മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഭരണകൂടങ്ങൾ ഉണ്ടാക്കുന്നതും അതിനെ നിയന്ത്രിക്കുന്നതും രാഷ്ട്രീയ പാർട്ടികളാണ്. ഭരണത്തിനുപുറത്തുള്ള പർട്ടികൾ വിമർശനബുദ്ധ്യാ ഭരണത്തെ നോക്കിക്കാണുകയും ഭരണകൂടത്തിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഭരണകക്ഷിയെ സദാ ജാഗ്രതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും നല്ലൊരു പങ്കുണ്ട്. ജനങ്ങൾക്കുവേണ്ടി രാഷ്ട്രകാര്യങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ സ്വയം സന്നദ്ധമാകുന്നവയാണ് രാഷ്ട്രീയ പാർട്ടികൾ. ആനിലയിൽ ജനങ്ങൾ അവയിൽ വശ്വാസമർപ്പിക്കുകയും അവയ്ക്ക് ഏറിയും കുറഞ്ഞും പിന്തുണനൽകുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വഴി ഓരോ അവസരത്തിലും തരാതരം പോലെ ചില പാർട്ടികൾക്ക് ഭരണകൂടമുണ്ടാക്കാനുള്ള ഭൂരിപക്ഷവും നൽകും.
തെരഞ്ഞെടുപ്പും ഭരണകൂടവും ഭരണപ്രതിപക്ഷ കക്ഷികളും ഒക്കെ ഉൾപ്പെട്ട മൊത്തം സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി. ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ്. രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിക്കുന്നത് ശരിക്കും രാഷ്ട്രീയകക്ഷികളാണ്. അപ്പോൾ നമ്മുടെ രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും വലിയ ഉത്തരവാദിത്വമാണുള്ളത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ എത്ര നിരുത്തരവാദപരമായാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നതിന് ഏറ്റവും നല്ല തെളിവാണ് മുല്ലപ്പെരിയാർ പ്രശ്നം. അപകടം അരികിലെത്തി നിൽക്കുമ്പോഴാണ് ഇവിടെ നേതാക്കൾ കണ്ണും തിരുമ്മി എഴുന്നേൽക്കുന്നത്. പലരും ഇനിയും കണ്ണു തുറന്നുവരുന്നതേയുള്ളൂ.
ഇപ്പോൾ കേരളാ കോൺഗ്രസ്സ് പ്രതിനിധി ജോസ്.കെ. മാണി എം.പി. പാർളമെന്റിനു മുന്നിൽ നിരാഹാരമിരിക്കാൻ പോകുന്നു. തൊട്ടുപിന്നാലെ ഇടതുപക്ഷ എം.പി മാരും നാളെ പാർളമെന്റിൽ സത്യഗ്രഹമിരിക്കാൻ പോകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും പലരും ഉറക്കച്ചടവോടെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമായിരിക്കും. ഭരണത്തിലുള്ളവരാകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കോട്ടുവാ ഇടുന്നതേയുള്ളൂ. മുല്ലപ്പെരിയാർ ഡാമൊക്കെ പൊട്ടി ആളുകളൊക്കെ ചത്തൊടുങ്ങിയിട്ട് മതിയായിരുന്നല്ലോ ഈ സത്യാഗ്രഹമൊക്കെ! പുതിയ ഡാം പണിയുന്നതും അതു കഴിഞ്ഞിട്ട് മതിയാകും. എന്തൊരു ക്ഷമാശീലം!
ഇനിയും കേരളത്തിൽ ഒരു നയം തമിഴ്നാട്ടിൽ മറ്റൊരു നയം എന്നത് ദേശീയരാഷ്ട്രീയാക്ഷികൾ ഉപേക്ഷിക്കാതിരിക്കുന്നതും ഒരു വലിയ ദുര്യോഗംതന്നെ! വൈകാരികപ്രശ്നമാണത്രേ! ആരുടെ വൈകാരികം? പാവപ്പെട്ട ജനങ്ങൾക്ക് സ്വയമേവ ഒന്നിലും വലിയ വികാരമൊന്നും വരില്ല. അത് ചിലർ കുത്തിപ്പൊക്കുന്നതാണ്. സാമാന്യജനങ്ങൾക്ക് സ്വസ്ഥമായി ജിവിക്കണം എന്നേയുള്ളൂ. അണയിൽ വെള്ളമാണെന്നും അത് കൃഷിക്കും കറണ്ടിനുമൊക്കെ വേണ്ടിയുള്ളതാണെന്നും ഉള്ള കേട്ടറിവല്ലാതെ പാവപ്പെട്ട നിരക്ഷരരായ ആളുകൾക്ക് ഇതേപറ്റിയൊന്നും വലിയ അറിവുകളുമുണ്ടാകില്ല. പിന്നെ അവരിൽ സ്വയം വികാരമുണ്ടാകുന്നതെങ്ങനെ? അത് ഉണ്ടാക്കുന്നതല്ലേ?
ഇരു സംസ്ഥാനങ്ങളുടെയും വൈകാരികപ്രശ്നമാണെന്ന നിലയിലാണ് പലരും മുല്ലപ്പെരിയാർ വിഷയത്തെ ചിത്രീകരിക്കുനത്. തമിഴർക്ക് അങ്ങനെ എന്തെങ്കിലും വികാരം (കുത്തിപ്പൊക്കപ്പെട്ടത്) ഉണ്ടെങ്കിൽതന്നെ കേരളത്തിലുള്ളവർക്ക് ഇപ്പോൾ ഒരു വികാരമേ ഉള്ളൂ. അവരുടെ ജീവൻ നിലനിർത്തണം. അതിന് പുതിയ ഡാം കെട്ടണം. അതിൽനിന്ന് ആർക്കും വെള്ളം കൊടുക്കില്ലെന്ന് നമ്മൾ ഒട്ടു പറയുന്നുമില്ല. പുതിയ ഡാം പണിയാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് മാറ്റാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടാകണം. എത്രയോ കേസുകളിൽ സ്വമേധയാ കേസെടുക്കുന്ന ബഹുമാനപ്പെട്ട കോടതികൾക്കും ഇക്കാര്യത്തിൽ സ്വയം മുന്നോട്ടു വരാനും ഇടപെടാനുമുള്ള ഉത്തരവാദിത്വം ഉണ്ട്. അത്രമാത്രം ഉൽക്കണ്ഠാകുലമായ ഒരു സ്ഥിതി വിശേഷമാണിപ്പോൾ ഉള്ളത്.
സത്യത്തിൽ സത്യാഗ്രഹങ്ങൾക്കും സമരങ്ങൾക്കും ചർച്ചകൾക്കും പഠനത്തിനും പോലും കാത്തുനിൽക്കാനുള്ള ക്ഷമ കാണിച്ചുകൂടാത്തത്ര ഭീതിജനകമായ സ്ഥിതിയാണ് ഇവിടെയുള്ളത്. എത്രയും വേഗം നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. കാട്ടിൽ എല്ലാറ്റിനെയും ബാധിക്കുന്ന വലിയൊരു അപകടമുണ്ടാകുമ്പോൾ കാട്ടിലെ ജന്തു- ജീവിവർഗ്ഗങ്ങളെല്ലാം ശത്രുതമറന്ന് ഒന്നിക്കും. ഇവിടെ ഒരു വലിയ പ്രളയം അടുത്തെത്തി നിൽക്കുമ്പോഴും പരസ്പരം കൊമ്പുകോർക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്തായലും ജീവൻ തന്നെ നഷ്ടത്തിലാകും എന്നുറപ്പുള്ള ഒരു ജനതയ്ക്ക് പിന്നെ മേലും കീഴും നോക്കാനില്ലെന്ന് എല്ലാവരും ഓർക്കുന്നത് നന്ന് !
9 comments:
താങ്കള്‍ കാര്യങ്ങള്‍ വളരെ ക്ലീയര്‍ ആയി വിശദീകരിച്ചു
നമുക് പ്രത്യാശിക്കാം
ആശംസകള്‍
ഈ പോസ്റ്റ് വായിച്ചപ്പോള്‍ സജിം തന്നെ ആണോ എഴുതിയതെന്ന് ഒന്ന് കൂടി നോക്കേണ്ടി വന്നു!!!!
ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന് പറയുന്ന ഒരാള്‍ തന്നെ ഇത്ര നിസ്സാരമായി കഴിഞ്ഞ ഒരു പതിറ്റാണ്ടായി മുല്ലപെരിയാര്‍ പ്രശ്നത്തിന് വേണ്ടി ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ തള്ളി പറയുന്നത് കാണുമ്പോള്‍ മനസ്സില്‍ എന്ത് വികാരമാണ് തോന്നേണ്ടത് എന്ന് സംശയം :(
കേന്ദ്രഭരണം തകിടം മറിയാതിരിക്കുവാന്‍ കഴിഞ്ഞ യു.പി.എ. ഗവണ്മെന്റ് ശ്രമിച്ചതിന്റെ ഫലമാണ് ഇന്നും ഈ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അന്ന് മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ടാല്‍ “പ്രാദേശിക വാദം” ആകുമെന്ന് പറഞ്ഞ് മാറി നിന്ന ആദര്ശവീരനായ ആന്റണിയെയും കേരളത്തിന് വേണ്ടി വാദിച്ച ബംഗാളികളെയും സജിം മറന്ന് കാണില്ലായിരിക്കും. ഈ ഭരണകാലത്തും ഇത് തന്നെയല്ലേ സ്ഥിതി. തമിഴ്നാടിനെ പിണക്കിയാല്‍ കേന്ദ്രത്തില്‍ ഭരണം തകരുമോ എന്ന പേടി. കേരളത്തില്‍ നിന്ന് ഇത്രയേറെ കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് അനുകൂലമാക്കാന്‍ കഴിയാത്തത് ഇതല്ലാതെ മറ്റെന്താണ് കാരണം?
ഒരു പുതിയ ഡാം എന്ന താല്‍ക്കാലിക പരിഹാരമാണോ ആവശ്യം. ഒരു 30-40 അല്ലെങ്കില്‍ 100 കൊല്ലം കഴിയുമ്പോള്‍ പുതിയ ഡാം പുതുക്കി പണിയേണ്ടി വരില്ലേ ആ ഡാം എവിടെ പണിയും? ഇനി അടുത്ത 10-20 കൊല്ലത്തിനുള്ളില്‍ ഇടുക്കി ആര്‍ച്ച് ഡാം ഇത് പോലെ ഭീഷണിയായി മുന്നില്‍ നില്ക്കും. അതിന് എന്ത് പരിഹാരമാണുള്ളത്? എന്തിന് ഏറെ പോകുന്നു ഈ പറയുന്ന റിക്റ്റര്‍ സ്കെയില്‍ 6 ന് മുകളില്‍ ഭൂചലനം ഇടുക്കിയില്‍ വന്നാല്‍ മുല്ലപെരിയാര്‍ പൊട്ടി അതിലെ വെള്ളം ഇടുക്കി ഡാമില്‍ എത്തും മുന്‍പ് ഇടുക്കി ഡാം പൊട്ടി അതിലെ വെള്ളം അറബികടലിലേയ്ക്ക് കുതിച്ച് കഴിഞ്ഞിട്ടുണ്ടാകില്ലേ? അത് എന്ത് കൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല!!!!
എന്ത് കൊണ്ട് ഭൂചലനങ്ങള്‍ പെട്ടെന്ന് തുടര്‍ച്ചയായി ഇടുക്കിയില്‍ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് എന്തേ ചര്‍ച്ചകള്‍ വരാത്തത്?
മനോജ്,
എനിക്കെന്തോ ഈ വിഷയത്തിൽ ആർക്കും ഒരു വീര്യമില്ലാത്തതുപോലെ തോന്നി.
‘പുതിയ ഡാം പണിയാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് മാറ്റാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടാകണം‘
വീര്യം തുളുമ്പും അസ്സലൊരു ലേഖനം കേട്ടൊ മാഷെ
നമ്മുടെ രാഷ്ട്രീക്കാര്‍ ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കിലും ആരെങ്കിലും ഡാം പുതുക്കി പണിയുന്നു എന്ന് കേട്ടാല്‍ ഉണരും എട്ടുക്കാലി മംമൂന്ജ് ആവാനും കയ്യിട്ടു വാരാനും നാറികള്
കേരളത്തിന്റെ ദുരന്തം അനിവാര്യമായി കഴിഞ്ഞുവോ അതേറ്റു വാങ്ങുകയല്ലാതെ മറ്റൊരു നിവര്ത്തിയുമില്ലേ
എനിക്കൊന്നും പറ്റില്ലല്ലോ എന്നുള്ള ചിന്ത ഉപേക്ഷിച്ചു ഓരോ മലയാളിക്കും വേണ്ടി നമ്മുക്കൊരുമിച്ചു പോരാടാം ജനശക്തിക്ക് മുന്നില്‍ ചരിത്രം വഴിമാറട്ടെ
ജനം ഒന്നായാലെ കേന്ദ്രം ഇതില്‍ ഇടപ്പെടൂ കുറഞ്ഞ പക്ഷം ജലനിരപ്പിന്റെ കാര്യത്തില്‍ എങ്കിലും . രാജ്യവ്യാപകമായ ബോധവല്കരണം പ്രചാരണം ഇതിനു വേണം. നൂറ്റി ഇരുപതു കോടി ജനത്തിലും എത്തട്ടെ സന്ദേശം അവര്‍ മാറ്റി മറിക്കും തമിഴ്രാഷ്ട്രിയ കള്ള കളികള്‍
ഇതിനൊക്കെ കേരളത്തിലെ ജനം ഒറ്റകെട്ടായി രാഷ്ട്രിയ വൈര്യം മറന്നു ഒന്നായല്ലേ
കഴിയൂ വരൂ നമ്മുക്ക് ഒന്നിച്ചു പോരാടാം നല്ലൊരു നാളേക്ക് വേണ്ടി !!
ഈ വിഷയത്തില്ലുള്ള എന്റെ ബ്ലോഗിലേക്കും സ്വാഗതം
നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍
ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. തമിള്‍ നാട്ടിലെ വോട്ട് ബാങ്കിനെ പിണക്കാന്‍ UPA തയ്യാറാകില്ല എന്നുറപ്പ്. കേന്ദ്രത്തിന്റെ മദ്യസ്തതയില്‍ അല്ലാതെ ഇതൊട്ടു തീരുകയുമില്ല. ശുംഭാന്മാര്ക്കാണേല് ഇതിലോട്ടു താല്പര്യവുമില്ല . . .
ജീവൻ തന്നെ നഷ്ടത്തിലാകും എന്നുറപ്പുള്ള ഒരു ജനതയ്ക്ക് പിന്നെ മേലും കീഴും നോക്കാനില്ലെന്ന് എല്ലാവരും ഓർക്കുന്നത് നന്ന്..
അതെ അതുതന്നെയാണുണ്ടാവുക. അറിയാത്ത പലര്‍ക്കും അങ്ങനെയേ ചൊറിയൂ..
നന്നായി എഴുതി, സജിം.
എന്തും ഏതും ആഘോഷമാക്കുന്ന മലയാളി ഇതും ഒരാഘോഷം ആക്കുന്നു എന്നല്ലാതെ എന്ത് പറയാന്‍...
അല്ലേല്‍ രണ്ടു നാള് കഴിയട്ടെ...എല്ലാം ബഹളങ്ങളും കെട്ടടങ്ങും...യാതൊരു മാറ്റവും വരാതെ തന്നെ....
അന്നും മുല്ലപ്പെരിയാര്‍ ചോര്‍ന്നു കൊണ്ട് തന്നെ ഇരിക്കും.....
എന്തും രണ്ടു നാള് കൊണ്ട് മറക്കാന്‍ മലയാളിയെ കഴിഞ്ഞേ ആളുള്ളൂ...
Post a Comment