Tuesday, July 17, 2012

പെൻഷൻ പ്രായവും മറ്റും

പെൻഷൻ പ്രായവും മറ്റും


(ഫെയ്സ് ബൂക്കിൽ ഡി.വൈ.എഫ്.ഐ നേതാവ് റിയാസിന്റെ പോസ്റ്റിലിട്ട കമന്റ് )

ഒരാൾ  സർവീസിൽ   കയറുന്നതു മുതൽ ഇരുപത്തിയഞ്ചു വർഷമോ അറുപതു വയസോ ഇതിൽ ഏതാണോ ആദ്യം പൂർത്തിയാ‍ക്കുന്നത് ആ സമയം സർവീസിൽ നിന്നും വിരമിക്കണം. ഒരാൾക്ക് ഇരുപത് വർഷത്തെ സർവീസായി പരിമിതപ്പെടുത്തിയാലും കുഴപ്പമൊന്നുമില്ല. എല്ലാവർക്കും അവസരം വേണം. അതുപോലെ ടെസ്റ്റ് എഴുതാനുള്ള ഉയർന്ന പ്രായ പരിധി അൻപത് ആക്കണം. അൻപത് വയസിൽ ടെസ്റ്റ് എഴുതി ജോലി വാങ്ങുന്ന ഒരാൾക്ക്  ഒരുപക്ഷേ   അഞ്ചോ ആറോ വർഷത്തെ സർവീസേ കിട്ടുകയുള്ളൂവെങ്കിൽ പോലും  അതു മതി.   എല്ലാവർക്കും ആഗ്രഹം കാണും ഒരു സർക്കാർ ജോലി കിട്ടാൻ. പെൻഷൻ പ്രായം അറുപതോ അതിൽ താഴെയോ എന്നതല്ല, കൂടുതൽ പേർക്ക് അവസരം നൽകാൻ ഉള്ള മാർഗങ്ങളാണ് കണ്ടെത്തേണ്ടത്. ടെസ്റ്റ് എഴുതാനുള്ള കുറഞ്ഞ പ്രായം പതിനാറാക്കണമെന്നും ( പത്താം ക്ലാസ്സ് ജയിച്ചുടൻ) ഈയുള്ളവന് അഭിപ്രായമുണ്ട്. ഉയർന്ന പ്രായ പരിധി അൻപതും. സർവീസിൽ നിന്നും പതിനഞ്ച് വർഷത്തിനു ശേഷം സ്വയമേവ വിരമിക്കുന്നവർക്ക് ചില ആനുകൂല്യങ്ങൾ നൽകാവുന്നതാണ്. അതായത് അവർക്ക് തുടർന്ന് വല്ല സ്വയംതൊഴിലും ചെയ്യാനുള്ള സഹായവും വായ്പയും മറ്റും. (പ്രതിമാസ പെൻഷനു പുറമേ). ഇതൊന്നുമല്ലാതെ വെറും പെൻഷൻ പ്രായത്തിൽ മാത്രം കയറി പിടിച്ച് പ്രതിഷേധമുയർത്തുന്നതിൽ വലിയ  കാര്യമില്ല. എത്ര  പ്രതിഷേധിച്ചാലും ഇടതു വലതു യൂണിയനുകൾ സാർദ്ദം ചെലുത്തിയും പല തന്ത്രങ്ങൾ ഉപയോഗിച്ചും പെൻഷൻ പ്രായം അറുപതിലെത്തിക്കും. അതിനുമുമ്പ് മറ്റ് ബദൽ മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ ഉതകുന്ന ചർച്ചകളാണ് സംഘടിപ്പിക്കേണ്ടത്. സർവീസ് സംഘടനകൾക്ക് അവരുടെ താല്പര്യങ്ങളാണ് വലുത്. അവർ ഏതു പാർട്ടിക്കാരായാലും പാർട്ടിയില്ല്ലാത്തവരായാലും. ശമ്പളവും മറ്റാനുകൂല്യങ്ങളും  കൂട്ടുക, പെൻഷൻ പ്രായം ഉയർത്തുക, (ചിലർക്ക്  പരമാവധി ജോലി ചെയ്യാതിരിക്കുക, ജനങ്ങളെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കുക) എന്നതൊക്കെ   അവരുടെ സ്വാഭാവികതാല്പര്യങ്ങളായി  എല്ലാക്കാലത്തുമുണ്ടാകും. സർവീസിൽ എത്തുന്നതുവരെ മാത്രമാണ് യുവാക്കൾ പെൻഷൻ പ്രായം കൂട്ടുന്നതിൽ പ്രതിഷേധിക്കുക. സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ അവരും തൊഴിലില്ലാത്ത ചെറുപ്പക്കാരെ മറക്കും. പിന്നെ അവർക്ക് അവരുടെ താല്പര്യങ്ങളായി.    ഒരു കാലത്ത് യുവാക്കളായി തൊഴിൽ അന്വേഷിച്ച് നടക്കുന്നവരാണ് പിന്നീട് സർവ്വീസിൽ എത്തുമ്പോൾ തൊഴിലില്ലാത്തവരെ നോക്കി കൊഞ്ഞണം  കുത്തുന്നത്. കൂട്ടത്തിൽ അതും ഒക്കെ പറയണമല്ലോ!

Friday, July 13, 2012

ജെയിംസ് സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ

ബ്ലോഗർ ജെയിംസ്  സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ

സൈബർ ലോകത്ത് നിന്ന് ഒരു എഴുത്തുകാരന് കേരള  സർക്കാരിന്റെ  ഔദ്യോഗിക അംഗീകാരം; സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വട്ടിയൂർ കാവ് ആസ്ഥാനമാക്കി  പ്രവർത്തിക്കുന്ന  ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സെക്രട്ടറിയായി ബ്ലോഗറും കവിയുമായ ജെയിംസ് സണ്ണി പാറ്റൂർ നിയമിതനായി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വന്നത്. ഈ വരുന്ന  ഞായറാഴ്ച അദ്ദേഹം ചുമതലയേൽക്കും. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ഏതെങ്കിലുമൊരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് എൻ.ജി.ഒ യൂണിയന്റെ മുൻസംസ്ഥാന പ്രസിഡണ്ടു കൂടിയായ ജെയിം സണ്ണി പാറ്റൂർ നിയമിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അദ്ദേഹത്തെ തേടി ഈയൊരു അംഗീകാരം എത്തിയത്.  

ബൂലോഗത്തിനും സൈബർ ലോകത്തിന്  ആകെയും അഭിമാനിക്കാവുന്ന ഒരു  സന്ദർഭമാണിത്..  ബ്ലോഗിലും ഫെയ്സ് ബൂക്കിലും മറ്റ് സൈബർ ഇടങ്ങളിലും സജീവ സാന്നിദ്ധ്യമാണ്    ജെയിംസ് സണ്ണി പാറ്റൂർ.   തീഷ്ണമായ കവിതകളിലൂടെ ബ്ലോഗിൽ സജീവമായ അദ്ദേഹം കവി എന്ന നിലയ്ക്കാണ് കുടുതൽ അറിയപ്പെടുന്നത്. അച്ചടിരൂപത്തിലും അദ്ദേഹത്തിന്റെ കവിതകൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാർക്ക് മാത്രമല്ല ഇ-എഴുത്തുകാർക്കും സംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തൊക്കെ നിയമിക്കപ്പെടാൻ അർഹതയുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.  ബൂലോഗത്തിന്   പ്രത്യേകമായിത്തന്നെ അഭിമാനിക്കാവുന്ന ഈ സന്തോഷ വാർത്ത ഞാൻ ഇവിടെ നിങ്ങൾ എല്ലാവരുമായും  പങ്കുവയ്ക്കുന്നു. 

ജെയിംസ് സണ്ണിസാറും ഞാനും തിരുവനന്തപുരത്തുകാരാണ്. എന്നാൽ  ഞങ്ങൾ പരിചയപ്പെടുന്നത് ബ്ലോഗിലൂടെയാണ്. ആദ്യമായി നമ്മൾ  തമ്മിൽ നേരിൽ  കാണുന്നത്   തിരൂർ തുഞ്ചൻപറമ്പിൽ  ബ്ലോഗ്‌മീറ്റിനു  പോയപ്പോൾ   തലേദിവസം താമസിച്ച ഹോട്ടൽ മുറിയിൽ വച്ചാണ്. ഞാനും തബാറക്ക് റഹ്‌മാനും  താമസിച്ച മുറിയിലേയ്ക്ക്   അതേ ലോഡ്ജിൽ താമസിച്ചിരുന്ന ജെയിംസ് സാർ  വന്ന്   നമ്മളെ പരിചയപ്പെടുകയായിരുന്നു.  സാബു കൊട്ടോട്ടി നൽകിയ വിവരമനുസരിച്ചാണ് അദ്ദേഹം നമ്മളെ തേടി  മുറിയിൽ  എത്തിയത്. ബ്ലോഗ്‌മീറ്റ്  കഴിഞ്ഞ്  തിരുവനന്തപുരത്തേയ്ക്ക്  ഞങ്ങൾ മൂവരുമൊരുമിച്ച്  പല ബസുകളിലും  കയറിയിറങ്ങിയുള്ള ആ   രാത്രിയാത്രയുടെ ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.  

അങ്ങനെ  ബ്ലോഗിലൂടെ പരിചയപ്പെട്ട് എന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായി മാറിയ ജെയിംസ് സാറിന് അദ്ദേഹത്തിന്റെ  ഔദ്യോഗിക ജീവിതത്തിൽ ലഭിക്കുന്ന ഈ പുതിയ നിയോഗം ഭംഗിയായി നിർവഹിക്കുവാൻ കഴിയട്ടെയെന്ന്  ആശംസിക്കുന്നതോടൊപ്പംതന്നെ  അദ്ദേഹത്തെപറ്റി ഇങ്ങനെ ചില നല്ല വാക്കുകൾ പറയാനുംകൂടി  ഞാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. സൈബർലോകത്തിനാകെയെന്നപോലെ  വ്യക്തിപരമായും  എനിക്ക് വളരെയേറെ സന്തോഷം നൽകുന്ന ഒന്നാണ് ജെയിംസ് സാറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം.  ആ സന്തോഷം അങ്ങനെതന്നെ   ഞാൻ എല്ലാവരുമായും പങ്കു വയ്ക്കുന്നു. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ  ഭരണ  സാരഥ്യം ഏറ്റെടുക്കുന്ന ജെയിം സണ്ണി പാറ്റൂരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 

Saturday, June 23, 2012

രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!


രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്   പ്രണാബ് കുമാർ മുഖർജിയെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എം തീരുമാനം നന്നായി. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് അനുഭവസമ്പത്തുള്ള ഒരു രാഷ്ട്രീയക്കാരൻ തന്നെയാകുന്നതാണ് നന്ന്‌. കോൺഗ്രസ്സിന് അധികാരം ലഭിക്കുമ്പോൾ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാക്കളാണ് പ്രണാബും എ.കെ.ആന്റണിയും മറ്റും. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയായി കോൺഗ്രസ്സ് വാഴിച്ചത് ഒരു ബ്യൂറോക്രാറ്റിനെയാണ്. ഒരു തവണയല്ല. രണ്ടുതവണ. ജനങ്ങൾക്കിടയിൽ നിന്നും വരുന്നവരെയെല്ലാം വിഢികളാക്കുന്ന  ഈ രീതി ഒരു രാഷ്ട്രീയ കക്ഷികളും സ്വീകരിച്ചുകൂടാത്തതാണ്. ജനാധിപത്യ ഇന്ത്യയുടെ പരമോന്നതമായ പദവികളിൽ  കഴിവതും രാഷ്ട്രീയ നേതാക്കൾതന്നെ വരണം. ബ്യൂറോക്രാറ്റുകളോ, ടെക്നോ ക്രാറ്റുകളോ,  സാംസ്കരിക ബുദ്ധിജീവികളോ, വ്യവസായ പ്രമുഖരോ  ഒന്നുമല്ല പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ   വരേണ്ടത്. അഥവാ രാഷ്ട്രപതി, ഉപരാഷ്ട്രപദവി എനീ സ്ഥാനങ്ങളിലേയ്ക്ക്  ഇടയ്ക്കൊക്കെ രാഷ്ട്രീയക്കാരല്ലാത്തവർ വന്നാലും  പ്രധാനമന്ത്രി , മുഖ്യമന്ത്രി ഇവ രാഷ്ട്രീയക്കാർ തന്നെ ആകണം.

എന്തയാലും  പ്രണാബ് കുമാർ മുഖർജിയ്ക്ക്   പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രപതിയെങ്കിലുമാകാൻ കഴിയട്ടെ.  വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള  രാഷ്ട്രീയക്കാരല്ലാത്തവരെ  പ്രയോജനപ്പെടുത്താവുന്ന മേഖലകൾ വേറെ ഒരുപാടുണ്ട്. രാജ്യത്തിനു നൽകുന്ന സേവനങ്ങളെ മാനിച്ച് അവർക്ക് പല പരമോന്നത  ബഹുമതികളൂം നൽകി ആദരിക്കാം. അത്യാവശ്യം ചിലരെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുകയുമാകാം.  ചില പ്രത്യേക വകുപ്പുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ രാഷ്ട്രീയക്കാരല്ലാത്ത എക്സ്പെർട്ടുകളെ മന്ത്രിയാക്കുന്നതിൽ അപാകതയില്ല.എന്നാൽ പരമപ്രധാനമായ ജനാധിപത്യ പദവികളിൽ ഒക്കെയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമില്ലാത്തവർ വരുന്നത് ഒരു പ്രവണതയായി മാറുവാൻ പാടില്ല.  ഇവിടെ നമ്മുടെ നാട്ടിൽ പെൻഷൻ  പറ്റിയ ഉദ്യോഗസ്ഥർ പ്രസിഡന്റാകുന്ന പഞ്ചായത്തുകൾ പോലും നല്ലൊരു പങ്കും കുളമാകുന്ന അനുഭവം കേരളത്തിലുണ്ട്. ജനാധിപത്യ വേദികളീലിരിക്കാൻ അനുഭവസ്ഥരും പരിചയ സമ്പന്നരുമായ രാഷ്ട്രീയനേതാക്കൾ തന്നെ വരണം. ഈ അടുത്തകാലത്തായി ബ്യൂറോക്രാറ്റുകളും മറ്റും പല ഉന്നത ജനാധിപത്യ  പദവികളിലേയ്ക്കും നുഴഞ്ഞു കയറുന്ന പ്രവണതയുണ്ട്.

പ്രണാബ് കുമാർ മുഖർജിയ്ക്ക് ഇനി ഒരിക്കലും പ്രധാനമന്ത്രിയാകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് രാഷ്ട്രപതിയായെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെടട്ടെ. അതും ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയേതരർ കൊണ്ടുപോകുമെന്നാണു കരുതിയത്. എന്തായാലും അതുണ്ടായില്ല. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇപ്പോൾ പരിഗണിക്കപ്പെട്ട അബ്ദുൽ ഖലാമോ, ഹമീദ് അൻസാരിയോ മോശക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും പ്രണബിനെയും സംഗ്‌മയെയും  പോലുള്ള  നേതാക്കളൂള്ളപ്പോൾ എന്തിന് മറ്റു മേഖലകളിൽ ഉള്ളവരെ അന്വേഷിച്ചു പോകണം? ബി.ജെ.പിയും മറ്റു ചില കക്ഷികളും പി.എ.സംഗ്‌മയെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്  പിന്തുണയ്ക്കുന്നുണ്ട്.പി.എ.സാംഗ്‌മയും രാഷ്ട്രപതിയാകാൻ യോഗ്യതയുള്ള പരിചയസമ്പന്നനായ നേതാവാണ്. ഇവരെ കൂടാതെ ഇനിയും എത്രയോ നല്ല നേതാക്കൾ നമുക്കുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വളർന്നുവരുന്നവർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയുമൊക്കെ ആകാനുള്ള അവസരങ്ങൾ ഉണ്ടാകണം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അതുവഴി അംഗീകാരവും പ്രോത്സാഹനവും  ലഭിക്കുന്നു.

Friday, June 15, 2012

സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


നെയ്യാറ്റിൻ‌കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ആരു ജയിച്ചാലും വിജയം അംഗീകരിക്കാതെ പറ്റില്ലല്ലോ. തൊട്ടുമുമ്പ് പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് വിജയിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പോസ്റ്റ് എഴുതിയിരുന്നു.വിജയികൾ ഏതു പക്ഷക്കാരനാണെങ്കിലും എന്റെ എഴുത്തിലും പ്രവൃത്തിയിലും  ഞാൻ അവരെ  അഭിനന്ദിക്കുകയാണ് പതിവ്. യു.ഡി.എഫ് നെയ്യാറ്റിനകരയിൽ നേടിയത് രാഷ്ട്രീയ വിജയമാണ്. അതിന് യു.ഡി.എഫിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ വിജയിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ സെൽ‌വരാജിനെ എനിക്ക് അഭിനന്ദിക്കാൻ കഴിയില്ല. കാരണം അദ്ദേഹം അഭിനന്ദനം അർഹിക്കുന്നില്ല. വിജയിച്ചതുകൊണ്ട് സെൽ‌വരാജ് വിശുദ്ധനാക്കപ്പെടുന്നില്ല.അദ്ദേഹം സ്വന്തം നേട്ടങ്ങൾക്കുവേണ്ടി  കാലുമാറിയവ്യക്തിയാണ്. കൂറുമാറിയ വ്യക്തിയാണ്.  അദ്ദേഹം സി.പി.ഐ.എമ്മിനെ വഞ്ചിച്ചു പുറത്തു പോയി യു.ഡി.എഫിനു രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. പാർട്ടിമാറാനും മുന്നണിമാറാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഈ പാർട്ടിയെ ചതിച്ചിട്ട് പോകുന്നവരെ വർഗ്ഗവഞ്ചകരായി മാത്രമേ കാണാൻ കഴിയൂ‍.

ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതുകൊണ്ട് ഒരു വ്യക്തി മുമ്പ് നടത്തിയ അധാർമ്മിക പ്രവർത്തനങ്ങൾ ന്യായീകരിക്കപ്പെട്ടുകൂട. സ്വന്തം പാർട്ടിയിൽ നിന്ന് അർഹിക്കുന്നതിൽ അധികം അംഗീകാരവും സ്ഥാന മാനങ്ങളും നേടിയിട്ട് ആ പാർട്ടിയെ ചതിച്ച് ശത്രുപാളയത്തിലേയ്ക്ക് പോകുന്നത് തികച്ചും അധാർമ്മികമാണ്. തെരഞ്ഞെടുപ്പുകളിൽ ഓരോ ട്രെന്റുകൾ വരും. ആ ട്രെന്റാണ് വിജയപരാജയങ്ങളെ പലപ്പോഴും സ്വാധീനിക്കുന്നത്. നെയ്യാറ്റിൻ‌കരത്തെ ട്രെന്റ് ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫിന് അനുകൂലമായി തോന്നിയിരുന്നു. എന്നാൽ പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങൾ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു. എൽ.ഡി.എഫിനെ സംബന്ധിച്ച് തികച്ചും പ്രതികൂ‍ലമായ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അ സാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകണം.

പാർട്ടിയ്ക്ക് പങ്കില്ലാത്ത  ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുള്ള സംഭവങ്ങളും   ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടവന്നിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമാണ് യു.ഡി.എഫ് വിജയിച്ചതെന്നു ഞാൻ കരുതുന്നില്ല. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും നേരിയ വ്യത്യാസത്തിലെങ്കിലും യു.ഡി.എഫ് തന്നെ വിജയിക്കുമായിരുന്നു. തുടക്കത്തിൽ ഒരു വിജയപ്രതീക്ഷ പുലർത്താനായിരുന്നു എന്നേയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഞാൻ ആ തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ നെയ്യറ്റിൻ‌കരയിൽ എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കാരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് വിജയിക്കാൻ അനുകൂലമായ ചില സാഹചര്യങ്ങൾ കണ്ടിരുന്നു. അവസാനവും നേരിയ വിജയ പ്രതീക്ഷ ഇല്ലാതിരുന്നില്ലതാനും. ഒരു കാലുമാറ്റക്കാരനെ ജനം വീണ്ടും വിജയിപ്പിക്കില്ലെന്നുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ കാലുമാറ്റം, അഴിമതി, സാമ്പത്തിക നേട്ടം കൈവരിക്കൽ എന്നിവയേക്കാളൊക്കെ അക്രമം, കൊലപാതകം എന്നിവയേക്കാൾ പൊറുക്കാവുന്ന കാര്യമാണെന്നും ഒരു വിഭാഗം ആളുകൾ ചിന്തിച്ചിരിക്കാം.

അഴിമതിക്കാരും കാലുമാറ്റക്കാരും, കൊലയാളികലും സ്ത്രീപിഡകരും ഒക്കെ വളരെ ഈസിയായി തെരഞ്ഞെപ്പുകളിൽ ജയിച്ചു വരുന്നത് ഇത് അദ്യമായൊന്നുമല്ല. എന്തായാലും സി.പി.ഐ.എമ്മിനു ക്ഷീണമുട്ടാക്കിയ സെൽവരാജ് എന്ന മുൻ സി.പി.ഐ.എം നേതാവിനോട് ഒന്നേ പറയനുള്ളൂ. ഒക്കെ വളരെ മോശമായിപ്പോയി. ഞങ്ങളെ പോലെ ആയിരങ്ങൾ താങ്കളെ പോലെ പഞ്ചായത്ത് പ്രസിഡന്റോ പലവട്ടം എം.എൽ.എയോ ജില്ലാ കമ്മിറ്റി അംഗമോ ഒന്നുമായിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ നല്ല പിള്ളകളായി എപ്പോഴും നിന്നിട്ടുമില്ല. പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയുമൊക്കെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും വിമർശിക്കുന്നുണ്ട്. പാർട്ടി തീരുമാനങ്ങൾ   നടപ്പിലാക്കുമ്പോഴും പാർട്ടിയുടെ പല നിലപാടുകളോടും പ്രതിഷേധം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും. പാർട്ടിയുടെ പല നേതാക്കളോടും സ്നേഹം നിലനിൽക്കുമ്പോഴും  പലപ്പോഴും പല കാരണങ്ങളാൽ  അമർഷവും  തോന്നാറുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയുണ്ടാകാം. മനുഷ്യരല്ലേ? എന്തിനധികം  നമ്മളൊക്കെ  പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന്  ചെറിയ ചെറിയ കലാപങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. അതൊന്നും പാർട്ടിയെ നശിപ്പിക്കാനല്ല.സദുദ്ദേശത്തോടെ  മധുരമായി  ചില ഭിന്നസ്വരങ്ങളുയർത്തി പാർട്ടിയെയും നേതാക്കളെയും ചിന്തിപ്പിക്കുക എന്നതിനപ്പുറം  അതൊന്നും പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളല്ല.

ഒരിക്കൽ  ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിലെ ചില അപാകതകൾ ചൂണ്ടിക്കാട്ടി   നമ്മുടെ ഒരു ലോക്കൽ സമ്മേളനം ഒന്നാകെ അലങ്കോലമാക്കി, അത് പിന്നീട് വീണ്ടും നടത്തിച്ച്  പാർട്ടി നേതൃത്വത്തെ ശരിയായ നിലപാടിലേയ്ക്ക് കൊണ്ടുവരാൻ നമ്മൾ  ഒരിക്കൽ നടത്തിയ ശ്രമവും   അതിന്റെ വിജയവും  ഇത്തരുണത്തിൽ ഓർക്കുകയാണ്. ഇതിന്റെയൊക്കെ പേരിൽ പലപ്പോഴും പാർട്ടി നേതൃത്വത്തിൽ നിന്ന് പലർക്കും ചില  “ഒതുക്കലുകളും” നേരിടേണ്ടി വന്നിട്ടുണ്ട് (ഈയുള്ളവനും....ഹഹഹ!). പല ചുമതലകളിൽ പലരും,  അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്.  പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയുടെ നന്മകൾക്കുവേണ്ടിയാണെങ്കിലും  “കുലംകുത്തുമ്പോൾ” (തെറ്റായി വ്യാഖ്യാനിക്കേണ്ട. തമാശയാണ്) അങ്ങനെയൊക്കെ സംഭവിക്കാം. അതിനെയൊക്കെ പാർട്ടിയ്ക്കുള്ളിൽ  നിന്ന് നേരിടണം. ഫൈറ്റ് ചെയ്യണം. അതൊക്കെ പണ്ടുമുണ്ട്. ഇപ്പോഴുമുണ്ട്. എപ്പോഴുമുണ്ടാകും. സി.പി.ഐ.എമ്മും  ഒരു ജനാധിപത്യ പാർട്ടിയാണ്. ഇവിടെ ഞൻ മറ്റൊരു കാര്യം ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ പാർട്ടി സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ ദൌർഭാഗ്യകരമായ ചെറിയൊരു  അക്രമ സംഭവം  ഒഴിവാക്കാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ  നമ്മളിൽ ചില   പാർട്ടി അംഗങ്ങളെ ഒരിക്കൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട് . അക്രമം നടത്തിയതിനല്ല അതൊഴിവാക്കാനുള്ള ഇടപെടൽ ഫലപ്രദമായില്ലാ എന്നതിന്റെ പേരിൽ! പക്ഷെ കുറ്റക്കാരല്ലാതെ ശിക്ഷ കിട്ടിയിട്ടും ഞങ്ങളാരും പാർട്ടി വിട്ടില്ല. ഏതാനും നാൾ  കഴിഞ്ഞ് തിരിച്ചെടുത്തു.    ഈ  പാർട്ടിയിൽ നിൽക്കുമ്പോൾ ഇതൊക്കെ    സ്വാഭാവികമാണ്. ഇങ്ങനെ പലതും  ഉൾപാർട്ടി വിഷയങ്ങളാകാറുണ്ട്.

ഇതൊന്നുമല്ലാതെ ആർ.എം.പിക്കാരെ പോലെ ആദ്യം കുലംകുത്തി പിന്നെ കുലംവിട്ടു പുറത്തുപോയി പുറത്തുനിന്നും കുത്തി പാർട്ടിയെ വെല്ല്ലുവിളിക്കുകയും പാർട്ടി സഖാക്കളുടെ വീടുകൾ ആക്രമിക്കുകയും പാർട്ടി കുടുംബങ്ങൾക്ക് ഊരുവിലക്കേർപ്പെടുത്തുകയും മറ്റും ചെയ്യുന്നതല്ല പാർട്ടിയ്ക്കു വേണ്ടിയുള്ള ഫൈറ്റ്. (ആർ.എം.പിയെ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുകയാണ്. ടി.പി. വധം പാർട്ടി ചെയ്തതല്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഇനി അത് പാർട്ടിബന്ധമുള്ളവരോ,  മറ്റ്   ആരുതന്നെ ചെയ്താലും അതിന് ഒരു ന്യായീകരണവുമില്ലെന്ന് ഇത്തരുണത്തിലും ആവർത്തിക്കുന്നു).

പാർട്ടിക്കുള്ളിൽ നിന്ന് ഫൈറ്റ് ചെയ്യുമ്പോഴും പല കഷ്ടനഷ്ടങ്ങളുമുണ്ടാകുമ്പോഴും  ഞങ്ങൾക്കൊന്നും ഒരിക്കൽ പോലും ഈ പാർട്ടിയുടെ വലയം വിട്ടു പുറത്തുപോകാനോ ശത്രുപാളയത്തിൽ ചെന്നു നിന്ന് സ്വന്തം പാർട്ടിയ്ക്കുനേരേ മുണ്ടുപൊക്കി കാണിക്കനോ തോന്നിയിട്ടില്ല. ഒരിക്കലും പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. പാർട്ടിവിട്ട സെൽ‌വരാജ് കോൺഗ്രസ്സുകാരന്റെ കുപ്പായമിട്ട് അർഹിക്കുന്നതിനുമപ്പുറം സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ വെല്ലുവിളിച്ചു. സെൽ‌വരാജ്, നിങ്ങൾ വീണ്ടും ഒരു അധികാര മത്സരത്തിനു നിന്നിരുന്നില്ലെങ്കിൽ അല്പമെങ്കിലും മതിപ്പു തോന്നിയേനേ! പാർട്ടി തന്ന എം.എൽ.എ ടേൺ പൂർത്തിയാക്കി  പാർട്ടിവിട്ട് പോയിരുന്നെങ്കിൽ  അതിന് ഒരു അന്തസൊക്കെ ഉണ്ടായിരുന്നു. സെൽ‌വരാജ്, താങ്കളിപ്പോൾ  ജയിച്ചുവെന്നു കരുതേണ്ട . താങ്കൾ തോറ്റു കൂപ്പുകുത്തിപ്പോയി. ഞങ്ങളുടെ  മുൻ‌സഖാവേ, താങ്കൾക്ക്  ജീവിതകാലം മുഴുവൻ ഒരു കമ്മ്യൂണീസ്റ്റുകാരനായി കഴിയാനായില്ലാ എന്നതിനപ്പുറം താങ്കൾക്ക് എന്ത് പരാജയമാണ് വരാനുള്ളത്? ഞങ്ങളതിൽ ദു:ഖിക്കുന്നു. താങ്കൾ വിജയിച്ചുവെന്നുകരുതി അഘോഷിക്കുന്ന ഈ വേളയിലും ഒന്നുകൂടി ആവർത്തിക്കട്ടെ. ഒക്കെ മോശമായി പോയി.

പിൻ‌കുറിപ്പ്: ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും പതറുന്നവരല്ല, ഞങ്ങൾ സി.പി.ഐ.എമ്മുകാർ. അല്ലപിന്നെ!

പ്ലസ്-വൺ പ്രവേശനം


എസ്.എസ്.എൽ.സി റീ വാല്വേഷനിൽ ഗ്രേഡ് മാറിയ കുട്ടികൾ അവതാളത്തിൽ

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ റീ വാല്വേഷന് അപേക്ഷിച്ച് ഗ്രേഡിൽ മറ്റം വന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ്  ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ ഇവരിൽ   പ്ലസ്-വണിന്റെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക്   നിശ്ചിത ദിവസത്തിനുള്ളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കില്ല. റീവാല്വേഷന് അപേക്ഷിച്ച കുട്ടികളുടെ ആദ്യ സർട്ടിഫിക്കറ്റുകൾ അവർക്ക്  വിതരണം ചെയ്യാതെ അവ റീവാല്വേഷന്റെ റിസൾട്ട് വന്നതിനുശേഷം ഗ്രേഡിൽ വ്യത്യാസമുണ്ടെങ്കിൽ ഹെഡ്മാസ്റ്റർമാർ ഡി.ഇ.ഓ ഓഫീസിൽ കൊണ്ടുപോയി നൽകി  പുതുക്കിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി കുട്ടികൾക്ക് നൽകണമെന്നായിരുന്നു നിർദ്ദേശം.

പ്ലസ്-വൺ അപേക്ഷ നൽകാനുള്ള തീയതി അവസാനിക്കും മുമ്പ് റീവാല്വേഷന്റെ റിസൾട്ട് വന്നതുകൊണ്ട്  മിക്ക കുട്ടികൾക്കും റീവാല്വേഷനിൽ കൂട്ടിക്കിട്ടിയ  ഗ്രേഡ് അനുസരിച്ച് അപേക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. എന്നാൽ റീവാല്വേഷനു ശേഷമുള്ള എസ്.എസ്.എൽ.സി  സർട്ടിഫിക്കറ്റ് ഇതുവരെ ഡി.ഇ.ഓ ഓഫീസുകളിലോ അതുവഴി സ്കൂളുകളിലോ എത്തിയിട്ടില്ല. അതിനാൽ പ്ലസ്-വണ്ണിന് അദ്യ അലോട്ട്മെന്റിൽ പേരുള്ള കുട്ടികൾക്ക് അവർക്ക് പ്രവേശനാനുമതി ലഭിച്ച സ്കൂളിൽ അഡ്മിഷൻ എടുക്കാൻ കഴിയില്ല. ഏതെങ്കിലും സ്കൂളിൽ അഡ്മിഷൻ ലഭിച്ചാൽ ആ സ്കൂളിൽ നിശ്ചിത ദിവസത്തിനുള്ളിൽ സ്ഥിരമായോ ഹയർ ഓപ്ഷൻ ഉണ്ടെങ്കിൽ ടെമ്പററി ആയോ അഡ്മിഷൻ എടുക്കണമെന്നുണ്ട്. പ്ലസ്-വന്നിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പതിനെട്ടാം തീയതി പ്രസിദ്ധീകരിക്കും.

ഏതെങ്കിലും സ്കൂളിൽ അഡിമിഷൻ ലഭിക്കുന്ന കുട്ടികൾ  പത്തൊൻപതാം തീയതി വൈകുന്നേരം നാലുമണിയ്ക്കു മുമ്പ് അഡ്മിഷൻ എടുക്കണമെന്നുണ്ട്. ഇല്ലെങ്കിൽ കിട്ടിയ അഡ്മിഷൻ ക്യാൻസലാകും.  പിന്നീടുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല.  റീവാല്വേഷനിൽ ഗ്രേഡ് മാറ്റം വന്ന കുട്ടികൾക്ക് ഇതുവരെ സർട്ടിഫികറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൂടി വച്ചാണ് മിക്ക സ്കൂളിലും ടി.സിയ്ക്കും കോൻഡാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ അവർക്ക് ടി.സിയ്ക്കും കൊണ്ടാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കാൻ കഴിയില്ല.

അഡ്മിഷൻ സമയത്ത്  എസ്.എസ്.എൽ.സി ബൂക്കും ടിസിയും കോണ്ടാക്ട് സർട്ടിഫിക്കറ്റും നലകേണ്ടതുണ്ട്. എന്നാൽ ഇവ മൂന്നും ഈ കുട്ടികൾക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ റീവാല്വേഷനു കൊടുത്തത അബദ്ധമയോ എന്ന സന്ദേഹത്തിലും തങ്ങൾക്ക് അർഹതപ്പെട്ട അഡിഷൻ ലഭിക്കാതെ പോകുമോ എന്ന ഭയത്തിലുമാണ് റീവാല്വേഷന് കൊടുത്ത കുട്ടികൾ. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ഇതിനു പരിഹാരം ഒന്നുകിൽ എത്രയും വേഗം ഇനിയെങ്കിലും കുട്ടികളുടെ സർട്ടിഫിക്കറ്റ് നൽകുക. അല്ലെങ്കിൽ പ്ലസ് വണ്ണിന് ആദ്യ അലോട്ട്മെന്റു പ്രകാരം അഡ്മിഷൻ എടുക്കാവുന്ന തീയതി നീട്ടിവയ്ക്കുക. ഇത് രണ്ടുമല്ലെങ്കിൽ റീവാല്വേഷനു കൊടുത്ത കുട്ടികൾക്ക് ഇത്തവണ പ്ലസ് വൺ പ്രവേശനം അസാധ്യമാകും.

Friday, June 1, 2012

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

മിനിയാന്ന് (30-05-2012) നെയ്യാറ്റിൻ‌കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു പോയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ  ഇടതുപക്ഷം മറ്റ് പ്രദേശങ്ങളിലുള്ള പ്രവർത്തകർക്ക് ഇത്തരം ചുമതല നൽകുന്ന പതിവുണ്ട്. ഞങ്ങൾ ഒരു ട്യൂറിസ്റ്റ് ബസ്സിൽ രാവിലെ തന്നെ  പുറപ്പെട്ട് നെയ്യാറ്റിൻ‌കര നിയമസഭാ നിയോജക മണ്ഡലത്തിലുൾപ്പെട്ട   ഒരു ഉൾ ഗ്രാമത്തിലാണെത്തിയത്. അവിടെ ആ കവലയിൽ  ബസിറങ്ങുമ്പോൾ രാവിലെതന്നെ മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചരണ വാഹങ്ങൾ അടുത്തടുത്തിട്ട് ഉച്ചഭാഷിണി വഴി അന്തരീക്ഷം ശബ്ദമുഖരിതമാക്കിയിരുന്നു. ഒരേ കവലയിൽ മൂന്നു വാഹനങ്ങളും അടുത്തടുത്ത് ചേർത്ത് നിർത്തി റിക്കോർഡ് ചെയ്ത ശബ്ദപ്രക്ഷേപണം  അത്യുച്ചത്തിൽ ഇട്ടിരിക്കുന്നതിനാൽ  ആരുടെ പ്രക്ഷേപണവും   വ്യക്തമായി വേർതിരിച്ചു കേൾക്കാൻ കഴിയാതെ അതൊക്കെ അന്തരീക്ഷത്തിൽ വിക്ഷേപണം ചെയ്ത് പോകുകയായിരുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ! അവിടെ കവലയിൽ നിൽക്കുന്ന ഞങ്ങളടക്കം ആളുകൾക്ക്  പരസ്പരം സംസാരിക്കുന്നതുപോലും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അല്പസമയത്തിനുള്ളിൽ പ്രചരണവാഹനങ്ങൾ ഓരോന്നായി ആ കവലയിൽ നിന്ന് വിവിധ ദിശകളിലേയ്ക്ക് പോയിക്കഴിഞ്ഞപ്പോഴാണ്  സ്വബോധം വീണു കിട്ടിയത്. പ്രചരണച്ചൂടെന്നാൽ ഈ ഈ ഉച്ചഭാഷിണിപ്രയോഗം തന്നെയെന്നു തോന്നും.ഇലക്ഷൻ കഴിയുംവരെ ഇത് ജനങ്ങൾ സഹിച്ചേ മതിയാകൂ. കാരണം ഇത് ജനാധിപത്യരാജ്യമാണ്. ഇതൊക്കെ സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമാണ്.  മൂന്നു പാർട്ടികളും കവലകളിലും വഴികളിലും മത്സരിച്ച് ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഇലക്ഷന് മോഡി പിടിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പാകുമ്പോൾ ഒരു മണ്ഡലത്തിന്റെ മാത്രം ശ്രദ്ധയിലൊതുങ്ങുന്നതല്ലല്ലോ അത്. അതിന്റെയൊരു ആവേശം മണ്ഡലത്തിലെങ്ങും അലതല്ലുന്നുണ്ട്.

എൽ.ഡി.എഫിന്റെ അവിടുത്തെ തെരഞ്ഞെടുപ്പ്   കമ്മിറ്റി ഓഫീസിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ എൽ.സിയിൽ നിന്നും അവിടെയെത്തിയ സഖാക്കൾ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ്  ഓരോ  ബൂത്ത് പ്രദേശങ്ങളിലേയ്ക്ക് പോയി. തദ്ദേശവാസികളായ സഖാക്കൾ ഓരോ സ്ക്വാഡിനെയും നയിച്ചു. ഓരോ സ്ക്വാഡിലും ഇരുപതും ഇരുപത്തഞ്ചിനുമിടയിൽ  അംഗങ്ങൾ  ഉണ്ടായിരുന്നു. ഞാൻ പങ്കെടുത്ത സ്ക്വാഡിൽ വനിതാ സഖാക്കൾ അടക്കം ഇരുപത്തിനാല് പേർ ഉണ്ടായിരുന്നു. അവിടെ നിന്ന് അധികം ദൂരെയല്ലാതെ വിഴിഞ്ഞം എൽ.സിയിൽ നിന്നുള്ള ഏതാനും സഖാക്കൾ കൂടി ഞങ്ങളുടെ സ്ക്വാഡിൽ ഉണ്ടായിരുന്നു.  തദ്ദേശവാസിയും സി.പി.ഐയുടെ ഒരു എൽ.സി. അംഗവും ആ ബൂത്തിന്റെ ചുമതലക്കാരനുമായ ഒരു സഖാവായിരുന്നു നമ്മെ നയിച്ചത്. ഞങ്ങളുടെ സ്ക്വാഡിൽ നമ്മുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുൻ‌പ്രസിഡന്റ്, ഏതാനും ഗ്രാമപഞ്ചായതത്തംഗങ്ങൾ പാർട്ടി എ.സി, എൽ.സി അംഗങ്ങൾ തിരുവനന്തപുരം നഗരസഭയിലെ ഒരു വനിതാ കൌൺസിലർ എന്നിവരും പാർട്ടി അംഗങ്ങളും അനുഭാവികളും ഉൾപ്പെട്ടിരുന്നു.

രാവിലെ പത്ത് മണിയോടെ വീടുകൾ കയറിയിറങ്ങി സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. നമ്മുടെ പ്രദേശത്തെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു ഭൂമിശാസ്ത്രവും ജീവിത പരിസരവുമൊക്കെയാണ് ആ ബൂത്തിൽ കാണാൻ കഴിഞ്ഞത്. നല്ല നിരപ്പുള്ള ഭൂമി. ഏതാണ്ട് തീരപ്രദേശവുമായി അടുത്ത് വരുന്ന പ്രദേശമാണ്. എന്നാൽ പൊതുവിൽ പുറമേയ്ക്ക് കാണുന്ന ഒരു തെരഞ്ഞെടുപ്പാവേശം വീടുകൾ കയറിയിറങ്ങുമ്പോൾ കാണാൻ കഴിഞ്ഞില്ല. ഭൂരിപക്ഷം വീടുകളിലും ആണുങ്ങൾ ഇല്ല. അവരൊക്കെ രാവിലെതന്നെ  അവരുടെ തൊഴിലുകൾക്കായി പോയിരുന്നു. വീടുകളിൽ മിക്കതിലും സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അപൂർവ്വം വീടുകളിൽ മാത്രമാണ് ആണുങ്ങൾ പകൽ ഉണ്ടാകുക എന്നു മനസിലായി. എല്ലാ വീടുകളിലും ആടുകളും കോഴികളും താറാവുകളും ഉണ്ട്. ചിലയിടങ്ങളിൽ പശുക്കളും. എല്ലാ കുടുംബങ്ങൾക്കും തുണ്ടു ഭൂമികളാണുള്ളതെന്ന് തോന്നിച്ചു. എന്നാൽ ഉള്ള ഭൂമിയിലൊക്കെ നല്ല ഫല വൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും കാണാം. ഒരു കറിക്കൂട്ടിനുള്ള സാധനങ്ങൾ എല്ലാം അവരവരുടെ വീട്ടുവളപ്പുകളിൽത്തന്നെയുണ്ട്. കയ്ഫലമുള്ള നല്ല തെങ്ങുകൾ ശരിക്കുണ്ട്.  പ്ലാവ്, ശീമപ്ലാവ്, പുളിമരം, കറിവേയ്പിലമരം, തെങ്ങ്, തുടങ്ങിയവ   മിക്ക വീടുകളീലുമുണ്ട്. റബ്ബർ കൃഷിയുടെ അതിപ്രസരം   ഇവിടെ കാണാൻ കഴിഞ്ഞില്ല. ഏതോ ഒരിടത്തുമാത്രം  കുറച്ച് റബ്ബർ  നട്ടിരിക്കുന്നതായി  ശ്രദ്ധയിൽ‌പ്പെട്ടു. റബ്ബർ മരങ്ങൾ ഇല്ലാത്തത് ഒരു പ്രത്യേകതയായാണ് നമുക്ക് തോന്നിയത്. കാരണം  നമ്മുടെ നാടൊക്കെ ഏതാണ്ട് റബ്ബർ മരങ്ങൾ കീഴടക്കിയിരിക്കുകയാണല്ലോ. കുളിർമ്മയുള്ള ഒരു അന്തരീക്ഷമാണ് പൊതുവിൽ നമുക്ക് അവിടെ  അനുഭവപ്പെട്ടത്. ചെറുമരങ്ങളുളെയും സസ്യലതാദികളുടെയും തണൽപറ്റിയുള്ള നടത്തത്തിൽ  നമ്മളിൽ ആർക്കും ഒരു ക്ഷീണവും തോന്നിയില്ല. 

പൊതുവേ ശാന്തമാണ് വീടുകളും  കുടുംബങ്ങളും. ആണുങ്ങൾ വീട്ടിലെത്തിയാലും അങ്ങനെയാണോ എന്നറിയില്ല. പോയ വഴിയിൽ ഒരിടത്ത് മാത്രമാണ് കുറെ ഒഴിഞ്ഞ മദ്യകുപ്പികൾ കാണാനായത്. വെറും കുടിയൻ‌മാരുടെ ഏരിയ അല്ലെന്നു തോന്നി. പൊതുവേ വൃത്തിയുള്ള ചുറ്റുപാടുകളാണ്. വീടുകളും  പരിസരങ്ങളും എല്ലാം നല്ല വൃത്തിയുണ്ട്. ചുവപ്പ് കലർന്ന നല്ല ഫലഭൂയിഷ്ഠമെന്നു കരുതാവുന്ന മണ്ണാണ്. വളരെ സാധാരണക്കാരായ ആളുകളാണ് ഭൂരിപക്ഷം. തട്ടിമുട്ടി ജീവിക്കുന്ന പാവങ്ങൾ. വീടുകൾ എല്ലാം ഇടത്തരമാണ്. ഭൂരിപക്ഷം  വീടുകളും തീരെ കുടിലുകളുമല്ല, എന്നാൽ വളരെ  വലിയവയുമല്ല.  പല പഴയ വീടുകളും  ഏതാണ്ട് അതേ രീതിയിൽ മെയിന്റനൻസ് ചെയ്ത് നിലനിർത്തിയിരിക്കുകയാണ്. മറ്റ് മിക്ക വീടുകളും   ടെറസാണെങ്കിലും താരതമ്യേന ചെറിയ വീടുകളാണ്. ഇരു നില വീടുകൾ ഇടയ്ക്കിടെ ഒറ്റപ്പെട്ടു മാത്രം കാണപ്പെട്ടു. വലിയ ധനികർ കുറച്ചേ ആ ബൂത്തിൽ ഉള്ളൂവെന്ന് തോന്നുന്നു.  സർക്കാർ ഉദ്യോഗസ്ഥരും എണ്ണത്തിൽ വളരെ കുറവാണ് ആ ബൂത്തിൽ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ കുട്ടികളൊക്കെ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.  അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ് കൂടുതലും. സ്ത്രീകൾ നല്ലൊരു പങ്കും വീട്ടുകാര്യം  നോക്കി കഴിയുന്നവരാണെന്ന് തോന്നുന്നുന്നു. സാമുദായികമായി ഈ ബൂത്തിൽ ക്രിസ്തീയ വിശ്വാസികളായ നാടാർ സമുദായക്കാരാണ് ബഹുഭൂരിപക്ഷവും. മറ്റ് സമുദായക്കാർ വളരെ കുറച്ചേ ഉള്ളൂ. കുറച്ച് നായർ കുടുംബങ്ങൾ ഉണ്ട്. മുസ്ലിം കുടുംബങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. മറ്റ് ദളിദ് വിഭാഗങ്ങളും വിരളം.  എന്തായാലും ഈ പ്രദേശത്തെ ഈ തെരഞ്ഞെടുപ്പ് പ്രവർത്തനം. നല്ലൊരു അനുഭവമായിരുന്നു.

പുറത്തു കണ്ട ഇലക്ഷൻ ചൂടൊന്നും അകമേയ്ക്ക് ഇല്ല. ആളുകളിൽ എല്ലാം ഒരു നിസംഗ ഭാവമാണ്. ഇതിനൊന്നും നമ്മൾ അത്ര പ്രാധാന്യം നൽകുന്നില്ലെന്ന മട്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച അനുഭാവികളുടെയും പ്രവർത്തകരുടെയും വീടുകളിൽ ചെല്ലുമ്പോൾ മാത്രമാണ് തെരഞ്ഞെടുപ്പിന്റെ ഒരു ആവേശം കാണപ്പെട്ടത്. സ്ത്രീകൾ പൊതുവേ ശാന്ത പ്രകൃതരാണെന്നും തോന്നി.  കേരളമാകെ അലയടിച്ചുയരുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും ഈ സാധാരണ മനുഷ്യർ അറിഞ്ഞിട്ടുണ്ടെന്നു കൂടി തോന്നിയില്ല. ഇനി ഉള്ളിലിരിപ്പ് എന്താണോ ആവോ! വോട്ട് തരില്ലെന്ന് ആരും പറഞ്ഞില്ല. അത് ആരോടും പറയില്ലല്ലോ. പൊതുവേ ഈ ബൂത്തിൽ ആരും വലിയ പരാതികളും  ഉന്നയിച്ചു കണ്ടില്ല. പറഞ്ഞിട്ടൂം കാര്യമില്ലെന്നു കരുതിയാണോ എന്തോ!  ഒരു പ്രധാന പ്രശ്നമുള്ളത് കുടിവെള്ളത്തിന്റേതാണ്. പൈപ്പ് ലെയിൻ ഈ ബൂത്തിൽ വന്നിട്ടുണ്ട്. എങ്കിലും  ജലക്ഷാമം രൂക്ഷവും  ഗൌരവതരവുമാണ് എന്ന് മനസിലാക്കാം. ഇവിടെ കിണറുകൾ എല്ലാം അത്യഗാധതയുള്ളവയാണ്. മുകളിൽ നിന്നു നോക്കിയാൽ കിണറിനെ ഏറ്റവും താഴെയുള്ള ഭാഗം ഒട്ടുംതന്നെ കാണാനാകില്ല. വെള്ളമുണ്ടോ ഇല്ലയോ എന്നറിയാൻ തൊട്ടിയിറക്കി നോക്കിയാലേ കഴിയൂ. അത്രയ്ക്കും ആഴമാണ്. കിണറ്റിലുള്ളിലേയ്ക്ക് നോക്കിയാൽ പേടിയാകും.

വോട്ടഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു രാഷ്ട്രീയ ചർച്ചയ്ക്കും താല്പര്യം ജനിക്കുന്ന ഒരു പ്രതികരണം ഇവിടെ ഒരു വീട്ടിലും ആരിൽ നിന്നും ഉണ്ടായില്ല. പിന്നെ ചില രസകരമായ അനുഭവങ്ങൾ ഉണ്ടാകാതെയുമിരുന്നില്ല. വളരെ ശാന്തമായി പ്രവർത്തനം നടത്തിയിട്ടും   ഒരു വീട്ടിൽ ചെന്നപ്പോൾ ഒരു സ്ത്രീ നിങ്ങളെന്താ എലാവരും കൂടി ഭീഷണിപ്പെടുത്താൻ വരികയാണോ എന്നു ചോദിച്ചു. അതും പരിചയമില്ലാത്ത ആളുകൾ വന്നിട്ട്. അവർക്ക് അവരുടെ ജോലിയെന്തോ മുടക്കി പുറത്തേയ്ക്ക് വരേണ്ടി വന്നതിന്റെ ദ്വേഷ്യമായിരുന്നിരിക്കാം. മറ്റൊരിടത്തു ചെന്നപ്പോൾ ഒരാൾ അല്പം മൊട. കാറ് തുടച്ചുകൊണ്ടു നിൽക്കുകയായിരുന്നു കാഴ്ചയിൽ മാന്യനും ഉദ്യോഗസ്ഥനുമെന്നു തോന്നിയ ഈ മൊട. നോട്ടീസും ലഖുലേഖകളുമൊക്കെ നൽകി എന്തെങ്കിലും നമ്മളിൽ ചിലർ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നും പറയേണ്ട വോട്ടു മാത്രം ചോദിച്ചാൽ മതിയെന്നായി അദ്ദേഹം. അഥവാ മറ്റുവല്ലതും  പറഞ്ഞാൽ തനിക്കും പലതും പറയേണ്ടി വരും; കൊലപാതകമുൾപ്പെടേ (ഒഞ്ചിയമായിരിക്കും) എന്ന് പറഞ്ഞായിരുന്നു പുള്ളിയുടെ മുരൾച്ച. കേരളത്തിൽ നടന്ന എല്ലാ കൊലപാതങ്ങളും  മറ്റും  ചർച്ച ചെയ്യാൻ ഞങ്ങൾ താല്പര്യം പ്രകടിപ്പിച്ചെങ്കിലും മാർക്സിസ്റ്റക്രമം  മാത്രം ചർച്ചചെയ്യാനായിരുന്നു പുള്ളിയ്ക്ക് താല്പര്യമെന്നു മനസിലാക്കി നോട്ടീസും ലഖുലേഖകളും മറ്റും  കൊടുത്ത് നമ്മൾ നമ്മുടെ വഴിയ്ക്കു പോയി. കൂടെ വന്ന തദ്ദേശീയ സഖാവിൽ നിന്നും അയാൾ ഒരു പോലീസ് ഡ്രൈവറാണെന്നു മനസിലായി. ചുമ്മാതല്ല ഒരു മുരൾച്ചയും മുഖത്തൊരു വരൾച്ചയും. പോലീസ് വണ്ടിയോടിച്ച് ജീവിതമേ  മുരടിച്ചുപോ‍യതായിരിക്കും.പക്ഷെ നമ്മുടെ നാട്ടിലെ പോലീസ് ഡ്രൈവർമാർക്ക് ഈ ഒരു സ്വഭാവമില്ലല്ലോ. അപ്പോൾ സംഗതി യു.ഡി.എഫ്കാരൻ തന്നെയാകണം.  പാവം.

പിന്നെ മൂന്നുനാല് സ്ത്രീകൾ ഒരുമിച്ചു നിന്നിടത്ത് ചെന്നു വോട്ടു ചോദിച്ചപ്പോൾ അവർ ആ നെയ്യാറ്റിൻ‌കരഭാഷയിൽ പറഞ്ഞത് രസകരമായി തോന്നി. അതായത് നമ്മള്  ഈ പാർട്ടിയാണ്,  നമ്മള്  പറഞ്ഞാൽ വാക്ക് വാക്കാണ്, വോട്ട് ചെയ്യുമെന്നുപറഞ്ഞാൽ ചെയ്യും.  നേതാക്കന്മാരാണ് വാക്കുപാലികാത്തവരും   കുഴപ്പാക്കരും എന്നായിരുന്നു ആ മഹിളാമണികളുടെ വെട്ടിത്തുറന്ന അഭിപ്രായം. എല്ലാ പാർട്ടിയുടെയും നേതാക്കൾ കുഴപ്പക്കാരാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷെ സാധാരണ മനുഷ്യർ നിഷ്കളങ്കരും വാക്കു പാലിക്കുന്നവരും ആണ്. ആ മഹിളകളിൽ പണ്ടേ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ടായിരുന്നു. അവർക്കും ഒരു പാർട്ടിയുടെയും  നേതാക്കളെ ഉൾക്കൊള്ളാനാകുന്നില്ല. ജനജീവിതം ദു:സഹമാക്കുന്ന‌വർ നേതാക്കളത്രേ! പക്ഷെ വോട്ട് ആരും പറയാതെ തന്നെ ഇടതുപക്ഷത്തിനു ചെയ്യും. അത് കാര്യം വേറെ. കൂടെയുള്ള മറ്റു സ്ത്രീകളും അതിനെ സാക്ഷ്യപ്പെടുത്തി. ആ സ്ത്രീയുടെ അപനപ്പൂപ്പന്മാരൊക്കെ കമ്മ്യൂണിസ്റ്റുകാരായിരുന്നുവത്രേ. അവരിൽ ബാക്കിയുള്ളവരൊക്കെ വോട്ട് ഇടതുപക്ഷത്തിനു ചെയ്യും. പക്ഷെ കടുത്ത രാഷ്ട്രീയമൊന്നും അവർക്കില്ല്ല. 

മറ്റൊരിടത്ത് ചെന്നപ്പോൾ അല്പം പ്രായമുള്ള ഒരു മനുഷ്യൻ താൻ യു.ഡി.എഫ് ആണെന്നും എൽ.ഡി.എഫിന് വോട്ടു തരില്ലെന്നും മരണംവരെ യു.ഡി.എഫിനേ ചെയ്യൂ എന്നും തുറന്നു പറഞ്ഞു. ചുമ്മാ വോട്ടു തരാമെന്ന് കള്ളം പറയാൻ താനില്ലെന്നും താൻ പണ്ടേ യു.ഡി.എഫണെന്നും അദേഹം സൌഹാർദ്ദ പൂർവ്വം വെളിപ്പെടുത്തുകയായിരുന്നു. മറ്റൊരു വീട്ടിൽ ചെന്നപ്പോൾ ഒരു മനുഷ്യൻ വീട്ടു മുറ്റത്തിരുന്ന് കോഴിക്കൂട് പണിയുന്നു. അദ്ദേഹത്തോട് വോട്ട് ചോദിച്ചിട്ട് വനിതാ സഖാക്കൾ അദ്ദേഹത്തിന്റെ ഭാര്യയോട് വോട്ടു ചോദിക്കാൻ അടുക്കള ഭാഗത്തേയ്ക്ക് പോയത് അദ്ദേഹത്തിനിഷ്ടമായില്ല.കാരണം ഭാര്യയ്ക്ക് ചെലവിനു കൊടുക്കുന്നത് താനാണെന്നും തന്റെ ഭാര്യ താൻ പറയുന്നതേ കേൾക്കൂ എന്നും പ്രത്യേകിച്ച് ഭാര്യയോട് വോട്ട് ചോദിക്കേണ്ടതില്ലെന്നുമായിരുന്നു ആ  മനുഷ്യന്റെ  പക്ഷം. നിങ്ങളുടെയൊക്കെ ഭാര്യമാർ നിങ്ങൾക്കിഷ്ടമില്ല്ലാത്ത പാർട്ടിയ്ക്ക് വോട്ട് ചെയ്യുമോ എന്ന നിലയ്ക്കൊരു  ചോദ്യം അദ്ദേഹം നമുക്കു നേരേ ഉയർത്തി. അത് ഒരു തർക്കവിഷയമാക്കാനൊന്നും നമ്മൾ നിന്നില്ല. അങ്ങനെ നിന്നാൽ ഒരുപാട് പറയേണ്ടി വരും. 
 
ഇത്തരം രണ്ടുമൂന്ന് അനുഭവങ്ങൾ ഒഴിച്ചാൽ ഇ ബൂത്തിലെ ആളുകൾക്ക് ഈ തെരഞ്ഞെടുപ്പിനോടെല്ലാം ഒരു നിസംഗഭാവം തന്നെ. അർക്ക് വോട്ടുചെയ്യുമെന്ന് പ്രവചിക്കുക അസാധ്യം! ആരു ജയിക്കുമെന്ന പ്രവചിക്കാൻ കഴിയില്ല. എങ്കിലും ആത്മവിശ്വാസമുണ്ട്.  ചുമതല നൽകിയ ബൂത്തിലെ സ്ക്വാഡ് പ്രവർത്തനം നമ്മൾ ഉച്ചയ്ക്ക് രണ്ട് മണിയോടടുപ്പിച്ചുതന്നെ പൂർത്തിയാക്കി. ആ ബൂത്തിലെ ഏതാണ്ട് മുഴുവൻ  വീടുകളും കയറിയിറങ്ങിയിരുന്നു.  നമ്മൾ ചെന്നിറങ്ങിയ ആ ജംഗ്ഷനു സമീപത്തുതന്നെ  ഉച്ചഭക്ഷണം അറേഞ്ച് ചെയ്തിരുന്നു. നമ്മൾ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ അവിടെ കവലയിൽ നിർത്തിയിട്ട പ്രചരണ വാഹനത്തിലെ ഉച്ചഭാഷീണി വഴി ഒരു യു.ഡി.എഫ് നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു. അന്വേഷിച്ചപ്പോൾ മുമ്പ് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്  എന്തോ പാർട്ടി വിരുദ്ധപ്രവർത്തനത്തിന് പുറത്താക്കപ്പെട്ട ഒരു മുൻ സി.പി.ഐ.എം പ്രാദേശിക നേതവാണ് ആ പ്രസംഗിക്കുന്നത്. ശ്രദ്ധിച്ചപ്പോൾ  സി.പി.ഐ.എമ്മിന്റെ സംഘടനാ സംവിധാനത്തെപ്പറ്റിയൊക്കെ പുള്ളി തന്റെ പ്രസംഗത്തിൽ കത്തിക്കയറുന്നുണ്ട്. സെൽ‌വരാജ് എം.എൽ.എ സ്ഥാനം മാത്രമേ രാജി വച്ചിരുന്നുള്ളൂ. പാർട്ടി അംഗത്വം രാജിവച്ചിരുന്നില്ല. എന്നാൽ എം.എൽ.എ സ്ഥാനം രജിവച്ച അദ്ദെഹത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ പുറത്താക്കിക്കളഞ്ഞുവത്രേ. അങ്ങനെ ഒരാളെ പുറത്താക്കാൻ ഈ കടകമ്പള്ളി സുരേന്ദ്രൻ ഇവിടുത്തെ ആരാണെന്നാണ് നേതാവ് അലറി ചോദിക്കുന്നത്. പാർട്ടി നൽകിയ എം.എൽ.എ പട്ടം പാർട്ടി പറയാതെ രാജിവച്ച ഒരാളെ പാർട്ടി പുറത്താക്കിയത് പാർട്ടിയുടെ സംഘടനാ രീതിയ്ക്ക് വിരുദ്ധമെന്നു പ്രസംഗിച്ച ആ പുള്ളിക്കാരന്റെ  പാർട്ടി ജ്ഞാനം സ്വയം വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം മുമ്പേ തന്നെ പാർട്ടിയിൽ നിന്നും വെളിയിലായതിൽ അദ്ഭുതപ്പെടാനില്ല.   ആ നേതാവിന്റെ പ്രസംഗവും നമ്മുടെ ഉച്ചഭക്ഷണവും സമം ചേർത്ത് കഴിച്ച് ഏതാണ്ട്  മൂന്നു മണിയൊടെ നമ്മൾ  അവിടെനിന്നും മടക്കയാത്രയായി. 

Sunday, May 27, 2012

മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

 മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

സഖാവ് മണിയാശാന് ഒരു പറ്റ് പറ്റിയതായിരിക്കാം. കൈയ്യിൽ നിന്ന് പോകുന്ന കല്ലും വായിൽ നിന്നു പോകുന്ന വാക്കും തിരിച്ചു പിടിയ്ക്കാനാകില്ലല്ലോ. അദ്ദേഹം പറഞ്ഞ വാക്കുകൾ പാർട്ടിയെ പ്രതിരോധത്തിലുമാക്കിയിട്ടുണ്ട്. സഹികെട്ട് ആശാൻ  പറഞ്ഞു പോയതായിരിക്കാം. പക്ഷെ എങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്. കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.

തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. ഇവിടെ കോൺഗ്രസ്സുകാരും ആർ.എസ്.എസ് കാരും എൻ.ഡി.എഫുകാരും മുസ്ലിം ലീഗുകാരുമൊക്കെ നിരവധി സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നിട്ടുണ്ട്. അതൊന്നും നമ്മുടെ വാർത്താ മാധ്യമങ്ങൾക്ക് അത്ര പ്രധാനമായി തോന്നിയിട്ടില്ല. ടി.പി.ചന്ദ്ര ശേഖരൻ വധം മാത്രമാണ് അവർക്ക് പൈശാചികമായ കൊലപാതകമായി തോന്നിയത്. കൊല ആരു നടത്തിയാലും അത് കൊടിയ പാതകം തന്നെ. അതുകൊണ്ടാണല്ലൊ കൊലയെ കൊലപാതകം എന്നു തന്നെ പറയുന്നത്. അതിപ്പോൾ ടി.പി.ചന്ദ്ര ശേഖരന്റെ വധവും പാതകം തന്നെ. ചെയ്തതാരെന്നു നോക്കിയല്ല കുറ്റകൃത്യത്തിന്റെ പ്രാധാന്യം നിശ്ചയിക്കേണ്ടത്.

സി.പി.ഐ.എമ്മിന്റെ എതിരാളികൾ സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നതെല്ലാം മൃദുലവും മധുരതരവുമായ പുണ്യകർമ്മങ്ങളും സി.പി.ഐ.എമ്മിൽ നിന്ന് അങ്ങോട്ടുണ്ടായതെല്ലാം പൈശാചികങ്ങളെന്നും ഉള്ള മനോഭാവം വച്ചുകൊണ്ടുള്ള പ്രചരണങ്ങൾ അംഗീകരിക്കുവാനാകില്ല. കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ  പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. അദ്ദേഹം പറഞ്ഞതിന്റെ സെൻസ് അദ്യം മനസിലാക്കുക. എന്നിട്ടുവേണം ഉറഞ്ഞുതുള്ളാൻ!

Saturday, May 26, 2012

ആർ ആരെ ചെയ്താലും കൊല കൊടിയ പാതകംതന്നെ!

ആർ ആരെ  ചെയ്താലും കൊല കൊടിയ പാതകംതന്നെ!

(ഇത്  അക്രമങ്ങളെയും കൊലപാതകങ്ങളെയും എതിർത്ത് ഇനി  എഴുതാൻ ആഗ്രഹിക്കുന്ന ഒരു നീണ്ട പോസ്റ്റിന്റെ മുന്നോടി മാത്രമാണ്.)

കേരളത്തിൽ ഇനി ആരും ആരെയും കൊല്ലില്ല. കാരണം ഒരാളെ കൊലപ്പെടുത്തുന്നത് ക്രൂരവും പൈശാചികവുമായ ഒരു പ്രവൃത്തിയാണെന്ന് ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. ഇനി ആർ.എസ്.എസ് കാരോ എൻ.ഡി.എഫുകാരോ കോൺഗ്രസ്സുകാരോ ലീഗുകാരോ  ഒരു മാർക്സിസ്റ്റുകാരനെയും കൊല്ലില്ല. മുമ്പ് നിരവധിയായ മാർക്സിസ്റ്റുകാരെ അവരൊക്കെ കൊന്നു കൊലവിളിച്ചത് അറിവില്ലായ്മ കൊണ്ടു മാത്രമായിരുന്നു. മാത്രവുമല്ല, കൊലപാതകം പൈശാചികമെന്നു ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഇത്രയധികം മാധ്യമങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നുമില്ലല്ലോ. അപ്പോൾ ഇനി മാർക്സിസ്റ്റുകാർക്ക് ശത്രുക്കളെ ഭയക്കേണ്ടതില്ല.മേൽ‌പറഞ്ഞവർ ആരും ഇനി സി.പി.എം കാരെയെന്നല്ല, ആരെയും കൊല്ലില്ല. അങ്ങനെ എല്ലാവരും അക്രമവും കൊലപാതകവും തെറ്റാണെന്ന് തിരിച്ചറിയുന്ന സ്ഥിതിയ്ക്ക് സി.പി.എമ്മുകാർക്ക് മാത്രമായി അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കാനാകില്ലല്ലോ. അല്ലെങ്കിൽത്തന്നെ പിന്നെ അതിന്റെ കാര്യവുമില്ലല്ലോ.  അഥവാ ഇനി അങ്ങോട്ട് ആർക്കാനും കരണത്തൊരടിയെങ്ങാനും കൊടുത്താൽ ഗാന്ധിമാർഗ്ഗത്തിൽ മറു ചെകിടുകൂടി കാണിച്ചുകൊടുത്താൽ പിന്നെ അടിക്കുന്നവൻ ലജ്ജിക്കുകയല്ലാതെ തുടർന്നൊരു സംഘട്ടനത്തിന് ഒരു സാദ്ധ്യതയുമില്ലല്ലോ. അപ്പോൾ പൊതുവേ അക്രമികളായ (അല്ലെന്ന് പറഞ്ഞാലും ആരും സമ്മതിക്കില്ലല്ലോ) സി.പി.ഐ.എമ്മുകാർക്കും ഇനി അക്രമം കൈവെടിയുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഇനിയെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാമല്ലോ. ഹാവൂ ആശ്വാസം! 

ഇന്നലെ വരെ നടന്നതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം. ഇവർ എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും (വെറും സ്വപ്നങ്ങൾ) ഇനി ആരും ഓർമ്മിപ്പിക്കരുതേ എന്നുകൂടി അഭ്യർത്ഥിക്കുന്നു. കൊല ഒരു കൊടിയ പാതകമാണെന്ന് ഇപ്പോഴെങ്കിലും  ഇത്ര ശക്തമായി നമ്മെ ബോധിപ്പിച്ച മാധ്യമ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി!  എങ്കിലും നാളിതുവരെ സി.പി.ഐ.എമ്മുകാർ ചെറുത്തു നില്പുകളുടെ ഭാഗമായി അറിഞ്ഞും അറിയാതെയും നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം തികച്ചും  ക്രൂരവും പൈശാചികങ്ങളുമായ കൊടിയപാതകങ്ങൾ തന്നെയായിരുന്നുവെന്നും  മറിച്ച് നാളിതുവരെ സി.പി.ഐ.എമ്മിന്റെ ശത്രുക്കൾ സി.പി.ഐ.എം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും എല്ലാം വളരെ മൃദുലവും മധുരതരവുമായിരുന്നു  എന്നും  മേലിലും വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുമില്ല. കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ഫാസിസമാണല്ലോ. സി.പി.ഐ.എമ്മുകാരും  ആർ.എസ്.എസുകാരും എൻ.ഡി.എഫുകാരും   കോൺഗ്രസ്സുകാരും ലീഗുകാരും  എല്ലാവരും  ആരെങ്കിലും അങ്ങോട്ട് കത്തിനൂത്ത് കുത്താൻ ചെന്നാലും അത് നെഞ്ചുകൊണ്ട് സന്തോഷപൂർവ്വം ഏറ്റുവാങ്ങി സമാധാനം  സ്ഥാപിക്കുന്ന ആ നല്ലകാലത്തിലേയ്ക്ക് നമുക്കേവർക്കും സ്വാഗതം! അതല്ല, സി.പി.ഐ.എമ്മുകാരെ ശത്രുക്കൾ ആക്രമിക്കുമ്പോൾ കത്തിയാണെങ്കിലും വെടിയുണ്ടയാണെങ്കിലും നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്ത് മരിക്കണമെന്നും സി.പി.ഐ.എം ഒഴികെ മറ്റുള്ളവർക്ക് നേരെ തിരിച്ച് അത്തരത്തിൽ ഒരു അക്രമവും ആരും നടത്തിക്കൂടത്തതുമാണെങ്കിൽ അതും അംഗീകരിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ സി.പി.ഐ.എമ്മും ഇടതുപക്ഷവും സഹകരിക്കേണ്ടതാണെന്നു കൂടി പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു.

പിൻ‌കുറിപ്പ്: ഇത്രയും എഴുതിയത് സി.പി.ഐ.എം വിരുദ്ധ പ്രചരണങ്ങൾക്ക് കിട്ടിയ അവസരം മാധ്യമധർമ്മങ്ങൾക്ക് തീരെ നിരക്കാത്ത തരത്തിൽ പ്രയോഗിക്കുന്ന ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയ്ക്ക് മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്റെ മാത്രമല്ല, എല്ലാത്തരം കൊലപാതകങ്ങളെയും ശക്തമായി എതിർക്കുന്ന ഒരാളാണ് ഈയുള്ളവൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലം  എന്നേ  അവസാനിച്ചു എന്ന് കരുതുവാനാണ് ഈയുള്ളവനിഷ്ടം. ഇന്ന് കേരളത്തിൽ ജനാധിപത്യപരമായി എല്ലാവർക്കും സഹകരിച്ച് സമാധാനപരമായി പ്രവർത്തിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു കിടക്കുമ്പോൾ ആരും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗം സ്വീകരിക്കേണ്ടതില്ല.

Saturday, May 5, 2012

കൊലപാതകത്തെ അപലപിക്കുന്നു

കൊലപാതകത്തെ അപലപിക്കുന്നു

റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി..ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഒരു കൊലപാതകത്തെ അപലപിക്കുവാൻ അത് ആര് ചെയ്തുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അത് ആരു ചെയ്താലും അപലപനീയം തന്നെ. ഒഞ്ചിയത്ത് സി.പി.എമ്മിൽ നിന്നും പുറത്തുപോയി വിമതപ്രവർത്തനം നടത്തുകയായിരുന്നു ഇപ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനും മറ്റും.  റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്നപേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.ഐ.എമ്മിന് അവരെക്കൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ  ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേൽ ആരോപിക്കപ്പെടുക സ്വാഭാവികമാണ്.

എന്നാൽ പാർട്ടിയ്ക്ക് ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ- സംസ്ഥാന- കേന്ദ്രനേതാക്കൾ വ്യക്തമാക്കുകയും പൈശാചികമായ  കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും എതിരായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഒരു  സാഹചര്യത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളോ  അക്രമങ്ങളോ പ്രകോപനങ്ങളോ ഒന്നും തന്നെ ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിവച്ച് കണക്കുകൂട്ടാനാകില്ല. ഇതിൽ ചില ദുരൂഹതകൾ ഉണ്ട് എന്നു കരുതാതെ വയ്യ.. എന്തായാലും    ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും തന്നെ യോജിച്ചതല്ല ഇത്തരം പൈശാചിക കൃത്യങ്ങൾ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഈ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ അദ്ദേഹം പോകുമെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് എം.എം.ഹസ്സന്റെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. വി.എസ് അവിടെ പോകുന്നത് മുതലക്കണ്ണീർ ഒഴുക്കാനാണെന്നാണ് ശ്രീ.ഹസ്സൻ പറഞ്ഞിരിക്കുന്നത്. ഒരു കൊലപാതകം നടക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് പോകുന്നത് സ്വാഭാവികമാണ്. അഥവാ പോകേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇനി അഥവാ ഒരിടത്ത് ഒരു കൊലപാതകത്തിനുത്തരവാദികൾ സ്വന്തം പാർട്ടിക്കാർ ആയാൽ പോലും ആ പാർട്ടിയുടെ നേതാക്കൾ ആ പ്രവൃത്തിയെ അപലപിക്കുന്നതിലും കൊല്ലപ്പെടുന്നവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിലും ഒരു അപാകതയുമില്ല.

അഥവാ അതിന് ഉത്തരവാദികൾ ആയവരാണ് അതിൽ കൂടുതൽ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും കൊലപാതകത്തിൽ പ്രതിഷേധിക്കുകയും കൊലചെയ്തവർക്കെതിരെയുള്ള നിയമ നടപടികളുമായി സഹകരിക്കുകയും ചെയ്യേണ്ടത്. ആ നിലയ്ക്ക് നോക്കിയാലും സി.പി.ഐ.എം നേതൃത്വവും സഖാവ് വി.എസും ഈ  കൊലപാതകത്തെ അപലപിക്കുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞതിനർത്ഥം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.ഐ.എമ്മിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല. കൊലയാളികൾ ആരെന്നത് ഇനി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കേരളത്തിൽ അടുത്തകാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഊഹാപോഹങ്ങൾക്ക് യാതൊരു യാതൊരു ന്യായീകരണവുമില്ല.

മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇടപെടലുകളും കണക്കിലെടുക്കാതെയും മുൻ‌വിധികൾ ഒന്നുമില്ലാതെയും നിഷ്പക്ഷമായി അന്വെഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനായി ജനങ്ങൾ കാത്തിരിക്കുന്നു. ഒരു സാധാരണ പൌരൻ എന്ന നിലയിലും എളിയ രാഷ്ട്രീയ-സാമുഹ്യ കാഴ്ചക്കാരൻ എന്നനിലയിലും   ഈയുള്ളവനും ശ്രീ.ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതലുള്ള ദുഖവും ഉൽക്കണ്ഠകളും പങ്കുവയ്ക്കുന്നു. കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Tuesday, May 1, 2012

അല്പംചില മേയ്ദിന ചിന്തകൾ

അല്പം ചില മേയ്ദിന ചിന്തകൾ

മേയ് ഒന്ന്,  ലോക തൊഴിലാളി ദിനം. 1886-ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളിൽ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന പാർസൻസ്, സ്പൈസർ, ഫിഷർ, എംഗൾസ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. 1889 - മെയ്  14-ന് ഫ്രെഡറിക്ക് എംഗൾസിന്റെ നേതൃത്വത്തിൽ നടന്ന  രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലാണ് മെയ് 1  സാർവ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവൻ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങൾ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയിൽ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്.  ഇന്ത്യയിൽ 1923-ൽ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957-ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് കേരളത്തിൽ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങൾ പാടുവാനും വിപ്ലവനേതാക്കളെ ഓർക്കാനും തൊഴിലാളിവർഗ്ഗ വിമോചനത്തിനുള്ള  പോരാട്ടങ്ങൾക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും  പലവിധ ചൂഷണങ്ങൾക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത്  ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് മേയ്ദിനം നൽകുന്ന സന്ദേശം ഉത്തേജനം നൽകും.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായി സംഭവിച്ച  വ്യവസായ വിപ്ലവത്തിനു ശേഷം ഉല്പാദനം വർദ്ധിപ്പിക്കുവാൻ തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാർ പണിയെടുപ്പിച്ചു. തൊഴിലാളികൾക്ക് ന്യായമായ വേതനം മുതലാളിമാർ  നൽകിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ലാഭക്കൊതിയന്മാരായ മുതലാളിമാർ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധിച്ച് തൊഴിലാളികൾ വെറും യന്ത്രസമാനമായി  പണിയെടുത്തുകൊണ്ടിരിക്കണം.  യന്ത്രങ്ങൾക്ക് നൽകുന്ന വിശ്രമം പോലും അവർക്ക് നൽകിയിരുന്നില്ല. തൊഴിലാളികൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും വാക്കുകൾക്ക് അതീതമായത്രയും കടുത്ത പീഡനങ്ങൾക്ക് വിധേയമായി. സ്വാഭാവികമായും സഹനത്തിന്റെയും ക്ഷമയുടെയും അതിർവരമ്പുകൾ നഷ്ടപ്പെട്ട   തൊഴിലാളിവർഗ്ഗം മനുഷ്യത്വ രഹിതമായ മുതലാളിത്ത സമീപനങ്ങൾക്കെതിരെ  പ്രതികരിക്കാൻ തയ്യാറായി. ദിവസവും പതിനാലും പതിനാറും മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴിൽ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികൾ ശക്തമായി ആ‍വശ്യപ്പെട്ടു. ന്യായമായി ഉയർത്തിയ ആവശ്യങ്ങൾക്ക് മുഴുവൻ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞു. 1886-ൽ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി സമരം തുടങ്ങി. അന്നുവരെ കേട്ടു കേൾവിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവർഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവർഗ്ഗം അക്ഷരാർത്ഥത്തിൽ ഞെട്ടി.അതിനു മുമ്പും യൂറോപ്പിലും അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും  തൊഴിലാളി സമരങ്ങൾ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതി ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിൽ 1862-ൽ കൽക്കട്ടയിലെ ഹൌറയിൽ റെയിൽ‌വേ തൊഴിലാളികൾ  നടത്തിയ സമരം   ചിക്കാഗോ സമരത്തിനു  മുന്നേ നടന്ന ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. എന്നാൽ 1886- ൽ ചിക്കാഗോയിൽ നടന്ന സമരത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. എട്ടു മണിക്കൂർ ജോലി എന്ന ആവശ്യമുയർത്തി ഇത്രമാത്രം  വിപുലമായി  ഒരു സംഘടിത സമരം നടക്കുന്നത് ആദ്യമായി ചിക്കാഗോ തെരുവുകളിലായിരുന്നു.  

എത്ര ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാൻ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാൽ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികൾക്കും അടിച്ചമർത്തലുകളുക്കും മുന്നിൽ മുട്ടുമടക്കാതെ തൊഴിലാളിസമരം മുന്നേറി. പോലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്താൻ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. 1886-ൽ ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്ക്വയറിൽ വൈകിട്ട് ഏഴു മണിയ്ക്കാരംഭിച്ച ഒരു പൊതുയോഗത്തിൽ രാത്രി പത്തരയോടെ അമേരിക്കൻ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ  ബോംബ്പൊട്ടുകയും ചെയ്തു! ക്രൂരമായ  ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായി.    നൂറുകണക്കിനാളുകൾ സമരഭൂമിയിൽ മരിച്ചു വീണു.  അനേകായിരങ്ങൾക്ക് പരിക്കുകളേറ്റു. നല്ലൊരു തൊഴിൽ സംസ്കാരത്തിനു വേണ്ടിയുള്ള ഈ ആദ്യ പ്രതിഷേധം ഭരണകൂടവും മുതലാളിവർഗ്ഗവും ചോരയിൽ മുക്കിക്കൊന്നെങ്കിലും പിന്നീട് എട്ട് മണിക്കൂർ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയിലും  അത് കലശിച്ചിരുന്നു.    തൊഴിലാളിവർഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമർത്താൻ   ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്ത-ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയ്ക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികൾ മേയ്ദിനം  ആചരിക്കുന്നത്.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് പ്രചോദനമായിരുന്നു മേയ്ദിന പ്രക്ഷോഭം. അങ്ങനെ പിന്നീട് ലോകമെങ്ങും നടന്ന  എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല തൊഴിലവകാശങ്ങളും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത ഇന്ന് ലോകവ്യാപകമായുണ്ട്.. അടിമസമാനമായ തൊഴിൽ സാഹചര്യങ്ങളിൽ ഇന്നും ലക്ഷോപലക്ഷം തൊഴിലാളികൾ ലോകത്താകമാനം കഷ്ടപ്പെടുന്നുണ്ട്. പ്രവാസജിവിതം നയിക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും എടുത്തു പറയേണ്ടതാണ്. ലോകത്തെവിടെയും സമാനതകളുള്ള പല ദുരിതങ്ങളും തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഖനികളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മുതൽ അധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിലെ ഐ.റ്റി തൊഴിലാളികൾ വരെ കഠിനമായി ചൂഷണം ചെയ്യപ്പെടുന്നത് നമുക്കിന്ന് നിത്യക്കാഴ്ചകളാണ്. ചില മേഖലകളിൽ മൃഗതുല്യമാണ് തൊഴിലാളികളുടെ ജീവിതമെങ്കിൽ  മറ്റ് ചിലമേഖലകളിൽ  യന്ത്രസമാനമായ  ജീവിതമാണെന്നു മാത്രം. സാമ്രാജ്യത്വം അലറി ഗർജ്ജിച്ച്  ലോകത്തെ പേടിപ്പിക്കുന്ന ഈ   സമ്പന്ന-കോർപറേറ്റ് മുതലാളിത്തകാലത്തെ നിരവധി പീഡാനുഭവങ്ങൾക്കിടയിൽ    ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഇല്ലാതാക്കുന്ന ഭരണകൂട നയങ്ങൾ കൂടിയാകുമ്പോൾ അതിസമ്പന്ന മുതലാളിമാരൊഴികെയുള്ള ഭൂരിപക്ഷജനതയ്ക്ക് ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറുകയാണ്. ആ നിലയിൽ തൊഴിലാളി വർഗ്ഗ വിമോചനത്തിനുവേണ്ടി മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്പുകൾക്കു കൂടി പ്രചോദനമാകേണ്ടതുണ്ട് നമ്മുടെ മേയ്ദിനചിന്തകൾ! കാരണം ഇതു രണ്ടുംകൂടി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഇന്നത്തെ ലോകം. ലോകത്തെ ഒട്ടുമുക്കാൽ ഭരണകൂടങ്ങളാകട്ടെ അവയുടെ പതാക വാഹകരും! ഈ ആഗോള സാഹചര്യങ്ങളെ അതിജീവിക്കുവാൻ നമുക്ക് കരുത്ത് പകരുന്നതാകട്ടെ ഈ മേയ്ദിനവും.

ഇന്ന് തൊഴിലാളികൾ എന്നൊരു വർഗ്ഗമില്ലെന്ന് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധർ പ്രചരിപ്പിക്കുന്നുണ്ട്. വ്യവസായ വിപ്ലവത്തെത്തുടർന്ന് യൂറോപ്പിലും മറ്റും  ഉയർന്നുവന്ന ഫാക്ടറി തൊഴിലാളികൾ മാത്രമല്ല തൊഴിലാളികൾ. അന്നത്തെ പോലത്തെ ഫാക്ടറി മുതലാളികൾ മാത്രമല്ല ഇന്നത്തെ മുതലാളിമാർ. അന്ന് മിക്കവാറും  മുതലാളിയും തൊഴിലാളികളും  തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ന് വൻ‌കിട മൾട്ടി നാഷണൽ-കോപ്പറേറ്റ്   കമ്പനികൾ അടക്കം മുതലാളിനിരയിൽ വരും. ഇന്ന് പ്രധാ‍നപ്പെട്ട പല തൊഴിൽ മേഖലകളിലും  മുതലാളി അദൃശ്യനും വിദൂരവാസിയുമാണ്. നേരിട്ട് തൊഴിലാളി മുതലാളി ബന്ധമില്ലാത്തത്രയും വിപുലമായ വ്യാവസായിക സംരംഭങ്ങളിലാണ് ഇന്ന് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്നത്. ഒരേ മുതലാളിയുടെ അഥവാ മുതലാളി ഗ്രൂപ്പുകളുടെ കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളി വർഗ്ഗം ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് തൊഴിലാളി  എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തെ ഒരു സിംഗിൾ മുതലാളിയുടെ കീഴിൽ പണിയെടുക്കുന്നവർ മാത്രമല്ല. തൊഴിലാളിയ്ക്ക് ഇന്ന് അന്തർദ്ദേശീയ മാനമുണ്ട്. മാനുഷിക വിഭവശേഷിയുടെ അന്തർദേശീയ കൊടുക്കൽ വാങ്ങലുകൾ ഇന്ന് സാർവത്രികമാണ്. മുതലാളിത്ത സംരംഭകർക്കും ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ചുള്ള മുതൽ മുടക്കുകളും വ്യവസായശൃംഘലകളുമാണുള്ളത്.

ഇന്ന് തൊഴിലാളി എന്നു കേൾക്കുമ്പോൾ ഏതെങ്കിലും ഒരു രാജ്യത്ത്    വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരെ മാത്രമോ   ചുമട്ടു തൊഴിലാളികളെയോ മറ്റോ  മാത്രമോ മനസിൽ വയ്ക്കരുത് . സ്വന്തം ഉപജീവനത്തിനുവേണ്ടി ശാരീരികമായും മാനസികമായും അദ്ധ്വാനിക്കുന്ന ഏതൊരാളും തൊഴിലാളിയാണ്. ഖനിത്തിഴിലാളി മുതൽ ആധുനിക ശാസ്ത്ര സാങ്കേതികവിപ്ലവകാലത്തെ  ഐ.റ്റി പ്രൊഫഷണലുകൾ വരെയും തൊഴിലാളികളാണ്. വിവിധ  സർക്കാർ ഉദ്യോഗസ്ഥരും മറ്റ് തരം  തൊഴിലാളികളിൽ നിന്ന് ഭിന്നരല്ല. കായികമായി അദ്ധ്വാനിക്കുന്നവർ മാത്രമല്ല തൊഴിലാളികൾ. ക്ലറിക്കൽ ജോലികളടക്കം മാനസികമായ അധ്വാനം നടത്തുന്നവരും തൊഴിലാളികളാണ്.    ഇന്ന് ഈ എല്ലാ തൊഴിൽ മേഖലകളിലും ലോകത്തെവിടെയും  പ്രശ്നങ്ങളുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങൾ ഉണ്ട്. അനീതികൾ ഉണ്ട്. എട്ട് മണിക്കൂർ ജോലി എന്നത് ലോകത്തെവിടെയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനു വിപരീതമായ തൊഴിലെടുപ്പിക്കലും ചൂഷണങ്ങളും ഇന്നും സർവ്വവ്യാപകമായുണ്ട്. മാത്രവുമല്ല ആഗോള വൽക്കരണകാലത്ത് ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി  ഭരണകൂടങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാൻ മുതലാളിത്തശക്തികൾ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം തൊഴിൽ എന്ന സമ്പ്രദായം ഇല്ലാതാക്കി ദിവസക്കൂലിക്കാരെയും കരാർ ജോലിക്കാരെയും സൃഷ്ടിക്കുവാനാണ് ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  സേവന-വേതന വ്യവസ്ഥകൾ പരമാവധി വെട്ടിക്കുറയ്ക്കുകയെന്നത് ഒരു ഭരണകൂടതാല്പര്യമായിത്തന്നെ വളർത്തിയെടുക്കുവാൻ ലാഭക്കൊതി പൂണ്ട മുതലാളിത്ത ശക്തികൾക്ക് കഴിയുന്നു.

മാത്രവുമല്ല ആഗോളവൽക്കരണത്തിന്റെ ഭാഗമായി വരുന്ന ബിഗ്ബസാർ സംസ്കാരത്തിൽ  കൃഷിയും ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകച്ചവടങ്ങളുമടക്കം ഉപജീവനത്തിനുവേണ്ടിയുള്ള ചെറിയ ചെറിയ സ്വയം തൊഴിൽ സംരംഭങ്ങളൊക്കെ തകർന്നടിഞ്ഞ്  പരമ്പരാഗതമായി നിലനിന്നു പോന്ന തൊഴിത്സാഹചര്യങ്ങൾ ഇല്ലാതാകുകയാണ്.  ചെറുകിട നാമമാത്ര കർഷകരെല്ലാം ദുരിതക്കയത്തിലാണ്. കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു.    നമ്മുടെ കേരളത്തിൽ നോക്കുകൂലിയെന്ന പേരു പറഞ്ഞ്  കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നോക്കുകൂലി എന്നത് ന്യായീകരിക്കത്തക്കത് അല്ലെങ്കിലും ബോധപൂർവ്വമുള്ള തൊഴിൽനിഷേധത്തെ ന്യായീകരിക്കുവാൻ നോക്കുകൂലി സമ്പ്രദായത്തെ പലപ്പോഴും എടുത്തുപയോഗിക്കാറുണ്ട്. തൊഴിലാളി വിരുദ്ധമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചിക്കാഗോ പ്രക്ഷോഭത്തിന്റെ  വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും കാറൽ മാർക്സ് വിഭാവനം ചെയ്തതുപോലെ മുതലാളിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുവാൻ കഠിനമയി  അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക്  ലാഭവിഹിതം നൽകുക  എന്നത്  ഇന്നും ലോകത്തെവിടെയും അംഗീകരികപ്പെടാത്ത ഒരു ന്യായമായ ആവശ്യമായി അവശേഷിക്കുന്നു. വമ്പിച്ച ലാഭമുണ്ടായാൽ പോലും സർക്കാർ സംരംഭങ്ങളിൽ പണിയെടുക്കുന്നവർക്കുകൂടിയും അർഹമായ ലാഭവിഹിതം പോയിട്ട് ലാഭത്തിന് ആനുപാതികമായ സേവന വേതന പരിഷ്കരണം പോലും നടപ്പിലാകുന്നില്ല.

 സിംഗിളും- കോർപ്പറേറ്റും ഒക്കെയായ മൾട്ടി നാഷണൽ  മുതലാളിമാർ ഒക്കെയും തൊഴിലാളികളുടെ അദ്ധ്വാന ഫലമാ‍യുണ്ടാകുന്ന ലാഭം കൊണ്ട് രാജ്യങ്ങൾ സെന്റ് വിലയ്ക്ക് അളന്നു വാങ്ങാൻ കഴിയുന്നതിലും എത്രയോ അധികം സമ്പത്ത് കുന്നുകൂട്ടുന്നു. രാജഭരണകാലത്തുപോലും രാജാവിനെക്കാൾ വലിയ പണക്കാരൻ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ ഈ ആധുനിക ജനാധിപത്യ യുഗത്തിൽ സമ്പന്ന മുതലാളി വർഗ്ഗത്തിന് ഭരണകൂടത്തെയും രാജ്യത്തെത്തന്നെയും  വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അഥവാ ജനങ്ങളെ ആകെത്തന്നെ  വിലയ്ക്കു വാങ്ങി അടിമകളാക്കി വയ്ക്കുന്നു എന്നുവേണം പറയാൻ.   അതുകൊണ്ടാണല്ലോ മുതലാളിത്ത ചൂഷണത്തിനു വിധേയരാകുന്നവരും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരുമായ സാധാരണ മനുഷ്യരുംകൂടി അറിഞ്ഞും അറിയാതെയും മുതലാളിത്തത്തിന്റെ പതാ‍ക വാഹകരായി മാറുന്നത്.  ഈ ഒരു ആഗോള  സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗം നേരിടുന്ന പഴയരൂപത്തിൽത്തന്നെയുള്ളതും പുതിയ കാലത്ത്  പുതിയ രൂപത്തിൽ  ഉള്ളതുമായ  വിവിധങ്ങളായ   പ്രശ്നങ്ങൾക്ക്  പരിഹാരം കാണുവാനും ആത്യന്തികമായി  തൊഴിലാളിവർഗ്ഗഭരണം സ്ഥാപിക്കുവാനും ഇന്നും ഇനിയും  അനിവാര്യമാകുന്ന പോരാട്ടങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ നൽകി മുന്നേറുവാനും ഈ മേയ്ദിനം നമുക്ക് പ്രചോദനമാകട്ടെ! എല്ലാവർക്കും മേയ്ദിനാശംസകൾ!