Friday, February 6, 2015

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

കേരളത്തിന്റെ കായിക പുരോഗതിയ്ക്കായുള്ള ചില നിർദ്ദേശങ്ങൾ എന്ന നിലയ്ക്കാണ് ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിന്റെ കായിക പുരോഗതിയ്ക്കും പുതിയ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്വാഭാവികമായും യാദൃശ്ചികമായും ഉയർന്നു വരുന്ന കായിക പ്രതിഭകൾക്കു പുറമെ നാം ബോധപൂർവ്വം പരിശ്രമിച്ച് പരിശീലിപ്പിച്ചെടുക്കുന്ന കായിക പ്രതിഭകളും കൂടി ചേരുമ്പോൾ നല്ലൊരു കായികസമ്പത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാനാകും. ഇതിന് സ്കൂൾതലം മുതൽക്കുള്ള പ്രവർത്തനം ആവശ്യമാണ്. എല്ലാ ജില്ലകളിലും സർവ്വ സൗകര്യങ്ങളോടും താമസ സൗകര്യങ്ങളോടും കൂടിയ വിശാലമായ കായിക സ്കൂളുകൾ സ്ഥാപിക്കണം. ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂളുകൾ ആരംഭിക്കണം.

ആഞ്ചാം ക്ലാസ്സ് മുതൽക്കെങ്കിലും കുട്ടികളെ കായികമായി പരിശീലിപ്പിച്ചു തുടങ്ങിയാലെ അവരെ നല്ല കായിക പ്രതിഭകളായി വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആ പ്രായം മുതൽക്ക് ബോർഡിംഗ് സ്കൂളിൽ നിർത്തി പഠിപ്പിക്കുക അഭികാമ്യമല്ല. അതിനാൽ സാധാരണ സ്കൂളുകളിലെല്ലാം അഞ്ചാം തരം മുതൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക സ്പോർട്സ് ഡിവിഷനുകൾ ഉണ്ടാക്കി അവർക്ക് വിവിധ കളികളിൽ പരിശീലനം നൽകുകയും അവരവരുടെ അഭിരുചികളും കഴിവുകളും വിലയിരുത്തുകയും വേണം. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകൾകൊണ്ട് സ്പോർട്സിൽ അഭിരുചിയും കഴിവുകളും ഉള്ളവരായി അവരെ മാറ്റണം. അതിനുശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായി താല്പര്യവും കഴിവും ഉള്ള കുട്ടികളെ കണ്ടെത്തി എട്ടാം തരം മുതൽ ജില്ലാതല സ്പോർട്സ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കണം. ഇതിന്റെ ചെ‌ലവ് സർക്കാർ വഹിക്കണം. എന്നാൽ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികളിൽ നിന്ന് ആശാസ്യമായ നിശ്ചിത ഫീസ് ഏർപ്പെടുത്താവുന്നതുമാണ്. എന്നാൽ പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും, സമ്പൂർണ്ണമായും സൗജന്യമായിരിക്കണം സ്പോട്സ് സ്കൂളിലെ പഠനം.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ജില്ലാ സ്പോർട്ട്സ് സ്കൂളുകളിൽ പഠിക്കാൻ ഈ കുട്ടികൾക്ക് അവസരം നൽകണം. ഈ പഠന കാലയളവിൽ പോലീസ് പരിശീലനം, അത്യാവശ്യം സൈനിക മോഡൽ പരിശീലനം എന്നിവയും കുട്ടികൾക്ക് നൽകാവുന്നതാണ്. ഈ സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ പോലീസിലും സൈനിക വിഭാഗങ്ങളിലും നിയോഗിക്കപ്പെടുന്നതിന് പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകണം. മറ്റ് സാധാരണ പാഠ്യപദ്ധതിയുടെ ഭാഗമായ ശാസ്ത്ര വിഷയങ്ങൾക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നല്ല ആശയ വിനിമയ പാഡവമുള്ളവരായിക്കൂടി ഈ കുട്ടികളെ വളർത്തിയെടുക്കാനുതകും വിധം പാഠ്യ പദ്ധതികൾ ക്രമീകരിക്കണം. വെറും കായിക പഠനം മാത്രമായിരിക്കരുത്, മറ്റ് സ്കൂളുകളിലെ പോലെ എല്ലാ വിഷയങ്ങളും സ്പോർട്സ് സ്കൂളുകളിൽ പഠിപ്പിക്കണം. എന്നാൽ സിലബസ് പഠന ഭാരം ലഘൂകരിക്കും വിധം ആയിരിക്കണം ക്രമീകരിക്കേണ്ടത്. സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ കായികമായും ബുദ്ധിപരമായും ഉയർന്ന നിലവാരം പുലർത്തും വിധമുള്ള ഒരു പാഠ്യ പദ്ധതി അവർക്കായി പ്രത്യേകം തന്നെ തയ്യാറാക്കാവുന്നതാണ്.

പ്ലസ് ടൂ ജയിക്കുന്നതോടെ കുട്ടികൾക്ക് പിന്നെ അവരുടെ ഇഷ്ടാനുസരണം ഉപരിപഠനം തുടരുകയോ മറ്റ് പ്രൊഫഷനുകളിലേയ്ക്ക് പോകുകയോ ചെയ്യാവുന്നതാണ്. എന്നാൽ പോലീസ്, സൈന്യം തുടങ്ങി കായികക്ഷമതാ പരിശീലനം ആവശ്യമുള്ള എല്ലാ ഉദ്യോഗങ്ങൾക്കും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം സംവരണവും മാർക്കിളവും നൽകണം. ഒപ്പം കായികക്ഷമതാ പരീക്ഷകളിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം. അതുമല്ലെങ്കിൽ പ്ലസ് ടൂ കഴിയുന്നതോടേ സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മാത്രമായി ടെസ്റ്റ് നടത്തി പോലീസിലേയ്ക്കും സൈന്യത്തിലേയ്ക്കും നിയമനം നടത്താവുന്നതുമാണ്. ഏത് ഉദ്യോഗങ്ങളിലും സ്പോർട്ട്സ്‌സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം. സ്പോർട്ട്സ് സ്കൂളുകളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞവരിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നവർക്ക് എസ്.ഐ ടെസ്റ്റ് മുതലായവയിൽ നിശ്ചിത സംവരണവും മാർക്കിളവും അനുവദിക്കണം. അവർക്ക് എഴുത്തു പരീക്ഷ കഴിഞ്ഞ് കായികക്ഷമതാ പരീക്ഷകളിൽ നിന്ന് ഒഴിവാക്കി നേരിട്ട് നിയമനം നൽകണം. സ്പോർട്സ് സ്കൂളുകളിൽ പഠിച്ച് കായിക ക്ഷമത വികസിപ്പിച്ചിറങ്ങുന്ന കുട്ടി‌കൾക്ക് പിന്നീട് ഒരു ഒരു ഉദ്യോഗത്തിനും കായിക ക്ഷമതാ പരീക്ഷ നടത്തേണ്ട ആവശ്യമില്ല. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിലും സ്പോർട്ട്സ് സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് മുതൽ പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളീലും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം.

ഇപ്പോൾ നിലവിലുള്ള സ്പോർട്സ് സ്കൂളുകളിൽ നിന്നും വേറിട്ടതായിരിക്കണം ഇവിടെ പറയുന്ന സ്പോട്സ് സ്കൂളുകൾ. അത്യാവശ്യം സ്പോർട്‌സിൽ താല്പര്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചില സാധാരണ സ്പോർട്സ് സ്കൂളുകൾ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇവിടെ വിഭാവന ചെയ്യുന്ന സ്പോർട്സ് സ്കൂളുകൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതും വേറി­ട്ടവയുമാണ്. അങ്ങനെ ഭാവിയിൽ സ്പോർട്സ് സ്കൂളുകൾ വഴി ജീവിതത്തിന്റെ സമസ്ത മേഖലകളിലും കായിക ക്ഷമമായ ഒരു തലമുറയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനാകും. ഏറ്റവും പ്രധാനമായി സ്പോർട്സ് സ്കൂളുകളിൽ നിന്നും പഠിച്ചു വരുന്നവരിൽ വിവിധ കളികളിൽ ഏറ്റവും മികവു പുലർത്തുന്നവർ ഉൾപ്പെടുന്ന കായിക പ്രതിഭകളുടെ ഒരു ഔദ്യോഗിക ബാങ്ക് തന്നെ സൃഷ്ടിക്കുവാനാകും. സ്പോർട്സ് സ്കൂളുകളിൽ നിന്ന് പരിശീലനം നേടിയിറങ്ങുന്ന മികച്ച കളിക്കാരെ രാജ്യത്തിന്റെ മികച്ച കളിക്കാരായി ഉയർത്തിക്കൊണ്ടു വരാൻ കഴിയും. . അങ്ങനെ നമ്മുടെ രാജ്യത്തിന്റെ കായിക സമ്പത്ത് വർദ്ധിപ്പിക്കാം. അതാണ് അതി‌ന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശവും.

സ്പോർട്സ് സ്കൂളുകളിൽ പഠി­ച്ചിറങ്ങുന്ന കുട്ടികളിൽ ഒരു വിഭാഗം പോലീസ്, സൈന്യം, അർദ്ധ സൈന്യം തുടങ്ങിയ മേഖലകളിലേയ്ക്കു പോയി രാജ്യത്തെ സേവിക്കും. കുറച്ചുപേർ മറ്റ് വിവിധസ് മേഖലകളിൽ പോയി രാജ്യത്തെ സേവിക്കും. ജീവിത വിജയം നേടും. സ്പോർട്സ് സ്കൂൾ പഠനം കഴിഞ്ഞിറങ്ങുന്നവരിൽ മറ്റൊരു നല്ല പങ്കാകട്ടെ മികച്ച കായിക താരങ്ങളായി രാജ്യത്തിന്റെ കായിക "സേനയുടെ" ഭാഗമാകും. അങ്ങനെ മികച്ച ഒരു കായിക സംസ്ഥാനമായി രാജ്യത്ത് കേരളത്തിന് തല ഉയർത്തി നിൽക്കാം. രാജ്യത്തെ കായിക മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന ഒരു സംസ്ഥാനമായി നമുക്ക് മാറാം. രാജ്യത്തിനു മികച്ച കായിക താരങ്ങളെയും കായിക പ്രതിഭകളെയും സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തി നടത്തുന്ന സ്പോർട്സ് സ്കൂളുകൾ വഴി ഈ ലേഖനത്തിലുടനീളം പരാമർശിച്ച മറ്റ് നിരവധി നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാം. പഠിതാക്കൾക്കും അവരിലൂടെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനാകെയും!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ മിക്ക കൌണ്ടികളിലും ഇത്തരം വിദ്യലങ്ങൾ ഉണ്ട്. ചെറുപ്പത്തിലെ തന്നെ കായിക പ്രതിഭകൾ വ്യക്തമാക്കുന്ന കുട്ടികളെ തെരെഞ്ഞെടുത്ത് , അവരെ ഭാവിയിൽ രാജ്യത്തിന്റെ അഭിമാനമാക്കുന്ന കായിക താരങ്ങളാക്കി മാറ്റും !

“സ്പോർട്സ് സ്കൂളുകളിൽ പഠി­ച്ചിറങ്ങുന്ന കുട്ടികളിൽ ഒരു വിഭാഗം പോലീസ്, സൈന്യം, അർദ്ധ സൈന്യം തുടങ്ങിയ മേഖലകളിലേയ്ക്കു പോയി രാജ്യത്തെ സേവിക്കും. കുറച്ചുപേർ മറ്റ് വിവിധസ് മേഖലകളിൽ പോയി രാജ്യത്തെ സേവിക്കും. ജീവിത വിജയം നേടും. സ്പോർട്സ് സ്കൂൾ പഠനം കഴിഞ്ഞിറങ്ങുന്നവരിൽ മറ്റൊരു നല്ല പങ്കാകട്ടെ മികച്ച കായിക താരങ്ങളായി രാജ്യത്തിന്റെ കായിക "സേനയുടെ" ഭാഗമാകും. അങ്ങനെ മികച്ച ഒരു കായിക സംസ്ഥാനമായി രാജ്യത്ത് കേരളത്തിന് തല ഉയർത്തി നിൽക്കാം. രാജ്യത്തെ കായിക മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന ഒരു സംസ്ഥാനമായി നമുക്ക് മാറാം. രാജ്യത്തിനു മികച്ച കായിക താരങ്ങളെയും കായിക പ്രതിഭകളെയും സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തി നടത്തുന്ന സ്പോർട്സ് സ്കൂളുകൾ വഴി ഈ ലേഖനത്തിലുടനീളം പരാമർശിച്ച മറ്റ് നിരവധി നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാം. പഠിതാക്കൾക്കും അവരിലൂടെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനാകെയും!