December 28, 2013

ആം ആത്മി പാർട്ടിയുടെ ഡൽഹി വിജയം

 ഡൽഹി നൽകിയ പുതിയപാഠം

ഡൽഹിയിൽ ആം ആത്മി പാർട്ടി അധികാരത്തിലേയ്ക്ക്. അരവിന്ദ് ഗജരിവാ‍ാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കൂടെ ആറ്‌  മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സൗരവ് ഭരദ്വാജ്, സത്യേന്ദ്രകുമാര്‍ ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഡെല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡൽഹിയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത് പുതിയൊരു അദ്ധ്യായമാണ് തുറന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ് ഒരു വർഷം മാത്രം പഴക്കമുള്ള ഈ പുതിയ പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. 

ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി രാം ലീലാ മൈതാനത്ത് അന്നാ ഹസാരെയും സംഘവും നടത്തിയ ഗാന്ധിയൻ സമരം നേടിയ ജനപിന്തുണ ശ്രദ്ധാർഹമായിരുന്നു. അതിന്റെ ഒരു തുടർച്ചയെന്നോണമാണ്  പുതിയ പാർട്ടി രൂപീകൃതമായത്. എന്തിന് ചൂൽ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയാണ് അവരീ തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നതാണ് ഏറെ വിചിത്രം! എന്നാൽ അന്നാ ഹസാരെ രാഷ്ട്രീയ പാർട്ടി രൂപ്പികരണത്തോട്  അനുകൂമായ നിലപാ‍ടിലല്ലായിരുന്നു.ഇപ്പോൾ ഡൽഹിയിലെ അധികാര ലബ്‌ധിയിൽ അദ്ദേഹവും സന്തോഷത്തിലാണ്. പുതിയ  ഭരണം എങ്ങനെയൊക്കെ ആയിരിക്കും  എന്നത് കാത്തിരുന്ന് കാണുക!

കോൺഗ്രസ്സ് പിന്തുണയിലാണ് ഭരണം എന്നൊരു പോരായ്മ ഉണ്ട്. എന്നാൽ മന്ത്രിസഭ ബി.ജെ.പി പിന്തുണയിൽ ആയില്ല എന്നതിൽ ആശ്വാസവുമുണ്ട്. സീറ്റ് കുറഞ്ഞവരുടെ പിന്തുണയാണ് സൌകര്യം എന്നതുകൊണ്ടാകാം. ബി.ജെ.പിയെ വിട്ട് കോൺഗ്രാസ്സിന്റെ പിന്തുണ അവർ  സ്വീകരിച്ചത് എന്ന് കരുതാം.  അല്ലാതെ വർഗ്ഗിയ പാർട്ടികളോടുള്ള സമീപനം ആം ആത്മി പാർട്ടിക്കാർ ഇതുവരെ വേണ്ടവിധം  വെളിപ്പെടുത്തിയതായി അറിയില്ല. ഈ പുതിയ ആം ആത്മി മന്ത്രിസഭയിൽ ദൈവനാമത്തിലല്ലാതെ സത്യ‌പ്രതിജ്ഞചെയ്ത ഒരു മന്ത്രിപോലും ഇല്ലാതെ പോയി എന്നത് അവരോട് അനുഭാവമുള്ള നിർമതരെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും അവർ നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ കണ്ടില്ലെന്നു നടിക്കാനോ  അഭിനന്ദിക്കാതിരിക്കാനോ കഴിയില്ല.

ആം ആത്മി പാർട്ടിയുടെ  ഭരണം അവരിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നുള്ളതൊക്കെ വേറെ കാര്യം. എന്തായാലും  മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതൊരു പാഠമാണ്. മാത്രവുമല്ല മറ്റേതോ ഒരു പാർട്ടിയുടെ ഒരു സ്പെയിസിലേയ്ക്കാണ് ആം ആത്മികൾ നുഴഞ്ഞുകയറി അവർ പോലും പ്രതീക്ഷിക്കാത്ത വിജയം  നേടി  അവർതന്നെ സ്വയം ഞെട്ടിയത്. ആ ഒഴിഞ്ഞു കിടന്ന  സ്പെയിസ് സി.പി.ഐ.എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്.  സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ. അതുകൊണ്ട് സി.പി.ഐ.എമ്മിനും മറ്റ് ഇടതുപക്ഷപാർട്ടികൾക്ക് കൂടി ഇത് പുതിയചില പാഠങ്ങൾ നൽകുന്നു എന്നു പറയാൻ മടിക്കുന്നില്ല.

എന്നാൽ ആം ആത്മികളുടെയും മറ്റും രൂപത്തിലല്ലാതെ കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴിച്ച് ചുവപ്പു കൊടിയും പിടിച്ച് സി.പി.ഐ.എമ്മിനോ സി.പി.ഐയ്ക്കോ ഒന്നും ഡൽഹിയിലോ  ഉത്തരേന്ത്യയിലടക്കം മറ്റ് സംസ്ഥാനങ്ങളിലോ ഇതുപോലെ പെട്ടെന്ന്   ജനപിന്തുണ ആർജ്ജിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങളല്ല ഉള്ളത്   എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ശക്തമായൊരു മതേതര പ്രസ്ഥാനത്തിന്റെയും മുന്നണിയുടെയും സ്പെയിസ് എല്ലാ സംസ്ഥാനങ്ങളിലും ഒഴിഞ്ഞു കിടപ്പുണ്ട്. ആ ഒഴിവിൽ ആരും ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും വിജയിക്കൂവാൻ കഴിയുന്നത്. ആ ഒഴിവ് നികന്നാൽ ബി.ജെ.പി എന്ന അപകടത്തെ കാര്യമായി ദുർബ്ബലപ്പെടുത്താൻ സാധിക്കും  എന്ന് ആം ആത്മികളുടെ ഡൽഹി വിജയം സൂചന നൽകുന്നു.

വർഗ്ഗീയതകൊണ്ടല്ല, കോൺഗ്രസ്സിനു ബദൽ  മറ്റൊന്നില്ലാത്തതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി വളർച്ച നേടിയതെന്നു കരുതണം.   അതുകൊണ്ടു ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്രം നരേന്ദ്രമോഡിയിലൂടെ അത്ര എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നാകില്ല എന്നതും ആശ്വാസകരം തന്നെ. എന്നാൽ മതേതര പ്രസ്ഥാനങ്ങൾ ചിലതെങ്കിലും ആവശ്യം വന്നാൽ തത്വ ദീക്ഷയില്ലാതെ അധികാരത്തിനു വേണ്ടി ബി.ജെ.പിയെ പിന്തുണയ്ക്കും  എന്ന ദുര്യോഗം ഇനിയും സംഭവിക്കാം. എന്തിന് ഈ ആം ആത്മികളെ പോലും ബി.ജെ.പിക്കാർ വശത്താക്കില്ലെന്ന് ആരു കണ്ടു!

ഇപ്പോഴത്തെ ഡൽഹിയിലെ പുതിയ പാഠം ഉൾക്കൊണ്ട് ആം ആത്മികൾ അടക്കം മതേതര പ്രസ്ഥാനങ്ങളുമായി മുഴുവൻ കൈകോർത്ത് വർഗ്ഗീയത എന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ സ്.പി.ഐ.എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും നേതൃത്വപരമായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.  അഴിമതി ഇല്ലാതാക്കേണ്ടതൂതന്നെ. പക്ഷെ അഴിമതിയേക്കാൾ അപകടം മതരാഷ്ട്രസ്ഥാപനമാണ്. അത് ഹിന്ദു രാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും ക്രിസ്തുരാഷ്ട്രമായാലും. മതരാഷ്ട്രം അപകടമാണെന്നതിന് ലോകത്ത് എത്രയോ ഉദാഹരണങ്ങൾ ഉണ്ടുതാനും !

Tuesday, December 17, 2013

രാജഭരണവും ജനാധിപത്യവും

രാജഭരണവും ജനാധിപത്യവും

വിവര ദോഷം പലതരം ഉണ്ടല്ലോ. ചില വിവരദോഷികളും അരാഷ്ട്രീയ വാദികളും  തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാദേശിക ജന നേതാവിനോടുള്ള വല്ല ദ്വേഷ്യവും കാരണം പറയാറുണ്ട്. ഇവിടെ രാജ ഭരണം വരണം.എങ്കിലേ നാടു നന്നാവൂ എന്നും മറ്റും! രാജ ഭരണം സംബന്ധിച്ച് ചരിത്ര പുസ്തകങ്ങൾ വായിച്ചും പ്രായംചെന്നവർ പറഞ്ഞും നമ്മൾ പലതും മനസിലാക്കിയിട്ടുണ്ട്. അതിലൊന്ന് ഇവിടെ പറയാം. പണ്ട് ചില രാജാക്കൻ‌മാർ ഇന്ന് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ചെയ്യും പോലെ  പോലെ ജനസമ്പർക്കത്തിനിറങ്ങും.  പലർക്കും സമ്മാനങ്ങൾ നൽകും. സമ്പർക്കവഴിയിൽ വല്ല സുന്ദരിയെയും കണ്ടു മോഹിച്ചാൽ തിരിച്ച് കൊട്ടാരത്തിൽ പോയിട്ട് കിങ്കരന്മാർപക്ഷം കട്ടിൽ  കൊടുത്തുവിടും. ഈ കട്ടിൽ രാജ കിങ്കരൻ‌മാർ രാജാവിനിഷ്ടപ്പെട്ട സുന്ദരിയുടെ വീട്ടിൽ കൊണ്ടു ചെന്നിടും. താമസം വിനാ രാജാവും കട്ടിലിട്ട വീട്ടിൽ  എത്തും എന്നർത്ഥം. സുന്ദരി ആരുടെ മകളായാലും ഭാര്യയായാലും രാജാവിനു പ്രശ്നമല്ല. രാജാവിന്റെ ഇംഗിതം നടന്നിരിക്കും. ജാതിമത ഭേദമന്യേ ഇത്തരം കട്ടിലിടൽ പരിപാടി ആചരിച്ചിരുന്ന പല രാജാക്കന്മാരും ഉണ്ടായിരുന്നുവത്രേ! എന്നാൽ ഇന്ന്` അത് നടക്കില്ല. ഇന്ന് ഇവിടെ  ജനാധിപത്യ ഭരണമാണ്.

ഉമ്മൻ ചാണ്ടി ജന സമ്പർക്കപരിപാടി നടത്തും. എൽ.ഡി.എഫ് കരിങ്കൊടി കാണിയ്ക്കും. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യും. (നാണമില്ലാത്തതുകൊണ്ട് ഉമ്മൻ ചാണ്ടി രാജിവയ്ക്കുന്നില്ലെന്നതൊക്കെ വേറേ കാര്യം). ജന സമ്പർക്ക പരിപാടിയും കരിങ്കൊടി പ്രതിഷേധവുമൊക്കെ അതാതിന്റെ വഴിയ്ക്ക് നടന്നെനും നടന്നില്ലെന്നും ഇരിക്കും. നടന്നാൽ അത് കഴിഞ്ഞ് ഉമ്മൻ ചാണ്ടി സെക്രട്ടറിയേറ്റിലേയ്ക്ക് പോകും. പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേയ്ക്കും. മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചെന്നിട്ട് ജനസമ്പർക്കത്തിനു വന്ന ഒരു പ്രജയുടെയും വീട്ടിലേയ്ക്ക് കിങ്കരന്മാർ പക്ഷം കട്ടിലും കൊടുത്ത്  വിടില്ല. കാരണം ഇത് ജനാധിപത്യ ഭരണമാണ്. രാജാവ് അഥവാ മുഖ്യമന്ത്രി ഇവിടെ അവസാന വാക്കല്ല. പ്രജകളുടെ പ്രതിനിധി മാത്രമാണ്. രാജാവ് (മുഖ്യമന്ത്രി) തന്നെയും ഒരു പ്രജയാണ്. രാജ ഭരണം വരണമെന്ന് വാദിക്കുന്ന അരാഷ്ട്രീയ വാദികൾ ഇനി പറയൂ. ഇവിടെ ജനാധിപത്യം വേണോ? അതോ നിങ്ങളുടെ വീട്ടിലും “രാജകട്ടിൽ വരണോ?“ ( ഈയടുത്ത ദിവസങ്ങളിലെ ചിലരുടെ രാജഭക്തിയും രാജഭരണ വാഴ്ത്തലുകളും ഫെയ്സ് ബൂക്കിലും മറ്റും  വായിച്ചതിന്റെ പ്രതികരണം എന്ന നിലയിൽ എഴുതിപ്പോയതാണ്. ക്ഷമിക്കണമെന്നില്ല)

Monday, December 16, 2013

സമരവിരോധികളുടെ രാഷ്ട്രീയം

 സമരവിരോധികളുടെ രാഷ്ട്രീയം

12-12-2013 വ്യഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് ഉപരോധ സമരത്തിന്റെ മുന്നിൽ വന്ന് ഒരു വീട്ടമ്മ കലപിലത്തു. അവർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം മാർഗ്ഗതടസ്സം ഉണ്ടായി എന്നാരോപിച്ചാണ് അവർ കലപിലയുണ്ടാക്കിയത്. ഉപരോധത്തിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ പോലീസ് തിർത്ത ബാരിക്കേഡ് ആണ് യതാർത്ഥത്തിൽ യാത്രക്കാർക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കിയത്. അതിൽ എൽ.ഡി.എഫ് നേതാക്കൾ പോലീസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മറ്റെന്തോ ദ്വേഷ്യവുമായിട്ടായിരിക്കണം, വീട്ടിൽ നിന്നിറങ്ങിയ ആ സ്ത്രീ സമരസ്ഥലത്തു വന്നപ്പോൾ പെട്ടെന്നുണ്ടായ ദ്വേഷ്യത്തിൽ എന്തൊക്കെയോ പുലമ്പി. വലിയൊരു സംഘടിത പ്രസ്ഥാനത്തിന്റെ സമര മുഖത്തു വന്നു നിന്നാണ് താൻ തട്ടിക്കയറുന്നതെന്നോ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നോ എന്നൊന്നും അവർ അപ്പോൾ ചിന്തിച്ചിട്ടുണ്ടാകില്ല.

പ്രതികരണം ഇടതുപക്ഷത്തിനും സമരത്തിനും എതിരായതിനാൽ തല്പരകക്ഷികൾ അവസരത്തിനൊത്ത് ഉയർന്നു. മാധ്യമധർമ്മം പൊടുന്നനേ കൊടുമ്പിരിക്കൊണ്ടു. പ്രതിഷേധിച്ചത് സ്ത്രീയായതുകൊണ്ടു പ്രത്യേകിച്ചും! സന്ധ്യ എന്ന ആ സ്ത്രീയ്ക്ക് ഞൊടിയിടയിൽ വീരപരിവേഷം നൽകി. ഭയങ്കര ധീരത! പെൺകരുത്ത്! ഹോ! സഹിക്കാൻ പറ്റുന്നില്ല. ബഹുമാന്യയായ ആ പ്രതിഷേധക്കാരി സ്ത്രീയോട് സിമ്പിൾ ആയ ഒരു ചോദ്യം ചോദിക്കുവാനുണ്ട്. ഇവിടുത്തെ ഏതെങ്കിലും ഹിന്ദു- മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( പല പേരുകളുള്ള അവയെ എടുത്ത് പറയേണ്ടല്ലോ) സമര മുഖത്തേയ്ക്കാണെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീ ഉണിയാർച്ച ചമഞ്ഞ് ഇതുപോലെ  പ്രതികരിക്കാൻ ചെല്ലുമായിരുന്നോ? എങ്കിൽ വിവരം അറിഞ്ഞേനേ! എന്തിന്,  ഏതെങ്കിലും പുരുഷൻ വീരചേകവൻ ചമഞ്ഞ് ഒരു ജനകീയ സമരസ്ഥലത്തു ചെന്ന് ചെനക്കുമോ? ആ ഉപരോധം നടത്തുന്നത് കോൺഗ്രസ്സുകാർ ആയിരുന്നെങ്കിൽക്കൂടി ആ പ്രതിഷേധക്കാരി സ്ത്രീയ്ക്ക് നല്ല പണി കിട്ടിയേനെ!

ഇടതുപക്ഷത്തിന്റെ ജാഥകൾ പല‌പ്പോഴും യാത്രക്കാർ മുറിച്ചു കടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷെ ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( അവയുടെ പേരിനു ഞാൻ പരസ്യം കൊടുക്കുന്നില) ജാഥകളെ ഒരുത്തനും ഒരുത്തിയും ചെന്ന് മുറിച്ചു കടക്കാൻ ശ്രമിക്കാറില്ല. പേടിച്ച് ഒതുങ്ങി പോകുന്നതു കാണാം. ഇടതുപക്ഷക്കാർ അടുത്ത കാലത്തായി അല്പം ചില ഗന്ധിമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലരും ദൌർബല്യമായി കരുതി മെക്കിട്ടു കയറാൻ ചെല്ലുന്നുണ്ട്. അത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും തിരിച്ചറിയുന്നുണ്ട്. ഇത് സി.പി.ഐ.എം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഗൌരവമായെടുത്താൽ പിന്നെ ആരും വലിയ ആളുചമഞ്ഞ് ചീപ് പബ്ലിസിറ്റിയ്ക്കുവേണ്ടി ഇത്തരം നാടകങ്ങളുമായി ഇറങ്ങില്ല. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ എന്തോ പാതകമാണെന്ന വിധത്തിലുള്ള പ്രചരണങ്ങൾ കുറെ നാളായി ശക്തിപ്രാപിക്കുന്നുണ്ട്.

ഇവിടെ ഒരു പെണ്ണാളത്തി എൽ.ഡി.എഫ് സമരത്തിനെതിരെ രോഷാകുലയായതിൽ രോമാഞ്ചപുളകിതനായി കൊച്ചിയിലൊരു കൊച്ചു വലിയ മുതലാളി അഞ്ചു ലക്ഷം രൂപാ പ്രോത്സാഹന സമ്മാ‍നം നൽകി! തൊഴിലാളികളുടെ തൊഴിൽ തട്ടിപ്പറിച്ച് സ്വന്തമായി ലോഡിറക്കി നക്കിത്തരം കാട്ടി അതിന്റെ പോട്ടം പിടിച്ച് പരസ്യപ്പെടുത്തി പേരെടുത്ത പുംഗവനാണ്. പിന്നെ വൃക്ക കൊടുത്തും പേരു നില നിർത്തി. പാവങ്ങൾ പലരും ഇവിടെ വൃക്ക ദാനം ചെയ്യുന്നത് അത്രകണ്ട് പരസ്യപ്പെടുന്നില്ല. പണക്കാർ വൃക്ക കൊടുക്കുമ്പോൾ മാത്രമാണ് അത് കേൾവിപ്പെട്ട പുണ്യപ്രവൃത്തിയാകുന്നത്!  ആ പുണ്യപ്രവൃത്തിയെ നിഷ്ഭ്രഭമാക്കാൻ ആവോളമായി കൊച്ചൌസേപ്പിന്റെ ഈ സമര വിരുദ്ധ സന്ദേശം.
വൃക്കദാനത്തേക്കാൾ മഹത്തരമായ ഒരു വിപ്ലവം സൃഷ്ടിച്ചുനെന്ന് ഇനി അദ്ദേഹത്തിന് ആശ്വസിക്കാം. അപഹാസ്യം എന്നല്ലാതെ എന്തു പറയാൻ! !

സ്വന്തം സാഹസിക വ്യവസായത്തിൽ ചെന്നു കളിച്ച് വീണ് കിടപ്പിലായ പയ്യന് ന്യായമായ ചികിത്സാ സഹായം പോലും നൽകാത്തയാളാണ് എൽ.ഡി.എഫിന്റെ ന്യായമായ സമരത്തിനു ദുഷ്പേരു നൽകാൻ ആരുടെയോ നിയോഗം പോലെ  ചെന്ന പെണ്ണൊരുത്തിയ്ക്ക് അഞ്ച് ലക്ഷം കൊടുത്തത്. വേണ്ടാത്തിടത്ത് കയറി ചൊറിയുന്ന ഒരുതരം മാനസിക രോഗം. കരിങ്കാലിപ്പണി എന്നും പറയാം. ചാള കൊടുത്ത് വാളയല്ല, സ്രാവുതന്നെ വാങ്ങുന്ന പരസ്യ തന്ത്രം!  മുമ്പ് വൃക്ക ദാനം ചെയ്ത കണ്ണൂർ സ്വദേശി ജോർജ്ജിന്  ഈ  വെള്ളപ്പാർക്ക്മുതലാളി അഞ്ചു ലക്ഷം രൂപാ പാരിതോഷികം നൽകിയിരുന്നു.  ആ  അഞ്ചു ലക്ഷം ഇതിനകം ചെലവായി പോയെങ്കിലും ആ തുക തെണ്ടിപ്പിരിച്ചെങ്കിലും തിരിച്ചു നൽകാൻ ജോർജ്ജ് തീരുമാനിച്ചിരിക്കുകയാണ്. ജോർജ്ജിന് ഒരു പൂച്ചെണ്ട്! ജനകീയ സമരങ്ങൾക്കെതിരെ തെറ്റായ സന്ദേശം നൽകുന്ന മൂരാച്ചിനടപടിയിൽ പ്രതിഷേധിച്ചാണ് ജോർജ്ജ് തനിക്ക് ഔസേപ്പ് മുതലാളി നൽകിയ പാരിതോഷികം മടക്കി നൽകുന്നത്.

എൽ.ഡി.എഫ് ആരുടെയും വഴി മുടക്കി സമരം ചെയ്യുന്നില്ല. അഥവാ വഴി മുടങ്ങുന്നുണ്ടെങ്കിൽ അത്തരം സമരം ചെയ്യേണ്ടി വരുന്നതിന്റെ കാരണം എന്തെന്നു ചിന്തിക്കണം. സമരത്തെയല്ല സമര കാരണത്തെയാണ് ചികിത്സിക്കേണ്ടത്. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. അതൊന്നുമില്ലാത്ത സ്ഥലത്ത് ജീവിക്കണമെന്നുള്ളവർ സ്വന്തമായി വല്ല ദ്വീപോ കിട്ടുമെങ്കിൽ പോയി വാടകയ്ക്കെടുത്ത് ജീവിക്കണം. ഇവിടെ സമരങ്ങളും ജാഥകളും റോഡുപരോധങ്ങളും അത്യാവശ്യം ഹർത്താലുകളും ഒക്കെയുണ്ടാകും. അതൊന്നും  ഇഷ്ടപെടാത്തവർ ഇന്ത്യൻ ഭരണഘടനയും അത് പൌരന്മാർക്കു നൽകുന്ന അവകാശങ്ങളും അംഗീകരിക്കാത്തവരാണ്. അവർക്ക് പറ്റിയ രാജ്യം ഇതല്ല. ഇവിടെ ജനകീയ പോരാട്ടങ്ങൾ ഇനിയും തുടരും. ആരൊക്കെ കുരച്ച് തൊണ്ട കീറിയാലും!

Monday, November 25, 2013

മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പോ ശേഷമോ ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:


മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

മലയാളഭാഷാസ്നേഹികളെ ഏറെ സന്തോഷിപ്പിച്ച രണ്ടുകാര്യങ്ങൾ അടുത്തകാലത്ത് സംഭവിച്ചു. ഒന്ന് മലയാളസർവ്വകലാശാലയുടെ രൂപീകരണം. മറ്റൊന്ന്  മലയാളത്തിന്  ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മലയാള സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതോടെ ഭാഷയ്ക്ക് ഏറെ ഗുണങ്ങൾ സ്വാഭാവികമായും  പ്രതീക്ഷിക്കാവുന്നതുതന്നെ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റിയും ഏറെ വായിച്ചറിഞ്ഞിരുന്നു. ഇവ രണ്ടിന്റെയും ഫലങ്ങൾ വല്ലതും കണ്ടുതുടങ്ങിയോ? അതേപറ്റി പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചുകാണുന്നില്ല. അറിയാനുള്ള ആഗ്രഹം പൊതുജനങ്ങൾക്ക്,  പ്രത്യേകിച്ച് ഭാഷാസ്നേഹികൾക്ക് ഉണ്ടാകും. കാര്യങ്ങൾ യഥാസമയം അറിയാൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നത് വാർത്താമാധ്യമങ്ങളെയാണ്. മലയാളസർവ്വകലാശാല രൂപീകരിച്ച് അതിന് കൊള്ളാവുന്ന ഒരു വൈസ് ചാൻസലറെയും നിയമിച്ചു. ആവശ്യത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടാകും  എന്നു കരുതാം. എന്നിട്ടിപ്പോൾ എന്തൊക്കെയായി? മലയാളത്തിന്റെ വളർച്ചയ്ക്കും വികാസനത്തിനും ഉതകുന്ന വല്ല പരിപാടിയും ആലോചിച്ചോ? തീരുമനിച്ചോ? നടപ്പിലാക്കിയോ? എന്തെല്ല്ലാം കോഴ്സുകൾ ഇതിനകം അരംഭിച്ചു? എന്തൊക്കെ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു? എന്തുണ്ട് മലയാള സർവ്വകലാശാലാവിശേഷങ്ങൾ? ബാലാരിഷ്ടതകൾ ഉണ്ടാകും. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാനുള്ള സമയം ഇതിനകം ആയിക്കഴിഞ്ഞല്ലോ. അപ്പോൾ ജനങ്ങൾക്ക് അതേപ്പറ്റി തിരക്കിത്തുടങ്ങാമല്ലോ. അതുപോലെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാൽ ഉണ്ടാകുന്ന വല്ല നേട്ടവും കൈവന്നു തുടങ്ങിയോ? വാർത്തകളില്ലൊന്നും ഇപ്പോൾ മലയാളസർവ്വകലശാലയോ ശ്രേഷ്ഠഭാഷാ പദവിയോ സംബന്ധിച്ച കാര്യങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അതേപറ്റിയെല്ലാം അറിയാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഭാഷാസ്നേഹികളുടെ കൌതുകം അദ്യംതന്നെ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ.

ഒരു മലയാള സർവ്വകലാശാല രൂപീകരിച്ചതുകൊണ്ടോ മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടോ മാത്രം നമ്മുടെ ഈ ഭാഷ രക്ഷപ്പെട്ടുകൊള്ളും എന്നൊരു മിഥ്യാധാരണ ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഭാഷയെ സംരക്ഷിക്കുവാൻ സ്വീകരിക്കാവുന്ന നിരവധി നടപടികളിൽ സർകലാശാലാരൂപീകരണവും ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കലുമൊക്കെ ഉൾപ്പെടുമെന്നുമാത്രം.  ആ വഴിയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാം. ഭരണതലത്തിലും സാമൂഹ്യതലത്തിലും മറ്റും  പല ഇടപെടലുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽക്കാനാകൂ. വളരാനും വികസിക്കാനും ആകൂ. ഒക്കെയുണ്ടെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കുവാനും തല്പരരായ  ഒരു ജനസമൂഹവുമുണ്ടാകണം. ഒരു ഭാഷ ഒരു ജനസമൂഹത്തിന് ആവശ്യമയിരിക്കുകയും വേണം. ഇവിടെ മലയാളഭാഷ ആവശ്യമില്ലെന്നും ഇംഗ്ലീഷ് മതിയെന്നുമുള്ള  മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പല കാര്യങ്ങളിലും ജനങ്ങൾക്കുമേൽ നിയമസംവിധാനങ്ങളും  ഭരണകൂടവും  പല നിബന്ധനകളും ഏർപ്പെടുത്തപ്പെടുന്നുണ്ട്. അതുപോലെ മാതൃഭാഷയും പലകാര്യത്തിലും ഒരു നിബന്ധനയാകണം. ഉദാഹരണത്തിന് പി.എസ്.സി ജോലികൾ ലഭിക്കാൻ മലയാളഭാഷ നിർബന്ധമാക്കുന്ന നിബന്ധന ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന്  ആർജ്ജവമുണ്ടാകണം.

മറുനാട്ടിലുള്ള മലയാളികൾ ഇതരഭാഷകൾ മാധ്യമമായിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രത്യേകമായിത്തന്നെ മലയളം പഠിപ്പിക്കുവാൻ സൌകര്യം ചെയ്യാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളിസമാജങ്ങൾ പോലുള്ള സംഘടനകൾ  ഇക്കാര്യങ്ങളിൽ നേതൃത്വം വഹിക്കാറുണ്ട്. അതുപോലെ മക്കളുടെ  പഠനമാധ്യമം ഏതായാലും വീട്ടിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് മറുനാടൻ മലയാളി രക്ഷകർത്താക്കളിൽ ചിലരെങ്കിലും നിബന്ധന വയ്ക്കാറുണ്ട്. അതുകൊണ്ടണ് മറ്റ് സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസത്തിൽ കഴിയുന്നവരുടെ മക്കൾ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും മറ്റും ചെയ്യുന്നത്. മറുനാടൻസ്കൂളുകളിൽ മിക്കതിലും മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും അവിടങ്ങളിൽ പഠിച്ചുവളരുന്ന കുട്ടികൾ മലയളത്തിൽ സാഹിത്യസൃഷ്ടികൾ പോലും രചിക്കുന്നത് അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ മറുനാട്ടിൽ അവരുടേതല്ലാത്ത ഒരു ഭാഷ നിർബന്ധമായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാകില്ലല്ലോ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് മലയാളം സംസാരിക്കാൻ അനുവദിക്കാത്ത, മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനിഷ്ടപ്പെടാത്ത സ്കൂളുകൾക്കുപോലും അംഗീകാരം ലഭിച്ചെന്നുവരും!

കേരളത്തിൽ ചില പൊങ്ങച്ചകുടുംബങ്ങളിൽ കുട്ടികളെ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രക്ഷകർത്താക്കളെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപോലും കാണാം. ഭാവിയിൽ ഇംഗ്ലീഷ് പഠിക്കാൻ പ്രയാസം തോന്നാതിരിക്കാനാണ് ഈ മുറി ഇംഗ്ലീഷ് പരിശീലനം. അല്ലാതെ ഭാവിയിൽ മലയാളം എഴുതാനും പറയാനും കഴിയാതെ പോകുന്നതിലല്ല, അവരുടെ ഉൽക്കണ്ഠ!  മലയാളം നിലനിൽക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്. അവർ വേണ്ടെന്നു വച്ചാൽ എത്ര മലയാള സർവ്വകലാശാലകൾ വന്നാലും എത്ര ശ്രേഷ്ഠഭാഷാ പദവികൾ ലഭിച്ചാലും മലയാളം നിലനിൽക്കില്ല. മലയാള സർവ്വകലശലാരൂപീകരണം,  ശ്രേഷ്ഠഭാഷാലഭ്യത, പി.എസ്.സി നിയമനങ്ങൾക്ക് മലയാളപഠനം നിർബന്ധമാക്കുന്നത് തുടങ്ങിയവയെല്ലാം ഭാഷയുടെ കാര്യത്തിൽ ഭരണകൂട ഇടപെടലുകൾക്കുദാഹരണങ്ങളാണ്. അതാകട്ടെ ഭാഷാസ്നേഹികളുടെ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധരും ജാഗരൂകരുമാകേണ്ടത്  ഭാഷാ സ്നേഹികളും സർക്കാരുമാണ്. മലയാളസർവകലശാലയുടെ സാന്നിദ്ധ്യം,  ശ്രേഷ്ഠഭാഷ എന്നതിലുള്ള  അഭിമാനം എന്നതിലപ്പുറം നമ്മുടെ ഭാഷയെ സംരക്ഷിക്കുവാനും  വികസിപ്പിക്കുവാനും ഭാഷാ സ്നേഹികളും ഭരണകൂടവും മേലിലും ശ്രദ്ധാലുക്കളായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുവാൻകൂടിയാണ് ഈ കുറിപ്പ്.

(ഈ ലേഖനം ഇതിനു മുമ്പ് തരംഗിണിയി ഓൺലെയിൻ മാ‍ഗസിനിലും  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)

ഇനി ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:

Tuesday, November 5, 2013

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?
 
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തോടുള്ള പ്രതികരണം എന്ന നിലയിൽ   ഞാൻ  2012 ജനുവരി 18-ന്  എന്റെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ച  ലേഖനം സ. പിണറയി വിജയനെ ലാവ്‌‌ലിൻ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ പുനർവായനയ്ക്കയി ഒന്നുകൂടി ലിങ്ക് ചെയ്യുന്നു. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെത്താം