Tuesday, February 28, 2012

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

ഈ മഹദ്‌വചനമൊക്കെ മൊഴിയാൻ ഇയാളാരാ, മഹാനോ? പോടേ തട്ടത്തുമലയാ! എന്നൊക്കെ ചോദിക്കാനും പറയാനും വരട്ടെ; മേല്പറഞ്ഞ തലവാചകം ആദ്യമായി പറഞ്ഞത് ഞാനൊന്നുമല്ല. സാക്ഷാൽ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളാണ്. ഞാൻ ഇത് ആദ്യമായി കേട്ടത് അദ്ദേഹത്തിന്റെ ശിഷ്യൻ നിർമ്മലാനന്ദ സ്വാമി ശിവയോഗികളുടെ പ്രസംഗത്തിൽ നിന്നാണ്. അതിനുമുമ്പ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. ഇനി ആരും പറഞ്ഞിരുന്നില്ലെങ്കിൽത്തന്നെയും മനുഷ്യൻ നന്നാവാൻ മനസ്സു നന്നാവണം എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും സ്വയമേവതന്നെ മനസിലാക്കാവുന്നതുമാണ്.

തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളാരും കേൾക്കണമെന്നില്ല. യേശുക്രിസ്തു പറഞ്ഞാൽ കേൾക്കാമല്ലോ. അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്ക് ന്യായമായ വേതനവും തുല്യനീതിയും നൽകണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കണമെന്നില്ല. പക്ഷെ അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക് വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് കൂലി കൊടുക്കണമെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞത് കേൾക്കാമല്ലോ. നീ കൊണ്ടു വന്നതൊന്നും നിനക്കുള്ളതല്ലെന്നും അതുകൊണ്ട് നീയെന്നല്ല, ആരും അഹങ്കരിക്കരുതെന്നും ഞാൻ പറഞ്ഞാൽ ആരും കേൾക്കണമെന്നില്ല. പക്ഷെ ഭഗവദ് ഗീതയിൽ പറയുന്നത് അംഗീകരിക്കാമല്ലോ.

അന്ന് പാവപ്പെട്ട യേശുക്രിസ്തു ആ പറഞ്ഞതൊക്കെ ആളുകൾക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹം സാക്ഷാൽ ദൈവത്തെ സാക്ഷി നിർത്തി അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. താൻ വെറും ദൈവദൂതനാണെന്നും താൻ പറയുന്നതൊക്കെ ദൈവവചനങ്ങളാണെന്നും അദ്ദേഹം ധ്വനിപ്പിച്ചു.കേട്ടു നടന്നാൽ എല്ലാവർക്കും കൊള്ളാം! അന്നത്തെ കാലത്ത് സാധാരണ മനുഷ്യരാരെങ്കിലും വല്ലതും പറഞ്ഞാൽ അറേബ്യയിലെ അന്ധകാരം ബാധിച്ച മനുഷ്യരൊന്നും കേൾക്കില്ലെന്ന് അറിയാവുന്ന മുഹമ്മദ് നബിയും സാക്ഷാൽ ദൈവത്തെ സാക്ഷിനിർത്തി തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞുവച്ചു. താൻ ദൈവമല്ല, ദൈവദൂതൻ മാത്രമാണെന്നും അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും താൻ പറയുന്നതൊക്കെ അള്ളാഹു ഉണർത്തിച്ചു തന്ന കാര്യങ്ങളാണെന്നും നബിയും പറഞ്ഞു. കേട്ടു നടന്നാൽ എല്ലാവർക്കും നന്ന്! തങ്ങൾക്കിടയിലുള്ള ഏതെങ്കിലും സാധാരണ മനുഷ്യൻ പറയുന്നതൊന്നും ജനം അത്രകണ്ട് കണക്കിലെടുക്കില്ലെന്നുകണ്ട് ഭഗവാൻ കൃഷ്ണൻതന്നെ ഗീതയിലൂടെ എല്ലാവർക്കും സാരോപദേശങ്ങൾ നൽകി. ചെവിക്കൊണ്ട് ജിവിച്ചാൽ എല്ലാവർക്കും ശാന്തിയും സമാധാനവും!

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

അതെ, മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. കാരണം നന്മയുടെയും തിന്മയുടെയും സ്രോതസ്സ് മനസ്സാണ്. ശാന്തിയും അശാന്തിയും രൂ‍പം കൊള്ളുന്നത് മനസ്സിലാണ്. ക്ഷമയും അക്ഷമയും രൂപം കൊള്ളുന്നത് മനസ്സിലാണ്. സമാധാനത്തിന്റെയും അക്രമത്തിന്റെയും വിളനിലം മനസ്സാണ്. ഹിംസയും അഹിംസയും മനസിന്റെ ആജ്ഞകൾ തന്നെ! ആയുധങ്ങൾ ആരെയും അങ്ങോട്ടു പോയി ആക്രമിക്കുകയില്ല. കാരണം അവയ്ക്ക് ജീവനില്ല. എന്നാൽ ഒരാളുടെ ജിവനെടുക്കാൻ അവയ്ക്ക് കഴിയും. അക്രമം മനുഷ്യമനസുകളിലാണ് രൂപം കൊള്ളുന്നത്. മനസ്സു പറഞ്ഞിട്ടാണ് മനുഷ്യർ ആയുധം കൈയ്യിലെടുക്കുന്നത്. മനസ്സു പറഞ്ഞിട്ടാണ് ആയുധം പ്രയോഗിക്കുന്നത്. അതുകൊണ്ട് എല്ലാവരും മനസിനെ നിയന്ത്രണ വിധേയമാക്കണം. മനസിനെ ഓരോരുത്തരും എത്രകണ്ട് നിയന്ത്രിക്കുന്നുവോ അത്രകണ്ട് മനുഷ്യന് ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാം. മനസിലെ നന്മകളെ സ്വാംശീകരിച്ച് തിന്മകളെ മനസിൽനിന്ന് അകറ്റണം. നന്മയും തിന്മയും തമ്മിൽ മനസിൽ സദാ നടക്കുന്ന സംഘർഷങ്ങളിൽ നന്മയുടെ പക്ഷം ചേരാൻ പാകത്തിലുള്ള ഒരു മനോനിലയിലേയ്ക്ക് നാം ഉയരണം. നന്മയെ ജയിപ്പിച്ചെടുക്കണം. ഒരു മൂഹത്തിലെ മനുഷ്യ മനസ്സുകളിൽ നന്മയും തിന്മയും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ എത്രകണ്ട് നന്മ വിജയിക്കുന്നുവോ അതായിരിക്കും ആ സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും സ്വസ്ഥവും ഐശ്വര്യപൂർണ്ണവുമായ നിർണ്ണയിക്കുന്നത്.

എന്നാൽ ചില തിന്മകളെ തടയാൻ അശാന്തിയുടെയും അക്രമത്തിന്റെയും മാർഗ്ഗം അനിവാര്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൂടേ എന്ന് വേണമെങ്കിൽ ചോദിക്കാം. ഉദാഹരണം സ്വന്തം ജിവൻ രക്ഷിക്കാൻ. അതുപോലെ അരെങ്കിലും ആരുടെയെങ്കിലും മേൽ അതിക്രമം കാണിക്കുമ്പോൾ സമാധാനത്തിന്റെ മാർഗ്ഗം പരാജയപ്പെട്ടാൽ അക്രമം അനിവാര്യമാകില്ലേ എന്നു ചോദിക്കാം. പക്ഷെ എല്ലാവരും നന്മയെ മാത്രം ഉയർത്തിപ്പിടിച്ച് ജിവിക്കുന്ന ഒരു സമൂഹത്തിൽ ഒരാൾ മറ്റൊരാളുടെ ജീവനോ സ്വത്തിനോ അഭിമനത്തിനോ സ്വാതന്ത്ര്യത്തിനോ ഒരിക്കലും ഭീഷണിയാകുന്നില്ലല്ലോ. അങ്ങനെ വരുമ്പോൾ അത്തരം അനിവാര്യമായ ബലപ്രയോഗങ്ങളുടെ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമില്ലല്ലോ!

ഇതൊക്കെ ഇപ്പോൾ എന്തിനാണു പറയുന്നതെന്നു ചോദിച്ചാൽ ഇടയ്ക്കിടെ ഇതൊക്കെ നമ്മൾ നമ്മളെത്തന്നെ ഓർമ്മപ്പെടുത്തുക്കൊണ്ടിരിക്കേണ്ടതാണ് എന്നതുകൊണ്ടുതന്നെ. അല്പം നല്ലകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പറയാനും സമയും സന്ദർഭവുമൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ ഈ ഒരു മഹദ്‌വചനം ഓർമ്മയിൽ വന്നു. അതേ പറ്റി എഴുതുന്നു. അത്രമാത്രം. അപ്പോൾ നമുക്ക് നമ്മുടെ മനസുകളിലെ നന്മകളെ പരമാവധി സ്വാംശീകരിച്ച് തിന്മകളിൽ നിന്ന് നമുക്ക് നമ്മളെത്തന്നെ സ്വയം രക്ഷിക്കുക! പരമാവധി നന്മ നിറഞ്ഞ ഒരു ജീവിതത്തിനായി നമുക്ക് പരിശ്രമിക്കാം. നമ്മൾ എല്ലാവരും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും വർത്തികെണ്ടതിന്റെ ആവശ്യകത നമുക്ക് നമ്മളെത്തന്നെ കൂടെക്കൂടെ ഓർമ്മപ്പെടുത്താം. ഒന്നുമൊത്തില്ലെങ്കിലും മിനിമം ആരും ഒരാളെയും കൊല്ലാതെയെങ്കിലുമിരിക്കുക. പ്ലീസ്! എല്ലാവരും ജിവിക്കട്ടെന്നേ! അതേ, നമുക്ക് നന്നാ‍വാൻ നാം നമ്മുടെ മനസിനെ നന്നാക്കുക. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി! ഇത് പറഞ്ഞ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികൾക്ക് നന്ദി!

7 comments:

Harinath said...
This comment has been removed by the author.
Harinath said...

നല്ല ലേഖനം. ഈ കാഴ്ചപ്പാടിനോട് തീർത്തും യോജിക്കുന്നു. മതത്തിലെ ആശയങ്ങളെ ഇങ്ങനെ മനസ്സിലാക്കണം. കുറ്റകൃത്യങ്ങൾ നടക്കുന്നതിന്റെ ഉത്തരവാദി മനുഷ്യമനസ്സാണ്‌.

sm sadique said...

sathyam.

ChethuVasu said...

മനസ്സിനെ സംസ്കരിചെടുക്കുന്നതില്‍ സമൂഹത്തിനു നിര്‍ണായക പങ്കുണ്ട് !! അതിനെ ദുഷിപ്പിക്കുന്നതും സമൂഹം തന്നെ ! അനേകം മനസ്സുകളുടെ ഉത്തപന്നമാണ് സമൂഹം എന്നാ അവസ്ഥ .പിറന്നു വീഴുന്ന ഒരി കുന്നു മനസ്സിനെയും പരിപോഷിപ്പിച്ചു മനുഷ്യ ഗുണങ്ങള്‍ പകരേണ്ടതും സമൂഹം തന്നെ .. എവിടെ മതമില്ലാത്ത ജീവനുകളെ സമൂഹം ചുറ്റെരിക്കുന്നോ.. അവിടെ മനസ്സുകള്‍ കുടുസ്സു മുറികളില്‍ വീര്‍പ്പുമുട്ടുകയും ,ഏറെ പ്രായമായിട്ടും വളരാന്‍ ആകാതെ ബോണ്‍സായ് മനസ്സുകളായി തീരുന്നു .. അങ്ങനെ ഒരു മുരടിക്കപ്പെട്ട ബോണ്‍സായ് മാനവികത സ്ഥിര സ്ഥിതമായി നിലവില്‍ വരുകയും ചെയ്യുന്നു ..!

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യൻ നന്നാവാൻ
മനസ്സു നന്നായാൽ മതി...
കാരണം നന്മയുടെയും
തിന്മയുടെയും സ്രോതസ്സ് മനസ്സാണ്...
ശാന്തിയും അശാന്തിയും
രൂ‍പം കൊള്ളുന്നത് മനസ്സിലാണ്...
ക്ഷമയും അക്ഷമയും
രൂപം കൊള്ളുന്നത് മനസ്സിലാണ്... സമാധാനത്തിന്റെയും
അക്രമത്തിന്റെയും വിളനിലം മനസ്സാണ്... ഹിംസയും അഹിംസയും
മനസിന്റെ ആജ്ഞകൾ തന്നെ...!“

നല്ലഒരു മനസ്സിൽ നിന്നും
വന്ന അസ്സൽ കാഴ്ച്ചപ്പാടുകൾ...!

Joy Varghese said...

പല പ്രശ്നങ്ങള്‍ക്കും കാരണം ഈ മനസ്സ് തന്നെയല്ലേ ..

പൊട്ടന്‍ said...

ഉദ്ദേശ ശുദ്ധിക്ക് പൂച്ചെണ്ടുകള്‍.

സജി സ്വരക്ഷയ്ക്ക് അക്രം കാണിക്കുന്നതിനെ കൌണ്ടര്‍ ചെയ്തത് ഇഷ്ടമായി. പുതിയ അറിവായിരുന്നു.