ജാതിഭേദം മതദ്വേഷം
ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ആണോ? ആണെന്ന പലരും കവിവാക്യത്തെ പലരും കൂട്ടുപിടിക്കുന്നത് തങ്ങളുടെ പ്രഭാഷണങ്ങളെയോ എഴുത്തിനെയോ കൊഴുപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ജാതിബോധവും മതബോധവും അത്രവേഗം ആരുടെയും മനസിൽനിന്ന് ഒഴിഞ്ഞുപോകുന്ന ഒന്നല്ല. മതബോധം വെടിഞ്ഞിട്ടുവേണ്ടേ ജാതിബോധം വെടിയാൻ. അഥവാ ജാതിബോധം വെടിഞ്ഞിട്ടു വേണ്ടേ മതബോധം വെടിയാൻ. രണ്ടും പരസ്പരം വേർപെടുത്താനാകാത്തതാണല്ലോ. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ജാത്യദുരഭിമാനം പേറുന്ന മാതൃകാ സ്ഥാനമാനിതെന്ന് ആരും പറയാൻ ഇടവന്നുകൂടാത്തതാണ്. സാധാരണക്കാർകിടയിൽ ജാതി-മത ചിന്തകളൊക്കെ നിലനിക്കുന്നത്, അഥവാ ബോധപൂർവ്വംതന്നെ നിലനിർത്തുന്നത്, ഒക്കെ നമുക്ക് മനസിലാക്കാം. എന്നാൽ ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ , അഥവാ പ്രവർത്തിക്കേണ്ടവർ മേലാള-കീഴാള ചിന്തകൾ ഒരുപക്ഷെ അവരുടെ മനസിൽ ഉണ്ടെങ്കിൽത്തന്നെ ഏത് സാഹചര്യത്തിലായാലും അത് പ്രകടിപ്പിക്കാമോ? പ്രത്യേകിച്ചും പൊതുപ്രവർത്തകർ. അത് ജനപ്രതിനിധികൾ തന്നെയായാലോ? സ്ഥിതി അതീവ ഗൌരവതരമാകുന്നു. ആത്മാവും മരണാനന്തരജീവിതവുമൊക്കെ ഉണ്ടെന്നു വിശ്വസിച്ചാൽ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് അയിത്താചാരങ്ങളുമായി മേലാള കീഴാള ഉച്ചനീചത്വങ്ങൾകൊണ്ട് കൊണ്ട് കാടും പടലും പിടിച്ചു കിടന്നിരുന്ന സമൂഹത്തെ ഉഴുതുമറിച്ച് സംസ്കരിച്ച് മാനവികതയുടെ പുതുനാമ്പുകൾ വിളയിപ്പിച്ച നമ്മുടെ പൂർവ്വികരായ സാമൂഹ്യപരിഷ്കർത്താക്കളുടെ ആത്മാക്കൾ അവരുടെ സമയനഷ്ടങ്ങളെയോർത്ത് ഇന്ന് വിലപിക്കുന്നുണ്ടാകണം.
നാഴികയ്ക്ക് നാൽപത് പ്രാവശ്യം ഭരണഘടനയെയും, നിയമങ്ങളെയും നാവിൻ തുമ്പിലിട്ട് അമ്മാനമാടുന്നവർതന്നെ മനസു നിറച്ചും ജാത്യാഭിമാനവും പരജാതിപുച്ഛവും കൊണ്ടുനടക്കുന്നവരാണെന്ന് ഇടയ്ക്കെങ്കിലും വിളിച്ചു പറയുന്നത് നമ്മുടെ സമൂഹത്തെപ്പറ്റി ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. കോരന് കഞ്ഞി കുമ്പിളിലല്ലാതെ ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ കോരനു വെള്ളം കൊടുത്ത പാത്രത്തിൽ പിന്നെ കോരനല്ലാത്ത ആരെങ്കിലും ആ പാത്രത്തിൽ വെള്ളം കുടിയ്ക്കാറുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഭരണഘടനയെയും നിയമങ്ങളെയും ഭയന്നും ചിലരൊക്കെ ബഹുമാനിച്ചും കീഴ്ജാതിക്കാരെ അംഗീകരിക്കുന്നുവെന്നല്ല, മനസുനിറഞ്ഞ അസഹിഷ്ണുതകളോടെ സഹിക്കുന്നുവെന്നാണ് പറയേണ്ടത്. ഒരു പക്ഷെ നമുക്ക് ഇവിടെ ഇങ്ങനെ ഒരു ഭരണഘടനയും നിയമങ്ങളും അവയിലെ സംരക്ഷണപരമായ ചില വിവേചനങ്ങളും (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ) സംവരണങ്ങളും ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തെ ദളിത് ജനവിഭാഗങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? നവോത്ഥാന നായകന്മാർ ഉഴുതുമറിച്ചു, പരിഷകരിച്ചു എന്നൊക്കെ പറഞ്ഞിട്ട് പിന്നെ എന്ത് കാര്യം ഉണ്ടാകുമായിരുന്നു? അയിത്തം ഇന്നും മനസിൽ ഒരാചാരമായി കൊണ്ടുനടക്കുന്നവരുള്ള ഒരു സമൂഹത്തിൽ നിയമത്തിന്റെ പിൻബലം ഇത്രയെങ്കിലും ലഭിച്ചിരുന്നില്ലെങ്കിൽ ഇനിയുമെത്ര സാമുഹ്യപരിഷ്കർത്താക്കളും അയിത്തോച്ചാടന പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടാകേണ്ടി വരുമായിരുന്നു?
ഇവിടെ സാക്ഷര കേരളത്തിൽ നിയമനിർമ്മാണസഭയിലേയ്ക്ക് കീഴാളമേലാള വ്യത്യാസമില്ലാതെ എല്ലാവരുടെയും വോട്ട് തേടി, വോട്ട് നേടി, നാനാജാതി മതസ്ഥരുടെയും പ്രതിനിധികളായി എത്തിച്ചേരുന്നവർ തങ്ങളെപോലെ വിജയിച്ചുവരുന്ന ദളിതരായ ജനപ്രതിനിധികളെ ജാതിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കുന്നവരാണെന്ന സത്യം അവരിൽ ആരുടെയെങ്കിലും നാക്കുദോഷംകൊണ്ടെങ്കിലും വെളിപ്പെടുത്തിയാൽ പരിഷ്കൃത മനുഷ്യരെന്ന് നമ്മൾ പിന്നെ ഊറ്റം കൊണ്ടിട്ട് എന്തുകാര്യം? ജനങ്ങൾ പിന്തുണച്ചയക്കുന്ന ഒരു നിയമനിർമ്മാണസഭാംഗത്തിന്റെ ഉള്ളിൽ ജാത്യാഭിമാനവും മേലാള കീഴാള ചിന്തയും അനിയന്ത്രിതമായി കുടികൊള്ളുന്നുവെങ്കിൽ, തന്നേക്കാൾ താഴ്ന്നതെന്ന് താൻ സ്വയം കരുതുന്ന ഒരു ജാത്യാഭിമാനി ഒരു ദളിത് സാമാജികനെ പരസ്യമായി അസ്ഥാനത്ത് ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നുവെങ്കിൽ അത് ആധുനിക സമൂഹം ഗൌരവത്തോടെ തന്നെ കാണണം. അതിനു ചികിത്സയും വേണം. മേലിൽ ആരും നാവുളുക്കുമ്പോൾ ആരെയും ജാതിവിളിയ്ക്കാതിരിക്കാൻ നിയമവും സമൂഹവും ജാഗരൂകമാകണം. കാരണം ഇത് ഒരു നല്ല സൂചനയല്ല. ഇവിടെ ജാതി വിളിച്ചത് പി.സി.ജോർജോ വിളിക്കപ്പെട്ടയാൾ എ.കെ. ബാലനോ എന്നതല്ല; ഏതൊരാളോ ജാതി വിളിക്കുകയും ഏതൊരാളോ ആ വിളിയാൽ അധിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വിളിച്ചയാളുടെയും വിളിക്കപ്പെട്ടയാളിന്റെയും വലിപ്പച്ചെറുപ്പത്തിനപ്പുറം ചില നല്ലതല്ലാത്ത സൂചനകൾ ഇതിലുണ്ട്. അതിനെ ആ ഗൌരവത്തിൽത്തന്നെ കാണണം.
9 comments:
ജാതി പറഞ്ഞു വോട്ടു വാങ്ങുന്നതും..ജാതി പേര് വിളിച്ചു കളിയാകുന്നതും ഇ പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല..മാത്രമല്ല അത് ശുദ്ധ ചെറ്റത്തരവും ആണ്..അത് കൊണ്ട് തന്നെ നിങ്ങളുടെ ഇ ലേഖനത്തിന് പ്രസക്തിയുണ്ട്...പിന്നെ ഇ ലേഖനം പി സി ജോര്‍ജിനെ മാത്രമല്ല..പണ്ട് നായനാര്‍ അന്ന് സാമാജികനായിരുന്ന കുട്ടപ്പനെ ഹരിജന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചതിനെ കൂടി കവര്‍ ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു...
താങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു,സിയാദിന്റെ സിപീഎം സജിക്കിട്ടുള്ളകുത്തും കൊള്ളാം,,,
ഇതാണ് പറയുന്നത്...
ജാത്യാലുള്ളത് തൂത്താൽ പോവില്ലായെന്ന് പറയുന്നത് അല്ലേ ഭായ്
കേരളത്തില്‍ നിയമം കൊണ്ടാണോ ഇത്ര പുരോഗമനം ഉണ്ടായത്!!! അപ്പോള്‍ എന്ത് കൊണ്ട് അതേ നിയമം ഉള്ള നോര്‍ത്തിന്ത്യയില്‍ പുരോഗതി ഉണ്ടായില്ല!!!!
നവോത്ഥാന നായകന്മാർ ഉഴുതുമറിച്ചതിന് പുറകേ ഇടത് ആശയം കൂടി ജനങ്ങളെ ആകര്‍ഷിച്ചു. പക്ഷേ വോട്ട് എന്ന കനിയ്ക്ക് വേണ്ടി ഇടത് പ്രസ്ഥാനങ്ങളും പിന്നീട് ഉഴുത നിലം തരിശിടുവാന്‍ കൂട്ട് നിന്നു....
ആ തരിശ് വീണ്ടും ഉഴുത് കിട്ടണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്.. പക്ഷേ വോട്ട് ബാങ്ക് എന്ന കനി ഇപ്പോഴും ഇടത് പ്രസ്ഥാനങ്ങള്‍ക്ക് തടസമായി തന്നെ നില്ക്കുന്നു!
സഹോദരന് അയ്യപ്പന് ജീവിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ പൊറോട്ട് നാടകങ്ങള്‍ കണ്ട് ലജ്ജിക്കുമായിരുന്നു എന്ന് തീര്‍ച്ച!
ഒരു വിഭാഗത്തിന് ജാതി അഭിമാനകരവും(അതുകൊണ്ടാണല്ലോ അവര്‍ പേരിനൊപ്പം ജാതിപ്പേരു കൊണ്ടു നടക്കുന്നത്!) വേറൊരു വിഭാഗത്തിന്(വിശേഷിച്ച് എസ്.സി/എസ.ടി വിഭാഗക്കാര്‍ക്ക് )ജാതി അപമാനകരവും ആകുന്നതെന്തുകൊണ്ട് എന്നാണ് നാം ചിന്തിക്കേണ്ടത്. ആ അവസ്ഥ മാറണ്ടേ? അതിനുവേണ്ടി ഇവിടെ ഇതുവരെ ചെയ്തതൊന്നും ഫലവത്തായില്ല എന്നും ഇതില്‍നിന്നും തെളിയുന്നില്ലേ?
ജാതിയും മതവും ഇല്ലാത്തവന്റെ ഉള്ളില്‍ പോലും അത് കുത്തി വച്ചാണ് ഇവിടെ ഇന്ന് ഇപ്പോ രാഷ്തൃയകാര് വോട്ടു പിടിക്കുന്നത് ...
ആശംസകളോടെ @ ഞാന്‍ പുണ്യവാളന്
ലേഖനം വളരെ നന്നായിരിക്കുന്നു,
ജാതിയെക്കുറിച്ച് ബ്ലോഗിലൊരു പോസ്റ്റിട്ടതുകൊണ്ട് കമന്റ് കണ്ട് പേടിച്ചുപോയ ആളാണ് ഞാൻ. പലരും പോസ്റ്റ് ചെയ്ത എന്നെയാണ് കുറ്റപ്പെടുത്തിയത്. ഇതിലെ കമന്റുകൾ പലതും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്,,
ജാതി എഴുതാം, വായിക്കാം, പക്ഷെ?
കമന്റിയിരുന്നു.എടുത്തുകളഞ്ഞു അല്ലേ?
സിഡിയൻ,
കമന്റ് വന്നില്ല; ഞാൻ എടുത്തുകളഞ്ഞില്ല.ഒന്നുകൂടി ഇടുക!
Post a Comment