Saturday, June 23, 2012

രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!


രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്   പ്രണാബ് കുമാർ മുഖർജിയെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എം തീരുമാനം നന്നായി. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് അനുഭവസമ്പത്തുള്ള ഒരു രാഷ്ട്രീയക്കാരൻ തന്നെയാകുന്നതാണ് നന്ന്‌. കോൺഗ്രസ്സിന് അധികാരം ലഭിക്കുമ്പോൾ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാക്കളാണ് പ്രണാബും എ.കെ.ആന്റണിയും മറ്റും. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയായി കോൺഗ്രസ്സ് വാഴിച്ചത് ഒരു ബ്യൂറോക്രാറ്റിനെയാണ്. ഒരു തവണയല്ല. രണ്ടുതവണ. ജനങ്ങൾക്കിടയിൽ നിന്നും വരുന്നവരെയെല്ലാം വിഢികളാക്കുന്ന  ഈ രീതി ഒരു രാഷ്ട്രീയ കക്ഷികളും സ്വീകരിച്ചുകൂടാത്തതാണ്. ജനാധിപത്യ ഇന്ത്യയുടെ പരമോന്നതമായ പദവികളിൽ  കഴിവതും രാഷ്ട്രീയ നേതാക്കൾതന്നെ വരണം. ബ്യൂറോക്രാറ്റുകളോ, ടെക്നോ ക്രാറ്റുകളോ,  സാംസ്കരിക ബുദ്ധിജീവികളോ, വ്യവസായ പ്രമുഖരോ  ഒന്നുമല്ല പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ   വരേണ്ടത്. അഥവാ രാഷ്ട്രപതി, ഉപരാഷ്ട്രപദവി എനീ സ്ഥാനങ്ങളിലേയ്ക്ക്  ഇടയ്ക്കൊക്കെ രാഷ്ട്രീയക്കാരല്ലാത്തവർ വന്നാലും  പ്രധാനമന്ത്രി , മുഖ്യമന്ത്രി ഇവ രാഷ്ട്രീയക്കാർ തന്നെ ആകണം.

എന്തയാലും  പ്രണാബ് കുമാർ മുഖർജിയ്ക്ക്   പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രപതിയെങ്കിലുമാകാൻ കഴിയട്ടെ.  വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള  രാഷ്ട്രീയക്കാരല്ലാത്തവരെ  പ്രയോജനപ്പെടുത്താവുന്ന മേഖലകൾ വേറെ ഒരുപാടുണ്ട്. രാജ്യത്തിനു നൽകുന്ന സേവനങ്ങളെ മാനിച്ച് അവർക്ക് പല പരമോന്നത  ബഹുമതികളൂം നൽകി ആദരിക്കാം. അത്യാവശ്യം ചിലരെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുകയുമാകാം.  ചില പ്രത്യേക വകുപ്പുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ രാഷ്ട്രീയക്കാരല്ലാത്ത എക്സ്പെർട്ടുകളെ മന്ത്രിയാക്കുന്നതിൽ അപാകതയില്ല.എന്നാൽ പരമപ്രധാനമായ ജനാധിപത്യ പദവികളിൽ ഒക്കെയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമില്ലാത്തവർ വരുന്നത് ഒരു പ്രവണതയായി മാറുവാൻ പാടില്ല.  ഇവിടെ നമ്മുടെ നാട്ടിൽ പെൻഷൻ  പറ്റിയ ഉദ്യോഗസ്ഥർ പ്രസിഡന്റാകുന്ന പഞ്ചായത്തുകൾ പോലും നല്ലൊരു പങ്കും കുളമാകുന്ന അനുഭവം കേരളത്തിലുണ്ട്. ജനാധിപത്യ വേദികളീലിരിക്കാൻ അനുഭവസ്ഥരും പരിചയ സമ്പന്നരുമായ രാഷ്ട്രീയനേതാക്കൾ തന്നെ വരണം. ഈ അടുത്തകാലത്തായി ബ്യൂറോക്രാറ്റുകളും മറ്റും പല ഉന്നത ജനാധിപത്യ  പദവികളിലേയ്ക്കും നുഴഞ്ഞു കയറുന്ന പ്രവണതയുണ്ട്.

പ്രണാബ് കുമാർ മുഖർജിയ്ക്ക് ഇനി ഒരിക്കലും പ്രധാനമന്ത്രിയാകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് രാഷ്ട്രപതിയായെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെടട്ടെ. അതും ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയേതരർ കൊണ്ടുപോകുമെന്നാണു കരുതിയത്. എന്തായാലും അതുണ്ടായില്ല. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇപ്പോൾ പരിഗണിക്കപ്പെട്ട അബ്ദുൽ ഖലാമോ, ഹമീദ് അൻസാരിയോ മോശക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും പ്രണബിനെയും സംഗ്‌മയെയും  പോലുള്ള  നേതാക്കളൂള്ളപ്പോൾ എന്തിന് മറ്റു മേഖലകളിൽ ഉള്ളവരെ അന്വേഷിച്ചു പോകണം? ബി.ജെ.പിയും മറ്റു ചില കക്ഷികളും പി.എ.സംഗ്‌മയെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്  പിന്തുണയ്ക്കുന്നുണ്ട്.പി.എ.സാംഗ്‌മയും രാഷ്ട്രപതിയാകാൻ യോഗ്യതയുള്ള പരിചയസമ്പന്നനായ നേതാവാണ്. ഇവരെ കൂടാതെ ഇനിയും എത്രയോ നല്ല നേതാക്കൾ നമുക്കുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വളർന്നുവരുന്നവർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയുമൊക്കെ ആകാനുള്ള അവസരങ്ങൾ ഉണ്ടാകണം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അതുവഴി അംഗീകാരവും പ്രോത്സാഹനവും  ലഭിക്കുന്നു.

2 comments:

Anonymous said...

തെണ്ടികളായ രാഷ്ട്രീയക്കാര്‍ ഇന്ത്യയെ നശിപ്പിച്ചു .ഇന്നി ഇത് തുടരുത് ....കലാം നമ്മുടെ പ്രസി ഡ ന്‍റെ.

mayflowers said...

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രണാബ് കുമാര്‍ മുഖര്‍ജിക്കാവട്ടെ..