ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്
(രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എഫ് ബിയിൽ എഴുതിയത്)
ബഹുമാനപ്പെട്ട പുതിയ ആരോഗ്യ മന്ത്രിണി വീണ ജോർജോ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ ഏതെങ്കിലുമൊരു പി.എ - യോ പോലുമോ ലക്ഷക്കണക്കിന് എഫ്.ബി അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണമറ്റ പോസ്റ്റുകളുടെ കുത്തൊഴുക്കിൽ ഇത് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കണ്ടിട്ടു വേണ്ടേ പരിഗണിക്കാൻ! എങ്കിലും സ്നേഹപൂർവ്വം വീണാ ജോർജിൻ്റെയും അതുവഴി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടിയും ശ്രദ്ധയിലേക്ക്,
വിദ്യാഭ്യാസത്തിനല്ല, ആരോഗ്യമേഖലയ്ക്കാണ് ഇത്തവണ എൽ.ഡി.എഫ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. താലൂക്ക് തലം മുതൽ താഴോട്ടുള്ള ആശുപത്രികളുടെ വികസനത്തിനാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. അതുപോലെ ബ്ലോക്ക് തലത്തിലെങ്കിലും സർക്കാർ ഡയഗ്നോ സിസ് സെൻ്ററുകൾ ആരംഭിക്കണം. രോഗനിർണ്ണയ പരിശോധനയ്ക്കും ഫലം ലഭിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ ഉണ്ടാകുന്ന സ്വാഭാവിക കാലതാമസം ഇല്ലാതെ യഥാവിധി രോഗനിർണ്ണയം നടത്തി ഫലമറിയാനും യഥാസമയം രോഗം നിർണ്ണയിച്ച് ചികിത്സ കിട്ടാനും നാടാകെ ആവശ്യത്തിന് രോഗനിർണ്ണയ കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികളോടനുബന്ധിച്ചോ അല്ലാതെയോ തുടങ്ങണം. സ്വകാര്യ ഡയഗ്‌നോസിസ് സെൻ്ററുകളിൽ വലിയ തുക മുടക്കി രോഗനിർണ്ണയം നടത്തുന്നതിൻ്റെ സാമ്പത്തികഭാരം സാധാരണക്കാരന് താങ്ങാനാകുന്നതല്ല.
മരുന്നുകൾ, ചികിത്സോപകരണങ്ങൾ മുതലായവ സൗജന്യമായും കുറഞ്ഞ വിലയ്ക്കും ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണം. കാൻസർ, കിഡ്നി, ഹാർട്ട് തുടങ്ങിയ ചെലവേറിയ ചികിത്സകൾക്ക് എ.പി.എൽ, ബി.പി.എൽ ഭേദമന്യേ ഇൻഷുറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും നൽകണം. പല കാരണങ്ങളാൽ എ.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടുപോയ സാമ്പത്തിക പരാധീനതകളുള്ള സാധാരണക്കാരും മധ്യവർഗ്ഗത്തിൽപ്പെട്ടവരും സർക്കാർ ആരോഗ്യ ഇൻഷ്വറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും ലഭിക്കാതെ ഏറെ പ്രയാസപ്പെടുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന മരുന്നുകളുടെ ലഭ്യതയില്ലായ്മ രോഗികൾക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ചികിത്സാനുകൂല്യങ്ങൾ പലതും കുറഞ്ഞു വരികയാണ്. കേന്ദ്രഗവർൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്ര പോലെയുള്ള ആശുപത്രികളിലും ആ ട്ടോണമസ് ഭരണമുള്ള സർക്കാർ ആശുപത്രികളിലും പാവപ്പെട്ടവരും സാധാരണക്കാരുമായ ഗുരുതര രോഗികൾക്ക് സംസ്ഥാന സർക്കാർ ചികിത്സാനുകൂല്യങ്ങൾ ഏർപ്പെടുത്തണം.
അപ്രതീക്ഷിതമായി അത്യാസന്ന നിലയിൽ രോഗം ബാധിച്ച് അത്തരം സർക്കാർ ആശുപത്രികളിലെത്തുന്നവരെ അടിയന്തിര ശസ്ത്രക്രിയയ്ക്കും മറ്റും വിധേയമാക്കേണ്ടി വരുമ്പോൾ സ്വകാര്യ ആശുപത്രികളിലെ പോലെ ഉടൻ പണമടയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ഭൗതിക സാഹചര്യങ്ങൾ എത്രകണ്ട് വികസിപ്പിക്കാൻ കഴിഞ്ഞോ അതിനെക്കാൾ കൂടുതൽ ഭൗതിക സാഹചര്യവികസനം ഇത്തവണ ആരോഗ്യമേഖലയിൽ ഉണ്ടാകണം. കഴിഞ്ഞ തവണ ആരോഗ്യ മേഖലയുടെ പ്രവർത്തന മികവാണ് വിദ്യാഭ്യാസം കഴിഞ്ഞാൽ ഏറെ മുഴച്ചു നിന്നത്. എന്നാൽ ആരോഗ്യമേഖലയിൽ താഴെ തട്ടുമുതൽ ഭൗതിക സാഹചര്യവികസനം ഡോക്ടർമാരുടെയും മറ്റ് ജിനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകണം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഏറെ മികറ്റുവയാണെങ്കിലും അത് ആപേക്ഷികമാണ്. അതു കൊണ്ടു തന്നെ എല്ലാം തികഞ്ഞു എന്നതിനർത്ഥമില്ല. വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എല്ലാ സർക്കാർ ആശുപത്രികളെയും മോണിട്ടർ ചെയ്യുന്നതിന് അതത് ആശുപത്രികളിൽ ജനകീയ സമിതികൾ ഉണ്ടാക്കണം. ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തണം. കൂട്ടത്തിൽ ഒന്നു കൂടി. ആയൂർവേദത്തെയും ഹോമിയോയെയും ഐ.എം.എയുടെ വാക്കും കേട്ട് കൈവിടരുത്. അവരും ആതുരശുശ്രൂഷാ രംഗത്ത് കരുത്ത് തെളിയിച്ചവരാണ്. അവയും കൂടിയാണ് ശക്തിപ്പെടേണ്ടത്. അവരിലും വിശ്വാസമുള്ള ഒരു ജനസമൂഹം ഇവിടെയുണ്ട്. മന്ത്രി എല്ലാവരുടേതുമാകണം!
(ഇ.എ.സജിം തട്ടത്തുമല)
1 comment:
വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എല്ലാ സർക്കാർ ആശുപത്രികളെയും മോണിട്ടർ ചെയ്യുന്നതിന് അതത് ആശുപത്രികളിൽ ജനകീയ സമിതികൾ ഉണ്ടാക്കണം. ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തണം. കൂട്ടത്തിൽ ഒന്നു കൂടി. ആയൂർവേദത്തെയും ഹോമിയോയെയും ഐ.എം.എയുടെ വാക്കും കേട്ട് കൈവിടരുത്.
Post a Comment