Friday, November 4, 2011

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.

എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.

ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.

സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.

പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. ...... വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.

ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!

വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

13 comments:

Nishpakshan said...

thangalude abhiprayam valare sariyayi thonnunnu. Allengilum ingane subsidy nalkiyal vathican pokan Christhyanikalkkum kasikku pokan hindukkalkkumokke subsidy nalkendi varumallo.

ഞാന്‍ പുണ്യവാളന്‍ said...

ഹജ്ജ്‌ ഒരു നല്ല കാര്യം എന്ന് പറഞ്ഞു കേട്ടപ്പോ തോന്നുന്നു അതിനപ്പുറം പറയാന്‍ അറിയില്ല

എല്ലാ കാലവും സൌജന്യങ്ങള്‍ എക്കാലത്തും പര്ട്ടികരും സംഘടനാ മേലാളന്‍മാരുമാണല്ലോ കൈവശപ്പെടുത്തുന്നത് അത് കൊണ്ട്‌ി അത്തരം കാര്യങ്ങളില്‍ അത്ഭുതം ഇല്ലാ ചേട്ടാ .....

എന്റെ പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് നോക്കണേ

കുഞ്ഞു കുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍

സങ്കൽ‌പ്പങ്ങൾ said...

ellayidaththum ithokke thanne

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പുണ്യവും ലീഗുകാര്‍ക്ക് മാത്രമാണോ യു.ഡി.എഫ്. - യു.പി.എ. ഭരണത്തിന് കീഴില്‍?

ഗീത said...

ശത്രുതയും വിരോധവും ഒക്കെ തീർത്തിട്ടുവേണം ഹജ്ജ് തീർത്ഥാടനത്തിന് പോകാനുള്ളത് എന്നത് എത്ര മനോഹരമായ നിബന്ധനയാണ്. ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ ഈ രംഗം കണ്ടത് ഓർക്കുന്നു. എല്ലാ ജനവിഭാഗങ്ങൾക്കും തീർത്ഥാടനത്തിനു പോകും മുൻപ് ഇങ്ങനെ വേണമെന്ന് ഒരു നിബന്ധന ഉണ്ടായിരുന്നെങ്കിൽ.
പാവങ്ങൾക്കുള്ള സൌജന്യങ്ങൾ തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത് ശരിയല്ല തന്നെ. പിന്നെ ആ പുണ്യകർമ്മത്തിനു പോകുന്നതുകൊണ്ട് എന്തു ഫലം?

ഷെരീഫ് കൊട്ടാരക്കര said...

അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞ് നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഒരു ശക്തി ഉണ്ട്. ഏതൊരു പ്രവര്‍ത്തിക്കും അതിന്റേതായ റിസല്‍റ്റ് ഉണ്ടായേ പറ്റൂ എന്നത് ശാസ്ത്രീയ നിയമം. നന്മ ചെയ്താല്‍ പുണ്യവും തിന്മ ചെയ്താല്‍ ശിക്ഷയും എന്ന് മതങ്ങളില്‍ പറയുന്നതും ഈ നിയമ പ്രകാരം തന്നെ.
ഞാന്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്ത മനസിലുണ്ടാകുമ്പോള്‍ തിന്മ ചെയ്യാന്‍ മടിക്കും.ആ ചിന്ത ഇല്ലാത്തവന്‍ എന്ത് ചെയ്യാനും മടിക്കില്ല.ഹജ്ജ് യാത്ര എങ്ങിനെ വേണം എന്നതിനു സുവ്യക്തമായ നിയമം ഉണ്ട്.മത വിധികള്‍. അത് തെറ്റിച്ച് ചെയ്യുന്ന ഹജ്ജ് നടേ ഞാന്‍ പറഞ്ഞ എന്തും ചെയ്യാന്‍ മനസാക്ഷി കുത്തില്ലാത്തവന്റെ ഹജ്ജ് ആണ്. അതിനു ഫലം നല്‍കണോ വേണ്ടയോ എന്ന് എല്ലാം നിരീക്ഷിക്കുന്നവന്‍ തീരുമാനിച്ചോളും.
ഇതെല്ലാമാണെങ്കിലും ഇങ്ങിനെ പോകുന്നതിനു ഒരു ഉളുപ്പും ഈ വക ജന്തുക്കള്‍ക്ക് അനുഭവപ്പെടുന്നില്ലല്ലോ എന്ന് മനുഷ്യരായത് കൊണ്ട് നമുക്ക് ചിന്തിക്കാതിരിക്കാനും ആവുന്നില്ലല്ലോ.

ഇ.എ.സജിം തട്ടത്തുമല said...

ഇത് ഷെരീഫ് കൊട്ടാരക്കരസാർ ഇട്ട കമന്റാണ്. അത് മെയിലിൽ വന്നു. പക്ഷെ കമന്റ്സ് പേജിൽ വന്നില്ല:

ഷെരീഫ് കൊട്ടാരക്കര: “അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞ് നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഒരു ശക്തി ഉണ്ട്. ഏതൊരു പ്രവര്‍ത്തിക്കും അതിന്റേതായ റിസല്‍റ്റ് ഉണ്ടായേ പറ്റൂ എന്നത് ശാസ്ത്രീയ നിയമം. നന്മ ചെയ്താല്‍ പുണ്യവും തിന്മ ചെയ്താല്‍ ശിക്ഷയും എന്ന് മതങ്ങളില്‍ പറയുന്നതും ഈ നിയമ പ്രകാരം തന്നെ.
ഞാന്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ചിന്ത മനസിലുണ്ടാകുമ്പോള്‍ തിന്മ ചെയ്യാന്‍ മടിക്കും.ആ ചിന്ത ഇല്ലാത്തവന്‍ എന്ത് ചെയ്യാനും മടിക്കില്ല.ഹജ്ജ് യാത്ര എങ്ങിനെ വേണം എന്നതിനു സുവ്യക്തമായ നിയമം ഉണ്ട്.മത വിധികള്‍. അത് തെറ്റിച്ച് ചെയ്യുന്ന ഹജ്ജ് നടേ ഞാന്‍ പറഞ്ഞ എന്തും ചെയ്യാന്‍ മനസാക്ഷി കുത്തില്ലാത്തവന്റെ ഹജ്ജ് ആണ്. അതിനു ഫലം നല്‍കണോ വേണ്ടയോ എന്ന് എല്ലാം നിരീക്ഷിക്കുന്നവന്‍ തീരുമാനിച്ചോളും.
ഇതെല്ലാമാണെങ്കിലും ഇങ്ങിനെ പോകുന്നതിനു ഒരു ഉളുപ്പും ഈ വക ജന്തുക്കള്‍ക്ക് അനുഭവപ്പെടുന്നില്ലല്ലോ എന്ന് മനുഷ്യരായത് കൊണ്ട് നമുക്ക് ചിന്തിക്കാതിരിക്കാനും ആവുന്നില്ലല്ലോ.“

Manoj മനോജ് said...

ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മതത്തിന് സബ്സിഡി കൊടുക്കുന്നതിനെ കുറിച്ച് മുന്‍പ് ചിലത് കുറിച്ചിരുന്നു. അതില്‍ നിന്ന്...

“ഹജ് തീര്‍ഥാടനത്തിന് 2011ല്‍ ചെലവാക്കുവാന്‍ ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത് 600 കോടി! കൈലാസ് യാത്രയ്ക്ക് ഗവണ്മെന്റ് സബ്സിഡിയൊന്നും നേരിട്ട് കൊടുക്കുന്നില്ല എന്നാണ് ലോകസഭയിലെ രേഖകള്‍ പറയുന്നത്. എങ്കിലും 2010ല്‍ ഗവണ്മെന്റിന് കൈലാസ് യാത്രയുമായി ബന്ധപ്പെട്ട് 24 ലക്ഷത്തോളം ചെലവായി.

1999ല്‍ 123 കോടി സബ്സിഡി ഹജിനായി കൊടുത്ത സമയത്ത് ഇനി ഈ സബ്സിഡി പതുക്കെ ഇല്ലാതാക്കണമെന്ന് പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2011 എത്തിയപ്പോള്‍ തുക 600 കോടിയില്‍ എത്തി നില്‍ക്കുന്നു. 2009ല്‍ ആന്ദ്ര ഹൈകോടതി ക്രിസ്ത്യാനികള്‍ക്ക് പുണ്യ സ്ഥലം സന്തര്‍ശിക്കുന്നതിനായി 2 കോടി സബ്സിഡി നല്‍കുന്നത് ശരിയല്ല എന്ന് നിരീക്ഷിച്ചിരുന്നു.”

കൂടുതല്‍ ഇവിടെ http://vyathakal.blogspot.com/2011/05/blog-post_11.html

ദൈവം ഉണ്ടെന്ന് പറയുകയും അത് വിശ്വാസികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ തെളിവ് നല്‍കേണ്ട പുരോഹിത വര്‍ഗ്ഗത്തിലെ ചിലര്‍ ചെയ്യുന്ന “കൊള്ളരുതായ്മകളും” അത് ചെയ്തിട്ടും അവര്‍ കുഴപ്പമില്ലാതെ സുഖമായി ജീവിച്ച് മരിക്കുന്നതും കണ്മുന്നില്‍ കാണുമ്പോള്‍ ആരെ വിശ്വസിക്കണം :)

ഇ.എ.സജിം തട്ടത്തുമല said...

മനോജ്,

വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

കലി said...

വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

sajim sir, ee comment anu ettavum nallathayi enikku thonniyathu.. charithram sharikkum a vazhikkanu neengunnathu... nall post

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല ലേഖനം.സമൂഹത്തിന്‍റെ എല്ലാ മേഖലയിലും ഇത്തരം അഴിമതികള്‍ നടക്കുന്നു.ഏറ്റവും പവിത്രമായി നടത്തേണ്ടത് പോലും അങ്ങിനെ മലിനമായിത്തീരുന്നു.
കാണേണ്ടത് കണ്ണുതുറന്നു കണ്ടിരുന്നെങ്കില്‍ ...

പാര്‍ത്ഥന്‍ said...

ഹജ്ജ് കർമ്മത്താൽ ലഭിക്കുന്ന പുണ്യം കൊണ്ടു വന്നിട്ട് കസ്റ്റംസിൽ പിടിച്ച കഥകളും ഉണ്ട്.

കൊമ്പന്‍ said...

സജി വളരെ പ്രസക്തമായ ലേഖനം
കേരളത്തില്‍ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം ആണ് ഇസ്ലാം മത അടിസ്ഥാനത്തില്‍ ഉള്ള നിഴ്മങ്ങല്‍ക്കനുസരിച് അനുഷ്ട്ടിക്കുന്നത്
ബാക്കി എല്ലാം തന്നെ മത (?) രാഷ്ട്രീയ സംഗടനകളുടെ ഇച്ചകല്‍ക്കനുസരിച്ചാണ് നടക്കുന്നത് ഈ വിഷയവും അതിനനുസരിച്ച് നടന്നു കൊണ്ടിരിക്കുന്നു
പിന്നെ വാപ്പ ആന പുറത്തിരുന്നതിന്റെ തയമ്പ് കൊച്ചുമോന് ഉണ്ടാകുമോ? (പാണക്കാടിനെ കുറിച്ച് അതെ പറയുന്നു ഒള്ളൂ )