ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ
മുഖവും മുഖപുസ്തകവും ഒന്നും മനസ്സിൻ്റെ കണ്ണാടിയല്ല. പെരുമാറ്റവും. സൂക്ഷ്മമായി നോക്കിയാൽ ചില തിരിച്ചറിവുകൾ ഉണ്ടാകുമെന്നു മാത്രം. ജീവിതം ചിലർക്കെങ്കിലും ദീർഘമായൊരു നാടകമാണ്. അഭിനയമാണ്. ഒരു നാടകത്തിൽ ഒരു പ്രത്യേക കഥാപാത്രത്തെ നോക്കി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. എൻ്റെ ജീവിതവും അതുപോലെയാണ്.
ഏതാണ്ട് ഇരുപത് വയസ്സുവരെ ഒട്ടും ആർഭാടകരമല്ലെങ്കിലും എൻ്റെ ജീവിതം സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും കൂടിയായിരുന്നു. എന്നാൽ അവിടുന്നിങ്ങോട്ടുള്ള എൻ്റെ ജീവിതം തികച്ചും ആത്മസംഘർഷങ്ങളുടേതായിരുന്നു. അതിൻ്റെ കാരണങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്തതുമാണ്. എങ്കിലും ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സുവരെ എന്തെങ്കിലുമൊക്കെ സന്തോഷങ്ങളിൽ ഞാനും അറിഞ്ഞോ അറിയാതെയോ പങ്കെടുത്തു പോന്നിട്ടുണ്ട്. ഏതാണ്ട് മുപ്പത്തിയെട്ട് വയസ്സുവരെ എന്നെങ്കിലുമൊക്കെ എൻ്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വന്നു ചേരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ അവിടുന്നിങ്ങോട്ട് എൻ്റെ എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ടു. ശരിക്കുള്ള അഭിനയം അതിൽ പിന്നീടായിരുന്നു. എൻ്റെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും പ്രഥമപ്രധാനമായി ഞാനുണ്ടെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനായിരുന്നു. രണ്ടാമതായി മറ്റുള്ളവരെയും. ഇപ്പോഴുമതെ. എഴുത്തുകുത്തുകളും തമാശകളും ഒത്തുചേരലുകളും എല്ലാം ഞാനിപ്പോഴുമുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി എന്നെത്തന്നെ വിസ്മയിപ്പിക്കാനായിരുന്നു. ഇപ്പോഴുമുമതെ.
എന്നെ കുറിച്ച് എനിക്ക് വേവലാതികളുണ്ടായിരുന്നില്ല. എൻ്റെ എല്ലാ വേവലാതികളും ഞാൻ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. എന്നെ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. ജീവിതമേ മടുത്ത് സംതൃപ്തനായിരുന്ന ഞാൻ പക്ഷെ ഇപ്പോൾ എനിക്കു വേണ്ടിയല്ലാതെ എൻ്റെ ആയുസ്സ് കുറച്ചെങ്കിലും നീട്ടിക്കിട്ടാൻ ആഗ്രഹിക്കേണ്ടി വന്നിരിക്കുന്നു. എനിക്ക് വേണ്ടിയുള്ള ആഗ്രഹമല്ല........
ഇപ്പോൾ അർത്ഥശങ്കയക്കിടയില്ലാത്തവിധം എനിക്ക് ബോദ്ധ്യമായിരിക്കുന്നു;
ഇനിയെത്ര കാലം ജീവിച്ചിരുന്നാലും എൻ്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല. ഇനി അഥവാ എന്തെങ്കിലും ചിലത് ഉണ്ടായാൽ തന്നെ ഉള്ളുതുറന്ന് അത് ആസ്വദിക്കാനുമാകില്ല. ഇങ്ങനെയും ഒരു ജീവിതം ജീവിച്ചു തീർത്തു എന്നത് മാത്രമായിരിക്കും അവസാത്തിനു തൊട്ടു മുമ്പുള്ള എൻ്റെ ഒരേയൊരു സന്തോഷം; അതൊരു ചെറിയ കാര്യമല്ലല്ലോ ആശ്വസിക്കാൻ!
ജനിക്കാതെ പോയവരെയും എന്നെക്കാൾ ചെറിയ ആയുസ്സ് പൂർത്തിയാക്കിയവരെയും എന്നെക്കാൾ കൂടുതൽ ജീവിതദു:ഖങ്ങൾ അനുഭവിച്ചിട്ടുള്ളവരെയും ഇന്നും അനുഭവിക്കുന്നവരെയും ഓർക്കുമ്പോൾ എനിക്ക് കിട്ടിയ ഈ ജീവിതവും ഈ ആയുസ്സും ചെറുതായി കാണുന്നില്ല; ജീവിതം എന്നതേ ഒരു മഹാവ്യാഥിയാണെങ്കിലും!
1 comment:
വിഷാദം അലയടിച്ചു നിൽക്കുന്ന കുറിപ്പുകൾ
Post a Comment