Sunday, June 6, 2021

സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം

 സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം


സൈബർ ഇടങ്ങളിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റയ്ക്കോ കൂട്ടായോ പിന്തുണയ്ക്കുന്നവരും ആശയ പോരാട്ടം നടത്തുന്നവരും ഇടതുപക്ഷത്തിന് സ്വയം പ്രതിരോധമൊരുക്കുന്നവരും എല്ലാവരും ഇടതുപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായിരിക്കില്ല. കൂടുതലും അനുഭാവികളാണ്. അംഗത്വമുള്ളവരും കുറച്ചേറെ ഉണ്ടാകും. ചിലർ പാർട്ടിയിലോ അതിൻ്റെ ബഹുജന മുന്നണികളിലോ അംഗത്വമുള്ളവരും ചുമതലയുള്ളവരും നേരിട്ടോ ഫെയ്ക്കായോ കണ്ടേക്കാം. തൊഴിൽപരമായ സുരക്ഷിതത്വം കണക്കിലെടുത്ത് ഫെയ്‌ക്കായി ഇടപെടുന്ന അംഗങ്ങളോ അനുഭാവികളോ ഒക്കെ ഉണ്ടാകും. ഇവരെല്ലാം പാർട്ടിയോ ഇടതു പക്ഷ മോ ഓദ്യോഗികമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും അപ്പാടെ അംഗീകരിച്ചു കൊള്ളണമെന്നില്ല. പലർക്കും അതിനുള്ള ബാദ്ധ്യതയുമില്ല. പാർട്ടി വരയ്ക്കുന്ന രേഖയിലൂടെ എപ്പോഴും എല്ലാവരും സഞ്ചരിച്ചെന്നിരിക്കില്ല. ചിലർ ആ വരയിൽ നിന്ന് വഴുതി മാറി കോഷ്ഠികാട്ടി നടന്നു വരും. പക്ഷെ എവിടെ പോകാൻ. പിന്നെയും വരയിലും വരിയിലും വന്ന് കയറും.

പാർട്ടിയും മുന്നണിയും എടുക്കുന്ന പല തീരുമാനങ്ങളിലും നിലപാടുകളിലും സാധാരണ പാർടി അംഗങ്ങൾക്കും പ്രതിഷേധങ്ങൾ ഉണ്ടാകുകയും പരസ്പരം പറയുകയും തങ്ങൾക്കടുപ്പമുള്ള നേതാക്കളോട് പറയുകയുമൊക്കെ ചെയ്യാറുള്ളതാണ്. കാരണം സാധാരണ പാർട്ടി അംഗങ്ങൾ പാർട്ടിയോ മുന്നണിയോ എടുക്കുന്ന തീരുമാങ്ങളുടെയും നിലപാടുകളുടെയും നാനാവശങ്ങളൊന്നും വിശകലനം ചെയ്തിട്ടല്ല അഭിപ്രായം പറയുക. പെട്ടെന്ന് എല്ലാവർക്കും എന്തും ഒരുപേലെബോധ്യപ്പെട്ടെന്നും വരില്ല. എന്നാൽ പാർട്ടി / മുന്നണി തീരുമാനങ്ങളെ അവർ അംഗീകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. പരസ്യ വിമർശനം നടത്തുകയുമില്ല.

സാധാരണ പാർട്ടി അംഗത്വവും ചുമതലകളുമുള്ളവർ തന്നെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കും എന്നിരിക്കെ പാർട്ടിയുടെ ഔദ്യോഗിക കെട്ടുപാടുകൾക്ക് പുറത്തുള്ളവർ തികഞ്ഞ അച്ചടക്കത്തോടെ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല. പാർട്ടിക്കുള്ളിലെ ജനാധിപത്യ ബോധവും പൊതുജനാധിപത്യ ബോധവും രണ്ടും രണ്ട് തന്നെയാണ്. പാർട്ടി അംഗങ്ങളും ചുമതലപ്പെട്ടവരും പരസ്യമായി പാർട്ടി തീരുമാനങ്ങൾക്കെതിരെ നിലപാട് എടുക്കാൻ പാടില്ല തന്നെ; പക്ഷെ അല്ലാത്തവർ എതിരഭിപ്രായങ്ങൾ പറയുമ്പോൾ സ്നേഹ ബുദ്ധ്യാ തിരുത്താൻ ശ്രമിക്കാം എന്നല്ലാതെ അവർക്കെതിരെ എന്തെങ്കിലും സംഘടനാ നടപടികൾ എടുക്കാൻ കഴിയില്ലല്ലോ. അത്തരമാളുകളെയും ഗ്രൂപ്പുകളെയും ഒടക്കാക്കി ബഡക്കാക്കി അകറ്റുകയല്ല വേണ്ടത്. അടുപ്പിച്ചു നിർത്തിയാൽ തിരുത്തിയെടുക്കാം അകറ്റി നിർത്തിയാൽ അവർ അന്യരാകും. അവരുടെ ബുദ്ധിയും കഴിവുമൊക്കെ എതിരിടങ്ങൾക്ക് മുതൽക്കൂട്ടാക്കും. സ്വതന്ത്ര ചിന്തകളെയും ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അടിച്ചമർത്തുന്നത് ആധുനിക ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർക്ക്.

എല്ലാ വിഭാഗമാളുകളെയും ചേർത്തു നിർത്തിയാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത്. ഇടതുപക്ഷത്തെയോ അതിനുള്ളിലെ പാർട്ടികളുടെയോ അച്ചടക്കമുള്ള സജീവ അംഗങ്ങളും പ്രവർത്തകരും മാത്രമല്ല ഇടതുപക്ഷത്തിൻ്റെ ശക്തി. പലവിയോജിപ്പുകൾക്കിടയിലും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നവരും, എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും നമ്മുടെ ചിഹ്നം കാണുമ്പോൾ മാറ്റി കുത്താൻ മനസ്സുവരാത്തവരും എല്ലാം ചേർന്നതാണ് ഇടതുപക്ഷത്തിൻ്റെ ശക്തി!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സൈബർ ഇടങ്ങളിൽ കാണുന്ന ഇടതുപക്ഷങ്ങളിൽ ഇപ്പോൾ ചില പുഴുക്കുത്തുകളും കാണുന്നുണ്ട്