Saturday, January 26, 2013

വിശ്വരൂപം സിനിമയും പ്രതിഷേധങ്ങളും

"വിശ്വരൂപം" സിനിമയും പ്രതിഷേധങ്ങളും  

കമലഹാസന്റെ പുതിയ ചലച്ചിത്രം  "വിശ്വരൂപം"  പ്രശ്‌നത്തിലായിരിക്കുന്നു. മതപരിഹാസം ഉണ്ടെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്ത് വന്നിരിക്കുന്നു. ഈ സിനിമ നിരോധിക്കണമെന്ന് ചിലരിൽനിന്ന് ആവശ്യമുയർന്നിരിക്കുന്നു. സിനിമ റിലീസ് ചെയ്ത തിയേറ്ററുകൾക്കുനേരെ ആക്രമണമുണ്ടായി. ഭീഷണിയെത്തുടർന്ന് ചില തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുവാനായില്ല. സിനിമയ്ക്കെതിരെയുള്ള നീക്കങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നു കയറ്റമാണെന്നുകണ്ട് സി.പി.ഐ.എമ്മും മറ്റ്  പുരോഗമനപ്രസ്ഥാനങ്ങളും സിനിമ പ്രദർശിപ്പിക്കുന്നതിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. ചുരുക്കത്തിൽ  സിനിമ പ്രദർശിപ്പിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും പിന്തുണയുമായി സംഘടിത പ്രസ്ഥാനങ്ങൾ പലതും മുന്നോട്ട് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് വീണ്ടും സജീവ ചർച്ചാവിഷയമാവുകയാണ്.

മതങ്ങളുടെ വിശ്വരൂപം വെളിപ്പെടുത്തപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ശരിക്കും മതങ്ങളല്ല മതതീവ്രവാദികൾ ആണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. എങ്കിലും അത് പിന്നെ മതത്തിന്റെ മൊത്തം പേരിലാകുന്നു. ഇപ്പോൾ ഈ  ചിത്രത്തിനെതിരെ തിരിഞ്ഞിട്ടുള്ളത് ഒരു വിഭാഗം മതതീവ്രവാദികളാണ്. കേരളത്തിൽ പ്രധാനമായും  പോപ്പുലർ ഫ്രണ്ടുകാരും എസ്.ഡി.പി.ഐക്കാരും ആണ് പ്രധാനമായും വിശ്വരൂപത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്. ഇസ്ലാമതത്തിന്റെ സംരക്ഷണപ്പട്ടം അവർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ആർ.എസ്.എസും,  ബി.ജെപിയും,   ശിവസേനയും മറ്റും   ഹിന്ദുത്വത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നവരാണ്. അവരെ ആരെയും  വിശ്വാസികൾ അതിനൊട്ട്  ചുമതലപ്പെടുത്തിയിട്ടുമില്ല.

സെൻസർ ബോർഡിന്റെ അനുമതിയ്ക്കുശേഷമാണ് ഈ പറയുന്ന സിനിമ "വിശ്വരൂപം" പ്രദർശിപ്പിക്കപ്പെടുന്നത്. ഈ സിനിമ മുമ്പേ തന്നെ വിവാദത്തിൽപ്പെട്ടതിനാൽ മതനേതാക്കളിൽ ചിലരെ കൂടി ഇത് കാണിച്ച ശേഷമാണ് തിയേറ്ററുകളിൽ എത്തിച്ചത് എന്നാണറിയുന്നത്. അത് കണ്ട മതനേതാക്കൾക്ക് അതിൽ വലിയ പ്രകോപനങ്ങളൊന്നും ഉള്ളതായി  കാണാനായില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നിട്ടും പല സംസ്ഥാനത്തും സിനിമ പ്രദർശിപ്പിക്കുന്നതിനു തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. മതങ്ങൾ വിമർശനങ്ങൾക്കതീതമാണെന്ന ദു:ശാഠ്യം എല്ലാ മതപക്ഷക്കാരും വച്ചു പുലർത്തുന്നിടത്തോളം കാലം  ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ല. അത്രയ്ക്ക്  തൊട്ടാൽ പൊള്ളുന്നതത്രേ മതങ്ങൾ!
  
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ തീവ്രവാദികൾ ഇതിനു മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചിത്രത്തിന്റെ പേരിൽ ഹിന്ദുത്വതീവ്രവാദികൾ ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തിയ സംഭവം പോലും ഇവിടെ സംഭവിച്ചതാണ്. കേരളത്തിൽ ഒരു  പാഠപുസ്തകത്തിലെ ചരിത്രസംബന്ധിയായ വസ്തുതകൾക്കെതിരെ കത്തോലിക്കക്കാർ തിളച്ചു മറിഞ്ഞത് അടുത്തകാലത്താണ്. ഒരു ചോദ്യപ്പേപ്പറിന്റെ പേരിൽ മുസ്ലിം തീവ്രവാദികൾ  അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവവും കേരളം കണ്ടതാണ്. എന്തിന് മതമില്ലാത്ത ജീവൻ എന്ന ഒരു പാഠഭാഗത്തിനെതിരെ സകല മതവാദികളും ഒത്തുനിന്ന് പ്രശ്നമുണ്ടാക്കി ആ പാഠഭാഗം പിൻവലിപ്പിച്ചതും സാക്ഷരകേരളത്തിൽത്തന്നെ. അതെല്ലാം വച്ചു നോക്കുമ്പോൾ ഇപ്പോൾ ഈ സിനിമയ്ക്കെതിരെ ഉണ്ടായതുപോലുള്ള പലതും ഇനിയും സംഭവിക്കാവുന്നതും അതിലൊന്നും അദുഭുതപ്പെടേണ്ടതില്ലാത്തതുമാണ്. 

ഒരു സിനിമയോ നാടകമോ  സാഹിത്യ സൃഷ്ടിയോ മറ്റെന്തെങ്കിലുമോ  വിമർശിക്കപ്പെട്ടുകൂടെന്നില്ല. അവ കാണുകയോ വായിക്കുകയോ ചെയ്യുന്നവർക്ക് അതിൽ എന്തിനോടെങ്കിലും എതിർപ്പുണ്ടെങ്കിൽ വിമർശിക്കാം. സമാധാനപരമായി പ്രതിഷേധിക്കുകയുമാകാം. പക്ഷെ അക്രമത്തിലൂടെ ഒരു കലാ രൂപമോ സാഹിത്യരൂപമോ ആവിഷ്ക്കരിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നതും  നിരോധനം ആവശ്യപ്പെടുന്നതും ഫാസിസമാണ്. വിശ്വരൂപം എന്ന സിനിമ കാണരുതെന്ന് വേണമെങ്കിൽ തല്പരകക്ഷികൾക്ക് മുസ്ലിങ്ങളെ ആഹ്വാനം ചെയ്യാം. ആ ആഹ്വാനം  മുസ്ലിൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. 

സിനിമ  കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ അതിൽ ഉണ്ടെങ്കിൽ അതിനെതിരെ പ്രചരണം നടത്താം. പ്രതിഷേധിക്കാം. വേണമെങ്കിൽ തിയേറ്ററുകൾക്കു മുമ്പിൽത്തന്നെ ചെന്ന്  സമാധാനപരമായി ധർണ്ണ നടത്താം. സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസമിരിക്കാം. സിനിമയുടെ നിർമ്മതാവിനെയും സംവിധായകനെയും രേഖാമൂലം പ്രതിഷേധം അറിയിക്കാം. വേണമെങ്കിൽ സിനിമയ്ക്ക് മറുപടി നൽകിക്കൊണ്ട് മറ്റൊരു സിനിമ പിടിച്ച് റിലീസ് ചെയ്യാം. അതിന് മതങ്ങൾക്കും മത തീവ്രവാദികൾക്കും പണത്തിനു പഞ്ഞമൊന്നുമില്ലല്ലോ. അല്ലാതെ നിരോധനം ആവശ്യപ്പെടുക, അക്രമം കാണിച്ച് പ്രദർശനം തടയുക തുടങ്ങിയ ദുർമാർഗ്ഗങ്ങൾ ജനാധിപത്യവിരുദ്ധമാണ്. അതൊക്കെ കൈയ്യൂക്കിന്റെ അഹങ്കാരങ്ങൾ മാത്രമാണ്. ആൾ ശേഷിയും കൈയൂക്കും ധനശേഷിയും ഇല്ലാത്തതുകൊണ്ടാണല്ലോ മതത്തെയും ദൈവത്തെയുമൊക്കെ നിരാകരിക്കുന്ന യുക്തിവാദികൾക്കും മറ്റും കാര്യമായി മതങ്ങളുടെ സംഘടിത നീക്കങ്ങളെ പലതിനെയും  പ്രതിരോധിക്കാനാകാത്തത്. അതുകൊണ്ട് അവർക്ക് അഹങ്കാരവുമില്ല.
 
അക്രമശേഷി ഉപയോഗിച്ച്  തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതു തടയുന്നതുകൊണ്ട് സിനിമ നിർമ്മിച്ചവർക്ക് സാമ്പത്തിക നഷ്ടം വരുത്താം. എന്നാൽ സിനിമ പ്രദർശിപ്പിക്കാനും  കാണണമെന്നുള്ളവർക്ക്  കാണാനും ഇന്ന് തിയേറ്ററുകളെ മാത്രം  ആശ്രയിക്കേണ്ടതില്ല. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഉള്ളപ്പോൾ ഒരു നിരോധനം കൊണ്ടൊന്നും സിനിമ ആരും കാണാതിരിക്കാൻ പോകുന്നില്ല. സിനിമ മറ്റേതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കപ്പെടും. അക്രമങ്ങൾ നടത്തുന്നവർക്ക്  ക്രിമിനൽ കേസുകൾ നേരിടേണ്ടി വരും എന്നതിൽ കവിഞ്ഞ് ഒന്നുമില്ല. നിരോധിക്കപ്പെട്ട പുസ്തകങ്ങളും സിനിമകളുമൊക്കെ കൂടുതൽ കൗതുകത്തോടെ ആളുകൾ കാണുന്നുവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് ആളുകൾ കാണാതിരിക്കുവാനാണ് സിനിമ നിരോധിക്കണമെന്നു പറയുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. 

എത്രയോ അശ്ലീല ചിത്രങ്ങളും അക്രമചിത്രങ്ങളുമൊക്കെ ഇവിടെ തിയേറ്ററുകളിൽ ഓടിക്കുന്നു. അവയിൽ എത്രയോ എണ്ണം മതവിരുദ്ധങ്ങളാണ്. അതൊന്നും നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ. ഇന്റെർനെറ്റിൽ തന്നെ നമുക്ക് നല്ലതും ചീത്തയുമായി എന്തൊക്കെ കാണാൻ കഴിയുന്നു! അതൊക്കെ തുടച്ചുമാറ്റാൻ ആർക്കാണ് കഴിയുക? തങ്ങൾക്ക് ഹിതകരമല്ലാത്തവയെ സമാധാനപരമായി  എതിർക്കാനും വിമർശിക്കാനും അതിനു മറുപടി നൽകാനും എത്രയോ മാധ്യമങ്ങൾ ഉപയോഗിക്കാം. അല്ലാതെ തെരുവിലിറങ്ങി മറ്റൊരാളുടെ  ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തേണ്ട കാര്യമില്ല. ഇത് പോപ്പുലർ ഫ്രണ്ടിനോ മറ്റ് ഹിന്ദുത്വ-ക്രിസ്തുത്വ സംഘടനകൾക്കോ മാത്രം ബാധകമായ കാര്യമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടിത ശക്തികൾക്കും ബാധകമാണ്. ആരും ആരുടേയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കരുത്. എന്നുവച്ച് ആർക്കും ആരെപ്പറ്റിയും എന്തും പറയാം എന്ന് ഈ ലേഖനം അർത്ഥമാക്കുന്നുമില്ല. 

ഇപ്പോൾ ഈ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വർഗീയസംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അതിൽ കൗതുകമുണ്ട്. ഡി.വൈ.എഫ്.ഐയുടെ വേദിയിൽ നിന്ന്  നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ അക്രമങ്ങളെ അപലപിച്ചതിന് സിനിമാതാരം മമ്മൂട്ടിക്കെതിരെ തിരിഞ്ഞവരാണ് വിശ്വരൂപം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരും മറ്റും ആണ് എന്നതുകൊണ്ടും  സിനിമയിൽ മുസ്ലിം വിരുദ്ധതയുണ്ടെങ്കിൽ അത് ആളുകൾ കാണട്ടെ  എന്ന വിചാരം ഉള്ളതുകൊണ്ടും മാത്രമാണ്  ബി.ജെ.പിയും മറ്റും  സിനിമയ്ക്കനുകൂലമായ നിലപാടുമാരി രംഗത്തു വന്നിട്ടുള്ളത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ അക്രമശേഷി പ്രയോഗിക്കുന്നതിൽ അവരും ഒട്ടും പിന്നിലല്ല എന്ന് അവർ എത്രയോ തവണ തെളിയിച്ചതാണ്. 

ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ഉടലെടുക്കുന്നതുതന്നെ ഭൂരിപക്ഷവർഗ്ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ ഭുരിപക്ഷമതതീവ്രവാദികളായ  സംഘപരിവാർ ശക്തികൾ ഉള്ളപ്പോൾ എൻ.ഡി.എഫും  പോപ്പുലർഫ്രണ്ടും മറ്റും പോലുള്ള ന്യുനപക്ഷ തീവ്രവാദ സംഘടനകൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. എല്ലാവർക്കും പരസ്പരം ഭയമാണ്. നമ്മുടെ സംസ്കാരത്തെ മറുകൂട്ടർ തകർത്തുകളയുമോ എന്ന്. ഇവിടെ ആർക്കും ആരുടെയും സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നത് വേറെ കാര്യം. കാലം ചിലതൊക്കെ മാറ്റും. അതിൽ ചിലപ്പോൾ ചില സംസ്കാരങ്ങളും പെടും. അത് ഇവിടെ സംഭവിച്ചു പോരുന്നുമുണ്ട്. അതിന് ആർക്ക് ആരെയാണ് കുറ്റപ്പെടുത്തുവാനാകുക?

ഒരു മതത്തിൽ വിശ്വസിക്കുന്ന ആൾ മറ്റൊരു മതത്തെ ബോധപൂർവ്വം അവഹേളിക്കുകയാണെങ്കിൽ അതിൽ വിഷമം തോന്നാം. പക്ഷെ കമലഹാസൻ നിർമ്മതനും നിരീശ്വരവാദിയുമാണ്. അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും പ്രതിബദ്ധതയോ വിരോധമോ ഇല്ല. കമലഹാസന് മതങ്ങളെ ഒന്നിനെയും പ്രകീർത്തിക്കാൻ ബാദ്ധ്യതയില്ല. അഥവാ ഏതൊരു മതത്തെയും വിമർശിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. വിശ്വരൂപത്തിൽ എന്തെങ്കിലും മതവിമർശനമോ പരിഹാസമോ ഉണ്ടോ  എന്ന് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. നമ്മൾ സഹിഷ്ണിതയെപ്പറ്റി പറയുമ്പോൾ അത് ഒരു മതം മറ്റൊരു മതത്തെ സഹിഷ്ണുതയോടെ നോക്കണം എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. നിർമ്മതരോടും നിരീശ്വരവാദികളോടും തിരിച്ചും ഈ സഹിഷ്ണുത പുലരണം.

ഇനി അഥവാ കമലഹാസന്റെ സിനിമയിൽ മതവിമർശനം ഉണ്ടെങ്കിൽത്തന്നെ മറ്റേത് നിർമ്മതരെയും നിരീശ്വരവാദികളെയും യുക്തിവാദികളെയും പോലെ കമലഹാസനും മതങ്ങളെ വിമർശിക്കാം. ഒരാളുടെ വിമർശനം കൊണ്ടോ പരിഹാസം കൊണ്ടോ തകർന്നു പോകാൻ മാത്രം ദുർബ്ബലമാണോ സംഘടിത മതങ്ങൾ? ഇത്തരത്തിലുള്ള മതതീവ്രവാദപ്രേരിതമായ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ വിശ്വാസികളെ മതത്തിൽ നിന്ന് അകറ്റാനാകും സഹായിക്കുക. ഇപ്പോൾ തന്നെ ആളുകൾക്ക് കുട്ടികളെ പള്ളിയിലും അമ്പലത്തിലുമൊക്കെ അയക്കാൻ പേടിയായിത്തുടങ്ങിയിട്ടുണ്ട്. മക്കൾ തീവ്രവാദികളായി തീരുമോ എന്ന ഭയം തന്നെ കാരണം. 

കേരളത്തിൽ മുസ്ലിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ  മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. അവിടങ്ങളിൽ തീരെ അധ:സ്ഥിതരും അവഗണിക്കപ്പെടുന്നവരുമായി ദയനീയമായ ജീവിത സാഹചര്യങ്ങളിലാണ് മുസ്ലിങ്ങൾ കഴിഞ്ഞുകൂടുന്നത്. അക്രമം വെടിഞ്ഞ് പോപ്പുലർ ഫ്രണ്ടുപോലെയുള്ള പ്രസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി മുസ്ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയാണു വേണ്ടത്. ആൾശക്തിയും പണശക്തിയുമെല്ലാം അവിടങ്ങളിലെ മുസ്ലിങ്ങളുടെ  നന്മയ്ക്കുവേണ്ടി വിനിയോഗിക്കാൻ കഴിയും. മുസ്ലിങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. നിരക്ഷരത കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും  അങ്ങോട്ടുമിങ്ങോട്ടും മനുഷ്യരായി പരസ്പരം  അംഗീകരിക്കാത്ത പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. അവിടങ്ങളിലാണ് ശരിക്കും   ജനസേവനവും മതസേവനവുംമറ്റും  നടത്തേണ്ടത്.  

വിശ്വരൂപം എന്ന  സിനിമ ഈ ലേഖകൻ കണ്ടിട്ടില്ല. അതുകൊണ്ട് മുസ്ലിങ്ങളെ അത്രമാത്രം പ്രകോപിക്കുവാൻ അതിലെന്തിരിക്കുന്നുവെന്ന് അറിയില്ല. അതിൽ എന്തിരുന്നാലും ആരും പ്രകോപിതരാകേണ്ട കാര്യമില്ല. സിനിമ കാണുക, വിലയിരുത്തുക, അഭിപ്രായം പറയുക. വിമർശനമുണ്ടേങ്കിൽ അത് ചൂണ്ടിക്കാണിക്കുക. സിനിമയിൽ ആർക്കെങ്കിലും ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെതിരെ   ഒരു കാമ്പെയിനും പ്രതിഷേധവും ഒക്കെ ആകാം. അതിനപ്പുറം തങ്ങളുടെ അക്രമശേഷി ഉപയോഗിച്ച് ഓരോരുത്തർ ആജ്ഞാപിക്കാൻ തുനിഞ്ഞിറങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിനു പൊരുത്തപ്പെടാൻ കഴിയുന്ന കാര്യമല്ല. അങ്ങനെ വന്നാൽ  ഒടുവിൽ കൂടുതൽ ആൾ ശേഷിയും അക്രമശേഷിയും കൈമുതലുള്ളവർക്കാകും ഏകപക്ഷീയമായ വിജയം. അതായത് കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥ. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ സമൂഹം ജാഗരൂകരായിരിക്കേണ്ടതുണ്ട്. 

ഇന്ത്യൻ സിനിമയിൽ വലിയ പല പരീക്ഷണങ്ങളും നടത്തിയ വ്യക്തിയാണ് കമൽഹാസൻ. അതുല്യനായ നടനും സംവിധായകനും നിർമ്മാതാവും ഒക്കെയാണ്  അദ്ദേഹം. സാധാരണ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർ തികഞ്ഞ അന്ധവിശ്വാസികളായാണ് കാണപ്പെടുക. മിക്കവരും വലിയ മതഭക്തരും ദൈവഭക്തരുമൊക്കെയാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് കമൽ ഹാസൻ. മതേതര മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഒരു വ്യക്തിയാണ് ഏതെങ്കിലും മതത്തിലോ ദൈവത്തിലോ താൻ  വിശ്വസിക്കുന്നില്ലെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഒരു മനുഷ്യനോടും ഒരു മതത്തോടും ഒരു ദൈവത്തോടും   അദ്ദേഹത്തിന് വിദ്വേഷങ്ങൾ ഒന്നുമില്ല. വിദ്വേഷങ്ങളുമായി നടക്കാൻ സമയവുമില്ല.അതുകൊണ്ടുതന്നെ ആരെയെങ്കിലും വേദനിപ്പിക്കാൻമാത്രം ഒരു സിനിമ അദ്ദേഹം എടുക്കുമെന്നു കരുതാൻ കഴിയുകയില്ല. ബോധപൂർവ്വം ആരെയും വേദനിപ്പിക്കാനാകാത്ത മനുഷ്യസ്നേഹിയായ മഹാനടൻ കമലഹാസന് ജനാധിപത്യവാദികളുടെ മുഴുവൻ പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.                                                                    

8 comments:

ajith said...

തീവ്രമതവാദികള്‍

പടന്നക്കാരൻ said...

ആ ഇനിയും കാണേണ്ടി വരും...ഇത്തരം കലാപരിപാടികള്‍

drkaladharantp said...

daivangal vimarshikkappettathu kondaanu othiri mathangal undaayathu.allenkil oru mathame kaanumaayirunnulloo. vimarshangal ulkkollaan kazhiyaatha samooham naadine mudikkum

സങ്കൽ‌പ്പങ്ങൾ said...

നല്ല ലേഖനം......

ASOKAN T UNNI said...


ലേഖനം വളരെ നന്നായിരിക്കുന്നു..
ഭൂരിപക്ഷ വർഗ്ഗീയതയും
ന്യൂനപക്ഷ വർഗ്ഗീയതയും
ഒരുപോലെ എതിർക്കപ്പെടേണ്ടതാണു....

‘വിശ്വരൂപ’ വിഷയത്തിൽ ഇടപെടുന്ന സംഘടനൾക്ക്‌
അഴിമതിയുടെ വിശ്വരൂപം കാണാൻ കഴിഞ്ഞില്ലേ...
വിലക്കയറ്റം,സബ്സിഡി വെട്ടിക്കുറയ്ക്കൽ,
സ്ത്രീ പീഡനം,
ബാങ്കിങ്ങ്‌ മേഖല വിദേശികൾക്ക്‌ തീറെഴുതിയത്‌,
കോർപറേറ്റുകൾക്ക്‌ നൽകുന്ന നികുതിയിളവ്‌,
ഇതൊന്നും വിഷയമല്ലേ.....
കഷ്ടം....ആർക്കു വേണം ഇവരുടെ മതവും ജാതിയും....!

തൊണ്ണൂറുകൾ മുതൽ
ഇൻഡ്യയിൽ ആത്മഹത്യ ചെയ്യ്ത
കർഷകരുടെ എണ്ണം എത്രയാണെന്നു
ഇക്കൂട്ടർക്ക്‌ അറിയാമോ.....?

anwar ismail said...

അല്‍ -കയ്ദ യെ കുറിച്ച് സിനിമയില്‍ പരമര്‍ശമുന്ടെന്നു പറഞ്ഞു കേള്‍ക്കുന്നു. തീവ്രവാദി കളെക്കുറിച്ച് സിനിമയില്‍ വരുന്ന കാരിയങ്ങളെ കുറിച്ചോര്‍ത്തു നമ്മളെന്തിനാ തെരുവിലിറങ്ങുന്നത്‌...... .?.വിഷയദാരിദ്രിയം കൊണ്ടാണോ മതസങ്കടനകള്‍ ചാടിപുറപ്പെട്ടിരിക്കുന്നത് അതോ സിനിമയ്ക്ക് കൂടുതല്‍ പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കാനോ കേവലം ഒരു സിനിമയില്‍ ചെന്നിടിച്ചു തകര്‍ന്നു പോകുന്ന ദുര്‍ബലമായ ഒന്നാണോ ഇസ്‌ലാം ദീന്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

അക്രമത്തിലൂടെ
ഒരു കലാ രൂപമോ സാഹിത്യരൂപമോ ആവിഷ്ക്കരിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നതും
നിരോധനം ആവശ്യപ്പെടുന്നതും ഫാസിസമാണ്....

ഇ.എ.സജിം തട്ടത്തുമല said...

ഈ പോസ്റ്റിനോട് ഇതുവരെ പ്രതികരിച്ച എല്ലാവരോടും നന്ദിയുണ്ട്. ഈ സിനിമ വിവാദമാക്കിയതിന്റെ പ്രത്യാഘാതങ്ങളിൽ പ്രധാനമായി ഞാൻ കാണുന്നത് മുസ്ലിം മത ന്യൂനപക്ഷത്തെ തീവ്രവാദത്തിന്റെ പേരും പറഞ്ഞ് വീണ്ടും വീണ്ടും ആക്ഷേപിക്കാനും അവഗണിക്കാനും തല്പരകക്ഷികൾക്ക് അവസരമുണ്ടാകും എന്നതാണ്. അത് എന്റെ മുസ്ലിം സഹോദരൻ‌മാർ മനസിലാക്കണം. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് കാശു കൊടുത്താൽ പോലും ഒരു തുണ്ട് ഭൂമിയോ വീടോ വാങ്ങാൻ ചെന്നാൽ കിട്ടാത്ത സാഹചര്യങ്ങൾ ഉൾപ്പെടെ ഇപ്പോൾത്തന്നെ കേരളത്തിനു പുറത്ത് പലസ്ഥലങ്ങളിലുമുണ്ട്. ഉത്തരേന്ത്യയിലെ മുസ്ലിങ്ങളുടെ സ്ഥിതി പറയാനുമില്ല. അവിടെ മുസ്ലിങ്ങളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ലത്രേ. (തിരിച്ചും അങ്ങനെ തന്നെ.). നിരക്ഷരതയും മറ്റുമാണ് കാരണം. ഒരു മതവിശ്വാസത്തെ പിൻപറ്റുന്നു എന്നതുകൊണ്ടു മാത്രം അവഗണിക്കപ്പെടുന്ന ഈ ജനസമൂഹത്തെ രക്ഷിക്കുവാൻ പുരോഗമന മതേതര പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കേണ്ടതിനു പകരം നിസാരമായ വിഷയങ്ങൾക്കുപുറകേ പോയി പ്രതിരോധത്തിലാകാതിരിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. ഈ വീറും വാശിയുമൊക്കെ നീതി നിഷേധിക്കപ്പെട്ട മദനിയുടെ കാര്യത്തിലും ആരും കാണിക്കുന്നില്ലല്ലോ. ഓർക്കുക. മുസ്ലിങ്ങൾക്കുവേണ്ടി നിൽക്കുന്നുവെന്നു പറയുന്ന സംഘടനകൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയായി സ്വീകരിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിനു തുല്യമാണ്. അതുപോലെതന്നെ എല്ലാവരും ഓർക്കേണ്ട മറ്റൊരു കാര്യം അക്രമമല്ല അതിജീവനത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നതാണ്. മുസ്ലിംനാമധാരികൾക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്ത് പലയിടത്തും പ്രശ്നങ്ങൾ നേരിടുന്ന ഒരു കാലത്ത് കമൽ ഹാസനെ പോലുള്ള മനുഷ്യസ്നേഹികളുടെ പിന്തുണ അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഈ ജനവിഭാഗങ്ങൾക്ക് കരുത്ത് പകരുന്നതാണ്. അവരെ എതിരാക്കുന്നത് ബുദ്ധിയുമല്ല. അമേരിക്കയിൽ മുസ്ലിം പേരുകാരെ എയർപോർട്ടിൽ തടയുമെങ്കിൽ തന്റെ പേർ കമൽ ഹാസൽ എന്നല്ല കമാൽ ഹസൻ എന്ന് തിരുത്തുന്നുവെന്നു പറഞ്ഞയാളാണ് കമൽ ഹാസൻ. സിനിമയെ പറ്റി എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ ആ വിമർശനം ജനാധിപത്യപരമായി ചുണ്ടിക്കാട്ടിക്കൊണ്ടുതന്നെ കലയെ കലയുടെ വഴിക്കു വിടുകയാണു വേണ്ടത്. ഒരു സിനിമാ വിവാദം ഉണ്ടായെന്നു കരുതി മുസ്ലിങ്ങളും മറ്റ് മത ന്യൂന പക്ഷങ്ങളും അനുഭവിക്കുന്ന മറ്റ് പ്രയാസങ്ങൾ പുരോഗന-മതേതര ചിന്തയുള്ളവർ വിസ്മരിക്കുകയില്ലെന്ന് ഓർമ്മിപ്പിക്കുവാനാണ് ഈ കമന്റ്കൂടി കൂട്ടിച്ചേർക്കുന്നത്.