വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി
പ്രധാന മന്ത്രിയുടെ വാക്കുകളിലെ പുതുമോഡിയ്ക്ക് മറ്റ് സർവ്വം മറന്ന് ആദ്യം തന്നെ ഒരു കൈയ്യടി. അങ്ങനെ വഴിയ്ക്കു വാ മോഡിജീ! ഇന്ന് അല്പം മുമ്പ് ഡൽഹിയിൽ ഒരു ക്രിസ്തീയ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ടി.വിയിൽ കണ്ടുകേട്ടു. വാക്കുകളെ വിശ്വസിക്കാമെങ്കിൽ, വാക്കും പ്രവർത്തിയും ഒത്തുപോകുമെങ്കിൽ തികച്ചും സന്തോഷകരവും സ്വാഗതർഹവുമായ വാക്കുകൾ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കുണ്ടകേണ്ട സഹിഷ്ണുതയും ഉത്തരവാദിത്വവും പക്വതയും ഉൾക്കൊള്ളുന്ന പ്രസംഗമയിരുന്നു അത്. അദ്ദേഹം വന്ന വഴിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇതിനോടു ഘടിപ്പിക്കേണ്ടതില്ല. അത് വേറെ തന്നെ തുടരാമല്ലോ. കാരണം ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്.
എല്ലാ മതങ്ങളിലും സത്യമുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട വിശ്വാസങ്ങൾ വച്ചു പുലർത്താൻ അവകാശമുണ്ടെന്നും ഇന്ത്യയിൽ രൂപം കൊണ്ട ചില മതങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് വളർന്നിട്ടുണ്ടെന്നും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ലോകത്തു തന്നെ മതങ്ങളൂടേ പേരിൽ നടക്കുന്ന ഭിന്നിപ്പുകൾ ഉൾകണ്ഠാ ജനകമാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. അതെല്ലാം വളരെ സുവ്യക്തമായി വളച്ചുകെട്ടില്ലാതെ നല്ല ലളിതമായ ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.
പക്ഷെ ഒരു വശത്ത് ഇങ്ങനെയൊക്കെ പറയുകയും മറുവശത്തുകൂടി ബി.ജെ.പി എന്ന ലേബലിലല്ലാതെ മറ്റ് സംഘപരിവാറുകളെക്കൊണ്ട് മറിച്ചുള്ള പണികൾ ഇനിയും ചെയ്യിക്കുമെന്നൊരാശങ്ക ജനങ്ങൾക്കിടയിൽ നിന്നും അകന്നു പോകില്ല. അതിനി കാത്തിരുന്ന് കാണണം. കാരണം ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് എടുത്തു കളയണം എന്നുതന്നെ അഭിപ്രായമുള്ള സംഘപരിവാറുകളൂടെ കൂട്ടത്തിൽ ഉള്ള ഒരാളണ് നമ്മുടെ പ്രധാന മന്ത്രിയും. അദ്ദേഹത്തിന്റെ അധികാര ലബ്ദ്ധിയിൽ എല്ലാ സംഘ പരിവാറുകാർക്കുമുള്ള പങ്കും അവരോടുള്ള കൂറും നരേന്ദ്ര മോഡിയ്ക്ക് കാണിക്കാതിരിക്കാനാകുമോ എന്നും ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതെല്ലാം തൽക്കാലം അവിടെ നിൽക്കട്ടെ. അതെന്തൊക്കെയാണെങ്കിലും പരസ്യമായി ഇങ്ങനെയൊരുറപ്പ് പ്രധാന മന്ത്രി എന്ന നിലയിൽ അല്പം വൈകിയാണെങ്കിലും അദ്ദേഹം നൽകിയത് ആശ്വാസകരം തന്നെ.
രാജ്യത്തിന്റെ പല ഭാഗത്തും നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതല്പം മുമ്പേ പറയേണ്ടതുണ്ടായിരുന്നു എന്നൊരുഭിപ്രായമുണ്ട്. എങ്കിലും അധികം വൈകിയില്ല. ഇത് ഡൽഹിയിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ നിന്നുണ്ടായ വീണ്ടു വിചാരമായി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയണെങ്കിൽ തന്നെ അത് ഒരു തെറ്റല്ല. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത്. നരേന്ദ്ര മോഡിയുടെ ഔദാര്യമല്ല, ഭരണഘടനാപരമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ള അവകശങ്ങളെ എടുത്തു പറയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന നിലയിലും ഇതിനോട് പ്രതികരിച്ചവർ ഉണ്ട്. എങ്കിൽ എടുത്തു പറഞ്ഞല്ലോ അതു അതന്നെയും വലിയകാര്യം തന്നെയാണ്.
ന്യൂന പക്ഷങ്ങൾക്കും ന്യൂന പക്ഷ ആരാധനലയങ്ങൾക്കും നേരെ പല അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് ജനം കാതോർക്കുന്നത് സ്വാഭാവികം. . പ്രത്യേകിച്ചും ഹിന്ദു രാഷ്ട്രസ്ഥാപനാർത്ഥം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ഭാഗമായ ബി.ജെ.പി യും സഖ്യകക്ഷികളും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന് ഭരണം നിർവ്വഹിക്കുന്ന കാലത്ത്, ഇന്ത്യയുടെ ഭരണ ഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ പ്രധാന മന്ത്രി എടുത്തു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം മുതലായവ സംബന്ധിച്ച് ആശങ്കകൾ ഉള്ളവർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസകരമാണ്. അതുകൊണ്ട് പ്രധാന മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിന് സർവ്വം മറന്ന് ഒരു മതേതര കൈയ്യടി!
1 comment:
ആശംസകൾ....നല്ല ചിന്തകൾ ,നല്ല ഭരണത്തിനു കൈതാങ്ങായാൽ നാടിനു നല്ലത്.
Post a Comment